മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
(സാമുവൽ അമ്പാട്ടിന്റെ തെരഞ്ഞെടുത്ത റിപ്പോർട്ടുകളെ മുൻനിർത്തിയുള്ള വിശകലനം)
» അനവദ്യ പി.
ID: MRK0047
Published on July 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാനകാലത്തെ ഉത്തരമലബാറിലെ സാമൂഹികജീവിതത്തിന്റെ സവിശേഷതകൾ മിഷണറിരേഖകളിൽ പ്രതിനിധാനം ചെയ്യപ്പെട്ടത് എപ്രകാരമാണെന്ന് പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിൽ. സാമുവൽ അമ്പാട്ട് 1889 മുതൽ 1905 വരെ ഉത്തരകേരളത്തിലെ മിഷൻപ്രവർത്തനങ്ങളെക്കുറിച്ച് ബാസൽ മിഷൻ കേന്ദ്രത്തിലേക്ക് എഴുതി അയച്ച അർദ്ധവാർഷികറിപ്പോർട്ടുകളാണ് പഠനത്തിനായി പരിഗണിച്ചിട്ടുള്ളത്. പ്രസ്തുത കാലഘട്ടത്തിലെ സാമൂഹികജീവിതം, തൊഴിൽരീതികൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, സാമൂഹികനില എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. ഉത്തരമലബാറിന്റെ ചരിത്രാനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉപാദാനസാമഗ്രിയാണ് പ്രസ്തുത റിപ്പോർട്ടുകളെങ്കിലും അവയെ നിഷ്പക്ഷമായ ചരിത്രാഖ്യാനങ്ങളായി പരിഗണിക്കാനാവില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ സാമ്രാജ്യത്വതാൽപ്പര്യങ്ങൾക്കും മിഷണറിപ്രവർത്തനങ്ങളെ നിർണയിച്ച പ്രത്യയശാസ്ത്രവീക്ഷണങ്ങൾക്കും സാധൂകരണമേകുന്ന പ്രാദേശികചരിത്രാഖ്യാനം എന്ന നിലയിലാണ് ഈ റിപ്പോർട്ടുകൾ എഴുതപ്പെട്ടിട്ടുള്ളത്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചരിത്രാനുഭവങ്ങളെയും അതിന്റെ ആഖ്യാനപരമായ സ്വഭാവത്തെയും ബന്ധപ്പെടുത്തിയുള്ള വിശകലനത്തിലൂടെ പ്രസ്തുത ചരിത്രാഖ്യാനത്തിൽ നിന്ന് കൊളോണിൽ-മിഷണറിപ്രത്യയശാസ്ത്രത്തിന്റെ സാധൂകരണയുക്തികൾ കണ്ടെടുക്കുകയാണ് ഈ പ്രബന്ധം .
താക്കോൽവാക്കുകൾ
പ്രതിനിധാനം, കൊളോണിയലിസം, പ്രത്യയശാസ്ത്രം, ചരിത്രരചന, ജ്ഞാനനിർമാണം
ആമുഖം
ചരിത്രരചനയിൽ, പ്രത്യേകിച്ച് കോളനിയനന്തരസമൂഹങ്ങളെ ചരിത്രപരമായി മനസ്സിലാക്കുന്നതിൽ കോളോണിയൽ ഭരണകൂടങ്ങൾ സൂക്ഷിച്ചുപോന്ന ഭരണസംബന്ധമായ രേഖകൾക്ക് നിർണായകമായ സ്ഥാനമാണുള്ളത്. സാമ്രാജ്യത്വഭരണസൗകര്യത്തിനായി മിഷണറിമാർ ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയ സെൻസസുകൾ, സർവേകൾ, ഉദ്യോഗസ്ഥരുടെ ഡയറിക്കുറിപ്പുകൾ, കത്തുകൾ, കോടതിവിധികൾ എന്നിവ പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയസാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള പ്രാഥമികസ്രോതസ്സുകളായി നിലകൊള്ളുന്നു. ഉത്തരമലബാറിലെ പ്രാദേശികചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഉപാദാനസാമഗ്രിയാണ് സാമുവൽ അമ്പാട്ട് ഉത്തരകേരളത്തിലെ മിഷൻപ്രവർത്തനങ്ങളെക്കുറിച്ച് ബാസൽ മിഷൻ കേന്ദ്രത്തിലേക്ക് എഴുതി അയച്ച അർദ്ധവാർഷിക റിപ്പോർട്ടുകൾ. എഴുതപ്പെട്ട കാലഘട്ടത്തിലെ ജനജീവിതം, തൊഴിൽ, വിശ്വാസങ്ങൾ, ആചാരങ്ങൾ, സാമൂഹികനില മുതലായവയെപ്പറ്റിയുള്ള വിവരണങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. കൊളോണിയൽ ചരിത്രരേഖകൾ ആ കാലഘട്ടത്തിന്റെ ചരിത്രമെഴുത്തിന് വളരെയേറെ ഉപയുക്തമാകുന്ന വിവരശേഖരങ്ങളാകുമ്പോഴും അവയെ തികച്ചും നിഷ്പക്ഷമായ ആഖ്യാനങ്ങളെന്നവിധം പരിഗണിക്കാനാവില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ സാമ്രാജ്യത്വതാൽപര്യങ്ങളും മിഷണറിപ്രവർത്തനങ്ങളെ നിർണ്ണയിച്ച പ്രത്യയശാസ്ത്രവും ആ ചരിത്രരേഖപ്പെടുത്തലുകളുടെ ആധാരശിലയായി വർത്തിക്കുന്നു. ഈയൊരു പരികൽപനയുടെ പശ്ചാത്തലത്തിൽ ഉത്തരമലബാറിലെ പ്രാദേശികജീവിതത്തിന്റെ പ്രതിനിധാനം സാമുവൽ അമ്പാട്ടിന്റെ അർദ്ധവാർഷിക റിപ്പോർട്ടുകളിൽ എപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടതെന്നും അത് കൊളോണിയൽ-മിഷണറിപ്രത്യയശാസ്ത്രങ്ങളെ ഏതുവിധമാണ് സാധൂകരിച്ചതെന്നും പരിശോധിക്കുന്നതിന് പ്രസക്തിയുണ്ട്. സാമുവൽ അമ്പാട്ട് വിദേശിയായ മിഷണറിയല്ല. കൊളോണിയൽ പ്രത്യയശാസ്ത്രയുക്തികൾ തദ്ദേശീയനായ ഈ ക്രിസ്തുമതപ്രചാരകനിൽ പ്രവർത്തിക്കുന്നത് എപ്രകാരമാണെന്ന് ഈ റിപ്പോർട്ടുകളിൽ കാണാനാവും. പ്രദേശത്തിന്റെ രേഖപ്പെടുത്തലുകളിൽ പ്രസ്തുത റിപ്പോർട്ട് നിർവഹിക്കുന്ന കൊളോണിയൽ-മിഷണറിപ്രത്യയശാസ്ത്രത്തിന്റെ സാധൂകരണോപാധികൾ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം.
ബാസൽമിഷൻ പ്രവർത്തനങ്ങളും സാമുവൽ അമ്പാട്ടും
1834 ഒക്ടോബർ 13-ന് ആണ് ബാസൽ മിഷൻ സംഘം ഇന്ത്യയിൽ എത്തിച്ചേർന്നത്. കപ്പലിറങ്ങിയ കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോയ അവർ കുറച്ചുകാലം അവിടെ പ്രവർത്തിക്കുകയും പിന്നീട് പ്രവർത്തനമേഖല ഉത്തരമലബാറിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. 1839-മുതൽ ഉത്തരകേരളത്തിൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സജീവമായി പ്രവർത്തിച്ചിരുന്നു. മതപ്രചരണത്തിനായ് എത്തിച്ചേർന്ന ബാസൽ മിഷൻ പ്രവർത്തകർ ഉത്തരകേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തി. വിദേശികളായ മിഷണറിമാരോടൊപ്പം തന്നെ സ്വദേശികളായ മിഷണറിമാരും പ്രവർത്തിച്ചിരുന്നു. ഉത്തരകേരളത്തിൽ സുവിശേഷപ്രചരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന തദ്ദേശീയനായിരുന്നു സാമുവൽ അമ്പാട്ട്. അദ്ദേഹം തന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് അർദ്ധവാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കുകയും ബാസൽ മിഷൻ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ഈ റിപ്പോർട്ടുകൾ മലബാറിലെയും കർണ്ണാടകയിലെയും മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മറ്റു രേഖകൾക്കൊപ്പം ബാസലിലെ മിഷൻ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്നു. ഈ റിപ്പോർട്ടുകൾ 2000-ത്തിൽ ചരിത്രകാരനായ കെ. കെ. എൻ. കുറുപ്പ് സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ അക്കാലത്തെ ഉത്തരമലബാറിന്റെ സാമൂഹികചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
മിഷണറിരേഖപ്പെടുത്തലുകളും കൊളോണിയൽപ്രത്യയശാസ്ത്രത്തിന്റെ സാധൂകരണങ്ങളും
സാമുവൽ അമ്പാട്ടിന്റെ റിപ്പോർട്ടുകൾ തയ്യാറാക്കപ്പെട്ട കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹികഘടന ജാതിയാൽ നിർണ്ണയിക്കപ്പെട്ടതായിരുന്നു. തൊഴിൽ വിഭജനം, സാമൂഹികപദവി, അവകാശങ്ങൾ എന്നിങ്ങനെ മിക്ക കാര്യങ്ങളും ജാതിയുടെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കപ്പെട്ടിരുന്നത്. സാമുവൽ അമ്പാട്ടിന്റെ റിപ്പോർട്ടുകളിൽ ഉത്തരമലബാറിലെ സാമൂഹികജീവിതം കടന്നുവരുന്ന സന്ദർഭങ്ങളിൽ ജാതി, സാമൂഹികബന്ധങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ കാണാം. പിണറായി, കൂത്തുപറമ്പ്, കരയേറ്റ, ഇരട്ടിക്കടവ്, കൊണ്ടേറ്റ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെക്കുറിച്ച് വിവരിക്കുന്നതിനിടയിൽ റിപ്പോർട്ടിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:
“മേൽപ്പറഞ്ഞ ദേശങ്ങളിൽ പാർക്കുന്നവർ അധികം തിയ്യരാകുന്നു. ഇവർ ഞങ്ങളെ മമതയോടെ കൈക്കൊണ്ടു തങ്ങളുടെ വീടുകളിൽ ഒരു മുറിയോ കോലായിയോ പാർപ്പാൻ സമ്മതിച്ചു തരികയും ചെയ്തിരിക്കുന്നു. അവരുടെ ഭവനങ്ങളിൽ ഒരു മുറി ഞങ്ങൾക്ക് ഏൽപ്പിക്കുന്നത് പ്രത്യേകം നാട്ടുപുറത്തുള്ളവർക്ക് ജാതി നിമിത്തം കുറേ വിരോധമായ കാര്യമായിരുന്നാലും ചിലർ അത് കൂട്ടാക്കാതെ അജ്ഞാനം ഒഴിച്ചു ഞങ്ങളെ ചെപ്പാൻ ധൈര്യപ്പെട്ടത് ഞങ്ങൾക്ക് വളരെ സന്തോഷമായിരുന്നു” (സാമുവൽ അമ്പാട്ട്,1889:39).
കേരളത്തിൽ അക്കാലത്ത് നിലനിന്നിരുന്ന ജാതിചിന്ത മിഷണറിപ്രവർത്തനങ്ങൾക്ക് പലതരത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നതായ് ഇവിടെ വ്യക്തമാകുന്നു. അതിനു വിരുദ്ധമായി തിയ്യസമുദായത്തിൽപ്പെട്ട ആളുകൾ തങ്ങളെ അവരുടെ വീട്ടിൽ താമസിപ്പിച്ചപ്പോൾ അതിനെ ഒരു ‘ധൈര്യമുള്ള’ പ്രവൃത്തിയായി റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നു. ഇവിടെ ‘അജ്ഞാനം ഒഴിച്ച്’ എന്ന പ്രയോഗം ആഖ്യാനത്തിനകത്ത് സവിശേഷ ശ്രദ്ധയർഹിക്കുന്നു. പാശ്ചാത്യ അറിവുകളെ മഹത്വവൽക്കരിക്കുന്നതിനും പൗരസ്ത്യദേശത്തെയും അവിടുത്തെ അറിവുരൂപങ്ങളെയും അധമവൽകരിക്കുന്നതിനും വേണ്ടി കൊളോണിയൽപ്രത്യയശാസ്ത്രം മിക്കപ്പോഴും ഉപയോഗിക്കാറുള്ളതാണ് ജ്ഞാനം/ അജ്ഞാനം എന്ന ദ്വന്ദ്വകല്പന. കേരളീയസമൂഹഘടനയെ നിർണ്ണയിച്ചിരുന്ന ജാതിവ്യവസ്ഥയെയും അതിന്റെ പ്രയോഗങ്ങളെയും അജ്ഞാനമായി ചൂണ്ടികാണിക്കുകവഴി ജ്ഞാനം എന്ന സങ്കൽപ്പത്തിനകത്ത് കൊളോണിയൽ പ്രത്യയശാസ്ത്രത്തെ സാധൂകരിച്ചെടുക്കുന്ന സമീപനം ഇവിടെ കാണാം.
തദ്ദേശീയരും ഇതരമതസ്ഥരുമായവരെ തങ്ങളെക്കാൾ താഴ്ന്ന, അപരിഷ്കൃതരായ ആളുകളായാണ് കൊളോണിയൽ – മിഷണറിനോട്ടപ്പാടിൽ പരിഗണിക്കപ്പെട്ടിരുന്നത്. തദ്ദേശീയരെ പലപ്പോഴും സംബോധന ചെയ്യുന്നതിൽ ഈ മേൽ-കീഴ് ബോധം പ്രതിഫലിക്കുന്നത് കാണാനാവും. ഒന്നാമത്തെ അർദ്ധവാർഷിക റിപ്പോർട്ടിൽ കരയേറ്റ, ഇരട്ടിക്കടവ് എന്നീ പ്രദേശങ്ങളിൽ സുവിശേഷപ്രചരണത്തിനായി പോയതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുതഭാഗത്ത് ‘കാട്ടുവാസികൾ’ എന്ന വാക്കാണ് തദ്ദേശീയരെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഒന്നാമത്തെ റിപ്പോർട്ടിൽ തന്നെ മറ്റൊരിടത്ത്, തദ്ദേശീയരെക്കുറിച്ച് നൽകുന്ന വിവരണം ഇങ്ങനെ;
“കണ്ണിൽ കണ്ടതൊക്കെയും തിന്നും കണ്ട കുണ്ടിൽ നിന്നു കുടിച്ചും ജീവിക്കുന്നതിനാൽ ശരീരം ശോഷിച്ചും വയർ തടിച്ചും ഉള്ള ഒരു ആകൃതിയാണ് അവർക്കുള്ളത്. ഇത് അവരുടെ സ്വഭാവവിശ്വാസങ്ങളിലും കാണായ് വന്നിരിക്കുന്നു. ” (സാമുവൽ അമ്പാട്ട്,1889: 43).
ആ കാലഘട്ടത്തിലെ കേരളത്തിലെ ജീവിതസാഹചര്യങ്ങളുടെ പരിമിതിയും ദാരിദ്ര്യാവസ്ഥയും ഈ വിവരണത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. ആ നിലയിൽ ഈ റിപ്പോർട്ട് സാമൂഹികചരിത്രരചനയ്ക്ക് ഉപാദാനമായി മാറുന്നു. എന്നിരിക്കിലും ‘കാട്ടുവാസികൾ’ എന്ന സംബോധനയും ഈ വിവരണവും ചേർത്തുവായിക്കുമ്പോൾ, മിഷണറിമാർക്കും തദ്ദേശീയർക്കും ഇടയിൽ ഒരു മേൽ -കീഴ് ബന്ധക്രമം ആഖ്യാനത്തിൽ രൂപപ്പെടുന്നതായി കാണാനാവും. ഈ വിവരണത്തിൽ തദ്ദേശീയരുടെ ജീവിതരീതിയെ ശാരീരികസവിശേഷതകളുമായി ബന്ധപ്പെടുത്തി വിലയിരുത്തുകയാണ് ചെയ്യുന്നത്. അതോടൊപ്പം അവരുടെ ‘സ്വഭാവവിശ്വാസങ്ങളു’മായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി തദ്ദേശീയരുടെ ജീവിതം അങ്ങേയറ്റം അപരിഷ്കൃതമായ ഒന്നാണെന്നും അവരെ അതിൽ നിന്ന് മോചിപ്പിക്കാനാണ് വിശ്വാസപരിവർത്തനത്തിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്നും സാധൂകരിക്കാൻ ഈ റിപ്പോർട്ടിനു സാധിക്കുന്നു. ഇത്തരത്തിൽ രൂപത്തെ വെച്ചുകൊണ്ട് ആളുകളെ വിലയിരുത്തുന്ന വിവരണങ്ങൾ മറ്റു റിപ്പോർട്ടുകളിലും കാണാനാവും. എട്ടാം അര്ദ്ധവാർഷികറിപ്പോർട്ടിൽ, മട്ടന്നൂർ തങ്ങൾ എന്നറിയപ്പെടുന്ന, ജന്മിയും തങ്ങൾസ്ഥാനിയുമായ ഒരു ബ്രാഹ്മണനെ കാണാൻ പോയതിനെ കുറിച്ച് പരാമർശിക്കുന്നു. “കുറേ അടുത്തുചെന്നപ്പോൾ ആൾ ഒരു കുടവയറനും കറുത്തുതടിയനും കഷണ്ടി തലയനും ആണെന്ന് കണ്ടു ഉള്ളിൽ കുറേ ചിന്തിച്ചു പോയി” (സാമുവൽ അമ്പാട്ട്:108) എന്നിങ്ങനെയാണ് അയാളെ റിപ്പോർട്ടിൽ അടയാളപ്പെടുത്തിയിരിക്കുന്നത് .
രണ്ടാം അർദ്ധവാർഷിക റിപ്പോർട്ടിൽ സുവിശേഷപ്രചരണത്തിനായി ഒരു നമ്പൂതിരിയുടെ ഇല്ലത്ത് പോയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ നമ്പൂതിരി വേണ്ടത്ര പരിഗണന ഇവർക്ക് നൽകുന്നില്ല. അതിനിടയിൽ അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന നായർ സമുദായത്തിൽപ്പെട്ട ആളുകൾ മിഷണറിയുടെ വാക്കുകൾ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു:
“ദൈവഭക്തി നിങ്ങൾ പറയും പ്രകാരം ആയിരുന്നാലെ ഗുണമുള്ളു എന്നു നമ്പൂരി കേൾക്കേ പറഞ്ഞതു നമ്പൂരിയെ ലജ്ജിപ്പിച്ചു. ഞങ്ങൾക്കു ആശ്ചര്യവും ആയി. ഒരു നായർ ഇല്ലത്തുവെച്ചു ഇപ്രകാരം പറയുന്നതു ചെറുകാര്യമല്ലല്ലോ.” (സാമുവൽ അമ്പാട്ട്, 1889:50).
‘ഒരു നായർ’, ‘ഇല്ലത്തുവെച്ചു’ ഒരു നമ്പൂതിരിയുടെ മുന്നിൽ വെച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ‘ചെറുകാര്യമല്ല’-എന്ന മിഷണറിയുടെ നിരീക്ഷണം, നമ്പൂതിരി, നായർ എന്നീ സമുദായങ്ങൾക്കിടയിൽ നിലനിന്നിരുന്ന സാമൂഹികപദവിവ്യത്യാസത്തെയും അതിന്റെ പെരുമാറ്റപരമായ നിയന്ത്രണങ്ങളെയും സൂചിപ്പിക്കുന്നു. അതായത്, ജാതി കേവലം ആചാരപരമായ വിഭജനം മാത്രമായിരുന്നില്ല; സംസാരിക്കാനുള്ള അവകാശം, അഭിപ്രായപ്രകടനത്തിന്റെ സ്വാതന്ത്ര്യം, പരസ്പരഇടപെടലിന്റെ രീതികൾ എന്നിവയെയും നിർണയിച്ചിരുന്ന ഒരു സാമൂഹിക അധികാരക്രമമായിരുന്നു. ഈ അധികാരഘടനയ്ക്ക് കൂടിയാണ് ഇവിടെ ഭംഗം സംഭവിക്കുന്നത്. അതിന് ഇടനിലയായി പ്രവർത്തിക്കുന്നതാകട്ടെ ഒരു മിഷണറിസംഘവും. അതായത് പ്രാദേശികമായ സാമൂഹികാധികാരഘടനയെ തകർക്കാൻ കെല്പുള്ള തിരുത്തൽശക്തിയായ് മിഷണറിയെ സ്ഥാനപ്പെടുത്തുകയാണ് ഈ ആഖ്യാനത്തിലൂടെ. ഇപ്രകാരം പ്രസ്തുത റിപ്പോർട്ടിന്റെ ആഖ്യാനരീതിയും കൊളോണിയൽപ്രത്യയശാസ്ത്രത്തെ ഉൾവഹിക്കുന്നുണ്ടെന്നു കാണാം.
രണ്ടാം അർദ്ധവാർഷികറിപ്പോർട്ടിൽ അക്കാലത്ത് താഴ്ന്നജാതിയായി പരിഗണിക്കപ്പെട്ടവരിൽ പ്രചാരത്തിലുണ്ടായിരുന്ന പേരിടൽരീതിയെക്കുറിച്ചുള്ള വിവരണം കാണാനാവും. സുവിശേഷപ്രസംഗത്തിനായി ഒരു വീട്ടിൽ എത്തിയപ്പോൾ അവിടെയുള്ള പെൺകുട്ടിയുടെ പേര് ചപ്പില എന്നാണെന്ന് മിഷണറിമാർ മനസ്സിലാക്കുന്നു. നല്ല പേരുകൾ കുട്ടികൾക്ക് നൽകിയാൽ യമദൂതന്മാരെ അയക്കുന്ന ചിത്രഗുപ്തന്റെ ശ്രദ്ധയിൽ അവർ പെട്ടെന്ന് ഉൾപ്പെടുമെന്നും അതുവഴി കുട്ടികൾക്ക് ആയുസ്സ് കുറയും എന്നുമുള്ള വിശ്വാസം തദ്ദേശീയമായി നിലനിന്നിരുന്നു. റിപ്പോർട്ടിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“ചപ്പില- പിറുക്ക് – കാക്കച്ചി – കൊറുണ്ട് – നൂറുമ്പ് എന്നീ പേരുകളാണ് വേഗം കണ്ണിൽ പെട്ടുപോകുന്നത്, അവർക്കു ആയിസ്സു കുറയും എന്നിങ്ങനെയുള്ള ഒരു വെറും വാക്ക് നടപ്പുണ്ട്. അതു വിശ്വസിച്ചിട്ടാണ് ആളുകൾ ഇമ്മാതിരി പേരിടുന്നതു” (സാമുവൽ അമ്പാട്ട്, 1889:52).
അക്കാലത്തെ ജാതിവ്യവസ്ഥയെയും അതിനകത്ത് രൂപപ്പെട്ടിരുന്ന സാമൂഹികവും സാംസ്കാരികവുമായ ജീവിതരീതികളെയും മനസ്സിലാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു സൂചനയായി ഇതിനെ കണക്കാക്കാം. സാമൂഹികമായി അധഃസ്ഥിതരായി കണക്കാക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് ഇത്തരം പേരുകൾ നൽകുന്ന പതിവിനെക്കുറിച്ചുള്ള ഈ പരാമർശം, പേരിടൽ എന്ന വ്യക്തിപരമായ ആചാരത്തെ അടയാളപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. അവരുടെ ഈ വിശ്വാസം തെറ്റാണ് എന്ന് മിഷണറിമാർ തിരുത്തുക കൂടി ചെയ്യുന്നതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ തദ്ദേശീയവിശ്വാസത്തെ അന്ധവിശ്വാസം എന്ന നിലയിലേക്ക് സ്ഥാനപ്പെടുത്തുകയും അതിനുപകരമായി ക്രിസ്തീയദർശനങ്ങളെ യുക്തിസഹവും സത്യവുമായ അറിവായി സ്ഥാപിക്കുകയും ചെയ്യുകയാണ് മിഷണറിമാർ. കുട്ടികളുടെ വിദ്യാഭ്യാസത്തെയും വളർത്തൽരീതികളെയും കുറിച്ചുള്ള പരാമർശവും തുടർന്നുള്ള ഭാഗത്ത് കാണാനാവും. തദ്ദേശീയരായ മാതാപിതാക്കൾ കുട്ടികളെ നരകം, സ്വർഗം തുടങ്ങിയ ആശയങ്ങളെ കുറിച്ച് പഠിപ്പിക്കുന്നില്ലെന്നും കുട്ടികൾ വികൃതി കാണിച്ചാൽ അച്ഛന്റെയോ കാരണവരുടെയോ ഗുരുക്കളുടെയോ പേർ പറഞ്ഞു ഭയപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് മിഷനറിമാർ പറഞ്ഞ ഈ ആശയം മാതാപിതാക്കൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. “നിങ്ങളുടെ കൂട്ടുകാർക്കു ഈ മാതിരി അറിവുകളൊക്കെയും ഉണ്ടു. അവർ കുട്ടികളെ വളർത്തുമ്പോലെ ആർക്കു വളർത്താൻ കഴിയും. ഞങ്ങൾക്കു കുട്ടികൾക്കു കുറെ പൊന്നും വെള്ളിയും അണിയിച്ചു നടത്തുവാൻ സാധിച്ചാൽ ഒക്കെ സാധിച്ചു പോയെന്ന് വിചാരിക്കുന്നു. നിങ്ങളോ മക്കൾക്കു പഠിപ്പും അറിവും കൊടുപ്പാൻ ശ്രമിക്കുന്നു. അതുതന്നെയാണ് വേണ്ടത്. അതിനിത്ര ഞങ്ങളെ കൊണ്ടു കഴികയില്ലല്ലോ. ഞങ്ങളെ ദൈവം ഇതിൽ തന്നെ ആക്കി കളഞ്ഞില്ലേ” (സാമുവൽ അമ്പാട്ട്,1889:54). എന്നിങ്ങനെ ആ വീട്ടുകാർ പറഞ്ഞതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ കുട്ടികളുടെ വളർത്തൽരീതി, വിദ്യാഭ്യാസം എന്നിവയെ മിഷണറിപ്രത്യയശാസ്ത്രയുക്തിയുടെ അടിസ്ഥാനത്തിലാണ് അവതരിപ്പിക്കുന്നത്. തദ്ദേശീയമായ രക്ഷാകർതൃരീതികളെ അപര്യാപ്തമായ ഒന്നായി അവതരിപ്പിക്കുന്നു. അറിവിന്റെ അപര്യാപ്തതയോട് ബന്ധപ്പെടുത്തിയാണ് ഇതിനെ വിശദീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവരണം തദ്ദേശീയമായ സാമൂഹികാചാരങ്ങളുടെ ഒരു നിഷ്പക്ഷമായ രേഖപ്പെടുത്തലായി മാത്രം പരിഗണിക്കാനാവില്ല. അറിവ് – അജ്ഞാനം, യുക്തി – അന്ധവിശ്വാസം, പരിഷ്കൃതം – അപരിഷ്കൃതം എന്നീ ദ്വന്ദ്വങ്ങളുടെ രൂപീകരണത്തിലൂടെയാണ് കൊളോണിയൽ-മിഷണറിപ്രത്യയശാസ്ത്രയുക്തി സാധൂകരിക്കപ്പെടുന്നത്.
റിപ്പോർട്ടിലുടനീളം സമുദായത്തിന്റെ പേരിലാണ് വ്യക്തികളെ അടയാളപ്പെടുത്തിയിരിക്കുന്നത്. തീയൻ, മരക്കാൻ, നായർ, നമ്പൂരി, എന്നിങ്ങനെയാണ് കണ്ടുമുട്ടുന്നവ്യക്തികൾ ഓരോരുത്തരെയും രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇസ്ലാംമതവിശ്വാസികളായ ആളുകൾ അധമപ്രതിനിധാനമായാണ് ഈ റിപ്പോർട്ടുകളിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്നത്. 1889 – ലെ ഒന്നാം അർദ്ധവാർഷിക റിപ്പോർട്ടിൽ, പ്ലേഗ് പ്രചരിച്ച കാലത്ത് തെറ്റായവിവരങ്ങൾ പറഞ്ഞുപരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരായി അവരെ ചിത്രീകരിക്കുന്നു.
കൊളോണിയൽ പ്രത്യയശാസ്ത്രം സ്ഥാപിക്കാനായി തദ്ദേശീയമായരീതികളെ അധമമാക്കി അവതരിപ്പിക്കുന്നതും ഈ രേഖകളിലുടനീളം കാണാനാവും. തദ്ദേശീയരായ ആളുകൾ സദാചാരരഹിതമായജീവിതം നയിക്കുന്നതിന് കാരണം അവരുടെ മതവിശ്വാസത്തിന്റെ പോരായ്മയാണെന്നും ക്രിസ്തുമാർഗ്ഗത്തിലേക്കുമാറൽ മാത്രമാണ് അതുമാറ്റാനുള്ള പോംവഴി എന്നും പറഞ്ഞുകൊണ്ട് മിഷണറിപ്രത്യയശാസ്ത്രത്തെ സാധൂകരിക്കുന്ന സന്ദർഭങ്ങൾ സാമുവൽ അമ്പാട്ട് അയച്ച റിപ്പോർട്ടിൽ ഉണ്ട്. ഇരട്ടിക്കടവ് എന്ന പ്രദേശത്തെ സഞ്ചാരത്തിനിടയിൽ, സ്വദേശിയും അൻപതുവയസിലേറെ പ്രായവുമുള്ള ഒരു നായർസമുദായാംഗം മിഷണറിമാരെ പരിചയപ്പെടുകയും തനിക്ക് ബാല്യം മുതൽ ഉള്ള തെറ്റായ സ്വഭാവത്തെ തുറന്നുപറയുകയും ചെയ്യുന്നതായി പറയുന്നുണ്ട്. പരസ്ത്രീകളുമായുള്ള ബന്ധത്തെയാണ് ആ വ്യക്തി തന്റെ ദുർഗുണം എന്ന് പറയുന്നത്. താൻ ശ്രീകൃഷ്ണന്റെ പിറന്നാളിലാണ് ജനിച്ചതെന്നും അതുകൊണ്ടുതന്നെ ഈ ദോഷം തന്നെ വിട്ടു പോവുകയില്ല എന്നും ഓരോരുത്തരുടെയും ജനനദശ പോലെയല്ലാതെ കാര്യങ്ങൾ നടക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും അയാൾ മിഷണറി സമക്ഷം അവതരിപ്പിക്കുന്നു. തുടർന്ന് തദ്ദേശീയരുടെ മതവിശ്വാസത്തിന്റെ പ്രശ്നമാണത് എന്ന് സ്ഥാപിക്കാനാണ് സുവിശേഷസംഘം ശ്രമിക്കുന്നത്. “കൃഷ്ണപ്പാട്ടു വായിച്ചാൽ പാപത്തോടു സ്നേഹം വർദ്ധിക്കുന്നതല്ലാതെ ദ്വേഷം ഉണ്ടാകയില്ല.”(സാമുവൽ അമ്പാട്ട്, 1889:43). ഇവിടെ പ്രസ്തുതവിഷയത്തെ വ്യക്തിയുടെ സ്വഭാവത്തിലെ പ്രശ്നമായല്ല പരിഗണിക്കുന്നത്. തദ്ദേശീയമായ മതവിശ്വാസങ്ങൾക്ക് ധാർമ്മികത കുറവാണെന്ന് പറഞ്ഞുവെക്കുകവഴി ക്രിസ്തുമതമൂല്യങ്ങളാണ് ഏറ്റവും മികച്ചതെന്ന് സ്ഥാപിക്കുകയാണ്. പൗരസ്ത്യമായവയെയെല്ലാം അധമവൽകരിച്ചുകൊണ്ട് പാശ്ചാത്യമായവയെ മേൽത്തട്ടിൽ പ്രതിഷ്ഠിക്കുവാനുള്ള കൊളോണിയൽപ്രത്യയശാസ്ത്രയുക്തി തന്നെയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
തദ്ദേശീയ സാമൂഹികജീവിതത്തെ രേഖപ്പെടുത്തുന്നതിനിടയിൽ പ്ലേഗ്, വസൂരി, ക്ഷയം തുടങ്ങിയ അസുഖങ്ങളും അവ അക്കാലത്തെ മനുഷ്യരിലുണ്ടാക്കിയ ഭീതിയും രോഗാനുഭവങ്ങളും റിപ്പോർട്ടിൽ പലയിടത്തായി പരാമർശമായി കടന്നുവരുന്നുണ്ട്. എട്ടാം അർദ്ധവാർഷിക റിപ്പോർട്ടിൽ, “തളിപ്പറമ്പ് ഉത്സവകാലം വസൂരി ദീനത്താൽ ഒരു ദുഷ്കാലമായിരുന്നതുകൊണ്ടു പതിവുപോലെ അധികദിവസത്തോളം ആൾ കൂടിയിരുന്നില്ലെങ്കിലും മുഖ്യദിവസങ്ങളിൽ അനവധി ജനം ഉണ്ടായിരുന്നു. യാതൊരു എതിർ പ്രസംഗിയും ഇപ്രാവശ്യം ഉണ്ടായില്ല എന്നും ഞങ്ങൾ വെറും മാനുഷഭയത്താൽ മാത്രം പ്രവർത്തിക്കുന്നവരല്ല എന്നും വസൂരി ഉള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ ജനങ്ങൾ ഞങ്ങളെ ഭയപ്പെടുത്തിയിട്ടും ഞങ്ങൾ അധികം ഭീരുത്വം കാണിക്കാതെ അവരുടെ ഇടയിൽ പ്രവർത്തിച്ചതിനാലും ബോധ്യമായിരിക്കുന്നു”(സാമുവൽ അമ്പാട്ട്:113). എന്ന പരാമർശമുണ്ട്. ഇവിടെ വസൂരി അക്കാലത്തെ ജനജീവിതത്തെ എപ്രകാരമാണ് ബാധിച്ചതെന്ന് വ്യക്തമാകുന്നു. ഒന്നാം അർദ്ധവാർഷികറിപ്പോർട്ടിൽ ഛർദ്ദി, അതിസാരം എന്നിവ ബാധിച്ച് മൂന്നുപേർ മരിച്ച പിണറായിപ്രദേശത്തെ വീട്ടിൽ മാസങ്ങൾക്ക് ശേഷവും ആളുകൾ താമസിക്കാൻ ഭയന്നതിനെക്കുറിച്ചും അവിടെ മിഷണറിമാർ താമസിച്ചതിനെക്കുറിച്ചും പരാമർശം ഉണ്ട്. ഒന്നാം അർദ്ധവാർഷിക റിപ്പോർട്ട്, പ്ലേഗ് ലോകംമുഴുവൻ പടർന്നുപിടിച്ച സാഹചര്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. “പ്ലേഗ് എന്ന മഹാമാരി രോഗനിവാരണത്തിനായി കീറിവയ്ക്കുന്ന പ്രയോഗം ഒന്നു അങ്ങെങ്ങാനും നടക്കുന്ന വിവരം ഇവിടെയുള്ള ചില മാപ്പിളമാർ ഒരു വല്ലാത്ത ധൂർത്താക്കി രാജ്യത്തിൽ പരത്തിയിരുന്നതു കൊണ്ടു നാട്ടുപുറത്തുള്ള പെണ്ണുങ്ങൾ പ്രത്യേകം വളരെ പേടിയോടെ ഇരിക്കുമ്പോളാണ് അവരുടെ ഭവനങ്ങളിൽ കടന്നുചെന്നിരുന്നതു” (സാമുവൽ അമ്പാട്ട്,1889:45). അക്കാലത്തെ ജനങ്ങൾ ഈ അസുഖത്തെ പേടിച്ചിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. പുരുഷന്മാരുടെ കയ്യിൽ നിന്നും സ്ത്രീകളുടെ കാലിൽ നിന്നും ഓരോ ഞരമ്പ് വലിച്ചെടുത്ത് അവിടെ ഒരു മരുന്നു കടത്തുകയും ആളുകൾ അതിനെ തുടർന്ന് മരിക്കുകയും ചെയ്യും എന്ന തെറ്റായ പ്രചരണം മാപ്പിള സമുദായത്തിൽപ്പെട്ട ആളുകൾ നടത്തിയെന്നും അതിനെ തുടർന്ന് സുവിശേഷപ്രചാരകരെ കാണുമ്പോൾ സ്ത്രീകളും മറ്റുള്ളവരും ഓടിയൊളിച്ചുവെന്നും റിപ്പോട്ടിൽ പരാമർശിക്കുന്നു. ഇവിടെ രോഗത്തോടും ആധുനികചികിത്സയോടുമുള്ള തദ്ദേശീയരായ ആളുകളുടെ പേടിയാണ് അടയാളപ്പെടുത്തുന്നത്. മുസ്ലിംസമുദായത്തിൽപ്പെട്ട ആളുകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നതും കാണാനാവും .
ചാലിൽ പ്രദേശത്തെ ഒരു മുക്കുവച്ചേരി സന്ദർശിച്ചതായി രണ്ടാം അർദ്ധവാർഷിക റിപ്പോർട്ടിൽ പരാമർശമുണ്ട്. അവിടെവെച്ച് ക്ഷയരോഗത്താൽ കിടപ്പിലായ ഒരു മുക്കുവ പ്രമാണിയെ മിഷണറിസംഘം കണ്ടുമുട്ടുന്നു. രോഗിക്ക് ആവശ്യമായ പരിചരണങ്ങൾ ബന്ധുക്കൾ നൽകുന്നുണ്ടായിരുന്നു. അവിടെ സുവിശേഷമറിയിക്കുന്ന മിഷണറിമാർ, ഭൗതികമായ പരിചരണങ്ങളും ഔഷധങ്ങളും രോഗിക്ക് യഥാർത്ഥ ആശ്വാസം നൽകാൻ പ്രാപ്തമല്ലെന്നു സ്ഥാപിക്കുകയും ക്രിസ്തീയവിശ്വാസത്തെ എല്ലാത്തിനുമപ്പുറമുള്ള ആത്മീയ ആശ്വാസമായി അവതരിപ്പിക്കുകയും ചെയ്യുന്നത് റിപ്പോർട്ടിൽ കാണാനാകും.
കാസർകോടുതാലൂക്കിൽ മിഷൻ പ്രവർത്തനങ്ങൾക്കായി പോയതിനെക്കുറിച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “…ഇംഗ്ലീഷ് സർക്കാർ വിദ്യാഭ്യാസം മേൽപ്പറഞ്ഞ താലൂക്കുകളിൽ കുറെ ദുർല്ലഭമായി പോയതുകൊണ്ടു തെക്കേ മലയാളത്തിൽ നാഗരീകത്വം വർദ്ധിച്ചിടത്തോളം നീങ്ങിപ്പോയ ഭൂതങ്ങൾ, തെയ്യങ്ങൾ തുടങ്ങിയുള്ള പിശാചുക്കളൊക്കെയും നാടുവിട്ടു ആ താലൂക്കിൽ കുടിയേറി പാർത്തിരിക്കുന്നു എന്ന തോന്നുന്നു.”(സാമുവൽ അമ്പാട്ട്, 1889:50). ഇവിടെ ‘നാഗരികത’ എന്ന സങ്കൽപത്തെ ഇംഗ്ലീഷ്സർക്കാർവിദ്യാഭ്യാസത്തിന്റെ വ്യാപനവുമായി ബന്ധപ്പെടുത്തുന്നതു കാണാം. ഇംഗ്ലീഷ് രീതിയിലുള്ള ആധുനികവിദ്യാഭ്യാസം കുറഞ്ഞ മേഖല ആയതുകൊണ്ടാണ് അവിടെ ഇത്തരം രീതികൾ നിലവിലുള്ളത് എന്നാണ് പറയുന്നത്. ഇതോടൊപ്പം, “അവിടെ തെക്കും വടക്കും ഉള്ള ഭൂതങ്ങൾ ഒക്കയും വന്നു കുടിയിരിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ ആ താഴ്വര ഭൂതങ്ങൾക്കു നല്ല പൊറുതി. ഇതു നിമിത്തമായി അജ്ഞാനം, മൂഢഭക്തി, ഭൂതഭക്തി എന്നിവ കുറെ അധികം കലശലായി കാണുന്നു. സുവിശേഷകേൾവിക്കുള്ള ഒരു തടസ്ഥം ഇതുതന്നെ” (സാമുവൽ അമ്പാട്ട്, 1889:50) എന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. ഇവിടെ ഉത്തരകേരളത്തിലെ വിദ്യാഭ്യാസക്കുറവിനെ പ്രാദേശികമായ ഭൂത–തെയ്യം വിശ്വാസങ്ങളുടെ നിലനിൽപ്പുമായി ബന്ധിപ്പിക്കുകയും, അത്തരം വിശ്വാസങ്ങളെ ‘അജ്ഞാനം’, ‘മൂഢഭക്തി’, ‘ഭൂതഭക്തി’ എന്നീ പ്രയോഗങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അതുവഴി വിദ്യാഭ്യാസം – നാഗരികത – യുക്തിബോധം എന്നിവ ഒരു വശത്തും അജ്ഞാനം – മൂഢഭക്തി – പ്രാദേശികവിശ്വാസം എന്ന മറുവശത്തും നിലകൊള്ളുന്ന ഒരു ദ്വന്ദ്വഘടന ആഖ്യാനത്തിൽ രൂപപ്പെടുന്നു. പ്രാദേശികവിശ്വാസരീതിയെ ഒരു സാംസ്കാരിക സവിശേഷതയായി രേഖപ്പെടുത്തുന്നതിന് പകരം അവയെ നാഗരികതയ്ക്ക് നേരെതിരായ് നിൽക്കുന്ന ഒന്നായ് പ്രതിഷ്ഠിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും ക്രിസ്തീയസുവിശേഷപ്രവർത്തനത്തെയും ‘നാഗരികത’, ‘അറിവ്’, ‘പരിഷ്കാരം’ എന്നിവയുടെ പ്രതിനിധാനമായി സ്ഥാപിക്കുകയും അതിനു പുറത്തുള്ള പ്രാദേശിക വിശ്വാസങ്ങളെ മാറ്റത്തിനും പരിഷ്കരണത്തിനും വിധേയമാകേണ്ട സാമൂഹികഘടകങ്ങളായി പ്രതിനിധീകരിക്കുകയും ചെയ്യുന്ന കൊളോണിയൽ–മിഷണറി പ്രത്യയശാസ്തനിബദ്ധമായ ജ്ഞാനനിർമിതിയാണ് ഇവിടെ കാണാനാവുക.
ഏഴാം അർദ്ധവാർഷികറിപ്പോർട്ടിൽ, തിയ്യ സമുദായത്തിൽപ്പെട്ട ഒരു ജ്യോതിഷവിദഗ്ദ്ധനെ പരിചയപ്പെട്ടതിനെക്കുറിച്ച് പരാമർശമുണ്ട്. കാലത്തെക്കുറിച്ച് ചില സംഗതികൾ പറയുന്നതല്ലാതെ മനുഷ്യന്റെ ആയുസ്സ്, സ്വഭാവം എന്നിവയെക്കുറിച്ച് അതിന് യാതൊന്നും പറയാൻ കഴിയില്ലെന്നും അതൊക്കെ ഊഹങ്ങൾ മാത്രമാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ മിഷണറിമാർ ശ്രമിക്കുന്നതായി റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : “…അങ്ങനെ ഇരിക്കുമ്പോൾ ഞങ്ങൾ താമസിക്കുന്ന ഭവനത്തിൽ തന്നെ രോഗവശാൽ മൂന്നുനാലു കുറി പ്രശ്നം വെപ്പിച്ചു നോക്കുവാൻ ഇടയായി. ആ സമയങ്ങളിൽ ഒക്കെയും ജ്യോതിഷക്കാരൻ പറഞ്ഞത് പ്രത്യക്ഷമായി ഓർക്കാതെ പോയതുകൊണ്ടും ജ്യോതിഷക്കാരനെ കൂട്ടാക്കാതെ വൈദ്യൻ മരുന്നു കൊടുത്തു രോഗിക്ക് സുഖമാകും എന്ന് പരീക്ഷിച്ചത് സാധിച്ചത് കൊണ്ടും ജ്യോതിഷക്കാരൻ വിഷണ്ഡനായി തലതാഴ്ത്തി കുത്തിരിക്കേണ്ടി വന്നു.” (സാമുവൽ അമ്പാട്ട്:102). ഇവിടെ തദ്ദേശീയമായവിശ്വാസങ്ങളുടെ നിരർത്ഥകത ബോധ്യപ്പെടുത്തുകയും ചികിത്സ എന്ന ആധുനികവും ശാസ്ത്രീയവുമായ രീതിയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. “ .. അതിൽ ഒരു ജോത്സ്യൻ എന്നോട് ലജ്ജയോടെ പറഞ്ഞത് – ഞാൻ വെറുതെ ഈ വിദ്യ പഠിക്കാൻ തുടങ്ങിയതു. ഇതിനുപകരം വൈദ്യമായിരുന്നു നല്ലതു. നിങ്ങൾ പറഞ്ഞത് എനിക്ക് നല്ലവണ്ണം ബോധ്യമായി. ഇതു മനുഷ്യർക്ക് ഉപദ്രവം ചെയ്യുന്ന തൊഴിൽ മാത്രമാണ് – എന്നിങ്ങനെ ആയിരുന്നു” (സാമുവൽ അമ്പാട്ട്: 102) എന്നും റിപ്പോർട്ടിന്റെ അവസാനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം, മനസ്സിലാക്കിക്കൊടുത്ത കാര്യത്തിന് സ്വദേശിയുടെ കൂടെ അംഗീകാരം ലഭിച്ചുവെന്ന നിലയിലാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
എട്ടാം അർദ്ധവാർഷികറിപ്പോർട്ട് സുവിശേഷപ്രചരണത്തിനായി പയ്യർമല എന്ന സ്ഥലത്ത് യാത്ര ചെയ്തതിനെക്കുറിച്ചും അവിടെ മുത്തപ്പൻ എന്ന പ്രാദേശിക ദൈവത്തെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതിനെക്കുറിച്ചും പരാമർശമുണ്ട്. “ഈ ദിക്കുകാർക്ക് ഈ മുത്തപ്പന്റെ വർത്തമാനം അല്ലാതെ മറ്റൊന്നുമില്ല. മുത്തപ്പൻ ഇവരെ കാക്കുന്നു. പുലർത്തുന്നു എന്നാണ് വിശ്വാസം. അജ്ഞാനം വളരെ ഉണ്ട്. മലഞ്ചെരിവ് ആയതുകൊണ്ട് അരുവികൾ ധാരാളം ഒഴുകുന്നുണ്ടു. അവയ്ക്കരികിൽ ഭവനങ്ങൾ ഉണ്ടാക്കി പാർക്കുന്നതുകൊണ്ട് കിണർ കുഴിപ്പാൻ ആവശ്യമില്ല. എന്നാൽ അവരുടെ വിചാരം കിണർ കുഴിക്കുന്നതു മുത്തപ്പനും വിരോധം എന്നും കുഴിച്ചാൽ വെള്ളം കാണുകയില്ല എന്നും ആണ്. അങ്ങനെ മലഞ്ചരിവിൽ വളരെ പരന്ന കരിങ്കല്ലുകൾ ഉള്ളതുകൊണ്ടും കാട്ടുവാസികൾക്കു നന്നായി അരച്ചുണ്ടാക്കുന്ന കൂട്ടുവാൻ അത്ര ആവശ്യമില്ലാത്തതുകൊണ്ടും ആ കല്ലുകളിൽ തന്നെ തങ്ങളുടെ അരവ് കഴിക്കുന്നു. ഒരു അമ്മിക്കല്ല് കൊത്തിക്കരുതോ എന്ന് ചോദിച്ചാൽ പാടില്ല മുത്തപ്പന്റെ വിരോധം ഉണ്ടാകും എന്ന് പറയുന്നു. ഇങ്ങനെ പലവിധം ദുർവിശ്വാസം അവർക്കുണ്ട്” ( സാമുവൽ അമ്പാട്ട്:110). ഇവിടെ മുത്തപ്പൻ എന്ന പ്രാദേശികദൈവത്തെയും തദ്ദേശീയരുടെ വിശ്വാസരീതികളെയും അതേപടി രേഖപ്പെടുത്തുകമാത്രമല്ല റിപ്പോർട്ട് ചെയ്യുന്നത്. അവയെ കൊളോണിൽ പ്രത്യയശാസ്ത്രയുക്തിയിലധിഷ്ഠിതമായ മുൻവിധിയോടെ തന്നെയാണ് മിഷണറിമാർ സമീപിക്കുന്നത്. ‘അജ്ഞാനം വളരെ ഉണ്ട്’എന്ന പരാമർശവും ‘കാട്ടുവാസികൾ’ എന്ന സംബോധനയും ഇതിന് നിദർശനമാണ്.
1889-ലെ ഒന്നാം അർദ്ധവാർഷിക റിപ്പോർട്ടിൽ ഉത്തരകേരളത്തിലെ കോട്ടയംരാജവംശത്തിൽപ്പെട്ട രാജാവിന്റെ കോവിലകത്തുപോയതായി പറയുന്നു. അവിടത്തെ ഇളയരാജാവിനെ കണ്ടാണ് സുവിശേഷം അറിയിച്ചത്. താൻ ക്രിസ്തുവിനെ വിശ്വസിച്ചാൽ പിന്നീടെന്താണ് സംഭവിക്കുകയെന്ന രാജാവിന്റെ സംശയത്തിന് മിഷണറിമാർ മറുപടിനൽകിയത് ഇപ്രകാരമാണ്: “..സത്യക്രിസ്ത്യാനികളായിരുന്നാൽ രാജാവെ സ്നേഹിക്കയും അനുസരിക്കയും ചെയ്തിട്ടു രാജ്യത്തിൽ നീതി, ശുദ്ധി, സമാധാനം ചാരിത്ര്യശുദ്ധി എന്നീ ഗുണങ്ങൾ വാഴും”( സാമുവൽ അമ്പാട്ട്,1889:44). ഇവിടെ മതപരിവർത്തനത്തെ വിശ്വാസപരമായ മാറ്റമായി മാത്രമല്ല അവതരിപ്പിക്കുന്നത്. നീതി, ശുദ്ധി, സമാധാനം, ചാരിത്ര്യശുദ്ധി തുടങ്ങിയ സാമൂഹികവും ധാർമ്മികവുമായ മൂല്യങ്ങളെ ക്രിസ്തീയവിശ്വാസവുമായി കണ്ണിചേർത്ത് അവതരിപ്പിക്കുന്നു. ക്രിസ്തുമതത്തെ ഒരു സാമൂഹികക്രമത്തിന്റെയും സദാചാരനിഷ്ഠയുടെയും അടിസ്ഥാനമായി സ്ഥാപിക്കുകയാണിവിടെ.
ഇതേ റിപ്പോർട്ടിൽ തന്നെ, കോട്ടയത്തു രാജാവിനെക്കുറിച്ച് ഇപ്രകാരം പറയുന്നു. “വലിയ ഭാവം നിമിത്തം പലതരക്കാരോടു പരിചയിപ്പാനോ സുഖഭോഗെയും നിമിത്തം വല്ലതും മുഷിഞ്ഞു വായിച്ചറിവാനോ ഈ വക ആളുകൾക്കു മനസ്സിലായ്കയാൽ വളരെ അറിവ് കേടും വിഡ്ഢിത്തങ്ങളും ഇവിടെത്തെ രാജാക്കന്മാരിൽ പ്രത്യക്ഷമാകുന്നു” (സാമുവൽ അമ്പാട്ട്, 1889:45). രാജാവ് തദ്ദേശീയമായ അധികാരകേന്ദ്രമാണ്. പക്ഷേ ഇവിടെ രാജാവിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥാനം പരിഗണിക്കപ്പെടുന്നില്ല. വായനയോടും വിജ്ഞാനസമ്പാദനത്തോടുമുള്ള താൽപ്പര്യമില്ലായ്മയെ അവരുടെ ജീവിതരീതിയോടും സ്വഭാവസവിശേഷതകളോടും ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിലൂടെ തദ്ദേശീയ അധികാരവ്യവസ്ഥയെ, മിഷണറിസമൂഹം അംഗീകരിച്ചിരുന്ന അറിവിന്റെയും പരിഷ്കരണത്തിന്റെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിലയിരുത്തുന്ന സമീപനമാണ് ഇവിടെ പ്രകടമാകുന്നത്. അറിവിന്റെ അപര്യാപ്തതയെയും പരിഷ്കരണത്തിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തദ്ദേശീയസമൂഹത്തെയും അതിലെ അധികാരകേന്ദ്രങ്ങളെയും ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രതിനിധാനങ്ങൾ മിഷണറിഇടപെടലുകൾക്ക് സാമൂഹികവും ധാർമികവുമായ സാധൂകരണം ഉറപ്പുവരുത്തുന്നു.
ഇതേ റിപ്പോർട്ടിൽ തന്നെ തദ്ദേശീയമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരാമർശിക്കുന്നയിടത്തും ഇതേ മിഷണറിവീക്ഷണം കാണാനാവും. അസുഖത്താൽ ആളുകൾ മരിച്ച ഭവനങ്ങളിൽ പിന്നീട് ആളുകൾ താമസിക്കാൻ ഭയപ്പെടുകയും ആ ദോഷം തീർക്കാനായി കോഴിയെയോ ആടിനെയോ ദേവതയ്ക്ക് ബലി കൊടുക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദുർഭൂതങ്ങൾ അതിനെ വിശ്വസിക്കുന്നവർക്ക് മാത്രമേയുള്ളൂവെന്നും തങ്ങളെ അവ ഉപദ്രവിക്കുകയില്ലെന്നും മിഷണറിമാർ നാട്ടുകാരോട് പറഞ്ഞതായി റിപ്പോർട്ടിൽ ചേർത്തിരിക്കുന്നു. കള്ളാടിമുത്തൻ എന്ന പ്രാദേശികദൈവത്തെക്കുറിച്ചും പ്രസ്തുതസന്ദർഭത്തിൽ പരാമർശമുണ്ട്. ആ പ്രാദേശികദൈവത്തിന്റെ ശക്തിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഒരു വൃദ്ധൻ സ്വന്തം ദൈവവിശ്വാസത്തെ പഴിച്ചുപറയുന്നതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
“….ദൈവങ്ങൾക്ക് ഒന്നും ഇക്കാലത്ത് സത്യം ഇല്ലേ. അതൊക്കെ പണ്ടായി. ഇപ്പോൾ വെള്ളക്കാരൻ തന്നെ കാണപ്പെട്ട ദൈവം മറ്റെല്ലാം വെറുതെ – എന്നും മറ്റും സ്വന്ത ദൈവങ്ങളെ പഴിച്ചു പറവാൻ തുടങ്ങി.” (സാമുവൽ അമ്പാട്ട്, 1889:40). ഇവിടെയൊക്കെ പ്രാദേശികമായദൈവവിശ്വാസങ്ങളെയും ബലി തുടങ്ങിയ ആചാരങ്ങളെയും രേഖപ്പെടുത്തുന്നതിനോടൊപ്പം അവയെ മിഷണറിയുക്തിബോധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതായാണ് കാണാനാവുക. പ്രത്യേകിച്ച് “ഇപ്പോൾ വെള്ളക്കാരൻ തന്നെ കാണപ്പെട്ട ദൈവം” തുടങ്ങിയ പരാമർശങ്ങൾ മിഷണറിസാന്നിധ്യം തദ്ദേശീയരുടെ വിശ്വാസലോകത്തിൽ സൃഷ്ടിച്ച മാറ്റത്തെ സൂചിപ്പിക്കുന്നു. ഇപ്രകാരം പരമ്പരാഗതവിശ്വാസക്രമങ്ങളെ മാറ്റത്തിന്റെയും പരിഷ്കരണത്തിന്റെയും പാതയിലേക്കു സ്ഥാനപ്പെടുത്തുക വഴി സാധൂകരിക്കപ്പെടുന്നത് കൊളോണിയൽ-മിഷണറിപ്രത്യയശാസ്ത്രയുക്തി തന്നെ.
ഉപദർശനങ്ങൾ
ബാസൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സാമുവൽ അമ്പാട്ട് തയ്യാറാക്കിയ, മേൽ പഠനവിധേയമാക്കിയ റിപ്പോർട്ടുകൾ പത്തൊൻപതാംനൂറ്റാണ്ടിലെ ഉത്തരമലബാറിലെ സാമൂഹിക-സാംസ്കാരികചരിത്രത്തിന്റെ രേഖപ്പെടുത്തലായി കണക്കാക്കാം. ചരിത്ര രചയിതാക്കളുടെ കർതൃത്വത്തെ രൂപപ്പെടുത്തുന്ന പ്രത്യയശാസ്ത്രപശ്ചാത്തലമാണ് അവരുടെ വിശകലനരീതിയും നിഗമനസ്വഭാവവും നിശ്ചയിക്കുന്നത് എന്നതിനാൽ ചരിത്രത്തിന്റെ സ്വഭാവവും ചരിത്രരചയിതാവിന്റെ പ്രത്യയശാസ്ത്രതാൽപ്പര്യങ്ങൾക്കനുസൃതമായിരിക്കും. ഈ അർത്ഥത്തിൽ, ഉത്തരമലബാറിലെ സാമൂഹികാനുഭവങ്ങളുടെ വിവരശേഖരങ്ങളാകുമ്പോഴും കൊളോണിയൽ-മിഷണറിതാൽപ്പര്യങ്ങളുടെയും അവരുടെ പ്രത്യയശാസ്ത്രസാധൂകരണങ്ങളുടെയും ഉപാധി എന്ന നിലയിലാണ് സാമുവൽ അമ്പാട്ടിന്റെ ചരിത്രവത്കരണസമീപനം നിലയുറപ്പിക്കുന്നത്.
തദ്ദേശീയസമൂഹത്തിന്റെ ജീവിതരീതികളെ അജ്ഞാനം, അന്ധവിശ്വാസം, അപരിഷ്കൃതാവസ്ഥ എന്നിവയുമായി ചേർത്തുവെച്ചാണ് അവതരിപ്പിക്കുന്നത്. തദ്ദേശീയമായമതവിശ്വാസങ്ങളെയും ആചാരങ്ങളെയും യുക്തിരഹിതമോ ധാർമ്മികരഹിതമോ ആയി ചിത്രീകരിക്കുന്നു. തെയ്യം, ഭൂതാരാധന, മുത്തപ്പൻ ആരാധന തുടങ്ങിയ തദ്ദേശീയവിശ്വാസങ്ങളെ അവയുടെ സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് മാറ്റി, മിഷണറിവീക്ഷണത്തിലൂന്നിനിന്നുകൊണ്ട് വ്യാഖ്യാനിക്കുന്നുണ്ട്. തദ്ദേശീയമതവിശ്വാസത്തെ ഇകഴ്ത്തുകയും ക്രിസ്തീയവിശ്വാസത്തിന്റെ മേന്മയെ ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന പ്രവണത റിപ്പോർട്ടുകളിൽ കാണാം. ഇത് മതപ്രചരണത്തിനും പരിവർത്തനത്തിനും സാധൂകരണം നൽകുന്നു. അതുപോലെ ഇംഗ്ലീഷ്വിദ്യാഭ്യാസത്തെ അറിവിന്റെയും നാഗരികതയുടെയും മാനദണ്ഡമായി അവതരിപ്പിച്ചിരിക്കുന്നു.
പാശ്ചാത്യ അറിവുകളെ മഹത്വവൽകരിക്കുന്നതിനും പൗരസ്ത്യദേശത്തെയും അവിടുത്തെ അറിവുരൂപങ്ങളെയും അധമവൽകരിക്കുന്നതിനും വേണ്ടി കൊളോണിയൽപ്രത്യയശാസ്ത്രം മിക്കപ്പോഴും ഉപയോഗിക്കാറുള്ള ജ്ഞാനം/അജ്ഞാനം, പരിഷ്കൃതം/അപരിഷ്കൃതം, ഉത്തമം/അധമം എന്നിങ്ങനെയുള്ള ദ്വന്ദ്വകല്പനകൾ ഈ റിപ്പോർട്ടികളിലും കടന്നുവരുന്നു. തദ്ദേശീയരും ഇതരമതസ്ഥരുമായവരെ തങ്ങളെക്കാൾ താഴ്ന്ന, അപരിഷ്കൃതരായ ആളുകളായി ചിത്രീകരിക്കുന്നത് റിപ്പോർട്ടുകളിൽ കാണാനാവും. തദ്ദേശീയരെ പലപ്പോഴും സംബോധന ചെയ്യുന്നതിലും മുസ്ലിംസമുദായത്തിൽപ്പെട്ട ആളുകളെ ചിത്രീകരിക്കുന്നതിലും ഈ മേൽ-കീഴ്ബോധം പ്രതിഫലിക്കുന്നത് കാണാം.
ചുരുക്കത്തിൽ, ജാതിവ്യവസ്ഥ, പ്രാദേശികമായമിത്തുകൾ,വിശ്വാസങ്ങൾ, ദൈവസങ്കൽപ്പങ്ങൾ, ആചാരങ്ങൾ, ജനവിഭാഗങ്ങളുടെ ശാരീരികസവിശേഷതകൾ മുതലായവയുടെ രേഖപ്പെടുത്തലാകുമ്പോൾ തന്നെ അവ കൊളോണിയൽ-മിഷണറിപ്രത്യയശാസ്ത്രങ്ങളുടെ സാധൂകരണതന്ത്രമായി സാമുവൽ അമ്പാട്ടിന്റെ ചരിത്രാഖ്യാനത്തിനകത്ത് പ്രവർത്തിക്കുന്നു.
ഗ്രന്ഥസൂചി
1. കുറുപ്പ് കെ. കെ. എൻ., സുവിശേഷം ഉത്തരകേരളത്തിൽ, സാഹിത്യപ്രവർത്തക സഹകരണ സംഘം നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം, 2009.
2. ജയപ്രകാശ് രാഘവയ്യ , വിശ്വാസവും വ്യവസായ നവീകരണവും -ബാസൽ മിഷൻ മലബാറിലും ദക്ഷിണ കർണാടകത്തിലും, വിവ. രാധാകൃഷ്ണവാരിയർ കെ., മാതൃഭൂമിബുക്സ്, 2022.
3. ദ മലബാർ ചർച്ച് കൗൺസിൽ, മലയാള ബാസൽമിശ്യൻ സഭയുടെ ചരിത്രസംക്ഷേപം, ദ മലബാർ ചർച്ച് കൗൺസിൽ, 1934 .
4. പവിത്രൻ പി., കോളനിയനന്തരവാദം, കൈരളി ബുക്സ്, 2019
5. പ്രസാദ് പന്ന്യൻ, എഡ്വേർഡ് സെയ്ദ് – പൗരസ്ത്യം പാശ്ചാത്യം കർത്തൃത്വത്തിന്റെ രാഷ്ട്രീയം, സാഹിത്യപ്രവർത്തക സഹകരണ സംഘം, 2017.
6. മോഹൻദാസ് വള്ളിക്കാവ്, മിഷണറിമാരുടെ കേരളം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2023.
7. വിനിൽ പോൾ, അടിമ കേരളത്തിന്റെ അദൃശ്യചരിത്രം, ഡി സി ബുക്സ്,2023.
ഇ -സൂചിക
1. bmarchives.org , May 29, 2026.
അനവദ്യ പി.
ഗവേഷക, മലയാളവിഭാഗം
ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി
കണ്ണൂർ സർവകലാശാല
Email: anavadyap6@gmail.com
Mob: 9562597030
Copyright © 2026 | WordPress Theme by MH Themes
