മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2025 OCTOBER-DECEMBER | VOLUME 01 | ISSUE 01
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
എഡിറ്റോറിയൽ
Published on October 01, 2025
Time: 10:00 AM IST
ഭൂതകാലസ്മരണകളും ഭാവിയുടെ പ്രതീക്ഷകളും ചേര്‍ത്ത് നിര്‍മ്മിച്ചെടുക്കുന്ന സജീവമായൊരു വര്‍ത്തമാനമാണ് സാഹിത്യാദി കലകൾ. കേവലം ‘കലാപരമായൊരു അനുഭവ’മെന്നതിനേക്കാളുപരി സമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാരബന്ധങ്ങള്‍, പ്രതിരോധങ്ങള്‍, പുനര്നിര്വചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്രഭാഷണങ്ങള്, സാംസ്കാരിക അടയാളങ്ങള്‍ എന്നിവയുമായി നിരന്തര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാവുന്നു അവ. അതില്‍ത്തന്നെ എഴുത്തും വായനയും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളെയും ഭാഷയും ആശയവും കടന്നുപോവുന്ന സങ്കീര്‍ണമായ സാമൂഹിക-രാഷ്ട്രീയ സഞ്ചാരപാതകളെയും സൂക്ഷ്മവിശകലനങ്ങള്‍ക്കു വിധേയമാക്കുന്ന സാഹിത്യാദികലാവിമര്ശനം, അക്കാദമിക-അനക്കാദമിക ചുറ്റുപാടുകളില്‍ സാഹിത്യത്തെയും ഇതരകലകളെയും അതിന്റെ സൃഷ്ടിപരവും ഗവേഷണാത്മകവുമായ സാധ്യതകള്‍ കെട്ടുപോവാതെ പരിപാലിക്കുകയും ചെയ്യുന്ന ഒന്നായിത്തീരുന്നു. സാഹിത്യ, കലാസംബന്ധിയായ ഏതൊരു പഠനവും കഴിഞ്ഞ കാലത്തില്‍ ഉയര്‍ന്നു കേട്ടതും നിശബ്ദമാക്കപ്പെട്ടതുമായ എല്ലാത്തരം ശബ്ദങ്ങളെയും അനാവരണം ചെയ്യുന്നതിനോടൊപ്പം വരാനിരിക്കുന്ന ഭാവിയുടെ സാധ്യതകളെ തുറന്നുകാട്ടുന്നതുമായിരിക്കേണ്ടതുണ്ട്. അത്തരമൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളം റിസേര്‍ച്ച് കീ എന്ന ഈ നവഗവേഷണ ജേര്‍ണൽ ജനിക്കുന്നത്.
സാഹിത്യത്തെയും കലകളെയും കേവലം കഥനമോ ആവിഷ്കാരമോ ആയി മാത്രം മനസ്സിലാക്കാതെ, സമൂഹത്തിന്റെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ കാലാവസ്ഥകളോട് നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണമായൊരു ആശയസഞ്ചാരമാണ് അവയെന്ന് തിരിച്ചറിയുക എന്ന വിമര്‍ശനാത്മക ഉത്തരവാദിത്തംകൂടി ഇതിലൂടെ സാധ്യമാക്കപ്പെടുന്നു. സാഹിത്യാദികലാവിമര്ശനത്തിന്റെ പുതിയ സിദ്ധാന്തങ്ങള്‍, പോസ്റ്റ് കൊളോണിയല്‍ സമീപനങ്ങള്‍, പാരിസ്ഥിതിക – ദളിത് – സ്ത്രീവാദ വിമര്‍ശനങ്ങളിലെ നവീന വഴിത്തിരിവുകള്‍, ലോകമൊരൊറ്റ വ്യാവസായിക മാര്‍ക്കെറ്റെന്ന ആഗോളവത്ക്കരണ സാധ്യതയുടെ മാറുന്ന ചൂഷണോപാധികള്‍, ക്വീര്‍ സിദ്ധാന്തത്തിന്റെ പുതുകാല വ്യാഖ്യാന സാധ്യതകള്‍, സംസ്കാരപഠനത്തിന്റെ പുതുകാലവ്യാപ്തികള്, പാഠം, സ്വത്വം, ലിംഗം, വര്‍ഗം, രാഷ്ട്രീയം തുടങ്ങിയവയുടെ അതിരുകളെ സംബന്ധിച്ചുള്ള നവീന നിര്‍വചനങ്ങൾ എന്നിങ്ങനെ സാഹിത്യാദികലാവര്ത്തമാനങ്ങള്ക്കു സാധ്യമായതെന്തിനേയും സംബന്ധിച്ചുള്ള തുറന്നചര്ച്ചയ്ക്കുള്ള ഇടമെന്ന നിലയിലാണ് മലയാളം റിസേര്‍ച്ച് കീ എന്ന ജേര്‍ണല്‍ പുറത്തിറങ്ങുന്നത്. എല്ലാ അര്‍ത്ഥത്തിലും ‘സ്വയംപര്യാപ്തമായ’ ഒന്ന് എന്ന നിലയില്‍ അടഞ്ഞൊരു വ്യവസ്ഥയായിട്ടല്ലാതെ സാമൂഹികമായും രാഷ്ട്രീയമായും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക സാഹചര്യങ്ങളില്‍, സാഹിത്യവും കലയും എങ്ങനെ പെരുമാറപ്പെടുന്നുയെന്ന ചിന്തയെ മുന്‍നിര്‍ത്തി ഒരു വിമർശനാത്മക സംവാദത്തിനുള്ള സാധ്യതയാണ് ജേര്‍ണലിലൂടെ മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.
ഗവേഷകരും അധ്യാപകരും അവരുടെ സൈദ്ധാന്തികവും വിമര്‍ശനാത്മകവുമായ സാഹിത്യകലാവര്ത്തമാനങ്ങളെ പങ്കുവയ്ക്കാനും സാഹിത്യത്തിന്റെയും കലകളുടെയും ദൃശ്യാതീതമായ പലതലങ്ങളെയും അനാവരണം ചെയ്യുന്നതിനും ഈ വേദി പ്രയോജനപ്പെടുത്തുമെന്നും അതിലൂടെ സാഹിത്യാദികലാരൂപങ്ങളുടെ ഭാവിയെ കൂടുതല്‍ വിശാലവും വൈവിധ്യമാര്‍ന്നതുമായ വഴികളിലേക്ക് നയിക്കുകയും വിമര്ശനപഠനത്തിന് പുതിയ അളവുകോലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സാഹിത്യവും കലയും വിമര്ശനപഠനവും ചേര്‍ന്നു നിര്‍മ്മിക്കുന്ന നവീനമായ ജ്ഞാനോല്പാദനഭൂമിക സമൂഹത്തിന്റെ വിമര്‍ശനാത്മക ബോധത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
» മലയാളം റിസേര്‍ച്ച് കീ ടീം
Copyright © 2026 | WordPress Theme by MH Themes
