മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 JULY-SEPTEMBER | VOLUME 02 | ISSUE 03

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

'കുഴി':

തൊഴിലധികാരവും വ്യക്തിശരീരവും

»  ആര്യ അരവിന്ദ്

ID: MRK0042

Published on July 01, 2026

Time: 10:00 AM IST

6 kuzhi
6 kuzhi

പ്രബന്ധസംഗ്രഹം

അധികാരകേന്ദ്രങ്ങൾ എങ്ങനെയാണ് തൊഴിലാളിശരീരത്തെ ഉപയോഗിക്കുന്നതെന്ന് ജേക്കബ് ഏബ്രഹാമിന്റെ “കുഴി” എന്ന കഥ ആധാരമാക്കി പഠിക്കുന്ന പ്രബന്ധമാണിത്. അധ്വാനിക്കുന്നവരുടെ ശരീരത്തിലും വ്യക്തിത്വത്തിലും അവരുടെ തൊഴിലും മറ്റുള്ളവരുടെ തൊഴിലും ചെലുത്തുന്ന അധികാരപ്രയോഗങ്ങളെയാണ് തൊഴിലധികാരം എന്ന സംജ്ഞ കുറിക്കുന്നത്. മുതലാളിത്തം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് മാർക്സിസ്റ്റ് സാഹിത്യവിമർശനത്തിന്റെ സങ്കേതങ്ങളും ഭരണകൂടം തൊഴിലാളിജീവിതത്തിലും ശരീരത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എവ്വിതമാണെന്ന ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോയുടെ ആശയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, കുഴിയെന്ന കഥ മുൻനിർത്തി മനസ്സിലാക്കാൻ ശ്രമിക്കുന്നു. തൊഴിലാൽ വ്യക്തിത്വം നഷ്ടപ്പെടുകയും തൊഴിലുകൊണ്ടുതന്നെ പ്രതിരോധിക്കേണ്ടി വരികയും ചെയ്യുന്ന മനുഷ്യരാണ് കഥയുടെ കേന്ദ്രം. അധികാരകേന്ദ്രിതമായ സാമൂഹ്യവ്യവസ്ഥയിൽ തൊഴിലാളി, തൊഴിൽ, അധ്വാനം, അധികാരം, ലൈംഗികത, ആരോഗ്യം, ആയുസ്സ് തുടങ്ങിയവ ഭരണകൂടത്തിന്റെ ചുമതലയാകുമ്പോൾ അതിന്റെ പിന്നിലെ ലാഭേച്ഛയുടെ രാഷ്ട്രീയം വെളിപ്പെടേണ്ടതുണ്ട്. മുതലാളി മുതലാളിയായും തൊഴിലാളി തൊഴിലാളിയായും എന്നും തുടരുന്ന സാമൂഹ്യഘടന പഠനവിധേയമാക്കുന്നു. കഥയിലെ മനുഷ്യശരീരങ്ങളുടെ ആവിഷ്കാരങ്ങളെ കുറിച്ചുള്ള ചർച്ചയും പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


താക്കോൽവാക്കുകൾ

മാർക്സിസ്റ്റ് സാഹിത്യവിമർശനം, ബയോപവർ, ബയോപൊളിറ്റിക്സ്, ശരീരം, അധ്വാനം, ഭരണകൂടം, അധികാരകേന്ദ്രം , ലൈംഗികവസ്തുവൽക്കരണം (sexual objectification).


ആമുഖം

മനുഷ്യജീവിതം ശാരീരികവും ബൗദ്ധികവും വൈകാരികവുമായ അധ്വാനങ്ങളുടെ ആകെത്തുകയാണ്. അധ്വാനിക്കുന്നു എന്ന സങ്കൽപ്പം പരാർത്ഥമാണ്. ഒരു തൊഴിലാളിയും അവനവനുവേണ്ടി മാത്രമല്ല അധ്വാനിക്കുന്നത്. ‘എല്ലുമുറിയെ പണിയെടുത്ത് പല്ലുമുറിയെ തിന്നുന്ന’ അടിസ്ഥാനവർഗ്ഗത്തെ എവിടെയും കാണാൻ കഴിയില്ല. തന്റെ അധ്വാനഫലത്തിന്റെ നാലിലൊരു പങ്കു മാത്രമേ തൊഴിലാളി പറ്റുന്നുള്ളൂ. ഉത്തരാധുനിക വിഘടനവാദം (postmodern reconstruction), ശരീരം ഭാഷയും സംസ്കാരവും ചേർന്ന് നിർമ്മിക്കുന്ന സ്ഥിരതയില്ലാത്ത ഒന്നാണെന്നും തൊഴിലാളിജീവിതം ദാരിദ്ര്യം, അധ്വാനം എന്നിവയാൽ നിർണയിക്കപ്പെടുന്നു എന്നും പറയുന്നു. അരികുവൽകൃതരുടെ ശരീരം പ്രതിരോധത്തിന്റെ ഭാഗമാണെങ്കിലും അവരുടെ ശരീരത്തിനും അധ്വാനത്തിനും ആരോഗ്യത്തിനും അവകാശി ഭരണകൂടമോ അധികാരവർഗ്ഗമോ ആണ്. അധികാരം ശരീരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒന്നല്ല. എല്ലാവിധ അധികാരങ്ങളും പ്രയോഗിക്കപ്പെടുന്നത് ശരീരത്തിലാണ്. മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കുവാനും കൃത്രിമം ചെയ്യുവാനും കഴിയും. എന്നാൽ പൂർണ്ണാർത്ഥത്തിൽ നിയന്ത്രിക്കാൻ കഴിയില്ല. ഭൗതികശരീരം ഒരേസമയം വഴങ്ങാനും പ്രതിരോധിക്കാനുമുള്ള സാധ്യതകളെ പേറുന്നു. ഏതുതരം പ്രതികരണമാണ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ചിന്തയാണ്. അനുസരണ പലപ്പോഴും പ്രതിരോധത്തെ അനുനയിപ്പിക്കുന്നു. തട്ടുതട്ടായുള്ള സാമൂഹ്യഘടനയിൽ പെട്ടുകിടക്കുന്ന മനുഷ്യൻ പ്രതിരോധത്തിന്റെ സാധ്യതകളെ മനപ്പൂർവ്വം മറക്കുകയും ഇന്നിന്റെ ആവർത്തനങ്ങളായ നാളെകളെ സ്വീകരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അധികാരത്തിന്റെ രാഷ്ട്രീയം പരമാധികാരം പിടിച്ചെടുക്കുന്നത്. അധികാരികൾക്ക് വേണ്ടി പണിയെടുക്കുന്ന വെറും ശരീരമാണ് തൊഴിലാളികൾ. അവർക്ക് പേരുണ്ടെങ്കിലും തൊഴിലുകൊണ്ട് അത് മറക്കപ്പെട്ടിരിക്കുന്നു. പേര് പേരിനു മാത്രം. അവർ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും തൊഴിലുകൊണ്ടാണ്. തോട്ടിയുടെ മകൻ ‘മോഹനൻ’1 ആയാലും തോട്ടിയുടെ മകൻ തന്നെയെന്നതിന് എട്ടു പതിറ്റാണ്ട് തികയുന്ന ഒരു ചരിത്രം മലയാള സാഹിത്യത്തിനുണ്ട്.


അധികാരം ശരീരം അധ്വാനം

കാൾ മാർക്സിന്റെയും ഫ്രഡറിക്‌ ഏംഗൽസിൻ്റെയും ആശയങ്ങളിൽ ഊന്നി വികസിച്ചുവന്ന മാർക്സിസ്റ്റ് സാഹിത്യവിമർശനം സാഹിത്യത്തിലെ തൊഴിലാളി- തൊഴിൽ- മുതലാളിബന്ധം വിശകലനം ചെയ്യുന്നതാണ്. സാഹിത്യം തൊഴിലാളിജീവിതത്തെ എങ്ങനെ പ്രദർശിപ്പിക്കുന്നു, മുതലാളിത്തവ്യവസ്ഥയിൽ തന്റെ അധ്വാനഫലവും ഉൽപ്പന്നവും വ്യക്തിത്വവും നഷ്ടപ്പെടുന്ന തൊഴിലാളിയുടെ അധ്വാനത്തിന്റെ അന്യവൽക്കരണത്തെ സാഹിത്യം എങ്ങനെ പ്രമേയമാക്കുന്നു, തൊഴിലാളികളും മുതലാളിമാരും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെയും ചൂഷണങ്ങളുടെയും വർഗ്ഗസമരം സാഹിത്യം എങ്ങനെ ആവിഷ്കരിക്കുന്നു തുടങ്ങിയ മേഖലകളിൽ മാർക്സിസ്റ്റ് സാഹിത്യവിമർശനം വ്യാപരിക്കുന്നു. സാഹിത്യം തൊഴിലാളിജീവിതത്തെയും അധ്വാനത്തെയും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുമ്പോൾ അത് സോഷ്യലിസ്റ്റ് റിയലിസം ആകുന്നു. ചിന്തകനായ മിഷേൽ ഫൂക്കോ, മാർക്സിസത്തിന്റെ ചില ആശയങ്ങൾ ഉൾക്കൊള്ളുകയും പരമ്പരാഗത മാർക്സിസ്റ്റ് ചിന്തകളെ നവീകരിച്ച് വികസിപ്പിക്കുകയും ചെയ്തു. അധികാരം മുതലാളിത്തത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന മാർക്സിസ്റ്റ്ചിന്തയെ അധികാരം ഒരിടത്ത് മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നല്ലെന്നും അത് എല്ലാ സാമൂഹികസ്ഥാപനങ്ങളിലൂടെയും വ്യാപരിച്ച് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്കും ശരീരത്തിലേക്കും ആവേശിച്ചിരിക്കുന്ന ഒന്നാണെന്നും ഫൂക്കോ വാദിക്കുന്നു. അതായത് സാഹിത്യത്തിൽ മാർക്സിസം തൊഴിലാളികൾക്ക് മേലുള്ള സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ചൂഷണങ്ങളെ അനാവരണം ചെയ്യുമ്പോൾ ഫൂക്കോ തൊഴിലാളിശരീരവും ജീവിതവും ആധുനിക ഭരണകൂടങ്ങളാൽ സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്നത് എപ്രകാരമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു.


അധികാരകേന്ദ്രങ്ങൾ മനുഷ്യശരീരത്തെ നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് മിഷേൽ ഫൂക്കോ ബയോപവർ, ബയോപൊളിറ്റിക്സ് എന്നീ സംജ്ഞകൾ കൊണ്ട് വിശദീകരിക്കുന്നു. ജനശരീരത്തിലും വ്യക്തിജീവിതത്തിലും ഭരണകൂടം ചെലുത്തുന്ന ആധുനിക നിയന്ത്രണങ്ങളെയാണ് ജൈവാധികാരം (biopower) കുറിക്കുന്നത്. പ്രത്യുൽപാദനം അടക്കമുള്ള മനുഷ്യന്റെ ജൈവികാവശ്യങ്ങളെ അനുസരണയിലൂടെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം. ജൈവാധികാരം നടപ്പിലാക്കാനുള്ള നയതന്ത്രങ്ങളാണ് ബയോപൊളിറ്റിക്സ്. ഇത് വ്യക്തിയെ മാത്രമല്ല സമൂഹത്തെയാകെ നിയന്ത്രിക്കുന്ന രീതിയാണ്. അധികാരകേന്ദ്രങ്ങൾ മികച്ച തൊഴിലാളിവർഗ്ഗത്തെ പരിപാലിക്കാൻ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നു. ജനനനിരക്ക്, മരണനിരക്ക്, ആരോഗ്യം, ആയുസ്സ് തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്കുകൾ ഭരണകൂടം കൃത്യമായി നിരീക്ഷിക്കുന്നു. ഇതിലൂടെ തൊഴിലാളികളുടെ ലഭ്യത, ആരോഗ്യം, കാര്യക്ഷമത, ഉൽപാദന നിരക്ക് തുടങ്ങിയവ ഉറപ്പുവരുത്താൻ കഴിയുന്നു. സമകാലിക ചിന്തകരായ അന്റോണിയോ നെഗ്രി, മൈക്കൽ ഹാർഡ് എന്നിവർ എംപയർ2, മൾട്ടിറ്റ്യൂട് 3 എന്നീ പുസ്തകങ്ങളിൽ മാർക്സിസവും ഫൂക്കോയുടെ ചിന്തകളും ചേർത്ത് “ബയോപൊളിറ്റിക്കൽ പ്രൊഡക്ഷൻ”4 എന്ന പേരിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. പണ്ട്, തൊഴിലാളി തൊഴിൽ ചെയ്യുന്ന സമയം മാത്രമാണ് മുതലാളിത്തം ചൂഷണം ചെയ്തിരുന്നതെങ്കിൽ ഇന്ന് മനുഷ്യന്റെ ചിന്ത, വികാരം, ഭാഷ, സംസ്കാരം എന്നിവയെല്ലാം ചൂഷണം ചെയ്യുന്നു. അതായത് മനുഷ്യജീവിതം ആകമാനം ഉത്പാദനത്തിനായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് ബയോപൊളിറ്റിക്കൽ പ്രൊഡക്ഷൻ ചർച്ച ചെയ്യുന്നത്.


ചീങ്കയും കുഴിയും

മലയാളസാഹിത്യത്തിൽ പത്തനംതിട്ടയുടെ പ്രാദേശികത കലർത്തിയ ജേക്കബ് ഏബ്രഹാമിൻ്റെ ചെറുകഥയാണ് “കുഴി”. മിണ്ടാമഠം എന്ന സമാഹാരത്തിലാണ് ഈ കഥ ഉൾപ്പെട്ടിരിക്കുന്നത്. തമ്പായിയുടെ മരണം അറിയിച്ച് ഏറ്റുപദേശി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമോൻ, കുഴിവെട്ടുകാരൻ ‘കുഴി’യുടെ വീട്ടിലേക്ക് പുറപ്പെട്ടിടത്താണ് കഥ തുടങ്ങുന്നത്. കുഴിയുടെ പേര് സന്തോഷ് എന്നാണെങ്കിലും കുഴിയുടെ അപ്പൻ ദാനിയലിനെ എല്ലാവരും ചീങ്കയെന്നു വിളിച്ചിരുന്നത് പോലെ മകനെ കുഴിയെന്നും വിളിച്ചുവരുന്നു. കുഴിയുടെ വീട്ടിലെത്തി വിവരമറിയിച്ച ശേഷം, കക്കൂസ് കുഴിയിൽ ഇരിക്കാൻ പോയ കുഴിയെ കാത്ത് കുഴിയുടെ അപ്പൻ സഖാവ് ചീങ്കദാനിയലിന്റെ പടത്തിന് താഴെയിരുന്ന് കുഞ്ഞുമോൻ ചീങ്കയെക്കുറിച്ച് ആലോചിക്കുകയും കുഴിയെ ഉപേക്ഷിച്ചു പോയ ഭാര്യയെക്കുറിച്ച് കുഴിയുടെ തള്ളയോട് തിരക്കുകയും ചെയ്യുന്നു. തുടർന്ന് കുഴിയും കുഞ്ഞുമോനും വർത്തമാനങ്ങൾ പറഞ്ഞ് ശവക്കോട്ടയിലേക്ക് നടന്നു. തീയിട്ട് വെളിച്ചം പരത്തി, പ്രേതങ്ങളെ അകറ്റി, പച്ചപ്പുല്ലിൽ ചതുരം വരച്ച് കുഴി പണി തുടങ്ങി. വാറ്റും കഞ്ചാവും പ്രേതങ്ങളും കൂടി കുഞ്ഞുമോന്റെ നാവിലേക്ക് ആവേശിച്ചു. കുഴിയുടെ പെണ്ണും അപ്പനും അയാളുടെ നാവിൽ നിന്ന് തുപ്പിത്തെറിച്ചു. പണിതീർത്ത, കുഴി കുറുക്കൻപാറ കേറി മറയുന്നിടത്ത് കഥ ഒടുങ്ങുന്നു.


സന്തോഷിനെ കഥയിൽ ആരും പേര് വിളിക്കുന്നില്ല. ആഖ്യാതാവായ കുഞ്ഞുമോൻ കുഴിയുടെ പേര് പരിചയപ്പെടുത്തുന്നു എന്ന് മാത്രം. ഏറ്റുപദേശിയും കപ്യാര് വിക്കൻ പത്രോസും കുഴിയെന്നുതന്നെ സംബോധന ചെയ്യുന്നു. കുഞ്ഞുമോൻ കുഴിയുടെ തള്ളയോട് സംസാരിക്കുന്നതും സന്തോഷിനെപ്പറ്റിയല്ല, കുഴിയെപ്പറ്റിയാണ്. കുഴിയുടെ അപ്പൻ ചീങ്കദാനിയലിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. “അവരുടെ പേര് വിളിച്ചാൽ അവർക്കു പോലും ആളെ അറിയില്ലെന്ന് തോന്നും.” (ജേക്കബ് ഏബ്രഹാം, 2024:12) എന്ന് കുഞ്ഞുമോൻ പറയുന്നുമുണ്ട്. ഒരു മനുഷ്യൻറെ വ്യക്തിത്വം അടയാളപ്പെടുത്തുന്ന പ്രാഥമികമായ ചിഹ്നമാണ് പേര്. പേര് അപ്രസക്തമാക്കും വിധം തൊഴിൽ വൈദഗ്ധ്യം നേടിയ ‘പെരുന്തച്ചന്മാർ’5 നമുക്കുണ്ട്. കുഴിയും ചീങ്കയും തൊഴിൽ വിദഗ്ധന്മാർ തന്നെയാണ്. എന്നിരിക്കലും ചീങ്കയ്ക്കും കുഴിക്കും പെരുന്തച്ചനിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ആവശ്യക്കാരുടെ കൽപ്പന അനുസരിച്ച് പണിയെടുക്കേണ്ടവരാണ് അവർ. പ്രതിഫലമായി പൊൻനാണയങ്ങൾ ആഗ്രഹിക്കുന്നില്ല, തച്ചുകൂലി മതി. തൂശനിലയിൽ വിശിഷ്ടഭോജ്യങ്ങൾ വിളമ്പിത്തരില്ല, വാറ്റും ബീഡിയും കിട്ടും. തൊഴിലിന്റെ മികവിനുള്ള അഭിനന്ദനങ്ങൾ അപ്പനപ്പൂപ്പന്മാരുടെ ‘കൊണം’ പിടിക്കാത്ത കഥകൾ കൂട്ടി പറഞ്ഞു കേൾപ്പിക്കും.


ചീങ്കയുടെയും കുഴിയുടെയും ശരീരത്തെ തൊഴിൽ കീഴടക്കിയിരിക്കുന്നു. “പഠിപ്പിനും മേലെയാണ് അധ്വാനം എന്ന് സഖാവ് പറഞ്ഞു നടന്നു.” (ജേക്കബ് ഏബ്രഹാം, 2024:11) “എന്നെക്കൊണ്ടൊന്നും പറയിക്കല്ല്. കുഴിവെട്ടാനെ അറിയൂ… പെണ്ണിനെ…” (ജേക്കബ് ഏബ്രഹാം, 2024:12) “വെട്ടിക്കേറുമ്പോൾ ചീങ്കയെ ആവേശിക്കുന്നതുപോലെ ഒരു പണിപ്രാന്ത് കുഴിയെ കീഴടക്കുന്നതായി എനിക്ക് തോന്നി.” (ജേക്കബ് ഏബ്രഹാം, 2024:18) എന്നിങ്ങനെ അപ്പനെയും മകനെയും അധ്വാനം ഭരിക്കുന്നതായി കഥയിൽ സൂചനകളുണ്ട്. എന്നാൽ താൻ അധ്വാനിക്കുന്ന ശവക്കോട്ടയിൽ പ്രവേശിക്കാനുള്ള അനുവാദം അച്ഛനിൽ നിന്നോ കപ്യാരിൽ നിന്നോ കുഴിക്ക് വാങ്ങേണ്ടതായുണ്ട്. പള്ളി പണിതതിന് പള്ളി വക അഞ്ചുസെന്റ് സ്ഥലം വീതം തൊഴിലാളികൾക്ക് ഭൂദാനം ചെയ്തപ്പോൾ ചീങ്ക, സഖാവ് ദാനിയലായി ‘വെറഞ്ഞു നിന്നു’. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ… ചീങ്ക പള്ളിപ്പണിക്ക് വന്ന തൊഴിലാളിയാ അച്ചോ… അതിനുള്ള കൂലിയും മാന്യമായി വാങ്ങി. അപ്പനപ്പൂപ്പൻമാര് കിടന്ന കുഴി തന്നെ മതി ചീങ്കയ്ക്ക്… വല്യ തിരുമേനി വേണമെങ്കിൽ ചിങ്കയുടെ കൈമുത്തട്ടേ… ഇങ്ക്വിലാബ് സിന്ദാബാദ്” (ജേക്കബ് ഏബ്രഹാം, 2024:15). സഖാവ് ദാനിയലിന് അപ്പനപ്പൂപ്പന്മാർ കിടന്ന കുഴിയിൽ തന്നെ കിടന്നാൽ മതി. പ്രതിരോധിക്കുമ്പോൾ വ്യക്തിത്വമുണ്ടാകുന്നത് ശ്രദ്ധേയമാണ്. എന്നാൽ ചീങ്ക തൊഴിലാളിയായിരിക്കുമ്പോൾ പെരുന്തൊഴിലാളിയായും സഖാവ് ദാനിയലായി പ്രതിരോധിക്കുമ്പോഴും തൊഴിലാൽ ഭരിക്കപ്പെടുന്ന, അധ്വാനത്തിന്റെ സ്വാധീനതയാൽ മാത്രം ചിന്തിക്കാൻ കഴിയുന്ന കുറുന്തൊഴിലാളിയായും നിലനിൽക്കുന്നു. തൊഴിലാളിയായിരിക്കുമ്പോൾ മനുഷ്യൻ മുതലാളിയുടെ അധികാരത്തിന്റെ പരിധിയിലാണ്. നിലപാടുകൾ കൊണ്ട് മനുഷ്യൻ സ്വതന്ത്രനാകുന്നു. ചീങ്കയ്ക്ക് നിലപാടുകളുണ്ടായിരുന്നു, അവ തൊഴിലിന്റെ പരിധിയിൽ മാത്രം ഒതുങ്ങിനിന്നു. അധികാരരാഷ്ട്രീയത്തിൽ (power politics) നിന്ന് പുറത്തു കടക്കാൻ, പ്രായോഗികജീവിതത്തിലേക്ക് കാൽ നീട്ടിവയ്ക്കാൻ ചീങ്കയ്ക്ക് കഴിഞ്ഞില്ല. ചീങ്ക ചീങ്കയിൽ തന്നെ തീരുന്നു. കുഴി കയറുന്ന, കുഴി അങ്ങനെയല്ലെന്ന് കഥ തെളിയിക്കുന്നു. കുഞ്ഞുമോന്റെ അനുഭവത്തിൽ അപ്പനെപ്പോലെ പാവവും ജീവിക്കാനറിയാത്തവനുമായ കുഴിയുടെ ഉള്ളിലെ തീ കണ്ട് കഥാവസാനം കുഞ്ഞുമോൻ അന്തംവിടുന്നുണ്ട്. ക്ഷമയുടെ അതിരിൽ വിധേയത്വം അവസാനിക്കും.

ചീങ്കയുടെ പരുക്കൻ സ്വഭാവത്തെ തുറന്നുകാട്ടുന്നതാണ് ആ വിളിപ്പേര്. കുഴിയുടെ ഉള്ളിലെ ആഴങ്ങളെ (കുഴികളെ) കുഴി എന്ന പേര് തെളിച്ചു കാട്ടുന്നതുപോലെ. ഉറച്ച പാറകളും വെട്ടുകല്ലുകളും അറഞ്ഞുമാറ്റി പണിയെടുക്കുന്ന ചീങ്കയുടെ സ്വഭാവവും ശരീരവും കല്ലുപോലെ ദൃഢമാണ്. തൊഴിൽ മനുഷ്യൻറെ ശരീരത്തെയും മനസ്സിനെയും തൊഴിലിടത്തിന് അനുഗുണമാംവിധം നിർമ്മിച്ചെടുക്കുന്നുവെന്നു കാണാം.


കുഴിയിലെ കുഴികൾ

കഥയിൽ അമ്പതോളം തവണയാണ് കുഴി എന്ന പദം ആവർത്തിക്കുന്നത്. ഇതിൽ വ്യത്യസ്ത അർത്ഥതലങ്ങളുള്ള ഇരുപതോളം കുഴികളുണ്ട്. കുഴിയുടെ വീട്ടിലേക്ക്, കുഴിയെടുപ്പിക്കണം, കുഴിയിറങ്ങിപ്പോകണം, ഏതൊക്കെയോ കുഴികളിലേക്ക് ഉരുണ്ടുപോയി, കുഴിയിൽ കിടക്കുന്ന ഇടവകക്കാര്, കക്കൂസ് കുഴി, കുഴികുത്തി താമസിക്കും, കല്ലുവെട്ടു കുഴികൾ, കുഴിഞ്ഞുകയറി, ബീഡിക്കുഴി, ശ്വാസകോശത്തിലെ കുഴികൾ, തെമ്മാടിക്കുഴി എന്നിവ അതിൽ ചിലതാണ്. കഥയുടെ പേരും കഥയിലെ പ്രധാനകഥാപാത്രത്തിന്റെ വിളിപ്പേരും കുഴി എന്നായിരിക്കെ കുഴി എന്ന പദത്തിൻറെ ആവർത്തനക്കസർത്തുകൊണ്ട് സവിശേഷമായ ശ്രദ്ധ കഥയ്ക്ക് ആവശ്യമായിത്തീരുന്നു. അലസവായനയെ പ്രോത്സാഹിപ്പിക്കാത്ത രചനയാണിത്. ‘അതിപ്രാദേശികത’ നിറഞ്ഞുനിൽക്കുന്ന കഥയിൽ ധാരാളം കുഴികൾ പതിയിരിക്കുന്നത് വായന കൂടുതൽ ആയാസകരമാക്കുന്നു. കഥയിലെ ആഖ്യാതാവ് കുഴിയെ തേടി കുഴിയിലേക്ക് ഇറങ്ങുകയും കുഴിയാൽ കുഴിയിൽ അകപ്പെടുകയും ചെയ്യുന്നു.


അധികം ഒന്നും പുറന്തള്ളാത്ത ആഴമുള്ള കുഴിയാണ് പ്രധാന കഥാപാത്രമായ കുഴിയുടെ ഉള്ളം. കുഴി നിശബ്ദമായി അടക്കിവയ്ക്കാൻ ശ്രമിക്കുന്ന സംഘർഷങ്ങളെ പരിഹാസങ്ങളിലൂടെയും പച്ചത്തെറികളിലൂടെയും പുറന്തള്ളിക്കുകയാണ് കുഞ്ഞുമോൻ. കുഴിക്ക് ചുറ്റും വിട്ടുമാറാതെ നിൽക്കുന്ന തീ കുഞ്ഞുമോൻ കാണുന്നുണ്ട്. എന്നാൽ കുഴിയുടെ ഉള്ളിലാളുന്ന തീ അയാളുടെ കണ്ണിൽപ്പെടുന്നത് വളരെ വൈകിയാണ്. കഥയിലെ കുഴികളുടെ എണ്ണം പോലെ പല ആഴത്തിലും പരപ്പിലും ആവശ്യത്തിനുമുള്ള ധാരാളം കുഴികൾ കുഴിയുടെ മനസ്സിലുണ്ട്. അപ്പനും പെണ്ണും വീടിരിക്കുന്ന കുഴിയുമൊക്കെ അയാളുടെ മനസ്സിലെ കുഴികളിൽ ചിലതാണ്.


താൻ കുഴി വെട്ടാൻ കൊണ്ടുവന്ന, കുഴി തന്നെ അവഗണിച്ച് നടന്നു നീങ്ങുമ്പോൾ കുഴിവെട്ടിത്തീരുവോളം പണിയാളിന്റെ മേൽ ഉണ്ടായിരുന്ന അധികാരം വെട്ടിത്തീർന്ന മാത്രയിൽ വിച്ഛേദിക്കപ്പെട്ടു എന്ന് കുഞ്ഞുമോൻ മനസ്സിലാക്കുന്നു. താൻ പരിചയിച്ചതിലും ആഴവും പരപ്പമുള്ള കുഴിയാണ് കുഴിയെന്ന് തിരിച്ചറിയുന്നു. അധ്വാന സമയത്ത് അയാൾ തൊഴിലാളിയായിരുന്നു. ചെയ്യുന്ന തൊഴിലിൽ, അതിന്റെ പൂർണ്ണതയിൽ മാത്രം ശ്രദ്ധിക്കുകയും ശ്രദ്ധ തെറ്റിക്കുന്ന, അലോസരപ്പെടുത്തുന്ന പരിഹാസങ്ങളെ അവഗണിക്കുകയും ചെയ്തു. എന്നാൽ പണിതീർന്ന നിമിഷം അയാൾ കർത്തവ്യത്തിൽ നിന്ന് വിടുതൽ നേടി സ്വതന്ത്രനാവുകയും പ്രതികരിക്കുകയും ചെയ്യുന്നു. തൊഴിൽ നിർദ്ദേശിച്ച ആൾക്ക് കുഴിയുടെ മേലുള്ള അധികാരം നഷ്ടപ്പെടുന്നു.


തീ

കഥയിൽ രണ്ടാം പകുതിയിൽ പ്രധാന കഥാപാത്രമായി തീ പ്രത്യക്ഷപ്പെടുന്നു. കുഴിയാണ് തീയുടെ ഉടയോൻ. കഥാകാരൻ പതിനഞ്ചോളം തീ പ്രയോഗങ്ങൾ കഥയിൽ നടത്തിയിട്ടുണ്ട്. അനുസരണയും വികൃതിയും നിറഞ്ഞ ഒരു കുഞ്ഞിൻറെ മാനുഷിക ഭാവത്തോടെയാണ് കുഴിയിൽ തീയുടെ അവതരണം. “തീ കളിച്ചുകൊണ്ട് കുഴിക്കു ചുറ്റും നിന്നു, വട്ടക്കൊമ്പൊടിച്ച് കത്തുന്ന തീ നോക്കി കുഴി കുറെ ചീത്ത പറഞ്ഞു” (ജേക്കബ് ഏബ്രഹാം, 2024:14), “ശവക്കോട്ടയിൽ നിന്ന് പുറത്തേക്ക് ചാടാൻ തുടങ്ങിയ തീ കുഴിക്ക് ചുറ്റും അടങ്ങി ഒതുങ്ങി നിന്നു” (ജേക്കബ് ഏബ്രഹാം, 2024:15), “അനുസരണയുള്ള കുട്ടിയെപ്പോലെ തീ വിട്ടുമാറാതെ നിന്നു” (ജേക്കബ് ഏബ്രഹാം, 2024:15). കുഴിയുടെ ശാന്തതയിൽ തീയും അനുസരണയുള്ള വികൃതി കുട്ടിയായിരുന്നു. എന്നാൽ കുഴിയുടെ ഭാവം മാറുമ്പോൾ തീയുടെ ഭാവവും മാറുന്നു. കുഴിയുടെ ക്ഷമയ്ക്കൊപ്പം തീയുടെ അനുസരണയും നശിക്കുന്നു. വെളിച്ചം പരത്തി അടങ്ങിയൊതുങ്ങി നിന്നിരുന്ന ‘തീക്കുട്ടി’ പള്ളി ശവക്കോട്ടയിറങ്ങി കണ്ട വഴി പായുകയും മരം കത്തുന്ന തീയായി പടരുകയും ചെയ്യുന്നു. തീയുടെ ശരീരം മേയമാണ്. അതിനെ നിയന്ത്രണത്തിലാക്കുക എളുപ്പമല്ല. മനുഷ്യശരീരത്തെ നിയമാവലികൾ കൊണ്ട് അനുസരിപ്പിക്കുന്നതുപോലെ തീശരീരം വരുതിയിലാവില്ല.


വാറ്റും കഞ്ചാവും കുഞ്ഞുമോന്റെ നാവിന്റെ ഭരണം ഏറ്റെടുക്കുകയും കുഞ്ഞുമോൻ്റെ അധികാരപരിധിയിൽ നിന്ന് കുഴിയെ മോചിപ്പിക്കുകയും ചെയ്തു. ആത്മാഭിമാനമാണ് കുഴിക്ക് വീടുതൽ നേടാനുള്ള കരുത്തായത്. തന്റെ പണി ഭംഗിയായി നിർവഹിച്ചു എന്നുള്ള ബോധ്യവും കുഞ്ഞുമോനെ നിരുപാധികം തള്ളിക്കളയാനുള്ള കാരണമായിരിക്കണം. കുഞ്ഞുമോനിൽ നിന്നു സ്വതന്ത്രനായ കുഴി തീയെ അഴിച്ചുവിടുന്നു. നിയന്ത്രിക്കാൻ ആളില്ലെങ്കിൽ അതിരുകൾ ലംഘിച്ച് പടരാനുള്ള സാധ്യത തീ വിനിയോഗിക്കുന്നു. തീ കുഴിയിൽ നിന്ന് പുറത്ത് ചാടിയതാണ്, അയാളുടെ ഉള്ളിലെ തീയാണത്. കുഴിയുടെ ക്രോധത്തിൽ മരം കത്തുന്ന തീ പടരുന്നു. പ്രതിരോധത്തിൻ്റെ വിമോചനത്തിൻ്റെ വെട്ടമാണത്.


കുഴിയിലെ ശരീരങ്ങൾ

സ്ത്രീ-പുരുഷശരീരങ്ങളെ തൊഴിലധിഷ്ഠിതമായാണ് കഥ ദൃശ്യവൽക്കരിക്കുന്നത്. മുഷിഞ്ഞ ചട്ടയും മുണ്ടുമായി നിൽക്കുന്ന കുഴിയുടെ തള്ള, കഞ്ഞിയും കറിയും വെച്ച് ആവശ്യത്തിന് നാട്ടിൽ പ്രാകി-രാകി നടക്കുന്ന കിഴവിയാണ്. കഥയിൽ പ്രത്യക്ഷപ്പെടുന്ന മറ്റു സ്ത്രീശരീരങ്ങൾ വാറ്റു സുഗന്ധിയുടെയും മകളുടെയുമാണ്. “കൈലിയും ചുവന്ന ബ്ലൗസും ബ്ലൗസിനു മുകളിലൂടെ വെളുത്ത ചുട്ടിത്തോർത്തു”(ജേക്കബ് ഏബ്രഹാം, 2024:16)മാണ് സുഗന്ധിയുടെ വേഷം. “പുഴുങ്ങിയ കപ്പയും കാന്താരിയും അവൾ വായിലേക്ക് തള്ളിയിട്ട് ചിരിച്ചു. ചുട്ടിത്തോർത്ത് മലങ്കാറ്റിൽ പറന്നു കളിച്ചു.” (ജേക്കബ് ഏബ്രഹാം, 2024:16) എന്നിങ്ങനെയാണ് ചീങ്കയുടെ കാലത്തെ യുവതിയായ സുഗന്ധിയെ അവതരിപ്പിക്കുന്നത്. ലൈംഗികഛായ കലർത്തിയാണ് അവതരണം. വാറ്റിലേക്ക് ആണുങ്ങളെ വശീകരിക്കാനുള്ള വിപണന തന്ത്രം വാറ്റു സുഗന്ധിയുടെ തൊഴിലടയാളം തന്നെയാണ്. ഇന്ന് “അവശയായ സുഗന്ധി ചാരായക്കലത്തിന് ചുറ്റും പ്രാഞ്ചിപ്രാഞ്ചി” (ജേക്കബ് ഏബ്രഹാം, 2024:16) നടക്കുന്നു. “സുഗന്ധിയുടെ പെണ്ണിന് അമ്മയുടെ ഊക്കുണ്ട്. സൗന്ദര്യമുണ്ട് കുടിക്കാരെ മയക്കാനുള്ള കണ്ണേറുണ്ട്.” (ജേക്കബ് ഏബ്രഹാം, 2024:16) എന്ന് കുഞ്ഞുമോൻ പറയുമ്പോൾ തൊഴിൽ മനുഷ്യമസ്തിഷ്കത്തെ സ്വാധീനിക്കുകയും മനുഷ്യശരീരത്തെ നിയന്ത്രിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു എന്നത് വ്യക്തമാകുന്നു.


കുഴിയുടെ പെണ്ണിന്റെ ശരീരം കഥയിൽ വിഷയമാകുന്നില്ല. എങ്കിലും അവൾ പിണങ്ങി പോയതിന് കാരണം അവളുടെ ശരീരത്തിനുമേൽ ആണധികാരം പ്രയോഗിക്കാൻ കുഴിക്ക് കഴിയാഞ്ഞതിനാലാണെന്ന് കുഞ്ഞുമോൻ പരിഹസിക്കുന്നു. ദുർഘടമായ പരിതസ്ഥിതികളും ജീവിതസാഹചര്യങ്ങളും സഹിക്കുന്ന പെണ്ണ് ലൈംഗിക അതൃപ്‌തി സഹിക്കില്ലെന്ന കുഞ്ഞുമോൻ പക്ഷം സ്ത്രീശരീരത്തെ ലൈംഗിക വസ്തുവൽകരിക്കുന്നു. “എടാ കൂവേ… മണ്ണ് പോലാ പെണ്ണും. പഴമക്കാര് പറയുന്നത് നീ കേട്ടിട്ടില്ലേ. കുഴിയിൽ കുത്തി ചെടി നട്ടാൽ ഇപ്പോൾ പൂത്ത് കായ്ച്ചേനേ.. ഇത് ചുമ്മാ മെനക്കെടുത്തായിരിക്കും. അല്ലിയോടാ… അതാ അവള് ഇട്ടേച്ച് പോയത്…” (ജേക്കബ് ഏബ്രഹാം, 2024:16) എന്ന കുഞ്ഞുമോന്റെ കണ്ടെത്തൽ മണ്ണും പെണ്ണും ഒരുപോലെയാണെന്ന പരിസ്ഥിതിസ്ത്രീവാദത്തിലേക്കല്ല വിരൽ ചൂണ്ടുന്നത്. കിളച്ചും മെതിച്ചും വിത്തിട്ട് സന്തതികളെ കൊയ്യുന്ന ആണത്തപ്രഘോഷണങ്ങളിലേക്കാണ്. മറ്റൊരു പെണ്ണ് കെട്ടാൻ നിർദ്ദേശിക്കുമ്പോൾ ‘കുഴിയുടെ പെണ്ണ്’ അടുത്ത തലമുറയെ ജനിപ്പിക്കാനുള്ള പേരോ വ്യക്തിത്വമോ ഇല്ലാത്ത വെറും ശരീരമാണ്. കുഴിക്ക് പെണ്ണും മക്കളും ഇല്ലാത്തതിലെ, കുഞ്ഞുമോന്റെ ആവലാതി ഭരണകൂടത്തിൻ്റേതാണ്. ….ചീങ്ക, കുഴി… ഈ ശ്രേണി തുടരേണ്ടത് അധികാരവർഗ്ഗത്തിൻ്റെ പരമപ്രധാനമായ ആവശ്യമാണ്.


“അവിടെയും ഇവിടെയും വളർന്ന് കാട് കേറിയ മീശയും താടിയുമുള്ള കുഴിയുടെ നെഞ്ചിൻകൂട് അകത്തേക്ക് കുഴിഞ്ഞുകയറി ഒരു ബീഡിക്കുഴി ഉണ്ടാക്കിയിട്ടുണ്ട്. ചോരമയമില്ലാത്ത കണ്ണ് മുട്ടയുടെ വെള്ളപോലെ കിടക്കും, മെലിഞ്ഞ്, കറുത്ത ശരീരമാണെങ്കിലും കൈമഴുപോലെ ഉറച്ച പേശികൾ, ചെത്തിയൊരുക്കിയ കല്ലുവെട്ട് കുഴിയാണെന്നേ പറയൂ.” (ജേക്കബ് ഏബ്രഹാം, 2024:11) “കപ്പ ഇളക്കുമ്പോൾ ചിങ്കയുടെ തേൻ നിറമുള്ള ഉരുക്ക് മസിലുകൾ ഉരുണ്ടു കളിക്കുന്നത് വാറ്റു സുഗന്ധി നോക്കിയിരിക്കും.” (ജേക്കബ് ഏബ്രഹാം, 2024:13) “ഉറച്ച പാറ പോലെ ഒരുത്തൻ” (ജേക്കബ് ഏബ്രഹാം, 2024:17) ഇത്തരത്തിലാണ് ചീങ്കയുടെ ശരീരം കഥയിൽ തെളിയുന്നത്. ചീങ്കവെട്ടി ഉണ്ടാക്കിയ കരുത്താണ് മനസ്സിനെയും ശരീരത്തെയും നിർമ്മിച്ചിരിക്കുന്നത്. “കുഴിയുടെ വിയർത്ത മുഖത്തേക്ക് ഞാൻ നോക്കി. ഇത് ചീങ്കതന്നെ… ചീങ്കതന്നെ…” (ജേക്കബ് ഏബ്രഹാം, 2024:15) എന്ന് കുഞ്ഞുമോൻ മനസ്സിൽ പറയുമ്പോൾ ചെറുപ്പത്തിൽതന്നെ അപ്പനിൽ നിന്ന് കുഴിവെട്ടു രഹസ്യങ്ങൾ സ്വായത്തമാക്കിയ മകന്റെ ശരീരവും അധ്വാനത്താൽ നിർമ്മിതമായിരിക്കുന്നുവെന്ന് കാണാം. സമൂഹം അധികാരത്തിലൂടെ നിർമ്മിച്ചെടുത്തിരിക്കുന്ന സാമൂഹ്യശ്രേണിയിൽ തൊഴിൽ മനുഷ്യവ്യക്തിത്വത്തെ വെല്ലുന്ന ആയുധമായി മാറിയിരിക്കുന്നു. അധികാരരാഷ്ട്രീയത്തെ പ്രതിരോധിക്കാത്ത മനുഷ്യൻ ചീങ്കയിൽ തുടങ്ങി ചീങ്കയിൽ ഒടുങ്ങുന്നു. അധ്വാനത്തിനപ്പുറമുള്ള ജീവിതസാധ്യതകളെയും പുരോഗതികളെയും പ്രതിരോധിക്കുന്ന മനുഷ്യൻ പിറകോട്ട് നടക്കുന്നു. പ്രതിരോധവും കലഹവും എന്തിനോടാകണ മെന്നത് സുപ്രധാനമാണ്. അധികാരത്തോട് കലഹിക്കാത്ത മനുഷ്യർക്ക് കുഴി കയറാൻ കഴിയില്ല.


ഉപദർശനങ്ങൾ

തട്ടുതട്ടായ സാമൂഹ്യശ്രേണി നിലനിൽക്കേണ്ടതും തുടരേണ്ടതും അധികാരകേന്ദ്രിതസമൂഹത്തിൻ്റെ ആവശ്യമാണ്. അതിനായി ഭരണകൂടം നിരന്തരം പ്രയത്നിക്കുകയും നവീന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ക്ഷേമപ്രവർത്തനങ്ങൾ ആയി മാത്രം വീക്ഷിക്കപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങളുടെ സൂക്ഷ്മ ലക്ഷ്യം കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്.

തൊഴിലാളിവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഭൂരിഭാഗം ജനങ്ങൾ, അവരുടെ ജീവിത നിലവാരത്തെക്കുറിച്ച് അവബോധം ഇല്ലാത്തവരോ തങ്ങൾ ഇങ്ങനെ കഴിയേണ്ടവരാണെന്ന മുൻവിധി വച്ചുപുലർത്തുന്നവരോ ആണ്. കാലാകാലങ്ങളായി തുടർന്നുപോന്ന ജീവിതചര്യകളെ (സംസ്കാരം) അനുഷ്ഠിക്കാതിരിക്കാൻ അവർക്ക് കഴിയുന്നില്ല. പാരമ്പര്യബോധം മാറ്റത്തിന് അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, മാറാനുള്ള സാഹചര്യങ്ങളെ ചെറുക്കുകയും ചെയ്യുന്നു.


തൊഴിലിന്റെ രൂപത്തിലാണ് തൊഴിലാളിശരീരത്തെ അധികാരം ഭരിക്കുന്നത്. അധ്വാനം ജീവിതത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെങ്കിലും കഠിനാധ്വാനം ജീവിതവ്രതമായി അനുഷ്ഠിച്ചുപോരുന്ന സാമാന്യ ജനത്തിന് പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന തൊഴിലിൽ നിന്നും അതുമായി ബന്ധപ്പെട്ട ജീവിതപരിസരങ്ങളിൽ നിന്നും മോചനമില്ല. സമൂഹത്തിന് തൊഴിലാളികളെ ആവശ്യമായി വരുന്നതുകൊണ്ടുതന്നെ ഈ വ്യവസ്ഥ നിലനിർത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഭരണകൂടം നടത്തും. ഇവിടെ ഭരണകൂടം എന്ന പദം അയൽപക്കക്കാർ, നാട്ടുകാർ, ഇടവകക്കാർ, സമുദായക്കാർ തുടങ്ങിയ ചെറിയ യൂണിറ്റുകളെ മുതൽ ആഗോള-അധികാര കേന്ദ്രങ്ങളെ വരെ കുറിക്കുന്നു.


ഭരണകൂടം അധികാരം പ്രയോഗിക്കുന്നതും സാമൂഹ്യ വ്യവസ്ഥിതി നിലനിർത്തുന്നതും ബോധപൂർവ്വമാണെങ്കിൽ തൊഴിലാളികളുടെ അബോധത്തിലാണ് വിധേയത്തം പതിഞ്ഞുകിടക്കുന്നത്. ഉറച്ച നിലപാടുകളും വ്യക്തിത്വവുമുള്ള തൊഴിലാളിവർഗ്ഗത്തിന്റെ സ്വത്വം തൊഴിലുമായി ബന്ധപ്പെട്ട് മാത്രം പ്രകടമാകുന്നു, ജനനം മുതൽ മരണം വരെ മറ്റെല്ലായിപ്പോഴും സ്വത്വബോധം നിർവീര്യമായ്ക്കാണുന്നു. എല്ലാവരാലും, തങ്ങളാൽതന്നെയും പേരുപോലും വിസ്മരിക്കപ്പെട്ട മനുഷ്യർ തൊഴിലുകൊണ്ട് നിർവചിക്കപ്പെടുന്നു.

ആത്മാഭിമാനവും അവകാശബോധവുമുള്ള മക്കൾ ക്ഷമയോടു തോറ്റ് മുൻപിതാക്കൾക്ക് നേരിട്ട അനീതിയെ ചോദ്യം ചെയ്യുകയും ഭരണകൂടത്തെ പ്രതിരോധിക്കുകയും ചെയ്യും. തലമുറകളായി തുടർന്നുപോരുന്ന അധികാരത്തോട്, അവജ്ഞയോട്, തുപ്പിത്തെറിപ്പിച്ച തെറികളോട് ഒടുവിൽ തൊഴിലാളികൾ കലഹിക്കുന്നു. ഈ കലഹത്തിൽ അടിസ്ഥാനവർഗ്ഗത്തിൻറെ ആയുധമായി വർത്തിക്കുന്നത് അവരുടെ ആരോഗ്യത്തിൻ്റെയും അധ്വാനത്തിൻ്റെയും ആധാരമായ ശരീരമാണ്. അടിമപ്പെടുത്തുന്നതും വിടുവിപ്പിക്കുന്നതും ഒരേ ആയുധം തന്നെയെന്നതാണ് വൈരുദ്ധ്യം.


കുറിപ്പുകൾ

1. മോഹനൻ: തകഴി ശിവശകരപ്പിള്ളയുടെ തോട്ടിയുടെ മകൻ എന്ന നോവലിലെ കഥപാത്രം. തോട്ടിപ്പണി ചെയ്തു വരുന്ന മൂന്നു തലമുറയുടെ കഥയാണ് നോവൽ ചർച്ചചെയ്യുന്നത്. ആദ്യ രണ്ടു തലമുറ വ്യക്തിത്വം ഇല്ലാതെ ബഹിഷ്കരിക്കപ്പെട്ടു മരിക്കുന്നു. മൂന്നാം തലമുറയിലെ മോഹനൻ തൻറെ വ്യക്തിത്വം അടയാളപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ കാണാം.
2. എംപയർ: പുതു ലോകത്തെ നിയന്ത്രിക്കുന്ന ആഗോള പരമാധികാര വ്യവസ്ഥ
3. മൾട്ടിറ്റ്യൂഡ്: എംപയറിനുള്ളിൽ രൂപപ്പെടുന്നതും എംപയറിനെതിരെ പ്രതിരോധിക്കാൻ കരുത്തുള്ളതുമായ നാനാത്വമുള്ള ജനക്കൂട്ടം.
4. ബയോപൊളിറ്റിക്കൽ പ്രൊഡക്ഷൻ: മനുഷ്യൻറെ സാമൂഹികജീവിതം, ആശയം, ബന്ധങ്ങൾ തുടങ്ങയവ കൂടി നിർമ്മിക്കുന്ന ആധുനികലോകത്തെ ഉത്പാദനം.

5. പെരുന്തച്ചൻ: പറയിപെറ്റ പന്തിരുകുലം എന്ന സങ്കല്പത്തിലെ തച്ചുശാസ്ത്രത്തിൽ കേമനായ കഥാപാത്രം. തൊഴിലിന്റെ പേരിൽ വിഖ്യാതി നേടുകയും പേരു പോലും അപ്രസക്തമാക്കുകയും ചെയ്തു. അംഗീകാരങ്ങളും പ്രശംസകളും നേടിയെങ്കിലും തൊഴിൽ തന്നെ വ്യക്തിത്വമായി മാറിയ കഥാപാത്രം.


ഗ്രന്ഥസൂചി

അച്യുതൻ എം., പാശ്ചാത്യ സാഹിത്യദർശനം, ഡി സി ബുക്സ്, കോട്ടയം, 2020.

കൃഷ്‌ണൻ നായർ എൻ., പറയിപെറ്റ പന്തിരുകുലം, അവന്തി പബ്ലിക്കേഷൻസ്, കോട്ടയം, 2011.

ജേക്കബ് ഏബ്രഹാം, മിണ്ടാമഠം, ഡി സി ബുക്സ്, കോട്ടയം, 2024.

ശിവശങ്കരപ്പിള്ള തകഴി, തോട്ടിയുടെ മകൻ, ഡി സി ബുക്സ്, കോട്ടയം, 2026

ഹാർട്ട് മൈക്കൽ, അന്റോണിയോ നെഗ്രി, മൾട്ടിറ്റ്യൂട്: സാമ്രാജ്യത്വ കാലത്തെ യുദ്ധവും ജനാധിപത്യവും, വിവ. രവികുമാർ വി, ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2011.

Foucault Michel, The History of Sexuality: An Introduction, Translated by Robert Hurley, vol. 1, Vintage Books, 1990.

Hardt Michael, and Antonio Negri, Empire, Harvard University Press, 2000.


ഇ-സൂചിക

https://mediationsjournal.org/articles/the-biopolitical-unconscious, 2026: 10 July, 10.10 AM

https://www.tandfonline.com/doi/abs/10.1080/08913811.2025.2575577?__cf_chl_tk=l2O5RLAdkYkLFvP2Q_5XCNDdWykbWKZ1iZ_XTp7XHk8-1784127374-1.0.1.1-2id17K2WPB797Mgxh0fVsi1ctZ__CPwBBVCy19S_LvY, 2026: 11 July 5 PM

https://www.davidpublisher.com/Public/uploads/Contribute/6621ff65815ca.pdf, 2026 15 July 8.30 PM

About the researcher:

ആര്യ അരവിന്ദ്

ഗവേഷക, മലയാളവിഭാഗം, 

മഹാരാജാസ് കോളേജ്, എറണാകുളം

 

Email: aryaaravindmalayalam@maharajas.ac.in

Mob: 9188863168

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted