മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JANUARY-MARCH | VOLUME 02 | ISSUE 01
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
എഡിറ്റോറിയൽ
Published on January 01, 2026
Time: 10:00 AM IST
വായനയുടെ വേഗം കൂടിയെങ്കിലും പലപ്പോഴും ചിന്തയുടെ ആഴം കുറയുന്ന, സ്ക്രീനുകളുടെ പ്രകാശത്തിൽ പേജുകളുടെ ശാന്തത മങ്ങിപ്പോകുന്ന കാലത്ത് മലയാളം റിസർച്ച് കീ ജേണൽ പുനർവായനകളുടെ വാതായനങ്ങൾ വായനക്കാര്‍ക്കുമുന്നില്‍ തുറക്കുകയാണ്. ഇവിടെ സാഹിത്യം ഒരു വിഷയമല്ല, മറിച്ച് ഒരനുഭവമാണ്. വാക്കുകൾ അർത്ഥത്തിൽ ഒതുങ്ങാതെ അനുഭവങ്ങളാകുന്നിടത്ത് പുതിയ ചിന്തകൾ ജന്മമെടുക്കുന്നു. ഇവിടെ വായന ഒരു ശീലം മാത്രമല്ല, ഒരു അന്വേഷണമാണ്; ഗവേഷണം ഒരു രീതി മാത്രമല്ല, ഒരു സൃഷ്ടിപ്രവർത്തനമാണ്. ഈ ലക്കം മലയാളം റിസർച്ച് കീ ജേണൽ സാഹിത്യത്തെ അതിന്റെ അതിർത്തിക്കുള്ളിൽ ഒതുക്കുന്നില്ല. അതിരുകൾ മായുന്നിടത്ത് അത് സിനിമയോട് കൈകോർക്കും, സംസ്കാരവുമായി വാദിക്കും, ചരിത്രത്തോട് കലഹിക്കും, ഭാഷാശാസ്ത്രത്തോട് ചെറിയൊരു ചിരിയകലം പാലിക്കും.
വ്യത്യസ്തമായ പന്ത്രണ്ട് ശബ്ദങ്ങൾ. ഓരോ ലേഖനവും ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു. ചിലത് സമ്മതിക്കുന്നു, ചിലത് ചോദ്യം ചെയ്യുന്നു, ചിലത് പൂർണ്ണമായും വൈരുദ്ധ്യാത്മകമാവുന്നു. ഈ കൂടിച്ചേരലാണ് മലയാളം റിസർച്ച് കീ ജേണലിന്റെ അറിവഴക്. ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓരോ ലേഖനവും ഒരു ‘ഉത്തരം’മല്ല ഒരു ‘ചോദ്യക്കുറി’കൂടിയാണ്. നിങ്ങൾ വായിക്കുമ്പോൾ, ചിലപ്പോൾ സംശയിക്കാം. ചിലപ്പോൾ സമ്മതിക്കാം. അല്ലെങ്കിൽ ആശയക്കുഴപ്പത്തിലാവാം. കാരണം ഏതെങ്കിലുമൊരു സത്യത്തെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമമല്ല, പല സത്യങ്ങൾ തമ്മിലുള്ള വാഗ്വാദമാണ് ഇവിടെ നടക്കുന്നത്. വാക്കുകൾക്ക് ജീവൻ ഉള്ളിടത്ത് ഒരു വാക്കിന് എന്ത് ചെയ്യാൻ കഴിയും? അതൊരു ഹൃദയം തകർക്കാം. ഒരു സമൂഹത്തെ ചോദ്യം ചെയ്യാം. ഒരു കാലഘട്ടത്തെ രേഖപ്പെടുത്താം. ചിലപ്പോൾ ഒരു വിപ്ലവത്തിനു പോലും തുടക്കമിട്ടേക്കാം.
അവസാനമായി, ഈ എഡിറ്റോറിയൽ ഒരു ക്ഷണം മാത്രമാണ്. വായിക്കാൻ, ചിന്തിക്കാൻ, സംശയിക്കാൻ. മലയാളം റിസർച്ച് കീ ജേണലിന്റെ രണ്ടാം ലക്കം അക്കാദമിക് അന്വേഷകരുടെ തുടർവായനക്കായി സമർപ്പിക്കുന്നു.
» മലയാളം റിസേര്‍ച്ച് കീ ടീം
Copyright © 2026 | WordPress Theme by MH Themes
