മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» ഡോ. ശ്രീക്കുട്ടി തങ്കപ്പൻ
ID: MRK0041
Published on July 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ഒന്നിനെ മറ്റൊന്നിൽനിന്നും അതിരുകളാൽ വേർതിരിക്കപ്പെട്ടിട്ടുള്ള ഒരുകൂട്ടം വ്യത്യസ്ത രാഷ്ട്രങ്ങളുടെ/പ്രദേശങ്ങളുടെ കൂട്ടായ്മയാണ് ദേശം. ഒരേ ഭാഷയിലൂടെയും ചരിത്രസംസ്ക്കാരത്തിലൂടെയും തങ്ങളുടെ സ്വത്വത്തെ കണ്ടെത്തുകയും അതൊരു വൈകാരികവും ധാർമ്മികവുമായ കൂട്ടമായി മാറുമ്പോളാണ് ദേശം /ദേശീയത എന്നീ ശബ്ദങ്ങൾ അർത്ഥപൂർണ്ണമാവുന്നത്. പൗരത്വം, രാഷ്ട്രസത്ത, സംസ്കാരം, പൗരാണികത, ചരിത്രം തുടങ്ങിയ സാംസ്കാരികനിർമ്മിതികളാണ് ദേശസങ്കൽപ്പനത്തെ പൂർണ്ണതയുള്ള ഒന്നാക്കി മാറ്റിയത്. ഭരണവർഗ്ഗ താത്പര്യങ്ങൾക്ക് അഭിമതമല്ലാത്ത കാര്യങ്ങളെ നിരാകരിച്ചും ഉടച്ചുവാർത്തുകൊണ്ടും ദേശത്തെയും ദേശീയതയെയും വ്യാഖ്യനിക്കുന്ന പ്രവണതയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വളർന്നുവന്നത്. ഈ പ്രവണതയെ സത്യാനന്തരകാലത്തെ ചരിത്രരചനയോടു ചേർത്തുവെച്ചുകൊണ്ട് ആധുനികാനന്തര മലയാളനോവൽ എങ്ങനെയാണ് സമീപിക്കുന്നതെന്ന് വിശകലനം ചെയ്യുകയാണ് ‘ദേശീയത: നോവലുകളിലെ പുതുവായനകൾ’ എന്ന ഈ പഠനം.
താക്കോൽവാക്യങ്ങൾ
ദേശം, ദേശീയത, ഭാവനാസമൂഹങ്ങൾ, സത്യാനന്തര കാലം, പ്രതിചരിത്രം.
ആമുഖം
അതിരുകൾ, രക്തപങ്കിലമായ മത്സരങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും ജനങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണ്. ജനങ്ങൾ രൂപകല്പന ചെയ്ത് പ്രത്യേകമായ അടിത്തറയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ദേശം, കെട്ടിടങ്ങൾ പോലെയാണെന്ന് ജോൺ മക്ലിയോഡ് നിരീക്ഷിക്കുന്നു. (മക്ലിയോഡ്, ജോൺ., 2015: 68) കെട്ടിടങ്ങൾക്ക് എന്നതുപോലെ ദേശങ്ങൾക്കും വളർച്ചയും ശൈഥില്യവും (rise and fall) ഉണ്ടെന്നതാണ് മക്ലിയോഡിന്റെ ഈ നിരീക്ഷണത്തിന് അടിസ്ഥാനം. ജനങ്ങൾക്കിടയിൽ പാരസ്പര്യവികാരത്തെ (mutual sense) നിർമ്മിച്ചെടുക്കുകയും അവർക്കിടയിൽ തങ്ങൾ ഒരു പൊതുകൂട്ടായ്മയുടെ ഭാഗമാണെന്ന ധാരണ സൃഷ്ടിച്ചുകൊണ്ട് വികാരവിചാരങ്ങളെ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളിലൂടെയും ആചാരങ്ങളിലൂടെയും ബിംബങ്ങളിലൂടെയും ദേശം അതിന്റെ ജനതയ്ക്കിടയിൽ ഈ വികാരത്തെ സൃഷ്ടിച്ചെടുക്കുന്നു. ഈ വികാരത്തെ ‘ദേശീയത’ (nationalism) എന്ന് അടയാളപ്പെടുത്താം. “രാഷ്ട്രവും ദേശീയഘടകവും തമ്മിൽ ചേർത്തുവെയ്ക്കപ്പെട്ട രാഷ്ട്രീയതത്ത്വമാണ് ദേശീയത. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയതയെ ഒരു വികാരമെന്നൊ പ്രസ്ഥാനമെന്നൊ നിർവചിക്കാം. ഈ തത്ത്വങ്ങളാൽ ഉയർന്നുവരുന്ന സംതൃപ്തവികാരമെന്നോ, അല്ലെങ്കിൽ അവയുടെ ലംഘനം വഴി ഉണ്ടാകുന്ന ദ്വേഷവികാരമെന്നോ, ദേശീയതാ ആഭിമുഖ്യത്തെ വിളിക്കാം. ഇത്തരം വികാരങ്ങളിൽ നിന്നും രൂപപ്പെടുന്നവയാണ് ദേശീയതാപ്രസ്ഥാനം”(ഗൽണർ, ഏർനെസ്റ്റ്., 1993:1). ദേശീയതയുടെ പ്രതീകങ്ങൾ എന്ന നിലയിൽ രാഷ്ട്രം ഉയർത്തിക്കൊണ്ടുവരുന്ന ചിഹ്നങ്ങളുടേയും ബിംബങ്ങളുടേയും തുടർച്ചയായ പ്രകടനപരതയിലൂടെയാണ് ദേശീയ പാരമ്പര്യം (national tradition) എന്ന ബോധ്യത്തിലേക്ക് രാഷ്ട്രം അതിന്റെ ജനതയെക്കൊണ്ടെത്തിക്കുന്നത്. ഈ ബോധ്യത്തിൽ നിന്ന് ദേശം അതിന്റെ നിലനിൽപ്പിനെ കണ്ടെത്തുന്നു.
ദേശീയതാബോധത്തിന്റെ ആവിർഭാവത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ- സാംസ്ക്കാരിക മാനങ്ങളെക്കുറിച്ചും വിശദമായി വിശകലനം ചെയ്യുന്ന ഒന്നാണ് ബെനഡിക്റ്റ് ആൻഡേഴ്സണിന്റെ Imagined Communities-Reflections on the Origin and Spread of Nationalism (1991) എന്ന പുസ്തകം. മുതലാളിത്തത്തിന്റെ ഉദയത്തോടൊപ്പം രൂപംകൊണ്ട ഭാവനാസമൂഹങ്ങ (Imagined Communities) ളെന്നാണ് ആൻഡേഴ്സൺ ദേശത്തെ വിളിക്കുന്നത്. ഇതിന്റെ വളർച്ചയിൽ ഭാഷയും അച്ചടിയും നിർണ്ണായകമാകുന്നത് എങ്ങനെയെന്ന് അദ്ദേഹം വിശദമാക്കുന്നു. മതം, വർഗ്ഗം തുടങ്ങി അനേകം ഭിന്നതാൽപ്പര്യങ്ങളുള്ള ഭൂപ്രദേശത്തെ ഒന്നിപ്പിക്കുന്നതിൽ ഭാഷയ്ക്കും അതിന്റെ അച്ചടി സാധ്യതകൾക്കും നിർണ്ണായക സ്ഥാനമാണ് ഉണ്ടായിരുന്നത്. അതിനെ അച്ചടിമുതലാളിത്തം (Print Capitalism) എന്നാണ് ആൻഡേഴ്സൺ വിളിച്ചത്. അത്തരത്തിൽ ദേശീയബോധത്തിനാക്കംകൂട്ടാൻ കാരണമായത് മുതലാളിത്തത്തിന്റെ പ്രാദേശികവത്കരണ (Vernacularisation) താത്പര്യങ്ങളായിരുന്നു.
ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ പരിണാമത്തിൽ ഉയർന്നുവന്ന ദേശമെന്ന ഭാവനാസമൂഹത്തിൽ മുതലാളിത്തബൂർഷ്വാസികൾ ഒരു പ്രദേശത്തിനുള്ളിലെ മതം, വർഗ്ഗം എന്നിങ്ങനെയുളള വ്യത്യാസങ്ങളെ മറികടന്നുകൊണ്ട്, ജനതയ്ക്കിടയിൽ ഒരു പാരസ്പര്യത്തെ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിച്ചത്. അവ ദേശങ്ങൾക്കുള്ളിൽ ഭാഷാ-സാംസ്കാരിക താത്പര്യങ്ങളുടെ പങ്കുവെയ്ക്കലിന്റെ തുറവിയെ സാധ്യമാക്കി. “മധ്യകാലഘട്ടം മുതൽ രാജവംശങ്ങൾ ചേർത്തുനിർത്തിയിരുന്ന ബഹുഭാഷാ പ്രദേശങ്ങളെ നിലനിർത്തുന്നതിനുള്ള സ്വാഭാവിക ഉപാധിയായോ അതുമല്ലെങ്കിൽ സാമ്രാജ്യമെന്ന ചർമ്മത്തെ വിസ്തൃതമാക്കുന്നതിനുള്ള മാർഗ്ഗമായോ ഈ ഔദ്യോഗിക ദേശീയതയെ കണക്കാക്കാം”. (ആൻഡേഴ്സൻ, ബെനഡിക്റ്റ്., 2006:86) മധ്യവർഗ്ഗത്തിൽനിന്നും ഔദ്യോഗികതയിലേക്കുള്ള ദേശീയതാബോധത്തിന്റെ പരിവർത്തനം ഭരണവർഗ്ഗതാത്പര്യത്തോടുള്ള സമരസപ്പെടലായിരുന്നു. കാരണം, മധ്യവർഗ്ഗദേശീയത തുടക്കത്തിൽ പ്രഭുത്വത്തെയും അടിമത്തത്തെയും ചോദ്യംചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു.
ഇന്ത്യൻ ദേശീയതയുടെ ചരിതവും വർത്തമാനവും
ഇന്ത്യയിൽ ദേശീയതയുടെ ആവിർഭാവം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പരിണിത ഫലങ്ങളിൽ ഒന്നാണ്. കോളനിശക്തികൾക്ക് കീഴിലുള്ള പ്രവിശ്യകൾക്ക് പുറമെ ചെറുതും വലുതുമായ അനേകം നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയഭൂപടം. രാഷ്ട്രീയമായ വൈവിദ്ധ്യങ്ങൾക്ക് പുറമെ അനേകം ‘നാനാത്വങ്ങൾ’ ചേർന്ന് സൃഷ്ടിച്ചെടുത്തതായിരുന്നു അക്കാലത്തെ ഇന്ത്യൻ സാമൂഹികഭൂപടവും. ബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ പുറത്താണ്. പൗരനെന്ന നിലയിലുള്ള ഓരോ ജനത്തിന്റെയും അവകാശാധികാരങ്ങൾ നിർണ്ണയിച്ചിരുന്നത് ജാതി, വർഗ്ഗ, ലിംഗ, സാമ്പത്തിക വ്യത്യാസങ്ങൾ എന്നിവയാ യിരുന്നു. ഇത്തരത്തിൽ ഭിന്നിച്ചുനിൽക്കുന്ന ഇന്ത്യൻ ജനതയ്ക്കിടയിൽ ഐക്യത്തെ രൂപപ്പെടുത്തിയെടുക്കുകയെന്ന വെല്ലുവിളിയാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യൻ ദേശീയതയുടെ വക്താക്കൾക്കുണ്ടായിരുന്നത്. യൂറോപ്പിലെ ദേശീയത ‘ഇന്ത്യൻ നാഷണലിസ’ത്തിന് എങ്ങനെയാണ് പ്രചോദനമായതെന്ന് രാമചന്ദ്ര ഗുഹ വിലയിരുത്തു ന്നത് ഇപ്രകാരമാണ്, “പൊതുവായ കൊടിക്കുകീഴിൽ, പൊതുവായ നാണയസമ്പ്രദായത്തിന് വിധേയമാകുന്ന പൗരന്മാരുടെ രാഷ്ട്രം. ഈ ലക്ഷ്യത്തിനുവേണ്ടി അവർ ധീരമായി പോരാടി. അവരെ ഭരിച്ചിരുന്ന സാമ്രാജ്യങ്ങൾക്ക് എതിരെയായിരുന്നു പോരാട്ടം. ആ പോരാട്ടങ്ങൾ എല്ലായ്പ്പോഴും വിജയിച്ചിരുന്നു എന്നുപറയാനാവില്ല. ഈ യൂറോപ്യൻ കീഴ് വഴക്കങ്ങളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ‘നാഷണൽ അഥവാ ദേശീയത’ എന്ന വിശേഷണത്തിനു പ്രചോദനമേകിയത്”. (ഗുഹ,രാമചന്ദ്ര., 2017: 157)
ഒരേ ഭാഷയിലൂടെയും ചരിത്രസംസ്ക്കാരത്തിലൂടെയും തങ്ങളുടെ സ്വത്വത്തെ കണ്ടെത്തുകയും അതൊരു വൈകാരികവും ധാർമ്മികവുമായ കൂട്ടമായി മാറുകയും ചെയ്യുമ്പോളാണ് ദേശം /ദേശീയത എന്നീ ശബ്ദങ്ങൾ അർത്ഥപൂർണ്ണമാവുന്നത്. പൗരത്വം, രാഷ്ട്രസത്ത, സംസ്കാരം, പൗരാണികത, ചരിത്രം തുടങ്ങിയ സാംസ്കാരിക നിർമ്മിതികളാണ് ദേശസങ്കൽപ്പനത്തെ പൂർണ്ണതയുള്ള ഒന്നാക്കിമാറ്റിയത്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വർഗ്ഗം, മതം, പൗരത്വം, ചരിത്രം തുടങ്ങിയ കാര്യങ്ങളിൽ ഭൂരിപക്ഷ-ന്യൂനപക്ഷ ചിന്തകൾക്കും വ്യാഖ്യാനങ്ങൾക്കും വഴിതെളിക്കുകയും, അത്തരം ചിന്തകൾ രാഷ്ട്രീയായുധമായി മാറുകയും, ഭരണവർഗ്ഗത്തിന്റെ താത്പര്യങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന് അനുഗുണമാവുകയും ചെയ്യുന്നതോടെ ഇത്തരം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി മാറുന്ന കാഴ്ച്ചയ്ക്കാണ് കാലം സാക്ഷിയായത്. ഭരണവർഗ്ഗ താത്പര്യങ്ങൾക്ക് അഭിമതമല്ലാത്ത കാര്യങ്ങളെ നിരാകരിച്ചും ഉടച്ചുവാർത്തും ദേശത്തെയും ദേശീയതയെയും വ്യാഖ്യനിക്കുന്ന പ്രവണതയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വളർന്നുവന്നത്.
വർത്തമാനകാലത്തിൽ, ജനസാമാന്യത്തെ ഒപ്പം നിർത്തി നിയന്ത്രിക്കാൻ ഭരണകൂടം നിർമ്മിച്ചെടുത്ത ഒരു രാഷ്ട്രീയ ഉപകരണമായി മാറി ദേശീയത. “കേവലമായ ചില ബന്ധങ്ങളുടെ മറവിയിലൂടെ നിർമ്മിച്ചെടുക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയല്ല ദേശം, മറിച്ച് അഭികാമ്യമല്ലാത്തവയുടെ നിരാകരണം കൂടി ഇവിടെ ആവശ്യമാണ്. അതോടൊപ്പം ഭൂതകാല ചിന്തകളിൽ ആവശ്യമായവയെ വീണ്ടെ ടുക്കുകയോ അല്ലാത്തവയെ ഇല്ലായ്മ ചെയ്യുകയോ മറവിയിലേക്കാഴ്തുകയോ ചെയ്യുന്നു അത്” (ലൂംബ, അനിയ., 1998:202).
ഇപ്രകരമാണ് ആധുനികലോകം ദേശീയതയെ നിർവചിക്കുന്നത്. ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലുകൾ, ബിംബങ്ങളുടെയും ചിഹ്നങ്ങളുടെയും പിഴുതുമാറ്റലുകൾ, ഒപ്പം അവയുടെ പുനർവ്യാഖ്യാനവും അപനിർമ്മാണവും, ഓർമ്മയും മറവിയും തുടങ്ങി പലതരത്തിലുള്ള നിരാകരണങ്ങൾക്കും ഉടച്ചുവാർക്കലുകൾക്കും ഇന്ന് ദേശീയത വിധേയമായിക്കൊണ്ടിരിക്കുന്നു.
ഓർമ്മകളും മിത്തുകളുമെല്ലാം ചരിത്രരചനയുടെ പ്രധാനപ്പെട്ട ഉപാദാനങ്ങളായതോടെ സമൂഹത്തിന്റെ കൂട്ടായ ഓർമ്മകളിലൂടെ തെളിഞ്ഞുവരുന്ന ഭൂതകാലം പലപ്പോഴും ചരിത്രകാലത്തിന്റെ വിടവുകളെ നികത്തുവാൻ സഹായകരമാവുന്നു. ഓർമ്മകളും അവയുടെ വീണ്ടെടുക്കലുകളും ദേശീയതയെ കുറിച്ചുള്ള വർത്തമാനകാലചിന്തകളിലും നിർണ്ണായകമാവുന്നുണ്ട്. സത്യാനന്തര (post-truth era) കാലത്ത് ദേശീയതയെക്കുറിച്ചുള്ള നിർമ്മിതികളിൽ ശ്രദ്ധേയമായ ഒന്ന് ‘ദേശീയസ്മരണ’ (national memories) യെന്നതാണ്. ദേശീയ ചരിത്രത്തെയും ദേശീയസ്മരണകളെയും നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാഷ്ട്രമാണ്, അതിനെ നയിക്കുന്നതാവട്ടെ ഭരണവർഗ്ഗവും. മുൻപ് സൂചിപ്പിച്ചതുപോലെ ഭരണവർഗ്ഗം അവരുടെ താത്പര്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും ഭരിക്കപ്പെടുന്നവർക്കിടയിൽ പ്രചരിപ്പിക്കുവാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇവ രണ്ടും. വർഗ്ഗപരവും മതപരവും സാംസ്ക്കാരികപരവുമായി വിവിധ സമൂഹങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ സൃഷ്ടിക്കുന്ന ദേശീയതാവാദം നാനാത്വങ്ങളിൽ തന്നെ അനേകം പിരിവുകളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മതപരമായും സാംസ്ക്കാരികപരമായും ജനതയ്ക്കിടയിൽ ‘നമ്മളും’, ‘അവരും’ എന്ന വിഭജനത്തെ നിർമ്മിച്ചെടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചരിത്രത്തിലും സാംസ്ക്കാരികതയിലും പുതിയ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ഉടലെടുക്കുന്ന കാലത്താണ് ഇന്ത്യൻ ദേശീയതയുടെ വർത്തമാനം വന്നെത്തിനിൽക്കുന്നത്.
ദേശീയത : നോവലുകളിലെ പുതുവായനകൾ
ആധുനികമലയാളനോവലിലേക്ക് ചരിതത്തിന്റെ കടന്നുവരവ് തികച്ച്ചും യാദൃശ്ചിക മായ ഒന്നായിരുന്നില്ല. വർത്തമാനകാല സമസ്യകൾക്കുള്ള ഉത്തരങ്ങളെ ചരിത്രത്തിന്റെ വഴിയിൽ കണ്ടെത്തുവാനുള്ള ശ്രമമായിരുന്നു ആധുനിക നോവലിസ്റ്റുകൾ നടത്തിയത്. “ഭൂതവർത്തമാനങ്ങൾ തമ്മിലുള്ള നിരന്തര സംവാദമാണ് ചരിത്രം” എന്ന നിർവചന (കാർ, ഈ.എച്ച്., 2001:24)ത്തെ ഓർമ്മപ്പെടുത്തുന്നതരത്തിലാണ് ആധുനിക ഭാവുകത്വത്തിൽ നോവൽ ചരിത്രത്തെ സമീപിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക-സാംസ്ക്കാരിക -രാഷ്ട്രീയ-ശരിതെറ്റുകളെ വിശകലനം ചെയ്യുന്നതിനും പ്രശ്നവത്ക്കരിക്കുന്നതിനും ചരിത്രത്തിന്റെ സഹായത്തെ തേടുകയായിരുന്നു നോവലിസ്റ്റുകൾ. അറിയപ്പെടുന്ന ചരിത്രത്തിന്റെ അറിയപ്പെടുന്ന സംഭവങ്ങളെ തിരുത്തിക്കുറിച്ചും കീഴ്മേൽമറിച്ചും റദ്ദുചെയ്തും പ്രതിചരിത്രത്തിന്റെ രൂപത്തിൽ, അറിയപ്പെടുന്ന ചരിത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ വിധിക്കപ്പെട്ട മനുഷ്യന്/ മനുഷ്യർക്കൊപ്പം രൂപംകൊള്ളുന്ന ദേശീയതയുടെ ആഖ്യാനത്തിന്റെ രീതിയിൽ, ദേശചരിതം വളർന്നപ്പോഴും വളരാതെപോയ മനുഷ്യരുടെ അതിജീവനത്തിൽ നിറയുന്ന ദേശീയതയുടെ കപടതയിൽ, വർത്തമാനകാലത്തിന്റെ ദേശചരിത്രത്തിൽ തെളിയുന്ന ദേശീയതയുടെ പുതുസമവാക്യങ്ങളിൽ, മിത്തുകളിലൂടെയും ചരിത്രത്തിലൂടെയും തെളിഞ്ഞുവരുന്ന ദേശവും ദേശീയതാബോധ്വും സമകാല പരിപ്രേക്ഷയിൽ എന്നിങ്ങനെ നിരവധിയായ വകഭഭേദങ്ങളിലൂടെയാണ് നോവലിന്റെ പുതുകാലം ദേശം / ദേശീയത എന്നിങ്ങനെയുള്ള സങ്കൽപ്പനങ്ങളിൽ ഇടപെടുന്നത്.
“ദേശീയത: നോവലുകളിലെ പുതുവായനകൾ” എന്ന ഈ പഠനം പ്രധാനമായും രണ്ട് നോവലുകളെ ആധാരമാക്കിയുള്ളതാണ്. ഘാതകൻ, ആഗസ്റ്റ് 17, എന്നിങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് നോവലുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സത്യാനന്തരകാലത്തെ ചരിത്രമെഴുത്തിൽ, വർത്തമാനദേശീയതയുടെ മാറുന്ന സമവാക്യങ്ങളെ ആധുനികാനന്തരതയുടെ മാറിവന്ന കാലം എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഈ പഠനം കണ്ടെത്താൻ ശ്രമിക്കുന്നത്.
കെ.ആർ. മീരയുടെ ഘാതകൻ എന്ന നോവൽ അപസർപ്പകസ്വഭാവമുള്ള നോവലാണ്. പലതവണ അജ്ഞാതനായ കൊലപാതകിയുടെ തോക്കിന്റെ മുൻപിൽ നിന്നും അവിശ്വസനീയമാംവണ്ണം രക്ഷപപ്പട്ട സത്യപ്രിയയുടെ സത്യാന്വേഷങ്ങളാണ് ഈ നോവലിന്റെ ആധാരം. തന്റെ ഘാതകൻ ആരാണെന്നുള്ള അന്വേഷണത്തിൽ സത്യപ്രിയയ്ക്കു മുൻപിൽ കാലം ചുരുൾനിവർത്തുകയാണ്. വർത്തമാനകാല ഇന്ത്യൻരാഷ്ട്രീയപരിസരത്തു നിന്നുകൊണ്ടാണ് മീര ഘാതകൻ ആഖ്യാനം ചെയ്യുന്നത്. നോട്ട് നിരോധനത്തിന്റെ തൊട്ടുവരുന്ന ദിവസങ്ങളിൽ ഒന്നിൽ നിന്നുമാണ് നോവലിന്റെ ആരംഭം. കള്ളപ്പണവേട്ട എന്ന നിലയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച കേന്ദ്ര ഗവൺമെന്റ് അതുവഴി പരോക്ഷമായൊരു തിരസ്ക്കരണത്തിന് ചുക്കാൻ പിടിക്കുകയാണ് ചെയ്തത്. ദേശീയതയുടെ ബിംബങ്ങളായും ചിഹ്നങ്ങളായും ജനഹൃദയങ്ങളിൽ ദീർഘകാലം നിലനിന്നവയെ മറവിയിലേക്ക് ആഴ്ത്തുകയും പുതിയകാല രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന് ഉതകുന്നതരത്തിൽ മറ്റൊന്നിനെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യം അതുവഴി പരോക്ഷമായി നടപ്പാക്കപ്പെട്ടുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ ഈ വശങ്ങളെ പ്രശ്നവൽക്കരിച്ചുകൊണ്ടാണ് മീര ഘാതകൻ ആഖ്യാനം ചെയ്യുന്നത്. ഘാതകനിൽ സത്യപ്രിയയുടെ അന്വേഷണങ്ങൾ ചെന്നെത്തുന്നത് വർത്തമാനകാലത്തെ ദേശീയതയുടെ രാഷ്ട്രീയതയിലേക്കാണ്. കലാപങ്ങളും കൊലപാതകങ്ങളും വധോധ്യമങ്ങളും നിറഞ്ഞ ഹിംസാത്മകമായ ഒരു ലോകമാണ് അവിടെ തെളിയുന്നത്. തന്നെ കൊല്ലാൻ ശ്രമിക്കുന്നവൻ/വർ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുമ്പോൾ സത്യപ്രിയ ആ ഉത്തരത്തിലേക്കുള്ള വഴികൾ അഥവാ സാധ്യതകൾ ഒന്നല്ല പലതാണെന്ന് തിരിച്ചറിയുന്നു. ആദ്യം അയാൾ അജ്ഞാതനായി തോന്നുമെങ്കിലും പിന്നീട് അയാളുടെ ഐഡന്റിറ്റിയുടെ സാധ്യതകൾ ഏറുകയാണ്. അഭിലാഷ്, പ്രഭുദേവ് മഹേശ്വരി, സമീർ സയിദ്, പ്രകാശ് എന്നിങ്ങനെ പല പേരോടുകൂടിയ ഊഹങ്ങളാണ് അവൾക്കുമുന്നിൽ തെളിഞ്ഞുവരുന്നത്. അതിൽ ഒരു പേരുകാരൻ മാവോവാദിയെന്ന് സർക്കാർ മുദ്രകുത്തിയ സത്യപ്രിയയുടെ കാമുകനാണ്, മറ്റൊരാൾ സത്യപ്രിയയുടെയും അവളുടെ ചേച്ചി ശിവപ്രിയയുടെയും കാമുകനായിരുന്നു, ഇനിയൊരാൾ അവളുടെ പിതാവ് ശിവദാസൻ മുതലാളിയുടെ ജാരസന്തതിയെന്ന് വിശ്വസിക്കുന്ന ഒരുവനാണ്. ഇങ്ങനെ ഘാതകന്റെ സാധ്യതകൾ ഏറുമ്പോൾ സത്യാനന്തരകാലത്തിൽ സത്യമെന്നത് ബഹുവിധമായിരിക്കുമെന്ന തിരിച്ചറിവിലേക്കാണ് നോവൽ നയിക്കപ്പെടുന്നത്.
പുരുഷാധികാരത്തിന്റെയും ജാതീയതയുടെയും സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളുടെയും കുരുക്കുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഊരാക്കുടുക്കുപോലെയുള്ള ഒരു ജീവിതത്തെയാണ് സത്യപ്രിയ തന്റെ അന്വേഷണ വഴിയിൽ ഓർത്തെടുക്കുന്നതും കണ്ടെത്തുന്നതും. ജാതിയിൽ ഉന്നതനായിരിക്കുമ്പോളും ദരിദ്രനായിരുന്ന സത്യപ്രിയയുടെ പിതാവ്, മുത്തച്ഛന്റെ സ്വത്തുക്കളിൽ ആശവെച്ചാണ് അവളുടെ അമ്മയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. സമ്പന്നനായിരുന്നപ്പോൾ അയാൾ അധികാരത്തിന്റെയും ആൺകോയ്മയുടെയും ആസക്തികളുടെയും ആൾരൂപമായിരുന്നു. തന്റെ കാമാസക്തികളെ സഫലീകരിക്കാനും അതുകഴിയുമ്പോൾ ഇരയായവരെ പണംകൊണ്ട് നിശബ്ദമാക്കാനും കഴിയുന്ന പുരുഷാധികാരത്തിന്റെ പ്രതിരൂപമായിരുന്നു അയാൾ. എന്നാൽ ബിസിനസ്സുകൾ ഒന്നൊന്നായി നഷ്ടപ്പെടുകയും പണത്തിനും ആസക്തികളുടെ പൂരണത്തിനുമായി സ്വത്തുക്കൾ ഓരോന്നായി വിറ്റഴിക്കുകയും ചെയ്ത് ഒടുവിൽ അജ്ഞാതന്റെ കുത്തേറ്റ് ജീവശ്ചവമായി കിടക്കുന്നതുവരെ അയാളെ ഭരിച്ചിരുന്നത് അയാളുടെ പുരുഷാധികാരവും അതിൽനിന്ന് ഉത്ഭവിച്ചുകൊണ്ടിരുന്ന ഫാസിസ്റ്റ് മനോഭാവവുമാണ്.
പണത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം മനുഷ്യനെ അളക്കുകയും പുതുക്കുകയും ചെയ്യുന്ന വർത്തമാനത്തിലൂടെയാണ് ഘാതകന്റെ ആഖ്യാനം മുന്നോട്ടു പോകുന്നത്. പണമുണ്ടെങ്കിൽ പ്രണയവും ജീവിതവും അന്തസ്സുമെല്ലാം നേടാനാകുമെന്നും അതില്ലാത്തവന്റെ ജീവിതം നിരോധിക്കപ്പെട്ട നോട്ടുകൾപോലെ മൂല്യരഹിതമായിരിക്കും എന്ന കാഴ്ച്ചകളെക്കൂടി പങ്കുവെക്കുന്നുണ്ട് ഘാതകൻ. തന്റെ ഘാതകൻ ആര് എന്ന സത്യത്തെ തേടിയുള്ള സത്യപ്രിയയുടെ അന്വേഷണങ്ങൾ സത്യത്തിന്റെ ഒന്നിലധികം മുഖങ്ങളെ തിരിച്ചറിയാൻ അവൾക്ക് സഹായകമാവുന്നു. സത്യാനന്തരകാലത്ത് ചരിത്രത്തിന് മാത്രമല്ല സത്യത്തിനുകൂടി ഒന്നിലധികം മുഖമുണ്ടെന്ന തിരിച്ചറിവിലേക്ക് കൂടിയാണ് സത്യപ്രിയയുടെ കണ്ടെത്തലുകൾ ചെന്നെത്തുന്നത്.
ആധുനികാനന്തരനോവൽ ദേശത്തെ കൊണ്ടാടുന്നത് അതിന്റെ ആഖ്യാന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ചരിത്രവും വർത്തമാനവും മാത്രമല്ല ഭാവിയെക്കൂടി മുന്നിൽ കണ്ടുകൊണ്ട് ദേശത്തിന്റെ കഥയെ അവതരിപ്പിക്കാമെന്ന് വർത്തമാനകാലനോവൽ കാണിച്ചുതരുന്നു. എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവൽ ദേശചരിത്രത്തിന്റെ ആഖ്യാനസാധ്യതയെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ രചനയാണ്. രേഖപ്പെടുത്തപ്പെട്ട തിരുവിതാകൂർചരിത്രത്തിനൊരു മറുവശത്തെ രചിക്കുകയാണ് എസ്. ഹരീഷിന്റെ ആഗസ്റ്റ് 17. പ്രതിചരിത്രമെന്ന് വിളിക്കാവുന്ന ഒരാഖ്യാനമാണ് ഹരീഷിവിടെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻയൂണിയനിൽ ചേരാതിരുന്ന തിരുവിതാംകൂർ, പാകിസ്താൻ എന്ന ഇസ്ലാം രാഷ്ട്രത്തോട് സഖ്യപ്പെടുന്ന ഒരു ഹിന്ദു രാഷ്ട്രമായി മാറുകയും ഇന്ത്യയെന്ന മതേതര രാഷ്ട്രം അവരുടെ പൊതുശത്രുവായി തീരുകയും ചെയ്യുന്നു. സർ സി പിയും മഹാരാജാവും അവിടെ ബ്രാഹ്മണർക്ക് മേധാവിത്വമുള്ള ഒരു ഭരണത്തെ രൂപപ്പെടുത്തുന്നു. പിന്നീട് രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെ അധികാരം ജനങ്ങളുടെ കൈകളിലേക്ക് വന്നെത്തുന്നു. ഇങ്ങനെ തിരുവിതാംകൂറിന്റെ അഥവാ കേരളത്തിന്റെ അറിയപ്പെടുന്ന ചരിത്രത്തിന്റെ ഗതികളിൽ ചിലപല മാറ്റങ്ങൾ വരുത്തിയും, ഒപ്പം സാധ്യമാകാമായിരുന്ന ചില സംഭവങ്ങളെ ഭാവനയിൽ രൂപപ്പെടുത്തി മറ്റൊരു ചരിത്രത്തെ രചിക്കുകയാണ് ഹരീഷ് ആഗസ്റ്റ് 17 ലൂടെ.
ആഗസ്റ്റ് 17 ലൂടെ എസ്. ഹരീഷ് മുന്നോട്ടുവച്ച പ്രതിചരിത്രരചനാസാധ്യതയെ ആരായുക എന്നതല്ല ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം. മറിച്ച്, മാറുന്ന ഇന്ത്യൻ ദേശീയതയുടെ സമവാക്യങ്ങളെ നോവൽ എങ്ങനെ സംബോധന ചെയ്യുന്നുവെന്നതിലാണ് ഈ പഠനം ഊന്നൽ നൽകുന്നത്. സ്വാതന്ത്ര്യപൂർവ്വകാലം മുതൽ തന്നെ ഹിന്ദുവർഗ്ഗീയ സംഘടനകൾ വർഗ്ഗീയതയുടെ ആശയങ്ങളെ ഇന്ത്യൻ മണ്ണിൽ വേരുപിടിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറുന്നത് എഴുപതുകളോടെയാണ്. എഴുപതുകളിലെ ജനസംഘിന്റെ ആവിർഭാവം മുതൽ ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന്റെ നവീകരിക്കപ്പെട്ട പലതരം രൂപങ്ങൾക്കും പദ്ധതികൾക്കുമാണ് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമെന്ന നിലയിലേക്ക് പൂർണ്ണമായും മാറ്റാൻ അതിന്റെ പ്രയോക്താക്കൾക്ക് ഇനിയും സാധിച്ചിട്ടില്ല, എങ്കിലും ഒരുവേള സാധ്യമായാൽ അത് ഏകദേശം ഇങ്ങനെയായിരിക്കും എന്ന മാതൃക ആഗസ്റ്റ് 17 കാണിച്ചുതരുന്നുണ്ട്. ഒരർത്ഥത്തിൽ പ്രതിചരിത്രത്തോടൊപ്പം ഒരു ഭവിഷ്യത്ക്കാല ചരിത്രത്തെക്കൂടി നോവൽ ആഖ്യാനം ചെയ്യുന്നുണ്ട് എന്ന് പറയാം.
തിരുവിതാംകൂറെന്ന സ്വതന്ത്രഹിന്ദുരാഷ്ട്രം ഇന്ത്യയ്ക്കും പാക്കിസ്താനുമൊപ്പമാണ് പിറന്നത്. കൊച്ചിയും മലബാറും ചേർന്ന ഐക്യകേരളം ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ തിരുവിതാംകൂർ സർ സി.പി. എന്ന ഏകാധിപതിയുടെ കീഴിൽ സ്വതന്ത്രരാജ്യമായി നിന്നു. ദേശീയചിഹ്നങ്ങളും, പതാകയും, ഗാനങ്ങളുമൊക്കെയുള്ള തിരുവിതാംകൂർരാജ്യം ബ്രാഹ്മണ്യത്തിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ജാതിയുടെ അടിസ്ഥാനമായ വർണ്ണാശ്രമസംവിധാനത്തെ കാത്തുപോരുവാൻ പ്രതിജ്ഞാബദ്ധവുമാകുന്നതായി നോവൽ അവതരിപ്പിക്കുന്നു. ഗോവധനിരോധനം നടപ്പിൽ വരുത്തുകയും, ഗോപരിപാലനമെന്നത് ബ്രാഹ്മണൻ മുതൽ ശൂദ്രൻ വരെയുള്ള ജാതികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്ത തിരുവിതാംകൂർ ഗവൺമെന്റിന്റെ തീരുമാനങ്ങൾ അയൽരാജ്യമായ ഇന്ത്യയിൽ പോലും ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മതേതരരാഷ്ട്രമായ ഇന്ത്യയെപ്പോലും സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന തരത്തിലേക്ക് നോവലിൽ തിരുവിതാംകൂറെന്ന രാഷ്ട്രം വളരുന്നതാണ് കാണുന്നത്.
തിരുവിതാംകൂറിന്റെ അയൽരാജ്യമായ ഇന്ത്യൻ യൂണിയൻ നെഹ്റുവിന്റെ നേതൃത്വ ത്തിൽ ഒരു സോഷ്യലിസ്റ്റ് രാജ്യമായി വളരുമ്പോൾ അന്താരാഷ്ട്രതലത്തിൽ മുതലാളിത്ത ചേരിയിലാണ് മതരാഷ്ട്രങ്ങളായ തിരുവിതാംകൂറും പാക്കിസ്താനും. തിരുവിതാംകൂറിന്റെ ദേശീയോത്സവമായ മുറജപം ആഘോഷിക്കുവാൻ അന്യദേശങ്ങളിൽ നിന്നുപോലും എത്തുന്ന ബ്രാഹ്മണർക്കായി, സിപിയുടെ സർക്കാർ രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾപ്പോലും പിടിച്ചെടുക്കുന്നുണ്ട്. ആഗസ്റ്റ് 17ൽ ഒരു തികഞ്ഞ മതരാഷ്ട്രമായിട്ടാണ് തിരുവിതാംകൂറിനെ ഹരീഷ് അവതരിപ്പിക്കുന്നത്. ദേശീയതയുടെ പരിചിത സിദ്ധാന്തങ്ങളെ തകിടം മറിച്ചുകൊണ്ട് ഇന്ത്യൻ മണ്ണിൽ വേരുറപ്പിച്ച് തുടങ്ങുന്ന ഹൈന്ദവ ദേശീയതയുടെ ഒരു ലഘുരൂപമാണ് ആഗസ്റ്റ് 17ലെ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആഖ്യാനസ്ഥലി. ചരിത്രത്തെ റദ്ദു ചെയ്തും, തകിടം മിറച്ചും, ചരിത്ര വ്യക്തിത്വങ്ങളെ നിരാകരിച്ചും, വിസ്മൃതിയിൽ നിർത്തിയുമൊക്കെയാണ് ഹരീഷ് സ്വതന്ത്രതിരുവിതാംകൂറിന്റെ ചരിത്രം രചിക്കുന്നത്. വർത്തമാനകാല ദേശീയതയുടെയും ചരിത്രരചനയുടെയും സ്വഭാവത്തെ പരിശോധിക്കുമ്പോഴും ഇത്തരം നിരാകരണത്തിന്റെയും തകിടം മറിയലിന്റെയും കാഴ്ച്ചകൾ കാണാൻ കഴിയുന്നു എന്നത് യാദൃശ്ചികമാകാം.
ഒരു ജനത തങ്ങളുടെ സ്വപ്നത്തിന്റെയും രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രവർത്ത നങ്ങളുടെയും സാക്ഷാത്കാരമെന്ന നിലയിലാണ് ദേശത്തെ കണക്കാക്കുന്നത്. ആ ദേശത്തോട് അവരെ മാനസികമായി ഐക്യപ്പെടുത്തുന്നത്, പലതായിരിക്കുമ്പോഴും അവർക്ക് പറയാനുള്ള ഒരു ഭൂതകാലത്തുടർച്ചയും, അതേപോലെ ഭാവിയെപ്പറ്റിയുള്ള അവരുടെ സ്വപ്നവും, വർത്തമാനകാലത്ത് അവർ നേരിടുന്ന യാഥാർത്ഥ്യവും ഒന്നു തന്നെയാണെന്നതാണ്. ഭൂതഭാവിവർത്തമാനങ്ങളിൽ പാരസ്പര്യത്തിന്റെതായ അംശങ്ങൾ കണ്ടെത്താൻ കഴിയുന്ന ജനസമൂഹത്തിന് ദേശം, ദേശീയത എന്നീ ആശയങ്ങളുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളാനാവും. മതം, വംശം, വർഗ്ഗം, ഭാഷ, തുടങ്ങിയ അനേകം മാപകങ്ങളാണ് ഇന്ന് ദേശീയതയെ നിർണ്ണയിക്കുന്നതും അതിന്റെ തീവ്രതയുടെ മാറ്റുരച്ച് നോക്കുന്നതും. ദേശീയതയെയും ദേശീയബോധത്തെയും സംബന്ധിക്കുന്ന വർത്തമാനകാല യാഥാർതത്ഥ്യങ്ങളെയാണ് ആധുനികാനന്തരനോവൽ പ്രശ്നവത്ക്കരിക്കുന്നത്.
ഉപദർശനങ്ങൾ
കെ.ആർ. മീരയുടെ ഘാതകൻ, എസ്.ഹരീഷിന്റെ ആഗസ്റ്റ് 17 എന്നീ നോവലുകളെ പുനർവായിക്കുമ്പോഴും പുതുക്കി വായിക്കുമ്പോഴും ഇന്ത്യൻ ദേശീതയ്ക്ക് സ്വാതന്ത്ര്യാനന്തരം വന്ന മാറ്റങ്ങളെ വായിച്ചെടുക്കാൻ സാധിക്കും. കെ. ആർ. മീരയുടെ നോവൽ ദേശീയതയെ നിർമ്മിക്കുകയും ഉടച്ചുവാർക്കുകയും ചെയ്യുമ്പോൾ എപ്രകാരം ചില വീണ്ടെടുപ്പുകൾ നടത്തുന്നുവെന്നും അതിൽ വാഴുന്നതിന്റെയും വീഴുന്നതിന്റെയും സാധ്യതകളെ തിരയുകയാണ്. എസ്. ഹരീഷിന്റെ നോവലാവട്ടെ തിരുവിതാംകൂറിന്റെ പ്രതിചരിത്രത്തെ നിർമ്മിച്ചുകൊണ്ട്, വർത്തമാനകാലത്ത് തിടംവെച്ചു വരുന്ന ഹിന്ദുത്വദേശീയതയ്ക്ക് ഒരു മാതൃകയെ സൃഷ്ടിക്കുകയാണ്. തിരുവിതാംകൂർ ഒരു സ്വതന്ത്ര ഹിന്ദുരാഷ്ട്രമായിരുന്നെങ്കിൽ എന്ന പാതിമുറിഞ്ഞ ചോദ്യത്തിന്റെ ഭാവനാത്മകമായ ഒരു ഉത്തരമാണ് ആഗസ്റ്റ് 17 എന്ന നോവൽ. അതിൽ വർത്തമാനകാലത്ത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ദേശീയതയുടെ ആശയവും അത് പങ്കുവെക്കുന്ന ആശങ്കകളും കാണാൻ കഴിയും. ഇത്തരത്തിൽ ദേശീയതയെന്ന ആശയത്തിനുമേൽ പൂരിപ്പിക്കപ്പെടാതെ പോവുന്ന ഇടങ്ങളെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നു വർത്തമാനകാല മലയാള നോവൽ.
ഗ്രന്ഥസൂചി
1. മീര,കെ.ആർ., ഘാതകൻ, ഡി.സി.ബുക്ക്സ്, കോട്ടയം, 2021.
2. രാമചന്ദ്ര,ഗുഹ, ആധുനിക ഇന്ത്യൻ ശിൽപികൾ, പി.കെ.ശിവദാസ് (വിവ), ഡി.സി. ബുക്ക്സ്, കോട്ടയം, 2017.
3. ഹരീഷ്,എസ്., ആഗസ്റ്റ് 17, ഡി.സി. ബുക്ക്സ്, കോട്ടയം, 2022.
4. Anderson,Benedict, Imagined Communities -Reflection on the Origin and Spread of Nationalism, Verso, UK, 2006.
5. Bipan, Chandra, India’s Struggle for Independence, PenguinBooks, New Delhi, 1989.
6. Caar,E.H., What is History, Palgrave MacMillan, UK, 2001.
7. Gellner,Ernest, Nations and Nationalism, Black well, OxfordU.K. & Cambridge U.S.A, 1993.
8. Loomba,Ania, Colonialism/Post Colonialism, Routledge, London&New York, 1998.
9. McLeod,John, Post Colonialism, Viva, New Delhi, 2015.
ഡോ. ശ്രീക്കുട്ടി തങ്കപ്പൻ
അസിസ്റ്റൻ്റ് പ്രൊഫസർ
മലയാളവിഭാഗം
അൽഫോൻസാ കോളേജ്, പാലാ
Email: sreesarau.s@gmail.com
Mob: 8547836302
Copyright © 2026 | WordPress Theme by MH Themes
