» ഗ്രീഷ്മ വി.
ID: MRK0021
Published on January 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ഈ പ്രബന്ധത്തിൽ സാമൂഹികവ്യവസ്ഥയെ രൂപപ്പെടുത്തുന്ന ലൈംഗികവ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളായ വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങൾ കെ. ആർ. മീരയുടെ സൃഷ്ടിയായ സർപ്പയജ്ഞത്തിൽ എപ്രകാരം പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നു. തുടർന്ന് ഭാരതീയ മൂല്യസങ്കല്പം രൂപപ്പെടുത്തിയ കുടുംബിനി എന്ന സങ്കല്പം സർപ്പയജ്ഞത്തിൽ അടയാളപ്പെ ടുത്തിയിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിച്ച്, വ്യവസ്ഥാപിതമായ മൂല്യബോധത്തിന് എതിരെ നിലകൊള്ളുന്ന ജാരസങ്കല്പത്തെ സർപ്പയജ്ഞം അടയാളപ്പെടുത്തിയ രീതി രേഖപ്പെടുത്തുന്നു.
താക്കോൽവാക്കുകൾ: ഫൂക്കോയുടെ അധികാരചിന്ത,കുടുംബവും അധികാരവും, കുടുംബിനി, അധികാരവും പുരുഷാധിപത്യവും, സാമൂഹികവ്യവസ്ഥയും ജാരബന്ധവും.
ഫൂക്കോയുടെ അധികാരചിന്ത
ഫ്രഞ്ച് തത്വചിന്തകനായ മിഷേൽ ഫൂക്കോയുടെ ഹിസ്റ്ററി ഓഫ് സെക്സ്വാലിറ്റി (The History of Sexuality) എന്ന പുസ്തകത്തിൽ ലൈംഗികത എന്ന ജൈവികചോദനയെ ചോദ്യം ചെയ്യുന്നു. നൈസർഗികമായ ഈ ജൈവവാസന വ്യവസ്ഥയുടെ ഭാഗമായി മാറിയത് എങ്ങനെയെന്ന് ഹിസ്റ്ററി ഓഫ് സെക്സ്വാലിറ്റിയിൽ കണ്ടെത്താനാവുന്നു. “ലൈംഗികത എന്നാൽ പ്രകൃതിയുടെ ജൈവികതയിൽ നിന്ന് ലഭിക്കുന്ന ശക്തി മാത്രമല്ല. മറിച്ച് അറിവുകളുടെ അറിയപ്പെടാത്ത ഒരു ഭൂമിക കൂടി അതിൽ തെളിഞ്ഞു കിടക്കുന്നു. എന്നാൽ ലൈംഗികതയെ നിർമ്മിച്ചെടുക്കുന്നത് ചരിത്രമാണ്.” ഈ ചിന്താധാര തുടർന്നുവന്ന കാലത്ത് ലൈംഗികതയോടുള്ള ചരിത്ര സമീപനരീതിയെ വിമർശനാത്മകവും വിശകലനാത്മകവുമാക്കി. ലൈംഗികതയെക്കുറിച്ച് മൂന്ന് ചോദ്യങ്ങളാണ് ഫൂക്കോ ഉന്നയിക്കുന്നു.
1. ആരാണ് ലൈംഗികതയെ രൂപപ്പെടുത്തിയത് ? ആരാണ് സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായുമുള്ള ഘടനയെ ലൈംഗികതയോട് ചേർത്തു വെച്ചത് ? ആരാണ് ലൈംഗികതയെ സാമൂഹികമായി നിർമ്മിച്ചെടുത്തത് ?
2. ഏത് ഭൂമികയിൽ നിന്നുകൊണ്ടാണ് ലൈംഗികതയെ വിമർശനാത്മകമായി കാണുന്നത് ? സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നമായി ലൈംഗികതയെ പാശ്ചാത്യ സംസ്കാരം കാണുന്നതെന്തുകൊണ്ട് ? എന്തുകൊണ്ടാണ് ലൈംഗികതയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് ?
3. എന്താണ് ലൈംഗികതയും അധികാരവും തമ്മിലുള്ള ബന്ധം? ഏത് നിയമത്തിന്റെ ഭാഗമായാണ് ക്ലാസ് ഡിവിഷനും പുരുഷാധിപത്യവും വംശീയതയും നിർമ്മിച്ചെടുത്തത്?
ഈ ചോദ്യങ്ങളിലൂടെ പുതിയ ഒരു ലൈംഗികബോധത്തിലേക്ക് ഫൂക്കോ സമൂഹത്തെ കൊണ്ടുപോകുന്നു.
ലൈംഗികത എന്ന വിഷയം സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും പാർശ്വവൽക്കരണം നേരിടുന്നു. കുറ്റബോധം, പാപബോധം, ശിക്ഷ, അപകർഷതാബോധം, പ്രായശ്ചിത്തം എന്നീ പദങ്ങളോട് ചേർന്ന് മാത്രമാണ് ലൈംഗികത എന്ന വിഷയത്തെ പൊതുസമൂഹം സമീപിക്കുന്നത്. ലൈംഗികത എന്ന ജൈവചോദനയുമായി ബന്ധപ്പെട്ട ചിന്തകൾ മറിച്ചുവയ്ക്കേണ്ടതാണെന്ന ഈ ചിന്തയെ ഫൂക്കോ ചോദ്യം ചെയ്യുന്നു. ലൈംഗികതയോട് പൊതുസമൂഹത്തിനുള്ള ധാരണയിൽ പൊളിച്ചെഴുത്ത് നടത്തിയ ഫൂക്കോയുടെ ആശയം തന്നെയാണ് ലൈംഗികതയും അധികാരവും.
സമൂഹമെന്ന വ്യവസ്ഥാപിത സ്ഥാപനം രൂപീകരിക്കുന്നതിന്റെ ഭാഗമായി മനുഷ്യന്റെ ജൈവികവാസനയായ ലൈംഗികവാസനയെയാണ് ആദ്യം നിയന്ത്രണാധീതമാക്കിയത്. സ്ത്രീയും പുരുഷനും ഭൂമിയിലെ മറ്റ് ജീവജാലങ്ങളിലെ ലിംഗഭേദം പോലെ സമാനരാണെങ്കിലും ശരീരഘടനയുടെ പ്രത്യേകത കൊണ്ട് പുരുഷൻ കായികപരവും ശാരീരികാധ്വാനം ആവശ്യമുള്ളതുമായ ജോലികളിൽ ഏർപ്പെട്ടപ്പോൾ കുടുംബപരിപാലനം സ്ത്രീയുടെ ഉത്തരവാദിത്വമായി മാറി. കാലക്രമത്തിൽ സ്ത്രീകൾ കുടുംബത്തിനകത്തും പുരുഷൻ സമൂഹത്തിന്റെ മുഖ്യധാരയുമായി ബന്ധപ്പെട്ട അധികാരകേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഫൂക്കോയിയൻ ചിന്തയിൽ അധികാരമെന്നത് അടിച്ചമർത്തലോ പുരുഷാധിപത്യമോ മാത്രമല്ല സൃഷ്ടിക്കുന്നത്. അധികാരം മനുഷ്യനെ നിയന്ത്രിക്കാനുള്ള ഒരു വ്യവസ്ഥയുടെ ഏറ്റവും ശക്തമായ ഘടകമാണ്. അതുകൊണ്ട് തന്നെ സമൂഹമായി ജീവിക്കാൻ തുടങ്ങിയ മനുഷ്യവവംശത്തോട് ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന ഘടകമായി അധികാരം മാറുന്നു.
പുരുഷാധിപത്യവും അധികാരവും
പൊതുസമൂഹത്തിൽ അധികാരം പുരുഷാധിപത്യം എന്ന ബോധത്തിൽ അധിഷ്ഠിതമാണ്. സാമൂഹിക മണ്ഡലം രൂപപ്പെടുത്തിയ ഈ പുരുഷബോധമാണ് സമൂഹത്തെ നിയന്ത്രിക്കുന്ന പെരുമാറ്റചട്ടങ്ങളും നിയമങ്ങളും നിർമ്മിക്കുന്നത്. പുരുഷാധിപത്യം വിവാഹം,കുടുംബം , മതം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട സകല മേഖലകളിലും പ്രവർത്തിക്കുന്നു. നിലനിൽക്കുന്ന സമൂഹത്തിൽ അധികാരം പുരുഷനിൽ കേന്ദ്രീകൃതമായത് മനുഷ്യന്റെ ലൈംഗികചിന്തയ്ക്ക് ഓരോ കാലഘട്ടത്തിലും നേരിട്ട വ്യവസ്ഥാപിത മാറ്റം മൂലമാണ്. യുക്തിസഹമായി നോക്കുമ്പോൾ പുരുഷാധിപത്യം സാമൂഹിക വ്യവസ്ഥയുടെ നിർമ്മിതിയുടെ ഭാഗമാണ്.
അധികാരവും ഭാരതീയചിന്തയും
ലോകമെമ്പാടുമുള്ള സാമൂഹികരൂപീകരണത്തിന് ലൈംഗികവ്യവസ്ഥ അടിത്തറയായി നിലകൊള്ളുന്ന രീതിയിൽ തന്നെയാണ് ഭാരതീയബോധത്തിലും ലൈംഗികചിന്ത പ്രവർത്തിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന വിക്ടോറിയൻ കാലഘട്ടം ലൈംഗികചിന്തയിൽ ശ്രദ്ധാപൂർവ്വം വ്യവസ്ഥാപിതമായ ചില പൊതുധാരണകൾ പുലർത്തിയിരുന്നു. ലൈംഗികതയുടെ രഹസ്യാത്മക സ്വഭാവമായിരുന്നു അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിൽ ദമ്പതികൾക്കിടയിൽ പ്രത്യുൽപാദനത്തിനു വേണ്ടി മാത്രമുള്ള ഒരു പ്രക്രിയയായി മാത്രമാണ് ലൈംഗികതയെ ഈ കാലഘട്ടത്തിൽ കണക്കാക്കിയിരുന്നത്. വിക്ടോറിയൻ യുഗത്തിന്റെ അനുരണനം ഭാരതീയ കുടുംബവ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ലൈംഗികതയ്ക്ക് മേൽ വന്നുചേർന്ന രഹസ്യാത്മക സ്വഭാവം പുതിയ ചില ആശയധാരകളുടെ രൂപീകരണത്തിന് കാരണമായി. കുടുംബിനി, ജാരബന്ധം എന്നിവ ഇതിൽപ്പെടുന്നു. കുടുംബം എന്ന വ്യവസ്ഥയ്ക്കുള്ളിൽ പുരുഷന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ജീവിക്കുന്നവളാണ് കുടുംബിനി. ഭാരതീയ സംസ്കാരത്തിൽ വ്യവസ്ഥാപിത മൂല്യബോധം അടുത്ത തലമുറയിലേക്ക് എത്തിക്കുന്ന കേന്ദ്രബിന്ദുവാണ് കുടുംബിനിയായ സ്ത്രീ. ത്യാഗത്തിന്റെയും സഹനത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ് കുടുംബിനി. കുടുംബിനികൾ ആചാര – അനുഷ്ഠാനങ്ങളെ പാലിക്കുകയും ഭാര്യാഭർതൃബന്ധത്തിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുന്നവളുമായി നിലകൊള്ളണം എന്ന ചിന്തയുടെ അടിച്ചേൽപ്പിക്കൽ ഭാരതീയ പുരുഷബോധത്തിൽ നിന്ന് പിറവിയെടുത്തതാണ്. ഭാര്യാഭർതൃബന്ധത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള സ്ത്രീപുരുഷബന്ധം ഭാരതീയ സംസ്കാരത്തിൽ അസാന്മാർഗികമായതുകൊണ്ടുതന്നെ കുടുംബിനികളായ സ്ത്രീകൾ മറ്റ് പുരുഷനുമായി പുലർത്തുന്ന ലൈംഗികബന്ധത്തെ അവിഹിതം എന്ന് വിളിക്കുന്നു. ഈ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ ജാരനായാണ് ഭാരതീയ സംസ്കാരം കണക്കാക്കുന്നത്. ഒരാൾക്ക് വിഹിതമല്ലാത്ത ഒന്ന് എന്ന അർത്ഥതലം അവിഹിതം എന്ന പദം നൽകുന്നു.
വിവാഹവും ദാമ്പത്യജീവിതവും
ലൈംഗികവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ രൂപമെടുത്ത സ്ഥാപനങ്ങളാണ് വിവാഹം, കുടുംബം എന്നിവ. ഫൂക്കോയുടെ വീക്ഷണപ്രകാരം ലൈംഗികവ്യവസ്ഥയിൽ അധിഷ്ഠിതമായി നിലനിർത്താനുള്ള വ്യവസ്ഥാപിതമായ ചട്ടക്കൂടായി വിവാഹം, കുടുംബം, സമൂഹം എന്നീ സ്ഥാപനങ്ങൾ മാറുന്നു. മനുഷ്യൻ പരിണാമഫലമായി സംസ്കാരസമ്പന്നരായി മാറാനും സ്ഥിരമായി ഒരിടത്ത് താമസം ആരംഭിക്കുവാനും തുടങ്ങിയതോടെ ഒരിണയിൽ മാത്രം ഒതുങ്ങുകയും, ഈ സ്ത്രീപുരുഷബന്ധത്തെ വിവാഹം എന്ന വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. വിവാഹവ്യവസ്ഥയുടെ രൂപപ്പെടൽ പരിണാമത്തിന്റെ അനിവാര്യതയായിരുന്നു. ഇത്തരത്തിൽ ആദിമകാലം മുതൽക്കേ രൂപപ്പെട്ടുവന്ന വിവാഹം എന്ന സ്ഥാപനം ‘സർപ്പയജ്ഞം’ എന്ന കഥയിൽ വിപുലമായി അടയാളപ്പെടുത്തിയിരിക്കുന്നു. വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പൊരുത്തപ്പെടലാണെന്ന ധാരണകൾക്കപ്പുറം സാമ്പത്തിക കൈമാറ്റമെന്ന വലിയ ഘടകം ഇതിൽ പ്രവർത്തിക്കുന്നു. സമ്പത്തും വിവാഹവും ദാമ്പത്യവും പരസ്പരം ബന്ധപ്പെടുത്തിയാണ് പൊതുബോധം വിലയിരുത്തുന്നത്. സർപ്പയജ്ഞത്തിൽ വിദ്യാസമ്പന്നനായ ഭർത്താവ് എൻജിനീയർ രാമചന്ദ്രൻ പുരുഷാധിപത്യത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായി കാണപ്പെടുന്നു.
പുരുഷാധിപത്യസമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമാണ് സ്ത്രീധനം. വിവാഹവ്യവസ്ഥിതിയോടാണ് സമൂഹം ഇതിനെ ചേർത്തുവെക്കുന്നത്. എന്നാൽ കാലത്തിന്റെ മാറ്റത്തിനും സ്ത്രീ തന്നെയാണ് ധനം എന്ന ചിന്തയിലേക്ക് പരിപൂർണ്ണമായി മനുഷ്യസമൂഹം എത്തിച്ചേർന്നിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. കഥയിൽ സ്ത്രീധനപ്രശ്നം മൂലം രാമചന്ദ്രന്റെ ഭാര്യ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നു. സ്ത്രീധനം സ്ത്രീയ്ക്ക് നൽകുന്ന ധനം എന്നതിനപ്പുറം അതൊരു വ്യവസ്ഥയുടെ ഭാഗവും നിർബന്ധിതമായ ഒരു ചിട്ടയുമായി കാലാന്തരത്തിൽ പരിണമിച്ചപ്പോൾ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പെൺകുട്ടികളുടെയും കുടുംബത്തിന്റെയും വലിയ ബാധ്യതയായി സ്ത്രീധനസമ്പ്രദായം മാറപ്പെടുന്നു. കഥയിൽ രാമചന്ദ്രൻ എന്ന കഥാപാത്രം ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിരന്തരമായി സ്ത്രീധനഗാർഹിക പീഡനം അവൾ അനുഭവിക്കുന്നു. എത്ര ലഭിച്ചാലും അടങ്ങാത്ത ധനമോഹമാണ് ഗാർഹിക പീഡനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമായി കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിവാഹിതയായി മാറുന്ന സ്ത്രീയ്ക്ക് അവളുടെ കുടുംബം നൽകുന്ന സ്‌നേഹോപകാരങ്ങളെ നിർബന്ധബുദ്ധിയാൽ ഒരു വ്യവസ്ഥയാക്കി മാറ്റുന്നതോടെ സ്ത്രീകൾ ധാരാളം പീഡനങ്ങൾക്ക് ഇരയാവുകയും അതുമൂലം കടുത്ത മാനസിക സംഘർഷത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. കഥയിലെ ഭാര്യ എന്ന കഥാപാത്രം ഭാര്യാഭവനത്തിൽ നിന്നും ലഭിക്കാതെ പോകുന്ന സ്ത്രീധനത്തിന്റെ പേരിൽ ധാരാളം ശകാരങ്ങൾ കേൾക്കേണ്ടി വരുന്നു. തന്റെ സഹോദരിക്ക് അച്ഛൻ നൽകുന്ന സമ്പത്തിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദ്യം ചെയ്യുകയും സ്വന്തം ഭവനത്തിൽ നിന്നും സ്വത്തുവകകൾ തഞ്ചത്തിൽ കൈക്കലാക്കാൻ കഴിയാത്തത് ഭാര്യയുടെ കഴിവുകേടായി കണക്കാക്കുന്ന ഭർത്താവെന്ന കഥാപാത്രം ഭാര്യയായ സ്ത്രീയെ നിരന്തരം പരിഹസിക്കുന്നു. എന്നാൽ സഹോദരിക്ക് സ്വന്തം ഭവനത്തിൽ നിന്നും കൊടുക്കുന്ന ധനത്തെ തന്റേതാക്കി മാറ്റാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. തന്റെ പിതാവിനോട് ചോദിച്ചുവാങ്ങാൻ ശ്രമിച്ചാൽ തനിക്ക് സമ്പത്ത് കൂടുതൽ തരാൻ പോകുന്നില്ല എന്നും ചോദിച്ചില്ലെങ്കിൽ തരാതിരിക്കുകയുമില്ല എന്ന ബോധ്യം അവളിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു വിഷമഘട്ടത്തിൽ തീർച്ചയായും അവളുടെ കുടുംബം അവളുടെ കൂടെയുണ്ടാവുമെന്ന ഉറപ്പ് അവൾക്കുള്ളിൽ ദൃഢമായിരുന്നു. അവളുടെ അച്ഛനും അമ്മയ്ക്കും മക്കൾ രണ്ടും തുല്യരായിരുന്നു എന്ന ബോധ്യം അവൾക്കുള്ളിൽ നിലനിന്നിരുന്നതുകൊണ്ട് തന്നെ ഭർത്താവിന്റെ ധനത്തോടുള്ള ആർത്തിയിൽ അവൾക്ക് ദുഃഖം മാത്രമാണ് തോന്നിയിരുന്നത്. എന്നാൽ വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ കുടുംബത്തിനും അവിടത്തെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന ഇടുങ്ങിയ ചിന്താഗതിയാണ് ഭർത്താവായ എൻജിനീയർ രാമചന്ദ്രനിൽ പ്രവർത്തിക്കുന്നത്. ദാമ്പത്യ ജീവിതം കേവലം സമ്പത്തിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുമ്പോൾ നഷ്ടപ്പെടുന്ന സന്തോഷം നിറഞ്ഞ ജീവിതത്തെ പലപ്പോഴും ഭർത്താവ് എൻജിനീയർ രാമചന്ദ്രൻ കാണാതെ പോവുന്നു. ദാമ്പത്യജീവിതം കേവലം സാമ്പ ത്തിക ജീവിതം മാത്രമായി കാണുന്ന ചില അല്പബുദ്ധികളായ മനുഷ്യർക്ക് നേരെയുള്ള എഴുത്തുകാരിയുടെ തുറന്ന വിമർശനമാണ് സർപ്പയജ്ഞം മുന്നോട്ടുവെക്കുന്നത്.
അധികാരവും കുടുംബവും
വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങൾ രൂപപ്പെടുത്തുമ്പോൾ തന്നെ അധികാരത്തിന്റെ ചില വ്യവസ്ഥാപിതമായ കടന്നുവരവുകൾ ഉണ്ടായിരുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയ്ക്കുള്ളിൽ സ്ത്രീയുടെ അധികാരം, അവകാശം എന്നിവ പലപ്പോഴും വിലക്കപ്പെടുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷൻ നിർണ്ണയിക്കുന്നതാണെന്ന തെറ്റിധാരണ വെച്ചുപുലർത്തുന്ന പുരുഷ സമൂഹം ഇന്നും നില നിൽക്കുന്നു. വേദനാജനകമായ ഈ യാഥാർത്ഥ്യം സർപ്പയജ്ഞത്തിലും കണ്ടെത്താൻ കഴിയുന്നു. കഥയിൽ ഭാര്യയെന്ന കഥാപാത്രത്തിന്റെ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുണ്ട്. അവൾക്ക് പല സന്ദർഭങ്ങളിലും അധികാരത്തിന് വിധേയപ്പെട്ട് ജീവിക്കേണ്ടതായി വരുന്നു. സ്ത്രീയ്ക്കും പുരുഷനും കുടുംബത്തിലുള്ള തുല്യത പുരുഷന്റെ അധികാരം നിമിത്തം ഇല്ലായ്മ ചെയ്യപ്പെടുന്നു. ഭർത്താവ് ഭരിക്കുന്നവനും ഭാര്യ വിധേയപ്പെടേണ്ടവളുമാണെന്ന ധാരണ ഭർത്താവിൽ പ്രവർത്തിക്കുമ്പോൾ കഥയിലെ സ്ത്രീ കഥാപാത്രം പലപ്പോഴും ആ വ്യവസ്ഥയിൽ നിന്നും ഒരു തിരിഞ്ഞു നടത്തം ആഗ്രഹിക്കുന്നു. സാമ്പത്തിക സ്ഥിരതയില്ലാത്ത ആശ്രിതയായ ആ സ്ത്രീ പുരുഷരൂപത്തെ ഭയപ്പെട്ടു. അവൾക്ക് അച്ഛനും ഭർത്താവും ഭയത്തിന്റെ രൂപങ്ങളായി മാറുന്നു. സാമ്പത്തിക വ്യാപാരങ്ങളിൽ ഏർപ്പെടാത്തതിനാൽ തന്നെ പുരുഷന് അടിമയായി പല സന്ദർഭങ്ങളിലും അവൾക്ക് വർത്തിക്കേണ്ടിവരുന്നു. ഈ പുരുഷാധികാരവ്യവസ്ഥിതിയ്ക്ക് എതിരെ പ്രതികരണശേഷിയില്ലാത്ത വസ്തുവകളോട് പ്രതികരിച്ചുകൊണ്ട് ആത്മസംതൃപ്തി നേടുന്ന ഭാര്യ എന്ന കഥാപാത്രം വീടിന്റെ അകത്തളത്തിൽ ഒതുക്കപ്പെട്ട നിരവധിയായ ഭാരതീയ സ്ത്രീകളുടെ പ്രതിനിധിയാണ്. ഇത്തരം സ്ത്രീകളുടെ ആശ്വാസം കണ്ണുനീര്‍ മാത്രമാണ്. കഥയിലെ ഭർത്താവിന്റെ ആത്മമിത്രമായ ചാക്കോച്ചൻ ഭാര്യയുടെ പ്രത്യുൽപാദനത്തെയും ലൈംഗികതയെയും ചോദ്യം ചെയ്യുമ്പോൾ ഭർത്താവിനോടുള്ള ഭയം അവളെ പ്രതികരിക്കാൻ കഴിയാത്തവളാക്കി മാറ്റുന്നു.
കുടുംബവ്യവസ്ഥയെ പൊളിച്ചെഴുത്ത് നടത്തുന്ന കുടുംബാന്തരീക്ഷമാണ് കഥയിൽ കാണുന്നത്. കേവലം സാമ്പത്തിക കൈമാറ്റത്തിനുള്ള വ്യവഹാരഭൂമിയായി കുടുംബം മാറുമ്പോൾ സാമ്പത്തിക അസ്ഥിത്വത്തിന് വ്യക്തിത്വബോധത്തേക്കാളും പ്രാധാന്യം ലഭിക്കുന്നു. ഈ കാഴ്ചപ്പാട് സാമ്പത്തിക അസ്ഥിത്വമില്ലാത്ത സ്ത്രീകളെ സമൂഹത്തിലും കുടുംബത്തിനുള്ളിലും പിന്നോട്ട് നിർത്താൻ കാരണമാക്കുന്നു. ഇവിടെ ഭാര്യയായ സ്ത്രീ സാമ്പത്തികമായ അസ്തിത്വം കൈവരിക്കാത്തത് കൊണ്ടുതന്നെ അവൾ നിരന്തരം അപമാനിക്കപ്പെടുന്നു. കഥയിൽ പുരുഷാധിപത്യത്തിന്റെ പ്രതീകമായി ഭർത്താവ് എൻജിനീയർ രാമചന്ദ്രൻ മാറുമ്പോൾ എല്ലാം സഹിക്കുന്ന ഭാരതീയ സ്ത്രീയുടെ പര്യായമായി ഭാര്യയെ എഴുത്തുകാരി രേഖപ്പെടുത്തുന്നു. എന്നാൽ പീഡനങ്ങളുടെയും സഹനത്തിന്റെയും ഒടുവിൽ അവൾ സ്വയം ശക്തിയായി മാറുന്നതും കഥാന്ത്യത്തിൽ കണ്ടെത്താൻ കഴിയുന്നു. കഥാകാരി സർവ്വവും സഹിച്ചുകൊണ്ട് സ്ത്രീയോട് ജീവിക്കാൻ ആവശ്യപ്പെടുകയല്ല. മറിച്ച് അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കരുത്താർജിച്ച് പുതുജീവിതം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുന്നു.
കുടുംബിനി
കുടുംബിനികളായ ഭാരതീയ സ്ത്രീകൾ കുടുംബത്തിനുള്ളിലെ കടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും ചട്ടക്കൂടിൽ ബന്ധിക്കാൻ നിലനിൽക്കുന്ന വ്യവസ്ഥാപിതമായ സാമൂഹികബോധം ശ്രമിക്കുന്നു. ഇത്തരം അടിച്ചമർത്തലുകൾ ഗൃഹവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഭാരതീയ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ്. ചെയ്യുന്ന കടമയ്ക്ക് ലഭിക്കാതെ പോകുന്ന സ്വീകാര്യത കുടുംബിനികളായ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്നമാണ്. ആവർത്തനവിരസത വീടുമായി ബന്ധപ്പെട്ട ജോലികളുടെ പൊതുസ്വഭാവമാണെന്ന യാഥാർത്ഥ്യം നിലനിൽക്കെതന്നെ കഥയിലെ കഥാപാത്രമായ ഭാര്യ നേരിടുന്നതും ഇതേ പ്രശ്നമാണ്. ഭർത്താവ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാവുമ്പോൾ ഭാര്യ ഗൃഹവൃത്തിയുടെ ഭാഗമായാണ് മാറുന്നത്. എച്ചിൽ പാത്രങ്ങളും പഴയ ഭക്ഷണസാധനങ്ങളും സ്ത്രീകൾക്കു വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന ഭാരതീയ കുടുംബവ്യവസ്ഥയ്ക്കുള്ളിലെ യാഥാർത്ഥ്യത്തെ എഴുത്തുകാരി ചൂണ്ടികാണിക്കുന്നു. ഭർത്താവിന്റെ ദിനചര്യകളെ സുഗമമാക്കാനുള്ള ഒരു ഉപകരണമായി പ്രവർത്തിക്കുന്ന ഭാര്യയെ കഥയിൽ നിരന്തരം മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ആരോഗ്യവും സമയവും നഷ്ടപ്പെടുത്തുന്ന സമൂഹം അംഗീകരിക്കുകയോ ചേർത്തു പിടിക്കുകയോ ചെയ്യാത്ത കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നു.
സമൂഹത്തിന്റെ മുഖ്യധാരയിൽ ഇവർ പലപ്പോഴും പരിഹാസ കഥാപാത്രങ്ങളാവുന്നു. വരുമാനമില്ലാതെ ആവർത്തന സ്വഭാവമുള്ള ജോലികൾ ചെയ്യുന്ന ഇവർ വ്യക്തിത്വം ഇല്ലാത്തവരായും ചിലപ്പോൾ വിഡ്ഢികളായി പോലും മുദ്രകുത്തപ്പെടുന്നു. ബുദ്ധിപരമായ അധ്വാനത്തെക്കാൾ കൂടുതൽ ശാരീരികമായ അധ്വാനം ഉൾക്കൊള്ളുന്ന ജോലി ആയതിനാൽ തന്നെയും ഇത്തരം ജോലികളെ പുരുഷന്മാർ ഇന്നും പൂർണ്ണമായും അംഗീകരിക്കാൻ പ്രാപ്തരായിട്ടില്ല. കുടുംബത്തിലെ ആവർത്തന സ്വഭാവമുള്ള ജോലികൾ സ്ത്രീയുടെ മാത്രം കുത്തക യായി നിലനിന്നിരുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് ഈ കഥ. എന്നാൽ പുതിയകാലം ചില മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ പൂർണ്ണമായി ഒരു മാറ്റം അവകാശപ്പെടാനും കഴിയില്ല. കുടുംബിനികളായ സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളിൽ ആദ്യത്തേത് പ്രത്യുൽപാദനമാണ്. പുരുഷന് കുടുംബസ്വത്ത് കൈമാറ്റം ചെയ്യാൻ പുതിയ തലമുറയെ സൃഷ്ടിക്കുകയെന്നത് സ്ത്രീയുടെ ഉത്തരവാദിത്വമായി പൊതുസമൂഹം വിലയിരുത്തുന്നു. ഇവിടെ ഭർത്താവിന്റെ സന്തോഷത്തിന് അനുസരിച്ച് മാത്രം ലൈംഗികകാമനകളും ലൈംഗികചേഷ്ഠകളും മാറുമ്പോൾ സ്ത്രീശരീരം പുരുഷനെ ആഹ്ലാദിപ്പിക്കാൻ മാത്രമുളള ഒരു ഉപകരണമായി വർത്തിക്കുന്നു.
കഥയിലെ പുരുഷകഥാപാത്രം ഭാര്യയായ സ്ത്രീയുടെ മാനസിക–ശാരീരിക അവസ്ഥകളെ പരിഗണിക്കുന്നില്ല. ഭർത്താവായ എഞ്ചിനീയർ രാമചന്ദ്രൻ മദ്യലഹരിയുടെ ആനന്ദത്തിൽ ഭാര്യയുടെ ശരീരത്തിൽ ആഹ്ലാദം കണ്ടെത്തുമ്പോൾ ഭാര്യയാവട്ടെ ആ ആസക്തിയുടെ എല്ലാ തരം ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. മദ്യത്തിന്റെ പുളിച്ച നാറ്റത്തിന്റെ ഇടയിൽ കിടന്നുറങ്ങേണ്ടി വരുന്ന നിസ്സഹായയായ സ്ത്രീ, ലഹരി ഉണ്ടാക്കുന്ന വിപത്തിന്റെ പരിണിത ഫലമനുഭവിക്കുന്ന സ്ത്രീകളുടെ പ്രതിനിധാനമായാണ് എഴുത്തുകാരി രേഖപ്പെടുത്തിയിരിക്കുന്നത്. കഥയിൽ ഭർത്താവുമൊത്ത് ആശയപരമായ തർക്കങ്ങൾ നിലനിൽക്കുമ്പോളും വലിയ വഴക്കുകളുടെ അവസാനത്തിലും ഭാര്യ തന്നെയാണ് മിക്കപ്പോഴും ഒറ്റപ്പെടുകയും ഇടമില്ലാത്തവളായി മാറുകയും ചെയ്യുന്നത്. സ്വന്തം വീടിനേക്കാൾ ഭർതൃഭവനം ഭംഗിയായി സംരക്ഷിക്കുന്ന പല സ്ത്രീകളും നേരിടുന്ന പ്രശ്നത്തെ കഥാകാരി തുറന്നെഴുതുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീ കടമകൾ നിർവഹിക്കുന്ന ഒരുവ ളായി മാത്രം മാറുന്നു. ജനിച്ച ഭവനത്തിൽ നിന്നും, കയറിച്ചെന്ന ഭവനത്തിൽ നിന്നും അവൾ തിരസ്കരിക്കപ്പെടുന്നു. ഈ രീതിയിൽ ആശ്രിതയായി മാറേണ്ടിവരുന്ന സ്ത്രീകളുടെ പ്രതിനിധാനമായി കഥയിലെ ഭാര്യയെ കണക്കാക്കാം. ഭർത്താവുമായി പിണങ്ങുമ്പോൾ സ്വീകരണമുറിയിലേക്ക് മാറി കിടക്കുന്നത് സ്ത്രീയാണ് പുരുഷനല്ല. മാറിക്കൊടുക്കേണ്ടതും, മാറിനിൽക്കേണ്ടതും, ത്യജിക്കേണ്ടതും, ത്യാഗമനുഭവിക്കേണ്ടതും സ്ത്രീയാണെന്ന തെറ്റായ പൊതുധാരണയെ സർപ്പയജ്ഞത്തിലൂടെ ഒന്നുകൂടി തുറന്നു കാട്ടുന്നു.
എഴുത്തുകാരി ബോധപ്പൂർവ്വം കഥാനായകനായ ഭർത്താവിന് എൻഞ്ചിനീയർ രാമചന്ദ്രൻ എന്ന പേര് നൽകിയത് അയാളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ സമൂഹത്തിലെ അധികാരവ്യവസ്ഥ കല്പിച്ചിരിക്കുന്ന സ്ഥാനമാണ് ഭാര്യയെങ്കിലും ഒരു നാമമായി കൂടി എഴുത്തുകാരി അതിനെ അടയാളപ്പെടുത്തുകയാണ്. അവളുടെ വ്യക്തിത്വത്തെ പരിഗണിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് പേരിനു പകരം അവൾ, ഭാര്യ എന്നീ പൊതുനാമങ്ങൾ കഥയിൽ നൽകിയിരിക്കുന്നത്. ഭാര്യ എന്നത് ഒരു പദവിയായും ഒരു ഉദ്യോഗമായും ഒരു കടമയായും ചിന്തിക്കുന്ന ഒരു സമൂഹത്തെ എഴുത്തുകാരി രേഖപ്പെടുത്തുന്നു. ഭാര്യയെന്ന കഥാപാത്രം ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ്. അതുകൊണ്ടു തന്നെയാണ് എഴുത്തുകാരി അവൾക്ക് പ്രത്യേകമായ പരിഗണന നൽകാതിരുന്നത്.
സാമൂഹികവ്യവസ്ഥയും ജാരബന്ധവും
എഴുത്തുകാരി സർപ്പസാന്നിധ്യമായി കൊണ്ടുവരുന്നത് ഒരു ജാരബന്ധത്തെയാണ്. സമൂഹം കൽപ്പിക്കുന്ന വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ പരസ്ത്രീബന്ധവും പരപുരുഷബന്ധവും വിലക്കപ്പെട്ടവയാണ്. ലൈംഗികതയ്ക്ക് രഹസ്യാത്മകമായ ഒരു സ്വഭാവം നിലനിൽക്കേതന്നെ വിവാഹബന്ധത്തിൽ ഏർപ്പെട്ട പുരുഷനോ സ്ത്രീയ്ക്കോ അന്യപുരുഷനോ സ്ത്രീയോ ആയി ലൈംഗികബന്ധങ്ങൾ ഉണ്ടായിക്കൂടെന്ന് നിലനിൽക്കുന്ന ഭാരതീയമായ സാമൂഹികവ്യവസ്ഥ നിഷ്കർഷിക്കുന്നു. ലൈംഗികതയുടെ പൊതുമുഖം രഹസ്യാത്മകതയായതിനാൽ ഇവിടെ ഭാര്യയ്ക്ക് സർപ്പത്തിനോട് തോന്നുന്ന സ്നേഹവും ഇഷ്ടവും സർപ്പത്തിന് കഥയിലെ സ്ത്രീയോട് തോന്നുന്ന അനുകമ്പയും സ്നേഹവും മൂടിവെക്കപ്പെടുന്നു. സ്വന്തം പുരുഷനിൽ നിന്നും ലഭിക്കേണ്ട പരിഗണനയും സംരക്ഷണവും സ്നേഹവും ഒരു ഉരഗജീവിയിൽ നിന്നും ലഭിക്കുമ്പോൾ അവൾ ആ രഹസ്യത്തെ മറ്റാരും അറിയാതെ സൂക്ഷിക്കുകയും ആ സർപ്പത്തിന് ഒരു ജാരപരിവേഷം നൽകുകയും ചെയ്യുന്നു. പുരുഷൻ സ്ത്രീയെ സംരക്ഷിക്കണം , പരിഗണിക്കണം എന്ന ചിന്ത ഭാര്യയായ ആ സ്ത്രീയിൽ പ്രതിധ്വനിക്കുന്നു. സാമൂഹികബോധം കുടുംബിനികളായ സ്ത്രീകൾക്ക് നൽകിയിരിക്കുന്ന വ്യവസ്ഥാപിതമായ ചുറ്റുപാടുകൾക്കും അതിരുകൾക്കും വിഭിന്നമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ , കണ്ടെത്തലുകൾ, ചോദ്യം ചെയ്യലുകൾ, നിരീക്ഷണങ്ങൾ എന്നിവ അധികാരത്തിന്റെ കേന്ദ്രഭാവമായ ഭർത്താവിൽ പരിഹാസവും പുച്ഛവും മാത്രം സൃഷ്ടിക്കുന്നു. ഭാര്യയുടെ ചിന്തകളെ ജല്പനമായും മനോരോഗത്തിന്റെ തുടക്കമായും മാത്രമാണ് ഭർത്താവ് പരിഗണിക്കുന്നത്. സ്ത്രീയുടെ വ്യവഹാരമണ്ഡലങ്ങൾക്ക് പുരുഷൻ പരിധി നിശ്ചയിക്കുന്നു.
കഥയുടെ ആരംഭത്തിൽ ഭർത്താവിനോട് തോന്നിയിരുന്ന ഭയം എന്ന വികാരം സർപ്പത്തിന്റെ കടന്നുവരവോടുകൂടി നഷ്ടപ്പെടുമ്പോൾ അവൾ ശക്തയാകുന്നു. സഹജീവിയെ സ്നേഹിക്കാനുള്ള മനസ്സാണ് ഒരാൾക്ക് ആദ്യം വേണ്ടതെന്ന തിരിച്ചറിവ് ഭാര്യയിൽ തന്റെ ഭർത്താവിനെക്കാൾ മികച്ചത് സർപ്പമാണെന്ന ചിന്ത രൂപപ്പെടുത്തുന്നു. ആദ്യം തോന്നിയിരുന്ന ഭയം കാലക്രമേണ ഇല്ലാതാക്കുകയും തുടർന്ന് അവളോട് കാണിക്കുന്ന സഹാനുഭൂതിയും കരുതലും വിഷം തീണ്ടുന്ന ആ ഉരഗത്തെ സ്വീകരിക്കാൻ അവളുടെ മനസ്സിനെ സജ്ജമാക്കി. ഭയം പിന്നീട് താല്പര്യമായും കൗതുകമായും സഹതാപമായും പിന്നീട് സ്നേഹമായും പരിണമിക്കുന്നു. മുമ്പ് സർപ്പം ഇരിക്കുന്ന ഇടങ്ങളെ ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവളുടെ കണ്ണുകൾ കാലാന്തരത്തിൽ മാറുന്നു. അവളെ അറിയാനും മനസ്സിലാക്കാനും ശ്രമിച്ച സർപ്പം പിന്നീട് അവളുടെ സന്തതസഹചാരിയായി മാറി. ഭർത്താവ് നൽകാത്ത സ്നേഹവും കരുതലും സംരക്ഷണവും ആ ഉരഗജീവിയിൽ നിന്നും അവൾക്ക് ലഭിച്ചപ്പോൾ അതൊരു വിശ്വാസമായി മാറുകയും അവൾ അതിനോട് താതാത്മ്യപ്പെടുകയും ചെയ്യുന്നു. സമൂഹം മുഴുവൻ ആ ഉരഗത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അവൾ അതിൽ നിന്നും പിന്തിരിഞ്ഞു നിൽക്കുന്നു. പലപ്പോഴും ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്ന മനുഷ്യരൂപമുള്ള ജാരൻന്മാർക്കും അവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്കും പറയാനുള്ളത് ഈ ആശയങ്ങൾ തന്നെയാണ്. ഇവിടെ എഴുത്തുകാരി വിദഗ്ധമായി കുടുംബത്തിനുള്ളിൽ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകളുടെ മാനസികാവസ്ഥയും അവർ എത്തിച്ചേരുന്ന അസ്സാന്മാർഗിക വഴികളും അവതരിപ്പിക്കുന്നു.
കഥയിൽ ജാരനായി ഒരു ഉരഗത്തെ കഥാകാരി രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ് സമൂഹം ഈ സൃഷ്ടിയെ അംഗീകരിക്കാൻ തയ്യാറാവുന്നത്. എന്നാൽ ഒരു മനുഷ്യരൂപത്തെയാണ് ജാരകഥാപാത്രമായി അവതരിപ്പിച്ചതെങ്കിൽ സമൂഹത്തിന്റെ മുഖ്യധാരയിൽ ഈ എഴുത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ഭർത്താവിന്റെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവിൽ അവളിലേക്ക് എത്തുന്ന ആ അതിഥിയ്ക്ക് അവളുടെ കണ്ണീർ തുടയ്ക്കാനുള്ള പ്രാപ്തിയും അവളിൽ ആശ്വാസം ജനിപ്പിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. അവളൊരു ചെറുപുഞ്ചിരിയോടെയാണ് സർപ്പത്തിന്റെ ആഗമനത്തെ സ്വാഗതം ചെയ്യുന്നത്. അതിൽ നിന്നും ലഭിക്കുന്ന ആശ്വാസവും പരിഗണനയും ഈ വലിയ ഭൂമിയിൽ അവൾ തനിച്ചല്ല എന്ന ബോധ്യത്തെ രൂപപ്പെടുത്തി. ആ സ്പർശനത്തെ അറിയുന്ന നിമിഷങ്ങളിലെല്ലാം അവളിൽ സന്തോഷം ഉണർന്നു. ആ രഹസ്യത്തിന്റെ ഉന്മാദം അവളിൽ ആനന്ദം സൃഷ്ടിക്കുന്നു. നിരന്തരം അവൾ ആ സർപ്പത്തിന്റെ ഭാഗമാവാൻ ആഗ്രഹിച്ചു. കഥയുടെ അവസാന ഭാഗത്ത് കഥാപാത്രമായ ചാക്കോച്ചൻ രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന മാർബിൾ കൊണ്ടു നിർമ്മിച്ച തറ, ദിവാകരപ്പണിക്കർ സമ്മാനിച്ച കട്ടിൽ, വീട്ടിൽ പാലു കാച്ചലിന് അച്ഛൻ കൊടുത്ത കിടക്ക, ഭർത്താവ് വാങ്ങിക്കൊടുത്ത നീല നൈറ്റിക്കും അച്ഛൻ വാങ്ങിക്കൊടുത്ത സ്വർണ്ണമാലയ്ക്കും മുകളിലൂടെ അവളുടേത് മാത്രമായ പിൻ കഴുത്തിൽ ഇരട്ട നാവിന്റെ സ്പർശനാനുഭവം കഥാകാരി വർണ്ണിക്കുന്നത് പരോക്ഷമായി സ്ത്രീ പുരുഷ ലൈംഗികതയോട് ബന്ധപ്പെട്ട് നിൽക്കുന്നു. കഥയിൽ കുടുംബിനിയായ സ്ത്രീയെ അബലയായി എഴുത്തുകാരി അടയാളപ്പെടുത്തുമ്പോഴും അവളുടെ ശരീരം ആ അതിഥിയെ തൃപ്തിപ്പെടുത്തുന്നു. ഉപഭോഗവസ്തുക്കൾ നൽകുന്ന സുഖങ്ങൾ നൈമിഷികമാണെന്ന് ബോധ്യപ്പെടുത്തുന്ന കഥ, ആത്മസംതൃപ്തി സ്വയം കണ്ടെത്തേണ്ടതാണെന്ന ചിന്ത മുന്നോട്ടുവയ്ക്കുന്നു.
ദാമ്പത്യജീവിതത്തിന്റെ സന്തോഷങ്ങൾ വെറും ഉപഭോഗവസ്തുക്കളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ലെന്ന് എഴുത്തുകാരി ചൂണ്ടികാണിക്കുന്നു. ഒരു സ്ത്രീയ്ക്ക് ജീവിതസുഖങ്ങളെ പോലെ തന്നെ മാനസിക – ശാരീരിക – സുഖങ്ങളും പ്രധാനമാണ് എന്ന തിരിച്ചറിവിലേക്ക് ഇന്നും സമൂഹം വളർന്നിട്ടില്ല.
ജാരബന്ധങ്ങളിലേക്കുള്ള ഓരോ സ്ത്രീയുടെയും പ്രയാണത്തിന്റെ കാതലായ കാരണം എഴുത്തുകാരി കഥയിലൂടെ പറഞ്ഞുവെക്കുന്നു. നിലനിൽക്കുന്ന സാമൂഹികവ്യവസ്ഥയ്ക്ക് പുറത്താണ് ജാരന്മാരുടെ സ്ഥാനമെന്ന് മനസ്സിലാക്കിയിട്ടും അതിലേക്ക് ഓരോ സ്ത്രീയെയും നയിക്കു ന്നത് അവൾക്ക് ലഭിക്കാതെ പോകുന്ന സ്നേഹത്തിന്റെയും പരിഗണനയുടെയും ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുമാണ്. വിഷം ഉൾക്കൊള്ളുന്ന പാമ്പിനെ അവൾ സ്നേഹിക്കുന്നത് അവളെ പരിഗണിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്. ഓരോ ജാരബന്ധവും നൽകുന്നത് വിഷമാണെന്ന ചിന്ത നിലനിൽക്കുമ്പോൾ തന്നെയും അതിലേക്ക് പലപ്പോഴും നയിക്കുന്നത് സ്വന്തം ഇണയുടെ പെരുമാറ്റവൈകല്യമാണ്. കൂടെയുള്ള ഇണ മനുഷ്യനായത് കൊണ്ട് മാത്രം കാര്യമൊന്നുമില്ല എന്ന് ബോധ്യപ്പെടുത്തുന്നതിനോടൊപ്പം മനുഷ്യന് മനുഷ്യത്വമാണ് വേണ്ടതെന്നും സഹജീവിയെ അറിയാനുള്ള കഴിവാണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് എഴുത്തുകാരി പറയാതെ പറഞ്ഞുവെക്കുന്നു . സർപ്പം അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം അവൾ അനുഭവിക്കുന്ന കുറ്റപ്പെടുത്തലുകൾ അവൾക്ക് പുച്ഛമായി അനുഭവപ്പെട്ടു. ഈ ഭാവമാറ്റത്തിന് കാരണമായി വർത്തിക്കുന്നത് അവളെ സംരക്ഷിക്കാനും വിശ്വസിക്കാനും കഴിയുന്ന മറ്റൊരു ഇണ അവൾക്കുവേണ്ടി ഉണ്ടെന്ന ശക്തമായ വിശ്വാസത്തിൽ നിന്നാണ്. ഭർത്താവ് തുറന്നിട്ട ജനാലയിലൂടെ മുഴുവൻ വെളിച്ചമാണ് കഥാന്ത്യത്തിലെ ഭാഗം ഭർത്താവ് തന്നെയാണ് അവളെ മറ്റൊരു ഇടത്തിലേക്ക് നയിച്ചത് എന്ന ആശയത്തെയാണ് പ്രധാനം ചെയ്യുന്നത്. അവളുടെ സ്വാതന്ത്ര്യം അവൾ തിരിച്ചറിയുന്നത് അവളുടെ പ്രശ്നങ്ങളിൽ നിന്നാണ്. രാത്രിയിലെ ഉറക്കത്തിനൊടുവിൽ കിടപ്പുമുറിയിലേക്ക് കടന്നുവന്ന സർപ്പത്തെക്കുറിച്ച് ഭർത്താവ് സംസാരിക്കുമ്പോൾ വെയിലിലേക്ക് കൈ നിവർത്തികൊണ്ട് കാണുന്നുണ്ടോ നീല നിറം? എന്നവൾ അയാൾക്കുനേരെ ചോദ്യം ഉന്നയിക്കുമ്പോൾ അയാൾ തന്നെയാണ് അവളെ മറ്റൊരു ബന്ധത്തിലേക്ക് നയിച്ചത് എന്ന തിരിച്ചറിവ് നൽകുകയാണ്. ഓരോ സ്ത്രീക്കും ആവശ്യമായ പരിഗണനയും സ്നേഹവും കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും ലഭിച്ചാൽ ഒരിക്കലും അവൾ മറ്റൊന്നിലേക്ക് അഭയം പ്രാപിക്കില്ല. സ്ത്രീകൾ അവരുടെ വൈകാരിക തലങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തികളെയാണ് ആഗ്രഹിക്കുന്നത് എന്ന തിരിച്ചറിവിലേക്ക് ഓരോ പുരുഷനും എത്തുമ്പോൾ അവർക്ക് ദാമ്പത്യ ജീവിതം സുന്ദരമാക്കാൻ കഴിയുമെന്ന ബോധ്യത്തിലേക്ക് കഥയുടെ അർത്ഥതലം വളരുന്നു. സർപ്പം ഇവിടെ ഒരു പ്രതീകം മാത്രമായി നിലകൊള്ളുന്നു.
ഉപസംഹാരം
സർപ്പയജ്ഞം എന്ന കഥ പ്രത്യക്ഷത്തിൽ ഒരു ഭാരതീയ സ്ത്രീ കുടുംബവ്യവസ്ഥയ്ക്കുള്ളിൽ നേരിടുന്ന പ്രശ്നങ്ങളെയാണ് പരാമർശിക്കുന്നതെങ്കിലും പരോക്ഷമായി വ്യവസ്ഥാപിതമായ സാമൂഹിക ബോധം സ്ത്രീക്കുമേൽ കൽപ്പിച്ചു നൽകിയ അതിർവരമ്പുകളെ വ്യക്തമാക്കുന്നു. കഥയെ ഫൂക്കോയുടെ ഹിസ്റ്റ റി ഓഫ് സൈക്ഷ്വാലിറ്റി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന അധികാരവും ലൈംഗികതയും എന്ന ആശയവുമായി ചേർത്തുവച്ച് പഠനവിധേയമാക്കുമ്പോൾ കുടുംബവ്യവസ്ഥയിൽ സ്ത്രീ നേരിടുന്ന പ്രാഥമിക പ്രശ്നങ്ങളുടെ ചരിത്രവഴികൾ കണ്ടെത്താൻ സാധിക്കുന്നു. സമൂഹത്തിൽ കാലഘട്ടാനുശ്രിതമായി രൂപം കൊണ്ട ലൈംഗികവ്യവസ്ഥയും പുരുഷന് നൽകിയ അധികാരവും രൂപപ്പെടുത്തിയ വ്യവസ്ഥാപിത ചിന്താധാരയുടെ ഫലമാണ് അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീകളുടെ ജീവിതമെന്ന് ഈ പഠനം കണ്ടെത്തുന്നു.
ഗ്രന്ഥസൂചി
മീര കെ.ആർ, സർപ്പയജ്ഞം, മാതൃഭൂമി പബ്ലിക്കേഷൻസ്, കോഴിക്കോട് , 2004.
സത്യൻ പി.പി, ലൈംഗികതയുടെ ചരിത്രം, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2014.
Focacult Michel, The History of Sexuality an introduction(Volume 1), Pantheon Books, New York, 1978.
Focacult Michel. The History of Sexuality (Volume 2), Pantheon Books, New York, 1985
ഗ്രീഷ്മ വി.
ഗവേഷക
മലബാർ ക്രിസ്ത്യൻ കോളേജ്
കോഴിക്കോട്
Email: greeshma.v2015@gmail.com
Mob: 8086359730
Copyright © 2026 | WordPress Theme by MH Themes
