» ജിഷാന ഷിറിൽ കെ.
ID: MRK0023
Published on January 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
യഥാർത്ഥത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ ചിത്രീകരണം സിനിമയിൽ എപ്രകാരം ആണെന്നും കുറ്റവാളികളെ ഏത് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും പരിശോധിക്കുകയാണ് പ്രബന്ധം ചെയ്യുന്നത്. കുറ്റവാളികളെ നായകപദവിയിലേക്ക് ഉയർത്തുന്ന സിനിമകൾ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ആഖ്യാനരീതികൾ, ജീവിതത്തില്‍ വില്ലന്‍മാരായ വ്യക്തികള്‍ നായക കഥാപാത്രങ്ങളായി മുൻനിരതാരങ്ങൾ അവതരിപ്പിക്കുമ്പോൾ സിനിമയുടെ വാണിജ്യതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കടന്നു വരുന്ന രാഷ്ട്രീയ–സാമൂഹികമാനങ്ങൾ എന്നിവ മാധ്യമപഠനത്തിലെ പ്രാതിനിധ്യ സിദ്ധാന്തം (Representation Theory) മുന്‍നിര്‍ത്തി പരിശോധിക്കുന്നു. പ്രധാനമായും ‘ക്രൈം ഫയൽസ്’, ‘കുറുപ്പ്‘, ‘കളങ്കാവൽ‘ എന്നീ സിനിമകൾ വിശദപഠനത്തിന് വിധേയമാക്കുന്നു.
താക്കോൽവാക്കുകൾ: കുറ്റവാളി, കുറ്റകൃത്യം, യഥാർത്ഥ കുറ്റകൃത്യം, നായകപരിവേഷം.
ആമുഖം
മലയാളസിനിമയിലെ വിവിധ പ്രമേയശൈലികളില്‍ ഒന്നാണ് കുറ്റകൃത്യങ്ങൾ വരുന്ന സിനിമകൾ. ഇതിൽ തന്നെ കുറ്റാന്വേഷണസിനിമകൾക്ക് അതായത് അന്വേഷണാത്മക സിനിമകൾക്ക് വലിയ പ്രേക്ഷകപിന്തുണ തന്നെയുണ്ട്. ഇക്കൂട്ടത്തിൽ തന്നെ പ്രധാനപ്പെട്ടവയാണ് യഥാർത്ഥ കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയ സിനിമകൾ. രാജ്യത്തുനുള്ളിലും വിശേഷിച്ച് കേരളത്തിലും കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ പല സിനിമകൾക്കും ആധാരമായിട്ടുണ്ട്. യഥാർത്ഥത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ ചിത്രീകരണം സിനിമയിൽ എപ്രകാരം ആണെന്നും കുറ്റവാളികളെ ഏത് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും മാധ്യമപഠനത്തിലെ പ്രാതിനിധ്യ സിദ്ധാന്തം (Representation Theory) മുന്‍നിര്‍ത്തി പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിൽ.
പ്രാതിനിധ്യ സിദ്ധാന്തം (Representation Theory )
സ്റ്റുവർട്ട് ഹാൾ 1997 ഇൽ പുറത്തിറങ്ങിയ തന്റെ ‘Representation: Cultural Representations and Signifying Practices’ എന്ന ഗ്രന്ഥത്തിലാണ് ഈ സിദ്ധാന്തം അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ മാധ്യമങ്ങൾ പുനർനിർമിക്കുമ്പോൾ അവിടെ യഥാർത്ഥ സംഭവം അല്ല പകരം മാധ്യമങ്ങൾ നിർമിക്കുന്ന യാഥാർത്ഥ്യമാണ് കാണിക്കുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, representation എന്നത് ഒരു അർത്ഥനിർമ്മാണപ്രക്രിയയാണ് (process of meaning production).ഇവിടെ സിനിമ ഒരു മാധ്യമം ആണെന്നിരിക്കെ നമ്മൾ യഥാർത്ഥ കുറ്റകൃത്യങ്ങൾ കടന്നു വരുന്ന സിനിമയിൽ കാണുന്നത് യാഥാർത്ഥ്യം അല്ല, മറിച്ച് മാധ്യമങ്ങൾ പ്രത്യേകിച്ച് സിനിമ പോലെയുള്ള കച്ചവടമാധ്യമങ്ങള്‍ വാണിജ്യതാല്പര്യം ലക്ഷ്യമിട്ടു നിര്‍മ്മിക്കുന്ന യാഥാർത്ഥ്യം ആണ്. ഈ സിദ്ധാന്തത്തിന്റെ പരിധിയിലേക്ക് യാഥാർത്ഥ കുറ്റകൃത്യങ്ങൾ അനുവര്‍ത്തനമാതൃകയില്‍ അവലംബിച്ചിരിക്കുന്ന സിനിമകള്‍ ഉള്‍പ്പെടുത്തി പരിശോധിക്കാം.
മലയാളസിനിമയിൽ കുറ്റകൃത്യങ്ങൾ പ്രമേയമായി വരുന്ന സിനിമകൾ ധാരാളമായി കാണാനാവുന്നതാണ്. അതിൽ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ പ്രധാന പ്രമേയമാക്കിയോ, പ്രമേയപരാമര്‍ശമായോ കടന്നുവരുന്നു. 2020-ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അഞ്ചാം പാതിരാ’ എന്ന സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സൈക്കോ സൈമൺ എന്ന കഥാപാത്രം തിരുവനന്തപുരം നന്ദൻകോട് എന്ന സ്ഥലത്ത് നടന്ന ഒരു കൂട്ടക്കൊലപാതക്കേസ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ പകർപ്പാണ്. ഇതിന് പുറമെ 2018 –ൽ പുറത്തിറങ്ങിയ മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’ യഥാർത്ഥ സംഭവം ആസ്പദമാക്കിയ സിനിമയാണ്. ഇനി യഥാർത്ഥ കുറ്റകൃത്യങ്ങൾ മുഖ്യപ്രമേയമായ സിനിമകളുടെ വിശദപഠനത്തിലേക്ക് കടക്കാം.
ക്രൈം ഫയൽസ്
സിസ്റ്റർ അഭയ കേസ് ആണ് കെ. മധു സംവിധാനം ചെയ്ത ‘ക്രൈം ഫയൽസ്’ (1999)എന്ന സിനിമക്ക് അവലംബമായ സംഭവം. 1992 മാർച്ച് 27 ന് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പിയുയസ് ടെൻത് കോൺവെന്റ് കിണറിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നു. അന്വേഷണത്തിൽ ആദ്യം ഇത് ആത്മഹത്യയാണെന്നും പിന്നീട് കൊലപാതകമാണെന്നും കണ്ടെത്തി.ഈ കൊലക്കേസുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റർ അഭയ കണ്ടതാണ് കൊലപാതക കാരണം.ഇനി സിനിമയിലേക്ക് വന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് സിനിമയുടെ ക്ലൈമാക്സ്. സിസ്റ്റർ അമലയുടെ മൃതദേഹം കിണറ്റിൽ കാണപ്പെടുകയും അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് കണ്ടെത്തുകയും ചെയ്യുന്നു. പ്രതി എന്ന് സംശയിക്കുന്ന കാളിയാരച്ഛൻ കൊല്ലപ്പെടുകയും യഥാർത്ഥ പ്രതി കാളിയാരച്ഛന്റെ സഹോദരൻ പത്രോസ് ആണെന്ന് തെളിയുകയും ചെയ്യുന്നു. സ്വത്തുക്കൾ നഷ്ടമാവാതെ ഇരിക്കാൻ വേണ്ടിയാണ് പത്രോസ് ഇത് ചെയ്തത് എന്നാണ് സിനിമയിൽ കാണിക്കുന്നത്. ഇത് യഥാർത്ഥ സംഭവത്തിൽ നിന്ന് വ്യത്യസ്തമാണ്. അധികാരത്തിൽ ഇരിക്കുന്നവരെ അധികാരം കയ്യാളുന്നവരെ പ്രതിയായി ചിത്രീകരിക്കാൻ സിനിമ മടിക്കുന്നു. യഥാർത്ഥ സംഭവത്തിന് വിരുദ്ധമായാണ് സിനിമയുടെ അവസാനം കാണിക്കുന്നത്. കുറ്റം ചെയ്ത ആൾ, എന്ത് കാരണത്താൽ ചെയ്തു എന്നിവയെല്ലാം മാറ്റം വരുത്തിയിരിക്കുന്നു. മതപരമോ സാമൂഹികപരമോ ആയി ഉയർന്നവരെ കുറ്റവാളികളായി ചിത്രീകരിക്കാൻ സിനിമ ശ്രമിക്കുന്നില്ല.ഇത് സത്യത്തെ മറച്ചു പിടിക്കലാണ്. സിനിമയിൽ കുറ്റം ചെയ്ത വ്യക്തി പള്ളീലച്ചനോ പള്ളിയുമായി ബന്ധമുള്ള ആളോ അല്ല. അധികാരത്തോടുള്ള ഭയമോ അല്ലെങ്കിൽ വെള്ളപൂശാനുള്ള ശ്രമമോ ആണ് ഇവിടെ കാണുന്നത്.
സ്റ്റുവർട്ട് പറഞ്ഞ പ്രാതിനിധ്യ സിദ്ധാന്തം അനുസരിച്ചു ഈ സിനിമയിൽ യഥാർത്ഥ സംഭവത്തെ മറച്ചു പിടിക്കുന്നു. അത് അധികാര വർഗ്ഗത്തെ കുറ്റവാളികൾ ആയി ചിത്രീകരിക്കാൻ മടിയായിട്ടാണ് എന്നതും ഇതിലൂടെ മനസ്സിലാക്കാം.
കുറുപ്പ്
കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചലച്ചിത്ര വിതരണക്കമ്പനിയിൽ ജോലി ചെയ്യുന്ന ചാക്കോ എന്നയാളെ ഇയാൾ കൊലപ്പെടുത്തി. ശവശരീരം പെട്രോൾ ഒഴിച്ച് കത്തിച്ചു. താനാണു മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച്, വിദേശത്ത് അയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷ്യറൻസ് പണമായ മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കാൻ ആയിരുന്നു ഈ കൊലപാതകം നടത്തിയത്.ബസ്സ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകി കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ ശവശരീരം സുകുമാരക്കുറുപ്പിന്റെ വീട്ടിൽ കൊണ്ടു വന്നു. ശേഷം മരിച്ചുവെന്ന് ഉറപ്പു വരുത്തി.പിന്നീട് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, വഴിയരികിൽ കാർ നിർത്തിയിട്ട ശേഷം കാർ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ ഒരു റോഡിനടുത്തുള്ള വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനകത്ത് കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.സുകുമാരക്കുറുപ്പ് ഇന്നും പിടികിട്ടാപുള്ളിയായ് തുടരുന്നു. ഇയാളുടെ കൂട്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘കുറുപ്പ്’ സിനിമയിലേക്ക് വരുമ്പോൾ ഒറ്റ നോട്ടത്തിൽ സുകുമാരക്കുറുപ്പിന്റെ കഥയാണ് പറയാൻ ശ്രമിച്ചത് എങ്കിലും ഒരുപാട് കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്.2021ൽ ശ്രീനാഥ് രാജേന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്തത്. ഗോപീകൃഷ്ണക്കുറുപ്പ് എന്ന വ്യക്തിയായിട്ടാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. വിദേശത്തു നിന്നും ലഭിക്കേണ്ട ഇൻഷ്യറൻസ് തുക ലഭിക്കാൻ വേണ്ടി ചാർളി എന്ന സിനിമാവിതരണക്കമ്പനി ജീവനക്കാരനെ കുറുപ്പും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തുന്നു.ഇതിന് ശേഷം കുറുപ്പ് വിദേശത്തേക്ക് കടന്ന് പുതിയ ഐഡന്റിറ്റിയിൽ ജീവിക്കുന്നു എന്നുള്ള രീതിയിൽ ആണ് സിനിമ അവസാനിക്കുന്നത്.യഥാർത്ഥ സംഭവത്തിൽ നിന്ന് വളരെയധികം കൂട്ടിചേർക്കലുള്ള ഒരു സിനിമയാണ് കുറുപ്പ്. യഥാർത്ഥ സുകുമാരക്കുറുപ്പ് ഒരിക്കലും ഒരു ഹീറോ അല്ല. അയാൾക്ക് ഒരു കുറ്റവാളിയുടെ പരിഗണന മാത്രം നൽകിയാൽ മതി എന്നിരിക്കെ സിനിമ ഒരു ഹീറോ പരിവേഷം ആണ് കുറുപ്പിന് നൽകുന്നത്. ഡ്രസ്സിങ് സ്റ്റൈൽ, ഹെയർ സ്റ്റൈൽ, മാസ്സ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകൾ, കുറുപ്പിന്റെ പ്രണയരംഗങ്ങൾ എന്നിവയെല്ലാം തന്നെ ഈ കഥാപാത്രത്തെ ഒരു ഹീറോ തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ഈ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുമ്പോളും സ്റ്റുവർട്ടിന്റെ സിദ്ധാന്തം ശെരിയാണെന്ന് തെളിയുന്നു.
യഥാർത്ഥത്തിൽ നടന്നതിനെ മാറ്റി നിർത്തി പുതിയ യാഥാർത്ഥ്യം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. കുറ്റവാളി മാത്രമായ ഒരാളെ നായകപദവിയിലേക്ക് ഉയർത്തുന്നത് പോലും ഇതിന്റെ ഭാഗമായിട്ടാണ്.യഥാർത്ഥകഥയിൽ ആദ്യം മരിച്ച ആളുകളുടെ മൃതദേഹങ്ങൾ എടുത്തു കത്തിച്ച് കുറ്റകൃത്യം നടത്താൻ ആയിരുന്നു പദ്ധതി. എന്നാൽ അത് നടക്കാതെ വന്നപ്പോൾ കുറുപ്പും സംഘവും ഒരാളെ തേടി ഹൈവേയിലേക്ക് ഇറങ്ങുകയും ലിഫ്റ്റ് ചോദിച്ച ചാക്കോയെ കൊല്ലുകയും ആയിരുന്നു.എന്നാൽ സിനിമയിൽ കുറുപ്പിന്റെ സഹായി ഭാസിപിള്ളയാണ് ഫ്രഷ് മൃതദേഹം കിട്ടിയാൽ പുളിക്കുമോ എന്നുള്ള പറയുന്നത് (കുറുപ്പ്,1:5:48 Hr:Min:Sec) എന്നു ചോദിക്കുന്നത് .സിനിമയിലെ കുറുപ്പിന് ആ അഭിപ്രായത്തോട് വലിയ താല്പര്യം കാണുന്നില്ല.അതു മാത്രമല്ല ചാർളിയെ വണ്ടിയിൽ കയറ്റുമ്പോൾ കുറുപ്പ് ആ പരിസരങ്ങളിൽ ഒന്നുമില്ല എന്നുള്ളതും ശ്രദ്ധേയമാണ്.ഭാസിപ്പിള്ളയാണ് ചാക്കോയെ വണ്ടിയിൽ കയറ്റി കുറുപ്പുള്ള സ്ഥലത്തേക്ക് കൊണ്ടു വരുന്നത്. ശേഷം അവർ അത് കത്തിക്കുന്നു. കുറ്റകൃത്യത്തിൽ കുറുപ്പ് പ്രത്യക്ഷമായി പങ്കെടുക്കുന്നില്ല എന്നുള്ളതാണ് സിനിമയിൽ കാണിക്കുന്നത്. ഇത് തീർത്തും യാഥാർഥ്യത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ്. ഒരു കൊടും കുറ്റവാളിയെ വലിയ താരപരിവേഷം നൽകി അവതരിപ്പിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുകയാണ് സിനിമ.
സിനിമയുടെ അവസാനം കുറുപ്പ് ഒരു അധോലോക രാജാവായി വളർന്നു എന്നുള്ളതാണ് കാണിക്കുന്നത്. ഈ കഥാപാത്രത്തെ വലിയ രീതിയിൽ സെലിബ്രേറ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയുണ്ടായി. കുറുപ്പ് എന്ന് എഴുതിയ ടി ഷർട്ട് ധരിച്ചു സിനിമ പ്രൊമോഷന് സിനിമാ താരങ്ങൾ എത്തുകയുണ്ടായി.കുറുപ്പായി അഭിനയിച്ച ദുൽകർ സൽമാന് വലിയ സ്വീകാര്യതയും സിനിമക്ക് വലിയ വാണിജ്യ വിജയവും ഉണ്ടായി.ഇതിന് കാരണം ഇത്തരത്തിൽ ആ കഥാപാത്രത്തിന് നൽകിയ ഹീറോ പരിവേഷവും കഥാപാത്രത്തിന്റെ മാസ്സ് രംഗങ്ങളും വസ്ത്രധാരണത്തിലും മറ്റുമുള്ള സ്റ്റൈലിഷ് രീതികളും ആണ് എന്ന് പറയാവുന്നതാണ്. റിയലിസ്റ്റിക് ആയി മാത്രം സിനിമ അവതരിപ്പിക്കുകയായിരുന്നു എങ്കിൽ സിനിമ ഇങ്ങനെ ആവുമായിരുന്നില്ല.
സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘എൻ എച്ച് 47’(1984) എന്ന സിനിമ യഥാർത്ഥ കഥയോട് ഏകദേശം സാമ്യമുണ്ട്. സിനിമയുടെ അവസാനം കുറുപ്പ് ജനക്കൂട്ടത്താൽ ശിക്ഷിക്കപ്പെടുന്നതായി കാണിക്കുന്നുണ്ട്.അക്കാലഘട്ടങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ ടി. ജി. രവിയാണ് സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള സുധാകരപിള്ളയായ് അഭിനയിച്ചത്.ഈ കഥാപാത്രത്തിന് സിനിമയിൽ ഹീറോ പരിവേഷം നൽകിയതായി കാണുന്നില്ല. കുറുപ്പ് എന്ന സിനിമയിൽ കുറുപ്പ് എന്ന കഥാപാത്രമായി മലയാള സിനിമയിലെ മുൻനിര നായകരിൽ ഒരാളായ ദുൽകർ സൽമാൻ അഭിനയിച്ചത് നായകൻ–വില്ലൻ വേഷങ്ങളെ കുറിച്ചുള്ള പാരമ്പര്യ ധാരണകൾക്ക് എതിരെ ആണെന്നുള്ളത് ശ്രദ്ധേയമാണ്.
കളങ്കാവൽ
പ്രൈമറി സ്കൂൾ കായികാധ്യാപകനായിരുന്നു മോഹൻ കുമാർ ഒരു പരമ്പര കൊലയാളിയായ(Serial Killer) സയനൈഡ് മോഹൻ ആയി മാറിയ സംഭവം കേരളസമൂഹം ഏറെ ഞെട്ടലോടെ കേട്ടവാര്‍ത്തയാണ്. വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ വശത്താക്കി ക്ഷേത്രത്തിൽ വെച്ചു വിവാഹം കഴിച്ച ശേഷം അവരെ ദൂരെയുള്ള സ്ഥലങ്ങളിലെ ഏതെങ്കിലും ലോഡ്ജിലേക്ക് കൊണ്ടുപോകുന്നു. ഒരു രാത്രി അവരോടൊപ്പം താമസിച്ച ശേഷം തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക് കൊണ്ടു പോയി ഗർഭ നിരോധന ഗുളികയാണെന്ന വ്യാജേനെ അവരെ സയനൈഡ് ചേർത്ത ഗുളികകൾ നല്‍കി കൊലപ്പെടുത്തി അവരുടെ ആഭരണങ്ങളുമായി സ്ഥലം വിടുന്ന ഒരു സീരിയല്‍ കൊലയാളി.ഈ സംഭവം അടിസ്ഥാനമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് 2025 ഇൽ പുറത്തിറങ്ങിയ സിനിമയാണ് ‘കളങ്കാവൽ’. പോലീസ് ഉദ്യോഗസ്ഥനായ സ്റ്റാൻലി ദാസ് ആണ് സിനിമയിലെ പരമ്പര കൊലയാളി.
സ്ത്രീകളെ സ്നേഹം നടിച്ച് കല്യാണം കഴിക്കാം എന്ന് വാഗദാനം നൽകി ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം കൊല്ലുന്നു. ആദ്യം കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുന്ന ഇയാൾ പിന്നീട് സുഹൃത്തിൽ നിന്ന് സയനൈഡിനെ കുറിച്ച് അറിയുകയും ശേഷം സയനൈഡ് ഗുളികകൾ നൽകി കൊലപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ ജയകൃഷ്ണനും സ്റ്റാൻലി എന്ന പോലീസുകാരനായ കൊലയാളി ഒരുമിച്ചു ചേർന്ന് കേസ് അന്വേഷിക്കുന്നതും ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ കൊലപാതകി സ്റ്റാൻലി തന്നെ എന്ന് തിരിച്ചറിയുന്നതുമാണ് സിനിമയുടെ കഥ. ഇവിടെ സിനിമ വാണിജ്യപരമായ് വിജയം കൈവരിച്ചു.
ഒരു കാലത്ത് വില്ലന്മാർ നായകന്മാർ എന്നീ രണ്ട് വിഭാഗങ്ങളായി ആളുകൾ കാറ്റഗറിയായി തിരിഞ്ഞിരുന്നു. വില്ലൻ വേഷങ്ങൾ ചെയ്യുന്നവർ സ്ഥിരം വില്ലൻ വേഷങ്ങൾ മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ അടുത്ത കാലങ്ങളിലായി ആ രീതിക്ക് മാറ്റം സംഭവിച്ചു എന്ന് കാണാം. കളങ്കാവലിലേക്ക് വന്നാൽ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാൻലി എന്ന കഥാപാത്രത്തെ വളരെയധികം സെലിബ്രേറ്റ് ചെയ്യുന്ന രീതിയിൽ ആണ് സിനിമ മുന്നോട്ട് പോകുന്നത്.വലിയ പ്രതീക്ഷകളുമായി കല്യാണം സ്വപ്നം കണ്ട് വീട്ടിൽ നിന്ന് ഇറങ്ങി വന്ന പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുന്നത് കണ്ട് കയ്യടിക്കാൻ പാകത്തിൽ ആ കഥാപാത്രത്തെ സിനിമയിൽ നിർമിച്ചു വെച്ചിട്ടുണ്ട്.കൊല്ലാൻ പോകുന്ന കൊലപാതകിക്ക് വളരെ ലളിതമായ സംഗീതത്തിന്റെ അകമ്പടിയാണ് നൽകുന്നത്. സിനിമയിലെ നിലാകായും വെളിച്ചം എന്ന ഗാനം കൊലയാളിക്ക് വേണ്ടി നിർമിച്ചതാണ്. കൊലപാതകം നടത്താൻ പോകുമ്പോൾ, കൊലപാതകം കഴിഞ്ഞതിനു ശേഷം ഒക്കെ ഈ പാട്ട് കൊലപാതകി ആസ്വദിക്കുന്നുണ്ട്.അവസാനം അന്വേഷണ ഉദ്യോഗസ്ഥൻ കൊലയാളിയെ കണ്ടു പിടിച്ചു എന്ന് കൊലയാളിയെ തന്നെ അറിയിക്കുന്നതും ഈ ഗാനം കേൾപ്പിച്ചു കൊണ്ടാണ്.
പഴയ ഇളയരാജ പ്രണയഗാനങ്ങളോട് സാമ്യമുള്ള അത്തരമൊരു ഗാനം എന്തിനാണ് ഒരു കൊലപാതകിക്ക് വേണ്ടി നിർമിച്ചത്. കൊലയാളിക്ക് ആരോടും പ്രണയമല്ല. അയാളുടെ മാനസിക വൈകൃതമാണ് കൊലപാതകം. അവിടെ പ്രണയമോ സ്നേഹമോ ഇല്ല. അത്തരമൊരു കഥാപാത്രത്തിന് ഇത്തരം ഗാനങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുമോ എന്നുള്ള ആശങ്കക്കിടയാക്കുന്നുണ്ട്.അതുപോലെ സിനിമയിലെ ഇരയാക്കപ്പെടുന്ന സ്ത്രീകളെ കുറിച്ച് അധികമൊന്നും പറഞ്ഞു കണ്ടിട്ടില്ല. യഥാർത്ഥ സയനൈഡ് മോഹൻ സാമ്പത്തികവും സാമൂഹികവും ആയി പിന്നോക്കം നിൽക്കുന്ന യുവതികളെയാണ് ലക്ഷ്യം വെച്ചിരുന്നത്. സത്യത്തിൽ അവരുടെ ആ പിന്നോക്കാവസ്ഥയെ അയാൾ മുതലെടുക്കുകയായിരുന്നു. അത്തരം ഡീറ്റൈലിങ്ങുകൾ ഒന്നും തന്നെ സിനിമയിൽ കാണിക്കുന്നില്ല. ജാതിയിൽ പിന്നോക്കം എന്ന് പറയപ്പെടുന്ന സ്ത്രീകൾ ആയിരുന്നു സയനൈഡ് മോഹനന്റെ ഇരകൾ എന്നതും ശ്രദ്ധിക്കണം.എന്നാൽ സിനിമയിൽ പലതരം സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തുന്നു.അതിൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ഉള്ളവരും ഇല്ലാത്തവരും, ജാതീയമായും സാമൂഹികപരമായും ഉയർന്നവർ എന്ന് വിളിക്കപ്പെടുന്നവരും താഴ്ന്നത് എന്ന് വിളിക്കപ്പെടുന്നവരും ആയ സ്ത്രീകൾ ഉൾപ്പെടുന്നു. ഇവിടെ യഥാർത്ഥ കഥയിൽ നിന്ന് വ്യത്യാസം കാണുന്നു. യഥാർത്ഥ സയനൈഡ് മോഹന്റെ ഇരകൾ ജീവിക്കാൻ ബുദ്ധിമുട്ടുന്ന സാമൂഹികവും സാമ്പത്തികവും ആയി പിന്നോട്ട് നിൽക്കുന്നവർ ആയിരുന്നു. അവർക്ക് അയാൾ നൽകിയ പ്രതീക്ഷ ജീവിക്കാൻ ഉള്ളതായിരുന്നു. ആ പ്രതീക്ഷയെ അയാൾ മുതലെടുത്തു.എന്നാൽ സിനിമയിൽ പലതരം സ്ത്രീകൾ കടന്നു വരുന്നു. അതിൽ സാമ്പത്തികം,ജാതി എന്നീ ഘടകങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ല. അത്തരമൊരു ചിത്രീകരണം ഇരയാക്കപ്പെട്ട സ്ത്രീകളെ മോശമായി വായിക്കാനും ഇടയാക്കും. കൊലയാളിയുടെ രൂപവും പെരുമാറ്റവും കണ്ട് സ്ത്രീകൾ ആകർഷിക്കപ്പെടുന്നു എന്ന രീതിയിൽ വായിക്കപ്പെടാം.അത് യഥാർത്ഥ കഥയിൽ നിന്ന് വ്യത്യാസപ്പെടുന്നു.
പ്രാതിനിധ്യ സിദ്ധാന്തത്തെ പറഞ്ഞുറപ്പിക്കുന്ന മറ്റൊരു സിനിമയാണ് ‘കളങ്കാവൽ’. ഇവിടെ യഥാർത്ഥ സംഭവം അല്ല, മറിച്ച് സ്റ്റുവർട്ട് പറയുന്നത് പോലെ മാധ്യമം നിർമിച്ചെടുത്ത യാഥാർത്ഥ്യം ആണ് കാണിക്കുന്നത്. യഥാർത്ഥത്തിൽ നടന്നതിൽ നിന്ന് വ്യത്യസ്തമായി പുതിയ ഒന്നിനെ രൂപപ്പെടുത്തിയെടുക്കുന്നു.എന്തുകൊണ്ട് സ്ത്രീകൾ യഥാർത്ഥ കൊലയാളിയുടെ ഇരകൾ ആയി എന്നത് സിനിമക്ക് വിഷയമായി കാണുന്നില്ല.
ഉപസംഹാരം
യഥാർത്ഥത്തിൽ നടന്ന കുറ്റകൃത്യങ്ങൾ തിരശീലയിൽ എത്തുമ്പോൾ പലതരം തിരുത്തലുകകളും കൂട്ടിച്ചേർക്കലുകളും നടക്കുന്നുണ്ട്. മലയാളത്തിൽ യഥാർത്ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച പല സിനിമകളും പ്രാതിനിധ്യ സിദ്ധാന്തം (Representation Theory ) എന്ന സിദ്ധാന്തത്തിന് പിൻബലം നൽകുന്നതായി കാണുന്നുണ്ട്. യഥാർത്ഥ കുറ്റകൃത്യങ്ങൾ പ്രധാന പ്രമേയമായ് കൈകാര്യം ചെയ്യുന്ന ഇത്തരം സിനിമകൾ പൊതുവെ കുറവാണ്. ഉള്ള സിനിമകൾ അതിൽ പുതിയ യാഥാർത്ഥ്യം നിർമിച്ചെടുക്കുന്നുണ്ട്.
കൊടും കുറ്റവാളികളായി ശിക്ഷിക്കപ്പെട്ട പല വ്യക്തികളെയും സിനിമയിൽ സെലിബ്രേറ്റ് ചെയ്യാനുള്ള സാധ്യത തുറന്നിടുന്നു. ‘കുറുപ്പ്’, ‘കളങ്കാവൽ’ എന്നീ സിനിമകൾ ഉദാഹരണം . ഇത്തരം സെലിബ്രേറ്റ് ചെയ്യലുകൾ യഥാർത്ഥ സംഭവത്തെ മറച്ചു പിടിക്കുന്നു.
തെറ്റുകൾ ചെയ്യുന്ന കുറ്റവാളികൾ പ്രതിനായകർ ആണെന്ന രീതിയിൽ കണ്ടിരുന്ന സിനിമ ഇപ്പോൾ കുറ്റവാളികളെ നായക പദവിയിലേക്ക് ഉയർത്തുന്നു. യഥാർത്ഥ കുറ്റകൃത്യങ്ങൾ നടത്തിയ കുറ്റവാളികൾ സിനിമയില്‍ നായകന്മാരായി മാറുന്നു.
യഥാർത്ഥ പ്രതികള്‍ സിനിമയിൽ എത്തുമ്പോൾ കുറ്റവാളി അല്ലാതായി മാറുന്നു. ‘ക്രൈം ഫയൽ’ എന്ന സിനിമയിൽ പള്ളിയും സഭയുമായി ബന്ധപ്പെട്ട അധികാരം ഇല്ലാത്ത ആളാണ് പ്രതിയായി വരുന്നത്.ഇവിടെ അധികാര വർഗ്ഗത്തെ വിമർശിക്കാനുള്ള വിമുഖത കാരണം യഥാർത്ഥ സംഭവത്തെ തന്നെ വളച്ചൊടിക്കുന്നു.
യഥാർത്ഥ സംഭവങ്ങൾ പ്രധാന പ്രമേയമാകുന്ന സിനിമകൾ മലയാളത്തിൽ എണ്ണത്തിൽ കുറവാണ്. ആ രീതിയിലുള്ള സിനിമകൾ യഥാർത്ഥ സംഭവത്തിൽ നിന്ന് വലിയ വ്യത്യാസത്തിലാണ് കാണപ്പെടുന്നത്. എന്നാൽ കുറ്റകൃത്യങ്ങളെ കുറിച്ച് പരാമർശിക്കുകയും ചെറിയ രീതിയിൽ പറഞ്ഞു പോകുകയും ചെയ്യുന്ന നിരവധി സിനിമകളുണ്ട്.
യഥാർത്ഥ കുറ്റകൃത്യങ്ങൾ തിരശീലയിൽ എത്തുമ്പോൾ വളരെ റിയലിസ്റ്റിക് ആയി കഥ പറഞ്ഞു പോകുമ്പോൾ അത് വാണിജ്യപരമായി വിജയം നേടുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ‘ഒരു കുപ്രസിദ്ധ പയ്യൻ‘ എന്ന സിനിമ യഥാർത്ഥ സംഭവത്തോട് അടുത്ത് നിൽക്കുന്ന സിനിമയാണ്. സിനിമയിൽ വാണിജ്യപരമായ ഘടകങ്ങൾ, മാസ്സ് രംഗങ്ങൾ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകൾ എന്നിവ കുറവാണ്.എന്നാൽ ഇത്തരം ചേരുവകൾ ചേർത്ത യഥാർത്ഥ കുറ്റകൃത്യങ്ങൾ പറയുന്ന സിനിമകൾ വലിയ വിജയം നേടുന്നു.
ഗ്രന്ഥസൂചി
ഉമാദത്തൻ, ബി. ഡോ., ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, ഡി സി ബുക്ക്സ്, കോട്ടയം,2010
ഗോപു, എസ്. ഡോ., സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങൾ,ലോഗോസ് ബുക്ക്സ്,പാലക്കാട്, 2021
Hall,Stuart.Representation: Cultural Representations and Signifying Practices.Sage Publication, 1997
ദൃശ്യസൂചിക
കളങ്കാവൽ (ഇന്ത്യ/മലയാളം/2025/137″), ജിതിൻ കെ ജോസ് (സംവിധാനം), മമ്മൂട്ടി കമ്പനി
കുറുപ്പ് (ഇന്ത്യ/മലയാളം/2021/157″), ശ്രീനാഥ് രാജേന്ദ്രൻ (സംവിധാനം), വേഫാറർ ഫിലിംസ്
ക്രൈം ഫയൽസ് (ഇന്ത്യ/മലയാളം/1999/156″), കെ മധു (സംവിധാനം), എ ജി ക്രീയേഷൻസ്.
വെബ് സൂചിക
ജിഷാന ഷിറിൽ കെ.
ഗവേഷക
മലയാള–കേരളപഠന വിഭാഗം
കാലിക്കറ്റ് സർവകലാശാല
Email: jishanashiril18@gmail.com
Mob: 9496612909
Copyright © 2026 | WordPress Theme by MH Themes
