അതിയാഥാർത്ഥ്യവും പുതുമലയാളകവിതയും

ഒരു വിമർശനാത്മകവായന

ഒരു വിമർശനാത്മകവായന

»  അമൃതലക്ഷ്മി എം. ടി.

ID: MRK0024

Published on January 01, 2026

Time: 10:00 AM IST

ഡിജിറ്റൽ ലോകത്തെ അതിയാഥാർത്ഥ്യം

പ്രബന്ധസംഗ്രഹം

വിവരസാങ്കേതികവിദ്യയുടെ വരവോടുകൂടി ലോകത്താകമാനം നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണ്ടുപിടിത്തവും ഇന്റര്‍നെറ്റിന്റെ വരവും ആധുനികാനന്തര ലോകത്തിലെ ജനതയെ പുതിയ സൗകര്യങ്ങളില്‍ കൊണ്ടെത്തിച്ചു. ഡിജിറ്റല്‍ ഡിവൈസുകളും അവ സൃഷ്ടിക്കുന്ന അതിയാഥാര്‍ത്ഥ്യലോകവും സത്യമേത് മിഥ്യയേത് എന്നറിയാതെ മനുഷ്യരെ വട്ടംചുറ്റിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നവ ഡിജിറ്റല്‍ കാലഘട്ടം നമ്മുടെ സംസ്കാരത്തെയും ജീവിതരീതിയേയും എപ്രകാരമെല്ലാം മാറ്റിമറിച്ചുവെന്ന വിശദീകരണങ്ങളുമായി മീഡിയ സിദ്ധാന്തം, വെര്‍ച്വല്‍ റിയാലിറ്റി, സിമുലേഷന്‍ എന്നീ ഉത്തരാധുനിക ആശയങ്ങൾ കടന്നുവരുന്നത്. നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ലോകത്ത് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന ധാരാളം മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. അവരെക്കുറിച്ചും ഒപ്പം അതിയാഥാര്‍ത്ഥ്യലോകം സൃഷ്ടിക്കുന്ന പുത്തന്‍ വെല്ലുവിളികളെ കുറിച്ചും അടയാളപ്പെടുത്തിക്കൊണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട വീരാന്‍കുട്ടിയുടെ ‘ആപ്പ്’, നിസ്സാമുദ്ദീനിന്റെ ‘ഇ-പാന’, ഉണ്ണി ശ്രീദളത്തിന്റെ ‘ഡിജിറ്റല്‍ ഡിവൈഡ്’ എന്നീ കവിതകളെ സിമുലേഷന്‍, മീഡിയ സിദ്ധാന്തം എന്നിവ മുന്നിര്‍ത്തി പഠന വിധേയമാക്കുകയാണിവിടെ.


താക്കോല്‍ വാക്കുകള്‍

അതിയാഥാര്‍ത്ഥ്യം, ഡിജിറ്റല്‍, ഡിജിറ്റല്‍ ഡിവൈസുകള്‍, സോഷ്യല്‍ മീഡിയ, സിമുലാക്ര, സിമുലേഷന്‍, പ്രതീതിയാഥാര്‍ത്ഥ്യം, വെര്‍ച്വല്‍ സ്പെയ്സ്, ഉത്തരാധുനികത, ഡിജിറ്റല്‍ ഡിവൈഡ്, മീഡിയ, വിവരസാങ്കേതികവിദ്യ, സാങ്കേതികത.


ആമുഖം

പാശ്ചാത്യലോകത്ത് അറുപതുകളില്‍ ആരംഭിച്ച ഉത്തരാധുനിക സാമൂഹികാന്തരീക്ഷം കേരളത്തില്‍ തുടക്കം കുറിക്കുവാന്‍ പിന്നെയും മൂന്നുപതിറ്റാണ്ടുകള്‍ വേണ്ടിവന്നു. വ്യാവസായികരംഗത്തും വിവരസാങ്കേതികരംഗത്തുമുണ്ടായ വന്‍ മാറ്റങ്ങളാണ് ഉത്തരാധുനിക സമൂഹികാന്തരീക്ഷം ലോകത്തു സംഞ്ജാതമാകുവാന്‍ കാരണം. സാങ്കേതികരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും ഇന്റര്‍നെറ്റിന്റെ വരവും ലോകത്തെ വന്‍ കുതിച്ചുചാട്ടങ്ങളിലേക്കു നയിച്ചു. തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഇതു കേരളത്തില്‍ പ്രതിഫലിച്ച് തുടങ്ങിയത്. രണ്ടായിരത്തിന്റെ പകുതിയില്‍ കേരളത്തിലാകമാനം ഇന്റര്‍നെറ്റിന്റെ ലഭ്യത വ്യാപകമാവാന്‍ തുടങ്ങി. തുടര്‍ന്നിങ്ങോട്ട് കേരള ജനതയെ സംബന്ധിച്ചിടത്തോളം പുത്തന്‍ ഇലക്ട്രോണിക് യുഗത്തിനുതന്നെ സാക്ഷ്യം വഹിക്കേണ്ടി വന്നു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ തുടങ്ങി. അതിനുശേഷം വന്ന ആന്‍ഡ്രോയിഡ് ഫോണും, നിത്യ ജീവിതത്തില്‍ ഉപയോഗിക്കുവാനായുള്ള നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകളും, ഡിജിറ്റല്‍ ഡിവൈസുകളും ജന ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ARPANET-ല്‍ ആരംഭിച്ച ഇന്റര്‍നെറ്റിന്റെ വേഗത ഇന്ന് 5ജിയും കടന്നു മുന്നേറുകയാണ്. ഇന്റര്‍നെറ്റില്ലാതെ ജീവിക്കുക എന്നത് അസാധ്യമായി മാറിയ ഈ കാലത്തില്‍ വിവരസാങ്കേതികവിദ്യയും ഡിജിറ്റല്‍ലോകവും ചേര്‍ന്ന് രൂപപ്പെടുത്തിയ അതിയാഥാര്‍ത്ഥ്യലോകത്തെ, യഥാര്‍ത്ഥലോകമായി വിശ്വസിക്കുകയാണ് ഇന്നത്തെ ജനത.


അതിയാഥാര്‍ത്ഥ്യം

അതിയാഥാര്‍ത്ഥ്യം എന്നത് അനുകരണത്തിന്റെ ലോകമാണ്. മിഥ്യയോ യാഥാര്‍ത്ഥ്യമോ എന്ന സംശയം ഉളവാക്കുന്ന ഒന്നാണത്. ഫ്രഞ്ച് പോസ്റ്റ്മോഡേൺ തത്വചിന്തകനായ ജീൻ ബോദ്രിയാര്‍ സമകാലീനലോകത്ത് യാഥാര്‍ത്ഥ്യവും പ്രതിനിധാനവും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വരുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. ആധുനികസമൂഹത്തിൽ മാധ്യമങ്ങളും സാങ്കേതികവിദ്യയും യാഥാർത്ഥ്യത്തെ അനുകരിക്കുന്ന പ്രതിരൂപങ്ങള്‍ (Simulacra) സൃഷ്ടിക്കുന്നു, ബോദ്രിയാറിന്റെ അഭിപ്രായത്തില്‍ ഈ അനുകരണ ലോകം ചിലപ്പോൾ യഥാർത്ഥ ലോകത്തെക്കാൾ ശക്തമായ യഥാര്‍ത്ഥ അനുഭവംനല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ലോകത്തെ ഹൈപ്പര്‍ റിയാലിറ്റി (Hyperreality) എന്നു പറയുന്നു. മനുഷ്യർ മാധ്യമങ്ങളാല്‍ സൃഷ്ടിച്ച കൃത്രിമലോകത്തെ യഥാർത്ഥലോകമായി അനുഭവിക്കുന്ന അവസ്ഥയെയാണ് ഹൈപ്പര്‍റിയാലിറ്റി എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. യാഥാർത്ഥ്യത്തിന്റെ അനുഭൂതി പകരുന്ന അല്ലെങ്കിൽ അതിനേക്കാൾ ശക്തമായി മനുഷ്യരെ സ്വാധീനിക്കുന്ന ചിത്രങ്ങൾ, ചിഹ്നങ്ങൾ, സിമുലേഷൻ എന്നിവ നല്‍കുന്ന അവസ്ഥയാണിത്. ഹൈപ്പർറിയാലിറ്റി യാഥാർത്ഥ്യത്തിന്റെ പരിധികളെ വെല്ലുവിളിക്കുകയും ആധുനിക സമൂഹത്തില്‍ സത്യത്തിനുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.


പോസ്റ്റ്മോഡേൺ ലോകത്ത് യാഥാര്‍ത്ഥ്യവും പ്രതിനിധാനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി എന്നുതന്നെ പറയാം. ബോദ്രിയാർ തന്റെ പ്രധാന കൃതിയായ സിമുലാക്ര ആന്റ് സിമുലേഷ (Simulacra and Simulation, 1981) നില്‍ ഈ അവസ്ഥയെ വിശദീകരിക്കുന്നണ്ട്. സിമുലേഷന്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതല്ല, മറിച്ച് യാഥാര്‍ത്ഥ്യത്തെ നിശ്ചയിക്കുന്നതാണ്. ഹൈപ്പർറിയാലിറ്റി യാഥാർത്ഥ്യം ഇല്ലാതായ ലോകത്താണ് സൃഷ്ടിക്കപ്പെടുന്നത്. സിമുലേഷനുകൾ തന്നെ നമ്മുടെ അനുഭവത്തെയും ആഗ്രഹത്തെയും രൂപപ്പെടുത്തുന്നു. ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ചയോടെ സിമുലേഷനും വെര്‍ച്വല്‍ റിയാലിറ്റിയും മനുഷ്യരുടെ അനുഭവത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. മീഡിയയും സാങ്കേതികവിദ്യയും ചേര്‍ന്ന് കൃത്രിമ ലോകം സൃഷ്ടിക്കുകയും മനുഷ്യരെ അതിനുള്ളില്‍ ഉൾപ്പെടുത്തുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യവും കൃത്രിമലോകവും തമ്മിലുള്ള അതിരുകൾതന്നെ ഇല്ലാതാകുന്നു. മാസ് മീഡിയ, സിനിമകൾ, ടെലിവിഷൻ എന്നിവയും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ബോദ്രിയാർദിന്റെ അഭിപ്രായത്തിൽ, മാധ്യമങ്ങൾ വഴി നിർമ്മിക്കപ്പെട്ട യാഥാർത്ഥ്യം (Mediated Real) അഥവാ ഹൈപ്പർറിയൽ, സാങ്കേതികമായി വികസിച്ച നമ്മുടെ സമൂഹത്തിൽ യഥാർത്ഥമായ യാഥാർത്ഥ്യത്തെ വലിയതോതിൽ മാറ്റിസ്ഥാപിച്ചിരിക്കുന്നു. കാരണം നമ്മൾ കാണുന്നതെല്ലാം മാധ്യമങ്ങൾ മിഥ്യ ചാലിച്ച് രൂപപ്പെടുത്തിയതാണ്. “ടിവിയാണ് സത്യം സൃഷ്ടിക്കുന്നത്” എന്ന ബോദ്രിയാർ നിരീക്ഷണം അവിടെ “സത്യം തന്നെയാണ് ടിവി” എന്നതിലേക്ക് മാറുന്നു (1981:145). Simulacra and Simulations എന്ന ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന “സിമുലാക്ര” എന്നത് യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനങ്ങളാണ്. എന്നാൽ അതിൽ യാഥാര്‍ത്ഥ്യം ഇല്ലാതെയായിരിക്കുന്നു. ബോദ്രിയാറിന്റെ അഭിപ്രായത്തിൽ ഇന്ന് യാഥാർത്ഥ്യത്തെയും വ്യാജത്തെയും തമ്മിൽ വേര്‍തിരിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നമ്മുടെ സമൂഹം അനുകരണങ്ങളുടേതാണ്. അതിനാൽ, ഇപ്പോൾ യാഥാർത്ഥ്യവും സിമുലാക്രയും തമ്മിൽ വേർതിരിച്ചറിയുന്നത് അസാധ്യമായി മാറിയിരിക്കുന്നു.

ബോദ്രിയാർ യാഥാര്‍ത്ഥ്യത്തെയും അതിന്റെ പ്രതിനിധാനങ്ങളെയും നാല് ഘട്ടങ്ങളായി തിരിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ്. ഇത് യാഥാർത്ഥ്യത്തെ നിഷ്പക്ഷമായി പകർന്നുകാട്ടുന്നു. രണ്ടാംഘട്ട പ്രതിഫലനമായി പറയുന്നത് യാഥാര്‍ത്ഥ്യത്തിന്റെ തകർച്ചയെയാണ്. ഈ ഘട്ടം യാഥാർത്ഥ്യത്തെ വളച്ചുകാട്ടുന്നു. മൂന്നാമതായി സിമുലേഷൻ ഘട്ടം. ഇവിടെ യാഥാർത്ഥ്യം ഇല്ലാതെയാവുകയും വെറും പ്രതിനിധാനം മാത്രമായി മാറുകയും ചെയ്യുന്നു. പിന്നീട് ആ പ്രതിനിധാനം യാഥാര്‍ത്ഥ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഹൈപ്പർറിയാലിറ്റിയില്‍ യാഥാർത്ഥ്യത്തിന് മുൻപേ സിമുലേഷൻ സൃഷ്ടിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഇവിടെ യാഥാര്‍ത്ഥ്യത്തിന്റെ സ്വാധീനം പൂര്‍ണമായും ഇല്ലാതാവുന്നു.


ഹൈപ്പർറിയാലിറ്റിയിൽ യാഥാര്‍ത്ഥ്യവും പ്രതിനിധാനവും തമ്മിലുള്ള ഭേദം ഇല്ലാതാകുകയും സിമുലേഷൻ സ്വയം “യഥാർത്ഥമായതായി” തോന്നുകയും ചെയ്യുന്നു. ടെലിവിഷൻ, സിനിമ, സോഷ്യൽ മീഡിയ, വെർച്വൽ റിയാലിറ്റി എന്നിവ ഹൈപ്പർറിയാലിറ്റിയുടെ ഉദാഹരണങ്ങളാണ്. ബോദ്രിയാർ ഈ സിമുലേഷൻ ലോകത്തെ ഉദാഹരിക്കുന്നത് ഡിസ്നിലാന്റ് (Disneyland) എന്ന യാഥാര്‍ത്ഥ്യത്തില്‍ കൂടിയാണ്. യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന ‘അതിയാഥാര്‍ത്ഥ്യ’ അനുഭവം ഡിസ്നിലാന്റ് നല്‍കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, ഇൻസ്റ്റാഗ്രാം, ടിക്‌ടോക് എന്നിവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഐഡന്റിറ്റികൾ യാഥാര്‍ത്ഥ്യവും മിഥ്യയും ചേർന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നു. ഹൈപ്പർറിയാലിറ്റി സിദ്ധാന്തം യാഥാര്‍ത്ഥ്യവും അനുഭവവും തമ്മിലുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുകയും, സിമുലേഷനുകൾ സമൂഹത്തിൽ ചിഹ്നങ്ങളുടെ പ്രാധാന്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടുകൂടി സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളിൽ യാഥാര്‍ത്ഥ്യത്തിന്റെ അഭാവം പ്രകടമാകുന്നു. സിമുലേഷനുകൾ യാഥാര്‍ത്ഥ്യത്തെ അതിലംഘിക്കുന്നതിനോടൊപ്പം, മാധ്യമങ്ങളും ഉപഭോക്തൃസംസ്കാരവും സാങ്കേതികവിദ്യയും ചേര്‍ന്ന് പുതിയകാലത്ത് അനുഭവങ്ങളെ രൂപപ്പെടുത്തുകയാണ് എന്നതും വ്യക്തമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, യാഥാര്‍ത്ഥ്യവും സിമുലേഷനും തമ്മിലുള്ള ഭേദം കുറഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം.

The Postmodern Condition (1979) എന്ന കൃതിയിൽ, പോസ്റ്റ്‌മോഡേണിസത്തിന്റെ പ്രധാന ചിന്തകരിൽ ഒരാളായ ലോത്യാര്‍ പോസ്റ്റ്‌മോഡേൺ കാലഘട്ടത്തിൽ അറിവ് (Knowledge) അടിസ്ഥാനപരമായ വിവരമായി മാറുന്നതായി പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ വിവരങ്ങൾ വളരെ വേഗത്തില്‍ ലഭ്യമാകുന്നു. എന്നാൽ വര്‍ഷങ്ങള്‍ക്കു മുന്‍പ് അറിവ് നേടാൻ വലിയ പരിശ്രമവും സ്ഥിരതയും ആവശ്യമായിരുന്നു. ഇന്ന് പഠനത്തിലൂടെ അറിവ് സമ്പാദിക്കുന്നതിനുപകരം, നമുക്ക് ആവശ്യമുള്ള വിവരങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ പുസ്തകത്തിലൂടെ അദ്ദേഹം ഓരോ കാലഘട്ടത്തെയും അതിയാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തുന്നത് ഇപ്രകാരമാണ്. ആദ്യഘട്ടമായ സിമുലാക്ര പ്രീമോഡേൺ കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് യാഥാര്‍ത്ഥ്യത്തിന്റെ ഒരു പകർപ്പായി നിലകൊള്ളുകയും ചെയ്യുന്നു. രണ്ടാമത്തെ ഘട്ടം വ്യവസായവിപ്ലവവുമായി ബന്ധപ്പെട്ടതാണ്. ഇത് വൻതോതിലുള്ള ഉൽപ്പാദനത്തിലേക്ക് നയിക്കുകയും, അതിന്റെ ഫലമായി പകർപ്പുകളും അനുകരണങ്ങളും ഉണ്ടാകുകയും ചെയ്തു. യാഥാര്‍ത്ഥ്യത്തെ അത്രയും നന്നായി അനുകരിക്കുന്നതിനാൽ, ഈ അനുകരണം യാഥാര്‍ത്ഥ്യത്തെ തന്നെ മാറ്റിസ്ഥാപിക്കുന്നതിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നു. മൂന്നാമത്തെ ഘട്ടം പോസ്റ്റ്‌മോഡേൺ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ യാഥാർത്ഥ്യം പ്രതിനിധാനങ്ങൾ കൊണ്ടാണ് നിർണ്ണയിക്കപ്പെടുന്നത്. യാഥാർത്ഥ്യത്തിനും പ്രതിനിധാനത്തിനും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം ഈ ഘട്ടത്തില്‍ അവ കെട്ടുപിണഞ്ഞിരിക്കുന്നു.


ചുരുക്കത്തില്‍ നമ്മൾ നേരിട്ട് യാഥാർത്ഥ്യവുമായി ബന്ധപ്പെടുന്നില്ലെന്നും, മറിച്ച് എല്ലാം പ്രതിനിധാനങ്ങളിലൂടെ മാത്രമാണ് അനുഭവിക്കുന്നതെന്നുമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ബോദ്രിയാർദിന്റെ അഭിപ്രായത്തിൽ, സിമുലേഷൻ തന്നെയാണ് യാഥാർത്ഥ്യം സൃഷ്ടിക്കുന്നത്. സിമുലാക്രകൾ നമ്മൾ അറിയുന്ന യാഥാർത്ഥ്യത്തെ മാറ്റിസ്ഥാപിക്കുന്നു. കൂടാതെ സിമുലേഷൻ യാഥാർത്ഥ്യത്തെ സൃഷ്ടിച്ച് “ഹൈപ്പർറിയാലിറ്റി” എന്ന അവസ്ഥ രൂപപ്പെടുത്തുകയും ചെയ്യുന്നു. മീഡിയ സൃഷ്ടിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളും (Symbols And Signs) യഥാർത്ഥ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു അനുഭവ യാഥാർത്ഥ്യം (Perceived Reality) നിർമ്മിക്കുകയും, ഒടുവിൽ യാഥാർത്ഥ്യത്തെതന്നെ മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. സാങ്കേതികവിദ്യയും മീഡിയയും ആധിപത്യം പുലർത്തുന്ന സമൂഹത്തിൽ ഹൈപ്പർറിയാലിറ്റി, യാഥാർത്ഥ്യത്തിനും കല്‍പനയ്ക്കും ഇടയിലെ അതിർത്തി മങ്ങിയതാക്കുന്നു എന്നാണ് ബോദ്രിയാറിന്റെ നിഗമനം. ബോദ്രിയാറിന്റെ അഭിപ്രായത്തിൽ ഇന്റർനെറ്റ്, ടെലിവിഷൻ, സിനിമകൾ എന്നിവ ഉൾപ്പെടുന്ന മീഡിയ പോസ്റ്റ്‌മോഡേൺ സമൂഹത്തെ പൂർണ്ണമായി കീഴടക്കി സത്യത്തെ നശിപ്പിച്ചിരിക്കുന്നു. സിമുലാക്രകളാൽ ആളുകൾ എല്ലായ്പ്പോഴും വഞ്ചിക്കപ്പെട്ടിരിക്കുന്നതിനാൽ, സത്യം കണ്ടെത്തുന്നതിൽ അവർക്ക് ഏറ്റവും കുറഞ്ഞ താൽപര്യമാണുള്ളത്.

 

സിമുലാക്ര

ഫ്രഞ്ച് ചിന്തകനായ ബോദ്രിയാറാണ് സിമുലാക്ര എന്ന ആശയത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആധുനിക സമൂഹത്തില്‍ യാഥാര്‍ത്ഥ്യവും അതിന്റെ പ്രതിനിധാനവും തമ്മിലുള്ള വ്യത്യാസം തന്നെ ഇല്ലാതായിരിക്കുന്നു. അതുകൊണ്ടു തന്നെ നാം അനുഭവിക്കുന്നത് യാഥാര്‍ത്ഥ്യലോകത്തെയല്ല മറിച്ച് യാഥാര്‍ത്ഥ്യത്തെ അനുകരിക്കുന്ന ഒരു അതിയാഥാര്‍ത്ഥ്യ ലോകത്തെയാണ്. സിമുലാക്ര ഒരു പകര്‍പ്പായി തോന്നുമെങ്കിലും യാഥാര്‍ത്ഥ്യവുമായി നേരിട്ട് ബന്ധമില്ലാത്ത പ്രതിനിധാനമാണ്. അതായത് യാഥാര്‍ത്ഥ്യം ഇല്ലാതെയും അതിന്റെ പകര്‍പ്പ് മാത്രമായി നിലനില്‍ക്കുന്ന അവസ്ഥ. ബോദ്രിയാർ തന്റെ സിമുലാക്ര ആന്റ് സിമുലേഷന്‍ എന്ന കൃതിയില്‍ സമൂഹം എങ്ങനെ യാഥാര്‍ത്ഥ്യത്തില്‍ നിന്നുമകന്ന് സിമുലേഷനുകളിലേക്കു മാറുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം സിമുലാക്രയെ നാലു ഘട്ടങ്ങളായി തിരിക്കുന്നു.


  1. 1. യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം
  2. 2. യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന ഘട്ടം
  3. 3. യാഥാര്‍ത്ഥ്യം ഇല്ലാത്ത്തിനെ മറയ്ക്കുന്ന ഘട്ടം
  4. 4. യാഥാര്‍ത്ഥ്യമില്ലാത്ത ഒരു പുതിയ സൃഷ്ടി

ഇവിടെ മാധ്യമങ്ങള്‍ Simulacra സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ടെലിവിഷൻ, സിനിമ, സോഷ്യൽ മീഡിയ എന്നിവയിലൂടെ നമ്മൾ കാണുന്നത് യാഥാർത്ഥ്യമല്ല, മറിച്ച് അത് രൂപകൽപ്പന ചെയ്ത പതിപ്പുകളെയാണ്. ഈ സാഹചര്യത്തിൽ മീഡിയ ഒരു ആശയവിനിമയ മാർഗമല്ല, മറിച്ച് പ്രതിനിധീകരണം എന്ന രീതിയിൽ പ്രവർത്തിക്കുന്നു.


വെര്‍ച്വല്‍ സ്പെയിസ്

വെർച്വൽ സ്പെയിസ് എന്നത് സാങ്കേതികവിദ്യയുടെ വികാസത്തോടൊപ്പം രൂപപ്പെട്ട ഒരു പുതിയ സാമൂഹിക-സാംസ്കാരിക മേഖലയാണ്. ഇത് ഭൗതികമായി നിലവിലില്ലെങ്കിലും, മനുഷ്യരുടെ അനുഭവം, ആശയവിനിമയം, ഐഡന്റിറ്റി എന്നിവയെ ശക്തമായി സ്വാധീനിക്കുന്നു. ഇവിടെ പ്രതിനിധാനം യാഥാര്‍ത്ഥ്യത്തെ മാറ്റിനിർത്തുന്നു. പോസ്റ്റ്‌മോഡേൺ ചിന്തകർ ഈ ആശയത്തെ യാഥാര്‍ത്ഥ്യവും സിമുലേഷനും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയാണ് വിശദീകരിക്കുന്നത്. വെർച്വൽ സ്പെയിസ് ഒരു സിമുലേഷൻ ലോകമാണ്. ഇത് യഥാർത്ഥലോകത്തെ അനുകരിക്കുകയല്ല, മറിച്ച് പുതിയ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിൽ അനുഭവങ്ങൾ ‘യാഥാര്‍ത്ഥ്യ’ത്തേക്കാൾ ‘യാഥാര്‍ത്ഥ്യ’മായി തോന്നാം (ഉദാഹരണമായി VR ഗെയിമുകൾ → യഥാർത്ഥ അനുഭവങ്ങളെ മറികടക്കുന്ന അനുഭവങ്ങൾ). വെർച്വൽ സ്പെയിസ് വെറുമൊരു ഉപകരണം മാത്രല്ല. അത് നമ്മുടെ ചിന്തയും തിരിച്ചറിവും മാറ്റുന്ന ഒരു മാധ്യമമാണ്.


ഭൗതികമല്ലാത്തതും, സിമുലേഷൻ അധിഷ്ഠിതമായിരിക്കുന്നതും (Simulation-based), ഇടപഴകാന്‍ അവസരം നല്‍കുന്നതും (Interactive), ഹൈപ്പർറിയൽ അനുഭവം നൽകുന്നതും, വ്യക്തിത്വ കൈമാറ്റം സാധ്യമാക്കുന്നതും വെര്‍ച്വല്‍ റിയാലിറ്റിയുടെ സവിശേഷതകളാണ്. ഇന്നത്തെ ഓണ്‍ലൈൻ ക്ലാസുകൾ, സോഷ്യൽ മീഡിയ ജീവിതം ഇവയെല്ലാം വെർച്വൽ സ്പെയിസിന്റെ ഭാഗമാണ്. അതിനാൽ മനുഷ്യരുടെ സാമൂഹിക ജീവിതം തന്നെ ഡിജിറ്റൽ ലോകത്തിലേക്ക് മാറുന്നു. വെർച്വൽ സ്പെയിസ് ഒരു സാങ്കേതിക ആശയം മാത്രമല്ല, അത് തത്വചിന്താപരവും സാംസ്കാരികവുമായ മാറ്റമെന്ന നിലയില്‍ക്കൂടിയാണ് പുതിയകാലത്ത് അടയാളപ്പെടുന്നത്. ബോദ്രിയാര്‍ പറഞ്ഞതുപോലെ, നാം ഇന്ന് സിമുലേഷനുകളുടെ ലോകത്താണ് ജീവിക്കുന്നത്. അവിടെ യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള ഭേദങ്ങള്‍ ഇല്ലാതെയായിരിക്കുന്നു.


ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ മാധ്യമ സാങ്കേതികവിദ്യകൾ മനുഷ്യരുടെ അനുഭവം, അറിവ്, ആശയവിനിമയം, സംസ്കാരം എന്നിവയെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ മീഡിയാസിദ്ധാന്തം, വെര്‍ച്വല്‍ റിയാലിറ്റി, സിമുലേഷന്‍ എന്നീ ആശയങ്ങൾ നമ്മുടെ സംസ്കാരത്തെയും ജീവിതരീതിയേയും മാറ്റിമറിക്കുന്നതെങ്ങനെയെന്ന അന്വേഷണം പ്രസക്തമാണ്.


മാധ്യമങ്ങളുടെ പ്രസക്തി

മാധ്യമങ്ങള്‍ ഇന്ന് വെറും വിവരങ്ങള്‍ നല്‍കുന്ന ഉപകരണങ്ങള്‍ മാത്രമല്ല. അവ നമ്മുടെ ചിന്ത, വിശ്വാസങ്ങള്‍, പെരുമാറ്റം എന്നിവയെ രൂപപ്പെടുത്തുന്ന ശക്തികളായി മാറിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ലോകം പൂര്‍ണമായി കൈയ്യടക്കി വച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. വ്യക്തികള്‍ക്ക് സ്വന്തം ചിന്തകള്‍ പ്രദര്‍ശിപ്പിക്കുവാനും സ്വാഭിപ്രായങ്ങള്‍ പറയുവാനും സോഷ്യല്‍ മീഡിയയിലൂടെ സാധിക്കുന്നു. എന്നാല്‍ അതിലൂടെ പ്രദര്‍ശിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ ചിലപ്പോള്‍ വില്ലനാകാറുമുണ്ട്. മാധ്യമങ്ങളാണ് ഇന്ന് നാം എന്ത് ശ്രദ്ധിക്കണം ശ്രദ്ധിക്കണ്ട എന്നൊക്കെ തീരുമാനിക്കുന്നത്. മാധ്യമങ്ങള്‍ സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടിയായി മാറുകയും പതിയെ സമൂഹത്തെ ഉരുവപ്പെടുത്തുന്ന ഒരു ശക്തിയായി തീരുകയും ചെയ്യുന്നു.

മീഡിയ രൂപപ്പെടുത്തിയ ലോകത്തുനിന്നും ഡിജിറ്റല്‍ മീഡിയയുടെ ലോകത്തിലേക്കു വരുമ്പോള്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും, മൊബൈല്‍ ആപ്പുകളും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും അടങ്ങുന്ന പുത്തന്‍ മാധ്യമലോകം മനുഷ്യരുടെ ആശയവിനിമയത്തെയും സമൂഹത്തെയും ശക്തമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരം മീഡിയാസങ്കേതങ്ങളുടെ പ്രധാന സവിശേഷത അവയ്ക്കുള്ള ഇന്ററാക്ടിവിറ്റി സ്വഭാവമാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രതികരിക്കുവാനും ആശയവിനിമയം നടത്തുവാനും അവയിലൂടെ കഴിയുന്നു. ഒരു ഉള്ളടക്കം വളരെ വേഗത്തില്‍ ലക്ഷക്കണക്കിനു ആളുകളിലേക്ക് എത്തുന്നു. ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതങ്ങള്‍ ജനങ്ങള്‍ എന്തു കാണണം കാണണ്ട എന്നുവരെ തീരുമാനിക്കുന്നുണ്ട്. പല സോഷ്യല്‍ മീഡിയ സൈറ്റുകളും വ്യക്തിതാല്‍പര്യങ്ങളെ തുടക്കത്തില്‍ തന്നെ മനസിലാക്കി തുടര്‍ന്നുള്ള ഉള്ളടക്കങ്ങളെ അതനുസരിച്ച് ഫില്‍റ്റര്‍ ചെയ്യപ്പെടുന്ന വിധമാണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.

 

അതിയാഥാര്‍ത്ഥ്യം സോഷ്യല്‍ മീഡിയയില്‍

പി. എ. നിസ്സാമുദ്ദീന്‍ 2023ല്‍ എഴുതിയ കവിതയാണ് ‘ഇ- പാന’. രണ്ടുകാലഘട്ടങ്ങളിലെ മനുഷ്യന്റെ ചിന്തകളെ താരതമ്യം ചെയ്യുകയാണ് ഈ കവിതയിലൂടെ. ഈ കാലഘട്ടം പൊതുവേ ടെക്നോളജിയുടെ അതിപ്രസരത്തിലാണ് നിലനില്‍ക്കുന്നത്. അത്തരം ടെക്നോളജിയുടെ സ്വാധീനം മനുഷ്യജീവിതത്തെ എങ്ങനെ അടിമുടി മാറ്റുന്നു എന്ന ചിന്ത കവിത മുന്നോട്ട് വയ്ക്കുന്നു. പ്രാചീന കവികള്‍ ജീവിതത്തിന്റെ ദുഃഖത്തില്‍ നിന്നും രക്ഷനേടുവാന്‍ സര്‍വ്വവും ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടുമാണ് കവിതകള്‍ രചിച്ചിരുന്നത്. അത്തരം കവിതകളിലൂടെ ദുഃഖത്തില്‍ നിന്നും മുക്തിനേടുവാന്‍ കഴിയുമെന്നുള്ള വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. ഈ വസ്തുതയെ നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്യുകയാണ് ‘ഈ – പാന’ എന്ന കവിത.

 

പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കേരളത്തിലെ ഭക്തകവികളിലൊരാളായ പൂന്താനം ഭാരതീയ ജീവിത ചിന്തയെ ലളിതമായ ശൈലിയിലൂടെ എഴുതിയ കവിതയാണ് ജ്ഞാനപ്പാന. പുത്രനഷ്ടത്താലുള്ള ദുഃഖത്തില്‍ നിന്നും ജീവിതദുഃഖങ്ങളില്‍ നിന്നും മുക്തിനേടാനായിട്ടാണ് ഭഗവാനെ ആരാധിച്ചിരുന്നതെന്നും കവിതയില്‍ പറയുന്നു. അതുപോലെതന്നെ മേല്‍പ്പത്തൂര്‍ ഭട്ടതിരി തന്റെ അസുഖത്തില്‍ നിന്നും മുക്തി നേടുവാനായിട്ടാണ് സ്തോത്രങ്ങള്‍ രചിച്ചിരുന്നതെന്നും അതിനെത്തുടര്‍ന്ന് സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ പക്ഷപാതം അകറ്റിയെന്നും മറ്റുമുള്ള വിശദീകരണങ്ങളും കവിതയില്‍ കാണാനാവും. അല്‍ബുസരി എന്ന താപസന്‍ അര്‍ബുദ എന്ന കീര്‍ത്തനം പാടി തന്റെ മാറാദീനം മാറ്റി എന്നും കവിതയില്‍ പറയുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങളൊക്കെയും ദൈവത്തില്‍ അര്‍പ്പിച്ച് കലയിലൂടെ അവര്‍ അത്തരം ദുഃഖങ്ങളില്‍ നിന്ന് മുക്തി നേടുകയാണ്. ഇതാണ് കവിതയുടെ ഒന്നാം ഭാഗം. ജീവിതത്തില്‍ മനുഷ്യനു ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ പലരും സാഹിത്യത്തിലും കലയിലും ഭക്തിയിലും അഭയം പ്രാപിക്കുന്നത് പണ്ടുകാലത്ത് സ്വാഭാവികമായിരുന്നു. അത്തരത്തില്‍ വായനയും കലയുമെല്ലാം മനുഷ്യനു ശാന്തി നല്‍കാറുമുണ്ടായിരുന്നു.

 

കവിതയുടെ രണ്ടാം ഭാഗത്തിലേക്കു വരുമ്പോള്‍ നിലവിലെ മനുഷ്യര്‍ക്കു ശാരീരിക ബലക്ഷയവും മാനസിക വിഷാദവും നന്നായി ബാധിച്ചിരിക്കുന്ന വേളയില്‍ വിഷാദരോഗങ്ങളില്‍ നിന്നും മുക്തിനേടുവാനായി അവര്‍ പോകുന്നത് കാവ്യരചനയിലേക്കോ കലയിലേക്കോ ദൈവത്തിലേയ്ക്കോ അല്ല, മറിച്ച് സാങ്കേതികവിദ്യയുടെ ലോകത്തിലേക്കാണ് എന്നാണ് കവിത പറയുന്നത്. കംമ്പ്യൂട്ടറിലും അതുമായി ബന്ധപ്പെട്ട ഇതര ഡിവൈസുകളിലും അവര്‍ അഭയം പ്രാപിക്കുന്നു. മൗസ് ബട്ടണ്‍ ജപമാല പോലെ ഉഴിയുമ്പോള്‍ സ്ക്രീനില്‍ ദൈവത്തിനു പകരം ഇലന്‍ മാസ്കും, ബില്‍ഗേറ്റ്സും തെളിഞ്ഞു വരുന്നു. മാത്രമല്ല ജീവിത വിജയം കൈവരിച്ച അനേകം വ്യക്തികളുടെ മോട്ടിവേഷന്‍ വീഡിയോകളും വാക്കുകളും തങ്ങളുടെ ദുഃഖത്തില്‍നിന്നും മുക്തിനേടുവാന്‍ അവരെ പ്രാപ്തരാക്കുന്നു. മനുഷ്യര്‍ മാറിയ കാലത്ത് അവന്റെ ചിന്തകളെയും, ആവശ്യങ്ങളെയും മാറിയ കാലത്തിനനുസരിച്ച് തൃപ്തിപ്പെടുത്തുവാന്‍ പ്രാപ്തനാക്കുന്നുവെന്ന് കവിത സ്ഥാപിക്കുന്നു.

 

ഇന്നു സാങ്കേതികവിദ്യയുടെ സ്വാധീനം മനുഷ്യരില്‍ പ്രകടമായി തന്നെ കാണാം. കലയും എഴുത്തും ദൈവവും രണ്ടാംതരക്കാരാവുകയും അവിടെ സാങ്കേതികവിദ്യ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാണാനാവുന്നത്. അതിയാഥാര്‍ത്ഥ്യത്തിന്റെ സ്വാധീനം, സാങ്കേതികവിദ്യയുടെ അതിപ്രസരം എന്നിവ മനുഷ്യനെ എപ്രകാരമെല്ലാം കീഴടക്കുന്നു എന്നതാണ് കവിതയില്‍ പരാമര്‍ശിക്കുന്നത്. നേരിട്ടുള്ള ഒന്നിനേയും ഇന്നു ജനം കാണുന്നില്ല ശ്രദ്ധിക്കുന്നില്ല. എന്നാല്‍ സ്ക്രീനില്‍ തെളിയുന്ന പലതും ആവശ്യത്തിലധികം ഇന്നു മനുഷ്യന്‍ ശ്രദ്ധിക്കുന്നു. അവയെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ദൈവങ്ങളോ കലയോ അവര്‍ക്കു വേണ്ട. പകരം സ്ക്രീനിലൂടെ തെളിയുന്ന ജീവിതവിജയം കൈവരിച്ചതും അല്ലാത്തതുമായ മോട്ടിവേറ്റേഴ്സിന്റെ വാക്കുകളില്‍ അവര്‍ അഭയം കണ്ടെത്തുന്നു. അവിടെ നിന്നും അതിനുള്ള മുക്തി അഥവാ പരിഹാരവും ലഭിക്കുന്നു. ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കാന്‍ അതവരെ പ്രാപ്തരാക്കുന്നതായി അവര്‍ക്കു തോന്നുകയും ചെയ്യുന്നു. സാങ്കേതികവിദ്യ, മീഡിയ ലോകം, റീല്‍സുകള്‍ എന്നിവ ഇന്നത്തെ സമൂഹത്തെ എപ്രകാരമെല്ലം സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണീ കവിത. നമുക്കിന്നു മറ്റൊന്നിനേയും വിശ്വാസമില്ലാതെയായിരിക്കുന്നു. മനുഷ്യന്‍ ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയോ മൊബൈല്‍ ഫോണിനെയോ മാത്രമാണ്. അവ സൃഷ്ടിച്ച് നല്‍കുന്ന അതിയാഥാര്‍ത്ഥ്യലോകത്താണ് അവന്റെ നവ പൂര്‍ണത. കലയും സാഹിത്യവും പോലും ഇന്നു വിപണനം ചെയ്യപ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. വായനയ്ക്കോ നേരിട്ടുള്ള അറിവുല്പാദനത്തിനോ മനുഷ്യന് ഇന്നു സമയമില്ല എന്നതാണു വാസ്തവം. മാധ്യമങ്ങള്‍ ഇന്ന് മനുഷ്യരുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. വാര്‍ത്താപത്രങ്ങള്‍ മുതല്‍ സോഷ്യല്‍മീഡിയ വരെ ഇന്നു മനുഷ്യനെ സ്വാധീനിക്കുന്നു. അവര്‍ സൃഷ്ടിക്കുന്ന ഒരു അതിയാഥാര്‍ത്ഥ്യ ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇന്ന് മാധ്യമങ്ങള്‍ വെറും വിവര വിനിമയ ഉപകരണങ്ങള്‍ മാത്രമല്ല അവ സമൂഹത്തിന്റെ ചിന്താഗതിയെത്തന്നെ രൂപപ്പെടുത്തുന്ന ശക്തികളായി മാറിക്കഴിഞ്ഞു. എന്ത് കാണണം കാണണ്ട എന്നു തീരുമാനിക്കുനതു പോലും സോഷ്യല്‍ മീഡിയകളാണ്. അവര്‍ മുന്‍കൂട്ടി സെറ്റ് ചെയ്തു വച്ചിട്ടുള്ള അല്‍ഗോരിതപ്രകാരമാണ് നമ്മുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലേക്ക് ഉള്ളടക്കങ്ങള്‍ എത്തുന്നത്. നാം ജീവിക്കുന്ന ലോകത്തിന്റെ ഭാഗമല്ല സോഷ്യല്‍ മീഡിയ പകരം സോഷ്യല്‍ മീഡിയയാല്‍ സൃഷ്ടിക്കപ്പെട്ട ഒരു അതിയാഥാര്‍ത്ഥ്യ ലോകത്താണ് നാമിന്ന് അധിവസിക്കുന്നത്. യാഥാര്‍ത്ഥ്യലോകത്താണോ അതോ സോഷ്യല്‍ മീഡിയ ഉരുവപ്പെടുത്തിയ അതിയാഥാര്‍ഥ്യലോകത്താണോ നാം ജീവിക്കുന്നത് എന്ന ആശയക്കുഴപ്പത്തിലാണ് ഇന്നിന്റെ ജനത.

 

അതിയാഥാര്‍ത്ഥ്യം നിത്യ ജീവിതത്തിലേക്കെത്തുമ്പോള്‍

മാതൃഭൂമി ആഴ്ചപതിപ്പില്‍ 2022 ഡിസംബര്‍ ലക്കത്തില്‍ വീരാന്‍കുട്ടി എഴുതിയ കവിതയാണ് ‘ആപ്പ്’. പേരു സൂചിപ്പിക്കുന്നതുപോലെ ആപ്ലിക്കേഷന്റെ ചുരുക്കരൂപമാണ് ആപ്പ് (App). സാങ്കേതികവിദ്യ ഇന്ന് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ ജീവിതചര്യയും അതിനനുസരിച്ച് നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു. ഇന്ന് ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകളുടെ ലോകത്താല്‍ മനുഷ്യന്‍ ചുറ്റപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ ലോകത്തു കഴിഞ്ഞ മനുഷ്യന്‍ ഇന്നു വിവരസാങ്കേതികവിദ്യയും ഇന്റര്‍നെറ്റും, ഫോണും, മറ്റു ഇലക്ട്രിക് ഉപകരണങ്ങളുമുള്ള ഒരു അതിയാഥാര്‍ത്ഥ്യ ലോകത്താണ് ജീവിക്കുന്നത്.

 

കവിതയിലെ നായകനും അത്തരത്തില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അതിയാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് എത്തിച്ചേരുന്നു. യാഥാസ്ഥിതിക ലോകത്തു വസിച്ചുകൊണ്ടിരുന്ന നായകന്‍ ഫോണിന്റെ അമിത ഉപയോഗം കാരണം മറ്റൊരു ലോകത്ത് എത്തിച്ചേര്‍ന്നതു പോലെയാണ് പെരുമാറുന്നത്. നിലവില്‍ തന്റെ കൈവശമുള്ള ഫോണ്‍ താന്‍ വായിച്ച എതോ പുസ്തകംപോലെ അനുഭവപ്പെടുന്നു. ഈ തോന്നല്‍ അഥവാ പ്രതീതി ഉപേക്ഷിക്കുവാന്‍ തന്റെ കൊച്ചുമകന്‍ ഒരു ഇ-റീഡര്‍ വാങ്ങി നല്‍കുന്നു. എന്നാല്‍ ആ തീരുമാനം അല്ലെങ്കില്‍ പുത്തന്‍ തുടക്കം അദ്ദേഹത്തെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ് ചെയ്യുന്നത്. അതൊരു ഇലക്ട്രോണിക് ഉപകരണമാണെന്ന ചിന്ത അദ്ദേഹത്തിനു പൂര്‍ണമായും ഇല്ലാതാകുന്നു. അദ്ദേഹത്തിന്റെ കംഫര്‍ട്ട് നിലയെ അതാകെ അവതാളത്തിലാക്കുന്നു. അതിയാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരത്തെ അത് ഇല്ലാതാക്കുന്നുണ്ടെങ്കിലും പുസ്തകത്തിലെ താളുകള്‍ മറിച്ചു ശീലിച്ച നായകന് ടെക്നോളജിയുടെ വരവോടുകൂടി അതുമായി പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ലെന്നു കാണാം. അദ്ദേഹത്തിനു ഭ്രാന്തായോ എന്നുപോലും പലരും സംശയിക്കുന്നു. വെര്‍ച്വല്‍ സിക്ക്നെസ്സ് എന്ന അവസ്ഥയിലേക്കാണ് പിന്നീട് അദ്ദേഹം പതിയെ എത്തിപ്പെടുന്നത്.

അദ്ദേഹത്തിന്റെ ഈ അവസ്ഥയ്ക്കു കവി മറുപടി നല്‍കുന്നത് പരിണാമം എന്ന സംജ്ഞയിലൂടെയാണ്. വാല്‍ മുറിച്ച് മുറിച്ച് ഓരോതവണയും ലോകത്തെയും അതിലെ പ്രശ്നങ്ങളെയും അതിജീവിച്ച് മുന്നേറി ഇന്നത്തെ മനുഷ്യനായി തീര്‍ന്നതു പോലെ, ഈ സാങ്കേതിക വിദ്യകളെയും നൂതന മാറ്റങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഒരാളാണ് കവിതയിലെ നായകന്‍. ഈ അവസ്ഥയെ ആപ്പിനിടയില്‍ വാല്‍ കുരുങ്ങിപ്പോയ കുരങ്ങന്റെ കഥയോടെല്ലാം കവി ഉപമിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം കവിത അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്, “ഇ- റീഡറുമായി സമരസപ്പെടുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ അതിനു പരിഹാരവുമായി അതിനെ വെല്ലുന്ന മറ്റൊരു കണ്ടുപിടിത്തവുമായി മനുഷ്യന്‍ അവതരിക്കും. അങ്ങനെയാണ് മനുഷ്യന്റെ മുന്നേറ്റം സംഭവിച്ചിട്ടുള്ളത്”. ടെക്നോളജിയില്‍ അപകതയുണ്ടെങ്കില്‍ അതിനു പരിഹാരമായി അല്ലെങ്കില്‍ അതിനെക്കാള്‍ മികച്ചൊരു കണ്ടുപിടുത്തവുമായി മനുഷ്യന്‍ അവതരിക്കും എന്ന ചിന്തകൂടി കവി നല്‍കുന്നുണ്ട്.

 

ഇവിടെ അതിയാഥാര്‍ത്ഥ്യമേത് യാഥാര്‍ത്ഥ്യമേത് എന്ന ഭേദം നായകനു ലഭിക്കുന്നില്ല. തന്റെ ജീവിതചര്യയില്‍ അദ്ദേഹം പുലര്‍ത്തി വന്ന ശീലങ്ങളെ പെട്ടെന്നു മാറ്റുവാന്‍ പറഞ്ഞാല്‍ ആര്‍ക്കാണ് സാധിക്കുക. അന്നേവരെ പുസ്തകത്തില്‍ മാത്രം വായിച്ചുകൊണ്ടിരുന്ന നായകനോട് ഇനി മുതല്‍ ഇ- റീഡറില്‍ വായിക്കുവാന്‍ ചുറ്റുമുള്ള ലോകം അവസരമൊരുക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടുവാന്‍ അദ്ദേഹത്തിനു കഴിയാതെ വരുന്നു. ഒരു പുസ്തകത്തെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ യാഥാര്‍ത്ഥ്യമായി തോന്നിപ്പിക്കുന്ന അതിയാഥാര്‍ത്ഥ്യലോകമാണ് ഇ – റീഡറിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇപ്രകാരമുള്ള, നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിയാഥാര്‍ത്ഥ്യങ്ങളുടെ ലോകത്താണ് നാം ഇന്നു ജീവിക്കുന്നത്. ഇത് മനുഷ്യനില്‍ യാഥാര്‍ത്ഥ്യമേത് മിഥ്യയേത് എന്നുള്ള ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതുമായി ഇനി പൊരുത്തപ്പെടുവാനേ നമുക്ക് നിവര്‍ത്തിയുള്ളു. കാരണം പഴമയിലേക്കു തിരിച്ചു പോകുവാന്‍ മനുഷ്യര്‍ക്കിനി കഴിയുകില്ല. സാങ്കേതികവിദ്യയുടെ സിമുലാക്രകളുടെ ലോകത്താണ് നാം ഇന്നു അധിവസിക്കുന്നത്. അതുകൊണ്ടാണ് കവി പറയുന്നത് ഈ ഉപകരണവുമായി നാം പൊരുത്തപ്പെട്ടില്ലെങ്കില്‍ അതിനേക്കാള്‍ മികച്ചതും കാര്യക്ഷമതയുള്ളതുമായ ഒരു ഉപകരണം ഡിജിറ്റല്‍ യുഗം സൃഷ്ടിക്കുമെന്ന്.

 

എന്താണ് ഡിജിറ്റല്‍ ഡിവൈഡ് ?

2022ല്‍ ഉണ്ണി ശ്രീദളം എഴുതിയ കവിതയാണ് ‘ഡിജിറ്റല്‍ ഡിവൈഡ്’. പേരു സൂചിപ്പിക്കുന്നത് പോലെ ആധുനിക സാങ്കേതികവിദ്യയെ കുറിച്ചുള്ള അറിവും അതിന്റെ ഉപയോഗത്താല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണീ കവിതയുടെ വിഷയം. സാങ്കേതികവിദ്യയെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഡിജിറ്റല്‍ ഡിവൈഡ്. യാഥാര്‍ത്ഥ ലോകത്തുനിന്നും ടെക്നോളജിയുടെ ലോകത്തിലേക്കെത്തുമ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയാണ് ഡിജിറ്റല്‍ ഡിവൈഡെന്ന കവിത അവതരിപ്പിക്കുന്നത്. ഒടുവില്‍ അതേ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്ന നായകനെയും കവിതയില്‍ കാണാം. പഴയതില്‍ നിന്നും പുതുമയിലേക്കുള്ള മാറ്റം അനിവാര്യമാണ്. എന്നാല്‍ ടെക്നിക്കല്‍പരമായ ഈ മാറ്റം മനുഷ്യരില്‍ അനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് കവിത പറയുന്നു. ഒരു സംസ്കാരത്തില്‍ നിന്നും മറ്റൊരു സംസ്കാരത്തിലേക്കുള്ള മാറ്റമായിട്ടാണ് കവിതയിലെ നായകന്‍ ടെക്നോളജിയുടെ ലോകത്തേക്കു കടക്കുന്നതിനെ കവിത നിരീക്ഷിക്കുന്നത്. അന്നുവരെ കണ്ടുപരിചയച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു അത്ഭുതത്തിന്റെ ലോകത്തിലേക്കയാളെ കൊണ്ടെത്തിക്കുകയാണ് കവിതയില്‍ ടെക്നോളജി.


“ഒരു വരിയും വെട്ടിയതിന്റെ മുറികളില്ല

പണ്ടു പണ്ടാര്‍ന്ന് പിന്നീട് പിന്നീട്

വയിച്ചു നിറയാനുള്ള

ശേഷി(പ്പു)കളില്ല.

ഭയങ്കര സൗകര്യങ്ങള്‍

തൊടുമ്പോള്‍ ഒന്നൊന്നായി മായുന്നു

നിരായുധരായ അടയാളങ്ങള്‍

ഉടഞ്ഞ വരികള്‍

രാവെളുക്കുമ്പോള്‍ ഒഴിഞ്ഞയിടങ്ങള്‍.” (ഉണ്ണി ശ്രീദളം, 2022:18)


ഡിജിറ്റലിന്റെ വരവിനു മുന്നേയും അതിനു ശേഷവും കഥാപാത്രത്തിന്റെ ജീവിതസാഹചര്യം എങ്ങനെയായിരുന്നു എന്ന സൂചനയാണ് വരികല്‍ നല്‍കുന്നത്. പണ്ടുകാലങ്ങളില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലുണ്ടായിരുന്ന തീവ്രത ഡിജിറ്റല്‍ സംവിധാനത്തിലൂടെ നാം പരിചയപ്പെടുന്ന മനുഷ്യര്‍ തമ്മിലുണ്ടാകുന്നില്ല. ഇന്നു നാം സ്മൈലികളുടെ ലോകത്തിലാണ് ജീവിക്കുന്നത്. പരസ്പരം തമ്മില്‍ കാണുമ്പോഴുള്ള ആഭിമുഖ്യം ഒന്നുംതന്നെയും മെസ്സേജുകള്‍ അയക്കുന്നതിലൂടെ ഉണ്ടാകുന്നുമില്ല. സോഷ്യല്‍ മീഡിയകളിലൂടെ പരസ്പരം സന്ദേശങ്ങള്‍ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ ബന്ധങ്ങള്‍ തീവ്രമാകണമെന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


“സ്ക്രീനുകളുടെ ആള്‍മറയ്ക്കിരുപുറവും

പരസ്പരമറിയാതെ

ഒരു വേഗസ്വയംഭോഗത്തിലടങ്ങുന്നു വിരല്‍.” (ഉണ്ണി ശ്രീദളം, 2022:18).


വെര്‍ച്വല്‍ റിയാലിറ്റിയുടെ മറ്റൊരു വശത്തെ ഈ വരികളില്‍ കവി സൂചിപ്പിക്കുന്നു. ഒരു സ്ക്രീനിന്റെ സഹായത്തോടെ ലോകത്ത് ഏതോ ദിക്കിലിരുന്നുകൊണ്ട് രണ്ടുപേര്‍ നടത്തുന്ന പ്രണയത്തിന്റെയും കാമത്തിന്റെയും ചെയ്തികളിലൂടെ യാഥാര്‍ത്ഥ്യമായിട്ടുള്ള പൂര്‍ണത ആ ബന്ധങ്ങള്‍ക്കുണ്ടെന്നു പ്രതീക്ഷിക്കുവാന്‍ മാത്രമേ നമുക്കു സാധിക്കൂ. ഇത്തരത്തില്‍ കവിതയിലുട നീളം സാങ്കേതികത മനുഷ്യ ജീവിതത്തിലുണ്ടാക്കിയ അല്ലെങ്കില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ചാണ് കവിത സംസാരിക്കുന്നത്. ഈ യുഗത്തില്‍ എല്ലാം അവരവരിലേക്കു മാത്രം ഒതുങ്ങിപ്പോകുന്ന പ്രവണത, മനുഷ്യസമൂഹത്തിന്റെ നാശത്തിനു കാരണമാകുന്നു എന്നും കവി സൂചിപ്പിക്കുന്നുണ്ട്.

വേഗതയുടെ ഈ ലോകത്ത് ഇന്നു ഡിജിറ്റല്‍ ഡിവൈസുകളുടെ സഹായമില്ലാതെ ജീവിക്കുക അസാധ്യമാണ്. എന്നാല്‍ അവിടെ സാങ്കേതികയോടുള്ള വെറുപ്പ് കാണിക്കുക എന്നതിനു പകരം അതിനോട് പൊരുത്തപ്പെടുകയെന്ന പ്രായോഗിക നിര്‍ദ്ദേശമാണ് കവി മുന്നോട്ടുവയ്ക്കുന്നത്.


ഉപസംഹാരം

ആധുനികാനന്തര ഡിജിറ്റൽ കാലഘട്ടത്തിൽ മാധ്യമ സാങ്കേതികവിദ്യകൾ മനുഷ്യരുടെ അനുഭവം, അറിവ്, ആശയവിനിമയം, സംസ്കാരം എന്നിവയെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മീഡിയാ സിദ്ധാന്തം, വെര്‍ച്വല്‍ റിയാലിറ്റി, സിമുലേഷന്‍ എന്നീ ആശയങ്ങൾ നമ്മുടെ സംസ്കാരത്തെയും ജീവിതരീതിയേയും തന്നെ മാറ്റി മറിക്കുന്നു. ഇന്ന് അടയാളങ്ങളും ചിഹ്നങ്ങളും ചേര്‍ന്നു രൂപപ്പെടുത്തിയ അതിയാഥാര്‍ത്ഥ്യം യാഥതഥമായ യാഥാർത്ഥ്യത്തെ മാറ്റിസ്ഥാപിച്ചിരിക്കുകയാണ്. സിമുലേഷൻ യാഥാർത്ഥ്യത്തിന്റെ സ്ഥാനം കൈവശപ്പെടുത്തുകയും ടെക്നോളജിയിലുണ്ടായ വിപ്ലവം ജനങ്ങളെ ആകെ മാറ്റിമറിക്കുകയും ചെയ്തു എന്നു തന്നെ പറയാം. വായന, കല, പഠനം, പ്രണയം, നിത്യജീവിത സാഹചര്യങ്ങള്‍ ഇവയിലെല്ലാം ഡിജിറ്റലൈസേഷന്റെ സ്വാധീനം പ്രകടമായി കാണാം. ഇത്തരം മാറിയ സാഹചര്യങ്ങള്‍ നിത്യജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു, അതിനോട് ജനം എങ്ങനെ പ്രതിഫലിക്കുന്നു എന്ന ചിന്തയാണ് ആധുനികാനന്തര കവികളായ വീരാന്‍കുട്ടി, പി. നിസ്സാമുദ്ദീന്‍, ഉണ്ണി ശ്രീദളം എന്നിവര്‍ തങ്ങളുടെ കവിതകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇതു ഡിജിറ്റല്‍ യുഗമാണ് ഇവിടെ നിന്നൊരു തിരിച്ചു പോക്ക് അസാധ്യമാണ്, അതുകൊണ്ടുതന്നെ മാറിയ ഈ യുഗത്തിനനുസരിച്ച് നാം മാറുക എന്ന പ്രായോഗിക നിര്‍ദ്ദേശത്തെയാണ് ഒരേസമയം നവ ഡിജിറ്റല്‍ കാലത്തിന്റെ വെല്ലുവിളികളോടൊപ്പം ഈ കവികളും അവരുടെ കവിതകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്.


ഗ്രന്ഥസൂചി

  1. പോള്‍ എം.എസ്സ്., ഉത്തരാധുനിക കവിതാ പഠനങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2016.
  2. Jean Baudrillard, Simulacra and Simulation, Semiotext, Toront, 1981.
  3. Jean- Francois Lyotard, The Postmodern Condition, University of Minnesota Press, Minneapolis, 1979.

ആനുകാലികങ്ങള്‍

  1. മാതൃഭൂമി, ലക്കം 40, ഡിസംബര്‍ 2022.
  2. മാതൃഭൂമി, ലക്കം 11, മെയ് 2022.
  3. മാതൃഭൂമി, ലക്കം 11, മെയ് 2023.

About the researcher:

അമൃതലക്ഷ്മി എം. ടി.
ഗവേഷക
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം

 

E-mail: lekshmiamritha94mt@gmail.com

Mob: 8281029149

4.5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments

Subscription Form

Fill out the form below and pay subscription fee to subscribe our journal's printed edition for one year. (You need to pay Rs. 1200 for One Year Subscription. You will get 4 Issues in one year with Paperback Printing and Perfect Binding features)