പ്രബന്ധസംഗ്രഹം
ജനകീയ സാമൂഹത്തിന്റെ ജീവിതാനുഭവങ്ങളും വിശ്വാസങ്ങളും വികാരങ്ങളും ആചാരങ്ങളും പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ് നാടൻപാട്ടുകൾ. ഒരു കാലത്തെ മനുഷ്യന്റെ എഴുതപ്പെടാത്ത ചരിത്രങ്ങളായിരുന്നു ഇവ. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്ന ഈ ഈണങ്ങൾ ഇന്ന് വലിയൊരു പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വാമൊഴി പാരമ്പര്യത്തിലൂടെ നിലനിന്നിരുന്ന ഈ കലാരൂപം ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ നവമാധ്യമങ്ങളിൽ ലോകവ്യാപകമായി പ്രചരിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഒരു കാലത്ത് ഗ്രാമീണ വലയത്തിൽ മാത്രം പ്രചരിച്ചിരുന്ന ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇന്ന് ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നു. ഇങ്ങനെ ആഗോള പ്രേക്ഷകരിലേക്ക് എത്തുമ്പോൾ നാടൻപാട്ടിന്റെ രൂപത്തിലും അവതരണ രീതിയിലും അർത്ഥതലങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കുകയും പുതിയ സാംസ്കാരിക വായനകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വാമൊഴി പാരമ്പര്യത്തിൽ നിന്ന് ഡിജിറ്റൽ വൈറൽ സംസ്കാരത്തിലേക്കുള്ള ഈ സഞ്ചാരത്തിന്റെ സാംസ്കാരിക, സാമൂഹിക മാധ്യമപരമായ മാനങ്ങളെ വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. നാടൻപാട്ട് ഒരു കല എന്നതിലുപരി ഒരു കാലത്തെ മനുഷ്യർ അവരുടെ അദ്ധ്വാനഭാരം കുറയ്ക്കുന്നതും അവരുടെ വികാരവിചാരങ്ങൾ പങ്കുവെയ്ക്കുന്നതും പരസ്പരം ആശയങ്ങൾ കൈമാറുന്നതും നാടൻപാട്ടിലൂടെ ആയിരുന്നു. ഒരു ജനതയുടെ സംസ്കാരത്തിന്റെയും ജീവിത രീതിയുടെയും നേർകാഴ്ചകൾ ആണിത്. തനത് രൂപങ്ങളിൽ നിന്ന് മാറി ജനപ്രിയ സംഗീത സംസ്കാരത്തിന്റെ (popular culture) ഭാഗമായി നാടൻപാട്ട് പരിവർത്തനം ചെയ്യുന്നതിനെ മാതൃകകളെ മുൻനിർത്തി ഈ പ്രബന്ധത്തിൽ വിശകലനം ചെയ്യുന്നു.
താക്കോൽവാക്കുകൾ
വാമൊഴി, നാടൻപാട്ട്, ജനകീയ സംസ്കാരം, ഫോക് ലോർ, നവീനത, ഡിജിറ്റൽ മാധ്യമങ്ങൾ, ആഗോളവൽകരണം, ഫ്യൂഷൻ സംഗീതം, സാംസ്കരിക പൈതൃകം
ആമുഖം
എഴുത്തിന് മുമ്പുള്ള കാലഘട്ടങ്ങളിൽ സാമൂഹത്തിന്റെ അനുഭവങ്ങളും വിശ്വസങ്ങളും ആചാരങ്ങളും തൊഴിൽ രീതികളും വികാരങ്ങളും വാമൊഴിയിലൂടെ തലമുറകളിലേക്ക് കൈമാറപ്പെട്ടിരുന്നു. ഈ വാമൊഴി പരമ്പര്യത്തിന്റെ പ്രകടനരൂപമാണ് നാടൻപാട്ട്. കാലത്തിൽ നിന്ന് കാലത്തിലേക്ക് അനുക്രമിക്കുന്നതിനോടൊപ്പം അവ ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കും അനുക്രമിക്കുന്നു. അതുകൊണ്ട് കാലാനുഗമിയായി വരുന്ന ഭാഷാപരിണാമത്തോടൊപ്പം തന്നെ സ്ഥലബന്ധമായ ഭാഷാവ്യത്യാസങ്ങളും വന്നുകൂടുന്നു. അഞ്ജാതകർത്തൃകത, വ്യക്തമായ ചരിത്രമില്ലായ്മ, വാമൊഴിയിലൂടെയുള്ള വ്യാപനം, യഥാർത്ഥ പാഠമില്ലായ്മയും പാഠഭേദങ്ങൾ മാത്രം ഉള്ള അവസ്ഥയും പാട്ടുകളുടെ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. ഓരോ കാലഘട്ടത്തിലും സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപഭേദങ്ങൾ സംഭവിച്ചിണ്ടെട്ടുങ്കിലും അതിന്റെ ജനകീയസ്വഭാവം നിലനിന്നിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ മാധ്യമവിപ്ലവം നാടൻപാട്ടിന്റെ പ്രചരണത്തിലും സ്വീകാര്യതയിലും വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഡിജിറ്റൽ പുനരാവിഷ്കാരങ്ങൾ നാടൻപാട്ടിന്റെ അർത്ഥതലങ്ങളിലും അവതരണ രീതികളിലും സാമൂഹിക സ്വീകാര്യതയിലും പുതിയ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത്. അതിനാൽ വാമൊഴിയിൽ നിന്ന് വൈറലിലേക്കുള്ള യാത്രയെ സാംസ്കാരിക പുനർവായനയുടെ ഭാഗമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. ഈ പ്രബന്ധം നാടൻപാട്ടിന്റെ പരമ്പരാഗത സ്വഭാവവും ഡിജിറ്റൽ സ്വഭാവവും വിലയിരുത്തുന്നു.
വാമൊഴി പാരമ്പര്യം
വാമൊഴി (Oral Tradition) മനുഷ്യസമൂഹത്തിന്റെ ഏറ്റവും പ്രാചീനമായ അറിവ് കൈമാറ്റ സംവീധാനമാണ്. എഴുത്ത് വ്യാപകമാകുന്നതിന് മുമ്പ് ജനങ്ങളുടെ ചരിത്രം, ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതാനുഭവങ്ങൾ, ധാർമികബോധം, തൊഴിൽ സംസ്കാരം, എന്നിവ കൈമാറപ്പെട്ടത് വാമൊഴിയിലൂടെയായിരുന്നു. നാടൻപാട്ടുകൾ എല്ലാം വാമൊഴി പരമ്പര്യത്തിന്റെ ജീവിക്കുന്ന രേഖകളാണ്. നാടൻപാട്ടുകൾ ഒരു വ്യക്തിയുടെ സൃഷ്ടിയെന്നതിലുപരി സമൂഹത്തിന്റെ കൂട്ടായ സർഗാത്മകതയുടെ ഫലമാണ്. കാലക്രമത്തിൽ അവ ഓരോ അവതരണത്തിലും മാറ്റങ്ങൾ സ്വീകരിക്കുകയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നാടൻപാട്ട് ഒരു നിശ്ചലരൂപമല്ല; സമൂഹത്തോടൊപ്പം നിരന്തരം പരിണമിക്കുന്ന സാംസ്കാരിക ആവിഷ്കാരമാണ്.
കേരളത്തിലെ തൊഴിൽപ്പാട്ടുകൾ, അനുഷ്ഠാനപ്പാട്ടുകൾ, കഥപ്പാട്ടുകൾ, മതപരമായ പാട്ടുകൾ, സാമൂഹികമായ പാട്ടുകൾ, കളിപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ തുടങ്ങിയവ ഓരോന്നും പ്രത്യേക സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു . ഇവ വിനോദം മാത്രമല്ല സാമൂഹിക ഐക്യം വളർത്താനും സാംസ്കാരിക മൂല്യങ്ങൾ പകർന്നു നല്കാനും സഹായിച്ചു. വാമൊഴി പാരമ്പര്യത്തിന്റെ മറ്റൊരു സവിശേഷത പ്രകടനാത്മകതയാണ്. ഓരോ അവതരണവും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. അവതാരകൻ, പ്രേക്ഷകൻ, സ്ഥലം, സമയം, എന്നിവ അനുസരിച്ച് നാടൻപാട്ടിന്റെ അവതരണം മാറുന്നു. ഈ പ്രകടന സ്വഭാവമാണ് നാടൻപാട്ടിനെ ഇന്നും ജീവസുറ്റ സാംസ്കാരിക രൂപമാക്കി നിലനിർത്തുന്നത്.
മണ്ണിൽ പണിയെടുക്കുന്ന മനുഷ്യർക്ക് വാമൊഴിയായി പകരുന്ന വായ്ത്താരികൾ എന്നും ഊർജ്ജമായിരുന്നു. ഒരാൾ പാടുകയും കൂടെയുള്ളവർ ഏറ്റു പാടുകയും ചെയ്യുമ്പോൾ സംസ്കൃതിയുടെ പുത്തനുണർവ്വ് അവരിലേക്ക് എത്തുകയും അവരുടെ പണിയുടെ താളമായി ആ വായ്ത്താരികൾ മാറുകയും ചെയ്യുന്നു.
തെയ്യത്തിനുന്താരേ തിനുന്തോം
താരാ തിനുന്താരേ (2)
അയലത്തെ പെണ്ണാളെ തിനുന്തോം
ഈയാളും വന്നം കേട്ടോ
നാളെ നടിച്ചിലാണേ തിനുന്തോം
കല്ലട പതിനഞ്ചില്
കാർഷിക മേഖലയുമായി ബന്ധപ്പെട്ട പാട്ടും വായ്ത്താരികളുമാണിത്.
സാമൂഹിക സാംസ്കാരിക പശ്ചാത്തലം
നാടൻപാട്ടുകൾ കേവലം സംഗീതത്തിലുപരി സാമൂഹിക രേഖകളും സാംസ്കാരിക പ്രമാണങ്ങളുമാണ്. അതായത് ഓരോ കാലഘട്ടത്തിലെയും ജീവിതത്തിന്റെ കണ്ണാടിയാണ്. കൃഷിയിടങ്ങളിലും ഉത്സവാഘോഷങ്ങളിലും മൽസ്യബന്ധന വേളകളിലുമെല്ലാം കൂട്ടായ്മ ശക്തിപ്പെടുത്താൻ പാട്ടുകൾ സഹായിച്ചിരുന്നു. ഇത് സാമൂഹിക ഐക്യം ബലപ്പെടുത്തുന്നതോടൊപ്പം മാനസികമായ അടുപ്പം വളർത്താനും കാരണമായി. ധാർമിക ബോധം, പ്രകൃതി സ്നേഹം, കരുണ, സഹകരണം എന്നീ മൂല്യങ്ങൾ തലമുറകളിലേക്ക് കൈമാറാൻ നാടൻപാട്ടുകൾക്ക് ആയി. സ്ത്രീകളുടെ ജീവിതാനുഭവങ്ങളും തൊഴിലാളികളുടെ കഷ്ടപ്പാടുകളും സാമൂഹിക അസമത്വങ്ങളും പല നാടൻപാട്ടുകളിലും വ്യക്തമായി രേഖപ്പെടുത്തിയിടുണ്ട്.
നാടൻപാട്ടുകൾ ജനസമൂഹത്തിന്റെ സാംസ്കാരിക സ്മൃതിയാണ്. ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്നതിന് അവ നിർണ്ണായക പങ്കു വഹിക്കുന്നു. ഓരോ പാട്ടുകളും കൃത്യമായി നിരീക്ഷിച്ചാൽ അവ ഏത് സമൂഹത്തിന്റേതാണ് എന്ന് മനസിലാക്കാൻ സാധിക്കും. അവരുടെ ഭാഷ, ആചാരങ്ങൾ, പശ്ചാത്തലം, സാമൂഹിക അവസ്ഥ, എന്നിവയിൽ ഏതെങ്കിലും ഒന്ന് പാട്ടുകളിൽ പ്രകടമാകും. കൂടാതെ ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് മറ്റൊരു സാമൂഹിക പശ്ചാത്തലത്തിലേക്ക് പാട്ടുകൾ സഞ്ചരിക്കുമ്പോൾ അവയ്ക്ക് ഒത്തിരി വ്യത്യാസങ്ങൾ വരുന്നത് കാണാൻ സാധിക്കും. തൊഴിലിനായി സഞ്ചരിക്കുന്ന മനുഷ്യർ മറ്റൊരു ദേശത്തേക്ക് എത്തുമ്പോൾ പാട്ടുകളിൽ കൂടിച്ചേരലുകൾ സംഭവിച്ച് പുതിയ ഒരു മാതൃക രൂപപ്പെടുന്നു . പിന്നീട് ആ നാട്ടിലെ ആളുകൾ പുതിയ മാതൃക ഉപയോഗിച്ച് വരുന്നത് കാണാം. എന്നാൽ ആദിവാസി ജനതയുടെ കാര്യം എടുത്താൽ ജനനം മുതൽ മരണം വരെ ഓരോ ഘട്ടത്തിലും അവർക്ക് പാട്ടുകൾ ഉണ്ട്. ഓരോ വിഭാഗത്തിനും വ്യത്യസ്ത ആചാരങ്ങളും ഭാഷയും ഉണ്ട്. എന്നാൽ ഇവിടെ പാട്ടുകളിൽ സാമൂഹിക വ്യത്യാസം വരുന്നത് ഓരോ കാലഘട്ടം കഴിയും തോറും പുതിയ തലമുറയിലെ ആളുകൾ വിദ്യാഭ്യാസത്തിനായും മറ്റും പുറത്തേക്ക് പോകുമ്പോൾ ഊര് കാഴ്ചപ്പാടുകൾക്ക് വ്യത്യസ്തമായ സംസ്കാരങ്ങൾ രൂപപ്പെടുകയും പാട്ടുകളിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു . അത് പുതിയ തലമുറയിൽ പ്രചരിക്കുന്നത് കാണാനും സാധിക്കുന്നു. അതിനാൽ നാടൻപാട്ടുകളുടെ പഠനം സംഗീതപരമായ വിശകലനത്തിൽ ഒതുങ്ങാതെ സാമൂഹികവും മാനവശാസ്ത്രപരവുമായ സമീപനങ്ങളിലൂടെ നടത്തേണ്ടതുണ്ട്.
ഡിജിറ്റൽ മാധ്യമങ്ങളും നാടൻപാട്ടിന്റെ നവീന സഞ്ചാരവും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ സാങ്കേതികവിദ്യ നാടൻപാട്ടിന്റെ പ്രചാരണത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. വാമൊഴിയിലൂടെ പ്രചരിച്ചിരുന്ന നാടൻപാട്ടുകൾ വരമൊഴിയിലൂടെയും ഇന്ന് അത് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ,സംഗീത സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു. ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രധാന സവിശേഷത ആഗോളപ്രാപ്യതയാണ്. ഒരു ദേശത്ത് അവതരിപ്പിച്ച ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ ലോകത്തിന്റെ പല കോണിലുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു. ഇതിലൂടെ നാടൻപാട്ടിന്റെ പ്രചാരവും ജനപ്രീതിയും വർദ്ധിച്ചിരിക്കുന്നു. നവമാധ്യമങ്ങൾ നാടൻപാട്ടിന്റെ അവതരണ രീതിയിലും മാറ്റം കൊണ്ടുവന്നു പരമ്പരാഗത സംഗീതോപകരണങ്ങൾക്ക് ഒപ്പം ആധുനിക സംഗീതസംവിധാനങ്ങളും ദൃശ്യാവിഷ്കാരങ്ങളും എഡിറ്റിംഗ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് നാടൻപാട്ടുകൾ പുതിയ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നു . അതേസമയം, ഈ മാറ്റങ്ങൾ ചില വെല്ലുവിളികളും ഉയർത്തുന്നു. ജനപ്രീതിക്കായി പാട്ടുകളുടെ യഥാർത്ഥ രൂപത്തിലും സന്ദർഭത്തിലും മാറ്റം വരുത്തുന്നത് പരമ്പര്യത്തിന്റെ ആധികാരികതയെ ബാധിക്കാം. വാണിജ്യവൽക്കരണം, പകർപ്പവകാശ പ്രശ്നങ്ങൾ, യഥാർത്ഥ കലാകാരന്മാർക്ക് അംഗീകാരം ലഭിക്കാത്തത് എന്നിവയും ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളാണ്. എങ്കിലും ഡിജിറ്റൽ കാലഘട്ടം നാടൻപാട്ടിന് പുതിയ ജീവിതം നല്കിയിരിക്കുന്നു. ഡിജിറ്റൽ ആർക്കൈവിംഗ്, ഓൺലൈൻ ഗവേഷണം, വെർച്വൽ അവതരണങ്ങൾ, എന്നിവയ്ക്ക് ഇത് കാരണമായി. പുതിയ സംഗീത ഉപകരണങ്ങളും നാടൻപാട്ടിന്റെ ഈണങ്ങളും വരികളും ഇഴ ചേർത്ത് ഫ്യൂഷൻ സംഗീതവും ഡിജിറ്റൽ കാലഘട്ടത്തിൽ ഉടലെടുത്തു.
നവീന രീതിയിലുളള ഈ ഉപയോഗം നാടൻപാട്ടിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും പുതിയ വഴികൾ തുറന്നു കിട്ടിയിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ മാധ്യമങ്ങളെ പരമ്പര്യത്തിനുള്ള ഭീഷണിയായി മാത്രം കാണാതെ, അതിന്റെ നിലനിൽപ്പിനും നവീകരണത്തിനും സഹായകമായി കാണേണ്ടതുണ്ട്. പക്ഷേ ഈ പ്ലാറ്റ്ഫോമുകളിലൂടെ പാട്ടുകളെ അവതരിപ്പിക്കുന്നവർ ആ പാട്ടിനെ അടയാളപ്പെടുത്താൻ കൂടിയുള്ള മനസ് കാണിക്കേണ്ടതാണ്.
വൈറൽ സംസ്കാരവും സാംസ്കാരിക പുനർവായനയും
ഡിജിറ്റൽ മാധ്യമങ്ങളുടെ വ്യാപനത്തോടെ രൂപംകൊണ്ട വൈറൽ സംസ്കാരം (Viral Culture) സമകാലിക ആശയത്തിന്റെ പ്രധാന സവിശേഷതയായി മാറിയിരിക്കുന്നു. ഒരു സൃഷ്ടി (Content) വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനവിഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന പ്രതിഭാസത്തെയാണ് വൈറലാകൽ എന്ന് വിശേഷിപ്പിക്കുന്നത്. നാടൻപാട്ടുകളും ഈ ഡിജിറ്റൽ പ്രക്രിയയുടെ ഭാഗമായിക്കഴിഞ്ഞു. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന്റെയും പ്രാദേശിക സമൂഹത്തിന്റെയും പരിധിയിൽ നിലനിന്നിരുന്ന നാടൻപാട്ടുകൾ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളിലേക്കും മറ്റ് ഭാഷാസമൂഹങ്ങളിലേക്കും എത്തിച്ചേരുന്നു. വൈറൽ സംസ്കാരത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഉപഭോക്താവും സൃഷ്ടാവും തമ്മിലുള്ള അതിരുകൾ മങ്ങിപ്പോകുന്നതാണ്. സാമൂഹിക മാധ്യമങ്ങളിലെ പ്രേക്ഷകർ പാട്ട് കേൾക്കുന്നവരായി മാത്രം നിലകൊള്ളുന്നില്ല; അവർ അതിനെ വീണ്ടും ആലപിക്കുകയും വീഡിയോ രൂപത്തിൽ പുനരാവിഷ്കരിക്കുകയും ചെയ്യുന്നു. അമേരിക്കൻ ഫോക് ലോറിസ്റ്റും ആന്ത്രപ്പോളജിസ്റ്റുമായ റിച്ചാർഡ് ബൊമ്മൻ 1977-ൽ പ്രസിദ്ധീകരിച്ച Verbal art as performane എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയ (Performance theory) പ്രകടന സിദ്ധാന്തം ഈ മാറ്റങ്ങളെ മനസിലാക്കാൻ സഹായകമാണ്.
വൈറൽ സംസ്കാരം നാടൻപാട്ടിന് പുതിയ സ്വീകാര്യതയും പ്രേക്ഷക സമൂഹവും സൃഷ്ടിച്ചിട്ടുണ്ട്. യുവതലമുറ പരമ്പരാഗത ഗാനങ്ങളെ പുതിയ സംഗീതസംവീധാനങ്ങളോടും ചേർത്ത് അവതരിപ്പിക്കുമ്പോൾ നാടൻപാട്ടിന് സമകാലിക പ്രസക്തി കൈവരുന്നു. റീമിക്സ്, ഫ്യൂഷൻ, ഹ്രസ്വ വീഡിയോ രൂപങ്ങൾ ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള അവതരണങ്ങൾ ജനകീയ കലാരൂപങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ വൈറൽ സംസ്കാരം സാംസ്കാരിക പുനർവായനയുടെ സങ്കീർണ്ണമായ ചോദ്യങ്ങളും ഉയർത്തുന്നു. നാടൻപാട്ടുകൾ അവയുടെ യഥാർത്ഥ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ നിന്ന് വേർപ്പെടുത്തി വിനോദോപാധിയായി മാത്രം അവതരിക്കപ്പെടുമ്പോൾ അവയുടെ അർത്ഥതലങ്ങൾ മാറാൻ സാധ്യതയുണ്ട്. ചിലപ്പോൾ പാട്ടുകളുടെ ഭാഷ, ഈണം, അവതരണരീതി എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തപ്പെടുകയും യഥാർത്ഥ സാംസ്കാരിക സന്ദർഭം നഷ്ടപ്പെടുകയും ചെയ്യുന്നു. ഫോക് ലോർ പഠനത്തിൽ ഇത്തരം മാറ്റങ്ങളെ സാംസ്കാരിക പുനർവായന (Cultural Reinterpretation) എന്ന നിലയിൽ വിലയിരുത്തുന്നു. ഓരോ കാലഘട്ടവും ജനകീയ പാരമ്പര്യങ്ങളെ സ്വന്തം സാമൂഹിക ആവശ്യങ്ങൾക്കനുസരിച്ച് പുതുക്കി വായിക്കുകയും പുതിയ അർത്ഥങ്ങൾ നൽകുകയും ചെയ്യുന്നു അതിനാൽ ഡിജിറ്റൽ കാലഘട്ടത്തിലെ നാടൻപാട്ടിന്റെ നവീകരണം പരമ്പര്യത്തിന്റെ നാശമായി മാത്രം കാണാതെ അതിന്റെ തുടർച്ചയായ സാംസ്കാരിക പരിണാമമായും മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങൾ പ്രാദേശിക കലാകാരന്മാർക്ക് സ്വന്തം കല ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവും നല്കുന്നു. മുഖ്യധാര മാധ്യമങ്ങളിൽ ഇടം നേടാത്ത നിരവധി നാടൻപാട്ട് കലാകാരന്മാർ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായിട്ടുണ്ട്. കലോത്സവവേദികൾ പുതിയ തലമുറയ്ക്ക് പാരമ്പര്യപാട്ടുകളെ മനസിലാക്കി പഠിക്കാനുള്ള വേദികൾ ആണ്. ഇത് ജനകീയ സംസ്കാരത്തിന്റെ ജനാധിപത്യവൽക്കരണത്തിന് സഹായകമാകുന്ന ഒരു പുതിയ പ്രവണതയാണ്.
കേരളത്തിലെ വൈറലായ ഏതാനും പാട്ടുകളുടെ വിശകലനം
നാടൻപാട്ടുകളുടെ ഡിജിറ്റൽ സഞ്ചാരം മനസ്സിലാക്കുന്നതിന് സമകാലിക അവതരണങ്ങളുടെ മാതൃകകൾ വിലയിരുത്തേണ്ടത് ആവശ്യമാണ്. കേരളത്തിൽ വിവിധ കലാസംഘങ്ങളും സ്വതന്ത്ര കലാകാരന്മാരും യുട്യൂബ് ചാനലുകളും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും നാടൻപാട്ടുകളുടെ പ്രചാരണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വാമൊഴിപ്പാട്ടുകളും വരമൊഴിപ്പാട്ടുകളും സിനിമയിലേക്കും സംഗീത ആൽബങ്ങളിലേക്കും സ്റ്റേജ് അവതരണങ്ങൾക്കും എടുക്കുമ്പോൾ അവർ ഈണത്തിലും താളത്തിലും വരികളിലും മാറ്റങ്ങൾ വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
ഉദാഹരണം:
1. കാസർഗോഡ് ജില്ലയിലെ മാവിലർ സമുദായത്തിന്റെ കല്യാണ വീടുകളിൽ തലേ ദിവസം പാടുന്ന ‘എവുള്ളുളേരി ഒവുള്ളുളേരി മാണി നങ്കേരെ’ എന്ന മംഗലംകളിപാട്ട് അജഗജാന്തരം എന്ന സിനിമയിൽ അവതരിപ്പിച്ചത് തികച്ചും വ്യത്യസ്തമായിട്ടായിരുന്നു.
2. എം. എൻ. തങ്കപ്പൻ റേഡിയോയിക്ക് വേണ്ടി എഴുതിയ ‘ചെക്കേലടിക്കും മുൻപേ തെയ്യംതാര’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക്കൽ ബാൻഡ് ഇതിന്റെ ഈണത്തിൽ തന്നെ വ്യത്യാസം വരുത്തി അവതരിപ്പിച്ചു.
3. ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘കൈതോല പായ വിരിച്ച്’, സത്യൻ കോമല്ലൂർ എഴുതി മധു മുണ്ടകം ഈണമിട്ട ‘താരകപ്പെണ്ണാളെ കതിരാടും മിഴിയാളെ’ എന്നീ പാട്ടുകൾക്ക് ഈണത്തിൽ മാറ്റം വരുന്നതായി കാണാം.
4. കോഴിക്കോട് ജില്ലയിലെ പുലയ വിഭാഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂളിക്കെട്ട് ചടങ്ങിന്റെ ‘അയ്യാലയ്യ പടച്ചോനേ അയ്യം നിലം വിളി കേൾക്കുന്നേ’ എന്ന പാട്ടിന്റെ ഈണം എടുത്താണ് കടുവ എന്ന സിനിമയിൽ പാലാപ്പിള്ളി എന്ന പാട്ട് ചിട്ടപ്പെടുത്തിയത്.
5. ‘പൊലിക പൊലിക’ എന്ന പൊട്ടൻ തെയ്യത്തിന്റെ തോറ്റവും, വെട്ടിയൂർ പ്രേം നാഥിന്റെ ‘അപ്പാനമ്മേടെ കുമ്പളതൈ’ എന്ന പാട്ടും ഉറുമി എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
6. വയനാട് ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗത്തിന്റെ താരാട്ടായ ‘രാസയ്യാരോ രാജ രാസയ്യാരോ’ എന്ന പാട്ട് ഈണം തന്നെ വ്യത്യാസപ്പെടുത്തി സംഗീത ആൽബം ആയി റിലീസ് ചെയ്തിട്ടുണ്ട്.
നവീനതയുടെ വെല്ലുവിളികളും സാധ്യതകളും
ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച നാടൻപാട്ടിന് നിരവധി സാധ്യതകൾ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും ചില വെല്ലുവിളികളും സൃഷട്ടിച്ചിട്ടുണ്ട്.
വെല്ലുവിളികൾ
• ആധികാരികതയുടെ നഷ്ടം: ഈ രണ്ട് വശങ്ങളും ഒരുപോലെ പരിഗണിക്കാതെ നാടൻപാട്ടിന്റെ നവീന സഞ്ചാരത്തെ സമഗ്രമായി വിലയിരുത്താൻ കഴിയില്ല. വൈറലാകുക എന്ന ലക്ഷ്യത്തോടെ പാട്ടുകളുടെ വരികളും ഈണങ്ങളും അവതരണരീതികളും മാറ്റപ്പെടുമ്പോൾ യഥാർത്ഥ സാംസ്കാരിക പശ്ചാത്തലം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
• വാണിജ്യവൽക്കരണം: ജനകീയ കലാരൂപങ്ങൾ വിനോദവിപണിയുടെ ഭാഗമാകുമ്പോൾ സാമ്പത്തിക ലാഭം കലാപരമായ മൂല്യങ്ങളെക്കാൾ പ്രാധാന്യം നേടുന്ന സാഹചര്യം ഉണ്ടാവുന്നു.
• പകർപ്പവകാശപ്രശ്നങ്ങൾ: പല നാടൻപാട്ടുകളും യഥാർത്ഥ കലാകാരന്മാർക്ക് വേണ്ട അംഗീകാരമോ പ്രതിഫലമോ നൽകാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രവണത നിലനിൽക്കുന്നു.
• സന്ദർഭവ്യതിയാനം: ഒരു പ്രത്യേക സാഹചര്യത്തിൽ രൂപംകൊണ്ട നാടൻപാട്ട് ആ പശ്ചാത്തലത്തിൽ നിന്ന് വേർപ്പെട്ട് അവതരിപ്പിക്കുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥം മാറാൻ സാധ്യതയുണ്ട്.
സാധ്യതകൾ
• ഡിജിറ്റൽസംരക്ഷണം: നശിച്ചു പോകാൻ സാധ്യതയുള്ള നാടൻപാട്ടുകൾ ഓഡിയോ, വീഡിയോ, ഡിജിറ്റൽ ആർക്കൈവ് എന്നീ രൂപങ്ങളിൽ ശേഖരിക്കപ്പെടുന്നത് ഭാവി തലമുറകൾക്ക് വിലപ്പെട്ട സാംസ്കാരിക രേഖകളാക്കി മാറുന്നു.
• ആഗോളപ്രചാരം: കേരളത്തിലെ ഗ്രാമങ്ങളിൽ രൂപംകൊണ്ട നാടൻപാട്ടുകൾ ലോകമെമ്പാടുമുള്ളവരിലേക്ക് എത്തുന്നു.
• യുവതലമുറയുടെ പങ്കാളിത്തം: ഡിജിറ്റൽ മാധ്യമങ്ങൾ യുവജനങ്ങളെ നാടൻപാട്ടുമായി വീണ്ടും ബന്ധിപ്പിക്കുന്നു. ഫ്യൂഷൻ സംഗീതം, റീമിക്സ്, ദൃശ്യാവിഷ്കാരങ്ങൾ എന്നിവയിലൂടെ അവർ പരമ്പര്യത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു.
• ഗവേഷണ സാധ്യതകൾ: ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ നാടൻപാട്ടുകളുടെ വലിയ ശേഖരം ഫോക് ലോർ, മാധ്യമ പഠനം, ഭാഷാപഠനം തുടങ്ങിയ മേഖലകളിൽ പുതിയ ഗവേഷണങ്ങൾക്ക് വഴിയൊരുക്കുന്നു.
ഭാവി ദിശകൾ
നാടൻപാട്ടുകളുടെ ഡിജിറ്റൽ സംരക്ഷണത്തിനായി സർവ്വകലാശാലകൾ, സാംസ്കരിക സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, പ്രാദേശിക കലാസംഘങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. ഡിജിറ്റൽ ആർക്കൈവുകളുടെ രൂപീകരണം, യഥാർത്ഥ കലാകാരന്മാരുടെ അവകാശസംരക്ഷണം, സ്കൂൾ- കോളേജ് തലത്തിൽ ജനകീയ കലകളെ പരിചയപ്പെടുത്തുന്ന പദ്ധതികൾ, ഗവേഷണ പ്രോത്സാഹനം എന്നിവ ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. സമകാലിക സാഹചര്യത്തിൽ നാടൻപാട്ടിന്റെ നിലനിൽപ്പ് പാരമ്പര്യവും സാങ്കേതിക വിദ്യയും തമ്മിലുള്ള സന്തുലിതമായ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ നാടൻപാട്ടിന്റെ നവീന സഞ്ചാരത്തെ വിമർശനാത്മകവും സാംസ്കാരികബോധമുള്ളതുമായ സമീപനത്തിലൂടെ വിലയിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഉപദർശനങ്ങൾ
നാടൻപാട്ട് ഒരു സ്ഥിരമായ കലാരൂപമല്ലെന്നും, കാലത്തിനനുസരിച്ച് രൂപത്തിലും അവതരണത്തിലും പ്രചാരണ രീതികളിലും നിരന്തരം പരിവർത്തനം സംഭവിക്കുന്ന ഫോക് ലോർ രൂപമാണെന്നുമാണ് ഈ പഠനം വ്യക്തമാക്കുന്നത്. വാമൊഴി പരമ്പര്യത്തിലൂടെ തലമുറകളിലേക്ക് കൈമാറപ്പെട്ടിരുന്ന നാടൻപാട്ടുകൾ ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളുടെ സഹായത്തോടെ ആഗോള പ്രേക്ഷകസമൂഹത്തിലേക്ക് എത്തിച്ചേരുകയും പുതിയ സാമൂഹിക സാംസ്കാരിക അർത്ഥങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ നാടൻപാട്ടുകളുടെ സംരക്ഷിക്കുന്നതിനും പ്രചാരണത്തിനും പുതിയ സാധ്യതകൾ സൃഷ്ടിച്ചിരിക്കുന്നു. അപൂർവ്വമായ നാടൻപാട്ടുകൾ രേഖപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ലഭ്യമാകുന്നതിനും നവമാധ്യമങ്ങൾ സഹായകമാകുന്നു. അതോടൊപ്പം,പ്രാദേശിക കലാകാരന്മാർക്ക് വിശാലമായ പ്രേക്ഷകസമൂഹത്തെ കണ്ടെത്താനും സ്വന്തം കലാസൃഷ്ടികൾ സ്വതന്ത്രമായി അവതരിപ്പിക്കാനും ഡിജിറ്റൽ ലോകം അവസരം നല്കുന്നു. ഇതിലൂടെ ജനകീയ സംസ്കാരത്തിന്റെ ജനാധിപത്യവൽകരണം സാധ്യമാകുന്നുവെന്ന് ഈ പഠനം ചൂണ്ടികാണിക്കുന്നു.
ഡിജിറ്റൽ സഞ്ചാരത്തിൽ ഭാഷ, ഈണം, അവതരണസന്ദർഭം എന്നിവയിൽ വരുന്ന മാറ്റങ്ങൾ അവയുടെ ആധികാരികതയെ ബാധിക്കുന്നു. യഥാർത്ഥ കലാകാരന്മാർക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥ, സാമൂഹിക പശ്ചാത്തലത്തിന്റെ നഷ്ടം എന്നിവ ഫോക് ലോർ പഠനത്തിൽ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങളാണ്.
ഫോക് ലോർ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, നാടൻപാട്ടിന്റെ നവീന സഞ്ചാരം പരമ്പര്യത്തിന്റെ അവസാനമല്ല; മറിച്ച് അതിന്റെ തുടർച്ചയായ സാംസ്കാരിക പരിണാമമാണ്. ഓരോ കാലഘട്ടവും ജനകീയ പാരമ്പര്യങ്ങളെ പുതിയ സാഹചര്യങ്ങളിൽ പുനർവായിക്കുകയും പുതിയ അർത്ഥങ്ങൾ നൽകുകയും ചെയ്യുന്നു. ഈ അർത്ഥങ്ങൾ വൈറൽ സംസ്കാരം നാടൻപാട്ടിന്റെ സാമൂഹിക പ്രസക്തി വർദ്ധിപ്പിക്കുന്ന ഒരു പുതിയ ഇടമായി പ്രവർത്തിക്കുന്നു. അതേ സമയം പരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവവും ചരിത്രപരമായ പശ്ചാത്തലവും സംരക്ഷിക്കുന്ന സമീപനം അനിവാര്യമാണ്. ഭാവിയിൽ നാടൻപാട്ടുകളെ കേന്ദ്രീകരിച്ച് ഡിജിറ്റൽ ആർക്കൈവിംഗ്, കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയ ഫോക്ലോർ രേഖപ്പെടുത്തൽ, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് പഠനങ്ങൾ, പ്രേക്ഷകസ്വീകരണ പഠനങ്ങൾ (Audience Reception Studies), സോഷ്യൽ മീഡിയ വിശകലനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, കലാകാരന്മാർ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ നാടൻപാട്ടിന്റെ ഡിജിറ്റൽ പൈതൃകം കൂടുതൽ ശാസ്ത്രീയമായി സംരക്ഷിക്കാനും പ്രചരിപ്പിക്കാനും സാധിക്കും.
നാടൻപാട്ടിന്റെ വാമൊഴിയിൽ നിന്നുള്ള വൈറൽ യാത്ര ഒരു സാങ്കേതിക പരിവർത്തനം മാത്രമല്ല; അത് ജനകീയ പൈതൃകത്തിന്റെ പുനരാഖ്യാനവും സാംസ്കാരിക നവീകരണവും ആഗോള ആശയവിനിമയത്തിന്റെ ഭാഗമായുള്ള പുതിയ സാമൂഹിക അനുഭവവുമാണ്. പാരമ്പര്യവും നവീനതയും തമ്മിലുള്ള സമന്വയത്തിലൂടെയാണ് നാടൻപാട്ടിന്റെ ഭാവി കൂടുതൽ ശക്തവും പ്രസക്തവുമായി നിലനിൽക്കുക. അതിനാൽ നാടൻപാട്ടിനെ ഒരു ചരിത്രാവശിഷ്ടമായി കാണാതെ, സമകാലിക സമൂഹവുമായി നിരന്തരം സംവദിക്കുന്നതും ജീവിക്കുന്നതുമായ സാംസ്കാരിക പൈതൃകമായി മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
കുറിപ്പുകൾ
ഡിജിറ്റൽ ആർക്കൈവ്: ശബ്ദ-ദൃശ്യരേഖകൾ, ചിത്രങ്ങൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുന്ന സംവീധാനം.
ഗ്രന്ഥസൂചി
1. അജു കെ.നാരായണൻ, ഫോക് ലോർ പാഠങ്ങൾ പഠനങ്ങൾ, കോട്ടയം സാഹിത്യ പ്രവർത്തക കോ –ഓപ്പറേറ്റീവ് സൊസൈറ്റി, 2015.
2. രാഘവൻ ,പയ്യനാട് ഡോ. ഫോക് ലോർ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് കേരള, 1986.
3. രാജഗോപാൽ സി ആർ, ഫോക് ലോർ സിദ്ധാന്തങ്ങൾ, തിരുവനന്തപുരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ,2019.
4. വിഷ്ണു നമ്പൂതിരി എം. വി ഡോ. നാട്ടറിവുകൾ പഠനങ്ങൾ വാല്യം 2, കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസ്.
5. വിഷ്ണു നമ്പൂതിരി എം. വി ഡോ. ഫോക് ലോറും ജനസംസ്കാര പഠനവും, തിരുവനന്തപൂരം കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, 1989.
6. വിഷ്ണു നമ്പൂതിരി എം. വി ഡോ. നാടോടി വിജ്ഞാനീയം, ഡി സി ബുക്സ്, 2023.
7. ശ്രീധരൻ എം. എ ഡോ. ഫോക് ലോർ സമീപനങ്ങളും സാധ്യതകളും, തൃശ്ശൂർ മലയാള പഠന ഗവേഷണകേന്ദ്രം, 2008.
വെബ്സൈറ്റുകൾ
OLLULLERU Justin Varghese ft Praseetha Chalakkudi | Ajagajantharam | Antony Varghese |Tinu Pappachan Uploaded on 16 october 2021
സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/Iltg7IJWtME?si=BqOUKObRtxR18slq
Kaithola Paya Virich | Jithesh Kakkidippuram| Kaithola nadanpattukal Uploade on 4 Augest 2020 സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/6R4S_-vgUEw?si=oQ4DmueDgjmZI1Ba
Kaithola Paya Viricu | Crowd Goes Crazy| Sithara Krishnakumar | Live performance Uploaded By Behindwoods Ice 19 March 2023 സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/SBNkV5VAlaw?si=vVhVQd3BY5h68gr_
Pala Palli Thiruppalli Promo Song | Kaduva | Jakes Bejoy | Shaji Kailas | Prithviraj Sukumaran Uploaded on 5 july 2022 സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/ZLtrPJgEHp4?si=9ap2kgBXTpDp0xgP
പാലാപ്പള്ളി തിരുപ്പള്ളി ഉണ്ടായത് ഒരു കഥയാണ് | Athul Narukara | Soul of Folk Band | Palappalli Song Uploaded by Manorama Online 16 june 2022 സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/sfNmhpLSDCc?si=WXNHWKGZcwysnUkq
Thelu Thele |URUMI | Prithviraji | Santhosh Sivan |Vidhya Balan |Prabhu Deva | Deepak Dev Uploaded by Manorama Music Songs 14 April 2020 സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/XxpsN8rcUgs?si=cojTPdWKNEU3iNJx
രാസയ്യായ്യോ | Rasayyayo | Nadanpattu | 2022 | folk song | 4k | RAM SURENDAR | MENDOS ANTONY Uploaded By MC Audios Nadanpattukal 18 November 2022
സന്ദർശിച്ച തീയതി :14 ജൂലൈ 2026
https://youtu.be/h8A9TtvEb9A?si=botFrzePrdtOypdx
നന്നായിരിക്കുന്നു, രാജി.ആവശ്യമില്ലാതെ വലിച്ചു നീട്ടി എഴുതാതെ കാര്യമാത്ര പ്രസക്തമായി എഴുതിയിരിക്കുന്നു. ഒന്നു രണ്ടു സ്ഥലത്ത് വാചക ഘടനയിൽ പോരായ്മ വന്നിട്ടുള്ളത് തിരുത്തണേ.എത്രയോ നാളുകളായി നാടൻ പാട്ടുകളുടെ ആവിഷ്കാരത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, നാട്ടുകാരിയായ രാജിക്ക് എല്ലാ ആശംസകളും.