മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 APRIL-JUNE | VOLUME 02 | ISSUE 02
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» ആര്‍ദ്ര പി. ആര്‍.
ID: MRK0030
Published on April 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
അച്ചടി മാധ്യമത്തിൽനിന്നും ഒരു സാഹിത്യരൂപത്തെ നേരിട്ട് ഇലക്ട്രോണിക്ക് മാധ്യമത്തിലേക്ക് പകർത്തുകയോ ദൃശ്യശ്രവ്യസാധ്യതകൾ പ്രയോജനപ്പെടുത്തി പുനരാവിഷ്‌ക്കരിക്കുകയോ ചെയ്യുന്ന പ്രക്രിയയെയാണ് സാഹിത്യപശ്ചാത്തലത്തിൽ ‘ഡിജിറ്റൽ റീമീഡിയേഷൻ’ അഥവാ ‘പുനഃമാധ്യമീകരണം’ എന്ന് പറയുന്നത്. മലയാളത്തിലെ ക്ലാസ്സിക് കവിതകളെ കാലാനുസൃതമായി വീണ്ടെടുക്കുവാനുള്ള പരിശ്രമമായ ജ്യോതിബായ് പരിയാടത്തിന്റെ ‘കാവ്യം സുഗേയം’ എന്ന ബ്ലോഗിനെ ഡിജിറ്റല്‍ റീമീഡിയേഷന്‍ എന്ന ആശയത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ഈ പ്രബന്ധം. പഴയകാല കവിതകളെ വിസ്മൃതിയില്‍നിന്നും വീണ്ടെടുത്ത് വര്‍ത്തമാനകാലത്തോട് ചേര്‍ന്നുനിന്ന് പുതിയ തലമുറയോട് സംവദിക്കുന്ന രീതിയില്‍ പുനരാവിഷ്ക്കരിക്കുന്നതിലൂടെ റീമീഡിയേഷന്‍ പ്രക്രിയ സാധ്യമാകുന്നത് എങ്ങനെയെന്ന് ഈ പ്രബന്ധത്തിൽ മാതൃകകള്‍ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നു. കവിത എന്നത് വെറുമൊരു വായനാനുഭവം എന്നതിലുപരി ബഹുമാധ്യമസംയോജനത്തിലൂടെ ഒരു ബഹുമുഖാനുഭവമായി പരിവര്‍ത്തിപ്പിക്കപ്പെടുക വഴി കാലാനുസൃതമായ ഭാവുകത്വം സംജാതമാകുകയും കൃതിയുടെ സ്വീകാര്യത വര്‍ദ്ധിക്കുകയും സാഹിത്യത്തിന് വായനയ്ക്കതീതമായ ഒരു ആസ്വാദന സാധ്യത രൂപപ്പെടുകയും ചെയ്യുന്നു എന്ന് ഈ വിശകലനം വെളിവാക്കുന്നു.
താക്കോല്‍ വാക്കുകള്‍
പുനഃമാധ്യമീകരണം/ഡിജിറ്റല്‍ റീമീഡിയേഷന്‍ (digital remediation), കാലാനുസൃത വീണ്ടെടുപ്പ് (contextual retrieval), അമാധ്യമത (immediacy), അതിമാധ്യമത (hyper mediacy), പുനഃവിനിയോഗം (repurposing), പുനഃശൈലീകരണം (refashioning)
ആമുഖം
സാങ്കേതികവിദ്യയുടെ പുരോഗതി വായനാശീലങ്ങളെയും സാഹിത്യതാല്‍പ്പര്യങ്ങളെയും സ്വാധീനിക്കുമ്പോള്‍ മലയാളത്തിലെ പഴയകാല രചനകള്‍ നവഭാവുകത്വങ്ങളോടും തെരഞ്ഞെടുപ്പുകളോടും മത്സരിച്ചുതോറ്റ് വായനായിടങ്ങളില്‍നിന്നും അപ്രത്യക്ഷമാകുന്നുണ്ട്. അവയുടെ അവഗണനയ്ക്ക് കാരണഭൂതമായ അതേ സാങ്കേതികവിദ്യയിലൂടെതന്നെ അവയെ പുനരുജ്ജീവിപ്പിച്ച് ഇന്നത്തെ തലമുറയോട് ഇണങ്ങുന്ന വിധത്തില്‍ പുനരാവിഷ്ക്കരിക്കുവാനും അതിലൂടെ അവയില്‍ ആലേഖനം ചെയ്യപ്പെട്ട സാംസ്‌കാരിക അടയാളങ്ങളെ വീണ്ടെടുക്കുവാനും പുനഃമാധ്യമീകരണത്തിലൂടെ സാധിക്കുന്നുണ്ട്. പരമ്പരാഗത മലയാളസാഹിത്യകൃതികളെ മറവിയിലേക്ക് തള്ളിവിടാതെ അവയിലെ സാഹിത്യപരവും ആശയപരവുമായ മൂല്യത്തെ സാങ്കേതികവിദ്യയുടെ സാദ്ധ്യതകളുപയോഗിച്ച് കാലാനുസൃതമായി വീണ്ടെടുക്കുകയും അവയെ ദൃശ്യശ്രാവ്യസാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നതിലൂടെ അവ പുതിയൊരു ഭാവുകത്വം കൈവരിക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ അന്വേഷിക്കുന്നത്. മലയാളകവിതാസാഹിത്യത്തിലെ പ്രാചീന–മധ്യകാല–ആധുനികകാല കവിതകളുടെ കാലാനുസൃതവും സാങ്കേതികസാഹചര്യങ്ങള്‍ക്ക് അനുകൂലവുമായ പുനരാവിഷ്ക്കരണ പ്രവര്‍ത്തനമായ ജ്യോതിബായ് പരിയാടത്തിന്റെ ‘കാവ്യം സുഗേയം’ എന്ന ബ്ലോഗിന്റെ കേസ് സ്റ്റഡിയിലൂടെയാണ് ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. റീമീഡിയേഷന്‍ സിദ്ധാന്തം പ്രയോജനപ്പെടുത്തി ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കവിതകളിൽനിന്ന് ഗവേഷണസൗകര്യാര്‍ത്ഥം തെരഞ്ഞെടുത്ത കവിതകളുടെ യൂട്യൂബ് വീഡിയോകളുടെ ദൃശ്യശ്രാവ്യപാഠത്തിന്റെ ഗുണാത്മകവിശകലനം സാധ്യമാക്കി കവിതകളുടെ ലിഖിതപാഠവുമായി താരതമ്യപ്പെടുത്തി വിശകലനാത്മകമായി വിലയിരുത്തുവാനുമാണ് ഉദ്ദേശിക്കുന്നത്.
ഡിജിറ്റല്‍ റീമീഡിയേഷന്‍ (പുനഃമാധ്യമീകരണം)
1999-ല്‍ പ്രസിദ്ധീകൃതമായ ‘റീമീഡിയേഷന്‍: അണ്ടര്‍സ്റ്റാന്റിങ്ങ് ന്യൂ മീഡിയ’ എന്ന പുസ്തകത്തിലൂടെയാണ് ജെയ് ഡേവിഡ് ബോള്‍ട്ടറും റിച്ചാര്‍ഡ് ഗ്രുസിനും ചേര്‍ന്ന് റീമീഡിയേഷന്‍ സിദ്ധാന്തം അവതരിപ്പിച്ചത്. “ഒരു മാധ്യമത്തില്‍ കടന്നുവരുന്ന മറ്റൊരു മാധ്യമത്തിന്റെ പ്രതിനിധാനമാണ് പുനഃമാധ്യമീകരണം”1 എന്നാണ് ബോള്‍ട്ടറും ഗ്രുസിനും പുനഃമാധ്യമീകരണത്തെ നിര്‍വചിക്കുന്നത് (Bolter and Grusin 45). പുതിയ സാങ്കേതികവിദ്യകള്‍ രൂപപ്പെടുന്നതിനനുസരിച്ച് പഴയകാല മാധ്യമങ്ങളിലെ സവിശേഷതകള്‍ കാലാനുസൃതമായി പരിഷ്ക്കരിച്ച് പുതിയ മാധ്യമങ്ങളിലേക്ക് ആവിഷ്ക്കരിക്കുന്നതാണ് പുനഃമാധ്യമീകരണം എന്ന് പറയാം. പുനഃമാധ്യമീകരണസിദ്ധാന്തം പ്രധാനമായും മാധ്യമപഠനമേഖലയുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ്. എന്നാല്‍ വര്‍ത്തമാനകാലത്ത് സാഹിത്യകൃതികളെ ഒരു മാധ്യമത്തില്‍നിന്നും മറ്റൊരു മാധ്യമത്തിലേക്ക് നേരിട്ടോ അല്ലാതെയോ ആവിഷ്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായ സാഹചര്യത്തില്‍ സാഹിത്യപഠനത്തിലും ഈ സിദ്ധാന്തം പ്രസക്തമാകുന്നു.
സാഹിത്യത്തെ സംബന്ധിച്ച് പറയുമ്പോള്‍ പഴയകാല ലിഖിതസാഹിത്യകൃതികള്‍ പുസ്തകത്താളുകളില്‍നിന്ന് തിരയിലേക്ക് ആവിഷ്ക്കരിക്കപ്പെടുന്നതിനെയാണ് പുനഃമാധ്യമീകരണം എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ പഴയമാധ്യമത്തില്‍ ആവിഷ്ക്കരിക്കപ്പെട്ട ആശയത്തിന്റെ പ്രതിനിധാനം തന്നെയാണ് പുതിയ മാധ്യമത്തിലും കടന്നുവരുന്നത്. എന്നാല്‍ സാങ്കേതികവിദ്യയുടെ വികസനത്തിനനുസരിച്ചുള്ള പരിഷ്ക്കരണം സംഭവിക്കുന്നുണ്ട് എന്നുമാത്രം. പുനഃമാധ്യമീകരണത്തിന് ദ്വിയുക്തികളുണ്ട്; അമാധ്യമത (immediacy), അതിമാധ്യമത (hypermediacy). “മാധ്യമം അപ്രത്യക്ഷമാകുകയും പ്രതിനിധീകരിക്കപ്പെടുന്ന വസ്തുവിന്റെ സാന്നിദ്ധ്യം മാത്രം അനുഭവവേധ്യമാകുകയും ചെയ്യുന്ന പ്രക്രിയയാണ് അമാധ്യമതയുടെ യുക്തി” എന്നാണ് ബോള്‍ട്ടറും ഗ്രുസിനും വിശേഷിപ്പിക്കുന്നത്2 (Bolter and Grusin 6). ഒരു സാഹിത്യകൃതി ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ഒരു മാധ്യമത്തിന്റെ ചട്ടക്കൂടിനകത്താണ് അതാവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാക്കാത്തവിധത്തില്‍ വിഷയം പ്രേക്ഷകരോട് നേരിട്ട് സംവദിക്കുകയും പഴയതിനെ അപേക്ഷിച്ച് കൂടുതല്‍ മികവുപുലര്‍ത്തുകയും ചെയ്യുന്നതാണ് അമാധ്യമത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിര്‍ച്വല്‍ റിയാലിറ്റി പോഡ് ഉപയോഗിച്ച് വീഡിയോ കാണുമ്പോള്‍ സ്ക്രീന്‍, പോഡ് തുടങ്ങിയ മാധ്യമങ്ങളെല്ലാം അപ്രത്യക്ഷമാകുകയും പ്രേക്ഷകന്‍ നേരിട്ട് കാഴ്ചകള്‍ കാണുന്ന പ്രതീതി ഉണ്ടാകുകയും ചെയ്യുന്നു. ഇവിടെ മാധ്യമം അദൃശ്യമാകുകയും അമാധ്യമത സാധ്യമാകുകയും ചെയ്യുന്നു. അതിമാധ്യമത എന്നത് അമാധ്യമതയുടെ നേര്‍വിപരീതരൂപമാണ്. മാധ്യമമാണ് എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കപ്പെടുന്നതിനെയാണ് അതിമാധ്യമത എന്ന് പറയുന്നത്. “അതിമാധ്യമത സ്വയം ആവിഷ്ക്കരിക്കുന്നത് ബഹുസ്വരത എന്ന നിലയിലാണ്” എന്നാണ് ബോള്‍ട്ടറും ഗ്രുസിനും പറയുന്നത്3 (Bolter and Grusin 33). ഓഡിയോ, വീഡിയോ, ഹൈപ്പര്‍ലിങ്ക്, ചിത്രം തുടങ്ങി നിരവധി സാദ്ധ്യതകള്‍ കൂടിച്ചേര്‍ന്ന ഒരു ബഹുസ്വരരൂപമാണ് അതിമാധ്യമത എന്നാണ് അതുകൊണ്ട് അവര്‍ അര്‍ത്ഥമാക്കുന്നത്. നിരവധി വിന്‍ഡോകള്‍ തുറന്നുവച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍സ്ക്രീന്‍ അതിമാധ്യമതയുടെ ഉദാഹരണമാണ്. പുസ്തകത്തില്‍നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് മാധ്യമങ്ങളിലുള്ള സാങ്കേതിക സാധ്യതകള്‍ സാഹിത്യകൃതികള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അത് മാധ്യമത്തിലാണ് ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത് എന്ന തോന്നല്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ അത്തരം സാങ്കേതികപരിഷ്ക്കരണം കൃതിയെ കൂടുതല്‍ മികച്ചതാക്കുകയാണ് ചെയ്യുന്നത്. ബോള്‍ട്ടറിന്റെയും ഗ്രുസിന്റെയും അഭിപ്രായത്തില്‍ പുനഃമാധ്യമീകരണത്തിന് രണ്ട് രൂപഭേദങ്ങള്‍ ഉണ്ട് : പുനഃവിനിയോഗം (Repurposing), പുനഃശൈലീകരണം (Refashioning). “ഒരു മാധ്യമത്തില്‍ നിന്ന് ഒരു സവിശേഷത എടുക്കുകയും അത് മറ്റൊരു മാധ്യമത്തില്‍ വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പുനഃവിനിയോഗം” എന്ന് പറയുന്നത്4 (Bolter and Grusin 33) എന്നാണ് ബോള്‍ട്ടറും ഗ്രുസിനും പുനഃവിനിയോഗത്തെ നിര്‍വചിക്കുന്നത്. ഒരു സാഹിത്യകൃതിയെ പേപ്പറില്‍നിന്ന് അതേരൂപത്തില്‍ തിരയിലേക്ക് പകര്‍ത്തുന്നതാണ് പുനഃവിനിയോഗം എന്ന് സാഹിത്യപശ്ചാത്തലത്തിൽ പറയുവാന്‍ സാധിക്കും. ഒരു മാധ്യമത്തിലെ സവിശേഷതയെ അതേപടി മറ്റൊരു മാധ്യമത്തിലേക്ക് പകര്‍ത്താതെ വര്‍ത്തമാനകാലത്തെ സാങ്കേതികസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആവശ്യമായ പരിഷ്ക്കരണങ്ങള്‍ വരുത്തിയതിനുശേഷം പുതിയകാല മാധ്യമത്തില്‍ ഉപയോഗിക്കുന്നതിനെയാണ് പുനഃശൈലീകരണം എന്ന് പറയുന്നത്. ഒരു സാഹിത്യകൃതിയെ ബഹുമാധ്യമസാധ്യതകള്‍ പ്രയോജനപ്പെടുത്തി പരിഷ്ക്കരിച്ച് എഴുത്തിനുമപ്പുറമുള്ള മറ്റൊരു രൂപത്തില്‍ പുനരാവിഷ്ക്കരിക്കുന്നതാണ് പുനഃശൈലീകരണം എന്ന് സാഹിത്യപശ്ചാത്തലത്തില്‍ പറയാം. ഒരു ലിഖിതകൃതിയുടെ പി.ഡി.എഫ്. പുനഃവിനിയോഗമാണെങ്കില്‍ ഒരു ലിഖിതകൃതിയുടെ ഭാവനാത്മകമായ വീഡിയോ ആവിഷ്ക്കാരം പുനഃശൈലീകരണമാണ്.
കാലാനുസൃത വീണ്ടെടുപ്പ്
ഒരു കൃതി രൂപപ്പെട്ട സമയത്തെ അര്‍ത്ഥമോ സ്വീകാര്യതയോ അല്ല അത് വായിക്കപ്പെടുന്ന കാലത്ത് ഉണ്ടായിരിക്കുക. വായനാരീതികള്‍, വായനാമാധ്യമം, എഴുതപ്പെട്ട കാലത്തെയും വായിക്കപ്പെടുന്ന കാലത്തെയും സാമൂഹിക സാംസ്‌കാരിക പരിസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഒരു കൃതി വായിക്കപ്പെടുന്നതിനെ സ്വാധീനിക്കുന്നുണ്ട്. അത് എഴുതപ്പെട്ട സമയത്ത് ഓലയില്‍ നാരായം ഉപയോഗിച്ചാണ് എഴുതപ്പെട്ടതെങ്കില്‍ അത് വായിക്കുന്നത് അച്ചടിക്ക് ശേഷമുള്ള കാലത്താണെങ്കില്‍ ഓലയെടുത്ത് വായിക്കുവാന്‍ ആ കാലഘട്ടത്തിലെ തലമുറ തുനിയണമെന്നില്ല. അവയെ കാലത്തിനു അനുയോജ്യമായ പ്രസാധന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആവിഷ്ക്കരിക്കുകയാണെങ്കിലെ ആ കാലത്തെ തലമുറയിലേക്ക് ആ കൃതികള്‍ എത്തുകയുള്ളൂ. പേപ്പറില്‍ അച്ചടിച്ചാലെ ആ തലമുറയുമായി സംവദിക്കുവാന്‍ ആ കൃതികള്‍ക്ക് സാധിക്കൂ. ഇന്ന് സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച് ഡിജിറ്റല്‍ യുഗത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്നത്തെ വയനാരീതികള്‍ക്കും സാങ്കേതികവളര്‍ച്ചയ്ക്കും അനുസൃതമായി ഇന്നത്തെ തലമുറയോട് സംവദിക്കുന്ന വിധത്തില്‍ പഴയകൃതികളെ ആവിഷ്ക്കരിച്ചെങ്കിലെ ഇന്നത്തെ തലമുറ അവയെ പരിചയപ്പെടുകയുള്ളു. എങ്കില്‍ മാത്രമേ അവയുടെ സാംസ്‌കാരികമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കുകയും ഭാവിയിലേക്ക് കൈമാറി സാംസ്‌കാരികത്തുടര്‍ച്ച നിലനിര്‍ത്തുകയും ചെയ്യുകയുള്ളൂ.
വര്‍ത്തമാനകാലത്തെ സാങ്കേതികസാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പഴയകാല കൃതികളെ പരിഷ്ക്കരിച്ച് ആവിഷ്ക്കരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് കാലാനുസൃത വീണ്ടെടുപ്പ്. ഒരു കൃതിയുടെ അര്‍ത്ഥം, രൂപം, പ്രസാധനമാര്‍ഗങ്ങള്‍, സംരക്ഷണമാര്‍ഗങ്ങള്‍ തുടങ്ങിയവ കാലഘട്ടത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തനവിധേയമാക്കുകയും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ അവയെ പുനരാവിഷ്ക്കരിക്കുകയും ചെയ്തുകൊണ്ട് അവയെ വര്‍ത്തമാനകാല തലമുറയോട് സംവദിക്കുന്നവിധത്തില്‍ വീണ്ടെടുക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് കാലാനുസൃത വീണ്ടെടുപ്പ് എന്നതുകൊണ്ട് ഈ പ്രബന്ധത്തില്‍ ഉദ്ദേശിക്കുന്നത്. പുനഃമാധ്യമീകരണപ്രക്രിയയിലൂടെ മലയാളത്തിലെ കവിതകളെ ‘കാവ്യം സുഗേയം’ ബ്ലോഗ് കാലാനുസൃതമായി വീണ്ടെടുത്ത് അവതരിപ്പിക്കുന്നതിന്റെ പ്രസക്തിയാണ് ഈ ഗവേഷണം വെളിവാക്കുന്നത്.
കാവ്യം സുഗേയം : ഒരു ആമുഖം
മലയാളസാഹിത്യരംഗത്ത് കവി, വിവര്‍ത്തക, ബ്ലോഗ് എഴുത്തുകാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജ്യോതിബായ് പരിയാടത്ത്. അവരുടെ പ്രശസ്തമായ ബ്ലോഗാണ് ‘കാവ്യം സുഗേയം’. “മലയാളത്തിലെ കാലാതിവര്‍ത്തികളായ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനായി ഒരു ശ്രമം” എന്നാണ് ജ്യോതിബായ് ഈ ബ്ലോഗിനെ വിവരിക്കുന്നത്. ‘ബ്ലോഗിനെക്കുറിച്ച്’ എന്നൊരു ലിങ്കില്‍ “കവിതയുടെ വഴികളെ തിരയുവാനുള്ള ചൊല്‍ ശ്രമമാണ് കാവ്യം സുഗേയം” എന്നും ഇരുപതാം നൂറ്റാണ്ടിലെ കവിതകളെ ചൊല്ലി അടയാളപ്പെടുത്തുവാനുള്ള ഉദ്യമമാണ് ഈ ബ്ലോഗെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബ്ലോഗ് നാല് ഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. പാഠപുസ്തകത്തിലെ കവിതകളെ ആവിഷ്ക്കരിക്കുന്ന ‘കാവ്യശ്രീ’, കവിതകള്‍ വായന നടത്തുന്ന ‘നിധിച്ചെപ്പ്’, കവിതാലാപനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ‘പോഡ്കാസ്റ്റ്’, കവിതകളും ദൃശ്യാവിഷ്ക്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ‘വീഡിയോ’ എന്നിവയാണവ. മലയാളത്തിലെ പ്രാചീന–മധ്യകാല–ആധുനിക–ഉത്തരാധുനിക കവിതകള്‍ ഈ വ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ കവിത, കവി, സാഹിത്യപ്രസ്ഥാനം തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങളും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാവ്യം സുഗേയം : പുനഃശൈലീകരണം
കവിതാപുസ്തകത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്ന പേജിന്റെ പുനഃശൈലീകൃതരൂപമാണീ ബ്ലോഗ് എന്ന് പറയാം. അക്ഷരമാലാക്രമത്തില്‍ എഴുത്തുകാരുടെ പേരും അവരുടെ കവിതകളുടെ പേരും ചേര്‍ത്ത ലിങ്കുകളാണ് ഈ കവിതാപ്പട്ടികയില്‍ നല്‍കിയിരിക്കുന്നത്. കവിതാപുസ്തകത്തെ നേരിട്ട് തിരയിലേക്ക് പറിച്ചുനടുകുയല്ല ഇവിടെ ചെയ്തിരിക്കുന്നത്. തിരമൊഴിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പുസ്തകത്തേക്കാള്‍ വര്‍ദ്ധിതമായ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി പുനഃശൈലീകരണത്തിലൂടെയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പുസ്തകത്തിലെ രേഖീയവായനയെ പൊളിച്ചെഴുതിക്കൊണ്ട് തിരമൊഴിയുടെ സഹായത്തോടെ ക്രോസ് പ്ലാറ്റ്ഫോം ഹൈപ്പര്‍ലിങ്ക് സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉള്ളടക്കത്തിലെ തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബ്ലോഗിന്റെ ചുറ്റുമതിലുകള്‍ ഭേദിച്ച് മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് കവിതകളുടെ ക്രമീകരണം.
യൂട്യൂബില്‍ ദൃശ്യശ്രാവ്യഘടകങ്ങളുടെ സഹായത്തോടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍ വായനയേക്കാള്‍ മികച്ച സാധ്യതകള്‍ കവിതകള്‍ക്ക് നല്‍കുന്നു. സൈബറിടത്തിലെ രേഖീയമല്ലാത്ത വായനാപരിസരങ്ങള്‍ പരിചയിച്ച പുതുതലമുറയുടെ വായനാശീലങ്ങളോട് അടുത്തുനില്‍ക്കുന്നവിധത്തില്‍ പുസ്തകവായനയെ കാലാനുസൃതമായി പുനരാവിഷ്ക്കരിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. ഒരേസമയം കവിതയിലെ വരികള്‍ സ്ക്രീനില്‍ വായിക്കുവാനും, കവിത ചൊല്ലുന്നത് കേള്‍ക്കുവാനും, ചില ദൃശ്യങ്ങള്‍ സ്ക്രീനില്‍ കാണുവാനും സാധിക്കുന്ന വിധത്തിലാണ് കൃതികളെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ പ്രത്യേകത എല്ലാ ഇന്ദ്രിയങ്ങളെയും ഒരേസമയം ആസ്വാദനപ്രക്രിയയില്‍ ഭാഗമാക്കുകയും കവിതയോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. കവിയേയും കവിതകളെയും പറ്റിയുള്ള വിശദീകരണങ്ങൾ കുറിപ്പുകളായും ശബ്ദലേഖകളായും വീഡിയോ രൂപത്തിലുള്ള വിവരണങ്ങളായും ചേര്‍ത്തുകാണുന്നത് ബ്ലോഗിന് ഒരു വിജ്ഞാനകോശസ്വഭാവം നല്‍കുന്നുണ്ട്. ഈ പ്രത്യേകത ഒരു കവിതാസമാഹാരത്തിന്റെ തലത്തില്‍നിന്നുമുയര്‍ന്ന് പാഠപുസ്തകത്തിന്റെ ആധികാരികതയിലേക്ക് ഈ ബ്ലോഗിനെ എത്തിക്കുന്നു. പുസ്തകത്തില്‍ കവിതകളെ ലിഖിതരൂപത്തില്‍ ആവിഷ്ക്കരിക്കുന്നരീതിയെ പരിഷ്ക്കരിച്ച് സാങ്കേതികസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ബഹുമാധ്യമതയുടെ സംയോജനത്തിലൂടെ പുനഃശൈലീകരിച്ചാണ് ഇവിടെ കവിതകള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇത് വായനയേക്കാള്‍ വര്‍ദ്ധിച്ച സാധ്യതകള്‍ ഈ കവിതകള്‍ക്ക് നല്‍കുന്നു. ഇത് ഇന്നത്തെ സാങ്കേതികവളര്‍ച്ചയ്ക്കും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗശൈലിക്കും അനുയോജ്യമായ വിധത്തിലുള്ള പരമ്പരാഗത കവിതാസമാഹാരങ്ങളുടെ കാലാനുസൃത വീണ്ടെടുപ്പായി തിരിച്ചറിയുവാന്‍ സാധിക്കും.
അമാധ്യമതയുടെ പ്രയോഗം
പുസ്തകം കയ്യില്‍ പിടിച്ച് താളുകള്‍ മറിച്ച് താളുകളിലെ അക്ഷരങ്ങള്‍ വായിക്കുന്ന രീതി മാധ്യമതയുടെ ഉദ്ഘോഷണമാണ്. ഓരോ തവണ പേജ് മറിക്കുമ്പോഴും വായന തടസ്സപ്പെടുന്നു. അത് ഒരു മാധ്യമമാണെന്നും താന്‍ വായിക്കുകയാണെന്നും പ്രേക്ഷകനെ നിരന്തരം ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ ‘കാവ്യം സുഗേയ’ത്തിലെ കാവ്യാവിഷ്ക്കാരങ്ങളാകട്ടെ വായനയുടെ തലത്തില്‍ നിന്നുമുയര്‍ന്ന് അമാധ്യമതയെ ആവിഷ്ക്കരിക്കുവാന്‍ ശ്രമിക്കുന്നു. പുസ്തകം വായിക്കുക എന്നതിനപ്പുറം കവിത കേള്‍ക്കുക, ദൃശ്യങ്ങളില്‍ മുഴുകുക, വരികള്‍ വായിക്കുക എന്നിങ്ങനെ ബഹുതലസാദ്ധ്യതകള്‍ പ്രേക്ഷകന് നല്‍കുന്നു. അവിടെ മാധ്യമം അപ്രത്യക്ഷമാകുകയും കവിത ശബ്ദമായും ദൃശ്യമായും പ്രേക്ഷകരോട് നേരിട്ട് സംവദിക്കുകയും ചെയ്യുന്നു. അമാധ്യമത മാധ്യമത്തെ അദൃശ്യമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കാവ്യം സുഗേയത്തിലെ ചൊല്‍ക്കാഴ്ചകള്‍ അമാധ്യമതയിലൂടെ തന്നെ അവതരണത്തെ സജ്ജീവമാക്കുവാന്‍ പരിശ്രമിക്കുന്നു. സുഗതകുമാരിയുടെ ‘ഗജേന്ദ്രമോക്ഷം’, അയ്യപ്പപണിക്കരുടെ ‘ഗോപികാദണ്ഡകം’ തുടങ്ങിയ കവിതകള്‍ കവി ആലപിക്കുന്നത് ‘ക്ലോസ് അപ്പ്’ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ മാധ്യമം അപ്രത്യക്ഷമാകുകയും കവി തൊട്ടുമുന്നില്‍ നിന്ന് കവിത ആലപിക്കുന്നത് കണ്ടിരിക്കുന്ന പ്രതീതി പ്രേക്ഷകന് ലഭിക്കുകയും ചെയ്യുന്നു. ഇത് വായനയേക്കാള്‍ മികച്ച ഒരു അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.
ക്ലോസ് അപ്പ് ഷോട്ടുകള്‍ ആസ്വാദകനും അവതാരകനും തമ്മിലുള്ള ഭൗതികമായ അകലം ഇല്ലാതാക്കുന്നു. ഡിജിറ്റല്‍ മാധ്യമത്തിന്റെ സാങ്കേതികത്വത്തെ വിസ്മരിച്ച് കവിതയുമായി നേരിട്ട് സംവദിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു. ക്യാമറയുടെ സാന്നിദ്ധ്യം പ്രേക്ഷകന്‍ മറക്കുന്നു. കവി തന്റെ മുന്നില്‍ നിന്ന് കവിത ചൊല്ലുന്നു എന്ന തോന്നല്‍ ആസ്വാദകനില്‍ ഉണ്ടാക്കുന്നത് അമാധ്യമതയുടെ സവിശേഷതയാണ്. ക്ലോസ് അപ്പ് ദൃശ്യങ്ങള്‍ മുഖഭാവങ്ങള്‍ പൂര്‍ണമായും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമായതിനാല്‍ കവിത ചൊല്ലുമ്പോള്‍ കവിതയുടെ ഭാവത്തിനനുസരിച്ച് ജ്യോതിബായ് പരിയാടത്തിന്റെ മുഖത്ത് പ്രത്യക്ഷമാകുന്ന ചലനങ്ങള്‍, ഭാവമാറ്റങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകന് അനുഭവവേധ്യമാകുന്നു. കവിതയിലെ വികാരം നേരിട്ട് ആസ്വാദകനിലേക്ക് എത്തുന്നു. അത് കവിതയെ വായനാനുഭവം എന്നതിനപ്പുറം ഒരു പ്രകടനം എന്ന നിലയിലേക്കും പരിവര്‍ത്തിപ്പിക്കുന്നു. പുസ്തകവായനയുടെ അനുഭവം വായനക്കാരന്‍ ഒറ്റക്ക് കണ്ടെത്തുമ്പോള്‍ ഇത്തരം ചൊല്‍ക്കാഴ്ചകള്‍ അവതാരകന്‍ നല്‍കുന്ന അനുഭവം കൂടി ആസ്വദിക്കുവാന്‍ അവസരം നല്‍കുന്നു. കവിതയുടെ താളം, നിശബ്ധതകള്‍, വാക്കുകള്‍ക്കിടയിലെ ഇടവേളകള്‍ തുടങ്ങിയവ ചൊല്‍ക്കാഴ്ച്ചയുടെ ഭാഗമായി വീഡിയോകളില്‍ വിന്യസിക്കപ്പെടുന്നുണ്ട്. ഒരു സ്റ്റേജ് അവതരണത്തിലെ ചൊല്‍ക്കാഴ്ച്ചയുടെ ആഢംബരങ്ങളില്ലാതെ കവി തൊട്ടുമുന്നില്‍നിന്ന് പ്രേക്ഷകന് വേണ്ടി കവിത ചൊല്ലുന്ന പ്രതീതി ഉളവാക്കുന്നത് അമാധ്യമതയുടെ ആവിഷ്ക്കാരമാണ്.
വീഡിയോ ആവിഷ്ക്കാരങ്ങള്‍ ഇല്ലാത്ത കവിതയുടെ ആലാപനങ്ങളാകട്ടെ കവിതയുടെ ലിഖിതരൂപത്തിന്റെ വായനയെയോ പുസ്തകം എന്ന മാധ്യമത്തെയോ വിസ്മരിച്ച് ശബ്ദത്തില്‍ മാത്രം മുഴുകുവാന്‍ പ്രേക്ഷകനെ സഹായിക്കുന്നു. ഇത് മാധ്യമത്തെ മറന്നുകൊണ്ട് ആസ്വാദനത്തിനു കൂടുതല്‍ മികവ് നല്‍കുന്നു. മാധ്യമത്തില്‍നിന്നും അകന്ന് കേള്‍വിയില്‍ മാത്രം മുഴുകി വരികളെയും അതിലെ അര്‍ത്ഥതലങ്ങളെയും മാത്രം ശ്രദ്ധിക്കുവാനും ആസ്വദിക്കുവാനുമുള്ള സാദ്ധ്യതകള്‍ ഇവിടെ പ്രേക്ഷകന് ലഭിക്കുന്നത് അമാധ്യമതയുടെ യുക്തിയുടെ ഉചിതമായ സന്നിവേശത്തിലൂടെയാണ്. പുസ്തകവായനയേക്കാള്‍ അധികമായി ശബ്ദസാധ്യതകളുടെ സന്നിവേശം സാധ്യമാക്കുന്നതിലൂടെ മാധ്യമത്തെ മറന്ന് കവിതയില്‍ കൂടുതല്‍ ലയിക്കുവാന്‍ അവസരം ലഭിക്കുന്നതിന് അമാധ്യമതയുടെ യുക്തിപ്രയോഗങ്ങള്‍ അവസരം ഒരുക്കുന്നതിനാല്‍ ഉയര്‍ന്ന ആസ്വാദനസാധ്യതകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നു കിട്ടുന്നു. ഇത് സാങ്കേതിക വളര്‍ച്ചയ്ക്ക് അനുയോജ്യമായരീതിയിലുള്ള വായനാസംസ്കാരത്തിന്റെ തിരിച്ചുപിടിക്കലായി മനസിലാക്കുവാന്‍ സാധിക്കും.
അതിമാധ്യമതയും കാവ്യാത്മക പുരോഗതിയും
‘കാവ്യം സുഗേയം’ ബ്ലോഗിന്റെ വിശകലനത്തില്‍ അതൊരു മാധ്യമമാണെന്നും പ്രേക്ഷകന്‍ ഒരു മാധ്യമത്തിലൂടെ കവിതയെ ആസ്വദിക്കുകയാണെന്നും നിരന്തരം ഓര്‍മിപ്പിക്കുന്ന അതിമാധ്യമതയുടെ ഘടകങ്ങളും കാണുവാന്‍ സാധിക്കും. ബ്ലോഗിന്റെ ‘ഇന്റര്‍ഫെയിസ്’ തന്നെ ഒരുപാട് ഹൈപ്പർലിങ്കുകള്‍ നിറഞ്ഞ അതിമാധ്യമതയുടെ ആവിഷ്ക്കാരമാണ്. ഹൈപ്പർലിങ്കിലൂടെ ബ്ലോഗില്‍നിന്നും യൂട്യൂബിലേക്കുള്ള യാത്രയും മാധ്യമത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ദൃശ്യശ്രവ്യാവിഷ്ക്കാരങ്ങളായി കവിതകള്‍ അവതരിപ്പിക്കപ്പെടുന്നിടത്തും അതിമാധ്യമത ദൃശ്യമാണ്. സഹോദരന്‍ അയ്യപ്പന്റെ ‘ആള്‍ദൈവം’, അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ഉള്ളൂരിന്റെ ‘ഭൂതകണ്ണാടി’ തുടങ്ങിയ കവിതകളുടെ ആവിഷ്ക്കാരത്തില്‍ ചലനാത്മകപാഠം അഥവാ ‘കൈനെറ്റിക് ടെക്സ്റ്റ്’ രൂപത്തില്‍ കവിതയിലെ വരികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. ഇത് പുസ്തകവായനയേക്കാള്‍ സംവേദനാത്മകവും കാലാനുസൃതവുമായ വായനാരീതികള്‍ ആവിഷ്ക്കരിക്കുകയും നിരന്തരം മാധ്യമപ്രതീതി ഉളവാക്കുകയും ചെയ്യുന്നു.
വൈലോപ്പിള്ളിയുടെ ‘നര്‍ത്തകി’ എന്ന കവിതയില്‍ പശ്ചാത്തലത്തില്‍ ചേർത്തിരിക്കുന്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ആനിമേഷൻ വീഡിയോ അതിമാധ്യമസാദ്ധ്യതകളിലൂടെ അര്‍ത്ഥപ്രകാശനത്തിന് കാഴ്ചാനുഭവത്തിന്റെ തലം നല്‍കുമ്പോള്‍ നൃത്തത്തെ അനുഭവിക്കുവാന്‍ പ്രേക്ഷകന് സാധിക്കുന്നു. കുമാരനാശാന്റെ ‘കരുണ’ എന്ന കവിതയുടെ ആവിഷ്ക്കാരത്തില്‍ ലിഖിതപാഠം ചിത്രരൂപത്തില്‍ ദൃശ്യമാക്കുകയും പുസ്തകം മറിക്കുന്ന തരത്തിലുള്ള ‘ട്രാന്‍സിഷന്‍’ ഉപയോഗിച്ച് പുസ്തകപ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നത് പുനഃമാധ്യമീകരണത്തിലൂടെ ഒരു ‘നൊസ്റ്റാള്‍ജിയ’ സൃഷ്ടിക്കുവാന്‍ സഹായകമാകുന്നു. ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യില്‍ വൃന്ദാവനത്തില്‍ കൃഷ്ണന്‍ പാട്ട് പാടുന്നത് കേള്‍ക്കുന്ന വനത്തിലെ പക്ഷിമൃഗാധികളുടെ പ്രതികരണം വര്‍ണ്ണിക്കുന്ന ‘ഗാനം കേട്ട നേരം’ എന്നപേരില്‍ മൂന്നാം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തില്‍ (2014 സിലബസ്) നല്‍കിയിരിക്കുന്ന ഭാഗം ആവിഷ്ക്കരിക്കുമ്പോള്‍ വരികളുടെ അര്‍ത്ഥം ധ്വനിപ്പിക്കുന്ന വിധത്തില്‍ കാവ്യപശ്ചാലത്തില്‍ നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും വീഡിയോകളും ‘ഫെയ്ഡ് ഇന്‍’, ‘ഫെയ്ഡ് ഔട്ട്’ ട്രാന്‍സിഷനുകള്‍ ഉപയോഗിച്ച് കാണിക്കുന്നത് കൃത്യമായ അര്‍ത്ഥവിപുലീകരണം സാധ്യമാക്കുന്ന അതിമാധ്യമപ്രയോഗമാണ്. എന്‍.വി.കൃഷ്ണവാര്യരുടെ ‘വെള്ളപ്പൊക്കം’ എന്ന കാവ്യാവിഷ്ക്കാരത്തില്‍ പശ്ചാത്തലത്തില്‍ ദൃശ്യമാകുന്ന നീര്‍ക്കുമിളകളുടെ വീഡിയോ പ്രേക്ഷകന്‍ വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുകയാണ് എന്ന പ്രതീതിജനിപ്പിക്കുകയും കാവ്യാര്‍ത്ഥത്തെ അനുഭവവേധ്യമാക്കുകയും ചെയ്യുന്നു. മുകളിലെ ‘സ്പോട്ട് ലൈറ്റ്’ ആകട്ടെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വ്യക്തി മുകളില്‍നിന്ന് വരുന്ന സൂര്യപ്രകാശം കാണുന്ന അനുഭവമാണ് സൃഷ്ടിക്കുന്നത്.
അനിത തമ്പിയുടെ ‘ആലപ്പുഴ വെള്ളം’ എന്ന കവിതയിലാകട്ടെ ആലപ്പുഴയിലെ കായലോരങ്ങളെ അനുഭവവേധ്യമാക്കുന്നതിന് പുഴയോരത്തിന്റെ വീഡിയോ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നു. പുഴയിലെ ഓളങ്ങളുടെ ചലനങ്ങളും പുഴയോരത്തെ തെങ്ങുകളും കവിതയിലെ പശ്ചാത്തലപ്രദേശത്തെ വ്യക്തമായി പ്രേക്ഷകനുമുന്നില്‍ ആവിഷ്ക്കരിക്കുന്നു. “ആലപ്പുഴ നാട്ടുകാരി കരിമണ്ണുനിറക്കാരി കവിതയിലെഴുതുമ്പോള്‍ ജലമെന്നാണെഴുതുന്നു” എന്ന വരികളോട് പുഴയുടെ ദൃശ്യം ചേര്‍ത്തുവയ്ക്കുമ്പോള്‍ ആലപ്പുഴയിലെ ‘വെള്ള’ത്തിനും വയനാട്ടിലെ ‘ജല’ത്തിനും ഒരേ സ്വത്വമാണെന്ന ചിന്ത മുന്നോട്ടുവയ്ക്കുവാന്‍ സഹായകമാകുന്നു. അതിമാധ്യമതയിലൂടെ കവിതയിലെ ആശയാവിഷ്ക്കാരത്തിന് പുതിയ അനുഭവതലങ്ങള്‍ നല്‍കുവാന്‍ ഇവിടെ സാധിക്കുന്നു. ഈ കവിതയില്‍ “കവി ആറ്റൂര്‍ ചോദിച്ചു” എന്ന വരിയെത്തുമ്പോള്‍ ആറ്റൂരിന്റെ ചിത്രം പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുകയും കവിതയിലെ വരി ‘സ്പിന്‍ ആന്‍ഡ് ഫ്ലൈ ഇന്‍’ ട്രാന്‍സിഷന്‍ ഉപയോഗിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയും ചെയ്യുമ്പോള്‍ കവിയെ നേരിട്ടുകണ്ട പ്രതീതി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നതോടൊപ്പം കവിയുടെ ചോദ്യത്തിന്റെ പ്രാധാന്യവും പ്രേക്ഷകന് അനുഭവവേദ്യമാകുന്നു. കുമാരനാശാന്റെ ‘ഒരു വനയാത്ര’ എന്ന കവിതയിലാകട്ടെ പശ്ചാത്തലത്തില്‍ വനത്തിന്റെ ചിത്രവും നിശബ്ദവനത്തിലൂടെയുള്ള യാത്രയില്‍ കേള്‍ക്കുന്ന പക്ഷികളുടെ ശബ്ദങ്ങളും സംയോജിക്കുമ്പോള്‍ യഥാര്‍ത്ഥ വനയാത്രയുടെ പ്രതീതി പ്രേക്ഷകന് ഉളവാകുന്നു. ഇടശ്ശേരിയുടെ ‘കറുത്തചെട്ടിച്ചികള്‍’ എന്ന കവിതയുടെ ആവിഷ്ക്കാരത്തില്‍ മാറിവരുന്ന കാവ്യപരിസരത്തിനനുസരിച്ച് പശ്ചാത്തല ദൃശ്യങ്ങളും മാറിവരുന്നത് കാവ്യാര്‍ത്ഥത്തെ ധ്വനിപ്പിക്കുവാന്‍ സഹായകമാകുന്നുണ്ട്. ഉദാഹരണത്തിന് “ചുണ്ടും പിളര്‍ത്തി ചുരുളന്‍ മുടിയുമായ് മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോ പറ്റേവിളര്‍ത്തൊരാക്കാലവര്‍ഷാംഗന” എന്ന വരികളെത്തുമ്പോള്‍ കേരളകാലാവസ്ഥയെ വ്യക്തമാക്കുന്നവിധത്തില്‍ വരണ്ടപാടങ്ങളുടെ ചിത്രമാണ് പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുന്നത്. ഇത് ആ വരികളുടെ ഭാവഭംഗി കൂടുതല്‍ ധ്വനിപ്പിക്കുവാനും കാലാവസ്ഥാപ്രശ്നങ്ങളുടെ തീവ്രതയാവിഷ്ക്കരിക്കുവാനും സഹായിക്കുന്നു. ഇതെല്ലാം കാലാനുസൃതമായി കവിതകളെ ബഹുമാധ്യമരൂപത്തിൽ വീണ്ടെടുക്കുമ്പോൾ വായനയേക്കാൾ അധികമായി സ്വായത്തമാകുന്ന അര്‍ത്ഥവിപൂലീകരണങ്ങളുടെ നിദര്‍ശനമാണ്. ഇവിടെ സാഹിത്യത്തോട് സാങ്കേതികഘടകങ്ങളായ ദൃശ്യശബ്ദസാദ്ധ്യതകള്‍ കൂടിച്ചേരുമ്പോള്‍ കാവ്യാര്‍ത്ഥത്തിന് കൂടുതല്‍ പ്രകാശനവഴികള്‍ തുറന്നുകിട്ടുന്നു. സാങ്കേതികഘടകങ്ങള്‍ പുനഃശൈലീവത്ക്കരണത്തിലൂടെ കവിതയെയും കാവ്യാസ്വാദനത്തെയും കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുന്നു. ബഹുമാധ്യമസന്നിവേശത്തിലൂടെ സാധ്യമാകുന്ന അതിമാധ്യമതയുടെ ആവിഷ്ക്കാരം പുസ്തകവായനയിലൂടെ ലഭിക്കാത്ത ഇന്ദ്രിയാനുഭവങ്ങള്‍ പ്രേക്ഷകന് നല്‍കുന്നു. ഇത് കവിതയ്ക്ക് വാക്കുകള്‍ക്കതീതമായ അര്‍ത്ഥപ്രകാശന സാദ്ധ്യതകള്‍ നല്‍കുകയും അതിലൂടെ ഒരുപടി ഉയര്‍ന്ന അര്‍ത്ഥാവിഷ്ക്കാരം സാധ്യമാകുകയും കവിതയിലെ അര്‍ത്ഥസന്നിവേശപ്രക്രിയയില്‍ രൂപീകരിച്ച കാലാനുസൃതമാറ്റങ്ങള്‍ കവിതയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു.
ഡിജിറ്റല്‍ ആര്‍ക്കൈവിങ്ങ് : പാരമ്പര്യ സംരക്ഷണത്തിന്റെ പുതുരൂപം
പുസ്തകരൂപത്തില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങളുടെ ഭൗതികനിലനില്‍പ്പിന്റെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഡിജിറ്റല്‍രൂപത്തില്‍ അവയെ സൂക്ഷിക്കുന്നതിനാണ് ഡിജിറ്റല്‍ ആര്‍ക്കൈവുകള്‍ പ്രയോജനപ്പെടുത്തുന്നത്. ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ബഹുമാധ്യമരൂപങ്ങളിലോ വരമൊഴിരൂപത്തിലോ ലഭ്യമായ ദത്തങ്ങളെ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനെയാണ് ഡിജിറ്റല്‍ ആര്‍ക്കൈവിങ്ങ് എന്ന് പറയുന്നത്. അതിനാല്‍ തന്നെ ഡിജിറ്റല്‍ ആര്‍ക്കൈവിങ്ങിനെ കാലാനുസൃത വീണ്ടെടുപ്പിന്റെ വര്‍ത്തമാനകാലരൂപമായി തിരിച്ചറിയുവാന്‍ സാധിക്കും. ഈ സമ്പ്രദായം സാഹിത്യകൃതികളെ പുസ്തകരൂപത്തില്‍നിന്ന് പരിവര്‍ത്തിപ്പിച്ച് ഡിജിറ്റല്‍ രൂപത്തിലേക്ക് ആവിഷ്ക്കരിച്ച് അവയെ കാലാനുസൃതമായി വീണ്ടെടുക്കുവാനും ഭാവിയിലേക്കായി അവയെ സൂക്ഷിക്കുവാനും സഹായകമാകുന്നു. അതുവഴി പുസ്തകങ്ങളുടെ ഭൗതികനാശം നിമിത്തം ഉണ്ടാകുവാന്‍ സാധ്യതയുള്ള പഴയകാല കൃതികളുടെ നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുവാന്‍ സാധിക്കുന്നു. ജ്യോതിബായ് പരിയാടത്തിന്റെ ‘കാവ്യം സുഗേയം’ എന്ന ബ്ലോഗ് മലയാളത്തിലെ പ്രാചീന–മധ്യകാല–ആധുനിക കാലത്തെ നിരവധി കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റല്‍ ആര്‍ക്കൈവാണെന്ന് പറയുവാന്‍ സാധിക്കും. എന്നാല്‍ സാധാരണ ഡിജിറ്റല്‍ ആര്‍ക്കൈവുകളെക്കാള്‍ ജനകീയസാധ്യതകളോടെ ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന ആക്സെസ്സ് ആര്‍ക്കൈവുകള്‍ കൂടിയാണ് ബ്ലോഗുകള്‍. ‘കാവ്യം സുഗേയം’ ബ്ലോഗ് സാധാരണ ഡിജിറ്റല്‍ ആര്‍ക്കൈവുകളില്‍നിന്നും വ്യത്യസ്തമായി പുനഃമാധ്യമീകരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ടാണ് കവിതകളെ സംരക്ഷിക്കുന്നത്.
മലയാളത്തിന്റെ പാരമ്പര്യത്തെയും സാഹിത്യവളര്‍ച്ചയുടെ നാള്‍വഴികളെയും ഉള്‍ക്കൊള്ളുന്ന കവിതകളെ ദൃശ്യം, ശബ്ദം തുടങ്ങിയ ആവിഷ്ക്കാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി പുനഃമാധ്യമീകരണത്തിലൂടെ അവയുടെ ആസ്വാദനസാദ്ധ്യതകള്‍ മെച്ചപ്പെടുത്തിയാണ് ഇവിടെ ആര്‍ക്കൈവിങ്ങ് സാധ്യമാക്കിയിരിക്കുന്നത്. സാധാരണ ഡിജിറ്റല്‍ ആര്‍ക്കൈവിങ്ങ് രീതികളില്‍നിന്ന് വ്യത്യസ്തമായി പുനഃവിനിയോഗത്തിലൂടെയല്ല അതിനേക്കാള്‍ ഒരുപടി ഉയര്‍ന്ന് പുനഃശൈലീവത്ക്കരണത്തിലൂടെ കൃതികളെ സാങ്കേതികവളര്‍ച്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തനവിധേയമാക്കിയാണ് ഇവിടെ ആര്‍ക്കൈവിങ്ങ് സാധ്യമാക്കിയിരിക്കുന്നത്. മാത്രവുമല്ല ഒരു ലൈബ്രറി കാറ്റലോഗിനെ ഓര്‍മിപ്പിക്കുന്നവിധത്തില്‍ അക്ഷരമാലക്രമത്തില്‍ അടുക്കിയിരിക്കുന്ന കവിതകളില്‍നിന്നും തങ്ങള്‍ക്കാവശ്യമായ കവിതകള്‍ തെരഞ്ഞെടുക്കുവാനും ആസ്വദിക്കുവാനുമുള്ള സാദ്ധ്യതകള്‍ ഇവിടെയുണ്ട്. ലൈബ്രറി കാറ്റലോഗില്‍നിന്നും പുസ്തകത്തിന്റെ ഉള്ളടക്ക പേജില്‍നിന്നും വ്യത്യസ്തമായി തിരമൊഴിയിലൂടെ കവിതയുടെ യൂട്യൂബ് വീഡിയോയിലേയ്ക്ക് എത്തിച്ചേരുവാനുള്ള വര്‍ദ്ധിതസാദ്ധ്യതകള്‍ പുനഃശൈലീവത്ക്കരണത്തിന്റെ പ്രയോഗഫലമായി ഉണ്ടായതാണ്. അത് പുസ്തകത്തിലെ രേഖീയവായനയില്‍നിന്ന് വ്യത്യസ്തമായ വായനാപരിസരത്തേക്ക് വായനക്കാരെ എത്തിക്കുന്നതോടൊപ്പം സാഹിത്യത്തിന്റെ ലിഖിതരൂപത്തിനപ്പുറമുള്ള സാധ്യതകളിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു. മാത്രവുമല്ല കവിയെക്കുറിച്ചും കവിതയെക്കുറിച്ചും ആ കവിതയും കവിയും പ്രതിനിധീകരിക്കുന്ന ഭാവുകത്വത്തെക്കുറിച്ചും വീഡിയോയിലെ വിവരണരൂപത്തിലും ബ്ലോഗിലെ എഴുത്ത് രൂപത്തിലും നല്കിയിട്ടുള്ള വിവരങ്ങള്‍ ബ്ലോഗിന് ഒരു വിജ്ഞാനകോശസ്വഭാവവും നല്‍കുന്നുണ്ട്. കാവ്യം സുഗേയം ബ്ലോഗ് മുന്നോട്ട് വയ്ക്കുന്ന ആക്സസ് ആര്‍ക്കൈവ് സാധ്യതകളും തിരമൊഴിയിലൂടെ സാധ്യമാക്കിയ പുസ്തകവായനയ്ക്കപ്പുറമുള്ള കവിതാന്വേഷണസാധ്യതകളും മലയാളസാഹിത്യത്തിന് ഒരു മുതല്‍കൂട്ടാണെന്ന് മനസിലാക്കുവാന്‍ സാധിക്കും.
കാലാനുസൃത വീണ്ടെടുപ്പിന്റെ സാംസ്‌കാരിക നോട്ടം
താളിയോലക്കെട്ടുകളില്‍ മണ്മറഞ്ഞുപോകുമായിരുന്ന പ്രാചീനസാഹിത്യകൃതികളെയും അച്ചടിയിലൂടെ പ്രകാശിതമായ കൃതികളെയും ഇന്നിന്റെ പ്രസാദനയിടങ്ങളായ ബ്ലോഗിന്റെയും യൂട്യൂബിന്റെയും സംയോജനത്തിലൂടെ വര്‍ത്തമാനകാല തലമുറയോട് സംവദിക്കുന്നവിധത്തില്‍ പുനരാവിഷ്ക്കരിക്കുകവഴി ഈ കൃതികള്‍ വിസ്മൃതിയിലേക്ക് വീണുപോകാതെ കാത്തുസൂക്ഷിക്കുവാന്‍ ‘കാവ്യം സുഗേയ’ത്തിനു സാധിക്കുന്നുണ്ട്. ഇന്നത്തെ തലമുറയുടെ ദൃശ്യശ്രാവ്യരൂപത്തിലുള്ള ആസ്വാദനസംസ്കാരത്തെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് അവയ്ക്കനുയോജ്യമായ വിധത്തിലാണ് ഈ ബ്ലോഗില്‍ കവിതകളെ ആവിഷ്ക്കരിക്കുന്നത്. വയനയ്ക്കപ്പുറത്ത് കവിതയെ ശബ്ദമായും ദൃശ്യമായും അനുഭവിച്ചറിയുവാനുള്ള സാദ്ധ്യതകള്‍ ഈ ബ്ലോഗ് മുന്നോട്ടുവയ്ക്കുന്നു. ഇത് കാലാനുസൃതമായ പ്രസിദ്ധീകരണതന്ത്രങ്ങളുടെ ഉപയോഗത്തിലൂടെ വര്‍ത്തമാനകാലതലമുറയെ മലയാളസാഹിത്യപാരമ്പര്യത്തിലേക്ക് ആകര്‍ഷിക്കുകയും സാഹിത്യസംസ്കാരത്തെ പുനരാനയിക്കുകയും ചെയ്യുന്നു.
മലയാളകവിതകള്‍ ചൊല്ലിയവതരിപ്പിച്ച ഈ സംരംഭം മലയാളത്തിലെ ചൊല്‍ക്കവിതാപാരമ്പര്യത്തെ വര്‍ത്തമാനകാല സാങ്കേതികസവിശേഷതകളോട് ചേര്‍ത്തുവച്ച് തിരിച്ചുപിടിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നു. അതിലൂടെ പഴയ വാമൊഴിസംസ്കാരത്തിന്റെ ഡിജിറ്റല്‍ രൂപമായി ഈ ബ്ലോഗിനെ തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കുന്നു. കവിത ചൊല്ലുന്നതിലൂടെ പഴയകാല കൃതികളിലെ ശൈലികളും വാക്കുകളും പ്രയോഗങ്ങളും ഉച്ചാരണരീതികളും മറവിയില്‍നിന്നു തിരിച്ചുപിടിക്കുവാനും പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും സാധിക്കുന്നു. പഴയകാലത്ത് ഒരു കൂട്ടം ജനതയ്ക്ക് നിഷിദ്ധമായിരുന്ന അതേ സാഹിത്യകൃതികളെ അതിനേക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നവിധത്തില്‍ വിവേചനങ്ങള്‍ക്കതീതമായി ഏവര്‍ക്കും ലഭ്യമാക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. അങ്ങനെ ഈ ബ്ലോഗ് സാഹിത്യത്തിന്റെ സാങ്കേതിക ജനാധിപത്യവത്ക്കരണത്തിന്റെ ഇടമായി മാറുന്നു. നാളുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട കവിതകളെ ഇന്നത്തെ സാമൂഹികപരിസരങ്ങള്‍ക്ക് അനുയോജ്യമായ ദൃശ്യാകമ്പടികളോടെ പുനരാവിഷ്ക്കരിക്കുമ്പോള്‍ സമകാലികസാമൂഹികാര്‍ത്ഥപരിസരങ്ങള്‍ കവിതകള്‍ക്ക് കൈവരുന്നു. ഒ.എന്‍.വിയുടെ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത വര്‍ത്തമാനകാലത്തെ പ്രകൃതിചൂഷണത്തിന്റെ ചിത്രങ്ങളോട് ചേര്‍ത്തുവച്ച് അവതരിപ്പിച്ചിരിക്കുന്നത് കവിതയുടെ ക്രാന്തദര്‍ശിത്വത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം കവിതയെ കാലത്തോട് ചേര്‍ത്തുവച്ച് വായിക്കുവാന്‍ ഇന്നത്തെ തലമുറയെ പ്രേരിപ്പിക്കുന്നു. കേരളീയപ്രകൃതിയോട് അടുത്തുനില്‍ക്കുന്ന കാവ്യശകലങ്ങളെ പ്രകൃതിദൃശ്യങ്ങളോട് ചേര്‍ത്തുവച്ച് അവതരിപ്പിക്കുന്നതിലൂടെ കവിതകളിലെ കേരളീയഘടകങ്ങള്‍ കാലാനുസൃതമായി ആവിഷ്ക്കരിക്കുവാനും കവിതയോട് ചേര്‍ത്തുവച്ച് മനസിലാക്കുമ്പോള്‍ കവിതയുടെ ആശയപരിസരത്തെ വികസിപ്പിക്കുവാനും ഉപകാരപ്പെടുന്നു.
കുമാരനാശാന്റെ ‘വനയാത്ര’യിലെ വനസൗന്ദര്യദൃശ്യാവിഷ്ക്കാരങ്ങളും അനിത തമ്പിയുടെ ‘ആലപ്പുഴവെള്ള’ത്തിലെ കായലോരസൗന്ദര്യപ്രതിനിധാനങ്ങളും കേരളീയഭൂമിശാസ്ത്രഘടകങ്ങളെ ദൃശ്യരൂപത്തില്‍ ആവിഷ്ക്കരിച്ചുകൊണ്ട് കവിതയോട് കേരളീയപരിസരത്തെ ചേര്‍ത്തുവയ്ക്കുന്നതിന് ഉദാഹരണമാണ്. ഇവ ബ്ലോഗുപോലുള്ള സൈബറിടങ്ങളില്‍ പ്രസിദ്ധീകരിക്കുകവഴി ഒരു സമൂഹത്തിനിടയില്‍ മലയാളകവിതകള്‍ ഒതുങ്ങിപോകാതെ ആഗോളതലത്തില്‍ ഇവ ലഭ്യമാക്കുകയും തിരിച്ചറിയപ്പെടുവാനുള്ള സാധ്യതയൊരുക്കുകയും ചെയ്യുന്നു. ദൃശ്യശ്രാവ്യപുനരാവിഷ്ക്കാരങ്ങളായതിനാല്‍ ഭാഷയ്ക്കതീതമായ ആസ്വാദ്യസാദ്ധ്യതകള്‍ തുറന്നിടുകയും ആഗോളസ്വീകാര്യതയാകര്‍ഷിക്കുകയുംവഴി മലയാളകവിതാസാഹിത്യത്തെ ലോകശ്രദ്ധയിലേക്ക് എത്തിക്കുവാന്‍ സാധിക്കുന്നു. ഭാഷാപഠനക്ലാസ്സുകളില്‍ മാത്രമൊതുങ്ങുന്ന മലയാള പ്രാചീനകവിതകളെയും കാവ്യപ്രസ്ഥാനങ്ങളെയും ഓരോ കവിയും കവിതയും ഉള്‍ക്കൊള്ളുന്ന ഭാവുകത്വങ്ങളെയും സാധാരണ ജനതയ്ക്കുമുന്നില്‍ പരിചയപ്പെടുത്തുവാനും സാഹിത്യപഠിതാക്കള്‍ക്കപ്പുറമുള്ള വിഭാഗങ്ങള്‍ക്കിടയിലേക്ക് സാഹിത്യചരിത്രത്തെ സംബന്ധിച്ച സാമാന്യധാരണകള്‍ എത്തിക്കുന്നതിനും ഈ സംരംഭത്തിന് സാധിക്കുന്നുണ്ട്.
വായനാസംസ്കാരത്തിലെ വ്യതിയാനം – വിമര്‍ശനാത്മക നോട്ടം
പുസ്തക വായനയും ഇത്തരം വീഡിയോ ആവിഷ്ക്കാരങ്ങളുടെ ആസ്വാദനവും പലവിധത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പുസ്തകവായനയില്‍ അതിമാധ്യമത ആവിഷ്ക്കരിക്കപ്പെടുന്നത് പേജ് മറിക്കുന്ന നിരന്തര പ്രവര്‍ത്തനം വായനയില്‍ കടന്നുവരുമ്പോഴാണ്. എന്നാല്‍ വായന എന്ന പ്രക്രിയ മനുഷ്യമനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ട് ഭാവനയെ ഉണര്‍ത്തുന്നു. വായിക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍ കാണുവാനും ആസ്വദിക്കുവാനും സാധിക്കുന്നു. വായിക്കുന്ന ഓരോ വ്യക്തിയുടെയും ഭാവന പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഒരു കൃതിയുടെ വായനാനുഭവം ഓരോരുത്തര്‍ക്കും വ്യത്യസ്തമാകുന്നു. എന്നാല്‍ ‘കാവ്യം സുഗേയ’ത്തില്‍ കാണുന്ന കാവ്യാവിഷ്ക്കാരങ്ങള്‍ വായനയ്ക്കതീതമായി ശബ്ദം, ദൃശ്യം തുടങ്ങി ബഹുമുഖ അനുഭവമാക്കി കവിതയെ മാറ്റുന്നു. അത് പുസ്തകവായനയേക്കാള്‍ മികച്ച അനുഭവം നല്‍കുന്നു. ഒരേ സമയം കാഴ്ച, കേള്‍വി തുടങ്ങിയ ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിച്ച് ഒരു ബഹുമുഖ അനുഭവമാക്കി കാവ്യസ്വാദനത്തെ പരിവര്‍ത്തിപ്പിക്കുന്നു. എന്നാല്‍ ഇത് ഏകാഗ്രമായ വായന എന്ന സങ്കല്‍പ്പത്തെയും പുസ്തകവായന മുന്നോട്ട് വയ്ക്കുന്ന അമാധ്യമതയെയും തിരുത്തിയെഴുതുന്നു. വായന എന്നത് വായനക്കാരന്‍ സ്വയം കണ്ടെത്തുന്ന അനുഭൂതികളുടെ നിശബ്ദ പ്രോത്സാഹനമാണ്. എന്നാല്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ ഇവിടെ അതിമാധ്യമതയുടെ പ്രകടനരൂപമായി മാറുന്നു. കവി അഥവാ വീഡിയോ ആവിഷ്ക്കരങ്ങളുടെ സ്രഷ്ടാവ് ഓരോ വരികള്‍ക്കും നല്‍കിയിരിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളില്‍ ആസ്വാദകന്റെ മനസ്സ് കുടുങ്ങികിടക്കുന്നു. അതിനപ്പുറമുള്ള വ്യക്തിപരമായ ഭാവനാതലങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെടുന്നു. ഒരേ സമയം ദൃശ്യങ്ങള്‍, ശബ്ദം, ചലനാത്മക പാഠം തുടങ്ങി നിരവധി ഘടകങ്ങളില്‍ ആസ്വാദകന്റെ ശ്രദ്ധ ചിതറിപ്പോകുന്നു. അത് കവിതയെ ആഴത്തില്‍ വിശകലനം ചെയ്യുന്നതിനു പകരം ഉപരിപ്ലവമായ വായനരീതി സ്വീകരിക്കുവാന്‍ ആസ്വാദകനെ പ്രേരിപ്പിക്കുന്നു. വീഡിയോ ആവിഷ്ക്കാരങ്ങള്‍ ഒരേ സമയം പലതിലേക്ക് ആസ്വാദകന്റെ ശ്രദ്ധയാകര്‍ഷിച്ച് ആഴത്തിലുള്ള ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുടെ ‘അറ്റന്‍ഷന്‍ സ്പാന്‍’ (ഒരു കാര്യത്തില്‍ ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ ഏകാഗ്രമായി ശ്രദ്ധിക്കുവാനുള്ള കഴിവ്) കുറയ്ക്കുന്നു. മാത്രവുമല്ല ഒരു കൃതിയ്ക്ക് നേരത്തെ തന്നെ ഒരു ദൃശ്യാവിഷ്ക്കാരം നിര്‍മ്മിച്ച് വയ്ക്കുമ്പോള്‍ വായനയിലൂടെ ഒരു കൃതിയ്ക്ക് കൈവന്നേക്കാവുന്ന നിരവധി വ്യാഖ്യാനങ്ങളെ തടസ്സപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഒരു കൃതിയുടെ രചനയോടെ എഴുത്തുകാരന്‍ മരിക്കുന്നു എന്നും, വായനക്കാരനാണ് ആ കൃതിക്ക് അര്‍ത്ഥങ്ങള്‍ നല്‍കുന്നത് എന്നുമുള്ള ചിന്ത വ്യര്‍ത്ഥമാകുന്നു. ഇവിടെ വീഡിയോകളുടെ സ്രഷ്ടാവ് നിര്‍മ്മിച്ചുവച്ച ദൃശ്യങ്ങളില്‍ വ്യാഖ്യാനങ്ങള്‍ ഒതുങ്ങുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടുകളെയും വ്യാഖ്യാനങ്ങളെയും നിരുത്സാപ്പെടുത്തുകയാണ് ഇത്തരം വീഡിയോകള്‍ ചെയ്യുന്നത്. ഡിജിറ്റല്‍ റീമീഡിയേഷന്‍ പ്രക്രിയ മലയാളത്തിലെ പഴയകാല കവിതകളെ കാലാനുസൃതമായി വീണ്ടെടുക്കുമ്പോള്‍ ഇതുവരെ നിലനിന്നുപോന്ന വായനാസംസ്കാരത്തെ തന്നെ തിരുത്തിയെഴുതുകകൂടിയാണ് ചെയ്യുന്നത്.
ഉപസംഹാരം
രേഖീയ വായനാമാതൃകയായ കവിതാപുസ്തകത്തിന്റെ പുനഃശൈലീകൃതരൂപമാണ് ‘കാവ്യം സുഗേയം’ ബ്ലോഗ്. കാലാനുസൃതമായ സാങ്കേതികവളര്‍ച്ചയെ പ്രയോജനപ്പെടുത്തി ബഹുമാധ്യമതയുടെ സംയോജനത്തിലൂടെയാണ് ‘കാവ്യം സുഗേയം’ ബ്ലോഗില്‍ കവിതകളെ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. ബ്ലോഗറായ കവി ജ്യോതിബായ് പരിയാടത്ത് മലയാളത്തിലെ ക്ലാസ്സിക്ക് കവിതകള്‍ ചൊല്ലുന്നത് പ്രേക്ഷകന്‍ നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പുസ്തകവായനയുടെ മാധ്യമീകൃതസ്വഭാവത്തെ മറികടന്ന് അമാധ്യമതയുടെ യുക്തിയിലൂടെ പ്രേക്ഷകരെ നേരിട്ട് കവിതയിലേക്ക് അടുപ്പിക്കുവാന്‍ ഈ ബ്ലോഗിലെ കാവ്യാവിഷ്ക്കാരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ബ്ലോഗിന്റെ ഇന്റര്‍ഫെയ്സ്, തിരമൊഴിയുടെ സഞ്ചാരപദങ്ങള്‍ തുടങ്ങിയവ അതിമാധ്യമതയിലൂടെ പുസ്തകത്തിലെ ലിഖിതാവിഷ്ക്കാരങ്ങളെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ബ്ലോഗിന് നല്‍കുകയും കാലാനുസൃതമായി വായനാസംസ്കാരത്തെ പരിഷ്ക്കരിക്കുകയും ചെയ്യുന്നു. വീഡിയോ, ഓഡിയോ, കൈനെറ്റിക് ടെക്സ്റ്റ്, ആനിമേഷന്‍ തുടങ്ങിയ ബഹുമാധ്യമ സന്നിവേശത്തിലൂടെയും ട്രാന്‍സിഷനുകള്‍ ഇണക്കിചേര്‍ത്ത എഡിറ്റിംഗ് തന്ത്രങ്ങളിലൂടെയും അതിമാധ്യമ പ്രതിഫലനത്തിലൂടെ കാവ്യാവിഷ്ക്കാരങ്ങളെ കാലാനുസൃതമായി വീണ്ടെടുക്കുവാനും ബ്ലോഗിലെ കവിതകള്‍ക്ക് സാധിക്കുന്നുണ്ട്.
പുസ്തകം മറിക്കുന്ന ട്രാന്‍സിഷനുകളുടെ പ്രയോഗമാകട്ടെ പുനഃശൈലീവാത്ക്കരണത്തിലൂടെയുള്ള ഒരു ‘നൊസ്റ്റാള്‍ജിയ’ രൂപീകരണമായും മനസിലാക്കുവാന്‍ സാധിക്കും. കാവ്യാര്‍ത്ഥങ്ങളുടെ ധ്വനിവ്യാപ്തിയെ വര്‍ദ്ധിപ്പിക്കുന്നതിനും കാവ്യാര്‍ത്ഥത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളോട് ചേര്‍ത്തുവച്ച് മനസിലാക്കുന്നതിനുമെല്ലാം അതിമാധ്യമതാസന്നിവേശം ഉപയോഗിക്കപ്പെടുന്നത് വായനയെക്കാള്‍ മികച്ച ആശയപരിസരങ്ങള്‍ പുനഃമാധ്യമീകൃതരൂപത്തില്‍ കവിതകള്‍ക്ക് സ്വായത്തമാകുന്നുണ്ട്. മാത്രവുമല്ല കവിതകളെ അനുഭവവേധ്യമാക്കുവാന്‍ ബഹുമാധ്യമസന്നിവേശംകൊണ്ട് സാധിക്കുന്നത് സാങ്കേതിക പുരോഗതിക്കനുസരിച്ച് കാലാനുസൃതമായി വായനാസമ്പ്രദായത്തിന് കൈവന്നിട്ടുള്ള പരിണാമപ്രതിഫലനമാണ്.
‘കാവ്യം സുഗേയം’ എന്ന ബ്ലോഗ് ഒരു ഓപ്പണ്‍ ആക്സസ് ഡിജിറ്റല്‍ ആര്‍ക്കൈവായി മാറിക്കൊണ്ട് മലയാളസാഹിത്യത്തിലെ പ്രാചീന–മധ്യകാല–ആധുനിക–ഉത്തരാധുനിക ഘട്ടങ്ങളിലെ മലയാളകവിതാസാഹിത്യത്തിന്റെ പ്രതിനിധീകൃത മാതൃകകളെ സാങ്കേതിക പുനരാവിഷ്ക്കരണത്തിലൂടെ കാലാനുസൃതമായി വീണ്ടെടുക്കുകയും ഭാവിയിലേക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. കവി, കവിത, പ്രസ്ഥാനം തുടങ്ങിയവയെ സംബന്ധിച്ച വിവരണങ്ങള്‍ നല്‍കിയിരിക്കുന്നത് ഒരു ഡിജിറ്റല്‍ രൂപത്തിലുള്ള കവിതാശേഖരം എന്നതില്‍ കവിഞ്ഞ് ഒരു വിജ്ഞാനകോശ സ്വഭാവവും ഈ ബ്ലോഗിന് നല്‍കുന്നു. പുനഃശൈലീകരണത്തിലൂടെയുള്ള ഈ ഡിജിറ്റല്‍ ആര്‍ക്കൈവിങ്ങ് പദ്ധതി കവിതകളുടെ കാലാനുസൃതമായ പുനരുജ്ജീവനത്തിലൂടെ പുതുതലമുറയെയും മലയാളസാഹിത്യത്തിലേക്ക് അടുപ്പിക്കുന്നു. ഈ സംരംഭം മലയാളസാഹിത്യത്തിലെ ചൊല്‍ക്കവിതാപാരമ്പര്യത്തെ സാങ്കേതികതയിലൂടെ തിരിച്ചുപിടിക്കുന്നു. ഇത് ‘കാവ്യം സുഗേയം’ എന്ന ബ്ലോഗിനെ പഴയവാമൊഴി സംസ്കാരത്തിന്റെ ഡിജിറ്റല്‍ രൂപമായി പരിവര്‍ത്തിപ്പിക്കുന്നു. മാത്രവുമല്ല ഈ ഡിജിറ്റലൈസേഷന്‍ പ്രക്രിയ മലയാളസാഹിത്യത്തെ ജനാധിപത്യവത്ക്കരിക്കുവാനും സഹായകമായിട്ടുണ്ട്. കൃതികളെ വര്‍ത്തമാനകാലത്തോട് ചേര്‍ത്തുവച്ചുകൊണ്ട് പുനഃശൈലീകരിക്കുമ്പോള്‍ കവിതകള്‍ക്ക് സമകാലിക സാമൂഹികാര്‍ത്ഥപരിസരങ്ങൾ കൈവരികയും കവിതയുടെ അര്‍ത്ഥവ്യാപ്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഭാഷയ്ക്കതീതമായ ബഹുമാധ്യമപ്രകാശനങ്ങളുടെ സാമൂഹ്യമാധ്യമപ്രസിദ്ധീകരണരൂപമായ ഈ ബ്ലോഗ് മലയാളകവിതാസാഹിത്യത്തെ ആഗോളസ്വീകാര്യതയിലേക്ക് ഉയര്‍ത്തുവാനും അവസരമൊരുക്കുന്നു.
മലയാളസാഹിത്യകൃതികളെയും സാഹിത്യചരിത്രവിവരണങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് കാലത്തോട് സംവദിക്കുന്നവിധത്തിലുള്ള ഇത്തരമൊരു പുനഃശൈലീകൃത ഡിജിറ്റല്‍ ആര്‍ക്കൈവിങ്ങ് പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുകയും മലയാളസാഹിത്യചരിത്രത്തെ കാലാനുസൃതമായി വീണ്ടെടുത്ത് അവയുടെ വായനയിലേക്ക് വര്‍ത്തമാനകാല തലമുറയുടെ ശ്രദ്ധയാകര്‍ഷിക്കുകയും സാഹിത്യകൃതികളെ ഭാവിയിലേക്ക് കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നതോടൊപ്പം അതിന്റെ ഒരു പ്രായോഗികമാതൃക മുന്നോട്ടുവയ്ക്കുകയും കൂടി ചെയ്യുന്ന സംരഭമാണ് ‘കാവ്യം സുഗേയം’ ബ്ലോഗ് എന്ന് മനസിലാക്കാം.
കാവ്യാവിഷ്ക്കാരങ്ങളിലെ ബഹുമാധ്യമ സന്നിവേശം വായനാസംസ്കാരത്തില്‍ തന്നെ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നിരവധി ഗുണങ്ങളോടൊപ്പം ദോഷങ്ങളും ഇത്തരം ആവിഷ്ക്കരരീതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഭാവനാപരിസരങ്ങളെ പരിമിതപ്പെടുത്തുവാനും വ്യത്യസ്തവ്യാഖ്യാനങ്ങളെ നിരുത്സാഹപ്പെടുത്തുവാനും ഇത്തരം ദൃശ്യാവിഷ്ക്കാരങ്ങള്‍ കാരണമാകുന്നുണ്ട്. ആഴത്തിലുള്ള വായനയെ പരിമിതപ്പെടുത്തി ഉപരിപ്ലവമായ വായനാസംസ്കാരത്തെ മുന്നോട്ടുവച്ച് വ്യക്തികളുടെ ശ്രദ്ധാകേന്ദ്രീകരണ സമയപരിധി കുറയ്ക്കുവാനും കാരണമാകുന്നുണ്ട്. വായനാസംസ്കാരത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത്തരം ദോഷകരമായ വ്യതിയാനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടും അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ടും ഇത്തരം പുനഃമാധ്യമീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.
കുറിപ്പുകള്‍
1. Bolter and Grusin, p.45: “The representation of one medium in another is remediation”
2. Bolter and Grusin, p.6: “The logic of immediacy dictates that the medium itself should disappear and leave us in the presence of the thing represented”
3. Bolter and Grusin.p.33: “Hypermediacy expresses itself as multiplicity”
4. Bolter and Grusin, p.33: “Repurposing: To take a ‘property’ from one medium and reuse it in another”
ഗ്രന്ഥസൂചി
ആലീസ്, മിനി. കവിതയുടെ രസമാപിനികള്‍. സൈകതം ബുക്സ് ,2024.
പാലക്കുടി, മനോജ് ജെ. മലയാള സൈബർ സാഹിത്യം. ഗ്രീൻ ബുക്സ്, 2018.
മാനുവൽ, ജോസ് കെ., എഡിറ്റർ. നവമാധ്യമങ്ങൾ: ഭാഷ സാഹിത്യം സംസ്കാരം. ആത്മ ബുക്സ്, 2022.
മാനുവൽ, ജോസ് കെ., സൈബർ ആധുനികത @ മലയാളം. ആത്മ ബുക്സ്, 2023.
ഷെല്ലി, എം. ആർ., എ. എസ്. പ്രതീഷ്. നവമാധ്യമങ്ങൾ: സാഹിത്യം സംസ്കാരം രാഷ്ട്രീയം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019.
Bolter, Jay David, and Richard Grusin. Remediation: Understanding New Media. MIT Press, 2000.
വെബ്‌സൈറ്റുകള്‍
പരിയടത്ത്, ജ്യോതിഭായ്. “കാവ്യം സുഗേയം“. ഗൂഗിൾ സൈറ്റ്, https://kavyamsugeyam.blogspot.com/?m=1 . സന്ദർശിച്ച തീയതി: 12 ഫെബ്രുവരി 2026.
“ആലപ്പുഴ വെള്ളം | Alappuzhavellam | Anitha Thampi”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 20 ഡിസംബർ 2021, https://youtu.be/6qnc1O_JmMU?si=yE2XT8bVuRrAkZ3m.
“Bhoothakkannaadi | ഭൂതക്കണ്ണാടി | Ulloor S. Parameswara Iyer”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 3 ഫെബ്രുവരി 2014, https://youtu.be/iREhgEwPDUo?si=QgnY4FGAdA6umaAV.
“ഭൂമിക്ക് ഒരു ചരമഗീതം | Bhoomikku Oru Charamageetham | O.N.V. Kurupp”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 18 മാര്‍ച്ച് 2013, https://youtu.be/9vT3lLKJEqU?si=v9ZgVWBVQsSclZWm
“Day 16 | Gajendramoksham | ഗജേന്ദ്രമോക്ഷം | Sugathakumari”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 8 ഏപ്രിൽ 2020, https://youtu.be/vWpAxitjM48?si=Iuz-QBJAz0Q5Hw1Y
“ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര | Garisappa Aruvi Allenkil Oru Vanayathra | Kumaran Asan”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 6 സെപ്റ്റംബർ 2022, https://youtu.be/-FAzfrzu86E?si=gn98CLCncU-QHW0_.
“Karuna | കരുണ | Kumaran Asan”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 23 ജൂൺ 2012, https://youtu.be/7oEoLw4OyF0?si=59j71iu2z1FoLFM8.
“Karutha Chettichikal | കറുത്ത ചെട്ടിച്ചികൾ | Edasseri Govindan Nair”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 5 ഒക്ടോബർ 2023, https://share.google/KJhZGPJc8p7yG0hYy
“Krishnagadha | Cherusseri”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 26 ജൂൺ 2014, https://youtu.be/poLorp3ly9g?si=o0My7rGCaC-32szp.
“നർത്തകി | Narthaki | Vyloppilli Sreedhara Menon”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 19 ജൂലൈ 2025, https://youtu.be/WuiE65kx6ak?si=eaSjUpKj2QeXSSGc.
“Vellappokkam | വെള്ളപ്പൊക്കം | N. V. Krishna Warrier”. YouTube, uploaded by Jyothibai Pariyadath കാവ്യം സുഗേയം, 6 ജൂൺ 2014, https://youtu.be/3qB3PaPBMf0?si=A-GcSyoVa5Np4PeI.
ആർദ്ര പി. ആർ.
ഗവേഷക
മലയാള വിഭാഗം
യൂണിയൻ ക്രിസ്ത്യൻ കോളേജ്
ആലുവ
Email: aadhuaardra@gmail.com
Mob: 9895488679
Copyright © 2026 | WordPress Theme by MH Themes
