മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 APRIL-JUNE | VOLUME 02 | ISSUE 02
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» ആദിത്യ കെ. ജി.
ID: MRK0031
Published on April 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ആധുനികതയുടെ നിർവചനങ്ങളെയും പരിധികളെയും ചോദ്യം ചെയ്തുകൊണ്ട് ഒരു സാംസ്കാരിക ബൗദ്ധിക പ്രസ്ഥാനമായി ഉയർന്നുവന്ന ഉത്തരാധുനികത ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനപാദങ്ങളിൽ മലയാള സാഹിത്യത്തിലാകമാനം മാറ്റങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി. വ്യക്തികളുടെ ആന്തരികവും സാമൂഹികവുമായ സ്വത്വം പല മാനങ്ങളിൽ നിന്ന് വീക്ഷിക്കപ്പെടാൻ തുടങ്ങിയതോടെ കഥാസാഹിത്യത്തിന് ഒരു നവീനമുഖം പ്രത്യക്ഷമായി. ആഖ്യാനം, പ്രമേയം എന്നിവയെ കുറിച്ചുള്ള സാമ്പ്രദായികധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് വർത്തമാനസാഹിത്യത്തിൽ ഓരോ ചെറുകഥയും പിറവിയെടുക്കുന്നത്. അനുദിനം പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന ചെറുകഥകൾ ഭാവനയുടെയും വിശ്വാസത്തിൻ്റെയും ചരിത്രത്തിൻ്റെയും വർത്തമാനയാഥാർഥ്യങ്ങളുടെയും മിശ്രണത്തിലൂടെ കൃത്യമായ രാഷ്ട്രിയം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കഥയ്ക്കുള്ളിൽ അവതരിപ്പിക്കപ്പെടുന്ന ദേശകാലചരിത്രസംഭവങ്ങൾ എപ്പോഴും ചർച്ചകൾക്ക് വിഷയമാണ്. അവിടെയെല്ലാം അടിവരയിട്ട് രേഖപ്പെടുത്തുന്ന ഒന്ന് മലയാളചെറുകഥയ്ക്ക് ഇവിടുത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിണാമങ്ങളുമായുള്ള ബന്ധമാണ്. കഥകൾ വെറും ആഖ്യാനങ്ങളല്ലാതെ ഒരു പ്രദേശത്തിന്റെ ഭാഷയും സംസ്കാരവും ജീവിതരീതികളും അടയാളപ്പെടുത്തുന്ന പ്രാദേശികപ്രതിനിധാനങ്ങളായി മാറുകയും തികച്ചും സങ്കീർണ്ണമായ സാമൂഹിക– മാനസിക വ്യാപാരങ്ങളുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഭൂമികയായി പരിണമിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ പുതുകഥകളിൽ പ്രത്യക്ഷമാകുന്ന പ്രാദേശികതയെയും സ്വത്വനിർമ്മിതിയെയും വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ പഠനം.
ആമുഖം
കഥപറച്ചിലിൻ്റെ വ്യത്യസ്തമായ വഴികളെ ശീലിച്ചവരാണ് മലയാളികൾ. രൂപത്തിലും ഭാവത്തിലുമുള്ള വൈവിധ്യം ആരംഭദശ മുതൽ ചെറുകഥകൾക്കുണ്ടായിരുന്നു. നവോത്ഥാനപ്രസ്ഥാനത്തോടെ ജീവിതഗന്ധികളായിത്തീർന്ന ചെറുകഥകൾ മനുഷ്യജീവിതത്തിൻ്റെ എല്ലാ വശങ്ങളിലേക്കും നിസ്സങ്കോചം കടന്നുചെന്നു. അതോടെ നവീനമായൊരു ഭാവുകത്വം മലയാള ചെറുകഥയ്ക്ക് വന്നുചേർന്നു. ഈ ഭാവുകത്വപരിണാമത്തിന്റെ തുടർച്ചയോ പരിഷ്കരിക്കപ്പെട്ട രൂപമോ ആണ് ആധുനികാനന്തര ചെറുകഥകൾ. പരമ്പരാഗത കഥാകഥന രീതിയും പ്രതീകാത്മകതയും ഭാവുകത്വവും മാറ്റിനിർത്തി മനുഷ്യരുടെ ദൈനംദിന ജീവിതാനുഭവങ്ങളെ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കാനാണ് പുതുകഥ ശ്രമിച്ചത്. ഈ പുതിയ കഥാസഞ്ചാരത്തിൽ വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കപ്പെടുകയും അതിൽ സമൂഹം, സംസ്കാരം, വ്യക്തിബന്ധങ്ങൾ, വ്യക്തിത്വം, സാമൂഹിക രാഷ്ട്രീയ പ്രാദേശിക ഘടകങ്ങൾ തുടങ്ങിയവ പുതിയ അർത്ഥതലങ്ങളോടെ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്തു.
ആഖ്യാനം, പ്രമേയം, രൂപം എന്നിവയെ കുറിച്ചുള്ള സാമ്പ്രദായികധാരണകളെ തിരുത്തിയെഴുതിക്കൊണ്ടുള്ള ബഹുസ്വരമായ ആവിഷ്കാരം നവീനകഥാഖ്യാനത്തെ വിപുലപ്പെടുത്തി. ഈ വൈപുല്യത്തിലാണ് സ്ത്രീകളും ദളിതരും പരിസ്ഥിതിയുമൊക്കെ ഉൾപ്പെടുന്നത്. അസ്തിത്വദുഃഖവും നിരർഥകതാബോധവും മൃത്യപൂജയുമൊക്കെ വാഴ്ത്തപ്പെട്ട ആധുനികകഥകളിൽ നിന്ന് പുതിയ കഥകൾ വ്യത്യസ്തമാകുന്നത് ചെറുതുകളുടെ ഈ സൂക്ഷ്മാവിഷ്‌കാരത്തിലാണ്. ഒരു തരത്തിൽ പഴയ റിയലിസ്റ്റിക് കഥകളുടെ പുനരാവർത്തനമായി നവീന ചെറുകഥകളിലെ ഈ മാറ്റങ്ങളെ പരിഗണിക്കാം. കാരണം പുതിയ കഥകൾ നിലനിൽക്കുന്ന മനുഷ്യജീവിതത്തിൻ്റെ സാധാരണസാഹചര്യങ്ങളുടെ സ്വാഭാവിക ഉൽപ്പന്നങ്ങൾ തന്നെയാണ്. ഇതിവൃത്തവും പ്രമേയവും കഥാപാത്രങ്ങളുമെല്ലാം അവയുടെ ഏറ്റവും ശുദ്ധമായ നൈസർഗ്ഗികതയിൽ ഈ കഥകളിൽ കടന്നുകൂടുന്നു എന്നതിനെയാണ് പ്രത്യേകമായി കാണേണ്ടത്. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും വ്യക്തിത്വ നിർമ്മിതിയിലും എഴുത്തുകാർ സൂക്ഷ്മത പുലർത്തുന്നു. കഥാപാത്രങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന സാമൂഹിക സാംസ്കാരിക ഭാഷാ പശ്ചാത്തലങ്ങളുടെ നിർമ്മിതിയിലാണ് പിന്നീട് ഓരോ എഴുത്തുകാരും കാര്യമായി ശ്രദ്ധിക്കുന്നതെന്നും മനസ്സിലാക്കണം. കഥകൾ വെറും ആഖ്യാനം എന്ന രീതി വിട്ട് ഒരു പ്രദേശത്തിൻ്റെ ഭാഷയും സംസ്കാരവും ജീവിതരീതിയും ഉൾപ്പെടുന്ന പ്രദേശിക നിർമ്മിതികളായി മാറുന്നു. അതുകൊണ്ടുതന്നെ പുതുകഥയിലെ സ്വത്വനിർമ്മിതിയെ കുറിച്ചും പ്രാദേശിക പ്രതിനിധാനത്തെ കുറിച്ചുമുള്ള പഠനത്തിന് സാംഗത്യമുണ്ട്. ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പൻ’ , വി.ഷിനിലാലിൻ്റെ ‘രണ്ടു മരങ്ങൾ’, എബ്രഹാം മാത്യുവിന്റെ ‘മൗനം മധുരം’, ‘കടുവ’ എന്നീ കഥകളാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ വിശകലനത്തിലൂടെ പുതുകഥകളിലെ സ്വത്വ നിർമ്മിതി, പ്രാദേശിക പ്രതിനിധാനം എന്നീ ഘടകങ്ങളെ കുറിച്ച് പഠിക്കുന്നു.
പുതുകഥ
മലയാള ചെറുകഥയുടെ വർത്തമാനം വൈവിധ്യങ്ങളുടെ വിശാല ഭൂമികയാണ്. ഏകാത്മകതയോ സമാനതകളോ പങ്കുവയ്ക്കാതെ തന്നെ സമകാലിക ലോകജീവിതത്തിൻ്റെ ഭിന്നപാഠങ്ങൾ ഈ കഥകളിൽ ഉള്ളടക്കം ചെയ്തിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പ്രാരംഭഘട്ടത്തിൽ ജീവിതത്തെക്കുറിച്ചുള്ള വ്യതിരിക്തഭാവങ്ങളുമായി കടന്നു വന്ന ചെറുകഥാപ്രസ്ഥാനം നിർവ്വചനങ്ങളിൽ ഒതുങ്ങിക്കൂടുന്നതായിരുന്നില്ല. രൂപഭാവതലങ്ങളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളാണ് ഇതിന് ഹേതുവാകുന്നത്. മനുഷ്യൻ എന്ന ജീവിവർഗ്ഗം ആന്തരികവും ബാഹ്യവുമായ സങ്കീർണ്ണജീവിതം നയിക്കുന്നവരാണ്. മൂർത്തവും അമൂർത്തവുമായ ഈ ജീവിതസങ്കീർണത മറ്റ് സാഹിത്യങ്ങളിലെന്ന പോലെ കഥാലോകത്തും ചലനങ്ങളുണ്ടാക്കി. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഘടകങ്ങളോട് ഈ സങ്കീർണ്ണത കൂടിച്ചേരുകയും വിഘടിക്കുകയും ചെയ്തതിൻ്റെ അനന്തരഫലങ്ങളാണ് പുതുകഥയെ സൃഷ്ടിക്കുന്നത്.
സങ്കീർണ്ണമായ പ്രമേയങ്ങളും സർഗാത്മകതയും ഉത്തരാധുനിക ചെറുകഥകളെ തീക്ഷ്ണസുന്ദരമാക്കിത്തീർക്കുന്നു. സ്ത്രീവാദം, ദളിത് വാദം, പരിസ്ഥിതിവാദം, എന്നിവയ്‌ക്കൊപ്പം മാധ്യമസംസ്കാരവും വിപണിസംസ്കാരവും കൂടി പുതുകഥകളിൽ വിഷയീഭവിക്കാൻ തുടങ്ങിയതോടെ കാലാതീതമായി മനുഷ്യരെ കാണുവാനും നവസാങ്കേതികവിദ്യയുടെ അപമാനവീകരണ ശ്രമങ്ങളെ തുറന്നെഴുതുവാനുമുള്ള കരുത്ത് പുതുകാല ആഖ്യാനങ്ങൾ നേടി. ഏച്ചുകെട്ടലുകളും ദുർഗ്രാഹ്യതയും വെടിഞ്ഞ് സ്വതന്ത്രവും സ്വാഭാവികവുമായ ഭാഷയിൽ മനുഷ്യജീവിതം ഈ കഥകളിൽ ആവിഷ്‌കരിക്കപ്പെടുന്നു. സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് പാർശ്വവത്കരിക്കപ്പെട്ടവരുടെയും മാറ്റിനിർത്തപ്പെട്ടവരുടേയും ശബ്ദങ്ങളെ പുതുകാല കഥകൾ ബോധപൂർവം സ്വീകരിക്കുന്നു. ലിംഗവൈവിധ്യങ്ങളും അരികു ജീവിതങ്ങളും കള്ളനും കൊലപാതകിയും തുടങ്ങി മനുഷ്യർ എന്ന ഏകവചനത്തിൽ ഒതുക്കപ്പെട്ട സകല വൈവിധ്യങ്ങളുടെയും പ്രതിനിധാനങ്ങളുടെ രാഷ്ട്രീയം പുതുകഥകൾക്കുണ്ട്. ചരിത്രം, മാനവികത, അധികാരം, പ്രാദേശികത, കുടുംബം, സ്വത്വം, സംസ്കാരം എന്നിവയെല്ലാം പുതുകഥകളിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു.
സ്വത്വനിർമ്മിതി പുതുകഥകളിൽ
പുതുകഥ വ്യക്തികളുടെ ആന്തരിക ഭാവങ്ങളിലേക്ക് ചൂഴ്ന്നു പോകുന്ന സാഹിത്യമാണ്. കഥാപാത്രങ്ങളുടെ മനഃശാസ്ത്രം, വികാരങ്ങൾ, ആകാംക്ഷകൾ, ഒറ്റപ്പെടലുകൾ തുടങ്ങിയ മനോവ്യാപാരങ്ങൾ മുഖ്യമായി പ്രതിഫലിപ്പിക്കുന്നതിലൂടെ മനുഷ്യരുടെ സ്വത്വം പുതുകഥാഖ്യാനത്തിലെ പ്രധാന ഘടകമായി. ഒരു വ്യക്തിയുടെയോ വസ്തുവിൻ്റെയോ സ്വത്വമെന്നത് അതിൻ്റെ തന്മ അഥവാ മറ്റൊന്നിൽ നിന്ന് അതിനെ വേർതിരിക്കുന്ന ഘടകം എന്നാണ് അർത്ഥം. ഇംഗ്ലീഷിലെ ഐഡൻ്റിറ്റി, പേഴ്‌സണലിറ്റി എന്നീ വാക്കുകളുടെ സംയോജിതാർഥമാണ് സ്വത്വത്തിനുള്ളത്. ഓരോ വ്യക്തികളുടെയും സ്വത്വം എന്നത് അയാളുടെ മാത്രം സവിശേഷതയാണ്. സ്വഭാവം, ചിന്ത, കാഴ്ചപ്പാടുകൾ, അഹംബോധം, തനിമ, അനന്യത തുടങ്ങിയവയെല്ലാം സ്വത്വത്തിൽ ഉൾചേർന്നിരിക്കുന്നു. “ഒരു വ്യക്തിയുടെ പെരുമാറ്റപരവും വൈകാരികപരവുമായ പ്രത്യേകതകളുടെ ആകെത്തുകയായി വിവിധ ചിന്താധാരകളിൽ സ്വത്വം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.”¹ ഒരാളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ് ജന്മവാസന, പാരമ്പര്യം, സാഹചര്യം, വിദ്യാഭ്യാസം എന്നിവ. ഇതെല്ലാം ചേർന്നുള്ള വ്യക്തിത്വമാണ് സ്വത്വത്തിന്റെ കാതൽ.
ഒരു മനുഷ്യൻ തന്റെ വ്യക്തിത്വവും സ്ഥിതിയും മനസ്സിലാക്കി സ്വയം നിർവചിക്കുന്ന പ്രക്രിയയാണ് സ്വത്വനിർമ്മിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തരാധുനികത മനുഷ്യന്റെ സ്വത്വം ഒരു സ്ഥിരസത്യമല്ലെന്ന് കരുതുന്നു. ഈ അസ്ഥിരത നിലനിൽക്കുന്നതുകൊണ്ട് ഇതുവരെയുള്ള കഥകളിൽ നിന്ന് വ്യത്യസ്തമായി പുതുകഥകളിൽ നായക/പ്രതിനായക കഥാപാത്രങ്ങൾ കൃത്യമായി അടയാളം ചെയ്യപ്പെടുന്നില്ല. കഥാപാത്രങ്ങൾക്കുള്ളിൽ തന്നെ തങ്ങൾ ആര്, എന്ത് എന്നുള്ള സംശയങ്ങൾ ഉണ്ടാകുന്നതും സാധാരണമാണ്. ഇതിനെ വിഘടിത സ്വത്വം (Fragmented Identity) എന്ന് പറയുന്നു. ഉത്തരാധുനിക കഥകളിൽ ഉപയോഗിക്കപ്പെടുന്ന ഭാഷ വെറും ആശയവിനിമയ മാധ്യമമല്ല. ഇവിടെ ഭാഷ തന്നെയാണ് സ്വത്വം നിർമ്മിക്കുന്ന പ്രധാന ഉപാധിയാകുന്നത്. ചുരുക്കത്തിൽ, ഉത്തരാധുനിക കഥകളിൽ സ്വത്വനിർമ്മിതി സ്ഥിരതയില്ലാത്ത, വിഘടിതമായ സ്വത്വങ്ങളുടെ അവതാരമായി മാറുന്നു. സമൂഹം, ഭാഷ, മാധ്യമങ്ങൾ, അധികാരബന്ധങ്ങൾ എന്നിവയുടെ സ്വാധീനത്താൽ കഥാപാത്രങ്ങളുടെ സ്വത്വം നിരന്തരം പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കും.
സ്ഥിരവും ഏകകേന്ദ്രീകൃതവുമായ ആന്തരിക യാഥാർഥ്യമായാണ് ആധുനികത സ്വത്വത്തെ കണ്ടത്. എന്നാൽ പുതുകഥകളിൽ വ്യക്തിയും സമൂഹവും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത ബന്ധവ്യൂഹങ്ങളിലാണ് സ്വത്വം അവതരിപ്പിക്കപ്പെടുന്നത്. അതു ശരിവെയ്ക്കുന്ന കഥയാണ് ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന കഥ. അരികുവത്കരിക്കപ്പെട്ട ജനതയുടെ ജീവിതവും സംസ്കാരവും സൂക്ഷ്മ ദൃഷ്ടിയോടെ ആഖ്യാനം ചെയ്യുന്ന കഥാകാരനാണ് ഫ്രാൻസിസ് നൊറോണ. നിലവിലെ കഥയെഴുത്തിൻ്റെ രീതിശാസ്ത്രത്തെ അപനിർമിച്ചുകൊണ്ട് ‘തൊട്ടപ്പനി’ൽ അദ്ദേഹം സൃഷ്ടിക്കുന്ന നായിക പ്രതിജീവിതത്തിൻ്റെ ഉടലടയാളമാണ്. അച്ഛനില്ലാത്ത ഒരു പെൺകുട്ടി, അവൾ കുഞ്ഞാടെന്ന് വിളിക്കപ്പെട്ടു. അമ്മയും ദാരിദ്ര്യവും അവളും ചേർന്നുള്ള ദുരിതജീവിതത്തിലേക്ക് അവളുടെ തലതൊട്ടപ്പനായി തൊട്ടപ്പൻ കടന്നുവരുന്നു. കളവിൻ്റെ ജീവിതം അയാളിൽ നിന്നും അവളിലേക്ക് പടരുന്നു. കുഞ്ഞാടും തൊട്ടപ്പനും തമ്മിലെ ആത്മബന്ധം കഥയുടെ കാതലാണ്. അബലയോ ചപലയോ ആയിരുന്നില്ല കുഞ്ഞാടിലെ സ്ത്രീ. തൻ്റെ തൊട്ടപ്പൻ്റെ കൊലപാതകിയെ വകവരുത്താൻ ഇറങ്ങിത്തിരിക്കുന്ന, സാമൂഹികമായും മതപരമായും സ്വതന്ത്ര വീക്ഷണം നടത്തുന്ന ഒരു തികഞ്ഞ പെണ്ണ്. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോകുന്ന അവളെ തൊട്ടപ്പൻ അതിയായി സ്നേഹിക്കുകയും വാത്സല്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒറ്റപ്പെടുമ്പോൾ സുരക്ഷ എത്രമാത്രം ഭീതി ഉണർത്തുന്നതാണെന്ന് കുഞ്ഞാടിലൂടെ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ അവസരത്തിലാണ് കുഞ്ഞാട് പന്ത്രണ്ടു പൂച്ചകളെ തനിക്കൊപ്പം വളർത്തുന്നത്. യേശുവിന്റെ ശിഷ്യന്മാരുടെ പേര് ചൊല്ലി വിളിച്ച പന്ത്രണ്ടുപേരും കഥാന്ത്യത്തിൽ യൂദാസുമാരാകുന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യത്തിലേക്കാണ് കഥ നമ്മെ കൊണ്ടെത്തിക്കുന്നത്. കള്ളനായ തൊട്ടപ്പൻ്റെ കളവിന് സഹായിയായും സ്വന്തം നിലയിൽ ചില ചൂണ്ടലുകൾ നടത്തിയും ജീവിക്കുന്ന നായിക പാതിയിൽ ആ പാതയിൽ നിന്നും സ്വയം മാറി നടക്കുന്നു. അവളുടെ സ്ത്രീസ്വത്വം അത്യന്തം സങ്കീർണമായ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. കറുപ്പും വെളുപ്പും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും വിശ്വാസവും മതവും കളവും കൊലയും കൂടിച്ചേരുന്ന ഇരുണ്ട സ്ഥലികളിലാണ് അവളുടെ സ്വത്വം രൂപപ്പെടുന്നത്. മതവും മത ചിഹ്നങ്ങളും വർണ്ണവും ആണധികാരവും ഉയർത്തുന്ന ശബ്ദങ്ങളോട് ഒറ്റക്ക് നടത്തിയ നിരന്തര കലഹങ്ങളാണ് അവളുടെ വ്യവഹാരങ്ങളെ ബോധത്തിലും അബോധത്തിലും നിയന്ത്രിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്നകാലത്താണ് അവൾക്ക് പൊടിമീശയും താടീമ്മേ അഞ്ചാറു നീളൻ രോമവും വളർന്ന് തുടങ്ങിയത്. ’താടീം മീശേം വടിച്ചു കളഞ്ഞാ നിൻ്റെ മുഖാ അങ്ങേർക്കും’ എന്നുള്ള പറച്ചിലിലൂടെ മറ്റുള്ളവർക്ക് വേണ്ടി ബലിയാടായ ക്രിസ്തുവിനോട് കുഞ്ഞാടിനു സാദൃശ്യമുണ്ടെന്ന് കഥാകൃത്ത് തൊട്ടപ്പനെ കൊണ്ട് പറയിക്കുന്നു. കഥാന്ത്യത്തിൽ കുഞ്ഞാടും ബലിയാടാകുന്നു. വെളിമ്പറമ്പിൽ തൂറാൻ വിടുകയും വാറ്റ് ചാരായം കൊണ്ട് ചന്തി കഴുകിക്കുകയും രാത്രി സിനിമയ്ക്ക് ഒറ്റയ്ക്ക് വിടുകയും ബീഡി വലിപ്പിക്കുകയും ചെയ്തുകൊണ്ട് നായികാസങ്കൽപ്പത്തെ കഥാകൃത്ത് വെല്ലുവിളിക്കുന്നു. എന്നിട്ടും ഒടുവിൽ അവളെ പുരുഷാധിപത്യത്തിന്റെ മുന്നിൽ മുട്ടുകുത്തിച്ച് ദാരുണമായി കൊന്നുകളഞ്ഞ കഥാകൃത്ത് മാനവികതയുടെ അവസാന തുള്ളിയും വറ്റിപ്പോയ ഒരു സമൂഹത്തെ കഥയിലേക്ക് വലിച്ചിടുകയാണ് ചെയ്യുന്നത്. കഥയിലൂടനീളം തെളിയുന്ന മതചിഹ്നങ്ങളിലൂടെ സമകാലികസമൂഹത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും പൊങ്ങിവരുന്ന ജാതി മത ചിന്തകളെ കഥാകൃത്ത് പ്രശ്നവത്കരിക്കുന്നു. അനാഥത്വവും അന്യതാബോധവും അസുരക്ഷയിലെ ഭയവുമുള്ളപ്പോഴും പിന്തിരിഞ്ഞോടാൻ തയ്യാറാകാത്ത ആത്മധൈര്യം കുഞ്ഞാട് എന്ന കഥാപാത്രത്തിൽ കാണാം. ഇങ്ങനെ ഭയവും ധൈര്യവും കലർന്ന വിഘടിതമായ സ്വത്വത്തിനുടമയാണ് കുഞ്ഞാട്.
തൊട്ടപ്പൻ എന്ന കഥാപാത്രത്തിൻ്റെ നിർമ്മിതിയും ശ്രദ്ധേയമാണ്. കള്ളന്മാർക്ക് അവരുടേതായ വേദപുസ്തകങ്ങളുണ്ടാകും. സ്വന്തം വേദങ്ങളിൽ അവർ വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യും. അത്തരത്തിൽ സ്വന്തം വേദങ്ങളിൽ ജീവിച്ച് കൊല്ലപ്പെട്ട ഒരാളാണ് തൊട്ടപ്പൻ.വളരെ ലിബറലായ ഒരു കള്ളൻ. പള്ളിയിലെ മോഷണത്തിന് മുൻപ് അയാൾ ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനും ശുദ്ധമാനമറിയവും കറുത്തപുണ്യാളന്റെ ജപവുമൊക്കെ ചൊല്ലുന്നുണ്ട്. കുരിശിൻ്റെ ഇടത്തും വലത്തും കിടക്കുന്നവന്മാരെ ചൂണ്ടി കള്ളന്മാർക്ക് തമ്പുരാൻ കർത്താവിനോട് നേരിട്ടാണ് ഇടപാടെന്ന് അയാൾ കുഞ്ഞാടിനെ ഉപദേശിക്കുന്നു. താൻ തലതൊട്ട, കൗമാരം കഴിയാത്ത കുഞ്ഞാട് എന്ന കഥാനായികയെ കളവിന് കൂടെക്കൂട്ടുന്ന തൊട്ടപ്പൻ ധാർമ്മികത എന്ന മുഖംമൂടി എടുത്തണിയുന്നില്ല. കളവിൻ്റെ വഴി തെറ്റാണെന്ന ധാരണ അയാൾക്കില്ല. അതുകൊണ്ടാണ് അയാൾ കുഞ്ഞാടിൻ്റെ മോഷണ വാസനയെ ‘അരൂപിയാൽ നെറഞ്ഞ ചിരിയോടെ’ പ്രോത്സാഹിപ്പിക്കുന്നത്. അനാഥയായ കുഞ്ഞാടിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന തൊട്ടപ്പൻ സമൂഹത്തിൻറെ മുന്നിൽ മോഷ്ടാവും കുറ്റവാളിയും ആണ്. തൊട്ടപ്പന്റെ സ്വത്വം ബന്ധങ്ങൾക്ക് അനുസരിച്ച് മാറുന്ന അസ്ഥിരമായ ഒന്നാണ്. ജാക് ലക്കാൻ (Jacques Lacan) അവതരിപ്പിച്ച Mirror Stage എന്ന സങ്കല്പം മനുഷ്യരുടെ “ഞാൻ” എന്ന ബോധം തന്നെ വിഘടിതമാണെന്ന് പ്രസ്താവിക്കുന്നു. വ്യക്തികൾ തങ്ങളെ സ്വയം കാണുന്ന കാഴ്ചയിൽനിന്നും വ്യത്യസ്തമാണ് സമൂഹത്തിൻ്റെ കാഴ്ചയെന്നും ഓരോ വ്യക്തിയും ദ്വന്ദ്വസ്വത്വം പേറുന്നവരാണെന്നുമുള്ള ലക്കാൻ്റെ ആശയങ്ങൾ തൊട്ടപ്പൻ്റെയും കുഞ്ഞാടിൻ്റെയും സ്വത്വനിർമ്മിതിയിൽ കണ്ടെത്താനാകും.
സ്വാതന്ത്ര്യം തേടുന്ന, സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കഥാപാത്രങ്ങൾ പുതിയ കഥകളുടെ വലിയ പ്രത്യേകതയാണ്. അത്തരത്തിൽ സ്വാതന്ത്ര്യത്തിലേക്ക് നടന്നുപോകുന്ന രണ്ട് സ്ത്രീകളുടെ ചിത്രീകരണം ‘രണ്ടു മരങ്ങൾ’ എന്ന കഥയിലൂടെ വി. ഷിനിലാൽ നിർവഹിക്കുന്നു. ഭർത്താവും കുട്ടികളും വീടും സൗകര്യങ്ങളും ഉണ്ടെങ്കിലും ഇഷ്ടങ്ങൾ മറന്നുപോയ, സ്വന്തം ജീവിതം ജീവിക്കാൻ സമയം കിട്ടാത്ത രണ്ട് സ്ത്രീകൾ അർദ്ധരാത്രിയിൽ തങ്ങൾക്ക് പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യമാണ് കഥയുടെ ജീവൻ. വിയർപ്പിന്റെയും ശുക്ലത്തിന്റെയും ചളിച്ച ഗന്ധമുള്ള അർദ്ധരാത്രികൾ ശീലിച്ച രണ്ട് സ്ത്രീകൾ കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിന് സല്യൂട്ടടിച്ചു മതില് ചാടി സ്വാതന്ത്ര്യത്തിന്റെ രാത്രിയിലേക്ക് വണ്ടിയോടിച്ചു പോകുന്നു. പരസ്പരം കെട്ടിപ്പിടിച്ച് വിഷമങ്ങൾ മറന്ന് പുലരുമ്പോഴേക്കും അവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുന്നു. ലോകത്തിന് ഒരു മാറ്റവും ഉണ്ടായില്ല. അകത്തും പുറത്തുമായി രണ്ടു ജീവിതം നയിക്കുന്ന സ്ത്രീകളെ കഥയിലെ സ്ത്രീകൾ പ്രതിനിധീകരിക്കുന്നു. യാഥാസ്ഥിതിക സമൂഹം സ്ത്രീ ജീവിതത്തിന് പരിധി കൽപ്പിക്കുമ്പോഴും അവരിലെ സ്വാതന്ത്ര്യമോഹം അതിരുകൾ ഭേദിച്ച് പുറത്തേക്ക് വരിക തന്നെ ചെയ്യുമെന്ന് കഥ ഓർമ്മിപ്പിക്കുന്നു. കഥയിലെ സ്ത്രീകളുടെ സ്വത്വത്തെ കുറിച്ചുള്ള ആലോചനകളിൽ ഈ സ്വാതന്ത്ര്യമോഹം പ്രധാനമായി നിൽക്കുന്നുണ്ട്. എങ്കിലും തങ്ങളുടെ ജീവിതത്തെ അവർ അപ്പാടെ വെറുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഉറങ്ങിക്കിടക്കുന്ന ഭർത്താവിന് സല്യൂട്ടടിച്ചു പുറത്തിറങ്ങുകയും രാത്രിയിലെ സ്വതന്ത്രവിഹാരം കഴിഞ്ഞ് പുലർച്ചെ തിരിച്ചെത്തുകയും ചെയ്യുന്ന സ്ത്രീകൾ തങ്ങളുടെ ദൗർബല്യങ്ങളെ കുറിച്ച് പൂർണ്ണ ബോധമുള്ളവരാണ്. ഇറങ്ങിനടത്തത്തിന്റെ ആ രാത്രിയിൽ, ഇണചേരുന്ന സ്ത്രീയെയും പുരുഷനെയും കണ്ട് അസൂയപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന സ്ത്രീകളിൽ അവരുടെ ലൈംഗികജീവിതത്തിലുള്ള അസംതൃപ്തിയാണ് കണ്ടെത്താനാകുന്നത്. എന്നാൽ അതവരെ തങ്ങളുടെ അതുവരെയുള്ള ജീവിതത്തിൽ നിന്ന് പൂർണ്ണമായി ഇറങ്ങിനടക്കാൻ പ്രേരിപ്പിക്കുന്നുമില്ല. ജീവിതത്തിൻ്റെ ആനന്ദത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ചിന്തിക്കുകയും അതേസമയം പുരുഷാധിപത്യ സമൂഹത്തിൻ്റെ വേലിക്കെട്ടുകൾ ഭേദിച്ചു പുറത്തുപോകാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്യുന്ന നിസ്സംഗതയിലാണ് അവരുടെ സ്വത്വം നിമഗ്നമായിരിക്കുന്നത് എന്ന് കണ്ടെത്താം. ദ്വന്ദ്വസ്വത്വമെന്ന ആശയത്തിലേക്കാണ് ഈ സ്ത്രീകളുടെ സ്വത്വനിർമ്മിതിയും കേന്ദ്രീകരിക്കപ്പെടുന്നത്. ദ്വന്ദ്വസ്വത്വനിർമ്മിതി എന്നത് വ്യക്തിയുടെ സ്വത്വം ഏകീകൃതമല്ലാതെ പരസ്പരം വ്യത്യസ്തമായ തലങ്ങളിൽ രൂപംകൊള്ളുന്ന പ്രക്രിയയാണ്. കഥയിലെ സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ അസംതൃപ്തരാണ്. അവർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും തങ്ങളുടെ നിലയിൽ സ്വാതന്ത്ര്യം നേടിയെടുക്കാൻ പ്രാപ്തരുമാണ്. എന്നാൽ അവർ ജീവിക്കുന്ന യാഥാസ്ഥിതിക സമൂഹത്തിൻറെ വേലിക്കെട്ടുകൾ എന്നേക്കുമായി തകർത്തെറിയുവാൻ അവർക്ക് സാധിക്കുന്നില്ല. ഈ വൈരുദ്ധ്യത്തിലാണ് അവരുടെ സ്വത്വം നിലകൊള്ളുന്നത്. സ്കൂട്ടർ ഓടിക്കുകയും തെങ്ങിൽ കയറുകയും മതിലുചാടുകയും ചെയ്യുന്ന സ്ത്രീകൾ ശാരീരികമായി ഒരിക്കലും അബലകളല്ല. ഒറ്റരാത്രിയിലെങ്കിലും ജീവിതം ആസ്വദിച്ച് മരിക്കണമെന്ന തീരുമാനമെടുത്ത് അതിനെ നടപ്പിലാക്കുന്ന സ്ത്രീകൾ വൈകാരികമായും അശക്തരല്ല. ജീവിച്ചുവന്ന സാഹചര്യങ്ങളിൽ സമരസപ്പെട്ടുപോയ സ്വഭാവത്തിൻ്റെയും ശീലത്തിൻ്റെയും നിസ്സഹായതയാണ് ആ രണ്ടു സ്ത്രീകൾ.
ഈ കഥകളിലൊക്കെയും സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ സാഹചര്യങ്ങളാൽ നിർമ്മിക്കപ്പെടുന്ന, അസ്ഥിരമായ ഒന്നാണ് ഉത്തരാധുനികതയിലെ സ്വത്വം. അത് സ്വത്വത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്യുന്നു. ഉത്തരാധുനിക പരിസരങ്ങളിൽ സ്വത്വം ഒരു സ്ഥിരവും ഏകീകൃതവുമായ സത്യമായല്ല, ഭാഷ, സംസ്കാരം, അധികാരം, മാധ്യമങ്ങൾ, സാമൂഹികബന്ധങ്ങൾ എന്നിവയുടെ ഇടപെടലിലൂടെ നിരന്തരം നിർമ്മിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ബഹുസ്വരവും വിഘടിതവുമായ അതിയാഥാർത്ഥ്യമായാണ് നിർവചിക്കപ്പെടുന്നത്.
പുതുകഥകളിലെ പ്രാദേശിക പ്രതിനിധാനം
ഓരോ പ്രദേശത്തിൻ്റെയും അനുഭവങ്ങളെ നിർണ്ണയിക്കുന്നത് അവിടത്തെ ഭാഷ, ഭൂപ്രകൃതി, ആചാരാനുഷ്ഠാനങ്ങൾ, ജാതിവ്യത്യാസങ്ങൾ, സാമൂഹിക സംവിധാനങ്ങൾ, കൃഷി, ജീവജാലങ്ങൾ, സസ്യലതാദികൾ എന്നിവ ചേർന്നു നിർമ്മിക്കുന്ന സാംസ്കാരിക ഭൂമികയാണ്. ജാതിയുടെയും മതത്തിൻ്റെയും ആചാരത്തിൻ്റെയും അടയാളങ്ങൾ പല കഥകളിലും കടന്നുവരുന്നത് കാണാം. കഥകളിൽ പ്രാദേശിക ഘടകങ്ങൾ കടന്നുവരുന്നത് പുതുകാലത്തിൻ്റെ മാത്രം സവിശേഷതയല്ല. വള്ളുവനാടിൻ്റെ കഥ പറഞ്ഞ എം.ടി വാസുദേവൻ നായർ, കുട്ടനാട്ടിലെ കർഷകരുടെ ജീവിതമാവിഷ്കരിച്ച തകഴി ശിവശങ്കര പിള്ള, മലബാറിലെ മുസ്ലിം ജീവിതം പകർത്തിയ വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി പ്രാദേശിക ഭാഷയും സംസ്കാരവും ജീവിതവും ആവിഷ്‌കരിച്ചുകൊണ്ട് അവരവരുടെ നാടിൻ്റ തനിമ സർഗസൃഷ്ടിക്ക് അടിസ്ഥാനമാക്കിയ എഴുത്തുപാരമ്പര്യം മലയാളത്തിനുണ്ട്. എന്നാൽ പുതുകഥയിൽ ഇത് മറ്റൊരു തരത്തിലാണ് പ്രകടമാകുന്നത്. കഥയെയും കഥാപാത്രങ്ങളെയും നിരന്തരം സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ് ഉത്തരാധുനികതയിൽ പ്രാദേശികത. പുനർനിർമ്മിക്കപ്പെടുന്ന മിത്തുകളും കെട്ടുകഥകളും ആചാരാനുഷ്ഠാനങ്ങളും കൂടി പുതിയ കഥകളിൽ പ്രാദേശിക പ്രതിനിധാനത്തിൻ്റെ ധർമ്മം വഹിക്കുന്നു. പ്രാദേശിക പ്രതിനിധാനം ഒരു പ്രദേശത്തിന്റെ ജീവിതരീതിയുടെ വെറും ചിത്രീകരണമല്ല. ഭാഷ, സംസ്കാരം, വർഗ്ഗം, അധികാരം, ചരിത്രം, സ്വത്വം എന്നിവയുടെ സങ്കീർണ്ണ ഇടപെടലുകളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക രാഷ്ട്രീയ സ്വരൂപമാണ് അതിനുണ്ടാവുക.
ദേശഭാഷയുടെയും ജാതി മത വിശ്വാസങ്ങളുടെയും നൂലുകൾ കഥയുടെ ഭാവനയുമായി ചേർത്തുവെച്ചു കൊണ്ട് പുതുകഥകൾ മലയാള ഭാഷയെ പ്രാദേശികവത്കരിക്കുന്നു. എസ്. ഹരീഷ്, ഉണ്ണി ആർ., വിനോയ് തോമസ്, എബ്രഹാം മാത്യു, ഫ്രാൻസിസ് നൊറോണ തുടങ്ങിയ പുതിയ കഥാകൃത്തുക്കൾ ഭാഷയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നവരാണ്. പുതുകഥകളിൽ കഥാപാത്രങ്ങളുടെ സ്വത്വം പോലും ഈ ദേശഭാഷാവിന്യാസത്തിൽ ഇഴചേർന്ന് നിൽക്കുന്നതായി കാണാം. ഫ്രാൻസിസ് നൊറോണയുടെ ’തൊട്ടപ്പനി’ൽ തീരദേശഭാഷയുടെ സമർത്ഥമായ ഉപയോഗപ്പെടുത്തലിലൂടെയാണ് നായികയായ കുഞ്ഞാടിൻ്റെ സ്വത്വത്തെ ആവിഷ്കരിച്ചിരിക്കുന്നത്. അരികുവത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പം അവരുടെ ഭാഷയും ഉത്തരാധുനിക കഥയിൽ ഇടംപിടിക്കുകയും പ്രാദേശികസ്വത്വമായി പ്രതിഷ്ഠാപനം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയാണത്. മിഖായേൽ ബക്തിൻ അവതരിപ്പിച്ച heteroglossia എന്ന ആശയം ഇവിടെ പ്രധാനമാണ്. ഒരു ഭാഷയിൽ തന്നെ നിരവധി സാമൂഹിക ശബ്ദങ്ങൾ ഉണ്ടാകുമെന്നും അതുകൊണ്ട് സാഹിത്യത്തിലെ പ്രാദേശിക ഭാഷ വെറും ശൈലി മാത്രമല്ല, സാമൂഹിക സ്വത്വത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം ഇതിലൂടെ വിശദീകരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ‘തൊട്ടപ്പനി’ലെ പ്രാദേശിക ഭാഷാപ്രയോഗങ്ങൾ അതിലെ കഥാപാത്രങ്ങൾക്കൊപ്പം ചേർക്കപ്പെടേണ്ട ഭാഷാസ്വത്വമായി വേണം പരിഗണിക്കപ്പെടേണ്ടത്.
മതവും ആണധികാരാധിഷ്ഠിത വ്യവസ്ഥിതികളും ഇഴചേരുന്ന ഒരു പ്രാദേശിക ഭൂപടം കഥയെ ആദ്യന്തം നിയന്ത്രിക്കുകയും നിജപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘തൊട്ടപ്പനി’ൽ പ്രാദേശികത വെറും ഭാഷയോ സ്ഥലമോ അല്ല; അത് സ്വത്വനിർമാണത്തിന്റെ സാമൂഹികാടിത്തറ കൂടിയാണ്. മതം, വിശ്വാസം എന്നിവയെ കൂട്ടുപിടിച്ച് ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കൊള്ളകളിലേക്കും കൊലപാതകങ്ങളിലേക്കും ‘തൊട്ടപ്പനി’ലെ കഥാപരിസരം വളരുന്നു. ആഗോളീകരിക്കപ്പെട്ട പ്രാദേശികതയാണ് ഈ കഥയിൽ പ്രതിഫലിക്കുന്നത് എന്നു കാണാം. പുതിയ കഥയിലെ പ്രാദേശിക പ്രതിനിധാനത്തിന്റെ പ്രധാന ഘടകമാണ് ഈ സ്ഥലബോധം.
ചെറുകിട കർഷകരുടെയും നസ്രാണി കുടുംബങ്ങളുടെയും കഥ പറഞ്ഞുകൊണ്ട് കേരളത്തിൻ്റെ സാമൂഹ്യ ചുറ്റുപാടുകളെ സൂക്ഷമായി ആഖ്യാനം ചെയ്യുന്ന കഥാകാരനാണ് എബ്രഹാം മാത്യു. കടുവ, കൃഷിക്കാരൻ, മൗനം മധുരം തുടങ്ങിയ കഥകളിലൊക്കെ നസ്രാണി കർഷകരെയും അവരുടെ ജീവിത സംഘർഷങ്ങളെയും പ്രമേയമാക്കിയിരിക്കുന്നു. ഗ്രാമീണ ദൃശ്യങ്ങളുടെ അവതരണത്തിൽ മാത്രമല്ല അതിനുപയോഗിച്ചിരിക്കുന്ന ഭാഷയിലും പ്രാദേശിക ഘടകങ്ങൾ കണ്ടെത്താം. ‘മൗനം മധുരം’ എന്ന കഥ ഒരു നസ്രാണി കർഷക കുടുംബത്തിൽ ഉണ്ടാകുന്ന സംഭവപരമ്പരകളുടെ ആഖ്യാനമാണ്. “പെരുമഴ തീർന്നു. വല്ലപ്പോഴും എത്തിനോക്കുന്ന വെയിലത്ത് കാപ്പിക്കുരു ഉണങ്ങാൻ നിരത്തിയിട്ട് നടുനിർത്തി നോക്കുമ്പോൾ ഒരു തലയിൽ കെട്ട്. പട്ടി കെടന്നു കുരയോട് കുര.” ഇങ്ങനെ ഏറ്റവും പ്രാദേശികമായ ഒരു വീട്ടുകാഴ്ചയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. പോത്തും എരുമയും കാപ്പിക്കൃഷിയും കുരുമുളക് കൃഷിയും അടയ്ക്ക കൃഷിയുമായി ജീവിച്ചു പോകുന്ന മലയോരത്തെ ഈ കർഷകകുടുംബം കേരളത്തിലെ ഉൾനാടൻ ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒരുകാലത്ത് ഫ്യൂഡൽവ്യവസ്ഥിതികളോട് കലഹംചെയ്ത കർഷകർ ഇന്ന് മലവെള്ളപ്പാച്ചിലിനോടും പ്രകൃതിദുരന്തങ്ങളോടും സാമൂഹികവ്യവസ്ഥിതികളോടും സമരം ചെയ്യുന്ന കാഴ്ച കഥയുടെ രാഷ്ട്രീയ പശ്ചാത്തലമാകുന്നു. വിപ്ലവങ്ങൾ എത്ര വന്നു പോയാലും ഈ നാട്ടിലെ കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം നിരന്തര സമരങ്ങളുടെതായിരിക്കുമെന്ന് ഈ കഥ ഓർമിപ്പിക്കുന്നു. ഇവിടെ പ്രാദേശിക പ്രതിനിധാനം ഒരു ജനതയുടെ വർഗ്ഗസംഘർഷങ്ങളുടെ സാംസ്കാരിക രൂപം കൈവരിക്കുന്നു.
ഒരു പ്രദേശത്തിന്റെ സാമ്പത്തിക ഘടന, തൊഴിൽരീതി, ഭൂവുടമസ്ഥത, ദാരിദ്ര്യം എന്നിവ സാഹിത്യത്തിൽ പ്രതിഫലിക്കുമ്പോൾ അത് സാമൂഹിക യാഥാർത്ഥ്യത്തെയാണ് തുറന്നുകാട്ടുന്നത്. ഈ യാഥാർഥ്യങ്ങളാണ് കഥയിലെ കർഷകൻ്റെ സ്വത്വത്തെ രൂപപ്പെടുത്തുന്നത്. എബ്രാഹം മാത്യുവിൻ്റെ ‘നിരണംപള്ളി’, ‘കടുവ’ തുടങ്ങിയ കഥകളിലും ഭൂമിശാസ്ത്രം, ഭാഷാശൈലി, സാമൂഹികാചാരങ്ങൾ, തൊഴിലുകൾ, പ്രാദേശിക ദൈവവിശ്വാസങ്ങൾ തുടങ്ങിയവ ശക്തമായി പ്രതിഫലിക്കുന്നതായി കാണാം. ഗ്രാമീണ തൊഴിൽജീവിതത്തിൻ്റെ ഭൗതികതയും ആത്മീയതയും ഈ കഥകളിൽ ഒരു അവിഭാജ്യ ഘടകമായി കടന്നു വരുന്നു. മലയോര കർഷകർ നേരിടുന്ന വന്യജീവി ആക്രമണത്തിൻ്റെ ദുരന്തവശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന കഥയാണ് ‘കടുവ’. നരഭോജിയായ കടുവയ്ക്ക് കിട്ടുന്ന പരിഗണനയുടെ ഒരംശം പോലും ലഭിക്കാത്ത ഒരു കർഷകൻ കഥയിലിരുന്ന് അധികാരികളെയും പൊതുസമൂഹത്തെയും തുറിച്ചു നോക്കുന്നു. ജനിച്ച വീടും ഏക വരുമാനമാർഗമായ കൃഷിയിടവും ഉപേക്ഷിക്കേണ്ടിവരുന്ന മലയോര ജീവിതങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. കഥയിലെ കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ മലയോര കൃഷിഭൂമിയും ഗ്രാമവും വെറുമൊരു ഭൂവിഭാഗം മാത്രമല്ല. അത് അയാളെ സൃഷ്ടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന അയാളിലെ തന്നെ മറ്റൊരു അംശമാണ്. ഒടുവിൽ സ്വയം കടുവയായി പ്രഖ്യാപിച്ച് തൻ്റെ മണ്ണിൽ അയാൾ വേരുറപ്പിക്കുന്നതും അതുകൊണ്ടാണ്. പരിതസ്ഥികളോടുള്ള അനുബന്ധനങ്ങൾ (conditioning) വഴി അകംപുറം ജീവിതങ്ങൾ തമ്മിലെ രേഖ നേർത്ത് രണ്ടും ചേർന്ന മറ്റൊരു സ്വത്വം മെനയുന്ന നിസ്സഹായനാണ് ‘കടുവ’യിലെ കർഷകൻ.
ബക്തിൻ്റെ വാദം പ്രാദേശിക ഭാഷയും സ്വത്വവും തമ്മിലുള്ള ബന്ധം വിവരിക്കുമ്പോൾ സാംസ്കാരിക പഠനത്തിൻ്റെ (cultural studies) പരിധിയിലുൾപ്പെടുത്തി പ്രാദേശിക പ്രതിനിധാനം നിഷ്പക്ഷമല്ല, അത് രാഷ്ട്രീയപരമാണെന്ന് സ്റ്റുവർട്ട് ഹാൾ പ്രസ്താവിക്കുന്നുണ്ട്. സാഹിത്യത്തിൽ ഒരു പ്രദേശത്തെ എങ്ങനെ അവതരിപ്പിക്കുന്നു, ആരുടെ ശബ്ദമാണ് മുന്നിലെത്തുന്നത്, ആരെയെല്ലാം ഒഴിവാക്കുന്നുണ്ട് എന്നിങ്ങനെയുള്ള വിമർശനാത്മക ചോദ്യങ്ങൾ (critical problems) ഈ സമീപനം ഉന്നയിക്കുന്നുണ്ട്. ഉത്തരാധുനിക കഥാലോകം പശ്ചാത്തലവത്കരിക്കുന്ന പ്രാദേശിക പ്രതിനിധാനസംസ്കാരത്തിന് ഈ ചോദ്യങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മറുപടികൾ നൽകാനുണ്ട്. അങ്ങനെ പ്രാദേശികത സംഭവസ്ഥലം എന്ന കേവലസ്വത്വം വെടിഞ്ഞ് ബഹുസ്വരമായ മറ്റൊരു സ്വത്വത്തിലേക്ക് വളരുന്നത് പുതുകഥകളിൽ നിന്ന് കണ്ടെടുക്കാവുന്ന പ്രധാന വസ്തുതയാണ്. ‘കടുവ’ എന്ന കഥയിലെ കർഷകൻ്റെ രൂപാന്തരണം ഈ തത്വവുമായി ചേർത്ത് വായിക്കാവുന്നതാണ്. കഥകളിൽ പ്രാദേശികത വെറും ദേശവിവരണമല്ല; അത് കഥാപാത്രങ്ങളുടെ സാംസ്കാരികവും സാമൂഹികവും മാനസികവുമായ സ്വത്വത്തെ നിർമ്മിക്കുന്ന അടിസ്ഥാന ഘടകമാണ്.
ഉപസംഹാരം
ബഹുസ്വരതയുടെ ബൃഹദാഖ്യാനങ്ങളാണ് ഉത്തരാധുനിക കഥാസാഹിത്യം. മനുഷ്യ ജീവിതവും ബഹുസ്വരമായ മറ്റൊരാവിഷ്കാരമാണ്. ഓരോ മനുഷ്യനും അവരവർക്ക് വേണ്ടിയാണ് ജീവിതമെന്ന ആവിഷ്കാരം നടത്തുന്നത്. ഈ ആവിഷ്‌കാരത്തിനായി നിലനിൽക്കുന്ന വ്യവസ്ഥിതികളോട് ജാതി മത വർഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ അവർ നിരന്തരസമരം ചെയ്യുന്നു. വ്യവസ്ഥിതികളോട് കലഹം ചെയ്യുന്ന മനുഷ്യരുടെ ഒരു വലിയ നിര തന്നെയുണ്ട് പുതുകഥകളിൽ. ഉൾക്കനമുള്ള സ്വത്വം പേറുന്ന കഥാപാത്രങ്ങൾ പുതുകഥകളുടെ മുഖമുദ്രയാകുന്നു. ഈ സ്വത്വനിർമ്മിതിയ്ക്ക് സുഗമമായ പാതയാകുന്നത് പ്രാദേശിക ഘടകങ്ങളുമാകുന്നു.
ഉത്തരാധുനിക മലയാള കഥയിലെ പ്രാദേശിക പ്രതിനിധാനവും സ്വത്വനിർമ്മിതിയും പരസ്പരബന്ധമുള്ള രണ്ടു മുഖങ്ങളാണ്. പ്രാദേശികത കഥകളെ ദേശത്തിന്റെ സംസ്കാരത്തോടും ഭാഷയോടും ആഴത്തിൽ ബന്ധിപ്പിക്കുന്നു. അതേ സമയം സ്വത്വനിർമ്മിതി വ്യക്തിയുടെ മാനസിക–സാമൂഹിക യാത്രയെ പ്രതിഫലിപ്പിക്കുന്നു. ഇത് മലയാള കഥയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും മനുഷ്യാനുഭവങ്ങളുടെ വൈവിധ്യം ഉൾക്കൊള്ളാൻ പാകത്തിന് വിശാലത നൽകുകയും ചെയ്യുന്നു. പ്രാദേശികത പരിമിതത്വത്തിന്റെ പ്രതീകമാകാതെ സാർവജനീയതയിലേക്കുള്ള പുതിയ വഴിയായി മാറുന്നു. പ്രാദേശികസ്വത്വാവിഷ്കരം എന്ന ആഖ്യാന രീതിയാണ് ഈ കഥകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. അതായത് പുതുകഥകളിൽ സ്ഥലവും കഥാപാത്രങ്ങളും പരസ്പരം വേർതിരിക്കാനാവാത്ത വിധം ഇഴചേർന്നിരിക്കുന്നതായി മനസ്സിലാക്കാം.
ഗ്രന്ഥസൂചി
അനീഷ്‌കുമാർ.വി.ഡോ., 2022, ആധുനിക കഥയിലെ സ്ത്രീസ്വത്വ നിർമ്മിതികൾ, ടേൺ ബുക്ക്സ്, കോട്ടയം.
ചേമ്പൻ അജിത.ഡോ.എഡി., 2017, തെന്നിന്ത്യൻ കഥ, സാംസ്കാരിക വായനകൾ, ബുക്ക്സ്, കണ്ണൂർ.
മാത്യു എബ്രഹാം., 2023, കഥകൾ, കറൻ്റ് ബുക്ക്സ്, കോട്ടയം.
രാജശേഖരൻ. പി. കെ. ഡോ.എഡി., 2004, സമകാലിക കഥ, കേരള സാഹിത്യ അക്കാദമി തൃശൂർ.
ശ്രീജൻ. വി.സി., 1999, ആധുനികോത്തരം: വികലനവും വിമർശനവും, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം.
ഷനിലാൽ.വി., 2022, ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര, ഡി സി ബുക്ക്സ്, കോട്ടയം.
സീമ സി.വി, ഉത്തരാധുനിക കഥ:ബഹുസ്വര സംവാദങ്ങളുടെ ആഖ്യാനഭൂമിക,സാഹിത്യ ലോകം, കേരള സാഹിത്യ അക്കാദമി, തൃശൂർ സെപ്റ്റംബർ–ഒക്ടോബർ 2024.
ആദിത്യ കെ. ജി.
ഗവേഷക
മലയാളവിഭാഗം
ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം
Email: adithyakg2017@gmail.com
Copyright © 2026 | WordPress Theme by MH Themes
