മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» അനശ്വര എസ്.
ID: MRK0037
Published on July 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
രോഗത്തിന്റെ സാഹിതീയ ആഖ്യാനങ്ങളിൽ പ്രധാനപ്പെട്ട പദമാണ് ഓട്ടോപത്തോഗ്രഫി (Autopathography). ആത്മകഥ എന്നർത്ഥം വിവക്ഷിക്കുന്ന ഓട്ടോഗ്രഫി (Autography), ശാരീരികമോ മാനസികമോ ആയ വൈഷമ്യാവസ്ഥയുടെ രചനാരൂപം എന്നർത്ഥം വരുന്ന പത്തോഗ്രഫി (Pathography) എന്നീ രണ്ടുപദങ്ങൾ കൂടിച്ചേർന്ന പദമാണ് ഓട്ടോപത്തോഗ്രഫി. രോഗാവസ്ഥയെക്കുറിച്ചുള്ള ആത്മാഖ്യാനങ്ങൾ എന്നനിലയിലാണ് ഈ പദത്തിന്റെ പ്രാധാന്യം. രോഗമെന്നത് ജീവത്ശരീരത്തിന്റെ അനുഭവമാണ്. രോഗാനുഭവങ്ങളുടെ ആധിക്യം ജീവിതത്തിൽ എന്നതുപോലെ സാഹിത്യത്തിന്റെ വിവിധശാഖകളിലും പ്രത്യക്ഷമാകുന്നു. ആഖ്യാനത്തിൽ വ്യതിയാനം സൃഷ്ടിക്കാൻ ശേഷിയുള്ള ഘടകമായാണ് രോഗം ആത്മാഖ്യാനങ്ങളിൽ പ്രവർത്തിക്കുന്നത്. മലയാളത്തിലെ ഓട്ടോപത്തോഗ്രഫി വിഭാഗത്തിൽപ്പെടുന്ന കൃതികളെ പഠനവിധേയമാക്കി ആ ജനുസ്സിന്റ പ്രത്യേകതകളെ അടയാളപ്പെടുത്തുകയെന്നതാണ് ഈ പ്രബന്ധം ലക്ഷ്യമാക്കുന്നത്.
താക്കോൽവാക്കുകൾ:
രോഗം, പത്തോഗ്രഫി, ആത്മകഥ, കാൻസർ
ആമുഖം
രോഗം പ്രാഥമികമായി ശരീരത്തെ ബാധിക്കുകയും ജീവിതത്തെയും അനുഭവങ്ങളെയും മാറ്റിമറിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും അർത്ഥപൂർണമായ ഘട്ടമെന്ന നിലയിൽ രോഗം വ്യത്യസ്ത ജ്ഞാനപദ്ധതികളിൽ വിഷയമാകുന്നുണ്ട്. മനുഷ്യാനുഭവങ്ങളിലെ സൂക്ഷ്മതലമെന്ന നിലയിൽ ജീവിതത്തിന് അർത്ഥം നിർവചിക്കുന്ന പ്രതിഭാസമെന്ന തലത്തിൽ രോഗമെന്ന അവസ്ഥയെ ഗഹനമായി അപഗ്രഥിക്കുന്ന വിജ്ഞാനപദ്ധതികളാണ് വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, ചരിത്രം, സാഹിത്യം, തത്വചിന്ത എന്നിവ. രോഗം എന്നത് ജീവത്ശരീരത്തിന്റെ അനുഭവമാണ്. ആ അനുഭവത്തെ ഏറ്റവും വ്യക്തതയോടെയും കൃത്യതയോടെയും ആഖ്യാനതലത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നത് അനുഭവസ്ഥരുടെ നേർസാക്ഷ്യപ്പെടുത്തലിലാണ്. രോഗം അനുഭവിക്കുന്നവരെ രോഗിയെന്നു വിളിക്കുന്നതിനാൽ ഓരോ രോഗികളുടെയും അനുഭവപരിസരം വൈവിധ്യപൂർണമായിരിക്കും. മനുഷ്യാനുഭവങ്ങളിൽ ഏറ്റവും തീക്ഷ്ണവും സങ്കീർണവുമായ ഘട്ടമെന്ന നിലയിൽ രോഗം ജ്ഞാനനിർമാണത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മുഖ്യവിഷയമായിട്ടുണ്ട്. “രോഗം വ്യാഖ്യാനിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. എന്നാൽ ചിലപ്പോഴെങ്കിലും രോഗം ഭാവനയുടെ വിഷയമാകുന്നു” (അപ്പൻ, കെ. പി., 2008:62) എന്ന് കെ. പി. അപ്പൻ രോഗവും സാഹിത്യഭാവനയും എന്ന ഗ്രന്ഥത്തിൽ പറയുന്നു. അതിനാൽതന്നെ രോഗത്തെക്കുറിച്ചുള്ള ആത്മാഖ്യാനങ്ങളിൽ വ്യക്ത്യാധിഷ്ഠിതധാരണകൾ കൂടിക്കലർന്നിരിക്കും. രോഗികളുടെ രോഗാനുഭവങ്ങളാണ് ഓട്ടോപത്തോഗ്രഫി രചനകളിൽ കൂടുതലായും പ്രകടമാകുന്നത്. രോഗാനുഭവങ്ങൾ ആത്മാഖ്യാനങ്ങളിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ സാഹിത്യമാതൃകകളിലെ കേന്ദ്രപ്രമേയം.
വ്യക്ത്യാനുഭവങ്ങൾക്ക് പ്രാധാന്യം കിട്ടിത്തുടങ്ങുന്ന, ജ്ഞാനോദയകാലമെന്ന് വിശേഷിപ്പിക്കപ്പെട്ട പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലാണ് ആത്മകഥകൾക്ക് പ്രചാരം ലഭിച്ചുതുടങ്ങിയത്. തെരഞ്ഞെടുത്ത സ്വകാര്യാനുഭവങ്ങളെ ആഖ്യാനപാടവത്തിലൂടെ ബാഹ്യമായി ആവിഷ്കരിക്കുന്ന സാഹിത്യമാതൃകകളായിട്ടാണ് ആത്മകഥകൾ ആദ്യകാലങ്ങളിൽ എഴുതിയിരുന്നത്. പോസ്റ്റ്കൊളോണിയൽസിദ്ധാന്തങ്ങളിൽ സത്യം പറച്ചിലിന്റെ വ്യാവഹാരികരൂപീകരണങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് ജീവാഖ്യാനങ്ങൾ ഒരു വ്യവഹാരമായിട്ടാണ് കണക്കാക്കിയത്. ഈ ഘട്ടത്തിലാണ് ആത്മകഥ എഴുതുന്ന വ്യക്തിക്ക് കർതൃത്വമുള്ളതായി മാറുന്നത്. വൈയക്തികമായ അനുഭവങ്ങൾക്ക് മനുഷ്യ-മനുഷ്യേതരലോകങ്ങളുമായി ബന്ധമുണ്ടാവുന്നതും അത്തരം അനുഭവങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്യം കണ്ടെത്താനാവുന്ന തലത്തിലേക്ക് ആത്മാഖ്യാനങ്ങൾ ഉരുത്തിരിയുകയും ചെയ്തത് ഇക്കാലത്താണ്. രോഗം ആത്മാഖ്യാനങ്ങളിലെ സ്ഥിരം ഘടകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതും ഓട്ടോപത്തോഗ്രാഫി രചനകൾ ധാരാളമായി രൂപപ്പെട്ടതും ഇത്തരത്തിലാണ്. അനുഭവസ്ഥരായവരുടെ രോഗാനുഭവസാക്ഷ്യങ്ങൾ വസ്തുനിഷ്ഠമായതിനാൽ ഓട്ടോപത്തോഗ്രഫി രചനകൾ രോഗികളായവർക്ക് അതിജീവനത്തിനുള്ള മാർഗ്ഗമാകുന്നുവെന്നതിനാൽകൂടി ഇത്തരം രചനകൾക്ക് വ്യാപക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. രോഗാനുഭവത്തെ സർഗ്ഗാത്മകാവിഷ്കാരത്തിലൂടെ ജീവിതദർശനമാക്കുകയാണ് ഇത്തരം രചനകളിലൂടെ. രോഗിയെന്ന സ്വത്വത്തെ മാനസികമായി അംഗീകരിക്കാനും രോഗത്തിനും രോഗിക്കുമിടയിലെ സംഘർഷത്തെ പരിഹരിക്കാനും ഓട്ടോപത്തോഗ്രഫിരചനകൾ സഹായകമാകുന്നു.
മലയാളസാഹിത്യവും രോഗവും
ആത്മകഥാഖ്യാനങ്ങൾ മലയാളത്തിൽ ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും രോഗം മുഖ്യകേന്ദ്രമായി വരുന്ന രചനകൾ കുറവാണ്. രോഗത്തെ സാഹിതീയമായി അവതരിപ്പിക്കുന്ന ആഖ്യാനങ്ങളെന്ന നിലയ്ക്ക് അപൂർവം ചില രചനകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. രോഗാവസ്ഥയിൽ ജീവിതത്തോടുള്ള രതിയും സ്നേഹവും പൂർവാധികം ശക്തിയോടെ രൂപപ്പെടുന്നതിനാൽ ഇത്തരം കൃതികളിൽ ജീവിതത്തോടുള്ള പ്രതിപത്തിയാണ് ഉയർന്നുനിൽക്കുന്നത്. ചങ്ങമ്പുഴയുടെ കളിത്തോഴിയും എൻ. എൻ. കക്കാടിന്റെ സഫലമീയാത്രയും അത്തരത്തിലുള്ളവയാണ്. ക്ഷയരോഗാവസ്ഥയാണ് കളിത്തോഴിക്ക് പ്രമേയമായിത്തീർന്നത്. സഫലമീയാത്ര എന്ന കവിതയിൽ പ്രമേയമാകുന്നതാകട്ടെ കാൻസറാണ്. അതുകൊണ്ടാണ് കക്കാട് ‘വ്രണിതമാം കണ്ഠത്തിലെ’ നോവ് എന്ന് ആഖ്യാനിച്ചിട്ടുള്ളത്. രോഗാവസ്ഥയിലെ വേദനയും ജീവിതത്തോടുള്ള പ്രതീക്ഷയും നിരാശയും അത്രമേൽ ആവിഷ്കരിച്ച മറ്റൊരു കവിതയില്ലെന്നു പറയാം. രോഗം കേന്ദ്രപ്രമേയമാകുന്നില്ലെങ്കിലും രോഗാവസ്ഥയുടെ തീവ്രതയും അത് സൃഷ്ടിക്കുന്ന മാനസിക-സാമൂഹികചലനങ്ങളും ആവിഷ്കരിക്കുന്ന നിരവധി നോവലുകൾ മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. തകഴിയുടെ തോട്ടിയുടെ മകൻ, എം. ടിയുടെ അസുരവിത്ത്, കാക്കനാടന്റെ ഒറോത എന്നീ നോവലുകളിൽ കോളറയും എസ്. കെ. പൊറ്റക്കാടിന്റെ വിഷകന്യക എന്ന നോവലിൽ മലമ്പനിയും ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കാക്കനാടന്റെ വസൂരി എന്നീ നോവലുകളിൽ വസൂരിയും കഥാഖ്യാനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാകുന്നുണ്ട്. രോഗാനുഭവങ്ങളെ തീവ്രമായി ആഖ്യാനിക്കുന്ന കൃതികളെന്ന നിലയിൽ ഓട്ടോപത്തോഗ്രഫി രചനകളിലേക്ക് വരുമ്പോൾ മലയാളത്തിൽ രചിക്കപ്പെട്ട കൃതികൾ വളരെ വിരളമാണ്. അതിലേറ്റവും പ്രധാനപ്പെട്ടവയാണ് കാൻസർ രോഗാവസ്ഥ വിശദീകരിക്കുന്ന അനുഭവകൃതികളായ ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി, വസൂരി എന്ന രോഗാവസ്ഥയെ വിവരിക്കുന്ന ദേവകി നിലയങ്ങോടിന്റെ കാലപ്പകർച്ചകൾ എന്നിവ.
കാൻസറും ആത്മാഖ്യാനങ്ങളിലെ പ്രത്യേകതകളും
മലയാളത്തിൽ ഏറ്റവുമധികം ഓട്ടോപത്തോഗ്രഫി രചനകളുണ്ടായിട്ടുള്ളത് കാൻസർ എന്ന രോഗാവസ്ഥയെ അധികരിച്ചാണ്. നിലനിന്നിരുന്ന ലോകവീക്ഷണങ്ങളെയും മാനുഷികബന്ധങ്ങളെയും ജീവിതദർശനത്തെയും അപനിർമ്മിച്ചുകൊണ്ടാണ് കാൻസർ എന്ന രോഗാവസ്ഥ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ രോഗാഖ്യാനസാഹിത്യത്തിൽ കാൻസർ സവിശേഷമായ രചനാസങ്കേതമായി കടന്നുവന്നിട്ടുണ്ട്. ഘട്ടംഘട്ടമായി ശരീരത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന രോഗാവസ്ഥയാണ് കാൻസർ. അനിയന്ത്രിതമായ കോശങ്ങളുടെ വളർച്ചയാണ് കാൻസർ. നൂറിൽപ്പരം വ്യത്യസ്ത കാൻസറുകളെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അനിശ്ചിതമായ കാലത്തോളം നീണ്ടുനിൽക്കുന്ന രോഗാവസ്ഥ, ക്രമമായ ഇടവേളകളിൽ തുടരേണ്ട ചികിത്സാരീതികൾ എന്നിവയെല്ലാം മറ്റു രോഗങ്ങളിൽനിന്നും ഭിന്നമായി കാൻസറിനെ അനുഭവത്തിൽ ഭീതിതമാക്കുന്നു.
മലയാളസാഹിത്യത്തിൽ രോഗകാലത്തെക്കുറിച്ചുള്ള രചനകൾപോലെ കാൻസർ ആത്മാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2006), ലീലാമേനോന്റെ നിലയ്ക്കാത്ത സിംഫണികൾ (2008), ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി (2013), പോൾ കലാനിധിയുടെ പ്രാണൻ വായുവിൽ അലിയുമ്പോൾ (2017), ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ കാൻസർ എന്ന അനുഗ്രഹം, ദിവ്യലക്ഷ്മിയുടെ കാൻസറിന്റെ നാൾവഴികൾ (2021), ഡോ. എം. ബി. സുനിൽകുമാറിന്റെ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം (2017), ഇന്ദിര കെ. എയുടെ പ്രവാസിയുടെ മകൾ (2021), സുഹാസ് പാറക്കണ്ടിയുടെ ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം (2022) തുടങ്ങിയ കൃതികൾ മലയാളത്തിലെ പ്രധാനപ്പെട്ട കാൻസർ ആത്മാഖ്യാനങ്ങളാണ്. തന്റെ ജീവിതത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു എന്ന ചിന്തയിൽനിന്നും ജീവിതം തിരികെ പിടിച്ചവരുടെ അനുഭവാഖ്യാനങ്ങളാണ് ഈ കൃതികളെല്ലാം. കാൻസർ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും രോഗചികിത്സയുടെ വിവിധഘട്ടങ്ങളുടെ അതിജീവനവുമാണ് ഓട്ടോപത്തോഗ്രഫികളിൽ കാൻസർ പ്രധാന രോഗമായി കടന്നുവരുന്നതിനു കാരണമാകുന്നത്. രോഗിയുടെ അതിജീവനവഴികളെക്കുറിച്ചുള്ള ആഖ്യാനമെന്ന നിലയിൽ ഈ കൃതികൾക്ക് സവിശേഷപ്രാധാന്യമുണ്ട്. തന്റെ ജീവിതാന്ത്യം മുന്നിൽകണ്ടതിനുശേഷം പഴയജീവിതം തിരികെപ്പിടിച്ച അനുഭവങ്ങളാണ് ഈ ആഖ്യാനങ്ങളിലുടനീളം കാണാനാവുന്നത്.
രോഗാനുഭവത്തെ ആവിഷ്കരിക്കുന്ന കൃതികളിൽ പൊതുവെ രോഗകാലത്തെ നിർണയിക്കുന്ന ആശുപത്രിവാസത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അനുഭവങ്ങളെ വിവരിക്കുന്ന പ്രക്രിയയാണ് തുടർന്നുവന്നിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി താൻ രോഗിയാണോ എന്ന സംശയം ഉടലെടുക്കുന്ന നിമിഷം മുതലുള്ള അനുഭവങ്ങളെ തീവ്രമായി ആവിഷ്കരിക്കുന്നരീതി ഓട്ടോപത്തോഗ്രാഫി രചനകളിൽ ഉൾച്ചേർന്നിരിക്കുന്നതായി കാണാം. താൻ രോഗിയാണ് എന്ന തിരിച്ചറിവിനെ വളരെ പ്രധാന്യത്തോടെയാണ് ഇത്തരം ആത്മാഖ്യാനങ്ങളിൽ അവതരിപ്പിക്കുന്നത്. ജീവിതാവസ്ഥകൾക്ക് വലിയ അളവിൽ മാറ്റം സംഭവിക്കുന്നു എന്ന തിരിച്ചറിവും തനിക്ക് ഭാവി എപ്രകാരമായിത്തീരും എന്ന ചിന്തയും ഈ ഘട്ടങ്ങളിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നവയാണ്. തനിക്ക് അന്യമായിരുന്ന ഒരു ജീവിതപരിസരം തന്റെ ചുറ്റിലും രൂപപ്പെടുന്നതിനോട് അനുബന്ധമായി ജീവിതത്തെ ക്രമപ്പെടുത്താനും രോഗികൾ തയ്യാറാകേണ്ടിവരുന്നു. രോഗമെന്നത് മനുഷ്യരെ ശാരീരികമായും മാനസികമായും തളർത്തുന്ന അവസ്ഥയാണ്. പ്രത്യേകിച്ച്, കാൻസർ പോലെയുള്ള രോഗാവസ്ഥയിൽ വിവിധ ഘട്ടങ്ങളിലൂടെയാണ് രോഗിയാവുന്നതും ആ രോഗാവസ്ഥയിൽനിന്നും മോചിതനാവുന്നതും. രോഗനിർണയഘട്ടം മുതൽ രോഗിയാണെന്ന തിരിച്ചറിവ് രൂപപ്പെടുന്ന ഘട്ടം വരെയുണ്ടാകുന്ന അനിശ്ചിതത്വം ഇത്തരം കൃതികളിൽ വളരെ പ്രധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സുഹാസ് പാറക്കണ്ടി താൻ കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
“റിസൾട്ട് തുറന്ന് ബയോപ്സി റെക്കമെന്റേഷനോടു കൂടിയ ഇംപ്രഷൻ ഭാഗം വായിച്ചുതീർത്തപ്പോൾ ജീവിതം നെടുകെ പിളരുന്നതിന്റെ കറകറ ശബ്ദം ഹൃദയത്തിന്റെ താളമായി അറിഞ്ഞുകൊണ്ടിരുന്നു. ഇനിയത്തെ ജീവിതം ബയോപ്സിക്കു മുമ്പും ശേഷമെന്നും പകുത്തുമാറ്റപ്പെടും” (സുഹാസ് പാറക്കണ്ടി, 2022:17).
ജീവിതം നൈമിഷികമാണെന്ന ബോധ്യപ്പെടലിന്റെ ദൃഷ്ടാന്തമാണിത്. എം. ബി. സുനിൽകുമാറാകട്ടെ,
“തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലേക്ക് റഫർ ചെയ്യപ്പെട്ട ആ റിപ്പോർട്ട് വായിച്ച് ഞാൻ ഒരു നിമിഷം തരിച്ചിരുന്നുപോയി, ഭയാനകമായ ഒരു ശൂന്യതയിലേക്ക് ഞാൻ ആണ്ടുപോകുന്നതുപോലെ തോന്നി, ഈ ലോകം ചുരുങ്ങിച്ചുരുങ്ങി എന്നിൽ അവസാനിക്കുന്നതുപോലെയും” (സുനിൽകുമാർ, എം. ബി., 2017:33-34).
എന്നാണ് രേഖപ്പെടുത്തിയത്. രോഗിയാണെന്ന ബോധ്യം തീർക്കുന്ന നിരാശയാണിവിടെ പ്രതിപാദിക്കുന്നത്. ഇന്നസെന്റാകട്ടെ രോഗമെന്ന യാഥാർത്ഥ്യത്തെ അപ്പാടെ അംഗീകരിക്കുന്നു. “ഞാനിത് അമ്പലത്തീന്നോ അരമനേന്നോ വാങ്ങിക്കൊണ്ടുവന്നതൊന്നുമല്ലല്ലോ, എല്ലാവർക്കും വരണപോലെ എനിക്കും വന്നു” (ഇന്നസെന്റ്, 2013:40). എന്നാണ് രേഖപ്പെടുത്തിയത്. കേട്ടുകേൾവി മാത്രമുള്ള രോഗങ്ങൾ എനിക്കുള്ളതല്ല എന്ന പൊതുബോധത്തിൽ നിന്ന് രോഗം എനിക്കുകൂടിയുള്ളതാണെന്ന തത്ത്വചിന്താപരമായ തിരിച്ചറിവാണിവിടെ പ്രതിഫലിക്കുന്നത്. അതുവരെ തുടർന്നുവന്ന ജീവിതം ഒന്നാകെ ഇല്ലാതാകുന്നതിന്റെ ആഘാതമാണ് പലരിലും കാൻസർ രോഗബാധിതനാണ് താനെന്ന തിരിച്ചറിവ് ഉണ്ടാക്കുന്നത്.
രോഗാവസ്ഥയുടെ തുടക്കകാലഘട്ടത്തിൽ പലർക്കും ജീവിതത്തോട് പൂർണമായ അപരിചിതത്വമാണ് പ്രകടമാകുന്നത്. തുടർന്നുപോന്നിരുന്ന സാധാരണ ജീവിതക്രമത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിൽ ഇക്കാലത്ത് അസ്വസ്ഥതകളുണ്ടാകും. രോഗിയായ തന്നോട് ഉറ്റവരും ഉടയവരും കാണിക്കുന്ന പെരുമാറ്റങ്ങളെപ്പറ്റി ആശങ്കകളുണ്ടാകും. ഉദാഹരണത്തിന്, പറമ്പിലെ മാവിൽപടർന്ന ഇത്തിൾക്കണ്ണി നീക്കാനെത്തിയ ജോലിക്കാരൻ ഇന്നസെന്റിനോട് ‘ഇതാണ് മാവിലെ കാൻസർ, വേഗം നീക്കിയില്ലെങ്കിൽ അടുത്ത മാവിലും പകരും’ എന്ന് സ്വാഭാവികമായി അറിയിച്ച ഘട്ടത്തിൽ തന്റെ ശരീരത്തിലുള്ള കാൻസർ ഇതുപോലെ മറ്റുള്ളവരിലേക്കും പടരുമോ എന്ന ആശങ്ക ഇന്നസെന്റിലുണ്ടാവുകയും തന്റെ പേരക്കുട്ടികളെ തനിക്കിനി തൊടാൻ സാധിക്കില്ലേ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ദൈനംദിനങ്ങളിലെ സ്വാഭാവികമായ കാര്യങ്ങളെവരെ രോഗവുമായി കൂട്ടിക്കലർത്തി ചിന്തിക്കുകയെന്നത് രോഗിയാകുന്ന ആദ്യഘട്ടത്തിൽ സംഭവിക്കുന്ന സഹജമായ കാര്യമാണ്. പക്ഷേ ഈ സഹജത പലരും തിരിച്ചറിയുകയില്ല. രോഗിയാകുന്ന അവസ്ഥയിൽ സംഭവിക്കുന്ന ഇത്തരം യുക്തിരഹിതമായ ചിന്തകളെ പലരും മാനസികവിഭ്രാന്തിയാണോ എന്നു സംശയിക്കാറുണ്ട്. പിന്നീട് രോഗിയാണെന്നുള്ള പിരിമുറുക്കവും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ഉണ്ടായതിനുശേഷമാണ് അതിജീവനമനോബലം രൂപപ്പെടുന്നതെന്ന് ഓട്ടോപത്തോഗ്രഫികളിലെ പൊതുവായനയിൽനിന്ന് മനസിലാക്കാൻ സാധിക്കും. രോഗാവസ്ഥയിലൂടെ കടന്നുപോയി ചികിത്സയുടെ പ്രതിസന്ധികൾ തരണം ചെയ്ത് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുടെ അതിജീവനകഥകളെന്ന നിലയിൽ ഇത്തരം ആത്മാഖ്യാനങ്ങൾക്ക് പ്രസക്തിയാർജ്ജിക്കുന്നത് ഈ ഘട്ടത്തിലാണ്.
ദീർഘനാളത്തെ ചികിത്സാകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ മാനസികമായും ശാരീരികമായും ഉണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മൃത്യുഭയവും നിരാശയും പ്രതീക്ഷാഭംഗവും ആകുലതകളും ഈ ഘട്ടത്തിൽ രോഗികൾ അഭിമുഖീകരിക്കുന്നു. തുടർന്നുപോന്നിരുന്ന ജീവിതക്രമത്തിൽ സംഭവിക്കുന്ന വ്യതിചലനവും ഗുളികയും വ്യായാമവും ജീവിതശൈലിനിയന്ത്രണങ്ങളും ഉൾപ്പെടുന്ന പുതിയ ജീവിതക്രമത്തെ ചികിത്സയ്ക്ക് എത്തുമ്പോൾ മറ്റ് രോഗികൾക്ക് ഉണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളും ഏതൊരു വ്യക്തിയെയും സ്വാധീനിക്കും. രോഗാവസ്ഥ മനസ്സിലാക്കി രോഗത്തിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന ബോധ്യമാണ് അതിജീവനപ്രക്രിയയുടെ കേന്ദ്രം. ഈ അതിജീവനപ്രക്രിയയുടെ അനിവാര്യതയും തീവ്രതയും എങ്ങനെയാണെന്ന് ഇത്തരം കൃതികളിൽ വെളിവാക്കുന്നുണ്ട്.
തനിക്ക് രോഗമുണ്ടെന്നറിയുമ്പോഴുണ്ടാകുന്ന ഞെട്ടലിന്റെയും ഏകാന്തമായ ചിന്തയുടെയും ഒന്നാംഘട്ടം, രോഗവുമായി രോഗിയെന്ന നിലയിൽ താദാത്മ്യപ്പെടുന്ന രണ്ടാംഘട്ടം, ചികിത്സക്കൊപ്പം രോഗത്തെ മറികടക്കാനുള്ള മൂന്നാംഘട്ടം എന്നിങ്ങനെ കാൻസർരോഗികൾക്ക് രോഗകാലത്ത് മൂന്ന് മാനസികഘട്ടങ്ങൾ അതിജീവിക്കാനുണ്ടെന്ന് ഇന്നസെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗിയെന്ന നിലയിലുള്ള അതിജീവനം രോഗിയാകുന്നവർക്കുമാത്രം മനസിലാകുന്ന താദാത്മ്യപ്രക്രിയയാണെന്ന് ഓട്ടോപത്തോഗ്രാഫി രചനകൾ വെളിവാക്കുന്നുണ്ട്.
കാൻസർരോഗികളാകുന്ന പലർക്കും അതിജീവനമെന്നത് ഒരേപോലെയാകണമെന്നില്ല. പലരും വളരെ സമയമെടുത്തിട്ടാണ് പഴയ ജീവിതത്തെ തിരികെപ്പിടിക്കുന്നത്. അപ്പോഴേക്ക് ജീവിതമനോഭാവങ്ങളിൽ വളരെയധികം വ്യതിയാനം സംഭവിച്ചിട്ടുണ്ടാകും. രോഗിയും രോഗിയോട് വളരെ അടുപ്പമുള്ളവരും രോഗാവസ്ഥയുടെ ഭാഗമായിത്തീരുന്ന സവിശേഷ അവസ്ഥ കാൻസർ രോഗത്തിനുണ്ട്. അത്തരക്കാരിൽ പലർക്കും രോഗാനുബന്ധമായി വിഷാദരോഗവും സംഭവിക്കാറുണ്ട്. ഈയവസ്ഥ രോഗിയായ ഇന്നസെന്റ് മുന്നിൽകണ്ട് അതിനെ അതിജീവിക്കാൻ കുടുംബത്തെ സഹായിച്ചുവെന്ന് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്.
“പ്രിയപ്പെട്ട ഒരാളുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു, ഇനിയെന്തു ചെയ്യും എങ്ങനെ ജീവിക്കണം എന്നിങ്ങനെ മുന്നിലുയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ് ഓരോ രോഗിയും ജീവിക്കുന്നത്” (ഇന്നസെന്റ്, 2013:31).
എന്നാൽ എം. ബി. സുനിൽകുമാറിന്റെ ആഖ്യാനത്തിൽ രോഗിക്ക് സംഭവിക്കുന്ന വിഷാദാവസ്ഥയെ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്,
“ദുഃഖം, നിരാശ, ഏകനായും അന്തർമുഖനായും ഇരിക്കുക, അധികക്ഷീണം, വിശപ്പില്ലായ്മ, കൂടെക്കൂടെ മരണത്തെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക എന്നിവയെല്ലാം വിഷാദരോഗികളുടെ ലക്ഷണങ്ങളാണ്. തന്റെ മരണശേഷം ഈ ലോകം എന്താകുമെന്നും തന്റെ കുടുംബത്തിന്റെയും തനിക്ക് ഇഷ്ടപ്പെടുന്നവരുടെയും സ്ഥിതി എന്താകുമെന്നുമായിരിക്കും മിക്ക അർബുദരോഗികളുടെയും വിഷാദത്തിന്റെ മൂലകാരണം.” (സുനിൽകുമാർ, എം. ബി., 2022:51).
ഇത്തരത്തിൽ രോഗാനുബന്ധമായി സംഭവിക്കുന്ന മാനസികവ്യതിചലനത്തിന്റെ ആഖ്യാനംകൂടി ഈ കൃതികളിൽ അടയാളപ്പെട്ടിട്ടുണ്ട്. രോഗകാലത്ത് മാനസികമായ അതിജീവന-പ്രതിരോധം രോഗിയിൽ മാത്രമല്ല സംഭവിക്കുന്നത് എന്ന് വ്യക്തം. രോഗിയാകുന്നത് ഒരു ശരീരമാണെങ്കിലും രോഗാനുബന്ധമായി അതിജീവനപാതയിൽ സഞ്ചരിക്കേണ്ടി വരുന്നത് ഒരു കൂട്ടം ആളുകളാണെന്നും അതിന്റെ നേതൃസ്ഥാനത്താണ് രോഗിയായ ആളെന്നും ഇത്തരം ആത്മാഖ്യാനങ്ങളിലൂടെ വെളിവാകുന്നു.
ഓട്ടോപത്തോഗ്രാഫിക് രചനകളുടെ മറ്റൊരു പ്രത്യേകതയെന്നത് ഇത്തരം കൃതികളിൽ തുറന്നുകാണിക്കുന്ന പീഡാനുഭവങ്ങളാണ്. ജീവിതത്തിന്റെ പരിധി ചുരുങ്ങിപ്പോവുകയോ മറ്റാളുകളാൽ നിശ്ചയിക്കപ്പെടുകയോ ചെയ്യുന്ന കാലമാണ് രോഗകാലമെന്നത്. ശാരീരികമായ അസ്വസ്ഥതകളോടൊപ്പം വിശ്രമകാലത്തെ ഏകാന്തതയും ഒറ്റപ്പെടലും മറ്റാളുകളുടെ സഹതാപനോട്ടവും പല മനുഷ്യർക്കും അക്ഷരാർത്ഥത്തിൽ സൃഷ്ടിക്കപ്പെടുന്നത് പീഡാനുഭവമാണ്. രോഗകാലത്തും ചികിത്സാകാലത്തും ഉണ്ടാകുന്ന ശാരീരികമായ മാറ്റങ്ങളെ പലരും അത്ഭുതത്തോടെയാണ് നോക്കുക. ഇത് രോഗികളിൽ മടുപ്പുളവാക്കുന്നവയാണെന്ന് മിക്ക ഓട്ടോപത്തോഗ്രഫി രചനകളും വിളിച്ചുപറയുന്നു. അതുകൊണ്ടാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ മുടി എന്നത് വലിയൊരു പ്രതീകമായി അവതരിപ്പിക്കുന്നത്. രോഗം പൂർണമായി മാറിക്കഴിഞ്ഞാലും രോഗിയാണെന്നേ മറ്റുള്ളവർ പറയൂ എന്ന പൊതുബോധത്തെ വിമർശനാത്മകമായി ഇവിടെ സമീപിക്കുന്നുണ്ട്. സാമൂഹികമായ കാരുണ്യം രേഖപ്പെടുത്തലോ, രോഗിയാണെന്നുള്ള സാമൂഹികാംഗീകാരം തേടലോ അല്ല, മറിച്ച് രോഗിയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമെന്ന് ഈ രചനകൾ ഊന്നൽ നൽകുന്നുണ്ട്.
രോഗിയുടെ അതിജീവനത്തിന്റെ മാതൃകകളാണ് ഓരോ ഓട്ടോപത്തോഗ്രാഫിക് രചനകളും. രോഗകാലം ദുരിതപൂർണമായിരിക്കുമെന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കും. എന്നാൽ അതിനെ എങ്ങനെ അതിജീവിക്കണമെന്ന ധാരണ പലർക്കും ഉണ്ടായിരിക്കുകയില്ല. രോഗകാലത്തെ അതിജീവിക്കുന്നതിനുവേണ്ട പ്രേരണ നൽകുന്നതിനും ഈ കൃതികൾ സഹായകമാവാറുണ്ട്. കാൻസർവാർഡിലെ ചിരി എന്ന കൃതിയിൽ
“എന്റെ ഈ പുസ്തകം വായിക്കുന്ന രോഗികളോട് എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമേയുള്ളു. രോഗം ഒരു യാഥാർത്ഥ്യമാണെന്ന കാര്യം ആദ്യം മനസ്സുകൊണ്ട് അംഗീകരിക്കുക. കൃത്യമായ ചികിത്സ സ്വീകരിക്കുക. ചിട്ടയായി മരുന്നുകൾ കഴിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ജീവിതം തീർന്നുവെന്ന് കരുതാതിരിക്കുക. എന്റെ രോഗം മാറില്ല എന്നു കരുതുന്നതിനേക്കാൾ ഏറ്റവും നല്ലത് എന്റെ രോഗം മാറും എന്ന് കരുതുന്നതല്ലേ.. യാഥാർത്ഥ്യബോധത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ രോഗകാലത്തിലൂടെ മുന്നോട്ടുപോകുക. ഓർക്കുക, ജീവിതം നിങ്ങളെ കാത്തുനിൽപ്പുണ്ട്. പൂർവാധികം ഭംഗിയോടെ” (ഇന്നസെന്റ്, 2013:87).
എന്നെഴുതിയത് രോഗികളോട് അതിജീവനത്തിനുള്ള ആഹ്വാനമായി കരുതാവുന്നതാണ്. ഓട്ടോപത്തോഗ്രഫിക് രചനകൾ വായനക്കാരിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് ഇത്തരമൊരു ആഹ്വാനത്തിന്റെ ലക്ഷ്യം.
ഓട്ടോപത്തോഗ്രഫിക് രചനകൾ പൊതുവെ സാഹിതീയചികിത്സാശാസ്ത്രം (Literary Therapy)¹ എന്ന പഠനപദ്ധതിയിലാണ് ഉൾപ്പെടുന്നത്.
“പ്രാഥമികമായി ഒരു അന്തർവൈജ്ഞാനികപഠനമേഖലയും പ്രായോഗികപദ്ധതിയുമായ സാഹിതീയചികിത്സാശാസ്ത്രം സാഹിത്യവിജ്ഞാനത്തെ ചികിത്സയുടെ സംസ്കാരത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുശീലനത്തെ സൃഷ്ടിക്കലാണ്” (സിദ്ദീഖ്, എം. എ., ഡോ., 2024:7).
പ്രധാനമായും സാഹിതീയവൈകാരികതയെ രോഗചികിത്സയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉപയോഗപ്പെടുത്തുകയെന്നതാണ് സാഹിതീയചികിത്സാശാസ്ത്രത്തിന്റെ അടിസ്ഥാനം. രോഗാനുഭവങ്ങളുടെ ആഖ്യാനങ്ങളായ സാഹിത്യകൃതികൾ ഈ ഗണത്തിലുൾപ്പെടുന്നവയാണ്. ഈ സവിശേഷ ജ്ഞാനപദ്ധതി ബിബ്ലിയോതെറാപ്പി എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. രോഗാനുബന്ധമായ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെയോ അവയുടെ വായനയിലൂടെയോ കടന്നുപോകുന്നതുവഴി വികാരവിമലീകരണം സംഭവിച്ച് ആശ്വാസം ലഭിക്കുന്നത് രോഗചികിത്സാഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. രോഗാനുഭവങ്ങൾ വായിച്ചറിയുന്നതിലൂടെ രോഗാവസ്ഥയുണ്ടാക്കുന്ന അപരിചിതത്വത്തെ മറികടക്കാൻ കഴിയുമെന്നത് രോഗിയ്ക്ക് മാനസികമായ ഉൾക്കരുത്ത് പ്രധാനം ചെയ്യുന്നുവെന്ന കണ്ടെത്തലിലാണ് അനുഭവാഖ്യാനങ്ങൾക്ക് സാഹിതീയചികിത്സാശാസ്ത്രത്തിൽ സവിശേഷസ്ഥാനം ലഭിച്ചത്. മേൽസൂചിപ്പിച്ച മലയാളത്തിലെ പ്രധാനപ്പെട്ട ഓട്ടോപത്തോഗ്രഫിക് രചനകളിലെ അവതാരിക/ആമുഖക്കുറിപ്പുകളിൽ ഓരോ കൃതിക്കും സാഹിതീയചികിത്സാശാസ്ത്രത്തിലുള്ള സ്ഥാനത്തെ സൂചിപ്പിക്കുന്ന വിലയിരുത്തലുകളുണ്ട്.
“തനിക്ക് തരാത്തത് ജീവിതത്തിൽ നിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു, പ്രതീക്ഷയാണ് ഈ പുസ്തകത്തിന്റെ സന്ദേശം” (ഇന്നസെന്റ്, 2013:130)
എന്ന് കാൻസർവാർഡിലെ ചിരി എന്ന പുസ്തകത്തെപ്പറ്റി സാറാജോസഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഗികൾക്ക് പ്രാഥമികമായി വേണ്ടത് നിരാശയല്ല, മറിച്ച് പ്രതീക്ഷയാണ്. ആ പ്രതീക്ഷ രോഗമുക്തിയെ എളുപ്പമാക്കുമെന്ന് ഇന്നസെന്റ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ വായനക്കാരോട് പറയുന്നുണ്ട്. രോഗിയുടെ ഉള്ളിലെ പ്രതീക്ഷതന്നെയാണ് അവനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരുന്നത്. ഓട്ടോപത്തോഗ്രഫി രചനയെന്ന നിലയിൽ കേവലം അനുഭവാഖ്യാനത്തിൽ ഒതുങ്ങി നിൽക്കുക മാത്രമല്ല മറിച്ച് രോഗികളായവർക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകകൂടി ചെയ്യുന്നുണ്ട് ഈ കൃതി.
സുഹാസ് പാറക്കണ്ടിയുടെ ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം എന്ന കൃതിയെപ്പറ്റി
“നിസ്സംശയം പറയാം, ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നാം കൂടുതൽ സ്നേഹസമ്പന്നരായി മാറും, ഭരണവർഗ്ഗവും വ്യവസ്ഥകളും ചേർന്ന് ജഡമാക്കുന്ന മനുഷ്യനെ പുനർജനിപ്പിക്കാൻ ഇത്തരം എഴുത്തുകൾ ആവശ്യമുണ്ട്” (സുഹാസ് പാറക്കണ്ടി, 2022:98).
എന്ന അഭിപ്രായം അശോകൻ ചരുവിലാണ് പങ്കുവച്ചിട്ടുള്ളത്. രോഗാവസ്ഥയിൽ ആശുപത്രി എന്ന സ്ഥാപനത്തിന്റെ വ്യവസ്ഥകളിൽ അകപ്പെടുന്ന മനുഷ്യർക്കൂടിയാവുകയാണ് ഓരോ രോഗികളും. രോഗമുക്തി നേടുന്ന ഘട്ടംവരെ രോഗിക്ക് സാമൂഹികജീവിതം തടസ്സപ്പെടുകയോ നിഷിദ്ധമാവുകയോ ചെയ്യുന്നു. അതുവരെ സ്വതന്ത്രമായ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഓരോ മനുഷ്യരെ സംബന്ധിച്ചിടത്തോളം പെട്ടെന്നുണ്ടാകുന്ന ഈ അടഞ്ഞജീവിതം രോഗാവസ്ഥയോട് മടുപ്പുണ്ടാക്കുന്നതിന് കാരണമാകും. എന്നാൽ അതിനപ്പുറം രോഗത്തെ അതിജീവിക്കാനുള്ള മനക്കരുത്ത് ഈ കാലം പ്രദാനം ചെയ്യുകയാണ് എന്ന തിരിച്ചറിവ് നൽകാൻ ഈ കൃതിക്ക് കഴിയുന്നുണ്ട്. ഇത്തരത്തിൽ ചികിത്സയുടെ വിവിധഘട്ടത്തിൽ രോഗിയെ ഉൾപ്രേരണ നൽകി ഉത്തേജിപ്പിക്കാനും ഈ അനുഭവാഖ്യാനങ്ങൾക്ക് കഴിയുന്നു.
“ഓരോ സാഹിത്യകൃതിയും ഏതെങ്കിലും വിധത്തിൽ രോഗശമനത്തിനു സഹായകമാണ് എന്ന തത്വമാണ് ലിറ്റററിതെറാപ്പിയുടെ അടിസ്ഥാനം.” (സിദ്ദീഖ്, എം. എ., ഡോ., 2024:9)
മേൽസൂചിപ്പിച്ച രണ്ടുകൃതികളും അത്തരത്തിൽ രോഗികളായവരുടെ അതിജീവനത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായകമാകുന്നുണ്ടെന്ന് നിസ്സംശയം പറയാം.
ഉപദർശനങ്ങൾ
സാമൂഹിക അടിത്തറയുള്ള വ്യക്ത്യാനുഭവങ്ങളാണ് ആത്മകഥകളുടെ അന്തഃസത്ത. രോഗമെന്ന അവസ്ഥ പ്രകൃതിസഹജമാണ്. മനുഷ്യാനുഭവഘട്ടത്തിലെ ഏറ്റവും തീഷ്ണമായ കാലവുമാണിത്. അതുകൊണ്ടുതന്നെ രോഗാവസ്ഥയെപ്പറ്റിയുള്ള ആത്മാഖ്യാനങ്ങളെന്ന നിലയ്ക്ക് ഓട്ടോപത്തോഗ്രഫി രചനകൾ കാലികപ്രസക്തിയുള്ളവയാണ്. ആത്മകഥകളിൽ രോഗം പ്രമേയമാകുമ്പോൾ അനുഭവതലത്തിന്റെ പ്രകടനമായിക്കൂടി അത് മാറുന്നു. രോഗിയുടെ മാനസികവും നൈതികവുമായ പ്രശ്നങ്ങളെക്കുറിച്ചും രോഗി അനുഭവിക്കുന്ന വൈകാരികാവസ്ഥകളെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്നവയാണ് ഇത്തരം കൃതികൾ. രോഗകാലം-രോഗാനാന്തരകാലം എന്നിങ്ങനെ ജീവിതത്തിനു സംഭവിക്കുന്ന വ്യത്യസ്തഘട്ടങ്ങളിലെ ജീവിതദർശനത്തെ പാകപ്പെടുത്താൻ ഇത്തരം കൃതികൾ സഹായകമാകുന്നു. ജീവിതത്തിന്റെ ക്ഷണികതകളെപ്പറ്റി പറയുന്നതിനോടൊപ്പം ജീവന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ അവതരിപ്പിക്കുന്ന ദാർശനികകാഴ്ചപ്പാട് കൂടി ഇത്തരം കൃതികൾ അവതരിപ്പിക്കുന്നുണ്ട്. രോഗത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിവരണത്തെക്കാൾ മനുഷ്യരിൽ അനുഭവവേദ്യമാകുന്നത് പലപ്പോഴും ഇത്തരം ആത്മാഖ്യാനങ്ങളായതിനാൽ ഓട്ടോപത്തോഗ്രഫി രചനകൾ നൽകുന്ന അവബോധം പലപ്പോഴും രോഗിയാകുന്നവർക്ക് ഉത്തേജകമായിത്തീരാറുണ്ട്. രോഗാവസ്ഥയെപ്പറ്റിയുള്ള പൊതുബോധത്തെ അപനിർമ്മിക്കാനും ഇത്തരം കൃതികൾ സഹായകമാകുന്നു.
കുറിപ്പുകൾ
1. Literary Therapy: സാഹിത്യകൃതികൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാപദ്ധതിയാണ് സാഹിതീയചികിത്സാശാസ്ത്രം. ഈ സംജ്ഞ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഡോ. എം. എ. സിദ്ദീഖാണ്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലിറ്റെററി തെറാപ്പി എന്ന പുസ്തകം ഈ വിഷയത്തെ സമഗ്രമായി വിവരിക്കുന്ന മലയാളഗ്രന്ഥമാണ്.
ഗ്രന്ഥസൂചി
1. അപ്പന്, കെ. പി., രോഗവും സാഹിത്യഭാവനയും, ഡി. സി. ബുക്സ്, കോട്ടയം, 2008.
2. ഇന്നസെന്റ്, കാൻസർവാർഡിലെ ചിരി, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2013.
3. ചന്ദ്രമതി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഡി. സി. ബുക്സ്, കോട്ടയം, 2006.
4. സിദ്ദീഖ്, എം. എ., ഡോ., ലിറ്റററി തെറാപ്പി, ലോഗോസ് ബുക്സ്, തിരുവനന്തപുരം, 2024.
5. സുനിൽകുമാർ, എം. ബി., ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം, ഡി. സി. ബുക്സ്, കോട്ടയം, 2017.
6. സുഹാസ് പാറക്കണ്ടി, ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം, ഇങ്ക് പുസ്തകം, കോഴിക്കോട്, 2022.
അനശ്വര എസ്.
ഗവേഷക, മലയാളവിഭാഗം
കേരളകേന്ദ്രസർവകലാശാല
Email: rachana.anaswara@gmail.com
Mob: 9539519989
Copyright © 2026 | WordPress Theme by MH Themes
