മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 APRIL-JUNE | VOLUME 02 | ISSUE 02

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

ഭാഷാസമരങ്ങളും

കേരളീയനവോത്ഥാനവും

»  ഡോ. വിനീത് വി. എസ്.(1) & ലക്ഷ്‌മി പി. എസ്.(2)

ID: MRK0025

Published on April 01, 2026

Time: 10:00 AM IST

V1I3A1
V1I3A1

പ്രബന്ധസംഗ്രഹം

പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങളില്‍ അനന്യസാധാരണമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനജീവിതത്തെ ഉദ്ധരിക്കാനും കേരളത്തിന്റെ സാമൂഹികഘടനയെ കൂട്ടായി പുനര്‍നിര്‍മ്മിക്കാനും നവോത്ഥാനഘട്ടം കാരണമായി. പില്‍ക്കാലത്ത് ആധുനികകേരളത്തിന് ശക്തമായ അടിത്തറ പാകാന്‍ ഈ പരിവര്‍ത്തനദശയ്ക്ക് സാധ്യമായി. അടിസ്ഥാനമൂല്യബോധങ്ങളെ കുറിച്ച് സാമാന്യജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ തിരഞ്ഞെടുത്ത പ്രമുഖ ഇടങ്ങള്‍ കലാസാംസ്കാരികവിദ്യാഭ്യാസ മേഖലകളായിരുന്നു. നവീന ആശയങ്ങളും പരിപ്രേക്ഷ്യങ്ങളും ഏറ്റവും മികച്ച രീതിയില്‍ പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗം പ്രാദേശിക ഭാഷകളെ ആശ്രയിക്കുക എന്നതായിരുന്നു. ഭാഷയിലൂടെ സ്വായത്തമാക്കുന്ന സ്വത്വവത്കരണം ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യനില്‍ ഏറെ സ്വാധീനം ചെലുത്തുന്നു. ഭാഷാവബോധത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് കേരളസമൂഹത്തിന്റെ പരിവര്‍ത്തനദശയുടെ സവിശേഷത. കേരളനവോത്ഥാനകാലത്ത് നടന്ന ചില പ്രധാന ഭാഷാപ്രവര്‍ത്തനങ്ങള്‍ സാമാന്യമായി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിലൂടെ.

 

താക്കോല്‍വാക്കുകള്‍

നവോത്ഥാനം, ഭാഷാസമരം, പാഠപുസ്തകകമ്മിറ്റി,ഭാഷാപ്രതിരോധങ്ങള്‍, മാനവികത, സ്വത്വബോധം

 

ആമുഖം

ആദര്‍ശപരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയെന്നത് മാനവരാശിയുടെ എക്കാലത്തെയും കര്‍മ്മപദ്ധതികളിലൊന്നാണ്. ഈ ലക്ഷ്യത്തെ സാധൂകരിക്കാനാണ് കാലാകാലങ്ങളായി നീതിന്യായവ്യവസ്ഥയും നിയമ സംഹിതകളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. കാലാന്തരേണ സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിന്റെ ക്രമബദ്ധതയെ ഹിതകരമായും അല്ലാതെയും ബാധിക്കാം. സാമൂഹികമായ പൊതുവ്യവസ്ഥയെ അസന്തുലിതയിലേക്ക്‌ നയിക്കുന്ന പ്രവണതകള്‍ രൂപപ്പെടുത്തുന്നതിനനുസൃതമായി അവയെ നേരിടുന്നതിനായുള്ള നടപടിക്രമങ്ങള്‍ മനുഷ്യന്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത മൂല്യങ്ങളില്‍ നിന്നും ക്ലാസ്സിക്‌ പാരമ്പര്യത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും പുറത്തുവരാനും സാമൂഹികമായ പിന്നാക്കാവസ്ഥയില്‍ നിന്നുള്ള മോചനം ലക്ഷ്യമാക്കിയുമാണ് ലോകത്താകമാനം നവോത്ഥാനം ഒരു പ്രസ്ഥാനമായി രൂപപ്പെടുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഈ നവയുഗത്തിന്റെ പ്രഭാവം പ്രകടമായിരുന്നു. പതിനാലാം നൂറ്റാണ്ടിനിപ്പുറമുള്ള ആഗോളസാമൂഹികപാശ്ചാത്തലത്തില്‍ ഭാരതത്തിലും, തുടര്‍ന്ന് പത്തൊന്‍പതാം നൂറ്റാണ്ടോടെ കേരളത്തിലും നവോത്ഥാനദശ ആരംഭിച്ചു. കേരളനവോത്ഥാനം മലയാളിയുടെ പൊതുബോധത്തെയും ധൈഷണികതയെയും ഉയര്‍ത്തി. സാമൂഹികവും സാംസ്കാരികവുമായ പരിവര്‍ത്തനയുഗത്തിന് കേരളനവോത്ഥാനത്തെ പ്രാപ്തമാക്കിയത് മലയാളിയുടെ ഭാഷാവബോധമായിരുന്നു. മലയാളഭാഷയ്ക്ക് പ്രാതിനിധ്യവും പ്രാമുഖ്യവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ അക്കാലത്തെ സാമൂഹികപരിഷ്കര്‍ത്താക്കളുടെയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെയും പ്രയത്നങ്ങള്‍ ചെറുതല്ല. സാമാന്യജനങ്ങള്‍ക്ക് വേണ്ടി മാതൃഭാഷയിലൂടെ നടത്തിയ ഉദ്ബോധന പ്രവര്‍ത്തനങ്ങള്‍ നവോത്ഥാനപ്രക്രിയയെ സഫലമാക്കി. ഭാഷയ്ക്ക് മേല്‍ നടത്തിയ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളും നവോത്ഥാനസമരങ്ങളും ആധുനികകേരളത്തിന്‌ അടിത്തറ പാകി.

 

നവോത്ഥാനം : ചരിത്രസമീക്ഷ

പതിനാലാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയ്ക്ക് യൂറോപ്പില്‍ നടന്ന ആഴത്തിലുള്ള സാംസ്കാരികവും ബൗദ്ധികവുമായ സാമൂഹിക പുന:ക്രമീകരണപ്രക്രിയയെയാണ് നവോത്ഥാനമെന്ന് വിശേഷിപ്പിക്കുന്നത്. മധ്യകാലഘട്ടത്തിനിപ്പുറം ക്ലാസിക്കൽ പൗരാണിക കല, തത്ത്വചിന്ത, പഠനം എന്നിവയുടെ പുനരുജ്ജീവനത്തോടെയാണ് അടിസ്ഥാനപരമായി ഈ യുഗം ആരംഭിക്കുന്നത്. ഇറ്റലിയില്‍ നിന്നും ഉത്ഭവിച്ച ഈ ജ്ഞാനമേഖല പിന്നീട് യൂറോപ്പില്‍ ഉടനീളം വ്യാപിക്കുകയും, കല, ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയചിന്ത എന്നിവയുടെ നവീകരണത്തിലൂടെ ആധുനിക ലോകത്തിന് ബൗദ്ധികവും സാംസ്കാരികവുമായ അടിത്തറയാകുകയും ചെയ്തു. പുതിയ കാലത്തിലേയ്ക്കുള്ള ചുവടുവയ്പ്പായി ഈ കാലം മാറുകയും അതുവരെയുള്ള പൊതുസാംസ്കാരിക പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുകയും ചെയ്തു. മനുഷ്യന്റെ കഴിവിലും അന്വേഷണപരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകവീക്ഷണത്തിലേക്കുള്ള ഒരു നിർണായക മാറ്റമാണ് നവോത്ഥാനം പ്രതിനിധീകരിക്കുന്നത്. കലാകാരന്മാരും ചിന്തകരും ശാസ്ത്രജ്ഞരും വ്യക്തിയെ യുക്തി, നിരീക്ഷണം, സൃഷ്ടിപരമായ ആവിഷ്കാരം എന്നിവയിലൂടെ സ്വന്തം പാത രൂപപ്പെടുത്താൻ കഴിവുള്ളവനായി അവതരിപ്പിച്ചുതുടങ്ങി. കലാപരമായ രക്ഷാകർതൃത്വം നവീകരണത്തിന് ഇന്ധനമായി മാറി. സാമ്പത്തിക വളർച്ച, ക്ലാസിക്കൽ കൈയെഴുത്തുപ്രതികളുടെ പുനർനിർമ്മാണം, അച്ചടിശാല പോലുള്ള നൂതന സാങ്കേതികവിദ്യകളിലൂടെ ഊർജ്ജസ്വലമായ യൂറോപ്യൻ സമൂഹം, കല, ശാസ്ത്രം, തത്ത്വചിന്ത പോലുള്ള മേഖലകളില്‍ അഭൂതപൂർവമായ മാറ്റങ്ങൾ സൃഷ്ടിച്ചു. പണ്ഡിതരും കലാകാരന്മാരും അനുഭവനിരീക്ഷണങ്ങളിലേക്കും മതേതര വിഷയങ്ങളിലേക്കും ശ്രദ്ധ തിരിക്കുകയും, പരമ്പരാഗത അധികാരകേന്ദ്രങ്ങളെ വെല്ലുവിളിക്കുന്ന കൃതികളും ആശയങ്ങളും രൂപപ്പെടുത്തുകയും ചെയ്തു. നവോത്ഥാനം സാമൂഹിക പിരിമുറുക്കത്തിന്റെയും രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന ലോകവീക്ഷണങ്ങളുടെയും കാലഘട്ടമായിരുന്നു. നവോത്ഥാന കാലഘട്ടത്തിലെ വിശാലമായ പരിവർത്തനങ്ങൾക്ക് നെടുംതൂണായി വര്‍ത്തിച്ച മുഖ്യ പ്രേരകശക്തിയെന്നത് ഭാഷയാണ്‌.

 

ഭാരതീയനവോത്ഥാനം : സാമാന്യവീക്ഷണം

വൈദേശികാധിപത്യത്തെ തുടര്‍ന്ന് പത്തൊന്‍പത് – ഇരുപത് നൂറ്റാണ്ടുകളിലായി ഭാരതത്തിലുണ്ടായ സാമൂഹികവും സാംസ്കാരികവുമായ പരിവര്‍ത്തനങ്ങളെ ഭാരതീയ നവോത്ഥാനകാലഘട്ടമെന്ന് വിശേഷിപ്പിക്കാം. 1750-1850 കാലഘട്ടത്തില്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ആധിപത്യത്തിലുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ബ്രിട്ടീഷ്‌ രാജ്ഞിയുടെ കീഴിലുള്ള സാമ്രാജ്യത്വ ഭരണത്തിലേയ്ക്ക് മാറുകയും അവര്‍ ഭാരതത്തില്‍ സ്ഥിരത ഉറപ്പിക്കുകയും ചെയ്തതോടെ ഗണ്യമായ മാറ്റങ്ങള്‍ ഇവിടെ ഉണ്ടായി. കൊളോണിയൽ ഭരണം ഭാരതത്തില്‍ നിലനിന്നിരുന്ന അരാജകത്വങ്ങളെ നിയമസംഹിതകള്‍ ഉപയോഗിച്ച് നിര്‍ത്തലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതോടൊപ്പം മിഷണറിമാരുടെ വരവ് നവീന ആശയങ്ങൾ സമൂഹത്തിന് പരിചയപ്പെടുത്തി. സാമൂഹിക ഘടനയില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുകകയും ഭാഷാപരവും സാഹിത്യപരവുമായ പുനരുജ്ജീവനത്തിന് ഈ കാലം സാക്ഷിയാകുകയും ചെയ്തു. ഇന്ത്യയില്‍ ഭാഷാപ്രസ്ഥാനം എന്നത് പ്രധാനമായും ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന രാഷ്ട്രീയ, സാമൂഹിക പ്രചാരണങ്ങളുടെ ഒരു പരമ്പരയെ സൂചിപ്പിക്കുന്നു. ഇന്ത്യ നൂറുകണക്കിന് ഭാഷകളും ഉപഭാഷകളുമുള്ള ഒരു ബഹുഭാഷാരാജ്യമാണ്. സാമാന്യമായി മനുഷ്യന്‍ ഇടപഴകുന്ന മേഖലകളില്‍ അതത് ഭാഷണസമൂഹങ്ങളുടെ ഭാഷയ്ക്ക് പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് ഇക്കാലത്ത് മുഖ്യ ആവശ്യമായി ഉയര്‍ന്നുവന്നു. അതിനായി സംഘടിതമായി പ്രതിരോധ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുകയും ഭാരതത്തില്‍ വിവിധ ഭാഷണ സമൂഹങ്ങളിലായി ഭാഷാപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തു. അച്ചടിശാലകളുടെ ആവിര്‍ഭാവത്തോടെ പ്രാദേശിക ഭാഷകളുടെ വികസനവും അതുവഴി തദ്ദേശീയ ഭാഷണസമൂഹങ്ങള്‍ക്കിടയില്‍ ദേശീയത വളര്‍ത്താന്‍ പ്രചോദനമാകുകയും ചെയ്തു. ഒന്നിലധികം പ്രാദേശിക ‘നവോത്ഥാനങ്ങള്‍’ ഇത്തരത്തില്‍ ഭാരതത്തിലെ വിവിധ ഇടങ്ങളില്‍ സംഭവിച്ചു. ഇന്ത്യൻ നവോത്ഥാനം ഒരൊറ്റ പ്രസ്ഥാനമായിരുന്നില്ല, മറിച്ച് പ്രാദേശിക ഭാഷാ നവോത്ഥാനങ്ങളുടെ ഒരു കൂട്ടമായിരുന്നു. ബംഗാളി, തമിഴ്, തെലുങ്ക്, മറാഠി, ഒഡിയ തുടങ്ങിയ ഭാഷകളിൽ പ്രാദേശികഭാഷ പുനരുജ്ജീവനത്തിനും, മാനകീകരണത്തിനും, സ്വത്വ രൂപീകരണത്തിനും നവോത്ഥാനം കാരണമായി. ഈ ഭാഷാപ്രസ്ഥാനങ്ങളിലൂടെ അറിവ് കൂടുതല്‍ ജനാധിപത്യവല്‍ക്കപ്പെട്ടു.

 

ബംഗാള്‍ നവോത്ഥാനം

ഭാരതീയ നവോത്ഥാനപ്രസ്ഥാനത്തിനും ആധുനികീകരണത്തിനും മാര്‍ഗദര്‍ശിയായത് ബംഗാളാണ്. നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാഷണസമൂഹങ്ങളില്‍ ഭാഷാപോഷണസംബന്ധിയായ ഭാഷാപ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും സജീവമായി വര്‍ത്തിച്ചു. തദ്ദേശീയ സാഹിത്യത്തെയും പ്രാദേശികഭാഷകളെയും പുനരുജ്ജീവിപ്പിക്കുക, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സാംസ്കാരിക അഭിമാനം വളർത്തുക എന്നിവ അവയുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. പ്രാദേശിക ഭാഷകളുടെ ശുദ്ധീകരണം, ഭരണവിദ്യാഭ്യാസ മേഖലകളില്‍ അന്യഭാഷകള്‍ അടിച്ചേൽപ്പിക്കുന്നതിനെതിരായ കടുത്ത രാഷ്ട്രീയ പ്രതിരോധം നടപ്പിലാക്കുക എന്നിങ്ങനെയുള്ള വ്യത്യസ്ത വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് മുഖ്യമായും ഭാഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിച്ച ബംഗാൾ നവോത്ഥാനം, സാമൂഹികമത പരിഷ്കാരങ്ങളും ദേശീയവാദ ആശയങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രാഥമിക ഉപകരണമായി മാതൃഭാഷയെ ഉപയോഗിച്ചു. രാജാറാം മോഹൻ റോയ് ബംഗാളി ഗദ്യത്തിന് നേതൃത്വം നൽകുകയും ബങ്കിം ചന്ദ്ര ചാറ്റർജി, രവീന്ദ്രനാഥ ടാഗോര്‍ എന്നീ മഹാരഥന്മാര്‍ സാഹിത്യ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ഇത്തരം സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗാളി സാഹിത്യത്തെ ഉയർത്താന്‍ കഴിഞ്ഞു. വിദ്യാഭ്യാസം മാതൃഭാഷയിലൂടെ ആകണം എന്ന് ആദ്യമായി വാദിച്ചത് ടാഗോറായിരുന്നു. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയിലെ കോണ്‍വൊക്കേഷന്‍ പ്രസംഗത്തിനായി ക്ഷണിക്കപ്പെട്ട ടാഗോര്‍ തന്റെ മാതൃഭാഷയായ ബംഗാളിയില്‍ പ്രസംഗം നടത്തി. ഇത് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. പഠിപ്പ് ഭക്ഷണത്തെപ്പോലെയാണ് ഫലം ചെയ്യേണ്ടത്. രുചിയിലൂടെ കൂടുതല്‍ ഭക്ഷിക്കുമ്പോള്‍ ദഹനശക്തിയും ശരീരപുഷ്ടിയും ഉണ്ടാകുന്നു. അതുപോലെ മാതൃഭാഷയില്‍ കൂടിയാണ് വിദ്യാഭ്യാസം സാധിച്ച് വളരേണ്ടത് (അച്യുതന്‍,2003:72) എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

 

സ്കൂൾ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിനായി 1817 ജൂലൈ 4 –ന് കൊൽക്കത്തയിൽ കൽക്കത്ത സ്കൂൾ ബുക്ക് സൊസൈറ്റി സ്ഥാപിതമായി. സൊസൈറ്റിയുടെ സ്ഥാപകനായ ഡേവിഡ് ഹാരെ പാശ്ചാത്യ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനായി ബംഗാളിയിലും ഇംഗ്ലീഷിലും പാഠപുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുക, വിതരണം ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് സൊസൈറ്റി സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാനായ മെക്കാളെയുടെ ശിപാർശയെത്തുടർന്ന് ലോർഡ് ബെന്റിക്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം ഒരു സർക്കാർ നയമായി പ്രഖ്യാപിക്കുകയും പാശ്ചാത്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും ചെയ്തു. ഇത് തദ്ദേശീയ ബംഗാളി ഭാഷകര്‍ക്കിടയില്‍ ഉത്കണ്ഠയുണ്ടാക്കി. 1836-ൽ കാളിനാഥ് റോയ് ചൗധരി, പ്രസന്നകുമാർ ടാഗോർ, ഹരിചരണ്‍ ബന്ദോപാധ്യായ തുടങ്ങിയവര്‍ ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യത്തെ അഭിമുഖീകരിച്ച് ബംഗാളി ഭാഷയുടെയും അതിന്റെ പ്രയോഗത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ബംഗഭാഷാ പ്രകാശിക സഭ സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ സംഘടിത രാഷ്ട്രീയ സംഘടനയായിരുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രഥമ ലക്ഷ്യങ്ങളില്‍ ഒന്ന് ബംഗാളി ഭാഷയുടെയും സാഹിത്യത്തിന്റെയും പരിശീലനം തുടരുക എന്നതായിരുന്നു. തദ്ദേശീയ പൈതൃകത്തെ ആധുനിക സംവേദനക്ഷമതയുമായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭാഷയെ മുഖ്യ ആയുധമാക്കി പ്രവര്‍ത്തിച്ചതിന് ഉത്തമ ദൃഷ്ടാന്തമാണ് ബംഗാള്‍ നവോത്ഥാനകാലം.

 

കേരളനവോത്ഥാനം

കേരളനവോത്ഥാനം ആരംഭിക്കുന്നത് പത്തൊന്‍പതാം നൂറ്റണ്ടോടുകൂടിയാണ്. ബംഗാളിലും ഇതര സംസ്ഥാനങ്ങളിലും നിന്ന് വ്യത്യസ്തമായി സാമാന്യേന വൈകിയാണ് കേരളത്തില്‍ നവോത്ഥാനചിന്തകള്‍ രൂപപ്പെടുന്നത്. 1883ല്‍ കേരളനവോത്ഥാനത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണ ഗുരു തന്റെ പൊതുജീവിതത്തിന് സമാരംഭം കുറിക്കുന്നതോടെയാണ് കേരളനവോത്ഥാനത്തിന്റെ പിറവിയെന്ന് കണക്കാക്കുന്നു. നവോത്ഥാനം പോലെ നിയതമായ ഒരു രൂപമില്ലാത്തതും സര്‍വാശ്ലേഷിയുമായ ഒരു പ്രസ്ഥാനത്തിന്റെ പിറവിയെ കൃത്യമായി ദൃഢീകരിക്കുക പ്രയാസമാണെങ്കിലും , പഠനസൗകര്യത്തിന് ഇത് അത്യാവശ്യമാണ് (പി. ഗോവിന്ദപിള്ള,2011:117). കേരളനവോത്ഥാനം താരതമ്യേന വൈകിയാണ് തുടങ്ങിയതെങ്കിലും അതുണ്ടാക്കിയ സ്വാധീനം മഹനീയമായിരുന്നു. ശ്രേണിബദ്ധമായ ഒരു സാമൂഹികാന്തരീക്ഷത്തെ പരിഷ്ക്കരിക്കുകയെന്നതായിരുന്നു ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള അന്നത്തെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ലക്ഷ്യമിട്ടിരുന്നത്. നവോത്ഥാനം, മാനവികത എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു. മനുഷ്യന്റെ മൂല്യത്തിനും നന്മയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് വ്യക്തിത്വത്തെ ആഘോഷിക്കുകയും, തത്ത്വചിന്ത, ചരിത്രം, സാഹിത്യം തുടങ്ങിയ നാനാവിധ വിഷയങ്ങളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സാമൂഹികാസമത്വങ്ങളെയും അനാചാരങ്ങളെയും നിഷ്കാസനംചെയ്യാനായി സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ പരിഷ്കരണശ്രമങ്ങള്‍ ഉണ്ടായി. കർക്കശമായ വര്‍ഗ്ഗശ്രേണികളിൽ നിന്നും പരമ്പരാഗതമായ ചിട്ടകളില്‍ നിന്നും മാറി മെച്ചപ്പെട്ട സമൂഹരൂപീകരണത്തിനായി നടത്തിയ നിരന്തരശ്രമങ്ങളുടെ പ്രതിഫലനം ആണ് നവോത്ഥാനകാലഘട്ടം. തദ്ദേശീയതലത്തിലുണ്ടായ പ്രതിരോധങ്ങളും പരിഷ്കരണ ശ്രമങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ പുതിയ രാഷ്ട്രീയ അവബോധം ആഴത്തില്‍ വളർത്തി. കേരളത്തിന്റെ നവോത്ഥാനയുഗത്തിന് സാംസ്കാരികമായ അടിത്തറപാകിയ അച്ചടിയുടെ ആവിർഭാവം എടുത്തുപറയേണ്ടതാണ്‌.

 

പ്രാരംഭദശയില്‍ കേരളത്തില്‍ നടന്ന സാമൂഹിക പരിഷ്കരണം പാരമ്പര്യ സംസ്കാരത്തിന്റെ നവീകരണവും പുനരുദ്ധാരണവുമായിരുന്നു. എന്നാല്‍ യൂറോപ്പിലെ നവോത്ഥാനം പാശ്ചാത്യ സംസ്കൃതിയെ ആധുനികീകരിച്ച് പോഷിപ്പിക്കുകയാണ് ചെയ്തത്. നവോത്ഥാനത്തിന് പിന്നിലുള്ള ചാലകശക്തിയിലും വ്യാപ്തിയിലും ബംഗാള്‍ നവോത്ഥാനത്തില്‍ നിന്നും കേരളനവോത്ഥാനത്തിന് അടിസ്ഥാനപരമായ വ്യതിരിക്തതകള്‍ ഉണ്ടായിരുന്നു. ബംഗാളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പ്രബുദ്ധരായ വരേണ്യവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാനം ബൗദ്ധികസാഹിത്യമത പരിഷ്കരണങ്ങളെയാണ് പ്രാരംഭദശയില്‍ ലക്ഷ്യമാക്കിയത്‌. എന്നാല്‍ കേരളത്തില്‍ മുഖ്യമായും അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന നേതൃത്വം പൗരാവകാശങ്ങളെ സംരക്ഷിക്കാനും ജാതി അതിക്രമങ്ങളെ നേരിടുവാനും സാമൂഹികമായ മുന്നേറ്റത്തിന് ഊന്നല്‍ നല്‍കാനും ശ്രദ്ധചെലുത്തി. കേരളനവോത്ഥാനം ഒരു ബഹുമുഖ പ്രസ്ഥാനമായിരുന്നു. സാമൂഹിക അസമത്വങ്ങളെ വെല്ലുവിളിക്കുക, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, മതപരമായ ആചാരങ്ങൾ പരിഷ്കരിക്കുക എന്നിവയാണ് ഈ കാലത്തെ പ്രസ്ഥാനങ്ങളുടെ ഉദ്ദേശ്യം. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിവിധ സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളാൽ കേരളസമൂഹം ഉണരുകയും സാമൂഹിക നവോത്ഥാനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയും ചെയ്തു. കൊളോണിയൽ ഭരണാധികാരികളും മിഷണറിമാറും നൽകിയ സഹകരണവും കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് ഉത്തേജനം നൽകി. ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനം കേരളത്തിലെ ജനങ്ങൾക്കിടയിൽ പുതിയ സാമൂഹിക അവബോധം വളർത്തി. കേരളത്തിൽ, നവോത്ഥാന കാലഘട്ടം ഗണ്യമായ ഭാഷാ പരിഷ്കരണത്തിനും മലയാള ഭാഷയുടെ ജനകീയവൽക്കരണത്തിനും കാരണമായി. കുമാരനാശാൻ, വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ്. പരമേശ്വര അയ്യർ തുടങ്ങിയ സാഹിത്യ ഭീമന്മാർ ക്ലാസിക്കൽ ഇതിഹാസങ്ങളിൽ നിന്നും സാമൂഹിക യാഥാർത്ഥ്യം, ജാതി വിരുദ്ധ പ്രമേയങ്ങൾ, ജനാധിപത്യ ആദർശങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചു. ഗദ്യത്തിന്റെ ലളിതവൽക്കരണവും ഭാഷയെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമായി.

 

കേരളനവോത്ഥാനം: വിദ്യാഭ്യാസപരം

കേരളത്തില്‍ വിദ്യാഭ്യാസമേഖലയെ ജനാധിപത്യവത്കരിക്കാനുള്ള പ്രഥമ ഉദ്യമം നടന്നത് തിരുവിതാംകൂറില്‍ നിന്നായിരുന്നു. സാമാന്യ ജനങ്ങളിലേയ്ക്ക് വിദ്യ എത്തിക്കുന്നതിന് പിന്നിലുള്ള ധാര്‍മ്മികത പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ തന്നെ തിരുവിതാംകൂര്‍ ഭരണകൂടം തിരിച്ചറിഞ്ഞു. 1815 മുതല്‍ 1829 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ഗൗരി പാര്‍വതി ബായി 1817ല്‍ പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊല്ലം ദിവാന്‍ പേഷ്കര്‍ ശ്രീ വെങ്കിട്ട റാവുവിന് ‘നീട്ട്’ പുറപ്പെടുവിച്ചു. കൊല്ലത്തിന്‌ വടക്കുള്ള പ്രദേശങ്ങളിലെ കുട്ടികളെ എഴുത്തും കണക്കും പഠിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധാരണജനങ്ങള്‍ക്ക് വകയില്ലാത്തതിനാലും പള്ളിക്കൂടം വച്ച് അധ്യാപകരെ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയുടെ പാശ്ചാത്തലത്തിലുമാണ് ഈ ഉത്തരവ് പുറത്തിറങ്ങുന്നത്. ധാര്‍മ്മികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആ ദേശത്തെ ജനങ്ങള്‍ പുരോഗതി കൈവരിക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശ്യം. കുട്ടികളെ എഴുത്തും കണക്കും പഠിപ്പിച്ച് പ്രാപ്തരാക്കിയാല്‍ ഉദ്യോഗങ്ങള്‍ക്കും കണക്കെഴുത്തിനും ഉപകാരമാകുമെന്നും നാടിന് യശസ്സും കീര്‍ത്തിയും ധര്‍മ്മവും അഭിവൃദ്ധിയായി വരുമെന്നും നീട്ടില്‍ പ്രസ്താവിക്കുന്നു. ഇതിനായി കൃത്യമായി അധ്യാപകരെ നിയോഗിക്കാനും അവര്‍ക്കുള്ള ശമ്പളം പണ്ടാരവകയില്‍ നിന്നു കൊടുക്കാനും മാസംതോറും ഇതിന്റെ പുരോഗതി കൃത്യമായി അറിയിക്കാനും ഉത്തരവില്‍ കല്‍പ്പിക്കുന്നു. ഇതേ തുടര്‍ന്ന് 1818ല്‍ രണ്ട് കമ്മറ്റികള്‍ റാണി രൂപീകരിക്കുകയുണ്ടായി. മേല്‍ ഉത്തരവിന്‍ പ്രകാരം വിദ്യാഭ്യാസത്തിനാവശ്യമായ പാഠപുസ്തകനിര്‍മ്മാണത്തിനും, പൊതുജനസേവനത്തിനായി വിശ്വസ്തരും കഴിവുള്ളവരുമായ ചെറുപ്പക്കാരെ കണ്ടെത്താനുമായിരുന്നു അവ രൂപീകരിച്ചത്. ഈ കാലയളവില്‍ തന്നെ ബംഗാളില്‍ രൂപീകരിച്ച കല്‍ക്കത്ത സ്കൂള്‍ ബുക്ക് സൊസൈറ്റി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ വളരെ മുന്‍പ് തന്നെ തുടങ്ങിയിരുന്നു എന്നതിന് നിദാനമാണിത്. പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം 1834ല്‍, സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാലയം ആരംഭിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവിനെയും ഇതോടൊപ്പം വീക്ഷിക്കേണ്ടതുണ്ട്. ജോണ്‍ റോബര്‍ട്ട്സിനെ പ്രഥമാധ്യാപകനാക്കി നിയമിക്കുകയും സൗജന്യപഠനം ഉറപ്പുവരുത്തി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ്‌ സര്‍ക്കാര്‍ വകയില്‍ നല്‍കി ഇന്നത്തെ പൊതുവിദ്യാഭ്യാസസമ്പ്രദായത്തിന്റെ മാതൃകയിലാണ് ഹിസ്‌ ഹൈനസ്സ് രാജാസ് ഫ്രീ സ്കൂള്‍ നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, തര്‍ക്കം, ഫിലോസഫി എന്നിവയായിരുന്നു പാഠ്യവിഷയങ്ങള്‍. ദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്നും അത് പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്നും മനസിലാക്കി ദീര്‍ഘവീക്ഷണത്തോടെ അന്നത്തെ തിരിവിതാംകൂര്‍ ഭരണകൂടം പ്രവര്‍ത്തിച്ചു.

 

നവോത്ഥാനം : ഭാഷാകേന്ദ്രിതം

നവോത്ഥാനം പെരുമാറിയ പ്രമുഖ ഇടങ്ങളിലെല്ലാം പ്രാദേശിക ഭാഷകളെ കാര്യമായി വിനിയോഗിച്ചു. നിലവിലുള്ള അരക്ഷിതാവസ്ഥയില്‍ നിന്നുള്ള മോചനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ഭാഷയുടെ സാന്നിധ്യം അവിഭാജ്യമാണെന്ന ബോധം കൂടുതല്‍ ഗൗരവകരമായ ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് വഴിവച്ചു. വ്യക്തധിഷ്ഠിതമായി ദേശബോധം വളര്‍ത്താന്‍ ഭാഷയിലൂടെ സാധിക്കുമെന്നും ഭാഷയിലൂടെ വളര്‍ത്തിയെടുക്കാനാകുന്ന സ്വത്വബോധം ഇതിനടിത്തറയാകുമെന്നും തിരിച്ചറിയപ്പെട്ടു. ഭാരതീയ സംസ്കാരവും ജ്ഞാനമേഖലയും രണ്ടാംകിടയാണെന്ന തരത്തില്‍ ഇടിച്ചുതാഴ്ത്തിയുള്ള ബ്രിട്ടീഷ്‌ അധിനിവേശശക്തികളുടെ വ്യാപകപ്രചാരത്തെ തുടര്‍ന്നാണ് നമ്മുടെ പ്രാദേശികഭാഷകളും സാഹിത്യവും മുന്‍നിരയിലേയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തദ്ദേശീയതലത്തില്‍ ആരംഭിച്ചത്. നവോത്ഥാന ആശയങ്ങള്‍ ഭാരതത്തിലേക്കെത്തുമ്പോള്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടത്‌ സാമൂഹികമായ അഴിച്ചുപണിയലാണ്. എല്ലാ മേഖലകളില്‍ നിന്നും ഇതിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായിരുന്നു. ഇതിനാവശ്യമായ മുഖ്യമാധ്യമം ഭാഷയായിരുന്നു. സാധാരണജനങ്ങളിലേയ്ക്ക് ആശയങ്ങള്‍ എത്തിക്കാനും വര്‍ഗ്ഗബോധവും ദേശബോധവും വളര്‍ത്താനും ഭാഷാപ്രയോഗമാണ് അനുയോജ്യമെന്ന തിരിച്ചറിവില്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ ഭാഷാവബോധം വളര്‍ത്താന്‍ ലഭിച്ച അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കിയില്ല. ഭാഷ, ദേശീയതയുടെ സ്വയം നിര്‍ണ്ണയ താല്പര്യത്തില്‍ ജനകീയ ഏകീകരണത്തിന്റെ വൈകാരികശക്തിയാണ്. (ദാസ്,2024:18). ഭാഷയ്ക്ക് മേലുള്ള അനാദരവും അവഹേളനവും ചോദ്യം ചെയ്യാന്‍ നവോത്ഥാനകാലത്തെ സാമൂഹികപരിഷ്കര്‍ത്താക്കള്‍ പ്രത്യേക ശ്രദ്ധചെലുത്തി. ഭാഷ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രാദേശിക സാഹിത്യത്തിന് ഉത്തേജനം ലഭിക്കുകയും ചെയ്തു. ഭാരത്തിലുടനീളം വിവിധ ഭാഷണസമൂഹങ്ങളിലായി ഈ പ്രവണത ദൃശ്യമാണ്.

 

മലയാളനവോത്ഥാനം : അവലോകനം

നവോത്ഥാനകാലത്തെ കേരളത്തിലെ ഭാഷാപ്രവര്‍ത്തനങ്ങളും പ്രസ്ഥാനങ്ങളും സവിശേഷമായിരുന്നു. സാമൂഹികമായ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മാതൃഭാഷയെ സുപ്രധാന ആയുധമാക്കാന്‍ സാമൂഹികപരിഷ്കര്‍ത്താക്കള്‍ ശ്രദ്ധിച്ചിരുന്നു. ജാതിവിരുദ്ധ സാമുദായിക പോരാട്ടങ്ങള്‍ മുതല്‍ സംസ്ഥാനരൂപീകരണപ്രവര്‍ത്തനങ്ങള്‍ വരെയുള്ള വേറിട്ട സാംസ്കാരിക ഇടങ്ങളുടെ അവിഭാജ്യഘടകമായി ഭാഷാചര്‍ച്ചകള്‍ മാറിയിരുന്നു. അറിവും അറിവ് നേടാനുള്ള അവകാശവും ഒരു നിശ്ചിതവര്‍ഗ്ഗത്തിന് മാത്രം അനുവദിക്കപ്പെട്ടിരുന്ന സാമൂഹികസ്ഥിതിയില്‍ പാശ്ചാത്യപ്രബുദ്ധത മാറിചിന്തിക്കുവാന്‍ പ്രേരകമായി. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കാനുള്ള ഉദ്യമത്തെ ശാക്തീകരിക്കാന്‍ ഭാഷാബോധനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധ്യമായി. ഏകീകൃതമായ മലയാളി സ്വത്വരൂപീകരണത്തിനുള്ള പ്രേരണയായി ഭാഷ നേരിട്ട് ബന്ധപ്പെട്ടിരുന്നതിനാല്‍, കേരള നവോത്ഥാനം ഇന്ത്യയിലെ ഏറ്റവും പ്രതീകാത്മകമായ ഭാഷാപ്രസ്ഥാനങ്ങളില്‍ ഒന്നായി തീര്‍ന്നു. സാംസ്കാരിക പുനരുജ്ജീവനത്തിലുപരി മലയാളം സംസാരിക്കുന്ന ഒരു സംസ്ഥാനമായി കേരളത്തിന്റെ ഭൂപടം വരയ്ക്കുക എന്നത് കേരളനവോത്ഥാനപ്രവര്‍ത്തനങ്ങളുടെ പ്രമുഖ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

 

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ ആരംഭിച്ച ഭാഷാസ്നേഹികളായ മിഷണറിമാരുടെയും പണ്ഡിതരുടെയും കൂട്ടായ ഭാഷാപോഷണപ്രവര്‍ത്തനങ്ങള്‍ ഭാഷാവബോധത്തിന് നാന്ദി കുറിച്ചു. നിഘണ്ടുക്കളും ഭാഷാശാസ്ത്രകൃതികളും വ്യാകരണഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും ഈ കാലയളവില്‍ ധാരാളമായി രചിക്കപ്പെട്ടു. അര്‍ണ്ണോസ് പാതിരി, ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, റവ: ജോര്‍ജ്ജ് മാത്തന്‍, റവ: ജോസഫ്‌ പീറ്റ് തുടങ്ങിയ വൈയാകരണന്മാരുടെ രചനകള്‍ മലയാളഭാഷയെ പരിപോഷിപ്പിച്ചു. മലയാളഭാഷയുടെ പ്രാമുഖ്യത്തെ ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എ. ആര്‍. രാജരാജവര്‍മയുടെ സ്ഥാനം സവിശേഷമാണ്. കേരളപാണിനീയം പോലുള്ള വ്യാകരണഗ്രന്ഥങ്ങളുടെയും ഭാഷാശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളുടെയും കര്‍ത്താവ് എന്നതിലുപരി തികഞ്ഞ മലയാളഭാഷാസ്നേഹിയായ അദ്ദേഹത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള തന്റെ പത്രാധിപജീവിതത്തില്‍ മലയാള പദദാരിദ്ര്യം നേരിടുന്ന ഘട്ടങ്ങളില്‍ ഇംഗ്ലീഷ് സാങ്കേതിക പദങ്ങള്‍ക്ക് സമാനമായ മലയാളപദങ്ങള്‍ വേഗത്തില്‍ തേടിപ്പിടിക്കുന്ന ഏ.ആറിനെയാണ് സമീപിച്ചിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടോടെ കേരളത്തില്‍ ഉണ്ടായ നവോത്ഥാനാശയങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ കാലത്തെ ഭാഷാചാര്യന്മാര്‍ മലയാളത്തെ സജ്ജമാക്കി.

 

മാതൃഭാഷയ്ക്ക് വേണ്ടി ആദ്യമായി നടന്ന സമരമുഖങ്ങളിലൊന്ന് 1914 – 1916 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പ്രക്ഷോഭങ്ങളാണ്. 1914ല്‍ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. ജെ. സ്റ്റീഫന്‍സണ്‍ പ്രാദേശികഭാഷാപഠന ക്ലാസ്സുകള്‍ നിര്‍ത്തലാക്കാനും അധ്യാപകരുടെ എണ്ണം കുറയ്ക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചതായിരുന്നു പശ്ചാത്തലം. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചത് അന്നത്തെ യൂണിവേഴ്സിറ്റി കോളേജ് മലയാളം പ്രഫസറും നാട്ടുഭാഷാപര്യവേക്ഷകനുമായ (Superindent of Vernacular Studies) . ആര്‍. രാജരാജവര്‍മയായിരുന്നു. മദ്രാസ്‌ സര്‍വകലാശാലയുടെ നയങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഭാരതീയ ഭാഷള്‍ക്കും ദ്രാവിഡഭാഷകള്‍ക്കും നേരെയുള്ള ഉപേക്ഷയില്‍ ഖേദം പ്രകടിപ്പിക്കുകയും ഭാഷയ്ക്ക്‌ വേണ്ടി വാദിക്കുകയും ചെയ്തു. കോളേജില്‍ ദ്രാവിഡ ഭാഷകളുടെ നേര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന ചിറ്റമ്മനയത്തിനെപ്പറ്റി രാജരാജവര്‍മ പരിതപിക്കുകയും അതില്‍ നിന്നുളവാകുന്ന ദോഷങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു (ഭാഗീരഥി, രാഘവവര്‍മ്മരാജാ, 1963:17). മലയാളം ക്ലാസ്സുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ അധ്യാപകരുടെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ കോളേജിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഉറച്ച പിന്തുണ ഈ ഭാഷാസമരത്തിനുണ്ടാകുകയും കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇത് വലിയ ചർച്ചയാകുകയും ചെയ്തു. സ്വദേശാഭിമാനി പത്രത്തിലൂടെ കെ. രാമകൃഷ്ണപിള്ള മാതൃഭാഷാ വിരുദ്ധനയങ്ങളെ രൂക്ഷമായി വിമർശിച്ചു. മഹാകവി കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വര അയ്യർ തുടങ്ങിയ മഹാരഥന്മാർ പ്രവർത്തനങ്ങളുടെ സജീവ സാന്നിധ്യമായി മാറി. 1915 ൽ പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് പ്രിൻസിപ്പലിന് താത്കാലിക അവധിയിൽ പ്രവേശിക്കേണ്ടിവന്ന കാലയളവിലാണ് (1915-1916) . ആർ. രാജരാജവർമ്മ ആദ്യമായി കോളേജിന്റെ ആക്ടിംഗ് പ്രിൻസിപ്പാളായി ചുമതലയേൽക്കുന്നത്. ഭാരതീയനായ ആദ്യ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശക്തമായ ശ്രമഫലങ്ങളെ തുടർന്ന് പ്രതിഷേധ പ്രവർത്തനങ്ങൾ ഫലം കണ്ടു. മാതൃഭാഷ സംരക്ഷണത്തിനുവേണ്ടി കേരള കലാലയ ചരിത്രത്തിൽ നടക്കുന്ന ആദ്യത്തെ വ്യവസ്ഥാപിത പ്രക്ഷോഭങ്ങളിലൊന്നായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സമരത്തെ അടയാളപ്പെടുത്താം.

 

മലയാളഭാഷാസംബന്ധിയായി ഇക്കാലയളവില്‍ നടന്ന മറ്റൊരു സംഭവം 1917-ലെ മദ്രാസ്‌ ഗവര്‍ണറായ പെന്‍ട്ലന്‍ഡിന്റെ കോഴിക്കോട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടതാണ്. യുദ്ധ സംഭാവനയായി പൊതുജനങ്ങളുടെ പേരില്‍ പണം നല്‍കുന്നതിനെപറ്റി ആലോചിക്കാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി. വി. നാരായണമേനോന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ യോഗം വിളിച്ചുകൂട്ടി. അന്നത്തെ യോഗത്തിന്റെ അധ്യക്ഷന്‍ മലബാര്‍ കളക്ടര്‍ ഇവാന്‍സ് ആയിരുന്നു. യോഗത്തില്‍ കെ. പി. കേശവമേനോന്‍ മലയാളത്തില്‍ പ്രസംഗിച്ചു. ഇത് കളക്ടര്‍ എതിര്‍ത്തപ്പോള്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കില്ലയെന്ന് ഉറപ്പിച്ചുപറഞ്ഞ് അദ്ദേഹം യോഗം ബഹിഷ്കരിച്ചു. അന്ന് ഒപ്പം ഹാളിലുണ്ടായിരുന്ന മുക്കാല്‍ പങ്ക് ആള്‍ക്കാരും ഈ തീരുമാനത്തെ പിന്താങ്ങി യോഗം ബഹിഷ്കരിച്ചു. മലബാറില്‍ ദേശീയപ്രസ്ഥാനത്തിന് ഉണര്‍വ് നല്‍കിയ ഈ സംഭവം രാഷ്ട്രീയമായി വലിയ കോളിളക്കമുണ്ടാക്കി (രാധിക,2006:28). കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു ഇത്. സാമൂഹികാസ്തിത്വത്തെ ഉദ്ഘോഷിക്കാനുള്ള മാര്‍ഗമായി ഭാഷ മാറുന്ന കാഴ്ചയായിരുന്നു ഇത്.

 

വിദ്യാഭ്യാസത്തിലൂടെ നേടിയ ആശയമുന്നേറ്റം ഉല്‍പ്പതിഷ്ണുക്കളായ യുവജനങ്ങളെ ഭാഷാവബോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി. 1927ലാണ് കേരള സാഹിത്യ പരിഷത്ത് എന്ന സംഘടന രൂപപ്പെടുന്നത്. ഇതിനു സമാന്തരമായി മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ നടന്ന യുവജന സാഹിത്യ സമ്മേളനവും ശ്രദ്ധേയമാണ്. സംഘടനകളുടെയും കൂട്ടായ്മകളുടെയും പരിണതഫലമായി ഭാഷാസ്നേഹികളായ ഒരു പണ്ഡിതസമൂഹം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. ഇക്കാലമാകുമ്പോഴേക്കും ശക്തമായ ഭാഷാവബോധവും ഭാഷാധിഷ്ടിത സ്വത്വബോധവും ദേശീയതയും കേരളീയനവോത്ഥാന പശ്ചാത്തലത്തില്‍ രൂപപ്പെട്ടിരുന്നു. സാഹിത്യപഞ്ചാനനന്‍ പി. കെ. നാരായണപിള്ള മലയാളഭാഷയുടെ നേര്‍ക്കുള്ള അവഗണന ചര്‍ച്ചയാക്കുകയും ഇംഗ്ലീഷിനോടുള്ള മനോഭാവത്തില്‍ നിന്ന് തികച്ചും വിപരീതമായി ഭാഷയുടെ നേര്‍ക്കുള്ള അനാദരവ് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. മലയാളഭാഷയ്ക്ക് ഭരണരംഗത്ത് ഉണ്ടാകുന്ന അധസ്ഥിതാവസ്ഥയും ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ഉദാസീനമനോഭാവവും സി.പി. അച്യുതമേനോന്‍ ചര്‍ച്ചയാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ “ഒരുവനെ തൂക്കികൊല്ലുവാന്‍ തീര്‍ച്ചയാക്കി ഉച്ചരിക്കുന്ന വിധിപോലും അവനറിയാത്ത ഭാഷയിലായിരിക്കണമെന്നുള്ള നടപടിയേക്കാള്‍ അക്രമമായി മറ്റെന്താണുള്ളത്?’’ (ചന്ദ്രശേഖരന്‍,1998:89). വിദ്വാൻ എടമരത്ത് സെബാസ്റ്റ്യൻ മലയാളഭാഷയെ ശോച്യാവസ്ഥയിൽ നിന്ന് ഉദ്ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഭാഷാപോഷണം എന്ന ലേഖനത്തിൽ ചർച്ച ചെയ്യുന്നു. “നവീന കേരളത്തിലെ അധ്യയനം, രാജ്യഭരണം, വ്യവസായം , വാണിജ്യം, ആദിയായ വിസ്തീർണ്ണമായ പബ്ലിക് റോഡുകളിലെങ്ങും ദൂര സഞ്ചാരം ചെയ്യാതെ ഭവനത്തിലും ഭവനാന്ത:പുരത്തിലും മാത്രം അടങ്ങിയൊതുങ്ങി ജീവിക്കുന്ന മലയാള ഭാഷയുടെ അവസ്ഥ, ആപൽക്കരമായ ദശ, അകറ്റാനുള്ള മാർഗ്ഗങ്ങൾ ഉടനടി ആരായണം” (അച്യുതൻ,2003:151). ഭാഷയ്ക്ക് വേണ്ടി നിരന്തരം സംസാരിക്കുകയും അതിനാവശ്യമായി നിരന്തരം പ്രയത്നിക്കുകയും ചെയ്ത ക്രാന്തദര്‍ശികളായ ഭാഷാപണ്ഡിതരും സാഹിത്യകാരും രാഷ്ട്രീയപ്രവര്‍ത്തകരും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർ മലയാളത്തിലെ പദദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനെ വിമർശിക്കുകയും പാഠപുസ്തകകൾ നിശ്ചയിക്കുന്നതിൽ പാലിക്കേണ്ട ഔചിത്യത്തെക്കുറിച്ച് നിരൂപിക്കുകയും ചെയ്ത തരവത്ത് അമ്മാളു അമ്മയുടെ നിലപാടും ഇവിടെ ശ്രദ്ധേയമാണ്. പണ്ടത്തെ ഭാഷാപോഷിണി സഭ നിന്നു പോയതോടുകൂടി ഭാഷാവിഷയത്തെ സംബന്ധിച്ച് കേരളീയർ ഒന്നു നിരുത്സാഹരായിത്തീർന്നിരിക്കെ അതിനെ വേറൊരു പേരിൽ പുനരുജ്ജീവിപ്പിച്ച ഭാഷാസ്നേഹികളോടുള്ള കടപ്പാടും അവർ എടുത്തു പറഞ്ഞു (അച്യുതൻ,2003:153). സാഹിത്യ പരിഷത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ജി. ശങ്കരക്കുറുപ്പിന്റെ അഭിപ്രായത്തിൽ പരിഷത്തിൽ ഉണ്ടായിട്ടുള്ള വാദപ്രതിവാദങ്ങളും പ്രസംഗങ്ങളും ഉപന്യാസങ്ങളും ഭാഷയുടെ സമ്പത്തിനെ വർദ്ധിപ്പിച്ചു. സാഹിത്യത്തിലൂടെ നവയുഗത്തിനുവേണ്ട ഉദ്ബോധന പ്രക്രിയയായിരുന്നു ലക്ഷ്യമെങ്കിലും ആത്യന്തികമായി ഓരോ പ്രവർത്തനമണ്ഡലങ്ങളും ഭാഷാപോഷണത്തെ ഗൗരവമായി സമീപിച്ചു.

 

1936 ലക്നൗവില്‍ പുരോഗമന സാഹിത്യസംഘടനയുടെ ആദ്യ സമ്മേളനത്തില്‍ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെ സാഹിത്യവിഷയമാക്കേണ്ടതും വൈദേശികാധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാടേണ്ടതും സാഹിത്യകാരുടെ അടിസ്ഥാന ധാര്‍മ്മികകടമയായി ഉദ്ഘോഷണം ചെയ്തു. പ്രേംചന്ദ് ആധ്യക്ഷനായ ഈ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് കെ. ദാമോദരന്‍ പങ്കെടുത്തതോടെ ഈ ആശയങ്ങള്‍ കേരളീയ സമൂഹത്തിലേക്ക്‌ എത്താന്‍ ഔദ്യോഗികമായ സാഹചര്യം സംജാതമായി. ജീവല്‍സാഹിത്യ സംഘം എന്ന പേരില്‍ 1937 ല്‍ ഈ സംഘടന രൂപപ്പെട്ടപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ സാമൂഹികാവശ്യങ്ങളും വിശ്വചിന്താപദ്ധതികളുടെ വ്യാപനവും ഈ പ്രസ്ഥാനത്തിന്റെ സാംഗത്യം വര്‍ദ്ധിപ്പിച്ചു. സമകാലികമായ സാമാന്യജനജീവിതത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യശതകത്തോടെ സാംസ്കാരിക നവോത്ഥാനം ഉയര്‍ന്നുവന്നതിന് നിദാനമാണ് പില്‍ക്കാലത്ത് നാം കാണുന്ന ഇത്തരം പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം. ദേശബോധവും ഐക്യബോധവും സാമാന്യജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇത്തരത്തിലുള്ള നവോത്ഥാനപ്രക്രിയകള്‍ സഹായകമായി. ഇതിനായി സാഹിത്യത്തെ അവലംബിക്കുമ്പോള്‍ അതിനോട് ചേര്‍ത്തു വായിക്കേണ്ടത് ആവിഷ്കാരമാധ്യമമായ ഭാഷയുടെ പങ്കാണ്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ സമൂഹം അക്കാലത്ത് കേരളത്തില്‍ രൂപപ്പെട്ടു. ഇതിനായി സാമാന്യജനങ്ങളെ സജ്ജരാക്കുന്നതില്‍ സാമൂഹികപരിഷ്കര്‍ത്താക്കളും പുരോഗമനചിന്തകരും നേതാക്കളും ജീവല്‍സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.

 

മലയാള നോവല്‍സാഹിത്യത്തിലെ നവോത്ഥാനഘട്ടത്തിന്റെ പ്രാരംഭദശയെക്കുറിക്കുന്ന ആദ്യ രണ്ട് പ്രാമാണിക നോവലുകളായിരുന്നു 1944ല്‍ പുറത്തിറങ്ങിയ പി. കേശവദേവിന്റെ ഓടയില്‍ നിന്ന്, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. അക്കാലത്ത് ഈ കൃതികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്കൂള്‍ ഫൈനല്‍ ക്ലാസിലെ ഉപപാഠപുസ്തകമായിരുന്ന ഓടയില്‍ നിന്ന് 1963ല്‍ കേരള നിയമസഭയില്‍ പരാമര്‍ശ വിഷയമായി. അശ്ലീലചുവയുള്ള അവസാനഭാഗങ്ങള്‍ പഠിക്കാന്‍ പറ്റുന്നതല്ല എന്ന് ചില എം.എല്‍.. മാര്‍ പരാതിപ്പെടുകയും കോണ്‍ഗ്രസ് അംഗമായ കെ. എം. ജോര്‍ജ് ഇതിനെ അനുകൂലിക്കുകയും ചെയ്തു. മുഖ്യമന്ത്രി ശങ്കര്‍ ഈ വാദത്തെ തിരസ്കരിക്കുകയും തുടര്‍ന്ന്, ‘കാളിദാസന്റെ കുമാരസംഭവത്തിലെ പാര്‍വതിയുടെ പ്രത്യംഗവര്‍ണനകള്‍ ഞാന്‍ സ്കൂള്‍ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കാര്‍ക്കും ഒരു അബദ്ധവും പറ്റിയിട്ടില്ല’ എന്ന് മറുപടി നല്‍കുകയും ചെയ്തു (രാധിക,2006: 77). കേരള നവോത്ഥാനം പരിഷ്കർത്താക്കള്‍ നയിച്ച പരസ്പരബന്ധിതമായ സാമൂഹികവും ആത്മീയവും ബൗദ്ധികവുമായ വിപ്ലവങ്ങളുടെ ഒരു പരമ്പരയായിരുന്നു. സാമൂഹിക പരിഷ്കരണം, യുക്തിസഹമായ ചിന്ത, ദേശീയവാദ ആശയങ്ങൾ എന്നിവയ്ക്കുള്ള പ്രചാരമാധ്യമമായി മലയാളഭാഷയെ പരുവപ്പെടുത്തി എടുക്കാന്‍ ഈ കാലയളവില്‍ ശ്രമങ്ങളുണ്ടായി.

 

ഉപസംഹാരം

മനുഷ്യന്റെ നിലനില്‍പ്പിനെ ഊട്ടിയുറപ്പിക്കുന്ന സജീവഘടകങ്ങളെ ആഴത്തില്‍ ഇഴചേര്‍ക്കുന്ന സാമൂഹിക സ്ഥാപനമാണ് ഭാഷ. സമൂഹവര്‍ഗ്ഗ രൂപീകരണത്തിലും സാമൂഹികസംവിധാനങ്ങളുടെ ഗതിവിഗതികളുടെ നിയന്ത്രണത്തിലും ഭാഷ മുഖ്യ പങ്ക് വഹിക്കുന്നു. സാമൂഹ്യശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം, സാമൂഹിക ഐക്യത്തിന്റെയും സാംസ്കാരിക പുനര്‍നിര്‍മ്മിതിയുടെയും കൂട്ടായ സമാഹരണത്തിന് വേണ്ടി വർത്തിക്കാൻ ഭാഷയ്ക്ക് സാധിക്കും. കേരളനവോത്ഥാന കാലത്തെ മലയാള ഭാഷ ഇതിനെ സാധൂകരിക്കുന്നു. ഭാഷയും സമൂഹവും തമ്മിലുള്ള അവിഭാജ്യബന്ധം തിരിച്ചറിയുന്നതിലൂടെ കേരള നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ മുഖ്യമേഖലകളില്‍ ഒന്നായി മലയാളം മാറി. മലയാളി എന്ന സ്വത്വബോധത്തെ ചേര്‍ത്തുനിര്‍ത്താന്‍ മലയാളത്തെ പല മേഖലകളിലായി ഉപയോഗിക്കുവാന്‍ സാമൂഹികപരിഷ്കര്‍ത്താക്കള്‍ നിരന്തരം ശ്രമിച്ചു. അക്കാലയളവില്‍ രൂപപ്പെട്ട സംഘടനകളും ഇതര സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും ഇത് സൂചിപ്പിക്കുന്നു. ഭാഷയ്ക്ക് വേണ്ടി ഉയര്‍ന്ന ഓരോ ശബ്ദവും ഓരോ സമരമുഖങ്ങളാണ്. ദേശീയബോധത്തെ തകര്‍ത്ത് വിഭജനലക്ഷ്യത്തോടെ കേന്ദ്രത്തില്‍ ഭരണം നിര്‍വഹിച്ചിരുന്ന വൈദേശികശക്തിയുടെ സാന്നിധ്യവും സമൂഹത്തില്‍ മുന്‍പേതന്നെ നിലനിന്നിരുന്ന അരാജകത്വവും സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ പ്രകടമാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രായോഗികതലത്തില്‍ വിജയകരമായി നടപ്പിലാക്കാന്‍ മുഖ്യ ഉപാധി ഭാഷയായിരുന്നു. ഇത് മനസിലാക്കി മാതൃഭാഷയ്ക്ക് ലഭിക്കേണ്ട മര്യാദയും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ നിരന്തരം സംസാരിക്കുകയും യത്നിക്കുകയും ചെയ്ത ഒരു വിഭാഗം ജനത കേരളനവോത്ഥാനത്തെ ശക്തമാക്കി. ആധുനിക പരിഷ്കൃത സമൂഹത്തിലേയ്ക്ക് കേരളത്തെ നയിച്ച നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ മലയാളഭാഷയ്ക്ക് അവിഭാജ്യസ്ഥാനമാണുള്ളത്. ഭാഷയിലെ നവോത്ഥാനമെന്നത് ഒരു പ്രത്യേകകാലത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാത്ത നിരന്തരപ്രക്രിയയാണ്. ഭാഷാനവോത്ഥാനത്തിന് എക്കാലവുമുള്ള പ്രസക്തി ഈ വിഷയത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.

 

സഹായകഗ്രന്ഥങ്ങള്‍

  1. അച്യുതന്‍ എം., സ്വാതന്ത്ര്യസമരവും മലയാളസാഹിത്യവും, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2003

  2. അനന്തന്‍പിള്ള പി., കേരളപാണിനി, ബാലന്‍ പ്രസിദ്ധീകരണങ്ങള്‍, തിരുവനന്തപുരം, 1934

  3. ഒരു കൂട്ടം എഴുത്തുകാർ, യൂണിവേഴ്‌സിറ്റി കോളേജ് സെൻ്റിനറി സുവനിയർ 1866- 1966 , ഗവ. പ്രസ്, തിരുവനന്തപുരം, 1966

  4. ഗോവിന്ദപിള്ള പി., സംസ്കാരവും നവോത്ഥാനവും (വി..: സത്യന്‍ പി.പി.), ദേശാഭിമാനി ബുക്ക് ഹൗസ്, 2011

  5. ചന്ദ്രശേഖര്‍ എം. ആര്‍., കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 1998

  6. ചന്ദ്രികാ ശങ്കരനാരായണൻ, . ആർ. രാജരാജവർമ മലയാളത്തിന്റെ രാജശിൽപി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1991

  7. ദാസ് കെ. കെ. എസ്., ആധുനിക കേരളത്തിന്റെ സാംസ്കാരിക ചരിത്രം, പുസ്തക പ്രസാധക സംഘം, 2024

  8. ഭാഗീരഥി അമ്മതമ്പുരാൻ എം., രാഘവവർമ്മരാജാ എം., . ആർ. രാജരാജവർമമൂന്നാം ഭാഗം, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം, 1963

  9. രാധാകൃഷ്ണന്‍, ആര്‍.,ഡോ., കേരളത്തിലെ നവോത്ഥാനസമരങ്ങള്‍, മാളുബന്‍, തിരുവനന്തപുരം, 2010

  10. രാധിക, സി. നായര്‍, ഡോ., കേരള ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ 1900- 2005, ഡി.സി. ബുക്സ്, തിരുവനന്തപുരം,2006

  11. ശിവകുമാര്‍, ആര്‍., ഡോ., ഭാഷാവികസനത്തിന്റെ ജനാധിപത്യവഴികള്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2022

  12. ശിവകുമാര്‍, ആര്‍., ഡോ., സമഭാവനയുടെ ഭാഷാരാഷ്ട്രീയം : രാഷ്ട്രീയകൃത്യതയും ഭാഷാപരിഷ്കരണവും, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2025

  13. ശ്രീധരന്‍, പുറത്തൂര്‍, കേരളചരിത്രം, എച്ച്. ആന്‍ഡ്‌ സി. ബുക്സ്, തിരുവനന്തപുരം, 2017

About the researcher 1:

ഡോ. വിനീത് വി. എസ്.
അസോസിയേറ്റ് പ്രൊഫസർ
വകുപ്പധ്യക്ഷൻ, മലയാളവിഭാഗം,
ഗവൺമെൻ്റ് കോളേജ് കട്ടപ്പന

 

Email: drvineethvs@gckattappana.ac.in

About the researcher 2:

ലക്ഷ്മി പി. എസ്.
ഗവേഷക
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം

 

Email: lelkshmisatheesh7@gmail.com

Mob: 9495470907

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted