മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 APRIL-JUNE | VOLUME 02 | ISSUE 02
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» വിഷ്ണു പി. എസ്.
ID: MRK0028
Published on April 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ചലച്ചിത്രങ്ങളിലെ ആണത്ത അധീശത്വസങ്കല്പങ്ങളുടെ നരവംശപരവും മനഃശാസ്ത്രപരവുമായ വിശകലനത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക സംജ്ഞകളിലൊന്നാണ് ആൽഫാ മെയിൽ. ആണത്തം, ലിംഗപദവി, അധീശത്വം എന്നിവയെക്കുറിച്ചുള്ള ആദിമബോധ്യങ്ങളെ തിരിച്ചറിയുവാൻ ഇത് സഹായിക്കുന്നു. ഇത്തരത്തിൽ കെ.ജി.ജോർജിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയെ പഠനവിധേയമാക്കുകയാണ് ഇവിടെ.
താക്കോൽവാക്കുകൾ
സോഷ്യോ സെക്ഷ്വൽ ഹൈറാർക്കി, ആൽഫ മെയിൽ, ബീറ്റ, ഒമേഗ, ഗാമ, ഡെൽറ്റ, ആണത്തം, അധീശത്വം, ലിംഗപദവി, ആദിപ്രരൂപം
ആമുഖം
സിനിമകളിലെ നായകപ്രതിനിധാനങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ആൽഫാ മെയിൽ സങ്കല്പം എന്ന സംജ്ഞ ഇന്ന് പ്രത്യക്ഷപ്പെടുന്നത്. ഇത് ആധുനിക പുരുഷന്റെ പ്രതിസന്ധികളെയും സമൂഹം അടിച്ചേൽപ്പിക്കുന്ന “പുരുഷത്വം” എന്ന ആശയത്തെയും ചോദ്യം ചെയ്യുന്ന ആശയം കൂടിയാണ്. ശാരീരിക ശക്തിയും ആധിപത്യവുമല്ല, മറിച്ച് വൈകാരിക ബുദ്ധിയും ഉത്തരവാദിത്തവുമാണ് യഥാർത്ഥ “ആൽഫാ” എന്ന് പുതിയകാലം മാറ്റി എഴുതുന്നു.
ഗ്രീക്കിലെ ആദ്യാക്ഷരമായ ആൽഫാ ആദ്യത്തേത്, പ്രധാനപ്പെട്ടത്, മേധാവിത്വമുള്ളത് എന്നർത്ഥത്തിലാണ് പ്രയോഗിക്കാറുള്ളത്. കൂട്ടത്തിലെ ശക്തനായ, മേധാവിത്വമുള്ള, നേതൃത്വസ്ഥാനം വഹിക്കുന്ന മൃഗത്തെയോ വ്യക്തിയെയോ ആണ് ആൽഫാ എന്ന് സൂചിപ്പിക്കുക. ഇത്തരത്തിലുള്ള പുരുഷനെ ആൽഫാ മെയിൽ എന്നും സ്ത്രീയെ ആൽഫാ ഫീമെയിൽ എന്നും ആൺ–പെൺ ജോഡികളെ ആൽഫാ ജോഡികൾ അഥവാ ആൽഫാ പെയറുകൾ എന്നും വിളിക്കുന്നു. ആൽഫാ മെയിൽ എന്ന പദത്തിന് കൃത്യമായ മലയാളപദമില്ലെങ്കിലും തതുല്യമായ ആശയം സ്വീകരിച്ചുകൊണ്ട് ആധിപത്യമുള്ള പുരുഷൻ, പ്രബലനായ പുരുഷൻ എന്നിങ്ങനെ വിളിക്കാവുന്നതാണ്.
1870-കളിലാണ് ഈ ആശയത്തിന് തുടക്കം കുറിക്കുന്നത്. ചെന്നായകളിൽ പഠനം നടത്തിയ റുഡോൾഫ് ഷെങ്കൽ 1947ൽ “എക്സ്പ്രഷൻസ് സ്റ്റഡി ഓൺ വോൾവ്സ്” എന്ന പേരിൽ ഒരു പേപ്പർ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ചെന്നായക്കൂട്ടത്തിൽ ഒരു ചെന്നായ മാത്രം മേധാവിത്വം പുലർത്തുന്നതായി കാണാൻ സാധിച്ചു. അധികാരം ഉപയോഗിച്ച് ആ ചെന്നായ മറ്റുള്ള ചെന്നായകളെ നിയന്ത്രിക്കുന്നതുകൊണ്ട് അദ്ദേഹം അതിനെ ‘ആൽഫാ‘ എന്ന് വിളിച്ചു. തന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചതിനുശേഷം മേധാവിത്വം പുലർത്തിയ ചെന്നായ രക്ഷിതാവും ബാക്കി കുട്ടികളുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷെ, സമൂഹത്തിൽ മേധാവിത്വം പുലർത്താൻ ആഗ്രഹിച്ചിരുന്നവർ ഈ കണ്ടെത്തലിനെ പ്രകീർത്തിച്ചു. പിന്നീട് ഡോ. എൽ. ഡേവിഡ് മെക്കിന്റെ “ദി വോൾഫ് ഇക്കോളജി ആൻഡ് ബിഹേവിയർ ഓഫ് ആൻ എന്റേൻജെർഡ് സ്പീഷീസ്” (1968) എന്ന കൃതിയിലും ആൽഫാ മെയിൽ ചെന്നായകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. കാലഹരണപ്പെട്ട തന്റെ ഈ ആശയം ഉള്ളതുകൊണ്ട് തന്നെ പ്രസിദ്ധീകരണം നിർത്താൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും 50 വർഷങ്ങൾക്ക് ശേഷവും ആ കൃതി അച്ചടിയിലുണ്ട്. ആൽഫാ മെയിൽ സങ്കല്പം ചെന്നായകൾക്ക് പുറമെ നായകളിലും ഗോറില്ലകളിലും ചിമ്പാൻസികളിലും കാണാം. നരവംശശാസ്ത്രജ്ഞയായ ഡോ. ജെയ്ൻ ഗുഡോൾ ചിമ്പാൻസികളിൽ പഠനം നടത്തി അവയിലെ അധികാരശ്രേണി നിരീക്ഷിക്കുന്നുണ്ട്.
മൃഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ആൽഫാ മെയിലിനെ കണ്ടെത്താറുള്ളത്. ശക്തി, ബുദ്ധി, സ്നേഹം, കരുണ, പ്രായം, ഉത്തരവാദിത്തങ്ങൾ, ശരീരഘടന, ഭക്ഷണം നേടൽ, സൗഹൃദം, രതി എന്നിവയുടെ അടിസ്ഥാനത്തിൽ ആൽഫയെ നിർവചിക്കുന്നു. ഇതിന്റെ മറ്റൊരു പകർപ്പാണ് മനുഷ്യരിൽ കാണുക. അധികാരം, പേര്, പ്രശസ്തി, ശരീരഘടന, സ്ത്രീബന്ധങ്ങൾ തുടങ്ങിയവയാണ് പ്രാഥമികതലത്തിൽ ആൽഫയെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങൾ. 1960-കൾക്ക് മുമ്പ് എഴുത്തുകാരനായ അൽഡൗസ് ഹസ്ലെ തന്റെ “ബ്രേവ് ന്യൂ വേൾഡ്” എന്ന കൃതിയിൽ ആൽഫ മെയിൽ എന്ന വാക്ക് ഉപയോഗിച്ച് കാണുന്നുണ്ട്. 2011-ൽ വലത് ആക്ടിവിസ്റ്റായ തിയഡോർ റോബർട്ട് ബിൽ ആണ് മനഃശാസ്ത്രപരമായ മനുഷ്യന്റെ സ്വഭാവസവിശേഷതകളെ സോഷ്യോ സെക്ഷ്വൽ ഹൈറാർക്കിയായി തരംതിരിക്കുന്നത്. പിരമിഡ് രൂപത്തിലുള്ള ഈ ശ്രേണിയിൽ ഒന്നാമത്തേത് ആൽഫയാണ്. ബീറ്റ, ഒമേഗ, ഗാമ, ഡെൽറ്റ എന്നിങ്ങനെ ശ്രേണി താഴേക്ക് വരുന്നു. ഇതിൽനിന്ന് എല്ലാം വലുതാണ് സിഗ്മ എന്ന വിഭാഗം.
ആൽഫ മെയിലിന്റെ സ്വഭാവസവിശേഷതകൾ
മേധാവിത്വം പുലർത്തുന്നവരായതിനാൽ തന്നെ ധൈര്യശാലികളും കൃത്യമായ ഉദ്ദേശ്യങ്ങളുമുള്ളവരായിരിക്കും ആൽഫകൾ. കൃത്യമായ തീരുമാനങ്ങൾ എടുക്കുകയും മനസ്സിലുള്ളത് തുറന്നുപറയുകയും ദുർബലതകൾ സ്വയം പരിഹരിക്കുകയും ചെയ്യുന്ന ഇവർ ശരീരഘടനയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നു. മറ്റൊരാളുടെ അംഗീകാരം ആവശ്യമില്ലാത്ത ഇവർ സ്വയം നേതൃത്വം അലങ്കരിക്കുകയും സംഘങ്ങളിൽ ഡോമിനേറ്റ് ചെയ്യുകയും ചെയ്യുന്നു. ഉയർന്ന നിശ്ചയദാർഢ്യം, രോഗപ്രതിരോധശേഷി, ലൈംഗികക്ഷമത, ഉയരം, വ്യക്തമായി നിർവചിക്കപ്പെട്ട താടിയെല്ല്, കനത്ത ശബ്ദം, കൂട്ടുപിരികം തുടങ്ങി നീണ്ടുപോകുന്നു ആൽഫാ മെയിലിന്റെ ശരീരസ്വഭാവസവിശേഷതകൾ.
മനഃശാസ്ത്രജ്ഞനായ കാൾ യുങ് അവതരിപ്പിച്ച മനുഷ്യരാശിയുടെ ആദിമവും സാർവ്വലൗകികവുമായ അനുഭവങ്ങളെ സൂചിപ്പിക്കുന്ന അടിസ്ഥാന സങ്കൽപ്പനമാണ് ആദിപ്രരൂപം അഥവാ ആർക്കിടൈപ്പ്. ഇത് മനുഷ്യവർഗ്ഗത്തിന്റെ ആകെ അനുഭവങ്ങളുടെ അന്തർബോധപരമായ രൂപങ്ങളാണ്. പണം നേടുക, സ്ത്രീകളെ ആകർഷിക്കുക തുടങ്ങിയ അരക്ഷിത ചിന്തകളുടെ മുകളിൽ രൂപംകൊണ്ട ആൽഫാ മെയിൽ എന്ന പുരുഷ ആദിപ്രരൂപം ഇന്ന് ആണത്തത്തെ തന്നെ നിർവചിക്കുന്നു. വ്യക്തികളുടെ സ്വഭാവസവിശേഷതകളെ അവയുടെ വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിലെ അശാസ്ത്രീയത ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ആണത്തപഠനത്തിന്റെ പുതിയ രൂപമാണ് ആൽഫാ മെയിൽ സങ്കല്പം എന്നു പറയാം.
ആണത്തവും അധീശത്വവും
ലിംഗപദവി പഠനങ്ങളിലൂടെയാണ് ആണത്തവും പെണ്ണത്തവും ചർച്ച ചെയ്തു തുടങ്ങുന്നത്. സമൂഹത്തിലെ അധികാരത്തിന്റെ ചലനാത്മകതയെയും അധികാരകൈമാറ്റം, സാമൂഹികക്രമം തുടങ്ങിയവയുടെ സൂക്ഷ്മവും വൈവിധ്യമാർന്നതുമായ വഴികളെയും പിയറി ബോർദ്യു തന്റെ കൃതികൾ അവതരിപ്പിക്കുന്നുണ്ട്. ‘മെൻസ് മൂവ്മെന്റി‘ന്റെ ഭാഗമായാണ് ആണത്തപഠനങ്ങൾ ആരംഭിക്കുന്നതും വികാസം പ്രാപിക്കുന്നതും. ‘ശബ്ദതാരാവലി‘യിൽ ആണത്തത്തെ ആണിന്റെ സ്വഭാവം, ആണായിരിക്കുന്ന അവസ്ഥ, പുരുഷത്വം, ചുണ, ധീരത, സകല പ്രാണികളിലും വച്ച് മുമ്പനെന്നും ആണത്തമുള്ളവൻ എന്നും അർത്ഥങ്ങൾ നൽകിയിരിക്കുന്നു.
ബേയ്നോൺ “മസ്ക്യൂലിനിറ്റീസ് ആൻഡ് കൾച്ചർ” (2002) എന്ന കൃതിയിൽ ആണത്തത്തെ ഇങ്ങനെ നിർവചിക്കുന്നു. “നിരവധി ആണത്തങ്ങളുടെ ഒരു സമാഹാരമാണ് ആണത്തം. സാംസ്കാരികമായി നിർമ്മിക്കപ്പെടുന്ന സർവ്വകാലികമോ സാർവത്രികമോ ആയ സ്വഭാവസവിശേഷതകൾ ഒന്നുമില്ലാതെ ലിംഗപദവി ബന്ധമാണ് ആണത്തങ്ങൾ.
ബെയ്നോണിന് പുറമേ കിമ്മൽ, ഹാറ്റി, വൈറ്റ് ഹെഡ് & ബാരറ്റ്, കോഹൻ, ഹാർക്, ലോറൻസൻ എന്നിവർ ആണത്തത്തെ നിർവചിക്കുന്നു. ഹാറ്റിയുടെ (“മസ്ക്യൂലിനിറ്റീസ് വയലൻസ് ആൻഡ് കൾച്ചർ“, 2005) അഭിപ്രായത്തിൽ അധികാരം, വീര്യം, പിതൃകോയ്മ, രാഷ്ട്രീയം തുടങ്ങിയവയിലാണ് ആണത്തം കേന്ദ്രീകരിക്കുന്നത്.
വർഗ്ഗം, ലിംഗം, വംശീയത തുടങ്ങിയവയും ആണത്തത്തെ നിർവചിക്കുന്നുണ്ട്. ആണിന്റെ സാമൂഹിക അധികാരമായ ആണത്തത്തിന്റെ അടിസ്ഥാനം പുരുഷത്വമാണ്. ലൈംഗികശേഷിയെ കുറിക്കാനാണ് പുരുഷത്വം എന്ന വാക്ക് പൊതുവേ ഉപയോഗിക്കുക.
ജൈവികമായി രൂപംകൊള്ളുന്ന മനുഷ്യർക്ക് മനുഷ്യാതീതമായ ചില സത്തകളുണ്ടെന്നും അതിനനുസരിച്ചുള്ള വികാസമാണ് അവർ സാമൂഹ്യജീവിതത്തിലൂടെ നേടുന്നതെന്ന് സത്താവാദവും പ്രകൃതിവാദവും മുന്നോട്ടുവെക്കുന്നു. പ്രകൃതിവാദം സ്ത്രീയും പുരുഷനും പ്രകൃതിയുടെ പകർപ്പാണെന്നും സ്ത്രീ ജന്മനാ ശുശ്രൂഷാ താല്പര്യമനോഭാവമുള്ളവളും പുരുഷൻ അക്രമതത്പരനുമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ഈ സ്വഭാവത്തിന് മാറ്റം സാധ്യമല്ലെന്നും പ്രകൃതിവാദം സ്ഥാപിക്കുന്നു. പീറ്റർ സെന്നിന്റെ (“അൺമാസ്കിങ് മസ്ക്യൂലിനിറ്റീസ്“, 1998) ഈ കണ്ടെത്തൽ പുരുഷ ആദിപ്രരൂപ രൂപീകരണത്തെക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് വഴി തുറക്കുന്നുണ്ട്.
ആണത്തത്തെ ചേർത്തുവച്ചുകൊണ്ട് മാത്രമേ അധികാരത്തെയും അധീശത്വത്തെയും വായിക്കുവാൻ സാധിക്കുകയുള്ളൂ. “ആണുമായി ബന്ധപ്പെട്ടതല്ല ആണത്തം എന്നും അത് അധികാരവുമായി ബന്ധപ്പെട്ടതാണെന്നും അധികാരത്തമെന്നാണ് അതിനെ വിളിക്കേണ്ടത്” എന്നും കെ. ആർ. മീര ‘ഘാതകനെ‘ കുറിച്ചുള്ള പ്രമോഷൻ വീഡിയോയിൽ പറയുന്നുണ്ട്. അന്റോണിയോ ഗ്രാംഷിയുടെ അധീശത്വസങ്കല്പത്തെ മുൻനിർത്തിയാണ് അധീശത്വ ആണത്തം കടന്നുവരുന്നത്. ഒരു സംഘം ആളുകൾ ആധിപത്യം പുലർത്തുന്ന പെരുമാറ്റസംഹിത കൂടിയാണ് അധീശത്വ ആണത്തം. പുരുഷാധിപത്യത്തെ സാധൂകരിച്ച് സ്ത്രീയെ അടിച്ചമർത്തി കരുത്തിന്റെയും കീഴടക്കലിന്റെയും മാതൃകയായി പുരുഷൻ മാറുന്നതാണ് അധീശത്വ ആണത്തത്തിന്റെ കാതൽ. ഇത് സിനിമകളിലൂടെ സ്ഥാപനവത്ക്കരിക്കുന്നത് വഴി ആണത്തം എന്നത് ആദർശാത്മക ഗുണമായുള്ള ഒരു പൊതുബോധം രൂപപ്പെടുന്നു.
അൽഫാ മെയിൽ സങ്കല്പം മലയാളസിനിമയിൽ
സിനിമയിലെ ആൽഫാ മെയിൽ സങ്കല്പം പ്രധാനമായും കടന്നുവരുന്നത് നായക പ്രതിനായക രൂപീകരണത്തിലാണ്. മേൽക്കോയ്മയുള്ള സാമൂഹ്യവ്യവസ്ഥിതിയെ നിലനിർത്തിപ്പോരുന്നതിൽ ഇത്തരം സിനിമകൾക്ക് വലിയ സ്ഥാനമുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇങ്ങനെയുള്ള സാമൂഹികവ്യവസ്ഥിതിയുടെ ഉത്പ്പന്നമാണ് സിനിമയിലെ പുരുഷസങ്കല്പം. സ്റ്റീവൻ നീലിന്റെ ‘മസ്കുലിനിറ്റി ആസ് സ്പെക്ടക്കിൾ‘ (1980) എന്ന ലേഖനമാണ് സിനിമയിലെ ആണത്തത്തെ ആദ്യമായി അന്വേഷിക്കുന്നത്.
പണക്കാരനായ പിതാവ്, വീട്ടുജോലിക്കാരിയായ കുടുംബിനി, ലക്ഷ്യബോധമില്ലാത്ത മക്കൾ എന്നിങ്ങനെ കെ. ജി. ജോർജ് സൃഷ്ടിച്ച ക്രിസ്ത്യൻ കുടുംബമാതൃക പിന്നീട് ടി. ദാമോദരൻ, ഐ. വി. ശശി, ജോഷി, രഞ്ജി പണിക്കർ, രഞ്ജിത്ത് എന്നിവർ പിന്തുടർന്നു. കുപിതനായ ധിക്കാരിയായ അഹംഭാവമുള്ള ആവേശഭരിതനായ നീതിബോധമുള്ള പുരുഷരൂപങ്ങൾ ഇവരുടെ സിനിമകളിലൂടെ അവതരിപ്പിക്കപ്പെട്ടു. പലപ്പോഴും സവർണഹിന്ദു, ഫ്യൂഡൽ മാടമ്പി, അച്ചായൻ എന്നീ സങ്കല്പത്തെ പിൻപറ്റിയായിരുന്നു അവയുടെ രൂപീകരണം. ദി കിംഗ്, ധ്രുവം, വല്യേട്ടൻ, കോട്ടയം കുഞ്ഞച്ചൻ, സംഘം, രാക്ഷസരാജാവ്, ദേവാസുരം, ആറാം തമ്പുരാൻ, പ്രജ, നാട്ടുരാജാവ്, രാവണപ്രഭു, വാഴുന്നോർ, ലേലം, കമ്മീഷണർ, താന്തോന്നി, അയ്യപ്പനും കോശിയും, കടുവ എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ആൽഫാ മെയിലുകളായ നായകപ്രതിനിധാനങ്ങൾ. സിനിമയുടെ പേര് തന്നെ കഥാപാത്രത്തിൻ്റെ വ്യക്തിത്വത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ സ്ത്രീയുടെ മേലുള്ള ആധിപത്യവും അശ്ലീലവും പരിഹാസവും കൂടിച്ചേർന്ന ശാരീരിക ലക്ഷണങ്ങളുള്ള കുടുംബസ്ഥൻ കൂടിയായ ആൽഫാ മെയിൽ നായകൻ പൂർണ്ണനാകുന്നു.
ആൽഫാ മെയിൽ സങ്കൽപ്പം: ആദാമിന്റെ വാരിയെല്ലിൽ
1984-ൽ കെ. ജി. ജോർജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ആദാമിന്റെ വാരിയെല്ല്. ജീവിതത്തിൻ്റെ മൂന്ന് വ്യത്യസ്ത തലത്തിലെ സ്ത്രീപുരുഷ ജീവിതങ്ങളാണ് സിനിമയുടെ പ്രമേയം. മധ്യവർഗ്ഗ കുടുംബത്തിൽപ്പെട്ട ആലീസിനും വാസന്തിക്കും ഭർത്താക്കന്മാരിൽനിന്നും നേരിടേണ്ടി വരുന്ന അവഗണനകൾ അവരെ യഥാക്രമം ആത്മഹത്യയിലേക്കും മനോവിഭ്രാന്തിയിലേക്കും നയിക്കുന്നു. വീട്ടുവേലക്കാരിയായ അമ്മിണിയാവട്ടെ പുനരധിവാസകേന്ദ്രത്തിലേക്കാണ് എത്തിപ്പെടുന്നത്.
പ്രധാനപ്പെട്ട രണ്ട് പുരുഷകഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. മാമച്ചനും ഗോപനും. ഉയർന്ന സാമ്പത്തികനിലയും രാഷ്ട്രീയാധികാര സ്വാധീനവുമുള്ള ബിസിനസുകാരനാണ് മാമച്ചൻ. പിരിച്ചുവച്ച മീശ, ഉറച്ച ശബ്ദം, ഉയരം, തോക്ക്, സ്വർണ്ണമാല, സ്വർണ്ണവാച്ച്, സിൽക്ക് ജുബ്ബ, സിൽക്ക് മുണ്ട്, സ്യൂട്ട്കേസ്, സിഗരറ്റ് എന്നീ ആഹാര്യശോഭയോടെയാണ് മാമച്ചൻ പ്രത്യക്ഷപ്പെടുന്നത്. അയാളും ഭാര്യ ആലീസും തമ്മിലുള്ള ദാമ്പത്യം അത്ര സുഖകരമല്ല. ആലീസിന് തൻ്റെ ആൺ സുഹൃത്തായ ജോസിനോട് പ്രണയമുണ്ട്. എങ്കിലും തൻ്റെ ഭർത്താവിനെ എതിർത്ത് പ്രവൃത്തിക്കുവാനുള്ള ധൈര്യം അവർക്കില്ല. ഒരിടത്തും ഭാര്യാഭർത്തൃബന്ധത്തിലെ സ്നേഹം അവർക്കിടയിൽ കാണുവാൻ സാധ്യമല്ല. വേട്ടക്കാരനും ഇരയും എന്നപോലെ അവർക്കിടയിലെ അകൽച്ച സിനിമയിലുടനീളം കാണാം. ഇതിനു ഉദാഹരണമാണ് മാമച്ചൻ്റെ വീട്ടിൽ വച്ച് സുഹൃത്തിന്റെ (തിലകൻ) സംഭാഷണം.
“ഫിലിപ്പോസ് മുതലാളിയുടെ കണക്കെഴുത്തുകാരനായ മാമച്ചൻ
ഇത്രയും പൊങ്ങിയത് ആരുടെ കഴിവാ?”
ആലീസിനെ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ സംസാരം മാമച്ചന് തീരെ ഇഷ്ടപ്പെടുന്നില്ല. തന്റെ വളർച്ചയ്ക്ക് വേണ്ടി ഭാര്യയെ ഉപയോഗപ്പെടുത്തിയത് എല്ലാവരും മനസ്സിലാക്കി എന്ന കാര്യമാണ് മാമച്ചനെ ബുദ്ധിമുട്ടിലാക്കുന്നത്. രാത്രിയിൽ ബിസിനസ് കാര്യങ്ങളും കണക്കെഴുത്തുകളും തീർത്ത് ഭാര്യ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം തന്റെ ലൈംഗികതാത്പര്യങ്ങൾ തീർക്കുന്നത് വേലക്കാരി അമ്മിണിയുടെ അടുത്താണ്. ഭാര്യയെ കാത്തു നിൽക്കാതെ സ്വയം ഭക്ഷണം എടുത്തുകഴിക്കുന്ന, ജോലിക്കാരിയോട് എന്നപോലെ ആജ്ഞകൾ നൽകുന്ന മാമച്ചന് ഭാര്യ ഒരു അലങ്കാരം മാത്രമാണ്.
തന്റെ ഭർത്താവിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് ആലീസിന് വ്യക്തമായ ബോധ്യങ്ങളുണ്ട്. അമ്മിണി ഗർഭിണിയായതറിഞ്ഞുള്ള അവരുടെ സംഭാഷണങ്ങൾ ഇങ്ങനെയാണ്.
“സ്വന്തം സുഖത്തിനുവേണ്ടി ആരെയും നോവിക്കുമല്ലോ.
പണത്തിനുവേണ്ടി ആരെയും തീറെഴുതും, ഭാര്യയെ പോലും“,
“ഏത് കായലിലാണ് ശവം പൊന്താൻ പോകുന്നത്?”
തൻ്റെ അനുഭവങ്ങളിലൂടെ ആലീസ് മാമച്ചനുമായി വാഗ്വാദങ്ങളിൽ ഏർപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിലൊന്നും മാമച്ചനിൽ കുറ്റബോധമോ പാപബോധമോ കാണുവാൻ സാധ്യമല്ല.
“നീ തുള്ളണ്ട എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്“,
എന്ന് മറുപടി നൽകി ഭാര്യയെ അടക്കുകയാണ് അയാൾ ചെയ്യുന്നത്. താൻ മൂലം ഭാര്യ അനുഭവിക്കുന്ന മാനസികപ്രയാസങ്ങളോ അമ്മിണിയുടെ ഭാവിജീവിതമോ ഒന്നും അയാളെ അലട്ടുന്നില്ല. എങ്കിലും ഒരു സന്ദർഭത്തിൽ ഭാര്യയുടെ പ്രണയത്തെ അയാൾ പ്രശ്നവത്ക്കരിക്കുന്നുണ്ട്. നാട്ടുകാരൊക്കെ പറഞ്ഞുതുടങ്ങിയെന്നും തനിക്ക് വെളിയിലിറങ്ങി നടക്കണമെന്നും കുട്ടികൾ വലുതായതെങ്കിലും ശ്രദ്ധിക്കണമെന്നും മാമച്ചൻ ഭാര്യയെ ഓർമ്മിപ്പിക്കുന്നു. അതിന് മറുപടിയായി ആലീസ് പറയുന്നു,
“ഇപ്പോൾ മാമച്ചൻ മുതലാളി വലിയ മാന്യനാണല്ലോ. കുട്ടികൾ
നിങ്ങളുടേതന്നെയെന്ന് ഉറപ്പുണ്ടോ? കോൺട്രാക്ട് കിട്ടാനും ബില്ല്
പാസാക്കാനും മലമ്പുഴയിലും പീച്ചിയിലും കോവളത്തും എന്നെ
കൊണ്ടുനടന്നില്ലേ. മിണ്ടരുത് പോടോ…“
തന്റെ ആണത്തത്തിനേറ്റ പ്രഹരത്തിൽ മുമ്പൊരിക്കലും തളർന്നുപോകാത്ത അയാൾ അവിടെ തളർന്നുപോകുന്നു. പുരുഷനാണ് കുടുംബവും സമൂഹവും ഭരിക്കേണ്ടത് എന്ന ചിന്ത മകനിലേക്ക് പകർന്നുനൽകുന്ന അച്ഛനെ മാമച്ചനിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നുണ്ട്. തന്റെ സഹോദരി നിഷയേയും തൻ്റെ സ്കൂളിൽ ചേർത്തു പഠിപ്പിക്കണമെന്ന ആവശ്യം പറയുന്ന മകനോട് മാമച്ചൻ്റെ മറുപടി ഇങ്ങനെയാണ്. “അവളെ എന്തിനാടാ അവിടെയൊക്കെ ചേർത്ത് പഠിപ്പിക്കുന്നത്? നീയല്ലേ പഠിച്ച് വലിയവനാകേണ്ടത്. അവള് പഠിച്ചാലും പഠിച്ചില്ലേലും വല്ലവനും കല്യാണം കഴിച്ചു പോവും. നീയാ പപ്പയുടെ ബിസിനസ്സൊക്കെ നോക്കേണ്ടത്“, ഇത്തരത്തിൽ സ്ത്രീയെ വിവാഹം, പ്രസവം, കുടുംബം എന്നതിലേക്ക് ചുരുക്കിവയ്ക്കുകയാണ് അയാൾ.
ക്ലാസ് മുറിയിൽവച്ച് നിഷയും സുഹൃത്തും തമ്മിലുള്ള സംഭാഷണം പുരുഷസങ്കല്പത്തെക്കുറിച്ചുള്ള സ്ത്രീ കാമനകളാണ്.
സുഹൃത്ത്: (മിഥുൻ ചക്രവർത്തിയുടെ ചിത്രം കാണിച്ചുകൊണ്ട്)
“എന്തൊരു മസ്കുലിനാ!”
നിഷ: “നീ സൂപ്പർമാൻ സ്റ്റീവ് റിവ്സിൻ്റെ പടം കണ്ടിട്ടുണ്ടോ? ദാറ്റ് ഈസ്
ഫൻ്റാസ്റ്റിക്.”
മറ്റൊരു അവസരത്തിൽ കാമുകൻ്റെ പ്രണയലേഖനം വായിച്ച്, കണ്ണാടി നോക്കി തന്റെ ശരീരഭംഗി ആസ്വദിക്കുന്ന നിഷയേയും കാണാം. എന്തായിരിക്കണം പുരുഷസൗന്ദര്യമെന്നും പുരുഷന് എന്തായിരിക്കണം സ്ത്രീസൗന്ദര്യമെന്നുമുള്ള ഭൂരിപക്ഷത്തിന്റെ മിഥ്യാധാരണകളെ സംവിധായകൻ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. എത്രത്തോളം മസ്കുലിനാവാൻ പറ്റുമോ അത്തരത്തിലുള്ള ഒരു ശരീരത്തെയാണ് ഇവിടെ സമൂഹം അംഗീകരിക്കുന്നത്.
സിനിമയിലെ മറ്റൊരു പ്രധാന പുരുഷകഥാപാത്രമാണ് വാസന്തിയുടെ ഭർത്താവായ ഗോപൻ/ഗോപി. തൊഴിൽ നഷ്ടപ്പെട്ട ഗോപിക്ക് മറ്റൊരാളുടെ കീഴിൽ അയാൾ പറയുന്നതുപോലെ ജോലിചെയ്യാൻ ബുദ്ധിമുട്ടാണ്. നിരന്തരം മദ്യപിച്ചുകൊണ്ടാണ് പലരുടെയും ചോദ്യത്തിന് അയാൾ മറുപടി നൽകുന്നത്. ഇങ്ങനെ കടന്നുവരുന്ന ഗോപിക്ക് ഭയഭക്തിബഹുമാനത്തിലാണ് വാസന്തി ഭക്ഷണം നൽകുന്നത്. അയാൾ പകുതിക്കുവച്ച് ഭക്ഷണം കഴിക്കുന്നത് നിർത്തിയെങ്കിലും പാത്രത്തിൽ അവശേഷിക്കുന്നത് കഴിക്കുകയാണ് ഭാര്യ. ഭക്ഷണം പാഴാക്കരുത് എന്ന മനോഭാവത്തിലല്ല, മറിച്ച് തൻ്റെ കടമയാണ് അതെന്ന ഭാവത്തിലാണ് അവർ അങ്ങനെ ചെയ്യുന്നത്. രാവിലെ എഴുന്നേറ്റ് സിഗരറ്റ് വലിച്ചുകൊണ്ട് പത്രം വായിക്കുന്ന ഗോപിക്ക് ചായ നൽകി കഴിക്കാനുള്ളത് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന് എളിമയോടെ അവൾ ഓർമ്മിപ്പിക്കുന്നു. തൻ്റെ പങ്കാളിക്ക് ജോലി ഇല്ലെന്നതിൽ ഭാര്യക്ക് ആശങ്കയുണ്ട്, എന്നാൽ ഗോപിക്ക് അതില്ല. ഭാര്യ തന്നെ നോക്കിക്കൊള്ളും അല്ലെങ്കിൽ ഭാര്യയുടെ ധർമ്മം തന്നെ അതാണെന്ന് അയാൾ കരുതുന്നു. മദ്യപിക്കാൻവേണ്ടി വാസന്തിയോട് 25 രൂപ ആജ്ഞാപിച്ച് വാങ്ങുന്നതും.
“ആമ്പിള്ളേര് പ്രായമായാൽ ഇച്ചിരി കുടിച്ചെന്നൊക്കെ വരും“
എന്ന് പറയുന്ന അമ്മായിയമ്മയും പുരുഷകേന്ദ്രീകൃതവ്യവസ്ഥയുടെ ഉത്പ്പന്നങ്ങളാകുന്നു. തലവേദനയുമായി വീട്ടിലെത്തുന്ന വാസന്തിയോട്
“മെൻസട്രസ് ആണോ?”
എന്ന് കളിയാക്കി ചോദിക്കുകയും നിർബന്ധിച്ചു സെക്സിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന ഗോപി, മാനസികനില തെറ്റിയ അവസ്ഥയിൽപോലും കട്ടിലിൽ കിടത്തി അവളെ അടിച്ച് അനുസരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ വൈചിത്ര്യങ്ങളാർന്ന ആൽഫകളുടെ സ്വഭാവം ആദാമിൻ്റെ വാരിയെല്ലിലെ പ്രധാനപുരുഷന്മാർ പലപ്പോഴായി പ്രകടിപ്പിക്കുന്നു. ഇവർക്ക് പുറമേ സ്ത്രീയെ വസ്തുവത്ക്കരിക്കുന്ന പുരുഷകഥാപാത്രങ്ങൾ വേറെയുമുണ്ട്. ഭക്ഷണം വിളമ്പിത്തരുമ്പോൾ ആലീസിനേയും വേലക്കാരിയേയും നോക്കി നിൽക്കുന്ന മാമച്ചന്റെ സുഹൃത്ത്, ലൈംഗികബന്ധത്തിന് ശേഷം വേർപിരിയുന്ന ആലീസിൻ്റെ സുഹൃത്ത് ജോസ്, ഗർഭിണിയായിരിക്കുന്ന അമ്മിണിയോട് താത്പര്യമുള്ള ചാക്കുണ്ണി, നിഷയുമായി ഹോട്ടലിൽ മുറിയെടുക്കുന്ന കാമുകൻ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. ഇത്തരമൊരു സമൂഹത്തിന്റെ പുനരധിവാസകേന്ദ്രത്തിൽ നിന്നുമാണ് അമ്മിണി രക്ഷപ്പെടുവാൻ നേതൃത്വം നൽകുന്നത്. എങ്കിലും ആൽഫാ മെയിലുകളുടെ എല്ലാതരം മൃഗീയതയും വച്ചുപുലർത്തുന്ന കഥാപാത്രങ്ങൾ സിനിമയിൽ അവശേഷിക്കുന്നു. സമൂഹത്തിൽ അവർക്ക് ലഭിക്കുന്ന സ്ഥാനവും ആധിപത്യവും സംവിധായകൻ സൂചിപ്പിക്കുന്നു. ആൽഫയുടെയും സിഗ്മയുടേയും സവിശേഷതകൾ മാമച്ചനും ഗോപിയും പിന്തുടരുന്നതുപോലെ സോഷ്യോ സെക്ഷ്വൽ ഹൈറാർക്കിയിലെ ബീറ്റ, ഒമേഗ, ഗാമ, ഡെൽറ്റ തുടങ്ങിയവയുടെ പ്രത്യേകതകൾ മറ്റു കഥാപാത്രങ്ങളും പിന്തുടരുന്നുണ്ട്.
ഉപസംഹാരം
സിനിമയിലെ ‘ആൽഫാ മെയിൽ‘ സങ്കല്പം വെറുമൊരു സ്വഭാവസവിശേഷത എന്നതിലുപരി, ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യമൂല്യങ്ങളുടെയും അധികാരവ്യവസ്ഥകളുടെയും പ്രതിഫലനമാണ്. മൃഗലോകത്തെ തെറ്റായ നിരീക്ഷണങ്ങളിൽനിന്ന് കടംകൊണ്ട ഈ ആശയത്തെ സിനിമകൾ നായകത്വത്തിന്റെ അടയാളമായി ആഘോഷിക്കുന്നു. ശക്തി, അധികാരം, സ്ത്രീയ്ക്കുമേലുള്ള ആധിപത്യം എന്നിവയെ പൗരുഷത്തിന്റെ അളവുകോലുകളായി അവതരിപ്പിക്കുന്നത് വഴി, സമൂഹത്തിൽ നിലനിൽക്കുന്ന അധീശത്വ ആണത്തത്തെ സിനിമകൾ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.
കെ. ജി. ജോർജിന്റെ ‘ആദാമിന്റെ വാരിയെല്ല്‘ എന്ന സിനിമ ഈ ആൽഫാ സ്വഭാവങ്ങളെ വിചാരണ ചെയ്യുന്നു. മാമച്ചനിലൂടെയും ഗോപനിലൂടെയും വെളിവാകുന്ന അധികാരപ്രവണതകളും സ്ത്രീവിരുദ്ധതയും, ആൽഫാ മെയിൽ സങ്കല്പം എങ്ങനെ ഒരു കുടുംബത്തെയും വ്യക്തിബന്ധങ്ങളെയും തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ശാരീരികമായ കരുത്തും സാമ്പത്തിക സ്വാധീനവും ഉപയോഗിച്ച് സ്ത്രീകളെ അടിച്ചമർത്തുന്ന ഇവർ, ആധുനിക സിനിമയിലെ ‘മാസ്സ്‘ നായക സങ്കല്പങ്ങളുടെ മുൻഗാമികളാണ്.
ആണത്തത്തെ വൈവിധ്യങ്ങളില്ലാത്ത ഒരു ഏകശിലാരൂപമായി കാണുന്ന ആൽഫാ മെയിൽ സങ്കല്പം ശാസ്ത്രീയമായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, അത് സിനിമകളിലൂടെ ഇന്നും ശക്തമായി നിലനിൽക്കുന്നു. ഇത്തരത്തിലുള്ള നായകപ്രതിനിധാനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പുരുഷാധിപത്യപരമായ പൊതുബോധത്തെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടത് ലിംഗസമത്വമുള്ള ഒരു സമൂഹത്തിന് അനിവാര്യമാണ്. സിനിമകളിലെ ഈ അധികാരശ്രേണികളെ വിശകലനം ചെയ്യുന്നത് ആണത്തപഠനങ്ങളിൽ നിർണ്ണായകമായ ഒരു ചുവടുവയ്പ്പാണ്.
ഗോത്രവർഗ്ഗഹിംസയുടെ ആദിമചോതനകളെ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ച് ഭക്ഷണം, അധികാരം, രതി എന്നീ ആവശ്യകതകളുടെ നിയന്ത്രണവും സംസ്ഥാപനവത്ക്കരണവും സിനിമ പ്രതീകവത്ക്കരിക്കുന്നുണ്ട്. വർഗ്ഗസംഘർഷങ്ങളുടെ പരിണാമഘട്ടത്തിൽ അതിജീവിച്ചുവന്ന ഹോമോസാപിയൻസ് കൊന്നും തിന്നും വെട്ടിപ്പിടിച്ചുമുണ്ടാക്കിയ പാരമ്പര്യ സ്വത്വബോധത്തെ അൽഫാ മെയിലുകൾ ശക്തമായി പിന്തുടരുന്നു. ഹിംസാചരിത്രത്തിൻ്റെ വക്താക്കൾ ഈ മിഥ്യാബോധത്തെ അലങ്കാരമായും അഭിമാനമായും കരുതി “ടോളറൻസ് ഈസ് നോട്ട് എ സാപിയൻസ് ട്രേഡ്മാർക്ക്” (യുവാൽ നോവ ഹരാരി, 2014: 19) എന്ന യുവാൽ നോവ ഹരാരിയുടെ കണ്ടെത്തലിൽ പ്രതിജ്ഞാബദ്ധരാകുന്നു. മാനുഷികതയുടെതല്ല മറിച്ച് മൃഗീയതയുടെതാണ് ഈ ചിന്താധാരയെന്ന് തിരിച്ചറിയാതെ ‘അമേരിക്കൻ സൈക്കോ‘യിലെ ക്രിസ്റ്റ്യൻ ബ്ലെയ്ക്കിൻ്റെ കഥാപാത്രത്തെ ആരാധിച്ച് സ്വയം ഒരു ഐഡന്റിക്കൽ ട്രാൻസിഷൻ്റെ ഭാഗമാകുന്നുണ്ട് ആൽഫാ മെയിലുകൾ.
ഗ്രന്ഥസൂചി
Yuval Noah Harari, McClelland & Stewart, Toronto, Ontario, 2014
പ്രബന്ധം: ആധുനികതയും പുരുഷത്വവും ഘാതകവധം (1877), നാലുകെട്ട് (1958) എന്നീ നോവലുകളെ അടിസ്ഥാനമാക്കിയുള്ള കേരളീയലിംഗ രൂപീകരണത്തെക്കുറിച്ചുള്ള പഠനം – യാക്കോബ് തോമസ്, 2019, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി.
ദൃശ്യസൂചിക
ആദാമിന്റെ വാരിയെല്ല്, സംവി. കെ. ജി. ജോർജ്, ഗാന്ധിമതി ഫിലിംസ്, 1984.
ഇ–സൂചിക
https://www.manoramanews.com/news/spotlight/2023/03/14/alpha-male-sigma-maleand-other-male-personalities-that-will-badly-affect-people-video.html, 2026: 30 January, 8.30 PM
https://en.m.wikipedia.org/wiki/Alpha_and_beta_male, 2026: 30 January, 10.50 PM
https://wolf.org/headlines/44265/ 2026: 31 January, 5.15 PM
https://www.livingwithwolves.org/portfolio/the-alpha-male/ 2026: 31 January, 7.55 PM
വിഷ്ണു പി. എസ്.
ഗവേഷകൻ
മലയാളവിഭാഗം
കേരള കേന്ദ്രസർവകലാശാല
പെരിയ, കാസർഗോഡ്
Email : vishnudasnileshwar@gmail.com
Mob: 7736170977
Copyright © 2026 | WordPress Theme by MH Themes
