മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 APRIL-JUNE | VOLUME 02 | ISSUE 02
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» മിന്നു എ. ബി.
ID: MRK0026
Published on April 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ചരിത്രം എല്ലാവരെയും ഉൾക്കൊള്ളുന്നില്ലെന്ന ബോധ്യമാണ് ബദൽചരിത്രവായനകളെ സാധ്യമാക്കുന്നത്. അടിമത്ത സമൂഹത്തെക്കുറിച്ചുള്ള സൂചനകൾ സാമ്രാജത്വചരിത്രവുമായി ബന്ധപ്പെട്ട് നമുക്ക് കണ്ടെടുക്കാൻ കഴിയുമെങ്കിലും അടിമത്തത്തിന്റെ സാമൂഹിക ജീവിതത്തെ, അനുഭവങ്ങളെ മുഖ്യധാരാചരിത്രത്തിൽ നമുക്ക് കാണാൻ കഴിയില്ല. അടിമത്തത്തിന്റെ ചരിത്രം ഇന്ന് വീണ്ടെടുപ്പിന്റെ പാഠങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രധാനമായും സാഹിത്യം മിത്തുകളിലൂടെയും കഥകളിലൂടെയും ഈ വീണ്ടെടുപ്പുകളെ നിർമ്മിക്കുന്നുണ്ട്. ഈവിധം ജാതീയമായ അടിമത്തം അനുഭവിച്ച ജനസമൂഹത്തെ അടയാളപ്പെടുത്തുന്ന നോവലാണ് പി.എഫ് മാത്യൂസിന്റെ അടിയാളപ്രേതം. മിത്തുകളിലൂടെയും, വാമൊഴികഥകളിലൂടെയും മറ്റൊരു ബദൽചരിത്രത്തെ അവതരിപ്പിച്ചുകൊണ്ട് അടിമത്ത ജീവിതവും അനുഭവങ്ങളും ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്ന നോവലാഖ്യാനത്തെ പ്രബന്ധം വിശദമാക്കുന്നു. ഇത്തരത്തിൽ ഈ നോവലിനെ മുൻനിർത്തി ജാതീയമായ അടിമത്താനുഭവത്തെയും അതുവഴിയുള്ള ബദൽചരിത്ര വായനകളെയും പ്രബന്ധം അന്വേഷിക്കുന്നു. സാഹിത്യത്തിൽ ചരിത്രം ഇടപെടുന്നതിന്റെ സൂചനകൾ ഇതിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.
താക്കോൽ വാക്കുകൾ
ചരിത്രം, ജാതി, അടിമത്തം, സംസ്കാരം, മതം, സമൂഹം
ആമുഖം
രേഖീയമായ പുരോഗതിയെ അടിസ്ഥാനമാക്കിയുള്ള ചരിത്രരചനാ രീതിയാണ് മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അത്തരം ഒരു ചരിത്രഭൂമിക എല്ലാവരെയും ഉൾക്കൊള്ളുന്നില്ലെന്ന വായനയാണ് ബദൽ ചരിത്രപാഠങ്ങൾക്ക് സാധ്യതയൊരുക്കുന്നത്. ചരിത്രത്തെ ഒരാഖ്യാനമോ പാഠമോ മാത്രമായി പരിഗണിക്കുകയെന്നതാണ് ബദൽ ചരിത്രപാഠങ്ങളുടെ പ്രധാന സവിശേഷത. ഉത്തരാധുനിക സാഹിത്യ മാതൃകകൾ ഈ രീതിയിലുള്ള പഠനത്തെ ഉൾക്കൊള്ളുന്നുണ്ട്. ചരിത്രത്തെ സാഹിത്യമായി പരിഗണിക്കുന്ന ഉത്തരാധുനികതയുടെ സവിശേഷതകളെ പരിഗണിച്ചുകൊണ്ട് ബദൽ ചരിത്രപാഠങ്ങളെ അവതരിപ്പിക്കുന്ന നവമായ ചരിത്ര പഠന രീതി സ്വീകാര്യമായ സമീപനമാണ്. ഈ സവിശേഷതയെ ഉൾചേർത്തുകൊണ്ട് സാഹിത്യം ചരിത്രത്തിന്റെ വ്യത്യസ്ത പാഠങ്ങളെ അവതരിപ്പിക്കുന്നു. ചരിത്രത്തെ ഭിന്നമായി നിൽക്കുന്ന ഒരു ചിന്താപദ്ധതിയായി പരിഗണിക്കാതെ വ്യത്യസ്ത സങ്കേതങ്ങളുടെയും സംസ്കാരങ്ങളുടെയും പൊതു ഇടമായി അവതരിപ്പിക്കുന്ന ആഖ്യാന രീതി സമകാലിക സാഹിത്യത്തിലും കാണാം. മിത്തിന്റെ പുനർവായനയിലൂടെ അദൃശ്യമാക്കപ്പെട്ട അടിയാള ചരിത്രത്തെ വീണ്ടെടുക്കുകയാണ് പി.എഫ് മാത്യൂസിന്റെ സമകാലിക നോവലായ അടിയാളപ്രേതം. ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ട കീഴാള ജനതയുടെ സ്വത്വത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ നോവൽ. പി എഫ് മാത്യൂസിന്റെ തന്നെ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിന്റെ തുടർച്ചയെന്ന നിലയിലോ ആ നോവലിലെ കഥാപാത്രങ്ങളുടെ ആവർത്തനം എന്ന നിലയിലോ അടിയാളപ്രേതത്തെ വായിക്കാൻ കഴിയും. കഥാപാത്രങ്ങളുടെ ആവർത്തനം ഉണ്ടെങ്കിലും ഈ നോവൽ മതപരമായ സങ്കീർണതകൾക്കും ഭീതി നിറയ്ക്കലിനുമപ്പുറം ചരിത്ര പാഠങ്ങളുടെ വീണ്ടെടുപ്പായി മാറുന്നു. വിദേശീയർ തങ്ങളുടെ അധികാരത്തെ ആഘോഷിച്ച കൊച്ചി പ്രദേശമാണ് നോവലിന്റെ പശ്ചാത്തലം.
അധീശധികാരത്തിനെതിരെ ശബ്ദമുയർത്തുന്ന സന്ദർഭം അടിമത്തത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിലേക്കാണ് സമൂഹത്തെ വഴിതെളിക്കുന്നത്. അത് ഒരു ജനതയുടെ/ സമൂഹത്തിന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ചരിത്ര ഗ്രന്ഥങ്ങളിൽ തൊഴിലെടുക്കുന്ന, അടിമകളായിരുന്ന വിഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അതിലുപരി അവരുടെ ചരിത്രത്തെ വ്യവഹാരികാർത്ഥത്തിൽ നമുക്ക് ലഭ്യമല്ല. ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തികളുടെ സംസ്കാരം, ഭക്ഷണരീതി, വസ്ത്രത്തെക്കുറിച്ചുള്ള ധാരണ, കുടുംബസങ്കല്പം ഇവയൊന്നും ലിഖിത ചരിത്രപാഠങ്ങളിൽ കണ്ടെത്താനാകില്ല. അതുകൊണ്ടുതന്നെ സാഹിത്യമാതൃകകളിലൂടെയും മിത്തുകളിലൂടെയും വാമൊഴി പാഠങ്ങളിലൂടെയും ആഖ്യാനം ചെയ്യപ്പെടുന്ന ചരിത്രം, സമകാലിക അക്കാദമി ചരിത്രപഠിതാക്കൾ വരെ വളരെ പ്രാധാന്യത്തോടെ സമീപിക്കാറുണ്ട്. ഏതൊരാഖ്യാനവും ചരിത്രമായി മാറുന്നു എന്ന സങ്കൽപ്പനത്തിന് പ്രാധാന്യം ലഭിക്കുന്നത് അതുകൊണ്ടാണ്. മുഖ്യധാരാ ചരിത്രം അടയാളപ്പെടുത്താതെ പോയ വസ്തുതകളെ ചേർത്തുവയ്ക്കാൻ ഇത്തരം ആഖ്യാനമാതൃകകൾക്ക് കഴിയുന്നു. ഈ രീതിയെ പരിഗണിച്ചുകൊണ്ട് അടിയാളപ്രേതം എന്ന നോവലിൽ അവതരിപ്പിക്കപ്പെടുന്ന ബദൽ ചരിത്ര വായനയെയും അതിലൂടെ നിർമ്മിക്കപ്പെടുന്ന അടിമത്താനുഭവങ്ങളെയും അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.
ഫിക്ഷനിലൂടെ സാധ്യമാകുന്ന ചരിത്രപാഠങ്ങൾ
ഹിസ്റ്ററി അഥവാ ചരിത്രം എന്നതിനെ ഒരൊറ്റ വാക്യത്തിൽ നിർവചിക്കുക എളുപ്പകരമായ കാര്യമല്ല. സംഭവങ്ങളുടെ വെറും പട്ടിക മാത്രമായി ചരിത്രത്തെ പരിഗണിക്കാനും കഴിയില്ല. “ചരിത്രമെന്നത് ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള സംവാദത്തിന്റെ തുടർച്ചയാണ്” എന്ന് ഇ.എച്ച് കാർ അഭിപ്രായപ്പെടുന്നുണ്ട്.” (Carr E.H., 1990:93). ഇത്തരം നിർവചനങ്ങൾ ചരിത്രമെന്നത് സൂക്ഷ്മവും ആധികാരികവുമായ ഒന്നാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നു. എന്നാൽ ചരിത്രത്തെ വ്യത്യസ്ത തലത്തിൽ സമീപിക്കാമെന്നും വ്യത്യസ്തമാർന്ന വീക്ഷണങ്ങൾ ചരിത്രത്തെ സംബന്ധിച്ച് നിലനിൽക്കുന്നുവെന്നുമുള്ള ഉത്തരാധുനിക സമീപനം ചരിത്രത്തിന്റെ പുനർവായനകൾക്ക് കാരണമാകുന്നു. ഭൂതകാല സംഭവങ്ങളെ അതിന്റെ യഥാർത്ഥ പശ്ചാത്തലത്തിൽ വർത്തമാനകാലത്തിൽ അവതരിപ്പിക്കുന്നതാണ് ചരിത്രം എന്ന ധാരണയെ തിരുത്തുന്നതിലൂടെയാണ് ചരിത്രത്തിന്റെ പുനർവായന സാധ്യമാകുന്നത്. ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ ചരിത്രമാണ് അവിടെ വായിക്കപ്പെടുന്നത്. ഇത്തരമൊരു പുനർവായന നോവലിലൂടെ സാധ്യമാക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ഓരോ കാലഘട്ടത്തിലും ആവർത്തിക്കപ്പെടുന്ന ജാതിവിവേചനത്തിന്റെയും അടിമത്തത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. അതുകൊണ്ടാണ് ഇത് ബദൽ പാഠങ്ങളെ സൃഷ്ടിക്കുന്നുവെന്ന് പറയുന്നത്. “വിദേശിയരുടെ ആഗമനത്തോടുകൂടിയല്ല കേരളത്തിൽ അടിമത്തം ആരംഭിച്ചത് അത് തദ്ദേശീയരുടെ ഇടയിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിയോട് കൂടി ആരംഭിച്ചിരുന്നു. കൊളോണിയൽ ഘട്ടം ആകുമ്പോഴേക്കും ഇതേ അടിമത്തം ശക്തിപ്പെട്ടു. ജാതീയമായ അടിമത്തം, തീണ്ടൽ എന്നിവയുടെ വീണ്ടെടുപ്പ്, ചരിത്രം ഇല്ലാത്തവരുടെ ചരിത്രം എഴുതുന്നതിനുള്ള ഉപാധിയാണ്.” (വിനിൽ പോൾ, 2022:29) ഇത്തരത്തിൽ ജാതിയമായ വീണ്ടെടുപ്പ് ഫിക്ഷനിലൂടെ സാധ്യമാക്കുകയാണ് അടിയാളപ്രേതം എന്ന നോവൽ.
കഥകളിലൂടെയും മിത്തുകളിലൂടെയും ചരിത്രത്തെ ആഖ്യാനം ചെയ്യുന്ന രീതി സാഹിത്യത്തിൽ പുതുമയുള്ളതല്ല. സി.വി യുടെ രചനകൾ മുതൽ ചരിത്രം നോവലുകളിൽ പ്രകടമാണ്. എന്നാൽ ചരിത്രത്തെ ഒരു പാഠം (text) മാത്രമായി പരിഗണിക്കുന്നിടത്താണ് ഈ നോവൽ വ്യത്യസ്തമാകുന്നത്. ചരിത്രത്തെ ഒരാഖ്യാനം മാത്രമായി കണ്ടുകൊണ്ട് ഭാവനപരമായ കൽപ്പിത കഥയിലൂടെ ചില ആശയങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ഈ നോവൽ. അതിനായി ആഖ്യാതാവ് തെരഞ്ഞെടുക്കുന്ന മിത്തുകളും, കഥകളും, പരിസരങ്ങളും മുഖ്യധാര സമൂഹത്തിന്റെ പൊതുബോധ്യങ്ങൾക്ക് പുറത്ത് നിൽക്കുന്നവയാണ്. മുഖ്യധാര ചരിത്രനിർമ്മിതിക്കുള്ളിൽ നിന്ന് ബഹിഷ്കൃതമാക്കപ്പെട്ട ജാതി സ്വത്വങ്ങൾ, വ്യക്തികൾ തുടങ്ങിയവ ഇവിടെ സ്ഥാനം പിടിക്കുന്നു. അടിമത്താവസ്ഥയുടെ അന്തിമമായ യാഥാർത്ഥ്യങ്ങളിലേക്കല്ല ഈ ആഖ്യാനം വിരൽചൂണ്ടുന്നത് മറിച്ച് ചരിത്രത്തിന്റെ ബഹുസ്വരതയിലേക്കാണ്. ഭൂതകാലത്തെ തിരുത്തിക്കൊണ്ട് വർത്തമാനകാലത്തിൽ ചരിത്രത്തെ പുനർനിർമ്മിക്കുകയാണ് ഇവിടെ. ആധുനികാനന്തരതയെ വിശദീകരിക്കുമ്പോൾ ലിൻഡാ ഹാച്ചിയോൺ അവതരിപ്പിക്കുന്ന ചരിത്രവിജ്ഞാനീയപരമായ അതികഥനം (Historiographic metafiction) എന്ന സമീപനം ഇതിന് മാതൃകയാണ്. “ഭൂതകാലത്തെ കഥയിലോ ചരിത്രത്തിലോ തിരുത്തി എഴുതുകയോ പുനരവതരിപ്പിക്കുകയോ ചെയ്യാൻ അതിന്റെ ആധികാരികതയും ഏകതയും നിരാകരിച്ചുകൊണ്ട് വർത്തമാനത്തിലേക്ക് പറിച്ചു നട്ടാൽ മതിയെന്ന് ആധുനികാനന്തര സാഹിത്യം കരുതുന്നു”(ഷാജി ജേക്കബ്, 2003:24). ചരിത്രത്തെ ഇത്തരത്തിൽ തിരുത്തിയെഴുതുന്നതാണ് ചരിത്ര വിജ്ഞാനീയപരമായ അതികഥനരീതിയുടെ സ്വഭാവങ്ങളിലൊന്ന്. ഈ വിധം നോവലിൽ അവതരിപ്പിക്കപ്പെടുന്ന മിത്തിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും അദൃശ്യമാക്കപ്പെട്ട കീഴാള ജനതയുടെ അടിമത്താവസ്ഥയെയാണ് ആവിഷ്കരിക്കുന്നത്.
1663ൽ കൊല്ലപ്പെട്ട കാപ്പിരി എന്ന ‘അടിമ’യുടെ കഥയെ അടിസ്ഥാനമാക്കി അതേ അടിമത്തത്തിന്റെ ഭാഗമായി കൊലചെയ്യപ്പെടുന്ന കുത്തുമാക്കോതയുടെ കൊലപാതകത്തെ അന്വേഷിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളായ എസ്.ഐ ഉണ്ണിച്ചെക്കൻ സി.ഐ ബെഞ്ചമിൻ എന്നിവരാണ് അന്വേഷകർ. പോർച്ചുഗീസുകാരനായ അൽമേഡ സായിപ്പിന്റെ അടിമയായിരുന്ന കറുമ്പൻ കാപ്പിരിക്കും, ജന്മി അച്ചമ്പി മാപ്പിളയുടെ അടിമയായി മാറുന്ന കുഞ്ഞുമാക്കോതയ്ക്കും നേരിടേണ്ടി വരുന്നത് ഒരേ അടിമത്തത്തിന്റെ തന്നെ സങ്കീർണത നിറഞ്ഞ മരണങ്ങളാണ്. 1663ൽ ബ്രിട്ടീഷുകാർ പറങ്കികളെ ഇവിടെനിന്ന് നാടുകടത്തിയപ്പോൾ അവർക്ക് തങ്ങളുടെ നിധികളും സമ്പാദ്യവും ഉപേക്ഷിച്ചു പോകേണ്ടതായി വന്നു. പറങ്കി സാന്തിയാഗോ അൽമേഡ താൻ അടിമയായി നിയമിച്ചിരുന്ന കാപ്പിരിയെ തന്റെ നിധിക്ക് കാവലായി നിർത്തുന്നു. തന്റെ പിൻതലമുറകൾക്കു വേണ്ടിയുള്ള സമ്പാദ്യത്തിന് കാവലായി നിർത്താൻ കാപ്പിരിയുടെ ഇടനെഞ്ചിൽ കത്തി കയറ്റി അയാളെ സായിപ്പ് കൊന്നു കളയുകയാണ്. “നീ മരിച്ചാലും ഭൂതമായി ജീവിക്കും. ഇനി നിനക്കീ ചെമ്പുംകുടത്തിലെ പണ്ടംകൊണ്ട് സുഖിച്ചു കഴിയാം. എന്റെ ശല്യം പോലും നിനക്കുണ്ടാകൂല. ഇനി നീയാണീ ഈ കുടുമത്തിന്റെ കാവല്” (മാത്യൂസ് പി.എഫ്., 2019:33). തന്റെ നിലവറയുടെ കാവലാളായി കാപ്പിരി പ്രേതത്തെ നിയോഗിക്കുകയാണ് പറങ്കി. വർഷങ്ങൾക്കുശേഷം പറങ്കിയുടെ ഭൂമി സ്വന്തമാക്കുന്ന അച്ചമ്പി മാപ്ല എന്ന ജന്മി കാപ്പിരിയെ പ്രീതിപ്പെടുത്തി നിധി സ്വന്തമാക്കാൻ ശ്രമിക്കുന്നു. അതിനായി കുഞ്ഞുമാക്കോതയെ ഉപയോഗിക്കുകയാണ് അയാൾ. “ഉഗ്രപ്രതാപിയായ മാടമ്പള്ളി കണ്ടച്ചനാശാന്റെ മുഖത്തുനിന്നു സിദ്ധരൂപവും അമരകോശവും മന്ത്രതന്ത്രാദികളും പഠിച്ച, ജാതിയിൽ താഴ്ന്ന ആത്മാക്കളുടെ പുരോഹിതനാണ് കുഞ്ഞുമാക്കോത”(മാത്യൂസ് പി.എഫ്., 2019:27). ജാതിപ്പേര് ചേർത്ത് പറയൻമാക്കോതയെന്ന് മറ്റുള്ളവർ അയാളെ വിളിക്കുമെങ്കിലും അച്ചമ്പി അയാളെ ജാതിപേര് ചേർത്ത് വിളിക്കില്ലായിരുന്നു. പണവും സ്വത്തും നൽകി മാക്കോതയേയും കുടുംബത്തേയും സംരക്ഷിക്കുന്ന മഹാമനസ്ക്കനാണ് അച്ചമ്പി. എന്നാൽ അതിനു പിന്നിലുള്ള ലക്ഷ്യം തന്റെ മുറ്റത്തെ ആഞ്ഞിലിത്തറയിൽ കഴിയുന്ന കാപ്പിരിയെ പ്രീതിപ്പെടുത്തി നിധി സ്വന്തമാക്കുക എന്നതാണ്. ഒടുവിൽ അച്ചമ്പിമാപ്ല മാക്കോതയ്ക്കും കുടുംബത്തിനും വേണ്ടി കാഞ്ഞിരപ്പള്ളിയിൽ സ്ഥലം വാങ്ങിക്കുകയും അവരെ അങ്ങാട്ടേയ്ക്ക് പാർപ്പിക്കാമെന്ന വ്യാജേന ആ കുടുംബത്തെ തന്നെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. കാഞ്ഞിരപ്പള്ളിക്ക് താമസം മാറുന്ന രാത്രിയിൽ മാക്കോതയുടെ ഭാര്യ ചീരയും രണ്ട് മക്കളും ഇരുട്ടിൽ വരുന്ന ജീപ്പിൽ കയറി പോകുന്നു. മാക്കോത അച്ചമ്പിയാടാപ്പം കാപ്പിരിക്കുവേണ്ടിയുള്ള മന്ത്രക്കളത്തിലും. കാഞ്ഞിരപ്പള്ളിയിൽ വെച്ച് ചീരയും മക്കളും ക്രൂരമായി കൊല്ലപ്പെടുന്നു. മാക്കോതയെ കഴുത്തറത്ത് അച്ചമ്പിയും കൊല്ലുന്നു.
ചരിത്രത്തിലുടനീളം ജാതീയമായ വിവേചനം ആവർത്തിക്കപ്പെടുന്നുണ്ട്. ഓരോ കാലഘട്ടങ്ങളിലും ജാതി, നിറം തുടങ്ങിയവ നമ്മെ പിന്തുടരുന്നു.
നോവലിൽ ഭൂതകാല അടിമചരിത്രം ചുരുളഴിയപ്പെടുന്നത് എസ് ഐ ഉണ്ണിച്ചെക്കനിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടിനിപ്പുറവും ഇതേ ജാതി വിവേചനത്തെ നേരിടേണ്ടി വരുന്ന ഉണ്ണിച്ചെക്കനെ നോവലിൽ കാണാം. അത് നിഷ്ഠൂരമായ കൊലപാതകമോ ആഭിചാര കർമ്മങ്ങളോ എന്ന നിലയിലല്ല, മറിച്ച് നിറം നോക്കി ജാതി പറയുന്ന ഇന്നത്തെ അവസ്ഥയിലൂടെയാണ്. ഉണ്ണിച്ചെക്കനെ തിരിച്ചറിയുന്നതിനായി മറ്റു കഥാപാത്രങ്ങൾ നോവലിൽ അവന്റെ ജാതിയെയാണ് സൂചിപ്പിക്കുന്നത്. “എസ് ഐ യോ….? അതേന്ന് പട്ടികജാതിക്കാരനാന്നേ… എന്നതാ പേര്?”(മാത്യൂസ് പി.എഫ്., 2019:88). ഇത്തരത്തിൽ ജാതീയമായ അടിമത്തം അവസാനിച്ചിട്ടും സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വിവേചനത്തെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. അതുപോലെ നോവലിലെ കറുപ്പൻ എന്ന കഥാപാത്രം മാക്കോതയെ കാണാതായതിന്റെ പേരിൽ കേസ് കൊടുക്കാൻ പോകുമ്പോൾ എസ് ഐ അവരാച്ചൻ അയാളെ ജാതിയുടെ പേരിലാണ് പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്താക്കുന്നത്.
“കാഞ്ഞിരപ്പള്ളിക്കാരൻ കുഞ്ഞുവരാച്ചൻ നമ്പൂതിരി മാർക്കം കൂടി വന്ന സവർണ്ണ സുറിയാനി ക്രിസ്ത്യാനിയാണത്രേ…” “വാലനായ ഞാൻ തീണ്ടലും തൊടീലും വരെ അനുസരിക്കേണ്ടവനാണ് പോലും, അടുത്തുനിന്ന് സംസാരിക്കാനനുവദിച്ചത് നമ്പൂതിരിച്ചനിലുണ്ടായെന്നു വിചാരിക്കണ ആ പരമനാറീടെ മഹാമനസ്ക്കതയാണത്രേ…” (മാത്യൂസ് പി.എഫ്, 2019:101) ഇത്തരത്തിൽ കറുപ്പന്റെ വ്യഥയിലൂടെ നോവലിസ്റ്റ് വെളിപ്പെടുന്നത് ജാതി മാറിയാലും സവർണ്ണമതാധികാരത്തിന്റെ പേരിൽ വിവേചനം നിലനിർത്തുന്ന സമൂഹത്തെയാണ്.
പറങ്കിയും അച്ചമ്പിമാപ്ലയും തമ്മിൽ വ്യത്യാസമൊന്നുമില്ല. കീഴാളന്റെ രക്തത്തിലൂടെ തന്റെ അധികാരത്തെ ഉറപ്പിക്കുന്ന രീതി തുടർന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യപ്രസ്ഥാനങ്ങളുടെ ഭാഗമായി നിരവധി പരിഷ്കരണങ്ങൾ കേരളത്തിൽ നടന്നിരുന്നു. കീഴാള വിഭാഗത്തിന്റെ മുന്നേറ്റങ്ങളായിരുന്നു അവയുടെ ലക്ഷ്യം. കൊളോണിയൽ കാലഘട്ടം അടിമ ജനത്തെ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പരിഷ്കരിച്ചു, അവർക്ക് മെച്ചപ്പെട്ട ജീവിതാവസ്ഥ ഒരു പരിധിവരെ ലഭിക്കുകയും ചെയ്തു എന്നത് സ്വീകാര്യമാണ്. എന്നാൽ തങ്ങളുടെ വ്യക്തിത്വത്തെയും ശരീരത്തെയും അവരായിരിക്കുന്ന സാഹചര്യത്തിൽ അതേപടി ഉൾക്കൊള്ളാൻ സമൂഹത്തിന് കഴിഞ്ഞിരുന്നോ എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. ശരീരത്തിന്റെ പരിഷ്കരണമായിരുന്നു കൊളോണിയൽ സംസ്കാരം മുന്നോട്ടുവെച്ച ഒരു കാര്യം. കാഴ്ച്ചമാത്രയിൽ തീണ്ടലും അയിത്തവും കൽപ്പിക്കപ്പെടുന്ന ശരീരത്തിന്റെ പരിഷ്കരണം. എന്നാൽ കീഴാള ശരീരത്തിന്റെ സ്വീകാര്യമായിരുന്നില്ല നിരാസമായിരുന്നു നടന്നത്. ഇതേ നിരാസമായിരുന്നു അടിമത്തം നിർത്തലാക്കിയതിനുശേഷവും ഒരു ജനവിഭാഗത്തിന് മാത്രം പിന്നീടും അടിമകളായി തുടരേണ്ടി വന്നത്. കൊളോണിയൽ കാലഘട്ടത്തിലെ സാമൂഹ്യ മാറ്റങ്ങളിൽ പ്രധാനമായിരുന്നു തൊഴിലാളിവർഗ്ഗത്തിലേക്കുള്ള പരിണാമം, എന്നാൽ ജാതി ഘടനയിൽ ഉറച്ച തൊഴിൽ ബന്ധങ്ങൾ വലിയ മാറ്റം കൂടാതെ ഇരുപതാം നൂറ്റാണ്ടിന് ശേഷവും തുടർന്നിരുന്നു. ഇത്തരത്തിൽ അടിമത്തം ഭീകരമായ മനുഷ്യ വില്പനകളിൽ നിന്നും മാത്രമുള്ള മാറ്റമായി അവശേഷിക്കുന്നു. മാക്കോത അച്ചമ്പിയുടെ അടിമയായിരുന്നില്ല എന്നാൽ അയാളുടെ വിധേയത്തം അച്ചമ്പി ഉപയോഗിച്ചുകൊണ്ട് അയാളെ അടിമയാക്കി മാറ്റുകയാണ്. അച്ചമ്പിമാപ്ലയെന്ന ജൻമിയുടെ കുടിയാനായ കുഞ്ഞുമാക്കോതയ്ക്ക് യജമാനന്റെ ആജ്ഞകൾ പാലിക്കുന്ന അടിമയാകേണ്ടി വരുന്നത് ജാതി വ്യവസ്ഥയ്ക്ക് അടിസ്ഥാനമായ ഈ വിവേചനം മാറ്റമില്ലാതെ നിലനിൽക്കുന്നതു കൊണ്ടാണ്. ജാതി ശ്രേണികരണം കീഴാള ജനതയെ നിറത്തിന്റെ പേരിലും മറ്റും അടിമകളായി നിലനിർത്തുന്നു. മുഖ്യധാരാ ചരിത്രം രേഖപ്പെടുത്തിയ സാമൂഹ്യ പരിഷ്കരണ ചരിത്രത്തിന് മറ്റൊരു തലം കൂടി ഉണ്ടെന്ന് നോവലിലൂടെ തെളിയിക്കപ്പെടുന്നു.
ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തപ്പെടാത്ത അടിമത്താനുഭവം സാമൂഹിക ഓർമയായി മാത്രം അവശേഷിക്കുന്നവയാണ്. “ദലിത് കീഴാള ജനതകളുടെ സാമൂഹ്യാനുഭവങ്ങളിൽ ഏറ്റവും നിർണായകമായത് ദീർഘകാലം നീണ്ടുനിന്ന അടിമത്തമാണ്. അതിൽ നിന്ന് ഉയർന്നുവന്ന അന്യവൽക്കരണവും കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും തകർക്കലുമാണ് അടിസ്ഥാനപരമായ പ്രശ്നം. ഇത് സംഭവിക്കുന്നതുതന്നെ, ആദിദ്രാവിഡ ജനതയുടെ മേൽ അധീശജാതികൾ ആധിപത്യം സ്ഥാപിച്ചതിലൂടെയാണ്” (സനൽമോഹൻ പി., 2021:22). വിദേശാധിപത്യം ഈ അടിമത്തത്തെ നിലനിർത്തി. ഈയൊരു യാഥാർത്ഥ്യത്തെയാണ് നോവൽ കാപ്പിരിയുടെയും മാക്കോതയുടെയും കഥയിലൂടെ അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ദീർഘകാലം നീണ്ടുനിന്ന അടിമത്തം ധാരാളം കുടുംബങ്ങളെ തകർത്തിട്ടുണ്ട്. എന്നാൽ അതൊന്നും ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അവരൊക്കെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോയവരാണ്. സാമൂഹ്യ പരിഷ്കരണങ്ങൾ നടന്നപ്പോഴും കീഴാള വിഭാഗത്തിന്റെ രക്തചൊരിച്ചിൽ ആവർത്തിക്കപ്പെട്ടിരുന്നു. മാക്കോതയേയും കുടുംബത്തേയും കാണാതാകുമ്പാൾ ആരും തന്നെ അവരെ അന്വേഷിക്കുന്നില്ല. കറുപ്പൻ എന്ന സ്നേഹിതൻ എസ്.ഐ.യ്ക്ക് നൽകുന്ന പരാതി അയാൾ കീറിക്കളയുകയാണ്. വളരെ എളുപ്പത്തിൽ തന്നെ കീഴാളരെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാമെന്ന സാമൂഹ്യ സവർണ്ണ ചിന്തയാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.
പുതുതായി ചാർജെടുത്ത് വരുന്ന ഉണ്ണിച്ചെക്കൻ എന്ന കഥാപാത്രത്തിലൂടെയാണ് ഒളിഞ്ഞുകിടന്ന ഈ ചരിത്രത്തിന്റെ രഹസ്യങ്ങൾ പുറത്തുവരുന്നത്. മാക്കോതയുടെ ചെക്കൻ (മകൻ) കാപ്പിരിയുടെ കളിപ്പാട്ടം കൊട്ടി ഇരുട്ടിലേക്ക് മാഞ്ഞുപാകുന്നുണ്ട്. ആ ചെക്കനാണോ ഉണ്ണിച്ചെക്കനെന്ന സംശയം വായനക്കാരിൽ ബോധപൂർവ്വം നിക്ഷേപിക്കുകയാണ് നോവലിസ്റ്റ്. ഒടിയനായും പ്രേതമായുമാക്കെ ഉണ്ണിച്ചെക്കനെ വായനക്കാർക്ക് തോന്നാം. കാപ്പിരിയുടെയും മാക്കോതയുടെയും കൊലപാതകങ്ങൾ പുറത്തുകൊണ്ടുവരുന്ന, അടിമത്താനുഭവത്തിന്റെ ചരിത്രത്തെ വെളിപ്പെടുത്തുന്ന അടിയാളപ്രേതമാണ് യഥാർത്ഥത്തിൽ ഉണ്ണിച്ചെക്കൻ. ഒടുവിൽ അയാൾ പോലീസ് രജിസ്റ്ററിൽ പോലും ഇല്ലാത്ത ഒരാളായി, പ്രേതമായി മാഞ്ഞുപാവുകയാണ്. ഇത്തരത്തിൽ ചരിത്രത്തിൽ നിന്നും നീക്കപ്പെട്ടവരുടെ കഥ പറയുവാനാണ് അടിയാളപ്രേതം ശ്രമിക്കുന്നത്.
ചരിത്രമെന്ന പാഠവും കഥയും
ചരിത്രം എന്നത് ഒരു പാഠം മാത്രമാണെന്നും കഥകളിലൂടെയും ചരിത്രത്തെ ആവിഷ്കരിക്കാൻ സാധിക്കുമെന്നും അടിയാളപ്രേതം തെളിയിക്കുന്നുണ്ട്. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന മിത്തുകളിലൂടെയും കഥകളിലൂടെയുമാണ് ആഖ്യാതാവ് കീഴാള ചരിത്രത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. ഈ കഥകൾ ചരിത്രാന്വേഷണത്തെ വ്യക്തിപരവും സാമൂഹികവുമായ അനുഭവലോകങ്ങളിലേക്ക് നയിക്കുന്നു. മുഖ്യധാര ചരിത്രത്തിൽ ഉയർന്നുനിൽക്കുന്ന ചില ആശയങ്ങളെ ചോദ്യം ചെയ്യുകയോ, വ്യാഖ്യാനിക്കുകയോ, തിരുത്തുവാൻ ശ്രമിക്കുകയോ ആണ് ഇതിലൂടെ ചെയ്യുന്നത്. നോവലിൽ മാക്കോതയുടെ ഭാര്യ ചീരയുടെ അപ്പൻ സുപ്രനരയൻ വാലേന്മാരുടെയും മറ്റും ചരിത്രക്കെട്ടഴിക്കുന്നതായി പറയുന്നുണ്ട്. മഹാരാജാവ് ബാലരാമവർമ്മയുടെ നാവിക പടത്തലവനും വേലുത്തമ്പി ദളവയുടെ വലംകൈയുമായ ചെമ്പിലരയന്റെ കഥ നോവലിൽ അരയനിലൂടെ സൂചിപ്പിക്കുന്നത് കാണാം. മെക്കാളെ സായിപ്പിന്റെ തലയറക്കാൻ പുറപ്പെടുന്ന ധീരനായ വ്യക്തിയാണ് ചെമ്പിലരയൻ. ഇവിടെ ചരിത്രവസ്തുതകളെയല്ല നോവലിസ്റ്റ് അവലംബിക്കുന്നത്. മറിച്ച് പോരാട്ടങ്ങളിൽ കീഴാള ജീവിതങ്ങൾക്കും പങ്കുണ്ടായിരുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് നോവലിസ്റ്റ് നൽകുന്നത്. അധീശ ശക്തികളുടെ അധികാരപരമായ സമീപനത്തിനെതിരെ പ്രാന്തവൽക്കരിക്കപ്പെട്ടവരെന്ന് കരുതുന്ന ജനങ്ങൾ നടത്തിയ പ്രതിഷേധമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്നത്. യാഥാർത്ഥ്യം ഭാവന എന്നിങ്ങനെ വേർതിരിക്കാൻ കഴിയാതെ കഥയിലൂടെ ചരിത്രത്തെ അവതരിപ്പിക്കുകയാണ് നോവൽ ചെയ്യുന്നത്. ഇവിടെ ഫിക്ഷൻ തന്നെ ചരിത്രപാഠമായി മാറുന്നു. ചരിത്രം തന്നെയും ഒരു പാഠമാണെന്ന് പറയുന്നത് വഴി അത് സാഹിത്യം പോലെ ഒരു ആഖ്യാനമായി തീരുകയും ചരിത്രത്തെ സംബന്ധിച്ച സമ്പ്രദായകനിരീക്ഷണങ്ങൾ നിരാകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന നവചരിത്രവാദ സമീപനത്തെ ഇവിടെ ചേർത്തുവയ്ക്കാൻ സാധിക്കും. “70 കളുടെ അവസാനത്തിൽ ബർക്കിലിയിൽ മിഷേൽ ഫൂക്കോ നടത്തിയ പ്രസംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നവചരിത്രവാദം എന്ന ആശയം ഉയർന്നു വന്നത്. ഒരു പ്രയോഗം എന്ന നിലയിൽ സ്റ്റീഫൻ ഗ്രീൻബ്ലാറ്റിന്റെ കൃതികളിലൂടെയും അദ്ദേഹവും കാതറിൻ ഗല്ലഹറും ചേർന്നെഴുതിയ റെപ്രസന്റേഷൻസ് എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് നവചരിത്രവാദം എന്ന സംജ്ഞ വികസിച്ചത്. (ദിലീപ് രാജ്, 2000:15) ഒരു കൃതിയുടെ ചരിത്രപശ്ചാത്തലം ഏകതാനമായി നേരത്തെ നിർമ്മിക്കപ്പെട്ട ചരിത്രമല്ലെന്നും അത് നിരന്തരമായ അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണെന്നും സാഹിത്യം ഒരേസമയം സാമൂഹ്യപരവും ചരിത്രപരവും ആണെന്നുമുള്ള ആശയവുമാണ് നവചരിത്രവാദം എന്ന സൈദ്ധാന്തിക സമീപനത്തിന്റെ അടിസ്ഥാനം. ഈ ഒരു സമീപനം നോവലിന്റെ ആഖ്യാനത്തിലും കാണാൻ കഴിയും.
ഫിക്ഷനിലൂടെ സാധ്യമാകുന്ന ചരിത്രം രേഖീയമായ ചരിത്രപാഠങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒരു കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതശൈലി, ഭക്ഷണരീതി അവർ അനുഭവിച്ച കീഴാള സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം ചരിത്രകൃതികളിലേതുപോലെ ആകണമെന്നില്ല. അത്തരം അറിവുകൾ മറ്റ് സ്രോതസ്സുകളിൽ നിന്നായിരിക്കും ലഭിക്കുക. എന്നാൽ ചരിത്രസംഭവങ്ങളും ഇത്തരം ആഖ്യാനങ്ങളിൽ ചേർന്ന് തന്നെയിരിക്കും. ഈ ആഖ്യാനമാതൃകകൾ ഫിക്ഷനിലൂടെ സാധ്യമാണ്. അടിയാളപ്രേതം എന്ന നോവൽ ഇത്തരമാരു ചരിത്രത്തെ ആവിഷ്കരിക്കുന്നുണ്ട്. കറുപ്പനെന്ന കഥാപാത്രത്തിലൂടെയാണ് നോവലിസ്റ്റ് ഇത് സാധ്യമാക്കുന്നത്. അടിമത്താനുഭവത്തിന്റെ അവസ്ഥയെ കറുപ്പൻ തന്റെ ഭാവനയിലൂടെ അവതരിപ്പിക്കുന്നത് കാണാം. “1823ൽ കൊച്ചീല് വെറും നാപ്പത്തിമൂവായിരം ക്രിസ്ത്യാനികളാണെണ്ടായത്, അതങ്ങട് പത്തെഴുപതുകൊല്ലം കഴിഞ്ഞപ്പ രണ്ടു ലക്ഷത്തിനടുത്തായി… എങ്ങനേണ്ട് കളി… മതം മാറുമ്പ ഹിന്ദു സവർണ്ണന്റെ തീട്ടം കോരണ അടിമയായിരുന്ന അവൻ മതം മാറിക്കഴിഞ്ഞപ്പ മാറി മാറി വന്ന വെള്ളക്കാരന്റെ അടിമേയി മാറി…”(മാത്യൂസ് പി.എഫ്., 2019:126) ഇത്തരത്തിൽ അടിമത്ത ചരിത്രത്തെ ഭാവനാത്മകമായ ആഖ്യാനത്തിലൂടെ നോവൽ അവതരിപ്പിക്കുന്നു. മാക്കോതയുടെ കൊലപാതകത്തെ പറ്റിയും അതിനോടനുബന്ധിച്ചുള്ള കാപ്പിരിമുത്തപ്പന്റെ മിത്തിനെക്കുറിച്ചെല്ലാം പറയുന്നതും കറുപ്പനാണ്. രേഖയിലൊന്നുമില്ലാത്ത തന്റെ നാടിന്റെ ചരിത്രത്തെ ഓർമ്മകളിലൂടെ ആലോഷിക്കുന്ന പുരാഗമനവാദിയാണ് കറുപ്പൻ. “പണ്ട് സായിപ്പ് നമ്മള അടിമകളാക്കിയപ്പ നമ്മളവരോട് ആവശ്യപ്പെട്ടത് എന്താണെന്ന് അറിയ്യോ…? നിങ്ങ ഞങ്ങളെ അടക്കി ഭരിച്ചോ പക്ഷേങ്കില് ഞങ്ങടെ മതത്തെയും ജാതിയെയും ദൈവങ്ങളെയും പാരമ്പര്യത്തെയും തൊട്ടു പോകരുതെന്നാണ്… കാരണമെന്താണെന്നറിയോ അത് മൊത്തം നാറിയ ജാതിവ്യവസ്ഥയിൽ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നില്ലേ…. എന്നാലല്ലേ മേലാളന്റേം മുന്തിയ ജാതിക്കാരുടെയും തീട്ടം വാരാനും അടിയാളപ്പണി ചെയ്യാനും ആളെ കിട്ടൂ…. സായിപ്പന്മാരിക്കും അത് ബോധിച്ചു…. അങ്ങനെ ആ പാരമ്പര്യത്തേല് അവര് തൊട്ടില്ല….” (മാത്യൂസ് പി.എഫ്., 2019:55). ഈ വിധത്തിൽ കറുപ്പനെന്ന കഥാപാത്രത്തിലൂടെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതി മേൽകോയ്മയെ അവതരിപ്പിക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. ഉണ്ണിച്ചെക്കനെ കേസന്വേഷണത്തിന് സഹായിക്കുന്നത് അയാളുടെ ഭാവനയും കറുപ്പന്റെ കഥകളുമാണ്. ‘യുദ്ധം’ എന്ന അദ്ധ്യായത്തിൽ കറുപ്പൻ ഭാവനയിൽ ആവിഷ്കരിക്കുന്ന ഉത്സവപോര് യഥാർത്ഥത്തിൽ കീഴാളരുടെ പോരാട്ടത്തിന്റെ കഥയെയാണ് സൂചിപ്പിക്കുന്നത്. കൊച്ചിയിൽ ഫ്രാൻസിസ് പുണ്യാളന്റെ പള്ളിയോടടുത്തുള്ള പറമ്പിൽ പുലയന്മാരും, പറയന്മാരും, വാലന്മാരും, കാപ്പിരികളും കുന്തവും കത്തിയുമായി നിൽക്കുന്നു. മറുവശത്ത് തമ്പുരാക്കന്മാരും സായിപ്പന്മാരും. കുഞ്ഞുമാക്കോതയും ചീരയും ഒപ്പം അവരുടെ ചെക്കനും യുദ്ധത്തിലുണ്ട്. ചെക്കൻ പറക്കുന്ന കുതിരയിൽ വലിയ തോക്കുകളുമായി സായിപ്പൻമാരെ കൊല്ലുന്നത് കാണാം. ഭാവനയിലൂടെ അടിയാളർ മേലാളരെ ജയിക്കുന്നത് നോവലിൽ ആവിഷ്കരിക്കുന്നു. ഒടുവിൽ തലയില്ലാത്ത മാക്കോതയുടെയും ചീരയുടെയും ശരീരങ്ങൾ താഴെ വീഴുമ്പോൾ ചെക്കൻ അവരുടെ ശിരസ്സുകൾ ചേർത്തുവെച്ച് അവരെ ജീവിപ്പിക്കുന്നത് കാണാം. അടിയാളരുടെ വിജയത്തെ ഭാവനയിൽ ആഘോഷിക്കുകയാണ് ഇവിടെ. മാക്കോതയുടെ ചെക്കൻ ഉണ്ണിച്ചെക്കനായി തിരിച്ചുവന്ന് കഥയെ പൊളിച്ചെഴുതുമ്പാൾ അടിയാളരെല്ലാം പ്രേതങ്ങളായി തിരിച്ചുവന്ന് പകവീട്ടട്ടെയെന്ന കറുപ്പന്റെ വാക്കുകളാണ് യാഥാർത്ഥ്യമാകുന്നത്. ഭാവനാത്മകമായ ചരിത്രകഥനരീതിയാണ് ഇതിലൂടെ വെളിവാകുന്നത്. ചരിത്രസംഭവങ്ങളോടൊപ്പം കഥകളും മിത്തുകളും ഇവിടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. അടിമത്തം അനുഭവിച്ച ജനത നടത്തിയ പോരാട്ടങ്ങളെ കൂടി വെളിപ്പെടുത്തുകയാണ് ഇവിടെ.
യാഥാർത്ഥ്യവും ഭാവനാത്മകതയും നിറഞ്ഞ സംഘർഷങ്ങൾക്കുള്ളിൽ നിന്ന് സത്യം അസത്യം എന്നതിനെ വേർത്തിരിക്കാൻ ബുദ്ധിമുട്ടുന്ന കഥാപാത്രങ്ങളെ നോവലിൽ കാണാം. കേസന്വേഷണത്തിൽ യുക്തികൊണ്ട് തെളിവുകളെ മനസ്സിലാക്കുന്ന സമീപനമാണ് പൊതുവേ സ്വീകാര്യമെങ്കിലും ഇവിടെ ഉണ്ണിച്ചെക്കൻ മാക്കോതയുടെ കൊലപാതകം തെളിയിക്കുന്നത് തന്റെ ഭാവനയിൽ തെളിഞ്ഞ ഊഹങ്ങളും കഥകളും കേസന്വേഷണത്തിനായി ഉപയാഗിച്ചുകൊണ്ടാണ്. അവിടെ ഭാവനാത്മകമായ വസ്തുതകൾക്കാണ് അയാൾ മുൻതൂക്കം നൽകുന്നത്. ഉണ്ണിച്ചെക്കന്റെ തിരോധാനത്തിനുശേഷം കേസ് തുടർന്നന്വേഷിക്കുന്ന ബെഞ്ചമിനും ഇതേ ഭാവനയിൽ പെട്ട് വലയുന്നുണ്ട്. ചില യാഥാർത്ഥ്യങ്ങളെ ഭാവനയിലൂടെയും കണ്ടെടുക്കാമെന്ന വായനയാണ് ഇവിടെ കാണാൻ കഴിയുക. ഭ്രാന്ത് എന്ന അവസ്ഥയുടെ ആഴങ്ങളിലേക്ക് അയാൾ ഇറങ്ങിചെല്ലുന്നത് കാണാം. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും അയാൾ തന്റെ കേസന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. “കുട്ടിയുടെ ശവവുമായി സഞ്ചരിക്കുന്ന സേവ്യർ, അയാളുടെ ഭാര്യ കാർമ്മലി, ബന്ധുവായ കൊർണേലി, ദേവസ്സി, അച്ചമ്പി, അവരുടെ അടിമയായ കുഞ്ഞുമാക്കോത, ചീര, മക്കൾ തുടങ്ങിയവരടങ്ങുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകലമാനപേരും നിരന്നു കഴിഞ്ഞപ്പോൾ അവിടെനിന്ന് ഭൂതകാലത്തിലേക്ക് ഒരു വഴിവെട്ടി കൊളോണിയൽ ചരിത്രത്തിലെ കീഴാളനായ കാപ്പിരിയുടെ ആത്മാവിനെ അതുമായി കൂട്ടിയിണക്കി ശാഖോപശാഖകളായി പിരിഞ്ഞ് വളരെ കൃത്യമായി കേന്ദ്രത്തിലേക്ക് എത്തുന്ന ഒരു വഴിച്ചിത്രം” (മാത്യൂസ് പി.എഫ്., 2019:104) ഉണ്ടാക്കുന്ന ബെഞ്ചമിനെ നോവലിൽ കാണാം. യുക്തികൊണ്ട് എല്ലാറ്റിനെയും വിശദമാക്കാനുള്ള കഴിവ് നോവലിന്റെ അവസാനത്തിൽ അയാൾക്ക് പൂർണ്ണമായി നഷ്ടപ്പെടുന്നു. ഒടുവിൽ തന്റെ ഭാവനയിലൂടെ അയാൾ കണ്ടെടുക്കുന്ന കീഴാളനായ മാക്കോതയുടെ ചരിത്രം, അടിമത്തം നിർത്തലാക്കിയതിനു ശേഷവും സമൂഹത്തിൽ തുടർന്നിരുന്ന ജാതിവ്യവസ്ഥയെ കാണിച്ചു തരുന്നു. ഭാവനാത്മകമായ അറിവുകളിലൂടെയും ചരിത്രത്തിലെ ചില സത്യങ്ങളെ കണ്ടെടുക്കാനാകുമെന്ന വസ്തുതയെ നോവലിസ്റ്റ് ഇവിടെ തെളിയിക്കുകയാണ്. ഇത്തരത്തിൽ മിത്തുകളെയും കെട്ടുകഥകളേയും ചേർത്തുകൊണ്ട് മുഖ്യധാരാചരിത്രത്തിന് ബദലായുള്ള ഒരു സമാന്തരചരിത്രരീതി ഫിക്ഷനിലൂടെ സാധ്യമാക്കുകയാണ് അടിയാളപ്രേതത്തിൽ നോവലിസ്റ്റ് ചെയ്യുന്നത്.
ഉപസംഹാരം
ചരിത്രം എന്നത് ചരിത്രസംഭവങ്ങളെ ക്രമമായി രേഖപ്പെടുത്തുന്ന ഒന്നാണെന്നും ഒരൊറ്റ ചരിത്രയാഥാർത്ഥ്യമേ ഉള്ളൂ എന്ന ബോധ്യവുമായിരുന്നു മുഖ്യധാരാചരിത്രത്തിൽ പ്രകടമായുണ്ടായിരുന്നത്. ഉത്തരാധുനികതയിലേക്ക് കടക്കുമ്പോൾ ചരിത്രത്തിന്റെ വ്യത്യസ്ത വായനകളെ അത് സാധ്യമാക്കുന്നു. അങ്ങനെ ചരിത്രത്തിന്റെ തന്നെ ബഹുസ്വരതയെ പ്രകടിപ്പിച്ചുകൊണ്ട് ബദൽപാഠങ്ങളെ സൃഷ്ടിക്കുന്നു. ചരിത്രത്തിന്റെ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുന്നതിലുപരി അത് സാഹിത്യം പോലെ ഭാവന ചേർന്നുണ്ടാകാവുന്ന ഒരാഖ്യാനം മാത്രമായി പരിഗണിക്കപ്പെടുന്നു. ഈ സമീപനത്തിലൂടെ സാഹിത്യം ചരിത്രപാഠങ്ങളെ മുഖ്യധാരാചരിത്രത്തിന് ബദലായുള്ള ഒരാഖ്യാനമായി അവതരിപ്പിക്കുന്നു. അവിടെ മിത്തുകൾക്കും വാമൊഴികഥകൾക്കും പ്രാധാന്യം കൈവരുന്നു. പി.ഫ്. മാത്യൂസിന്റെ അടിയാളപ്രേതം എന്ന നോവലിൽ ജാതിയടിമത്തം നേരിട്ട ജനതയുടെ കീഴാള ചരിത്രത്തെ ഇത്തരത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ഒരു സാഹിത്യപാഠം ചരിത്രപാഠമായി കൂടി മാറുന്ന നവഭാവുകത്വ സവിശേഷതയാണ് ഈ നോവൽ പ്രകടിപ്പിക്കുന്നത്. സമൂഹത്തിന്റെ പൊതു മാതൃകകൾ അല്ലാത്ത മനുഷ്യർ നോവലിൽ കേന്ദ്ര കഥാപാത്രങ്ങളായി കടന്നു വരികയും അവരിലൂടെ ചരിത്രപാഠങ്ങളെ പുനർനിർമ്മിക്കുകയും ചെയ്യുന്ന ആഖ്യാനരീതി സമകാലിക സാഹിത്യത്തിന്റെ തന്നെ പ്രധാന സവിശേഷതയായി മാറുന്നു.
ഗ്രന്ഥസൂചി
ദിലീപ് രാജ് – നവചരിത്രവാദം, ഡിസി ബുക്സ്, കോട്ടയം, 2000.
മാത്യൂസ് പി.എഫ്. – അടിയാളപ്രേതം, ഗ്രീൻബുക്സ്, തൃശ്ശൂർ, 2019
വിനിൽ പോൾ – ദളിത് ചരിത്ര ദംശനം, മാതൃഭൂമി ബുക്സ്,കോഴിക്കോട്, 2022
ഷാജി ജേക്കബ് – നോവൽ ചരിത്രത്തിന്റെ പാഠഭേദം, കറന്റ് ബുക്സ്, തൃശ്ശൂർ, 2022
സനൽമോഹൻ പി– കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും, പ്രസക്തി പബ്ലിഷേഴ്സ്, പത്തനംതിട്ട, 2021.
E.H.Carr, What is History, Penguin books, New York, 1990.
മിന്നു എ. ബി.
ഗവേഷക
മലയാള വിഭാഗം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി
Email: minnubenny510@gmail.com
Mob: 7558919986
Copyright © 2026 | WordPress Theme by MH Themes
