» ഡോ. ഫ്രാൻസിസ് മൈക്കിൾ
ID: MRK0029
Published on April 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ഹിംസയുടെ തത്വശാസ്ത്രവും ചരിത്രവും വിശകലനം ചെയ്യുന്ന ആനന്ദിന്റെ കൃതിയാണ് സംഹാരത്തിന്റെ പുസ്തകം. കൊല്ലാനുള്ള ജന്മവാസനയുള്ളവർ സ്വാഭാവികമായി സംഘടിതരാകുന്നു. അവർ അക്രമവും കൊലയും തന്ത്രപരമായും കലാപരമായും യാഥാർത്ഥ്യവത്കരിക്കുന്ന വൈരുദ്ധ്യം സംഹാരത്തിന്റെ പുസ്തകം അനാവരണം ചെയ്യുന്നു. സംഹാരത്തിന്റെ പുസ്തകം ഹിംസയുടെ ഭീകരതയും വന്യതയും അതിനെ ഭരിക്കുന്ന നിഗൂഡ ചിന്താധാരകളും വ്യക്തമാക്കുന്നു. ഹിംസയെ ആദർശവും സംസ്കാരവുമാക്കി മാറ്റുന്ന പ്രത്യയ ശാസ്ത്രങ്ങളെ നോവൽ ആവിഷ്കരിക്കുന്നു. ഹിംസ സൃഷ്ടിപോലെ സാർവത്രികമാണ്. ഹിംസയുടെ വൈരുദ്ധ്യങ്ങളും കാര്യകാരണങ്ങളും സംഹാരത്തിന്റെ പുസ്തകം ആഖ്യാനതന്ത്രങ്ങളുടെയും ഭാവനയുടെയും മികവോടെ വ്യക്തമാക്കുന്നു. ഹിംസയുടെ സമകാലിക യാഥാർത്ഥ്യങ്ങൾ നോവൽപ്രമേയത്തെ പ്രസക്തമാക്കുന്നു.
താക്കോൽ വാക്കുകൾ
ഹിംസ, സംസ്കരണം, ചരിത്രവഴികൾ, തുന്നൽക്കാരൻ, പ്രത്യയശാസ്ത്രം, സമകാലികത
ആമുഖം
സംഹാരത്തിന്റെ പുസ്തകം സംഭവങ്ങളുടെ പരമ്പരയാണ്. ഓരോ സംഭവവും സംഹാരത്തിന്റെ വ്യത്യസ്ത രൂപങ്ങളെ വ്യക്തമാക്കുന്നു (ആനന്ദ്, 2006: 41). മനുഷ്യനും ജീവജാലങ്ങളും നിരന്തര സംഹാരത്തിന് വിധേയമാകുന്ന കാലയളവിൽ സംഹാരത്തിന്റെ പുസ്തകം സവിശേഷ ശ്രദ്ധ അർഹിക്കുന്നു. ‘സംഹാരം ഭാവിയുടെ സ്വഭാവമാണെ‘ന്ന് വിശേഷിപ്പിക്കുന്ന ശേഷാദ്രിയെ അവതരിപ്പിച്ചാണ് നോവലിന്റെ തുടക്കം. സംഹാരത്തിന്റെ ഭീകരതയും പ്രത്യയശാസ്ത്രവും ശേഷാദ്രി എഴുതിയ കത്തിലൂടെ എഴുത്തുകാരനും വായനക്കാരനും അതിഭാവുകത്വത്തിന്റെ അത്ഭുതവും ഭയവും നിറഞ്ഞ ആഖ്യാനത്തിലൂടെ അനുഭവിച്ചറിയുന്നു. സ്വാഭാവികത നഷ്ടപ്പെടുന്ന ആഖ്യാനം വായനയെ പ്രശ്നവല്‍കരിക്കുമ്പോഴും മാജിക്കൽ റിയലിസത്തിലെന്ന പോലെ ഹിംസയുടെ ഭീകരരൂപങ്ങൾ നോവലിലെ ഓരോ പുറത്തിലും ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആകുലതകൾ നിറയ്ക്കുന്നു. ഹിംസയുടെ വന്യരൂപങ്ങൾ നിറയ്ക്കുന്ന അസ്വസ്ഥതകൾ മാനവരാശിയുടെ തന്നെ ആശങ്കകളായി വായനക്കാരെ നിരന്തരം വേട്ടയാടുന്നു. ഹിംസയുടെ സ്വരൂപവും നൈരന്തര്യവും നോവലിൽ അനാവൃത മാകുന്നു. “സംഹാരത്തിന്റെ തത്വത്തെ എങ്ങനെ നിർമാർജനം ചെയ്യുവാനാണ് ! സൃഷ്ടിയോളം പഴക്കമുള്ളതാണ് സംഹാരം. എല്ലാ സംസ്കാരങ്ങളുടെയും മതങ്ങളു ടെയും പ്രത്യയശാസ്ത്രങ്ങളുടെയും അടിയിൽ സംഹാരം ഉണ്ടായിരുന്നു. നീതിയുടെയും പ്രേമത്തിന്റെയുമായി അവയിൽ കാണുന്ന പച്ചപ്പും പൂക്കളും മണ്ണിനടിയിൽ പതുങ്ങി ച്ചെന്ന് രസം കവർന്നെടുക്കുന്ന വേരുകളാൽ നിലനിർത്തപ്പെടുന്നവയാണ്. എന്തിന് സംസ്കാരവും മതങ്ങളും സമസ്ത ജീവജാലങ്ങളും ചതിച്ചും കൊന്നുമാണ് ജീവൻ പോഷിപ്പിക്കുന്നത്.” (ആനന്ദ്, 2006: 17) എന്ന് നോവലിന്റെ തുടക്കത്തിൽ തന്നെ ആനന്ദ് എഴുതുമ്പോൾ സംഹാരത്തിന്റെ വിശ്വരൂപം അതിന്റെ സമഗ്രതയിൽ ആലേഖനം ചെയ്യപ്പെടുന്നു. കൊലയുടെ തത്വശാസ്ത്രം ഹിന്ദുവിനെയും മുസ്ലീമിനെയും ബ്രാഹ്മണനെയും ദളിതനെയും നഗരവാസിയെയും നാടോടിയെയും ഒന്നിപ്പിക്കുന്ന ഏക തത്വശാസ്ത്രമാണ് (ആനന്ദ്, 2006: 17) എന്ന് പറയുമ്പോൾ ഹിംസയുടെ നീതീകരണം തന്ത്രപരമായി നോവൽ വെളിപ്പെടുത്തുന്നു. ഹിംസയുടെ വന്യത എല്ലായിടങ്ങളിലും പ്രകടമാണ്. വ്യക്തിഹത്യയും പീഡന പരമ്പരകളും ആൾക്കൂട്ട കൊലപാതകങ്ങളും ഏറ്റവും പ്രിയപ്പെട്ടവരെ പോലും നിർദയം കൊല്ലുന്നതും വംശഹത്യയും വർഗീയ കലാപങ്ങളും മനുഷ്യബോംബുകളായി പൊട്ടിച്ചിതറുന്നവരും സമൂഹ–വർഗ സംഘർഷ ങ്ങളും പ്രാദേശിക കലാപങ്ങളും തീവ്രവാദങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന നിരപരാധികളുടെ ഹിംസയും രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലെ കൂട്ടക്കുരുതിയും അനുദിനം അനുഭവമാകുന്ന ലോകത്തിൽ സംഹാരത്തിന്റെ പുസ്തകം യാഥാർത്ഥ്യ ങ്ങളുടെ നേർക്കാഴ്ചയായി ഭവിക്കുന്നു. സംഹാരത്തിന്റെ പുസ്തകം ആവിഷ്കരിക്കുന്ന ഹിംസയുടെ പ്രത്യയശാസ്ത്രങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
നോവൽ സ്വരൂപം
ഡിസി ബുക്സ് 2005-ൽ പ്രസിദ്ധീകരിച്ച ആനന്ദിന്റെ കൃതിയാണ് സംഹാരത്തിന്റെ പുസ്തകം. ആയുധങ്ങൾ ഉപയോഗിച്ച് രാഷ്ട്രങ്ങൾ നടത്തുന്ന യുദ്ധങ്ങളും ആയുധങ്ങളുമായും അല്ലാതെയും വ്യക്തികളുടെ തലത്തിൽ നടത്തുന്ന ഹിംസകളും മഹാമാരികൾ പോലെ മനുഷ്യകുലത്തെ വേട്ടയാടുന്ന കാലമാണിത്. ഹിംസ മരണത്തെ പടക്കളത്തിൽ നിന്ന് വീട്ടുമുറ്റത്തും വഴിയിലും എത്തിച്ചിരിക്കുന്നു. വികലമായ വിശ്വാസങ്ങളും സംശയകരമായ ലക്ഷ്യങ്ങളും നയിക്കുന്ന ഹിംസയുടെ പ്രത്യയശാസ്ത്രം ലക്ഷ്യംവയ്ക്കുന്നത് പലപ്പോഴും നിരപരാധികളെയാണ്. വൈരമൊന്നുമില്ലാത്തവരെ കൊന്നൊടുക്കുന്ന മാനസിക അപചയം പലപ്പോഴും ബലിയുടെ പരിവേഷം തേടുന്ന വൈരുദ്ധ്യമാണ് നോവൽ അവതരിപ്പിക്കുന്നത്. തോട്ടക്കാരനായ ശേഷാദ്രിയെ പരിചയപ്പെടുത്തുന്ന സംഹാരത്തിന്റെ പുസ്തകം ഹിംസയുടെ വായനയായി മാറുന്നു. തോട്ടക്കാരന്റെ സ്വാഭാവിക വേഷത്തിൽ അയാളുടെ ചതിയുടെയും കൊലയുടെയും ലക്ഷ്യവും രീതിയും പ്രത്യയശാസ്ത്രവും നൂറ്റാണ്ടുകളായി പ്രസ്ഥാനമായി വളരുന്നതിന്റെ കാര്യകാരണങ്ങൾ ശേഷാദ്രി എഴുതുന്ന നീണ്ട കത്തിലൂടെ അനാവൃതമാകുന്നു. തോട്ടത്തിലെ എല്ലാ പൂക്കളുടെയും കഴുത്തറുക്കുന്ന തോട്ടക്കാരന്റെ പരിവേഷം ശേഷാദ്രി ആർജിക്കുമ്പോൾ വായനക്കാരിൽ അയാളുടെ രീതിശാസ്ത്രം പേടിപ്പിക്കുന്ന യാഥാർത്ഥ്യമായി മാറുന്നു.
നോവലിന്റെ രണ്ടാം ഭാഗം ആത്മബലിയുടെ പരിവേഷം പേറുന്ന ഹോട്ടൽക്കാരന്റേതാണ്. അതിഭാവുകത്വവും അസ്വാഭാവികതയും നിറയുന്ന ആഖ്യാനത്തിലൂടെ യാദൃശ്ചികതയെ അത്ഭുതപ്പെടുത്തുന്ന സ്വാഭാവികതയായി നോവൽ മാറ്റുന്നു. ഹിംസയെ വിശ്വാസമാക്കി മാറ്റിയ വ്യത്യസ്ത വിഭാഗങ്ങളെ നോവൽ പരിചയപ്പെടുത്തുന്നു. അവരെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ തികച്ചും വൈരുദ്ധ്യം നിറഞ്ഞതാണ്. ഹോട്ടൽക്കാരൻ തന്റെ ഹോട്ടലിൽ താമസിക്കാൻ എത്തിയ എല്ലാവരെയും സൗജന്യ ആഘോഷ വിരുന്നിലേക്ക് അതിഥികളായി ക്ഷണിക്കുന്നു. പ്രസ്തുത വിരുന്നിൽ അയാൾ മനുഷ്യബോംബായി പൊട്ടിച്ചിതറുന്ന കൂട്ടക്കുരുതി ഹിംസയ്ക്ക് ആത്മബലിയുടെ പരിവേഷം നൽകുന്നു. മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ അവലംബിക്കുന്ന നോവൽ ആഖ്യാനം ഹിംസയുടെ വ്യത്യസ്ത സംഘങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളെ ഹോട്ടൽക്കാരന്റെ സമീപനങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമാക്കുന്നു.
തുന്നൽക്കാരന്റെ വ്യവഹാരങ്ങളുടെ ആവിഷ്കരണമാണ് നോവലിന്റെ മൂന്നാം ഭാഗം. തുന്നലിന്റെ ചരിത്ര – സാംസ്കാരിക – സാങ്കേതിക ദർശനങ്ങളെ ഹിംസയുടെ കാര്യകാരണങ്ങളുമായി കൊരുത്തെടുക്കാൻ നോവലിസ്റ്റിന് കഴിയുന്നു. The Book of Cutting and Tailoring- നെ ‘മനുഷ്യജീവിതത്തിന്റെ ആപൽക്കരമായ കളികൾക്കുവേണ്ടി രചിക്കപ്പെടുന്ന നിഷ്കളങ്കമായ വസ്ത്രനിർമാണ പുസ്തകമായി’ (ആനന്ദ്, 2006:104) ആനന്ദ് ചിത്രീകരിക്കുന്നു.
തുന്നൽക്കാരൻ “സ്വയമൊരു കലാകാരനോ, സ്രഷ്ടാവോ, പ്രവാചകനോ, ദേവതയോ ആയിരുന്നില്ല. വെറുമൊരു മാസ്റ്റർ ഓഫ് സെറിമണി മാത്രം. ദേവതകൾ നാടകം കളിക്കുന്ന അരങ്ങിന്റെ വശങ്ങളിലേക്ക് പിൻവാങ്ങുമ്പോൾ അടിസ്ഥാന സത്യം വെളിപ്പെടുത്തുവാൻ അവശേഷിക്കുക വെറും സെറിമണിയുടെ മാസ്റ്റർമാർ ആയിരിക്കും. അല്ലെങ്കിൽ സ്ക്രിപ്റ്റ് ഉരുവിട്ട് കൊടുക്കുന്ന പ്രോംപ്ടർമാർ. ലൈറ്റ് ബോയ്, സൗണ്ട് ബോയ്, തൂപ്പുകാരൻ തന്നെ. അങ്ങനെയുമുണ്ട് ചരിത്രത്തിന് ഒരുവശം” (ആനന്ദ്, 2006:104) എന്ന് നോവൽ അവസാനിക്കുമ്പോൾ തുന്നൽക്കാരൻ സ്വന്തം ശരീരം അയാളുടെ സംഘാംഗങ്ങൾക്ക് ഭക്ഷണമായി വെച്ചുതീർത്തിരുന്നു. ആഘോഷമായി സംഘാംഗങ്ങൾ അയാളെ ഭക്ഷിക്കുമ്പോൾ ഹിംസയുടെ വന്യത ആത്മബലിയും അനുഷ്ഠാനവുമായി മാറുന്ന വൈരുദ്ധ്യം നോവൽ വ്യക്തമാക്കുന്നു. പുതിയ മാസ്റ്റർ ഓഫ് സെറിമണി പ്രസ്തുത സംഘത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ ദേവത തന്നെ ബലിയാക്കപ്പെടുന്ന ഹിംസയുടെ വൈരുദ്ധ്യവും ആഘോഷവും വലിയ ആഘാതമായി വായനക്കാരെ വേട്ടയാടുന്നു. ഹിംസയുടെ പ്രത്യയശാസ്ത്രപരമായ നൈരന്തര്യം കലാപരമായി സ്ഥാപിച്ചാണ് നോവൽ അവസാനിക്കുന്നത്. നിർവികാരവും നിഷ്ഠൂരവുമായ ചതിയും വഞ്ചനയും നിറയുന്ന കർമവും അനുഷ്ഠാനവും ആത്മബലിയായി കൊലയുടെ പരമ്പര നീളുമെന്ന് നോവൽ പ്രതീകാത്മകമായി സ്പഷ്ടമാക്കുന്നു.
നോവലിന്റെ മൂന്ന് ഖണ്ഡങ്ങളും സ്വതന്ത്രമായി നിലനിൽക്കുമ്പോഴും അദൃശ്യമായ വിധത്തിൽ ഹിംസയുടെ അതിക്രൂര വൈരുദ്ധ്യങ്ങളും പ്രത്യയശാസ്ത്ര വൈവിധ്യങ്ങളും അവയെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്നു. ഭാവനയും യാഥാർത്ഥ്യവും അതിഭാവുകത്വവും നിറയുന്ന ആഖ്യാനം മാജിക്കൽ റിയലിസത്തിന്റെയും സറിയലിസത്തിന്റെയും തത്വചിന്തയുടെയും മനഃശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും സമീപനങ്ങളെ സമന്വയിപ്പിക്കുന്നു. കഥാപാത്രങ്ങൾ വിചിത്രമായ മനോനിലയും പ്രവർത്തികളും ദർശനങ്ങളും പേറുന്ന അസാധാരണ വ്യക്തികളാണ്.
കാലവും സമയവും കൃത്യമായി നോവൽ അടയാളപ്പെടുത്തുന്നില്ല എന്നത് ഹിംസയുടെ സാർവത്രിക സ്വഭാവത്തെ സൂചിപ്പിക്കുന്നു. നോവലിന്റെ സ്ഥലപശ്ചാത്ത ലത്തിലും ആഖ്യാനത്തിലും ഹിംസയുടെ നിഗൂഢതകൾ നിറയുന്നുണ്ട്. ഹിംസയെ നയിക്കുന്ന പ്രത്യയശാസ്ത്രം ചരിത്രമായി മാറുന്ന വിധം നോവൽ ആവിഷ്കരിക്കുന്നു. നോവൽവായനയെ ആഖ്യാനവും നോവൽ സംഭവങ്ങളും കഠിനമായ ആഘാത മേൽപ്പിക്കുന്നു. കഥാപാത്രങ്ങൾ വൈരുദ്ധ്യങ്ങളുടെ സങ്കലനമാണ്. ഹിംസയുടെ വിചിത്ര പ്രത്യയശാസ്ത്രങ്ങൾ അവരെ ഭരിക്കുന്നു.
ഹിംസയുടെ സംസ്കരണവും സാർവത്രികതയും
“താത്വികമായ ഹിംസയെ വികാരത്തിന്റെയും വൈരത്തിന്റെയും മാലിന്യങ്ങൾ കഴുകിക്കളഞ്ഞ് സംസ്കരിച്ചെടുത്ത് അതിന്റെ പരിശുദ്ധിയിൽ പരിരക്ഷിക്കുന്നവർ ഠഗുകൾ മാത്രമാണ്…. കൊലക്കുശേഷം ഇരയുടെ കയ്യിലുള്ളത് പത്ത് പൈസയാണെ ങ്കിലും ഞങ്ങൾ സ്വീകരിക്കും. ഒന്നും ഇല്ലെങ്കിൽ അവൻ ഉടുത്ത തുണി അതാണ് ദേവി ഭവാനിക്കും അല്ലാഹുവിനും ഉള്ള നൈവേദ്യം. ഞങ്ങൾക്ക് പ്രസാദവും” (ആനന്ദ്, 2006:18). ഹിംസയുടെ തത്വശാസ്ത്രം വിശുദ്ധീകരിക്കപ്പെടുന്ന വിധമാണ് ആനന്ദ് വ്യക്തമാക്കുന്നത്. ഠഗുകൾ മാത്രമല്ല ഇരയെ വേട്ടയാടുന്ന എല്ലാ ഘാതകരിലും കുടികൊള്ളുന്ന പ്രസ്തുത വിശുദ്ധീകരണം ഹിംസയുടെ ഏറ്റവും ശ്രേഷ്ഠമായ ന്യായീകരണമായി മാറുന്നു.
സംഹാരത്തിന്റെ തത്വത്തെ ഒരിക്കലും നിർമാർജനം ചെയ്യാൻ കഴിയില്ല എന്നും പ്രപഞ്ചത്തിന്റെ രൂപഭാവങ്ങളിൽ അവയുടെ സഹജമായ സാന്നിധ്യമുണ്ടെന്നും നോവൽ സ്ഥാപിക്കുന്നു. സാഹിത്യകാരൻ പോലും വേട്ടക്കാരനാണെന്ന് നോവൽ പ്രസ്താവിക്കുന്നു. കാരണം നുണയും വഞ്ചനയും നിറയുന്നതാണ് സാഹിത്യ സൃഷ്ടികൾ. സാഹിത്യകൃതികൾ വായനക്കാരുടെ മനസ്സിന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നത് ബലപ്രയോഗത്തിലൂടെയാണ്. വഞ്ചിതരാകുന്നു എന്നറിഞ്ഞുകൊണ്ട് വായനക്കാർ എഴുത്തുകാർക്ക് കീഴ്പ്പെടുന്നു എന്ന് (ആനന്ദ്, 2006:20) നോവൽ സമർത്ഥിക്കുന്നു. ഠഗുകൾ ഹിംസയുടെ സാത്വികത കണ്ടെത്തുന്നതിനാൽ യാതന യാതനയല്ലാതായിത്തീരുന്നു (ആനന്ദ്, 2006: 21) എന്ന് നോവൽ സാക്ഷ്യപ്പെടുത്തുമ്പോൾ ഹിംസയുടെ വന്യതയും ക്രൂരതയും തന്ത്രപരമായി ന്യായീകരിക്കപ്പെടുന്നു.
ഠഗുകളുടെ അംഗബലം അത്ഭുതപ്പെടുത്തുന്നതാണ്. വെറും സാധാരണക്കാർ മുതൽ തികഞ്ഞ പ്രൊഫഷണലുകളും ന്യായാധിപന്മാരും ഠഗുകളിലെ അംഗങ്ങളാണ് എന്നത് മനുഷ്യമനസിലെ ഹിംസയുടെ സഹജവാസന വ്യക്തമാക്കുന്നതാണ്. “കൊലയും കൊള്ളയും നടത്തിയതിനുശേഷം അടുത്ത ദിവസം അവർ അവരുടെ ഓഫീസുകളിലും കടകളിലും വീടുകളിലും മന്ദിരങ്ങളിലും ഹാജരായിരിക്കും. സ്വയം ഠഗുകളല്ലെങ്കിലും അവരെ സംരക്ഷിക്കുന്നവരിലും ജന്മിമാരും പ്രഭുക്കന്മാരും മാത്രമല്ല രാജാക്കന്മാർ വരെയും ഉണ്ടായിരുന്നു. സ്വർഗത്തിലെ സുഖം ആസ്വദിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ഠഗുകളെ നയിച്ചിരുന്നത്” (ആനന്ദ്, 2006:21). അതുകൊണ്ട് എല്ലാ വൈവിധ്യങ്ങൾക്കും അതീതമായി കൊലയുടെ പ്രത്യയശാസ്ത്രം ഠഗുകളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെ കാരണമായി.
ഇന്ത്യൻ ഉപഭൂഖണ്ഡം പോലെ നാനാത്വത്തിന്റെ വൈരുദ്ധ്യങ്ങൾ നിറയുന്ന രാജ്യത്തിൽ ഠഗുകളുടെ പ്രത്യയശാസ്ത്രം സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും കാരണമാകുന്ന ഭീകരയാഥാർത്ഥ്യം നോവൽ തന്ത്രപരമായി സ്ഥാപിക്കുന്നു. സംഹാരത്തിന്റെ പുസ്തകത്തിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല. അതിൽ സംഭവങ്ങൾ മാത്രമേ യുള്ളൂ. ഓരോ സംഭവവും സംഹാരമാകുന്നു. ഓരോ സംഹാരവും ഒരേട് (ആനന്ദ്, 2006:41) ആകുന്ന വിധത്തിൽ സംഹാരത്തിന്റെ പുസ്തകം ആഖ്യാനം തുടരുമ്പോൾ ഹിംസയുടെ സാർവത്രികത കൃത്യമായി നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു.
ഹിംസയുടെ ചരിത്രവഴികൾ
നോവലിന്റെ രണ്ടാം ഖണ്ഡം ഹോട്ടൽക്കാരന്റെ വ്യവഹാരങ്ങളിൽ കേന്ദ്രീകരി ക്കുന്നു. യാദൃശ്ചികതയെ അവലംബിക്കുന്ന സംഭവങ്ങളുടെ പരമ്പര, സംഖ്യകളുടെ മാന്ത്രികത, അതിഭാവുകത്വം ഇവയെല്ലാം ഇടകലരുന്ന ആഖ്യാനത്തിന്റെ സങ്കീർണത സംഭവങ്ങളെ ഹിംസ പോലെ അതീവ നിഗൂഢമാക്കുന്നു. സെയ്നുൽ ആബിദീൻ എന്ന ചെറുപ്പക്കാരനാണ് ഹോട്ടൽ ഉടമസ്ഥൻ. അയാൾ മനുഷ്യ ബോംബായി പൊട്ടിത്തെറിച്ചത് തന്റെ ഹോട്ടലിലെ താമസക്കാരെ ക്ഷണിച്ച സൗജന്യ വിരുന്നു സൽക്കാരത്തിനിടയിലാണ്. ഭയാനകമായ പ്രസ്തുത ദുരന്തത്തിന് മായിക സ്വഭാവം കൽപ്പിച്ചു കൊടുക്കാൻ മനുഷ്യരും മീഡിയയും പരമാവധി പങ്കാളികളായി. ദുരന്തവും അക്രമവും ഒരുതരം മായിക പ്രതിഭാസമാണ് (ആനന്ദ്, 2006, pp. 50-51) എന്ന് നോവലിസ്റ്റ് സ്ഥാപിക്കുമ്പോൾ ഹിംസയുടെ മായികലോകവും ഹോട്ടൽക്കാരനിലൂടെ ആവിഷ്കൃതമാകുന്നു.
ഹസൻ ഇബൻ സബ്ബ കൊടുത്തയച്ച കത്തിനൊപ്പമുള്ള പ്രൊഫസർ അമീർ അലി എഴുതുന്ന ലേഖനവും ഹിംസയുടെ ചരിത്രവഴികളും മായികലോകവും വ്യക്തമാക്കുന്നു. കൊല്ലുന്നതോടുകൂടെ സ്വയം മരിക്കണമെന്ന് ആഗ്രഹിക്കുന്ന കൊലയുടെ പ്രസ്ഥാനങ്ങളെയും അംഗങ്ങളെയും അമീർ അലിയുടെ ലേഖനം കൃത്യമായി പരിചയപ്പെടുത്തുന്നു. അതിൽ അസാസിനുകളെ ഏറ്റവും മാരകമായ ഘാതകസംഘമായി നോവൽ ചിത്രീകരിക്കുന്നു. ജനങ്ങൾക്കിടയിൽ നരമേധങ്ങളിലൂടെ ഭീതി വിതയ്ക്കുന്നതായിരുന്നു അവരുടെ രീതി. ആസൂത്രണം അതീവ രഹസ്യമായിരിക്കണം. കൊല നടത്തേണ്ടത് വലിയ ജനക്കൂട്ടത്തിന് മുൻപിൽ പരസ്യമായിട്ടായിരിക്കണം എന്നത് അവർക്ക് നിർബന്ധമായിരുന്നു. ശത്രുസംഹാരം മാത്രമല്ല ഇവിടെ ലക്ഷ്യം, പൊതുജനത്തിന് രണ്ടുതരം പാഠങ്ങൾ കൊടുക്കാനുള്ള മാർഗം കൂടിയായിരുന്നു അത്. (i)ഇരയ്ക്ക് ശിക്ഷ ഉറപ്പാക്കുന്നു. (ii) ധീരമായ ആത്മത്യാഗത്തിലൂടെ ആദരവ് നേടുന്നു. രക്തസാക്ഷികളാകുന്നവരെ നയിച്ചിരുന്നത് അന്ധമായ വിശ്വാസത്തിന്റെ മയക്കുമരുന്ന് ആയിരിക്കാം. അതുകൊണ്ടാണ് അസാസിനുകൾ മരണത്തെ ശാന്തമായി സ്വീകരിക്കുന്നത് എന്ന് നോവൽ വ്യക്തമാക്കുന്നു.
തുന്നൽക്കാരനും ഹിംസയും
‘തുന്നൽവിദ്യയുടെ ചരിത്രപുസ്തകം ഇല്ലെങ്കിൽ ഉണ്ടായിരിക്കേണ്ടതാണ്‘ (ആനന്ദ്, 2006:81) എന്ന് നോവലിലെ മൂന്നാം ഖണ്ഡത്തിന്റെ തുടക്കത്തിൽ തന്നെ ആനന്ദ് രേഖപ്പെടുത്തുന്നു. തുന്നലിന്റെ ചരിത്ര–ദാർശനിക ഭാവങ്ങളിലൂടെ ഹിംസയുടെ വൈരുദ്ധ്യങ്ങളെ നെയ്തെടുക്കുന്ന നോവലിസ്റ്റിന്റെ ഭാവന അതിശയിപ്പിക്കുന്നതും ആഖ്യാനം അത്ഭുതപ്പെടുത്തുന്നതുമാണ്. തുന്നലിന്റെ കല, ചരിത്രം, വൈരുദ്ധ്യം, യാഥാർത്ഥ്യം എന്നിവ തുന്നൽക്കാരൻ വ്യക്തമാക്കുന്നുണ്ട്. “വസ്ത്രങ്ങളാണ് സുഹൃത്തേ മനുഷ്യനെ നിർവചിക്കുന്നത്. അവന് രൂപവും കാന്തിയും കൊടുക്കുക മാത്രമല്ല അവ ചെയ്യുന്നത്, അവന്റെ സ്വഭാവത്തെയും ശീലങ്ങളെയും ചേഷ്ടകളെയും രൂപപ്പെടുത്തുക കൂടിയാണ്. അവന്റെ വഴിയും ദർശനങ്ങളും വസ്ത്രങ്ങൾ അവന് മനസ്സിലാക്കി കൊടുക്കുന്നു. ഒരുവൻ അവന്റെ ഉടുപ്പാണ് എന്നതാണ് തുന്നൽ ദർശനം. ഉടുപ്പണിയാത്ത മനുഷ്യൻ കളിമൺ പാവയാണ്. കലയില്ലാത്ത മനുഷ്യൻ ജന്തുസമാനനത്രേ. തുന്നൽ കലയാണ്. കല തുന്നലാണ്. കളിമൺ പാവയെ മനുഷ്യനാക്കുന്ന വസ്ത്രത്തിന്റെ കല” (ആനന്ദ്, 2006, p.86). തുന്നലിന്റെ ദാർശനികത അതിന്റെ സമഗ്രതയിൽ പ്രതിപാദിക്കുന്ന Book of Cutting and Tailoring തുന്നൽക്കാരൻ തൊട്ടുനമസ്കരിച്ചതിനു ശേഷം പറയുന്ന വിചിത്രമായ കാര്യം മനുഷ്യർക്ക് അവരെ അവരാക്കുന്ന ഉടുപ്പേതെന്ന് അറിയില്ല എന്നതാണ്. അത് അറിയുന്നത് തുന്നലിന്റെ പുസ്തകം മാത്രമാണ് (ആനന്ദ്, 2006:86). ഏറെ വിചിത്രമായിരുന്നു തുന്നൽക്കാരന്റെ കടയിലെ കാര്യങ്ങൾ. കട മിക്കപ്പോഴും വിജനമായിരുന്നു. തുന്നിയ ഉടുപ്പുകൾക്ക് ആവശ്യക്കാരില്ലായിരുന്നു. അയാളുടെ പ്രതീക്ഷയുടെ കാത്തിരിപ്പുകൾ നിഷ്ഫലമായി. മാന്ത്രികതയിലെന്നപോലെ അയാളുടെ സൃഷ്ടികൾ കലാപം പ്രഖ്യാപിച്ചു. ഏകാന്തവും പൊള്ളയുമായ നിൽപ്പ് സഹിക്കാനാകാതെ അയാൾ തുന്നിയ ഉടുപ്പുകൾ അനുയോജ്യമായ ശരീരങ്ങളെ അന്വേഷിച്ച് തെരുവിലേക്കിറങ്ങി. തുന്നൽക്കാരൻ തികച്ചും നിർവികാരനായിരുന്നു. സൃഷ്ടികൾ സ്വയം ചലിക്കാൻ തുടങ്ങുമ്പോൾ ഭാവനയുടെ വഴി അവസാനിക്കുമെന്നും തന്റെ കർമം കഴിഞ്ഞു എന്നും സൃഷ്ടാവിന്റെ സ്ഥാനം ഇനി സൃഷ്ടികളുടെ കയ്യിലാണെന്നുമുള്ള യാഥാർത്ഥ്യം തുന്നൽക്കാരൻ സമ്മതിക്കുന്നു. പക്ഷേ ഇനിയും തുന്നൽക്കാർ എത്തുമെന്ന പ്രതീക്ഷ അയാൾ പകരുന്നു. ശൂന്യത ഉണ്ടാവില്ല എന്ന് അയാൾ ഉറപ്പിക്കുന്നു (ആനന്ദ്, 2006:89).
ഇറങ്ങിപ്പോയ ഉടുപ്പുകളെ അന്വേഷിച്ചിറങ്ങുന്ന എഴുത്തുകാരൻ വിചിത്രമായ കാഴ്ചകൾക്കും അനുഭവങ്ങൾക്കുമൊടുവിൽ ഭയത്തിന്റെ പാരമ്യത്തിൽ ‘നമ്മുടെ ഇടം‘ എന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്ത് തുന്നൽക്കാരന്റെ ഉടുപ്പുകളെയും അവ കണ്ടെത്തിയ എല്ലാ മനുഷ്യരെയും ഒരു സംഘമായി ദർശിക്കുന്നു. അവിടെനിന്ന് കുറച്ചുകൂടി നിഗൂഢവും ഇടുങ്ങിയതുമായ ‘സ്വന്തം ഇട’ത്തിൽ അവരെല്ലാവരും എത്തുന്നു. മഹാത്ഭുതം പോലെ തുന്നൽക്കാരനെ എഴുത്തുകാരൻ അവിടെ കണ്ടെത്തുന്നു. വീടും വഴിയും അറിയാത്തവരും തുണ്ടം തുണ്ടമായവരും നഗ്നരുമായ വഴിപോക്കരെ ശ്രദ്ധാപൂർവ്വം ഡിസൈൻ ചെയ്ത തന്റെ ഉടുപ്പുകളിൽ കയറ്റി ഒന്നിപ്പിച്ച് വഴിയും സ്വന്തമായ ഒരിടവും ഉണ്ടാക്കിക്കൊടുത്ത് അവസാനം തന്റെ നീണ്ട സപര്യയുടെ പാരമ്യത്തിൽ സ്വയം വിവസ്ത്രനായി അവരുടെ തോളിൽ കയറി ഇരിക്കുന്ന കലാകാരനും കവിയും കൂടിയായ ഒരു ഗ്രാൻഡ് മാസ്റ്റർ തുന്നൽക്കാരൻ! “ആ സംഭവപരമ്പര ഭയാനകമായ ഒരു പരിസമാപ്തിയിലേക്ക് തിരിച്ചുവരവില്ലാത്ത വിധം നീങ്ങുകയാണെന്ന ബോധം എന്റെ അംഗങ്ങളിൽ വിറങ്ങലിപ്പുണ്ടാക്കി” (ആനന്ദ്, 2006:.99).
എഴുത്തുകാരന്റെ ധാരണ ശരിയായിരുന്നു. അവർ തുന്നൽക്കാരന്റെ കഴുത്ത് ഭീകരമായ വിധത്തിൽ അറുക്കുന്നു. സംഘത്തിലുള്ളവർ അത്യധികം ആഹ്ലാദത്തോടെ ആരവങ്ങൾ മുഴക്കുന്നു. അയാളുടെ രക്തം അവർ പാനീയമാക്കി. “അപ്പമാണവൻ നമുക്ക്. വീഞ്ഞാണവൻ നമുക്ക്. ബലികൾ വലുതാകുന്നു” (ആനന്ദ്, 2006, p.100) എന്ന് അവർ മന്ത്രം പോലെ ഒന്നിച്ച് ഉരുവിടുന്നു. പിന്നീട് ഹിംസയുടെ ഏറ്റവും ഭീകരരൂപം അനാവൃതമാകുന്നു. തുന്നൽക്കാരന്റെ ശരീരം വേവിച്ച് സംഘത്തിലുള്ളവർ ആഹ്ലാദത്തോടെ ഭക്ഷിക്കുന്നു. അതിൽ അഭിരമിച്ച് ആത്മസംതൃപ്തി കണ്ടെത്തുന്നു. ഭയം വിട്ടുമാറാത്ത എഴുത്തുകാരൻ പുതിയ തുന്നൽക്കാരനെ (പുതിയ മാസ്റ്റർ ഓഫ് സെറിമണിയെ) അത്ഭുതത്തോടെ നോക്കുന്നു. അയാൾ ഏറെ സന്തോഷവാനായിരുന്നു എന്നത് മറ്റൊരു വൈരുദ്ധ്യം. കൊലചെയ്യപ്പെട്ട തുന്നൽക്കാരനെ അയാൾ വിശേഷിപ്പിച്ചത് കലാകാരൻ, സ്രഷ്ടാവ് എന്നെല്ലാമാണ്. ബലികളിൽ ഏറ്റവും ശ്രേഷ്ഠമായ ബലിയാണ് അയാളുടേത് എന്നും പുതിയ തുന്നൽക്കാരൻ സ്ഥാപിക്കുന്നു. ഹിംസയെ ഏറ്റവും ഭീകരമായ ആഘോഷവും ആത്മബലിയുമാക്കി തുന്നൽക്കാരനും സംഘവും മാറ്റുന്നു. ഹിംസയുടെ തുടർച്ച ഉറപ്പാക്കി പുതിയ തുന്നൽക്കാരൻ നിയോഗം ഏറ്റെടുക്കുമ്പോൾ നോവൽ അവസാനിക്കുന്നു.
ഹിംസയുടെ പ്രത്യയശാസ്ത്രം
സംഹാരത്തിന്റെ പുസ്തകം ഹിംസയുടെ പ്രത്യയശാസ്ത്ര വിശകലനമാണ്. ഹിംസയുടെ സാർവത്രികതയും സഹജമായ പ്രവണതകളും നോവൽ ദർശനത്തെ നിർണയിക്കുന്നു. കൊലയുടെ സഹജവാസനകൾ വ്യക്തിയെ പ്രസ്ഥാനങ്ങളുടെ ഭാഗമാക്കുന്നു. പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ വ്യക്തി ബോധപൂർവ്വം സ്വീകരിക്കുന്നു. ഹിംസയെ ന്യായീകരിക്കാനും വിശുദ്ധീകരിക്കാനും പ്രസ്തുത പ്രത്യയ ശാസ്ത്രങ്ങൾക്കു കഴിയുന്നു. തന്മൂലം ഹിംസയുടെ സംഘങ്ങളും പ്രസ്ഥാനങ്ങളും അവയുടെ നിലനിൽപ്പ് ഭദ്രമാക്കുന്നു. ചരിത്രവും ഭരണകൂടവും ഹിംസയുടെ പ്രത്യയശാസ്ത്രങ്ങളെ സംരക്ഷിക്കുകയും സങ്കേതം ഒരുക്കുകയും ചെയ്യുമ്പോൾ ഹിംസയുടെ താണ്ഡവങ്ങൾ നിരന്തര പരമ്പരകൾ ആകുന്നു. ഭയവും ശിക്ഷയും നിറയ്ക്കുന്ന ഹിംസയുടെ വിധ്വംസകത ഇരകളെ വേട്ടയാടുന്നതിൽ ആത്മനിർവൃതി കണ്ടെത്തുന്നു. ആത്മബലിയുടെയും ധീരപരിത്യാഗത്തിന്റെയും പരിവേഷം നൽകുമ്പോൾ ഹിംസ ആദർശവൽകരിക്കപ്പെടുന്നു.
ഹിംസയുടെ സമകാലികത
കൊലയുടെ വന്യത അനുദിന യാഥാർത്ഥ്യമാണ്. വ്യക്തി, സമൂഹം, രാഷ്ട്രം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ പ്രകടമാണ്. വാക്കും മാനസിക– ശാരീരിക പീഡനങ്ങളും ആയുധങ്ങളും ഹിംസയുടെ ഉപാധികളാണ്. ‘കൊല്ല്‘ എന്നത് തികച്ചും സ്വാഭാവിക പദപ്രയോഗം ആകുന്ന കാലമാണിത്. സാധാരണക്കാരുടെ സംസാരം മുതൽ ചാനലുകളിലെ അവതാരകരുടെ ഭാഷണങ്ങളിൽ പോലും ഹിംസയുടെ നിർദയ ശൈലികൾ പ്രകടമാണ്. സാംസ്കാരിക അധിനിവേശങ്ങളിലും അപചയങ്ങളിലും ഉന്മാദങ്ങളിലും ലഹരിയുടെ വിഹാരങ്ങളിലും സംഗീതത്തിന്റെ അലകളിൽ പോലും ഹിംസയുടെ രൂപങ്ങൾ തെളിഞ്ഞു കാണുന്നു. . നവസാങ്കേതികതയും ഓൺലൈൻ ഗെയിമുകളും ഹിംസയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവയാണ്. മനുഷ്യന്റെ സഹജവാസനകളെ സാക്ഷാത്കരിക്കുന്നവിധം ഹിംസയുടെ പ്രത്യയശാസ്ത്രം വ്യത്യസ്ത രൂപങ്ങൾ കൈവരിക്കുന്നു. തീവ്രവാദങ്ങളും പ്രസ്ഥാനങ്ങളും പ്രത്യേക സംഘങ്ങളും സംഘടനകളും ഹിംസയെ സാധൂകരിക്കുമ്പോൾ അരാജകത്വം അരങ്ങുവാഴുന്നു. മാനവിക ദർശനങ്ങളും ധാർമിക പരികല്പനകളും ആത്മീയ വിചാരങ്ങളും അന്യമാകുന്നിടത്ത് ഹിംസയുടെ പ്രത്യയശാസ്ത്രങ്ങൾ ആധിപത്യം ഉറപ്പിക്കുന്നു. മാനുഷികതയും നീതിയും സാഹോദര്യവും ധാർമികതയും പുലരുന്ന സമൂഹം ഹിംസയുടെ പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കാൻ അനിവാര്യമാണ്.
ഉപസംഹാരം
സംഹാരത്തിന്റെ പുസ്തകം ഹിംസയുടെ പ്രത്യയശാസ്ത്ര വിശകലനമാണ്. ഹിംസയുടെ പ്രവണതകൾ സഹജവും സാർവത്രികവുമാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും തലങ്ങളിലും ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ പ്രകടമാണ്. പൂക്കൾ നുള്ളിയെടുക്കുന്ന ലാഘവത്തോടെ കൊലയും ചതിയും നടത്തുന്ന തോട്ടക്കാരനും സ്വയം കൊന്ന് മറ്റുള്ളവരെ കൊല്ലുന്ന ഹോട്ടൽക്കാരനും രക്തസാക്ഷിയായി, സ്വന്തം ശരീരം വേവിച്ച് ഭക്ഷണമായി നൽകി, ഹിംസയെ ആഘോഷവും ആത്മബലിയുമാക്കുന്ന തുന്നൽക്കാരനും സംഹാരത്തിന്റെ പുസ്തകത്തിൽ ഹിംസയുടെ വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രതീകങ്ങളാണ്. ആനന്ദ് ആഖ്യാനത്തിന്റെയും ഭാവനയുടെയും മികവോടെ അവതരിപ്പിക്കുന്ന ഹിംസയുടെ വ്യത്യസ്ത രൂപങ്ങളും പ്രത്യയശാസ്ത്രങ്ങളും സമകാലിക യാഥാർത്ഥ്യങ്ങളാണ്. ഹിംസയുടെ വന്യതയും ഭീകരതയും പ്രതിരോധിക്കാൻ മാനുഷികതയും നീതിയും പുലരുന്ന സാമൂഹികക്രമം അനിവാര്യമാണ്.
ഹിംസയെ ആദർശവത്കരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ ചരിത്രവും ഭരണകൂടവും നീതീകരിക്കുമ്പോൾ കൊലയുടെ വന്യത ആഗോള പ്രതിഭാസമായി തുടരും. ഹിംസയുടെ ഇരകൾ പലപ്പോഴും നിഷ്കളങ്കരായ മനുഷ്യരാണ്. അവർ ഒരിക്കലും പ്രതിയോഗികൾ അല്ല എന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. തങ്ങൾ ഇരകളാകുന്നതിന്റെ കാരണം പോലും അവർക്ക് അജ്ഞാതമാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും തലങ്ങളിലും ഹിംസയുടെ ഭീകരരൂപങ്ങൾ പ്രകടമാണ്. ഹിംസയുടെ പ്രത്യയശാസ്ത്രങ്ങൾ നീതിവിരുദ്ധവും മനുഷ്യവിരുദ്ധവുമാണെങ്കിലും പ്രസ്തുത പ്രത്യയശാസ്ത്രങ്ങളെ വക്താക്കൾ സമ്പൂർണമായി സ്വാംശീകരിക്കുന്ന വൈരുദ്ധ്യം സംഹാരത്തിന്റെ പുസ്തകം നിറയെ ഭയവും ഉത്കണ്ഠയും നിറയ്ക്കുന്നു. അത് മനുഷ്യകുലത്തിന്റെ മുഴുവൻ ആകുലതയായി പരിണമിക്കുന്ന സമകാലിക യാഥാർത്ഥ്യം കൃതിയെ പ്രസക്തമാക്കുന്നു.
ഗ്രന്ഥസൂചി
ആനന്ദ്. (2006), സംഹാരത്തിന്റെ പുസ്തകം. കോട്ടയം: ഡി.സി. ബുക്സ്.
Bourdieu, P. (1991). Language and Symbolic Power. Cambridge: Harvard University Press.
Foucault, M. (1980). Power/Knowledge: Selected Interviews and Other Writings. New York: Pantheon Books.
Spivak, G. C. (1999). A Critique of Postcolonial Reason: Toward a History of the Vanishing Present. Harvard University Press.
Thapar, R. (2014). The Past as Present: Foraging Contemporary Identities Through History. Delhi: Aleph Book Company.
ഡോ. ഫ്രാൻസിസ് മൈക്കിൾ
അസിസ്റ്റന്റ് പ്രൊഫസർ,
മലയാളവിഭാഗം,
നിർമല കോളേജ്, മൂവാറ്റുപുഴ.
Email: franciskm70@gmail.com
Mob: 9447900957
Copyright © 2026 | WordPress Theme by MH Themes
