» സിബിൾ സണ്ണി
ID: MRK0022
Published on January 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ഭാരതത്തിലെ ക്രൈസ്‌തവ മതചരിത്രം ക്രിസ്‌തുശിഷ്യനായ സെന്റ് തോമസിന്റെ ഭാരതാഗമനവുമായി ബന്ധപ്പെട്ടാണ് ആരംഭിക്കുന്നത്. തോമാശ്ലീഹാ അല്ലെങ്കിൽ മാർത്തോമാശ്ലീഹാ എന്ന് വിശ്വാസികൾ വിളിക്കുന്ന സെന്റ് തോമസിൽ തുടങ്ങുന്ന ഭാരത ക്രൈസ്‌തവസഭകളുടെ ചരിത്രം അനേകം പഠനങ്ങളുടെ ഭാഗമായിട്ടുണ്ട്. തോമാശ്ലീഹായുടെ ആഗമനവും തുടർന്ന് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്ന വിശ്വാസസമൂഹവും മറ്റു മേഖലകളിലെന്ന പോലെ കേരളത്തിന്റെ സാംസ്‌കാരിക–ഭാഷ–സാഹിത്യമേലകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാലങ്ങളായി സ്വീകരിച്ചു വരുന്ന വിശ്വാസ ചിന്തകൾ, ആചാരാനുഷ്‌ഠാനങ്ങൾ, കലാരൂപങ്ങൾ, സാഹിത്യകൃതികൾ എല്ലാം തന്നെ ഈ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇത്തരം സാംസ്‌കാരിക ഘടകങ്ങളിൽ പ്രധാനപ്പെട്ടതും സാഹിത്യ–സാംസ്‌കാരിക പഠനങ്ങളുടെ ഭാഗമായി വിലയിരുത്താൻ കഴിയുന്നവയുമായ ഏതാനും മേഖലകളെയാണ് ഈ ലേഖനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
താക്കോൽവാക്കുകൾ: സെന്റ് തോമസ്, സുറിയാനി ക്രിസ്‌ത്യാനികൾ, ചരിത്രം, സംസ്കാരം, കലാസാഹിത്യം, ഭാഷ, ഏഴരപള്ളികൾ, കർസോനി മലയാളം.
സെന്റ് തോമസ്(വിശുദ്ധ തോമാശ്ലീഹാ) ദക്ഷിണ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിൻമുറക്കാരാണ് തങ്ങളെന്ന ബോധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തിന്റെ പൂർവ്വകാലത്തെക്കുറിച്ചു ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. “പാലസ്തീനായിലെ ഗലീലിയിൽ നിന്നുള്ള അദ്ദേഹം, മീൻപിടുത്തക്കാരനായിരുന്നുവെന്ന് സൂചനയുണ്ട്” (യോഹ. 2:1-3). “ഇരട്ടപിറന്നവൻ എന്നർത്ഥമുള്ള ദിദിമോസ് (തോമസ്) എന്ന പേരിലാണ് വിശുദ്ധൻ അറിയപ്പെടുന്നത്” (മർക്കോ 3:13, ലൂക്കാ 6:5). “പന്തക്കുസ്താക്കുശേഷം സെന്റ് തോമസ് പാർത്യ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയും തുടർന്നു ജറുസലേം കൗൺസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മരണം എന്നിവയോടനുബന്ധിച്ചു ജറുസലേമിലേക്കു തിരിച്ചെത്തുകയും ചെയ്‌തുവെന്ന് സൂചനകളുണ്ട്. എ.ഡി. 52 ൽ അദ്ദേഹം ഭാരതത്തിലെത്തി” (ബെയ്‌ലി, 2004:244). മുസിരിസ് (കൊടുങ്ങല്ലൂർ) എന്ന അക്കാലത്തെ പ്രധാന തുറമുഖപട്ടണത്തിലെത്തിയ സെന്റ് തോമസ് സമീപപ്രദേശങ്ങളിൽ ക്രിസ്‌തുസാക്ഷ്യം പ്രഘോഷിച്ച് നിരവധി ജനങ്ങളെ ക്രൈസ്‌തവ വിശ്വാസത്തിലേക്ക് നയിച്ചു. “തോമാശ്ലീഹാ സുവിശേഷപ്രസംഗം നടത്തിയ പ്രദേശങ്ങളിൽ പ്രാദേശികമായ ക്രൈസ്‌തവ സമൂഹങ്ങൾക്കു അടിത്തറയുണ്ടായി. പിന്നീട് മൈലാപ്പൂരിലെത്തി വിശ്വാസ പ്രഘോഷണത്തിലും പ്രാർത്ഥനയിലും മുഴുകിയിരുന്ന ശ്ലീഹായെ ശത്രുക്കൾ കുത്തിക്കൊലപ്പെടുത്തിയെന്നും മൈലാപ്പൂരിൽ സംസ്‌കരിച്ചിരുന്ന അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ എദേസ്സയിലേക്ക് (മെസ്സപ്പൊട്ടാമിയ) കൊണ്ടുപോയി എന്നും വിശ്വസിക്കപ്പെടുന്നു” (മാർക്കോപോളോ, 1293).
സെന്റ് തോമസിന്റെ ഭാരതാഗമനം : ചരിത്രയാഥാർഥ്യങ്ങൾ
ചരിത്രവസ്‌തുതകൾ കൃത്യമായി രേഖപ്പെടുത്തുന്ന രീതിയും അത്തരം രേഖകൾ സംരക്ഷിക്കാനുള്ള മാർഗങ്ങളും ആദ്യകാല ജനസമൂഹങ്ങളിൽ വിരളമായിരുന്നതിനാൽ ചരിത്രരചന ശ്രമകരമാകുന്നു. വാമൊഴികൾ, ഐതീഹ്യങ്ങൾ, സാഹിത്യകൃതികൾ, ഭരണാധികാരികളുടെ രേഖകൾ, സഞ്ചാരികളുടെ ഡയറിക്കുറിപ്പുകൾ എന്നിവയിലെല്ലാം പരാമർശിക്കപ്പെടുന്ന സംഭവവികാസങ്ങളെ കാലഘട്ടത്തിന്റെ സാമൂഹിക–സാംസ്‌കാരിക സാഹചര്യങ്ങളോട് ബന്ധപ്പെടുത്തി വിമർശനാത്മകമായി അപഗ്രഥിച്ചു ചരിത്രവസ്‌തുതകൾ രേഖപ്പെടുത്തുന്ന രീതിയാണ് ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കപ്പെടുന്നത്. “ചരിത്രപരമായ വിവരാന്വേഷണങ്ങൾക്കു ഒരു ജനതയെയും അവരുടെ സമൂഹമനസ്സിലെ വിവരങ്ങളെയും ആശ്രയിക്കാവുന്നതാണ്. സമൂഹത്തിൽ അധികാരവും സ്വാധീനവുമുള്ള വിഭാഗങ്ങൾ ചരിത്രസ്രോതസ്സുകളിൽ തങ്ങളുടെ സാന്നിധ്യവും പ്രാമുഖ്യവും രേഖപ്പെടുത്താൻ ശ്രമിക്കും. ചില വിഭാഗങ്ങളുടെ കാര്യത്തിലാകട്ടെ മഹാനിശബ്ദതയാകും ചരിത്ര വിവരസ്രോതസ്സുകളിലുണ്ടാകുക. പക്ഷെ ആ വിഭാഗങ്ങൾ നിലനിന്നിരുന്നില്ല എന്നതല്ല അതിനർത്ഥം. ഇത്തരത്തിൽ ലിഖിത ചരിത്രസ്രോതസ്സുകളില്ലാത്ത ഈ വിഭാഗങ്ങളുടെ ചരിത്രത്തെ പുനഃസൃഷ്ടിക്കാനുള്ള പരിശ്രമം ചരിത്രകാരന്മാർ നടത്തുന്നത് വംശീയമായ ചരിത്രോപാധികളെ ആശ്രയിച്ചുകൊണ്ടും അതതു ജനതകളെ തന്നെ ചരിത്രപഠനത്തിനുള്ള സുപ്രധാന പ്രാഥമിക സ്രോതസ്സുകളായി കണ്ടുകൊണ്ടുമാണ്” (റവ. ഡോ. പയസ് മലേക്കണ്ടത്തിൽ 2019 ജൂലൈ 4 നു സത്യദീപത്തിൽ എഴുതിയ ‘തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ടോ’ എന്ന ലേഖനം). തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചു വസ്‌തുതാപൂർണമായ നിഗമനങ്ങൾ ചരിത്രകാരന്മാക്കു ഉണ്ടെങ്കിലും ശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന ചുരുക്കം ചില എതിരഭിപ്രായങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ അത്തരം സംശയങ്ങളെ മേൽസൂചിപ്പിച്ച ഉപാദാനങ്ങളെ അപഗ്രഥിച്ചുകൊണ്ട് ദൂരീകരിക്കുവാൻ കഴിയുന്നതാണ്.
1. തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവർത്തനത്തിന്റെ ഏറ്റവും വലിയ തെളിവ് നൂറ്റാണ്ടുകളായി ഭാരതത്തിൽ സജീവമായി നിലനിൽക്കുന്ന മാർത്തോമാ ക്രിസ്‌ത്യാനികളുടെ അസ്തിത്വവും പാരമ്പര്യവുമാണ്. തങ്ങളുടെ വിശ്വാസസമൂഹത്തിൻ്റെ ഉത്ഭവത്തെക്കുറിച്ചു വലിയൊരു ജനസമൂഹം കാലങ്ങളായി വിശ്വസിക്കുന്ന യുക്തിസഹജമായ വസ്‌തുതകളെ നിരാകരിക്കേണ്ട കാര്യമില്ല.
2. ഹിപ്പാലസ് എ. ഡി. 45 ൽ മൺസൂൺ കാറ്റ് കണ്ടുപിടിച്ചത്തോടെ ഇന്ത്യയിലേക്കുള്ള കപ്പൽയാത്ര ത്വരിതപ്പെട്ടു. ചെങ്കടൽ തുറമുഖങ്ങളും അറബിക്കടൽത്തീരവും വഴി റോമാസാമ്രാജ്യവുമായുള്ള വ്യാപാരബന്ധം വർധിച്ചു. നിരവധി കപ്പലുകൾ ഇന്ത്യൻ തീരങ്ങളിലേക്കു എത്തിച്ചേരുവാൻ തുടങ്ങി. ഈ യാത്രാസൗകര്യം തോമാശ്ലീഹായ്ക്കു കൊടുങ്ങല്ലൂരിൽ എത്തിച്ചേരുന്നതിനു സഹായകമായി എന്ന് ചിന്തിക്കുന്നത് യുക്തമാണ്.
3. കേരളത്തിലെ യഹൂദസാന്നിധ്യം തോമാശ്ലീഹായെ ആകർഷിച്ചിരുന്നു. സോളമൻ രാജാവിന്റെ കാലം മുതൽ ഇന്ത്യയും മെഡിറ്ററേനിയൻ രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധമുണ്ടായിരുന്നു. ആദ്യനൂറ്റാണ്ടിൽ തന്നെ കച്ചവടത്തിനായി കേരളത്തിലെത്തിയ ധാരാളം യഹൂദർ കൊടുങ്ങല്ലൂരും പാലയൂരും താമസിച്ചിരുന്നതിനു തെളിവുകളുണ്ട്. യഹൂദരോട് അറമായ ഭാഷയിൽ സംസാരിക്കുന്നതിനും അവർവഴി പ്രദേശവാസികളുമായി ആശയവിനിമയം നടത്തുന്നതിനും തോമാശ്ലീഹായ്ക്കു സാധിച്ചു. എ.ഡി ആദ്യനൂറ്റാണ്ടിൽ അറമായ ഭാഷയ്ക്ക് കേരളത്തിലുണ്ടായിരുന്ന സ്വാധീനം വ്യക്തമാണ്.
4. മൂന്നാം നൂറ്റാണ്ടിൽ സിറിയയിൽ വച്ചു എഴുതപ്പെട്ട അപ്പോക്രിഫൽ ഗ്രന്ഥങ്ങളായ ‘ആദിയായുടെ പ്രബോധന’ത്തിലും ‘തോമായുടെ നടപടി’യിലും ഭാരതത്തിൽ തോമാശ്ലീഹാ നടത്തിയ പ്രേഷിതപ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വവും സവിസ്‌തരം പ്രതിപാദിക്കപ്പെടുന്നു. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട അപ്പോക്രിഫൽ ഗ്രന്ഥമായ ‘തോമായുടെ രക്തസാക്ഷിത്വവിവരണ’ത്തിലും ശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള വിവരണങ്ങൾ കാണാം.
5. ആദ്യനൂറ്റാണ്ടുകളിൽ ക്രൈസ്‌തവസഭയെ ദാർശനികമായി നയിച്ച മാർ അപ്രേം, വി. ഗ്രിഗറി, വി. ആംബ്രോസ്, വി. ജോൺ ക്രിസസ്തോം, ഗൗദെൻസ്യൂസ്, വി ജെറോം, ടൂർസിലെ ഗ്രിഗറി, വി ഇസിദോർ തുടങ്ങിയ സഭാപിതാക്കന്മാർ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനം, രക്തസാക്ഷിത്വം, കല്ലറ എന്നിവയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന സാക്ഷ്യങ്ങൾ.
6. വിശുദ്ധ തോമാശ്ലീഹായുടെ കല്ലറ സ്ഥിതി ചെയുന്ന മൈലാപ്പൂരിലേക്കു സന്ദർശനം നടത്തിയ മാർക്കോപോളോ, മോന്തെ കോർവീനോ, ഒഡെറിക്, മരിഞ്ഞോളി, നിക്കോളോ കോണ്ടി തുടങ്ങിയ സന്ദർശകരുടെ റിപ്പോർട്ടുകൾ.
7. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വം പ്രമേയമാകുന്ന കേരളത്തിൽ വാമൊഴിയായി പ്രചരിക്കുന്ന മാർഗംകളിപ്പാട്ട്, റമ്പാൻ പാട്ട്, വീരടിയാൻ പാട്ട് തുടങ്ങിയ ഗാനരൂപങ്ങൾ.
8. പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനായ വിൻസെന്റ് സ്‌മിത്ത്, നരവംശശാസ്ത്രജ്ഞൻ എഡ്‌ഗാർ തേഴ്സ്റ്റൻ, വിദേശ ചരിത്രപണ്ഡിതരായ നഥാലീസ് അലക്സാണ്ടർ, റാവുലിൻ, കേണൽ യൂൾ, പീറ്റർ ജാറിക്, കേരളത്തിലെ ചരിത്രപണ്ഡിതന്മാരായ കെ. പി.പത്മനാഭമേനോൻ, എ.ശ്രീധരമേനോൻ, കെ.എം. പണിക്കർ കേരള ക്രൈസ്തവസഭാ ചരിത്രപഠിതാക്കളായ ഫാ.ബെർണാദ് തോമാ, പ്ലാഡിസ് പൊടിപ്പാറ, മത്തിയാസ് മുണ്ടാടൻ, ജോർജ് മേനാച്ചേരി തുടങ്ങിയ അനേകം പണ്ഡിതർ ആക്കാദമികമായി ഗവേഷണം നടത്തി വെളിപ്പെടുത്തിയ വസ്‌തുതകൾ.
ഇത്തരം വസ്തുതാപൂർണമായ വിവരങ്ങൾ മാർത്തോമാശ്ലീഹായുടെ ഭാരതസന്ദർശനത്തെയും പ്രേഷിത പ്രവർത്തനത്തെയും ഊട്ടിയുറപ്പിക്കുന്നതാണ്.
ഭാരതത്തിലെ പ്രാരംഭ ക്രൈസ്‌തവർ
പ്രവർത്തനനിരതനായിരുന്ന ക്രിസ്‌തുശിഷ്യനായിരുന്നു വിശുദ്ധ തോമാശ്ലീഹാ. യൂഫ്രട്ടീസ് മുതൽ സിന്ധുതീരം വരെ വ്യാപിച്ചു കിടന്ന പൂർവ്വദേശങ്ങളിൽ ക്രൈസ്‌തവസഭ വളർത്തിയെടുക്കുന്നതിൽ നിതാന്ത പരിശ്രമം നടത്തിയ ശ്ലീഹാ ‘ഇന്ത്യയുടെ അപ്പസ്തോലൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭാരതത്തിലേക്കുള്ള യാത്രയിൽ തോമാശ്ലീഹാ ആദ്യമെത്തിയത് തക്ഷശിലയിലാണെന്നും ഏതാണ്ട് ഏഴു വർഷത്തോളം അവിടെ സുവിശേഷം പ്രസംഗിച്ച് ഒരു ക്രൈസ്‌തവ സമൂഹത്തിനു രൂപംനൽകിയിരിക്കാം എന്നും ഒരു വിശ്വാസമുണ്ട്. എ. ഡി. 50 നോടടുത്തു അദ്ദേഹം തിരിച്ചു ജറുസലേമിലേക്കു പോയെന്നും രണ്ടാം യാത്രയിലാണ് കൊടുങ്ങല്ലൂർ എത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. അക്കാലത്തു ലോകത്തിലെ പ്രധാനപ്പെട്ട വാണിജ്യ നഗരമായ മുസിരിസിൽ (മുരുചി പട്ടണം, കൊടുങ്ങല്ലൂർ) സുവിശേഷപ്രഘോഷണം നടത്താനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. കച്ചവടാവശ്യങ്ങൾക്കായി മുസിരിസിലും സമീപപ്രദേശങ്ങളിലും താമസമാക്കിയ യഹൂദരോടും യഹൂദരല്ലാത്ത പ്രദേശവാസികളോടും സെന്റ് തോമസ് സുവിശേഷം പ്രസംഗിച്ചു. അനേകരെ മാനസാന്തരപ്പെടുത്തി ക്രിസ്‌തുവഴിയിലേക്ക് നയിച്ചു. കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി ഏഴ് പള്ളികൾ തോമാശ്ലീഹാ സ്ഥാപിച്ചിട്ടുണ്ട്. കേരള ക്രൈസ്‌തവ മുന്നേറ്റത്തിന്റെ അടിസ്ഥാനമായ ഏഴ് വിശ്വാസസമൂഹങ്ങളെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ (കോട്ടയ്ക്കാവ്) കോക്കമംഗലം, കൊല്ലം, നിരണം (തൃപ്പലേശ്വരം), നിലക്കൽ (ചായൽ) എന്നിവയാണ് ആ ഏഴു സ്ഥലങ്ങൾ. ഈ പ്രദേശങ്ങളെല്ലാം അക്കാലത്തെ പ്രധാനപ്പെട്ട കച്ചവടനഗരങ്ങളും കടൽവഴി പരസ്പരബന്ധമുള്ള സ്ഥലങ്ങളുമായിരുന്നു.
ഭാരത ക്രൈസ്‌തവസഭയുടെ പ്രാചീന കേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിലെ പള്ളികൾ കേരളത്തിലെ ‘സപ്‌തദേവാലയങ്ങൾ ‘എന്നറിയപ്പെടുന്നു. ദക്ഷിണഭാരതത്തിൽ തോമാശ്ലീഹാ സ്ഥാപിച്ച പള്ളികൾ എല്ലാം ചേർത്തു ‘ഏഴര പള്ളികൾ‘ എന്നാണ് അറിയപ്പെടുന്നത്. ശ്ലീഹാ അവസാനമായി സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന പള്ളി കേരളത്തിനു പുറത്തു കന്യാകുമാരി ജില്ലയിലാണ്. കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് സ്ഥിതി ചെയ്യുന്ന അര പള്ളിയാണത്. കേരളത്തിൽ സ്ഥാപിച്ച ഏഴുപള്ളികളും തിരുവിതാംകോടുള്ള അരപ്പള്ളിയും ചേർത്ത് ഏഴരപ്പള്ളികൾ എന്നു വിളിക്കപ്പെടുന്നു.
കേരളത്തിലെ സപ്‌തദേവാലയങ്ങൾ
സെന്റ് തോമസിന്റെ ഭാരതാഗമനത്തിൻ്റെ പ്രത്യക്ഷ പ്രതിഫലനമായ ഏഴ് വിശ്വാസസമൂഹങ്ങളും ഈ സമൂഹങ്ങളുടെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട പള്ളികളും ഓരോ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഇടങ്ങളായിരുന്നു. ഈ സ്ഥലങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയങ്ങളുടെ ശില്പവിദ്യ തന്നെ ഭാരതീയ പാശ്ചാത്യ പാരമ്പര്യങ്ങളുടെ സങ്കലനമാണ്. ഈ ദേവാലയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ആദിമവിശ്വാസികളുടെ ഭക്തിപരവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
കേരളത്തിലെ സപ്തദേവാലയങ്ങൾ ഇവയാണ്:
1. കൊടുങ്ങല്ലൂർ – ഭാരതത്തിലെ മാർത്തോമാക്രിസ്ത‌്യാനികളുടെ പ്രാരംഭകേന്ദ്രമായിരുന്നു കൊടുങ്ങല്ലൂരിലെ ക്രൈസ്‌തവ സമൂഹം. തോമാശ്ലീഹാ ക്രിസ്തു മതത്തിലേക്ക് കൊണ്ടുവന്ന ആദ്യകുടുംബങ്ങൾ കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നു. കാലക്രമേണ മറ്റിടങ്ങങ്ങളിലേക്ക് നിരവധി കുടുംബങ്ങൾ കുടിയേറി. പതിനാലാം നൂറ്റാണ്ടിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കവും പോർച്ചുഗീസുകാരുടെ ആധിപത്യവും കൊടുങ്ങല്ലൂരിന്റെ വ്യവഹാരങ്ങളെ വിസ്‌മൃതിയിലാഴ്ത്തി.
2. കൊല്ലം – മാർത്തോമാശ്ലീഹാ സ്ഥാപിച്ച മറ്റൊരു സഭാകേന്ദ്രം കൊല്ലത്താണ്. ചൈനയിൽ നിന്നുള്ള ഒരു കച്ചവടസംഘം സ്ഥിരമായി കൊല്ലം കേന്ദ്രീകരിച്ചുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്. തോമാശ്ലീഹായുടെ പ്രബോധനത്തിൽ ആകൃഷ്ടരായ അവരിൽ ചിലർ ക്രൈസ്‌തവരായി. കൊല്ലത്തെ മാതൃദേവാലയത്തെക്കുറിച്ചു ഇന്നു വ്യക്തമായ അറിവില്ല. പ്രകൃതിക്ഷോഭങ്ങൾമൂലം ഈ ദേവാലയം കടലിനടിയിൽപ്പെട്ടു പോയിരിക്കാം എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.
3. നിരണം – പമ്പയാർ കടലിലേക്ക് പതിച്ചിരുന്ന പ്രദേശമായിരുന്നു നിരണം. പമ്പയാറ്റിൽക്കൂടി ചങ്ങാടങ്ങളിൽ കൊണ്ടുവരുന്ന ചരക്കുകൾ നിരണം വഴിയാണ് കപ്പലുകളിൽ എത്തിച്ചിരുന്നത്. കച്ചവട സാധ്യതകളുള്ളതുകൊണ്ട് സ്വാഭാവികമായും യഹൂദകേന്ദ്രമായിരുന്നു നിരണം. തോമാശ്ലീഹാ യഹൂദരെയും പ്രദേശവാസികളെയും സംഘടിപ്പിച്ചു, ഒരു വിശ്വാസസമൂഹത്തെ നിരണത്തു രൂപപ്പെടുത്തി. തയ്യിൽ, പാട്ടുമാക്കിൽ, മാങ്കി, മടത്തിലാൻ എന്നീ നാലു കുടുംബങ്ങളാണ് നിരണത്തെ ആദ്യത്തെ ക്രൈസ്തവ കുടുംബങ്ങൾ.
4. നിലക്കൽ – സമ്പൽസമൃദ്ധമായ വാണിജ്യകേന്ദ്രമായിരുന്നു നിലക്കൽ. നിരണത്തു നിന്നു പമ്പയാറ്റിൽക്കൂടി യാത്ര ചെയ്ത തോമാശ്ലീഹാ നിലയ്ക്കലെത്തി പ്രദേശവാസികളെ ക്രിസ്‌തുവിശ്വാസത്തെക്കുറിച്ച് അറിയിച്ചു. ഹൈന്ദവരും ക്രൈസ്‌തവരും ഒരുമിച്ചു വസിച്ചിരുന്ന നിലയ്ക്കലിൽ നിന്നും ഭൗതികസാഹചര്യങ്ങൾ നിമിത്തം കാലക്രമേണ പലായനങ്ങൾ നടക്കുകയും നിലയ്ക്കൽ വനമ്പ്രദേശമാകുകയും ചെയ്‌തു.
5. കോക്കമംഗലം – ആലപ്പുഴയ്ക്കും തണ്ണീർമുക്കത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കോക്കമംഗലം. കായൽ തീരത്തുള്ള ഈ സ്ഥലം യഹൂദരുടെ സാന്നിധ്യമുള്ള വ്യാപാരകേന്ദ്രമായിരുന്നു. കോക്കമംഗലത്തു തോമാശ്ലീഹാ സുവിശേഷപ്രഘോഷണം നടത്തി നിരവധി മനുഷ്യരെ ക്രിസ്‌തുവഴിയിലേക്ക് നയിച്ചു.
6. കോട്ടയ്ക്കാവ് – പറവൂരിനടുത്തുള്ള കോട്ടയ്ക്കാവ് കൊടുങ്ങല്ലൂരിൽ നിന്നും ഏതാനും കിലോമീറ്റർ സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. തോമാശ്ലീഹായ്ക്കു അനായാസം ചെന്നെത്തുവാൻ കഴിയുന്ന ഒരു യഹൂദകേന്ദ്രമായിരുന്നതിനാൽ അദ്ദേഹം ഒരു സഭാസമൂഹത്തെ കോട്ടയ്ക്കാവിൽ രൂപപ്പെടുത്തി.
7. പാലയൂർ : ഗുരുവായൂരിനും ചാവക്കാട് സമുദ്രപ്രദേശത്തിനും മധ്യത്തിലാണ് പാലയൂരിന്റെ സ്ഥാനം. യഹൂദരും ബ്രാഹ്മണന്മാരും (7, 8 നൂറ്റാണ്ടുകളിൽ നടന്ന ആര്യവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിൽ 32 തളികളിലായി താമസമുറപ്പിച്ച നമ്പൂതിരി സമുദായമല്ല ഇത്. ആദ്യ നൂറ്റാണ്ടുകളിൽ ചേര–ചോള–പാണ്ഡ്യ ദേശത്തു വസിച്ചിരുന്ന, സംഘം കൃതികളിൽ പരാമർശമുള്ള സ്വദേശീയരായ ബ്രാഹ്മണവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്.) പാലയൂരിൽ ശ്ലീഹാ മറ്റൊരു ക്രൈസ്‌തവ സമൂഹത്തിനു തുടക്കമിട്ടു. “ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ് തുടങ്ങി മുപ്പത്തിരണ്ട് ഇല്ലക്കാർ ഒരുമിച്ചു ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്നും അതിൽ ക്ഷുഭിതരായ മറ്റു ബ്രാഹ്മണർ ആ സ്ഥലത്തെ ശപിച്ചിട്ടു നാടുവിട്ടുപോയെന്നും അങ്ങനെയാണ് അതിനു ചാവക്കാട് (ശാപക്കാട്) എന്നു പേരുണ്ടായതെന്നും ഐതിഹ്യമുണ്ട്” (റവ. ഡോ. ജോസഫ് കക്കാരമറ്റത്തിൽ, 2015:8,9).
ഈ ഏഴ് പ്രദേശങ്ങളും തിരുവിതാംകോടുള്ള അരപ്പള്ളിയും കൂടാതെ മാർത്തോമാശ്ലീഹായുടെ പ്രേഷിതസാന്നിധ്യത്തിന്റെ ദീപ്‌തസ്‌മരണകൾ നിറഞ്ഞു നിൽക്കുന്ന മറ്റു സ്ഥലങ്ങൾ തെക്കേ ഇന്ത്യയിൽ തന്നെ ഉണ്ട്. ശ്ലീഹാ മദ്രാസിലെ മൈലാപൂരിലേക്ക് പോകുന്നതിനു മുൻപ് എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ എത്തി ദിവസങ്ങളോളം മലമുകളിൽ പ്രാർത്ഥിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. കൊടുങ്ങല്ലൂരും മധുരയും തമ്മിൽ ബന്ധിപ്പിക്കുന്ന കാട്ടുപാതയിലായിരുന്നു മലയാറ്റൂർ പ്രദേശം. ശ്ലീഹാ പ്രാർത്ഥിച്ച മലമുകളിൽ തദ്ദേശവാസികൾ പിന്നീട് പൊൻപ്രഭയുള്ള കുരിശടയാളവും പാറമുകളിൽ കാൽപാദങ്ങളും കണ്ടെത്തി. മലയാറ്റൂരിൽ സ്ഥാപിക്കപ്പെട്ട പള്ളി ഇന്ന് കത്തോലിക്ക സഭയുടെ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമാണ്.
മലയാറ്റൂരിൽ നിന്നും തോമാശ്ലീഹാ പിന്നീട് പോയത് മൈലാപ്പൂരിലേക്കായിരുന്നു. മൈലാപ്പൂരിലെ ചിന്നമലയിലായിരുന്നു പ്രധാന പ്രവർത്തനകേന്ദ്രം. മൈലാപ്പൂരിലെ രാജാവും അനുജനും ശ്ലീഹായുടെ വിശ്വാസപ്രഘോഷണത്തിന്റെ ഫലമായി ക്രിസ്‌തുമതം സ്വീകരിച്ചു. എ.ഡി. 72 ൽ ചിന്നമലയിൽ വച്ചു പ്രാർത്ഥനാനിരതനായിരുന്ന മാർത്തോമാശ്ലീഹായെ ശത്രുക്കൾ കുത്തിക്കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ കല്ലറയ്ക്കു മുകളിലാണ് മൈലാപ്പൂർ സാന്തോം ബസിലിക്ക സ്ഥിതി ചെയുന്നത്. ഇരുപതു വർഷത്തിലധികം വരുന്ന തോമസ് അപ്പസ്തോലന്റെ അവിസ്‌മരണീയമായ പ്രേഷിതസഞ്ചാരത്തിലൂടെ ഭാരതസഭയുടെ അടിത്തറയാണ് നിർമ്മിക്കപ്പെട്ടത്.
മാർത്തോമാക്രിസ്ത്യാനികളുടെ (സുറിയാനി ക്രിസ്‌ത്യാനികളുടെ) വിശ്വാസപാരമ്പര്യം
വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിതപാരമ്പര്യത്തെ പിന്തുടരുന്ന അമ്പതുലക്ഷത്തിലധികം വരുന്ന ജനസമൂഹമാണ് ഇന്ന് സുറിയാനി സഭ. 17, 18 നൂറ്റാണ്ടുകളിലെ പോർച്ചുഗീസ്, ഡച്ച് രേഖകളിൽ കേരളത്തിലെ ക്രൈസ്തവരെ “സെയ്ന്റ് തോമസ് ക്രൈസ്‌തവർ” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആരാധനക്ക് സുറിയാനി ഭാഷ ഉപയോഗിക്കുന്നതു കൊണ്ട് ‘സുറിയാനി ക്രൈസ്‌തവർ’ എന്ന പേര് പിന്നീട് ലഭ്യമായി. തോമാശ്ലീഹാ വന്നിറങ്ങിയ കൊടുങ്ങല്ലൂർ മുതൽ അദ്ദേഹം ചുറ്റിസഞ്ചരിച്ചു സഭാസമൂഹം കെട്ടിപ്പടുത്ത പ്രദേശങ്ങൾ, പ്രാർത്ഥിച്ച മലകൾ, രക്തസാക്ഷിത്വം വരിച്ച സ്ഥലം, കല്ലറ എന്നിവയെല്ലാം ദക്ഷിണഭാരതത്തിൽ ശ്ലീഹായുടെ പ്രത്യക്ഷസാക്ഷ്യങ്ങളായി നിലകൊള്ളുന്നു. തോമാശ്ലീഹായുടെ ഓർമദിനം (ദുക്റാന തിരുനാൾ) ജൂലൈ മൂന്നിന് ആഘോഷിക്കുന്നത് മാർത്തോമാ ക്രിസ്‌ത്യാനികളുടെ പുരാതനമായ പാരമ്പര്യമാണ്. “പുരാതന കാലത്ത് ജൂലൈ മൂന്നിന് എല്ലാ ദേവാലയങ്ങളിലും ആഘോഷമായ റാസാകുർബാന അർപ്പിച്ചിരുന്നു. അക്കാലത്ത് ദുക്റാനാചരണം കേരളത്തിൽ എട്ടുദിവസം നീണ്ടുനിന്നിരുന്നു. ഇത് മറ്റൊരു സഭയിലും ഇല്ലാത്ത രീതിയത്രേ. ദുക്റാന തിരുനാളിനു മാർത്തോമാ ക്രിസ്‌ത്യാനികൾ വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. പുറത്തുനിന്നു വന്ന സഭാനേതാക്കന്മാരുടെ സ്വാധീനത്തിലല്ല ഭാരതീയർ ഇപ്രകാരം ചെയ്തത്” (റവഡോ. ജോസഫ് കാക്കരമറ്റത്തിൽ, 2015:10).
പതിനാറാം നൂറ്റാണ്ടിനു ശേഷമുണ്ടായ വിദേശ മിഷനറിമാരുടെ ആഗമനത്തിലും തുടർന്നുണ്ടായ മതപ്രചാരണശ്രമങ്ങളിലും ഭാരതത്തിലെ ക്രൈസ്‌തവസഭ വികാസം പ്രാപിച്ചെങ്കിലും വിശ്വാസതീക്ഷ്‌ണതയിലും ആരാധനാക്രമത്തിലും പാരമ്പര്യത്തിലും സുറിയാനി ക്രിസ്‌ത്യാനികൾ പുലർത്തിയിരുന്ന നിഷ്ഠ എക്കാലവും പിന്തുടരുന്നു. തങ്ങളുടെ പാരമ്പര്യത്തിൽ അധിഷ്‌ഠിതമായ വിശ്വാസജീവിതത്തെ ‘തോമായുടെ മാർഗം’ അഥവാ ‘തോമായുടെ നിയമം’ എന്ന് അവർ വിളിച്ചു. വിശുദ്ധതോമാശ്ലീഹായുടെ നാമധേയം വ്യക്തിനാമങ്ങളായി സ്വീകരിച്ചിരിക്കുന്ന നിരവധി വിശ്വാസികൾ ഭാരതത്തിലുണ്ട്. തോമാശ്ലീഹായുടെ നാമധേയത്തിൽ നിലനിൽക്കുന്ന നിരവധി ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും വിശ്വാസതീക്ഷ്‌ണതയുടെ ഉദാഹരണങ്ങളാണ്. തനതായ ആരാധനാക്രമം, ആദ്ധ്യാത്മികത, ശിക്ഷണക്രമം, ആചാരാനുഷ്‌ഠാനങ്ങൾ എന്നിവയോടൊപ്പം നിയതമായ സാമൂഹിക–സാംസ്‌കാരിക–രാഷ്ട്രീയ ജീവിതക്രമങ്ങളും ഒത്തിണങ്ങുന്നതാണ് മാർത്തോമാവിശ്വാസികളുടെ ജീവിതപാരമ്പര്യം.
സാംസ്‌കാരിക–സാഹിത്യനിർമ്മിതികൾ
ഒരു ജനതയുടെ ജീവിതരീതികളുടെ ആകെ തുകയാണ് സംസ്‌കാരം. മാർത്തോമാക്രിസ്ത്യാനികൾ സവിശേഷമായൊരു സാംസ്‌കാരികഭൂപടത്തിനു ഉടമകളാണ്. തൊഴിൽ, ആചാരാനുഷ്‌ഠാനങ്ങൾ, ഭാഷ, കലകൾ, സാഹിത്യം തുടങ്ങിയവയെല്ലാം ഈ സാംസ്‌കാരിക നിർമ്മിതിയുടെ ഘടകങ്ങളാണ്. മാർത്തോമാവിശ്വാസികളുടെ പ്രധാനപ്പെട്ട വരുമാനമാർഗം കൃഷിയായിരുന്നു. കൃഷിയിലൂടെ പ്രകൃതിയെയും മനുഷ്യനെയും ദൈവത്തെയും തിരിച്ചറിയുന്നതിനും സ്നേഹിക്കുന്നതിനും അതിലൂടെ അനുപമമായ ആത്മീയ ഉണർവ് സ്വാംശീകരിക്കുന്നതിനും വിശ്വാസികൾക്കു കഴിഞ്ഞു. കൃഷിയും വ്യാപാരവും സേവന മേഖലയിലെ ജോലികളും ചെറുകിടജോലികളുമെല്ലാമായി കേരളത്തിന്റെ സാമൂഹിക സംവിധാനത്തിൽ എല്ലാവരോടും സഹവർത്തിത്വത്തിൽ മുന്നോട്ട് പോകുന്നു.
സുറിയാനി ക്രിസ്ത്യാനികൾ ആരാധനാക്രമത്തിൻ്റെ ഭാഗമായി ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷയിൽ നിന്നും നിരവധി പദങ്ങളാണ് മലയാളഭാഷ ആദാനം ചെയ്തെടുത്തത്. കൂടുതലും സുറിയാനി ഭാഷ ഉപയോഗിച്ചുള്ള പ്രാർത്ഥനകൾ ഇന്നും ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. കേരളത്തിലെ സുറിയാനി നസ്രാണികൾ സുറിയാനി മലയാളം ‘കർസോനി മലയാളം’ എന്നൊരു ലിപിസമ്പ്രദായം കൂടി ഉപയോഗിച്ചിരുന്നു. ആദ്യകാല സുറിയാനി ക്രിസ്ത്യാനികൾ അവരുടെ പൂർവികരുടെ മുഖ്യഭാഷയായ അറമായ ഭാഷ ആരാധനക്രമത്തിൽ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് പേർഷ്യൻ സഭയുമായി ഉണ്ടയായിരുന്ന ബന്ധം ഈ ഭാഷ നിലനിർത്താൻ സഹായിച്ചു. ഇത്തരത്തിൽ സുറിയാനി ഭാഷയുമായി അടുത്ത് ബന്ധപ്പെട്ട കേരളത്തിലെ ആദ്യകാല ക്രൈസ്‌തവവർ തങ്ങളുടെ നാട്ടുഭാഷ ചിട്ടപ്പെടുത്താൻ കണ്ടെത്തിയ ഒരു ലിപി സമ്പ്രദായമാണ് ‘കർസോനി മലയാളം’.
ഉദയംപേരൂർ സുനഹദോസിനു (എ.ഡി 1599)മുൻപ് തന്നെ കർസോനി മലയാളം പ്രയോഗത്തിൽ ഉണ്ടായിരുന്നു എന്ന് പ്രശസ്‌ത സുറിയാനി ഭാഷാപണ്ഡിതനായ കൂനമ്മാക്കൽ തോമാക്കത്തനാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. “ശുദ്ധമാന സുനഹദോസിന്ന് വിളിക്കപ്പെട്ടു വന്നവരാരും മലയാഷ്‌മയിലും കറുസൊനിലും എഴുത്തുപെട്ട സുനഹദൊസിൽ ഒപ്പുകുത്താതെ പൊകരുത എന്ന വഴക്കത്തിന്റെയും മഹറൊന്ററയും പ്രാശ്യത്വത്താല് മെനസിസ് മെത്രാപ്പോലിത്ത കലിപിച്ചതായി കാനനിൽ പറയുന്നു” (ഏഴാം മൗത്വാ പത്തൊൻപതാം കാനോന – പുറം 245)
കേരളത്തിന്റെ കലാസാഹിത്യപാരമ്പര്യത്തിനു മുതൽക്കൂട്ടായി നിരവധി ഗാനങ്ങളും കലാരൂപങ്ങളും തോമാശ്ലീഹായുമായി ബന്ധപ്പെട്ടുണ്ട്. ക്രിസ്തുദർശനങ്ങളെക്കുറിച്ചും മാർത്തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചും പ്രസ്താവിക്കുന്ന ഇത്തരം ഗാനങ്ങൾ വാമൊഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്‌തു വരുന്നവയാണ്. മാർഗംകളിപ്പാട്ട്, റമ്പാൻ പാട്ട്, വീരടിയാൻ പാട്ട് എന്നിവയെല്ലാം ഇത്തരത്തിൽ പ്രധാനപ്പെട്ടവയാണ്. “ഒത്തുകല്യാണം, പള്ളികളിൽ വിളിച്ചുചൊല്ലൽ എന്നിവ വിവരിക്കുന്ന പാട്ടാണ് ‘മംഗല്യ വട്ടകളി’. വരനും വധുവിനും അവരവരുടെ വീടുകളിൽ വച്ച് മധുരം കൊടുക്കുന്നതിനു മുമ്പായി ആലപിക്കുന്ന മംഗളഗാനമാണ് ‘മാർത്തോമൻ പാട്ട്’. ക്രിസ്‌ത്യാനികളുടെ പാട്ടുകളിൽ ഏറ്റവും പ്രാചീനമായത് മാർഗംകളി പാട്ടുകളാണെന്ന് കരുതുന്നു. യാത്രക്കളിയോട് സാമ്യമുള്ളതാണിത്. “മാർതോമാശ്ലീഹാ ഇന്ത്യയിൽ വന്നതും അത്ഭുതങ്ങൾ നടത്തി നിരവധി പേരെ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതുമാണ് ഈ പാട്ടിലെ വിഷയം. മാർത്തോമാചരിത്രം തന്നെയാണ് റമ്പാൻ പാട്ടിലേയും വിഷയം” (എരുമേലി പരമേശ്വരൻ പിള്ള. 1906:109, 110). മാർത്തോമാ ശ്ലീഹായുടെ ജീവിതത്തെ പ്രകീർത്തിക്കുന്ന സാഹിത്യകൃതികൾ മലയാളത്തിൽ നിരവധിയുണ്ട്. ‘മാർത്തോമാവിജയം’ എന്ന സിസ്റ്റർ മേരി ബനീഞ്ഞയുടെ മഹാകാവ്യം പ്രസിദ്ധമാണ്.
ഉപസംഹാരം
കേരളത്തിലെ ക്രൈസ്തവ മതവിശ്വാസികളിൽ പ്രധാനപ്പെട്ട വിഭാഗമായ സുറിയാനി ക്രൈസ്തവരുടെ ചരിത്രം, സംസ്കാരം, സാമൂഹികവ്യവസ്ഥ തുടങ്ങിയവ നിരവധി പഠനങ്ങൾക്ക് വഴിതെളിക്കുന്നവയാണ്. ചരിത്രസാധ്യതകളും സ്വദേശീയരും വിദേശീയരുമായ ഗവേഷകരുടെയും സഞ്ചാരികളുടെയും പ്രസ്താവനകളും പഠനങ്ങളുമെല്ലാം പരിശോധിക്കുന്നതിലൂടെ സെന്റ് തോമസിന്റെ കേരളസന്ദർശനവും സുവിശേഷവത്കരണവും യുക്തിസഹമായി അംഗീകരിക്കാൻ കഴിയും. ഏഴര പള്ളികൾ, പള്ളി എന്ന സ്ഥാപനത്തിനപ്പുറം ഒരു വിശ്വാസസമൂഹത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. ലോകമെമ്പാടുള്ള ക്രൈസ്‌തവർ ആചരിക്കുന്ന പ്രത്യേകമായ അനുഷ്‌ഠാനദിനങ്ങളോടൊപ്പം ദുക്റാന പോലുള്ള തിരുനാളുകൾ തങ്ങളുടെ വിശ്വാസപ്രകടനത്തിന്റെ സാംസ്‌കാരികമായ അവസരങ്ങളായി മാർത്തോമാ ക്രിസ്ത്യാനികൾ കൊണ്ടാടുന്നു. കേരളത്തിലെ ഭാഷാചരിത്രപഠനങ്ങൾക്ക് ഈ വിശ്വാസപാരമ്പര്യവുമായി ബന്ധപ്പെട്ടു ലഭിച്ച സംഭാവനയാണ് കർസോനി മലയാളം.
ഗ്രന്ഥസൂചി
കക്കാരമറ്റത്തിൽ, ജോസഫ്, ഡോ. (എഡി), ഇന്ത്യൻ സഭാചരിത്രം, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട്, തലശ്ശേരി, 2015.
പരമേശ്വരൻ പിള്ള, എരുമേലി, മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, ഡി സി ബുക്‌സ്, കോട്ടയം, 1996.
Bayly, Susan,Saints Goddesses and Kings: Muslims and Christians in South Indian Society, Cambridge University Press, Cambridge, 1700-1900.
Baum, Wilhelm, Winkler, Dietmaarw,The Church of the East. A Concise History, Rutledge. Curzon, London-Newyork, 2003.
Malekkandathil, Pius,Martime India: Trade, Religion and Polity in the Indian Ocean, Primus Books, Delhi, 2010.
Mathew, K.S, St. Thomas and India, Fortress Press, USA, 2020.
Neill, Stephen, A History of Christianity In India, Cambridge University Press, Cambridge, 1985.
ആനുകാലികസൂചി
കുര്യാസ് കുമ്പളക്കുഴി ഡോ., സെന്റ് തോമസിന്റെ ആഗമനം ചരിത്രസത്യം, ദൈവ മനുഷ്യ സ്നേഹിത.
പയസ് മലേക്കണ്ടത്തിൽ ഡോ. തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ടോ?,സത്യദീപം,4 ജൂലൈ 2019.
സിബിൾ സണ്ണി
ഗവേഷകൻ
മലയാളവിഭാഗം
ഗവ. കോളേജ് കട്ടപ്പന
Email: cibilsunny007@gmail.com
Mob: 8086578677
Copyright © 2026 | WordPress Theme by MH Themes

ലേഖനം നന്നായിരിക്കുന്നു. ഭാരതത്തിൽ തോമസ്ലീഹ വന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. വസ്തുനിഷ്ഠമായി ലേഖകൻ നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.