മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» അശ്വതി ജി. എസ്.
ID: MRK0048
Published on July 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ചരിത്രവും സാഹിത്യവും തമ്മിലുള്ള പരസ്പരബന്ധത്തെ മുൻനിർത്തി, ചരിത്രനാടകത്തിലെ കഥാപാത്രപുനർനിർമ്മിതിയുടെ സ്വഭാവവും രാഷ്ട്രീയ–സാമൂഹിക അർത്ഥതലങ്ങളും അന്വേഷിക്കുന്ന പഠനമാണ് “ചരിത്രകഥാപാത്രങ്ങളുടെ പുനരെഴുത്ത്: പിരപ്പൻകോട് മുരളിയുടെ ‘പഴശ്ശിരാജ’ നാടകത്തെ ആസ്പദമാക്കിയുള്ള പഠനം.” ചരിത്രം രേഖപ്പെടുത്തുന്ന വ്യക്തിയെയും സാഹിത്യം പുനഃസൃഷ്ടിക്കുന്ന കഥാപാത്രത്തെയും ഒരേ സത്തയായി പരിഗണിക്കാനാവില്ലെന്ന നിരീക്ഷണത്തിൽ നിന്നാണ് പഠനം ആരംഭിക്കുന്നത്. ചരിത്രവസ്തുതകളുടെ ആധികാരികതയും നാടകീയഭാവനയുടെ സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷസമന്വയങ്ങളിലൂടെ ചരിത്രവ്യക്തിത്വം എങ്ങനെ പുതിയ അർത്ഥതലങ്ങൾ കൈവരിക്കുന്നു എന്നതാണ് പഠനത്തിന്റെ കേന്ദ്രലക്ഷ്യം. മലയാളത്തിലെ ചരിത്രനാടകപാരമ്പര്യവും കഥാപാത്രനിർമ്മിതിയുടെ സവിശേഷതകളും പരിശോധിച്ചുകൊണ്ട്, പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജ നാടകത്തിൽ കേരളവർമ്മ പഴശ്ശിരാജ എങ്ങനെ കേവലമായൊരു വീരചരിത്രപുരുഷനിൽനിന്ന് അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകവും സങ്കീർണ്ണമായ മാനുഷികവ്യക്തിത്വവുമാക്കി പുനർനിർമ്മിക്കപ്പെടുന്നു എന്നത് പഠനം വിശകലനം ചെയ്യുന്നു. പഴശ്ശിരാജയുടെ രാഷ്ട്രീയബോധം, പ്രതിരോധചേതന, കർഷകരുമായും വിവിധ സാമൂഹികവിഭാഗങ്ങളുമായുള്ള ബന്ധം, സഹകഥാപാത്രങ്ങളുടെ ഇടപെടൽ, മതനിരപേക്ഷത, സാംസ്കാരികഉദാരത തുടങ്ങിയ ഘടകങ്ങൾ കഥാപാത്രത്തിന്റെ ബഹുമുഖത നിർണയിക്കുന്നതായി പഠനം നിരീക്ഷിക്കുന്നു. അതോടൊപ്പം ചരിത്രനാടകത്തിലെ കഥാപാത്രം ഒരു വ്യക്തിയുടെ ജീവചരിത്രപരമായ പ്രതിനിധാനം മാത്രമല്ലെന്നും ഒരു കാലഘട്ടത്തിന്റെ സാമൂഹിക–രാഷ്ട്രീയ സംഘർഷങ്ങളുടെയും സാംസ്കാരിക സ്മൃതിയുടെയും പ്രതിനിധാനമായി പ്രവർത്തിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ചരിത്രരേഖകളിലെ വിടവുകൾ നാടകീയ ഭാവനയിലൂടെ പൂരിപ്പിക്കപ്പെടുമ്പോൾ ചരിത്രപുരുഷൻ കൂടുതൽ മാനുഷികവും സമകാലികവുമായ അർത്ഥതലങ്ങൾ കൈവരിക്കുന്നു; അതുവഴി പഴശ്ശിരാജയുടെ കഥാപാത്രപുനർനിർമ്മിതി ഭൂതകാലത്തിന്റെ പുനരാവിഷ്കാരത്തിൽ ഒതുങ്ങാതെ സ്വാതന്ത്ര്യം, അധിനിവേശം, അധികാരം, ദേശബോധം, സാമൂഹികനീതി, പ്രതിരോധം തുടങ്ങിയ സമകാലിക ചോദ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഈ നിലയിൽ പഴശ്ശിരാജ ചരിത്രത്തെ പകർത്തുന്ന നാടകമെന്നതിലുപരി ചരിത്രത്തെ പുനർവായിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന സൃഷ്ടിപരമായ ഇടപെടലാണെന്ന് പഠനം മുന്നോട്ടുവയ്ക്കുന്നു.
താക്കോൽവാക്കുകൾ
ചരിത്രനാടകം, ചരിത്രനായകൻ, കഥാപാത്രപുനർനിർമ്മിതി, മതനിരപേക്ഷത
ആമുഖം
ചരിത്രവും സാഹിത്യവും തമ്മിലുള്ള ബന്ധം സങ്കീർണവും ബഹുമുഖവുമാണ്. ചരിത്രം ഭൂതകാല സംഭവങ്ങളെയും വ്യക്തികളെയും സാമൂഹികപരിവർത്തനങ്ങളെയും രേഖപ്പെടുത്തുമ്പോൾ സാഹിത്യം അവയ്ക്ക് കലാപരമായ പുനർവായനയും അർത്ഥവത്കരണവും നൽകുന്നു. സാഹിത്യത്തിൽ ചരിത്രം ഭൂതകാലസംഭവങ്ങളുടെ പുനരാവിഷ്കാരം മാത്രമല്ല എഴുത്തുകാരന്റെ കലാബോധവും സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളും സാംസ്കാരിക ബോധവും ഭാവനയിലൂടെ ഇടപെടുന്നു. ഈ സവിശേഷത പ്രകടമായി കാണാവുന്ന സാഹിത്യരൂപമാണ് ചരിത്രനാടകം.
ചരിത്രനാടകത്തിലെ ഏറ്റവും സങ്കീർണ ഘടകമാണ് കഥാപാത്രനിർമ്മിതി. ചരിത്രവ്യക്തിയെ നാടകകൃത്ത് ഒരു കഥാപാത്രമായി പുന:സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരേസമയം ചരിത്രപുരുഷനും നാടകകഥാപാത്രവുമായി രൂപാന്തരം പ്രാപിക്കുന്നു. ഈ ദ്വന്ദ്വ അസ്ഥിത്വത്തിന് ഇടയിലാണ് കഥാപാത്രപുനർനിർമ്മിതിയുടെ സർഗാത്മകത നിലകൊള്ളുന്നത്. പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജ നാടകം ഈ പശ്ചാത്തലത്തിൽ പഠനസാധ്യത നൽകുന്നു. കേരളവർമ്മ പഴശ്ശിരാജയുടെ ജീവിതവും പോരാട്ടവീര്യവും മലയാളസാഹിത്യത്തിൽ ഇതിനുമുൻപും പലതവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പിരപ്പൻകോട് മുരളി പഴശ്ശിരാജയെ ഒരു വീരപുരുഷൻ എന്ന ഏകമാനമായ പ്രതിച്ഛായയിൽ ഒതുക്കി നിർത്തുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പഠനം പഴശ്ശിരാജയിലെ കഥാപാത്രപുനർനിർമ്മിതിയെ പരിശോധിക്കുന്നു.
പഴശ്ശിരാജ എന്ന ചരിത്രപുരുഷൻ എങ്ങനെ നാടകത്തിൽ പ്രതിരോധത്തിന്റെ പ്രതീകമാകുന്നു, പഴശ്ശിരാജയുടെ വ്യക്തിത്വത്തിലെ വിവിധതലങ്ങൾ എങ്ങനെ സമന്വയിക്കുന്നു, കർഷകരും മറ്റു സാമൂഹിക വിഭാഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധം എങ്ങനെ നാടകകഥാപാത്രത്തെ നിർവചിക്കുന്നു, സഹകഥാപാത്രങ്ങൾ കേന്ദ്ര കഥാപാത്രത്തിന്റെ രാഷ്ട്രീയ മാനുഷികവ്യക്തിത്വത്തെ എങ്ങനെ വികസിപ്പിക്കുന്നു, മതനിരപേക്ഷതയും സാംസ്കാരിക ഉദാരതയും കഥാപാത്രനിർമ്മിതിയുടെ ഭാഗമാകുന്നത് എങ്ങനെ എന്നിവയാണ് ഈ പഠനത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.
ചരിത്രനാടകം : മലയാളസാഹിത്യത്തിൽ
ഒരു പ്രത്യേക കാലഘട്ടത്തിൽ നടന്ന ചരിത്രസംഭവങ്ങളെയോ ആ കാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രവ്യക്തിത്വങ്ങളെയോ നാടകീയമായി ആവിഷ്കരിക്കുന്ന സാഹിത്യരൂപമാണ് ചരിത്രനാടകം. ചരിത്രത്തെ പശ്ചാത്തലമായി സ്വീകരിക്കുമ്പോൾ, യഥാർത്ഥ സംഭവങ്ങളും കഥാപാത്രങ്ങളും അതേപടി പകർത്തിവയ്ക്കുക എന്നതല്ല നാടകകൃത്തിന്റെ ലക്ഷ്യം. ചരിത്രരേഖകളിൽ നിന്ന് ലഭിക്കുന്ന വസ്തുതകളെ ഭാവനയുടെയും കലാസങ്കല്പത്തിന്റെയും സഹായത്തോടെ പുനഃസംവിധാനം ചെയ്ത്, പ്രേക്ഷകന് അനുഭവിക്കാൻ കഴിയുന്ന ഒരു നാടകീയ ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചരിത്രനാടകം ചരിത്രവും ഭാവനയും തമ്മിലുള്ള ഒരു സൃഷ്ടിപരമായ സംവാദമായി കാണാം.
ഒരു പൂർവകാലഘട്ടത്തെ ആസ്പദമാക്കി നാടകം രചിക്കുകയും അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് നിരവധി വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തനമാണ്. ചരിത്രപരമായ വസ്തുതകളോട് നീതി പുലർത്തുന്നതിനൊപ്പം നാടകീയമായ സംഘർഷവും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും സംഭാഷണങ്ങളുടെ സ്വാഭാവികതയും നിലനിർത്തേണ്ടതുണ്ട്. ചരിത്രത്തിന്റെ കൃത്യത മാത്രം പിന്തുടർന്നാൽ നാടകം ഒരു ചരിത്രവിവരണമായി ചുരുങ്ങാനുള്ള സാധ്യതയുണ്ട്. മറുവശത്ത്, ഭാവനയ്ക്ക് അമിതപ്രാധാന്യം നൽകിയാൽ ചരിത്രത്തിന്റെ അടിസ്ഥാനസ്വഭാവം നഷ്ടപ്പെടാനും സാധ്യതയേറും. ഇവിടെ രണ്ടിനുമിടയിൽ സൂക്ഷ്മമായൊരു സന്തുലനം കണ്ടെത്തുന്നതാണ് ചരിത്രനാടകത്തിന്റെ കലാപരമായ സവിശേഷത.
മലയാളനാടകസാഹിത്യത്തിൽ ചരിത്രബോധം ശക്തിപ്പെടുന്നതിന് സി.വി.രാമൻപിള്ളയുടെ ചരിത്രനോവലുകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ എന്നീ കൃതികൾ കേരളത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തെ ജനകീയമായ ആഖ്യാനരീതിയിൽ അവതരിപ്പിച്ചവയാണ്. ഇവയുടെ സ്വാധീനം മലയാളത്തിന്റെ ചരിത്രബോധത്തിലും പിന്നീട് രൂപപ്പെട്ട ചരിത്രനാടകങ്ങളുടെ ഭാവനാലോകത്തിലും പ്രകടമാണ്. ചരിത്രത്തെ വെറും ഭൂതകാലത്തിന്റെ ഓർമ്മയായി കാണാതെ, കഥാപാത്രങ്ങളുടെയും സംഘർഷങ്ങളുടെയും സാമൂഹികബന്ധങ്ങളുടെയും ഭാഗമായി അവതരിപ്പിക്കാനുള്ള സാധ്യത ഇത്തരം കൃതികൾ തുറന്നുകൊടുത്തു.
മലയാളനാടകസാഹിത്യത്തിൽ ചരിത്രനാടകത്തിന് വ്യക്തമായ രൂപം നൽകിയതിൽ ഇ.വി.കൃഷ്ണപിള്ളയുടെ സംഭാവന ശ്രദ്ധേയമാണ്. സീതാലക്ഷ്മി, ഇരവിക്കുട്ടിപ്പിള്ള, രാജാകേശവദാസൻ തുടങ്ങിയ ഇ.വി.കൃഷ്ണപിള്ളയുടെ ചരിത്രനാടകങ്ങൾ മലയാള നാടകവേദിയിൽ ചരിത്രവിഷയങ്ങൾക്ക് പുതിയൊരു ഗൗരവാന്തരീക്ഷം സൃഷ്ടിച്ചു. ചരിത്രസംഭവങ്ങളെ വെറും വിവരണാത്മകമായി അവതരിപ്പിക്കുന്നതിനുപകരം, മനുഷ്യരുടെ ആഗ്രഹങ്ങളും അധികാരബന്ധങ്ങളും സ്നേഹവും സംഘർഷവും ത്യാഗവും ദുരന്തവും ഉൾച്ചേർത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം നാടകങ്ങളിൽ കാണുന്നത്. പരമേശ്വരൻ പിള്ളയുടെ അഭിപ്രായത്തിൽ ഇ.വി.കൃഷ്ണപിള്ളയുടെ ചരിത്രനാടകങ്ങൾ മലയാള നാടകവേദിയെ ഗൗരവതരമായ അന്തരീക്ഷത്തിലേക്ക് നയിച്ചു എന്ന വിലയിരുത്തൽ ഈ വികാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
തുടർന്ന് കൈനിക്കര പത്മനാഭപിള്ളയുടെ കാൽവരിയിലെ കൽപ്പപാദപം, വേലുത്തമ്പി ദളവ, സ്വാതിതിരുനാൾ, അപ്പൻ തമ്പുരാന്റെ മുന്നാട്ടുവീരൻ, മാനവിക്രമവിജയം, കപ്പന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ, പഴശ്ശിരാജ, ഡോ. ചേലനാട്ട് അച്യുതമേനോന്റെ തച്ചോളിച്ചന്തു, ജഗതി എൻ. കെ. ആചാരിയുടെ രാജാ ബിംബിസാരൻ, ഉമ്മിണിത്തങ്ക, പാട്ടത്തിൽ രാധാകൃഷ്ണമേനോന്റെ ശക്തൻ തമ്പുരാൻ, സ്വാമി ബ്രഹ്മവ്രതന്റെ അനാർക്കലി, രജപുത്രരക്തം, ഉള്ളാട്ടിൽ ശങ്കരൻകുട്ടി മേനോന്റെ കൃഷ്ണകുമാരി, തിക്കോടിയന്റെ പുതുപ്പണംകോട്ട, എൻ. വിയുടെ വീരരവിവർമ്മ ചക്രവർത്തി, വാസ്കോഡഗാമ, കെ. പത്മനാഭൻ നായരുടെ കുഞ്ഞാലിമരയ്ക്കാർ, പിരപ്പൻകോട് മുരളിയുടെ സ്വാതിതിരുനാൾ, വേലുത്തമ്പി, പഴശ്ശിരാജ തുടങ്ങിയ കൃതികൾ ചരിത്രനാടകത്തിന്റെ പരിധി കൂടുതൽ വിപുലമാക്കി.
ചരിത്രനാടകങ്ങളിലെ കഥാപാത്രനിർമ്മിതി
ഒരു നാടകത്തിന്റെ വിജയത്തിൽ കഥാപാത്രനിർമ്മിതിക്ക് നിർണായകമായ സ്ഥാനമാണുള്ളത്. കഥയുടെ ഗതിയെ മുന്നോട്ടുകൊണ്ടുപോകുന്നതും സംഘർഷങ്ങൾക്ക് രൂപം നൽകുന്നതും ആശയങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതും കഥാപാത്രങ്ങളിലൂടെയാണ്. സാധാരണ നാടകങ്ങളിൽ നാടകകൃത്തിന് കഥാപാത്രങ്ങളെ പൂർണമായും ഭാവനയിൽ നിന്ന് സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചരിത്രനാടകത്തിൽ ഈ സ്വാതന്ത്ര്യം ചില ചരിത്രപരമായ പരിമിതികളോട് ചേർന്നുനിൽക്കുന്നു. കാരണം, ചരിത്രനാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ പലപ്പോഴും യഥാർത്ഥത്തിൽ ജീവിച്ചിരുന്ന വ്യക്തികളാണ്.
ചരിത്രത്തിൽ ഒരു രാജാവായോ ഭരണാധികാരിയായോ പോരാളിയായോ സാമൂഹിക പരിഷ്കർത്താവായോ രേഖപ്പെടുത്തിയിരിക്കുന്ന ഒരാളെ നാടകത്തിൽ അവതരിപ്പിക്കുമ്പോൾ, ആ വ്യക്തിയുടെ ചരിത്രപരമായ സ്വഭാവത്തെ പൂർണമായി അവഗണിക്കാൻ നാടകകൃത്തിന് കഴിയില്ല. അതേസമയം ചരിത്രരേഖകളിൽ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങൾ പരിമിതമായിരിക്കാം. അവിടെയാണ് നാടകകൃത്തിന്റെ ഭാവനയ്ക്ക് ഇടം ലഭിക്കുന്നത്. ഇതിനാൽ ചരിത്രനാടകത്തിലെ കഥാപാത്രം രണ്ട് തലങ്ങളിൽ നിലകൊള്ളുന്നു. ഒന്നാമതായി, അത് ചരിത്രത്തിൽ നിലനിന്നിരുന്ന വ്യക്തിയാണ്. രണ്ടാമതായി, അത് നാടകകൃത്തിന്റെ ഭാവനയിലൂടെ പുനർസൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രവുമാണ്. ഈ രണ്ട് തലങ്ങളുടെയും സംയോജനമാണ് ചരിത്രനാടകത്തിലെ കഥാപാത്രനിർമ്മിതിയെ സങ്കീർണമാക്കുന്നത്.
ഉദാഹരണത്തിന് വേലുത്തമ്പി ദളവ, പഴശ്ശിരാജ, സ്വാതിതിരുനാൾ, ശക്തൻ തമ്പുരാൻ തുടങ്ങിയ ചരിത്രവ്യക്തിത്വങ്ങളെ നാടകത്തിൽ അവതരിപ്പിക്കുമ്പോൾ, അവരുടെ ചരിത്രപരമായ പ്രവർത്തനങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയാകില്ല. അവരുടെ വ്യക്തിജീവിതം, അധികാരബോധം, രാഷ്ട്രീയ നിലപാടുകൾ, ബന്ധങ്ങൾ, പ്രതിസന്ധികൾ, മാനസിക സംഘർഷങ്ങൾ തുടങ്ങിയവയ്ക്കും നാടകീയമായ രൂപം നൽകേണ്ടിവരും. ചരിത്രരേഖകളിൽ വ്യക്തമായി പ്രത്യക്ഷപ്പെടാത്ത ഇത്തരം മേഖലകളിലാണ് നാടകകൃത്തിന്റെ സർഗാത്മകത കൂടുതൽ പ്രവർത്തിക്കുന്നത്.
ചരിത്രനാടകത്തിലെ കഥാപാത്രം ഒരു വ്യക്തിയുടെ മാത്രം പ്രതിനിധിയല്ല; പലപ്പോഴും അത് ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയുമാണ്. ഒരു രാജാവിന്റെ കഥാപാത്രത്തിലൂടെ അന്നത്തെ ഭരണസംവിധാനത്തെക്കുറിച്ചും ഒരു പോരാളിയുടെ കഥാപാത്രത്തിലൂടെ അധിനിവേശത്തോടുള്ള പ്രതിരോധത്തെക്കുറിച്ചും ഒരു സ്ത്രീകഥാപാത്രത്തിലൂടെ അന്നത്തെ സാമൂഹിക നിയന്ത്രണങ്ങളെയും സ്ത്രീജീവിതത്തെയും കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് കഥാപാത്രനിർമ്മിതിക്ക് വ്യക്തിയുടെ ജീവചരിത്രപരമായ പരിധിക്കപ്പുറത്തേക്ക് ഒരു സാമൂഹികവും സാംസ്കാരികവുമായ അർത്ഥതലം കൈവരുന്നു.
ചരിത്രനാടകത്തിലെ കഥാപാത്രങ്ങൾ പലപ്പോഴും ‘നായകൻ’, ‘വില്ലൻ’ എന്ന ലളിതമായ വിഭജനത്തിൽ ഒതുങ്ങുന്നില്ല. ചരിത്രത്തെ നാടകമായി പുനർസൃഷ്ടിക്കുമ്പോൾ വ്യക്തികളുടെ തീരുമാനങ്ങൾക്ക് പിന്നിലുള്ള സാഹചര്യങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും സാമൂഹികബന്ധങ്ങളും നാടകകൃത്ത് പരിഗണിക്കുന്നു. ഇതുവഴി ചരിത്രവ്യക്തികൾ കൂടുതൽ മനുഷ്യരായി പ്രേക്ഷകന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചരിത്രപുസ്തകത്തിൽ ഒരു പേരായി മാത്രം രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി നാടകവേദിയിൽ ചിരിക്കുകയും സ്നേഹിക്കുകയും കോപിക്കുകയും ഭയപ്പെടുകയും സംശയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യനായി മാറുന്നു. ഈ മാനുഷികവൽക്കരണമാണ് ചരിത്രനാടകത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
കൂടാതെ, ചരിത്രനാടകങ്ങളിലെ സാങ്കൽപ്പിക കഥാപാത്രങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ചരിത്രത്തിലെ പ്രധാന വ്യക്തികൾക്കിടയിലെ ബന്ധങ്ങളെ കൂടുതൽ സ്വാഭാവികമാക്കുന്നതിനും സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നതിനും നാടകകൃത്ത് ഭാവനയിൽ നിന്നുള്ള കഥാപാത്രങ്ങളെ ഉപയോഗിക്കുന്നു. ഇത്തരം കഥാപാത്രങ്ങൾ പലപ്പോഴും ചരിത്രത്തിന്റെ ഔദ്യോഗിക രേഖകളിൽ ഇടം ലഭിക്കാത്ത ജനവിഭാഗങ്ങളുടെ അനുഭവങ്ങളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ തിരിക്കുന്നു. അതുവഴി ചരിത്രം രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും മാത്രം കഥയല്ലെന്നും സാധാരണ മനുഷ്യരുടെ ജീവിതവും ചരിത്രത്തിന്റെ ഭാഗമാണെന്നും നാടകം ഓർമ്മിപ്പിക്കുന്നു.
കഥാപാത്രനിർമ്മിതിയിലൂടെ കാലഘട്ടത്തിന്റെ ഭാഷ, വസ്ത്രധാരണം, ആചാരങ്ങൾ, വിശ്വാസങ്ങൾ, സാമൂഹികബന്ധങ്ങൾ, അധികാരഘടനകൾ തുടങ്ങിയവയും നാടകത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്നു. അതിനാൽ ചരിത്രനാടകത്തിലെ കഥാപാത്രങ്ങൾ വ്യക്തികളുടെ പ്രതിനിധാനം മാത്രമല്ല, ഒരു സംസ്കാരത്തിന്റെ പ്രതിനിധാനവുമാണ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും അന്നത്തെ സാമൂഹികമൂല്യങ്ങൾ പ്രേക്ഷകനിലേക്ക് കൈമാറപ്പെടുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ചരിത്രനാടകത്തിന്റെ വർത്തമാനകാല പ്രസക്തിയാണ്. നാടകകൃത്ത് ഭൂതകാലത്തെ അവതരിപ്പിക്കുമ്പോഴും ആ അവതരണം പലപ്പോഴും വർത്തമാനകാലത്തിന്റെ ചോദ്യങ്ങളുമായി ബന്ധപ്പെടുന്നു. സ്വാതന്ത്ര്യം, അധികാരം, അധിനിവേശം, ദേശബോധം, സാമൂഹികനീതി, വ്യക്തിസ്വാതന്ത്ര്യം, പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ അവയ്ക്ക് സമകാലികമായ അർത്ഥതലങ്ങളും ലഭിക്കുന്നു. അതുകൊണ്ട് ചരിത്രനാടകം ഭൂതകാലത്തെ മാത്രം പറയുന്ന സാഹിത്യരൂപമല്ല; ഭൂതകാലത്തെ ഉപയോഗിച്ച് വർത്തമാനത്തെ ചിന്തിക്കാനുള്ള ഒരു വേദി കൂടിയാണ്. ചരിത്രത്തിലെ കഥാപാത്രങ്ങൾക്ക് പുതിയൊരു മാനുഷിക മുഖം നൽകുകയും, മറഞ്ഞുകിടക്കുന്ന അനുഭവങ്ങളെ മുന്നോട്ടുകൊണ്ടുവരികയും, ഒരു കാലഘട്ടത്തിന്റെ സാമൂഹിക–രാഷ്ട്രീയ അന്തരീക്ഷം പുനർസൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ചരിത്രനാടകം ചരിത്രവും സാഹിത്യവും തമ്മിലുള്ള അതിർത്തികളെ തന്നെ പുനർനിർവചിക്കുന്നു.
മലയാളത്തിലെ ചരിത്രനാടകപാരമ്പര്യത്തെ പരിശോധിക്കുമ്പോൾ, അത് കേവലം പഴയകാല സംഭവങ്ങളുടെ വേദിയാവിഷ്കാരമായി കാണുന്നത് പര്യാപ്തമല്ല. ചരിത്രത്തെ ആരാണ് പറയുന്നത്, ആരുടെ ജീവിതമാണ് പ്രാധാന്യമാകുന്നത്, ചരിത്രവ്യക്തിത്വങ്ങളെ എങ്ങനെയാണ് പുനർനിർമ്മിക്കുന്നത്, ഭാവന ചരിത്രത്തിന്റെ ഇടവഴികളിൽ എങ്ങനെയാണ് ഇടപെടുന്നത്, ഭൂതകാലത്തെ വർത്തമാനകാലത്തിന്റെ ചോദ്യങ്ങളുമായി എങ്ങനെയാണ് ബന്ധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഈ അർത്ഥത്തിൽ മലയാള ചരിത്രനാടകങ്ങൾ ചരിത്രത്തിന്റെ പുനരാവിഷ്കാരങ്ങൾ മാത്രമല്ല, ചരിത്രത്തിന്റെ പുനർനിർമ്മിതികളാണ്.
പ്രതിരോധത്തിന്റെ മുഖമായി പഴശ്ശിരാജ
ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പഴശ്ശിരാജ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി വടക്കൻ മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശനയങ്ങൾക്കെതിരെ പോരാടിയ കോട്ടയം രാജവംശത്തിലെ ഭരണാധികാരിയും പ്രതിരോധനേതാവുമാണ്. കമ്പനിയുടെ നികുതിനയങ്ങളും രാഷ്ട്രീയമായ ഇടപെടലുകളും പ്രാദേശിക അധികാരവ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ചരിത്രപശ്ചാത്തലമായി നിലകൊള്ളുന്നു.
ചരിത്രരേഖകളിൽ ഭരണാധികാരി, സൈനികതന്ത്രജ്ഞൻ, കൊളോണിയൽ വിരുദ്ധ പോരാളി എന്നീ നിലകളിൽ പ്രത്യക്ഷപ്പെടുന്ന പഴശ്ശിരാജ, പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജ എന്ന നാടകത്തിൽ നാടകീയമായ പുനർനിർമ്മിതിയിലൂടെ പുതിയ അർത്ഥതലങ്ങൾ കൈവരിക്കുന്നു. ഈ ചരിത്രപശ്ചാത്തലമാണ് പിരപ്പൻകോട് മുരളിയുടെ നാടകത്തിലെ കേന്ദ്രകഥാപാത്രത്തിന് അടിസ്ഥാനമാകുന്നത്. എന്നാൽ നാടകത്തിലെ പഴശ്ശിരാജ ചരിത്രത്തിലെ ഒരു പേരിന്റെ പുനരാവിഷ്കാരം മാത്രമല്ല. നാടകീയഘടനയിൽ പ്രവേശിക്കുന്നതോടെ ചരിത്രപുരുഷൻ ഒരു സജീവ കഥാപാത്രമായി മാറുന്നു. ഇവിടെ ‘പഴശ്ശിരാജ’ എന്ന പേര് ഒരു ചരിത്രവ്യക്തിയുടെ സൂചന എന്നത് കൂടാതെ പ്രതിരോധത്തിന്റെ ആശയത്തെ ഉൾക്കൊള്ളുന്ന ഒരു സാംസ്കാരിക ചിഹ്നമായി മാറുന്നു. പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജയിൽ പ്രതീകാത്മകത കഥാപാത്രത്തിന്റെ നാടകീയ സാന്നിധ്യത്തെ പ്രധാനമായി കാണാം. അതുകൊണ്ടാണ് പഴശ്ശിരാജയുടെ കഥാപാത്രത്തെ ഒരു വ്യക്തിയുടെ ജീവിതകഥയായി മാത്രം വായിക്കുന്നത് പര്യാപ്തമാകാത്തത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിലൂടെ പ്രതിരോധം എന്ന രാഷ്ട്രീയ–സാമൂഹിക ആശയം തന്നെ നാടകത്തിൽ രൂപപ്പെടുന്നു.
ചരിത്രനാടകത്തിലെ നായകകഥാപാത്രത്തിന് പലപ്പോഴും ഒരു പ്രത്യേക ചരിത്രസംഘർഷത്തിന്റെ പ്രാതിനിധ്യം ലഭിക്കുന്നു. പഴശ്ശിരാജയിൽ ഈ സംഘർഷത്തിന്റെ പ്രധാനരൂപം അധിനിവേശാധികാരത്തിനെതിരായ പ്രതിരോധമാണ്. അതിനാൽ പഴശ്ശിരാജയുടെ കഥാപാത്രനിർമ്മിതിയുടെ കേന്ദ്രത്തിൽ പ്രതിരോധബോധം നിലകൊള്ളുന്നതായി നിരീക്ഷിക്കുന്നു. പഴശ്ശിരാജയുടെ പ്രതിരോധം ഒരു വ്യക്തിയുടെ അധികാരസംരക്ഷണശ്രമമായി മാത്രം ചുരുക്കാനാവില്ല. നാടകീയതലത്തിൽ അത് സ്വന്തം ദേശത്തെയും ജനജീവിതത്തെയും സാംസ്കാരിക അസ്തിത്വത്തെയും സംരക്ഷിക്കാനുള്ള നിലപാടായി മാറുന്നു. ഇതുവഴി കഥാപാത്രത്തിന് വ്യക്തിപരമായ സ്വഭാവരൂപീകരണത്തിനപ്പുറം ഒരു സാമൂഹിക അർത്ഥം കൈവരുകയും ചെയ്യുന്നു. അധികാരം അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്യാനുള്ള മനോഭാവമാണ് കഥാപാത്രത്തിന്റെ പ്രധാന സവിശേഷത. അതിനാൽ പഴശ്ശിരാജയുടെ കഥാപാത്രം അധികാരവും പ്രതിരോധവും തമ്മിലുള്ള സംഘർഷത്തിന്റെ നാടകീയ കേന്ദ്രമായി പ്രവർത്തിക്കുന്നു.
ഈ നിലയിൽ പഴശ്ശിരാജയുടെ കഥാപാത്രത്തെ ‘വീരനായകൻ’ എന്ന ഏകപരിമിതിയിൽ നിർവചിക്കുന്നത് അതിന്റെ അർത്ഥസാധ്യതകളെ ചുരുക്കും. മറിച്ച്, ചരിത്രപരമായ സംഘർഷത്തെ മനുഷ്യകേന്ദ്രിതവും സാമൂഹികവുമായ അനുഭവമായി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇവിടെ രൂപപ്പെടുന്നത്. പ്രതിരോധിക്കുന്ന വ്യക്തി എന്നതിലുപരി പ്രതിരോധത്തിന്റെ മൂല്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിത്വമാണ് പഴശ്ശിരാജയുടേത്.
പഴശ്ശിരാജ നാടകത്തിലെ പഴശ്ശിയുടെ കഥാപാത്രനിർമ്മിതി
ചരിത്രപുരുഷന്മാരെ നാടകത്തിൽ അവതരിപ്പിക്കുമ്പോൾ അവരുടെ ജീവിതത്തിലെ സംഭവങ്ങളെ അതേപടി പുനരാവിഷ്കരിക്കുക എന്നതുമാത്രമല്ല നാടകകൃത്തിന്റെ ലക്ഷ്യം. ചരിത്രത്തിൽ രേഖപ്പെട്ട വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെ കണ്ടെത്തുകയും അവയ്ക്ക് കലാപരമായ രൂപം നൽകുകയും ചെയ്യുന്നതിലൂടെയാണ് ഒരു ചരിത്രകഥാപാത്രം നാടകത്തിൽ പുനർനിർമ്മിക്കപ്പെടുന്നത്. പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജയിൽ പഴശ്ശിരാജ ഇത്തരത്തിലുള്ള ബഹുമുഖ സ്വഭാവമുള്ള കഥാപാത്രമായാണ് രൂപപ്പെടുന്നത്. രാജാവ്, യോദ്ധാവ്, തന്ത്രജ്ഞൻ, കലാസ്നേഹി, കർഷകപക്ഷപാതിയായ ഭരണാധികാരി, മനുഷ്യസ്നേഹി, രാഷ്ട്രീയബോധമുള്ള നേതാവ് എന്നീ വ്യത്യസ്ത തലങ്ങൾ പരസ്പരം ചേർന്നാണ് നാടകത്തിലെ പഴശ്ശിയുടെ വ്യക്തിത്വം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നാടകത്തിലെ പഴശ്ശി ബ്രിട്ടീഷുകാരോടും ഹൈദർ–ടിപ്പു സൈന്യത്തോടും ഏറ്റുമുട്ടിയ ഒരു യോദ്ധാവായി ചുരുങ്ങുന്നില്ല. ജനതയോടും മണ്ണിനോടും സംസ്കാരത്തോടും ജീവിതത്തോടും ഉത്തരവാദിത്വമുള്ള ഒരു നേതാവായാണ് അദ്ദേഹത്തെ നാടകം അവതരിപ്പിക്കുന്നത്. നാടകങ്ങളുടെ നായക സങ്കല്പത്തെ മറികടന്ന് ബഹുമുഖ കഥാപാത്ര രൂപമായാണ് പഴശ്ശിയെ അവതരിപ്പിക്കപ്പെടുന്നത്. ‘ധീരോദാത്തനതിപ്രതാപഗുണവാൻ മാത്രമായി പഴശ്ശിരാജയെ സൃഷ്ടിക്കുകയല്ല നാടകകൃത്ത്’. (മുരളി പിരപ്പൻകോട്, 2020:11)
മാനന്തവാടിയിലെ പഴശ്ശിസ്മാരകത്തിനു സമീപം രവിയും രാധയും നടത്തുന്ന സംഭാഷണത്തിനിടയിലാണ് പഴശ്ശിയുടെ സാന്നിധ്യം പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ സ്വാതന്ത്ര്യസൂര്യൻ എന്ന വിശേഷണത്തിലൂടെ രവി പഴശ്ശിയെ സ്മരിക്കുമ്പോൾ, രാധ ഉയർത്തുന്ന ചോദ്യങ്ങൾ പഴശ്ശിയുടെ ചരിത്രത്തെക്കുറിച്ചുള്ള പൊതുബോധത്തെ തന്നെ പരിശോധിക്കുന്നതായി മാറുന്നു. ശത്രുക്കളുടെ രേഖകളെ മാത്രം ആശ്രയിച്ചുള്ള ചരിത്രബോധത്തിന്റെ പരിമിതിയും ആദ്യദൃശ്യത്തിൽ ചർച്ചയാകുന്നു. തുടർന്ന് പഴശ്ശി തന്നെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന രീതിയിലാണ് കഥാപാത്രത്തിന്റെ ഭൂതകാലം നാടകകൃത്ത് ആവിഷ്കരിച്ചിരിക്കുന്നത്. “രാജ്യവും കിരീടവും ഇല്ലാത്ത ഒരു പോരാളിയായിരുന്നു നാം. എങ്കിലും ചരിത്രം നമ്മെയും രാജാവെന്നാണ് വിളിച്ചുവരുന്നത്” (മുരളി പിരപ്പൻകോട്, 2020:22) എന്ന പഴശ്ശിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ കഥാപാത്രനിർമ്മിതിയിലെ പ്രധാന വൈരുധ്യത്തെ സൂചിപ്പിക്കുന്നു. രാജപദവിയേക്കാൾ പോരാട്ടവും ജനപക്ഷ നിലപാടുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ കേന്ദ്രമെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു. അധികാരത്തിന്റെ ഔപചാരിക അടയാളങ്ങളില്ലാതെയും ചരിത്രത്തിൽ ഒരു നേതാവായി നിലനിൽക്കുന്ന വ്യക്തിത്വമാണ് നാടകത്തിലെ പഴശ്ശിയുടേത്.
നാടകത്തിൽ പഴശ്ശിയുടെ ബാല്യവും യൗവനവും അവതരിപ്പിക്കുന്ന സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. ആയുധാഭ്യാസത്തോടൊപ്പം സംഗീതം, കഥകളി, ചിത്രകല തുടങ്ങിയ കലാരൂപങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയായാണ് പഴശ്ശിയെ നാടകം അവതരിപ്പിക്കുന്നത്. “പിണ്ഡാരിഗുരുക്കന്മാരിൽനിന്നും ഞാൻ ആയുധാഭ്യാസം നേടി. സംഗീതവും കഥകളിയും ചിത്രമെഴുത്തുമായി ഞാൻ വളർന്നു” (മുരളി പിരപ്പൻകോട്, 2020:22) എന്ന പ്രസ്താവന പഴശ്ശിയുടെ വ്യക്തിത്വത്തിൽ യുദ്ധവും കലയും ഒരുപോലെ ഇടം നേടിയിരുന്നുവെന്ന നാടകീയ സങ്കൽപ്പത്തെ വ്യക്തമാക്കുന്നു. രണ്ടാം ദൃശ്യത്തിലെ “കഥകളിയും സംഗീതവും അദ്ദേഹത്തിന് ജീവനാണ്” (മുരളി പിരപ്പൻകോട്, 2020:23) എന്ന ഒന്നാം പ്രമാണിയുടെ പരാമർശം ഇതിനെ കൂടുതൽ ഉറപ്പിക്കുന്നു. അതിനാൽ നാടകത്തിലെ പഴശ്ശി വാളും കുതിരയും യുദ്ധതന്ത്രവും മാത്രമുള്ള കഥാപാത്രമല്ല. സൗന്ദര്യബോധവും കലാസ്വാദനവും ഉള്ള മനുഷ്യനായി കൂടിയാണ് അദ്ദേഹം അവതരിപ്പിക്കപ്പെടുന്നത്. യോദ്ധാവിനുള്ളിൽ കലാകാരനെയും ഭരണാധികാരിക്കുള്ളിൽ സൗന്ദര്യബോധമുള്ള വ്യക്തിയെയും കണ്ടെത്തുന്ന തരത്തിലാണ് പഴശ്ശിയുടെ കഥാപാത്രനിർമ്മിതി.
പഴശ്ശിയുടെ ജീവിതത്തിലെ കുഞ്ഞാണിയുടെ സാന്നിധ്യവും കഥാപാത്രത്തിന്റെ മാനുഷികത വ്യക്തമാക്കുന്നതിൽ പ്രധാനമാണ്. രണ്ടാം ദൃശ്യത്തിൽ കുഞ്ഞാണി മോഹിനിയാട്ടം അവതരിപ്പിക്കുകയും പഴശ്ശി അവളുടെ കലാപാടവത്തെ അംഗീകരിക്കുകയും ചെയ്യുന്നു. തുടർന്ന് അവളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്ന രംഗം പഴശ്ശിയുടെ സ്വകാര്യജീവിതത്തെ നാടകീയമായി മുന്നോട്ടുകൊണ്ടുവരുന്നു. യുദ്ധവും രാഷ്ട്രീയവും മാത്രമല്ല, സ്നേഹത്തിനും കുടുംബബന്ധങ്ങൾക്കും കലാപരമായ അനുഭവങ്ങൾക്കും ഇടമുള്ള വ്യക്തിത്വമാണ് ഇവിടെ രൂപപ്പെടുന്നത്. അഞ്ചാം ദൃശ്യത്തിൽ കുഞ്ഞാണിയോടുള്ള പഴശ്ശിയുടെ സംഭാഷണം ഈ മാനുഷികതയ്ക്ക് കൂടുതൽ ആഴം നൽകുന്നു. “അതിമോഹം അരുത്. ജീവിതത്തിൽ സുഖം മാത്രമല്ല, ദുഃഖവും ഉണ്ടെന്നു കരുതിക്കോളൂ” (മുരളി പിരപ്പൻകോട്, 2020:36) എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ വരാനിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള ബോധവും വ്യക്തിജീവിതത്തിലെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള തിരിച്ചറിവും കാണാം. അതുവഴി യുദ്ധവീരന്റെ പ്രതിച്ഛായയ്ക്കപ്പുറം വികാരങ്ങളും ആശങ്കകളും പ്രതീക്ഷകളും ഉള്ള മനുഷ്യനായാണ് പഴശ്ശി നാടകത്തിൽ രൂപപ്പെടുന്നത്.
നാലാം ദൃശ്യത്തിലെ രാജസഭാ രംഗം പഴശ്ശിയുടെ രാഷ്ട്രീയവും നേതൃത്വപരവുമായ വ്യക്തിത്വത്തെ ഏറ്റവും ശക്തമായ രീതിയിൽ അവതരിപ്പിക്കുന്നു. ഹൈദറിന്റെയും ടിപ്പുവിന്റെയും ആക്രമണത്തെ ഭയന്ന് ചില ഭരണാധികാരികൾ പിൻവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പഴശ്ശി അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. “ആരെന്തു പറഞ്ഞാലും, നമുക്കെന്തു സംഭവിച്ചാലും, നാം നമ്മുടെ നാടിനെയും നാട്ടുകാരെയും ഉപേക്ഷിച്ച് എവിടെയും പോകില്ല. പെറ്റമ്മയെപ്പോലെ പ്രിയപ്പെട്ട ഈ മണ്ണിൽ നാം ഉറച്ചു നിൽക്കും. ഇതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ അവസാനതുള്ളി ചോരയും വാർന്നു വീഴുംവരെ പടപൊരുതും” (മുരളി പിരപ്പൻകോട്, 2020:31) എന്ന പ്രഖ്യാപനം പഴശ്ശിയുടെ ദേശബോധത്തിന്റെയും ജനപക്ഷ നിലപാടിന്റെയും കേന്ദ്രപ്രകടനമാണ്. ഇവിടെ ‘നാട്’ എന്നത് ഒരു രാജാധികാരത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി മാത്രമല്ല; നാട്ടുകാരോടൊപ്പം സംരക്ഷിക്കേണ്ട സാമൂഹിക ഇടമായി കൂടി മാറുന്നു. അതുകൊണ്ടുതന്നെ പഴശ്ശിയുടെ പോരാട്ടം വ്യക്തിപരമായ അധികാരസംരക്ഷണമായി മാത്രം വായിക്കുക പ്രയാസമാണ്.
ബ്രിട്ടീഷ് കമ്പനിയുടെ സഹായത്തെക്കുറിച്ചുള്ള നാലാം ദൃശ്യത്തിലെ സംഭാഷണം പഴശ്ശിയുടെ രാഷ്ട്രീയബോധത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും നൽകാമെന്ന കമ്പനി പ്രതിനിധിയുടെ വാഗ്ദാനം അദ്ദേഹം അന്ധമായി സ്വീകരിക്കുന്ന രാജാവായല്ല രൂപപ്പെടുന്നത്. യുദ്ധാനന്തരം സഹായത്തിന്റെ പേരിൽ കമ്പനി അവകാശവാദങ്ങൾ ഉന്നയിക്കുമെന്ന സാധ്യതയെ അദ്ദേഹം തിരിച്ചറിയുന്നു. അതേസമയം ലഭ്യമായ സഹായം തന്ത്രപരമായി ഉപയോഗിക്കുന്നതിൽ അദ്ദേഹം വിമുഖനുമല്ല. “അവന്റെ സഹായം കിട്ടിയാലും ഇല്ലെങ്കിലും യുദ്ധം കഴിഞ്ഞാൽ പുതിയ പൊല്ലാപ്പുകളെ നാം നേരിട്ടേ കഴിയൂ. വരുന്നതൊക്കെ വരട്ടെ വരുമ്പോൾ നേരിടാം” (മുരളി പിരപ്പൻകോട്, 2020:33) പഴശ്ശിയുടെ നിലപാട് സാഹചര്യബോധമുള്ള പ്രായോഗിക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. ശത്രുവിന്റെ സ്വഭാവം തിരിച്ചറിയുകയും അതേസമയം യുദ്ധാവശ്യത്തിനായി ലഭ്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കഥാപാത്രമായാണ് ഇവിടെ പഴശ്ശി രൂപപ്പെടുന്നത്.
യുദ്ധവിജയത്തിനുശേഷമുള്ള അഞ്ചാം ദൃശ്യമാണ് പഴശ്ശിയുടെ കഥാപാത്രനിർമ്മിതിയിലെ മറ്റൊരു പ്രധാന ഘട്ടം. വിജയം ആഘോഷിച്ച് നിൽക്കുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുനർനിർമാണത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ തിരിക്കുന്നത്. “ഇനി നമുക്ക് സമാധാനം കൈവരുത്തണം. പുല്ലുകയറിയ പാടങ്ങളും പറമ്പുകളും നമുക്ക് കൃഷിയിടങ്ങളാക്കണം. നമ്മുടെ പടയാളികൾ ഇന്നുമുതൽ കൃഷിനിലത്തിറങ്ങണം. ഈ നാടിനെ നമുക്ക് സസ്യഹരിതയാക്കണം” (മുരളി പിരപ്പൻകോട്, 2020:34) എന്ന വാക്കുകൾ യുദ്ധവീരനിൽനിന്ന് ജനക്ഷേമബോധമുള്ള ഭരണാധികാരിയിലേക്കുള്ള കഥാപാത്രത്തിന്റെ വികാസം വ്യക്തമാക്കുന്നു. യുദ്ധം അദ്ദേഹത്തിന് അന്തിമലക്ഷ്യമല്ല; ജനജീവിതത്തിന്റെ പുനഃസ്ഥാപനമാണ് അതിനുശേഷമുള്ള പ്രധാന ഉത്തരവാദിത്വം. “നെല്ലും നാളികേരവും കുരുമുളകുമാലേ നാട്ടിൽനിന്നും പട്ടിണി പോകൂ. ഇനി നമ്മുടെ യുദ്ധം പട്ടിണിയോടാകട്ടെ” (മുരളി പിരപ്പൻകോട്, 2020:35) എന്ന പ്രഖ്യാപനം ഈ നിലപാടിനെ കൂടുതൽ ശക്തമാക്കുന്നു. ഇവിടെ ‘യുദ്ധം’ എന്ന പദത്തിന് പുതിയ അർത്ഥമാണ് ലഭിക്കുന്നത്. ആയുധങ്ങളുമായുള്ള പോരാട്ടത്തിൽനിന്ന് പട്ടിണിക്കെതിരായ സാമൂഹിക പോരാട്ടത്തിലേക്ക് യുദ്ധം പരിണമിക്കുന്നു.
കർഷകരുടെ ജീവിതത്തെക്കുറിച്ചുള്ള പഴശ്ശിയുടെ സമീപനവും തുടർന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. രാജഭണ്ഡാരത്തിലെ വിഭവങ്ങൾ ഉപയോഗിച്ച് വിത്തും സഹായവും നൽകാനും കൃഷി പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇതുവഴി ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളുമായി ബന്ധപ്പെടുന്ന ഭരണാധികാരിയായാണ് കഥാപാത്രം രൂപപ്പെടുന്നത്. അതോടൊപ്പം മതപരമായ മുൻവിധികളെ നിരാകരിക്കുന്ന പഴശ്ശിയുടെ നിലപാടും ദൃശ്യങ്ങളിൽ ശ്രദ്ധേയമാണ്. “ആരെയും കുറിച്ചും മുൻവിധിയൊന്നും വേണ്ട. അവരും മനുഷ്യരല്ലേ? ഈ നാടിന്റെ ഉയർച്ചയിൽ അവരെയും നമുക്ക് പങ്കാളികളാക്കാം” (മുരളി പിരപ്പൻകോട്, 2020:35) എന്ന വാക്കുകളിൽ മനുഷ്യ സമത്വത്തിൻ്റെ സമീപനം പ്രകടമാണ്. മതപരമായ തിരിച്ചറിയലുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന ഈ നിലപാട് നാടകത്തിലെ പഴശ്ശിയുടെ പുരോഗമനപരമായ മാനുഷികതയെ അടയാളപ്പെടുത്തുന്നതായി വിലയിരുത്താം.
ഉപദർശനങ്ങൾ
പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജയെ വിലയിരുത്തുമ്പോൾ അത് പഴശ്ശിരാജയുടെ ജീവിതകഥയുടെ നാടകീയ പുനരാഖ്യാനം മാത്രമാണെന്ന് പറയുന്നത് കൃതിയുടെ സാധ്യതകളെ പരിമിതപ്പെടുത്തും. ചരിത്രനായകനെ എങ്ങനെ ഓർക്കണം, അദ്ദേഹത്തിന്റെ സമരത്തെ എങ്ങനെ മനസ്സിലാക്കണം, ഒരു ചരിത്രപുരുഷന്റെ ജീവിതത്തിൽനിന്ന് ഏതു രാഷ്ട്രീയ–സാമൂഹിക അർത്ഥങ്ങളാണ് കണ്ടെത്തേണ്ടത് എന്നീ ചോദ്യങ്ങളാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. രാജാവെന്നതിലുപരി നാടിനോടും നാട്ടുകാരോടും ഉത്തരവാദിത്തമുള്ള നേതാവായാണ് അദ്ദേഹത്തെ നാടകത്തിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തെ നാടകമാക്കുമ്പോൾ പിരപ്പൻകോട് മുരളി സ്വീകരിക്കുന്ന പ്രധാന മാർഗം ചരിത്രനായകനെ മഹത്വവൽക്കരിക്കുകയല്ല; അദ്ദേഹത്തിന്റെ ചരിത്രപരമായ സങ്കീർണ്ണതകളെ അരങ്ങിൽ അനുഭവിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ പഴശ്ശിരാജ ഒരു വീരചരിതനാടകമെന്ന പരിധി മറികടന്ന് ചരിത്രം, രാഷ്ട്രീയം, കല, പ്രണയം, ജനജീവിതം, പ്രതിരോധം എന്നിവയുടെ സമന്വയമായി മാറുന്നു എന്ന് മനസ്സിലാക്കാം. പഴശ്ശിയെ ഒരു ഭൂതകാല രാജാവിൽനിന്ന് സമകാലിക ചരിത്രബോധത്തിന്റെ ഭാഗമാക്കി മാറ്റുന്നതിലാണ് പിരപ്പൻകോട് മുരളിയുടെ പഴശ്ശിരാജയുടെ പ്രസക്തി നിലനിൽക്കുന്നത്.
ഗ്രന്ഥസൂചി
1. ഗംഗാധരൻ നായർ. ജി., മലയാള നാടകം നുറുവർഷം, ഡിസി ബുക്സ്, കോട്ടയം, 1981
2. മുരളി പിരപ്പൻകോട്., പഴശ്ശിരാജ, എസ്. പി. എസ്. നാഷണൽ ബുക്ക്സ്റ്റാൾ തിരുവനന്തപുരം, 2020
3. ശങ്കരപ്പിള്ള. ജി., മലയാള നാടക സാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ, 1987.
4. ഗംഗാധരൻ, ടി. കെ., ചരിത്രത്തിന്റെ രീതിശാസ്ത്രം (എം. കോമളവല്ലി, വിവർത്തനം), കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ–ഓപ്പറേറ്റീവ് സ്റ്റോഴ്സ്, 2012.
5. വാസുദേവ പിള്ള, വയലാ. (ഡോ.)., മലയാള നാടക സാഹിത്യചരിത്രം 2005. കേരള സാഹിത്യ അക്കാദമി, 2006.
6. ബാലകൃഷ്ണൻ, കെ., പഴശ്ശിയും കടത്തനാടും, ഡി. സി. ബുക്സ്, 2011.
7. ശ്രീധരമേനോൻ, എ., കേരളചരിത്രം. ഡി. സി. ബുക്സ്, 2007.
അശ്വതി ജി. എസ്.
ഗവേഷക, മലയാളവിഭാഗം
കെ.വി.എസ്.എം. ഗവ.കോളേജ്,
നെടുമങ്ങാട്, കേരള സർവകലാശാല
Email: nannugs97@gmail.com
Mob: 9020520406
Copyright © 2026 | WordPress Theme by MH Themes

ഒരു മികച്ച റിസർച്ച് വർക്ക് എന്നത് വെറും വിവരശേഖരണമല്ല, അത് ഒരു പുതിയ കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാട് നിങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
ഈ ഗവേഷണം അറിവിന്റെ ലോകത്തേക്ക് നൽകിയ വലിയ സംഭാവനയാണ്. കഠിനാധ്വാനവും ആത്മാർത്ഥതയും ഓരോ വരിയിലും കാണാം . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!”
❤✨