മാനവികതയുടെ സൗന്ദര്യം

എം. ഗോവിന്ദന്റെ നാടകങ്ങളിലെ സമഗ്രദർശനം

»  ഡോ. അനൂപ് വി.

ID: MRK0017

Published on January 01, 2026

Time: 10:00 AM IST

എം. ഗോവിന്ദന്റെ നാടകങ്ങളിലെ സമഗ്രദർശനം

പ്രബന്ധസംഗ്രഹം

മലയാളസാഹിത്യത്തിൽ സവിശേഷരചനാശൈലി കൊണ്ടും ഭാഷാശൈലികൊണ്ടും വേറിട്ടു നില്‍ക്കുന്ന രചനകളാണ് എം.ഗോവിന്ദന്റേത്. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഭാവുകത്വത്തോടും ഭാഷാവ്യവഹാരത്തോടും നിരന്തരമായ ഇടച്ചിലുകളിലൂടെ നടത്തിയ സർഗ്ഗാത്മകകലാപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകളെല്ലാം തന്നെ എന്നു കാണാം. സമഗ്രമായ ലോകബോധവും മാനവികതയിലൂന്നിയ ദർശനവും അദ്ദേഹത്തിന്റെ രചനകളെ സമകാലികരായിരുന്ന സാഹിത്യകാരന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. മാനവികതയിലൂന്നിയ ഗോവിന്ദന്റെ സമഗ്രദർശനമാണ് അദ്ദേഹത്തിന്റെ രചനകളുടെ കാതലെന്ന ആശയം അദ്ദേഹത്തിന്റെ നാടകരചനകളെ മുൻനിർത്തി പരിശോധിക്കുവാനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.


താക്കോൽ വാക്കുകൾ : ഭാവുകത്വം – മാനവികതാവാദം – സമഗ്രദർശനം ആധുനികത


കാലത്തിനു മുമ്പേസഞ്ചരിച്ച രചനകളാണ് എം. ഗോവിന്ദന്റേത്. മലയാളസാഹിത്യശാഖയിലെ പുതുപ്രവണതകളുടെ പ്രോദ്ഘാടകനും പ്രോത്സാഹകനുമായിരുന്ന അദ്ദേഹം പലപ്പോഴും കേസരിയെപ്പോലെ ഒരു ഗുരുപരിവേഷവും കൈവരിച്ചിരുന്നു. കവിതയിലും കഥയിലുമെല്ലാം അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ പില്‍ക്കാലത്ത് വായിക്കപ്പെടാനുള്ള ആന്തരികോർജ്ജം നിലനിർത്തിയിരുന്നപ്പോഴും അക്കാലത്തെ ഭാവുകത്വവും രചനാശൈലിയുമായി പലതരത്തിൽ വിച്ഛേദിച്ചു നിന്നിരുന്നു. ഈ സവിശേഷമായ വിച്ഛേദം അത്രകണ്ട് വിശകലനം ചെയ്യപ്പെടാതെപോയ അദ്ദേഹത്തിന്റെ നാടകങ്ങളിലും കണ്ടെത്താം. മലയാളനാടകവേദിയിൽ ആധുനികതയുടെ അടയാളങ്ങൾ കോറിയിട്ട സി.ജെ തോമസ്സിന്റേയും ശ്രീകണ്ഠൻനായരുടെയും രചനകൾക്കു മുമ്പേ പിറന്ന ഗോവിന്ദന്റെ നാടകങ്ങൾ ചില സവിശേഷസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. മനുഷ്യത്വവിരുദ്ധമായ യുദ്ധമുൾപ്പടെയുള്ള സാർവ്വലോകാശയങ്ങളെ മാനവികതാവാദത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയും രൂപപരമായി സവിശേഷസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത എം.ഗോവിന്ദന്റെ നാടകങ്ങൾ മലയാളത്തിലെ നാടകചരിത്രത്തിൽ സവിശേഷസ്ഥാനമർഹിക്കുന്നുണ്ട്.


മദിരാശിയിൽ ജീവിച്ച്, മാസികകളിലൂടെയും സൗഹൃദസദസ്സുകളിലൂടെയും സർഗ്ഗാത്മക രചനകളിലൂടെയും അദ്ദേഹം നടത്തിയ ധൈഷണികപ്രവർത്തനങ്ങൾ ആധുനികമലയാള സാഹിത്യത്തിലെ എല്ലാ സാഹിത്യരൂപങ്ങളിലേയും ഭാവുകത്വപരിണാമത്തെ രൂപപ്പെടുത്തുന്നതില്‍ വളരെ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലഘട്ടത്തിലെ മലയാളത്തിലെ പ്രധാനസാഹിത്യമേഖലകളിലെല്ലാം തന്നെ ഒരേ സമയം സര്‍ഗ്ഗാത്മകമായും ധൈഷണികമായും ഇടപെടുവാന്‍ എം.ഗോവിന്ദനു സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എം. ഗോവിന്ദന്റെ ഉപന്യാസങ്ങളെപ്പറ്റിയും കാവ്യങ്ങളെപ്പറ്റിയും വലിയതരത്തിലുള്ള വിശകലങ്ങൾ നടന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകജീവിതത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അധികമൊന്നും വിലയിരുത്തപ്പെടാതെ പോയിട്ടുള്ളതാണ് നാടകരചനകള്‍.


നീ മനുഷ്യനെ കൊല്ലരുത്’ (1954), ‘ഒസ്യത്ത്’ (1957), ‘ചൈത്താനും മനുഷ്യനും’ (1959) എന്നിവയാണ് എം. ഗോവിന്ദന്റെ നാടകരചനകള്‍. സി.ജെ തോമസ്സിന്റെ മരണാനന്തരം ഉയര്‍ന്നുവന്ന (1961 ന് ശേഷം) നാടകചര്‍ച്ചകളും തനത് നാടകപ്രസ്ഥാനത്തിന്റെ രൂപീകരണവും സാധ്യമാക്കിയ പുതുനാടകപ്രവര്‍ത്തനങ്ങളിലെ ധൈഷണികമായ ഇടപെടല്‍ എന്ന നിലയ്ക്കാണ് ഗോവിന്ദന്റെ നാടകപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകരചനകള്‍ മൂന്നും പ്രസിദ്ധീകരിക്കപ്പെടുന്നത് ഇതിനും ഏറെ മുമ്പ് അമ്പതുകളിലാണ്.

ആയിരത്തിതൊള്ളായിരത്തി അമ്പതുകള്‍ ആവുമ്പോഴേക്കും മലയാളനാടകവേദിയില്‍ ക്രിയാത്മകമായ പല ചലനങ്ങളും നടന്നുകഴിഞ്ഞിരുന്നതായി കാണാം. ഗതാനുഗതികത്വത്തില്‍ നിന്ന് വിടുതല്‍ നേടി മലയാളനാടകവേദി സാമൂഹികമായും രാഷ്ട്രീയമായും ഉണര്‍വ്വ് നേടിയിരുന്നു (എം.ഗോവിന്ദന്‍,1993:218)1. സി.ജെ തോമസ്സിന്റെ ആ മനുഷ്യന്‍ നീ തന്നെ എന്ന നാടകവും ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകവും വന്ന 1949ല്‍ തന്നെയാണ് എം. ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് എന്ന നാടകവും പ്രസിദ്ധീകരിക്കുന്നത്. മലയാളനാടകത്തിന്റെ പുതുഭാവുകത്വത്തെ ശില്പപരമായും ആശയപരമായും കുറേക്കൂടി മുന്നോട്ടുകൊണ്ടുപോകുവാന്‍ ആ നാടകത്തിനാവുന്നുണ്ട്.


1949 ലാണ് നീ മനുഷ്യനെ കൊല്ലരുത് എന്ന നാടകത്തിന്റെ രചനയെങ്കിലും അതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത് 1954 ല്‍ ആണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ ഈ നാടകത്തിന്റെ രണ്ടാംപതിപ്പും പ്രസിദ്ധീകൃതമായി. രംഗാവതരണത്തിനുശേഷമുണ്ടായിട്ടുള്ള അഭിപ്രായങ്ങളും പ്രത്യേകിച്ച് സി.ജെ തോമസ്സിന്റെ നിരീക്ഷണവും എല്ലാം പരിഗണിച്ചുള്ള ഭേദഗതിയോടെയാണ് പുസ്തകപതിപ്പ് പ്രസിദ്ധീകരിക്കുന്നത് (എം കെ സാനു,2002 : 141)2. എം. ഗോവിന്ദന്റെ ഈ നാടകം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെപോയി എന്ന് മലയാളനാടകസാഹിത്യചരിത്രകാരന്മാരെല്ലാവരും വിലയിരുത്തിയിട്ടുണ്ട്.


യുദ്ധം എന്ന ആശയത്തെ സമഗ്രമായ മാനവികതാവാദത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിയ്ക്കുന്ന ഒന്നാണ് ഈ നാടകത്തിന്റെ ആശയതലം. സമകാലികാന്തരീക്ഷത്തിൽ ഈ കൃതി പലപ്രകാരത്തിലും പുനർവായനയ്ക്കുള്ള സാധ്യതകൾ നല്കുന്നുണ്ട്. യുദ്ധമെന്ന സാർവ്വലൗകികമായ ആശയത്തെ പ്രതിരോധിക്കുവാൻ മാനവികതയുടെ സമഗ്രദർശനങ്ങൾക്കു മാത്രമേ സാധ്യമാവൂ എന്ന് ആ കൃതി അടയാളപ്പെടുത്തുന്നു. ദാർശിനകമായ ആ സമഗ്രതയിലാണ് പുതുക്കപ്പെടുന്ന കാലത്തിലും കൃതി വീണ്ടും വായിക്കപ്പെടുന്നത്.


ഒരു നിഴല്‍അങ്കമുള്‍പ്പടെ നാലു അങ്കങ്ങള്‍ ചേര്‍ന്ന ശില്പഘടനയാണ് ഈ നാടകത്തിന്റേത്. യുദ്ധമെന്ന ആശയത്തേയും മനുഷ്യചരിത്രത്തില്‍ അതിന്റെ ഇടപെടലുകളേയും ആശയപരമായും (Ideologically) യഥാതഥപരമായും (Realistic) ആവിഷ്ക്കരിക്കുന്ന ഈ നാടകത്തില്‍ അധികാരി എന്ന പ്രധാന കഥാപാത്രമുള്‍പ്പെടെ ഒമ്പത് കഥപാത്രങ്ങളാണുള്ളത്. അധികാരി (ഭരണവര്‍ഗ്ഗത്തിന്റെ / യുദ്ധമാഗ്രഹിക്കുന്നവരുടെ പ്രതിനിധി) എന്ന കേന്ദ്രകഥാപാത്രത്തിലൂടെയും അതിനെ ഉപജീവിച്ചുള്ള സംഭവപരമ്പരകളിലൂടെയുമാണ് ഈ നാടകം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെയാകാം ഏകകഥാപാത്രകേന്ദ്രീകൃതമായ നാടകമാണിതെന്ന് സി.ജെ തോമസ്സ് ഇതിനെ വിമര്‍ശിച്ചിട്ടുള്ളത്.


പെരുമാക്കന്മാരുടെ സേനാനായകനായ മാനവിക്രമന്റെ പുരാവൃത്തം നിഴല്‍ രംഗമാക്കിയാണ് അദ്ധേഹത്തിന്റെ പാരമ്പരയിലുള്ള അധികാരി എന്ന കഥാപാത്രത്തിലേക്ക് നാടകം പ്രവേശിക്കുന്നത്. നിഴൽ നിന്ന് ആദ്യരംഗത്തിലേക്കുനീളുന്ന നാടകത്തിന്റെ സാർവ്വസൗകികപ്രമേയം സമകാലിക യുദ്ധപരമ്പരകളിലേക്കും നീട്ടാവുന്നതാണ്. ആദ്യരംഗത്തിനൊടുവില്‍ പട്ടാളത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന് ആഹ്വനാനം ചെയ്യുന്ന സമ്മേളനത്തിന്റെ അറിയിപ്പാണ്. ആ രംഗത്തിനുശേഷം പട്ടാളത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന കവിതകളും

ആര്‍മിയില്‍ നിങ്ങള്‍ ചേര്‍ന്നോളിന്‍

പട്ടിണിയില്ലാതാവൂലോ

മാസാമാസം മണിയോര്‍ഡര്‍

ആര്‍മ്മിയില്‍ നിങ്ങള്‍ ജോയിന്‍ സാര്‍” (എം. ഗോവിന്ദന്‍,1957 : 29)

ക്ലാസുകളുമൊക്കെയുള്ള രണ്ടാം രംഗമാണ്. ഈ രംഗങ്ങള്‍ ഒരേ സമയം ഹാസ്യാത്മകവും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ഭീതിദമായ അവസ്ഥയെ വെള്ളിപ്പെടുത്തുന്നതുമാണ്. ഈ രംഗത്തിന് ഒടുവില്‍ ആദ്യമകനെ യുദ്ധത്തില്‍ നഷ്ടപ്പെട്ട അധികാരി രണ്ടാമത്തെ മകനെയും കൂടി സൈന്യത്തില്‍ ചേര്‍ക്കുവാന്‍ ഒരുങ്ങുന്ന കാഴ്ചയാണ്. മാനവിക്രമന്റെ പാരമ്പര്യം എന്ന ബാധ്യതയുടെ കൂടി ഫലമാണിതെന്നുകാണാം.


അധികാരിയുടെ യുദ്ധാവേശവും പാരമ്പര്യബോധവും നിമിത്തം അവഗണിക്കപ്പെടുന്നവരാണ് ഭാര്യ, മകന്‍, മകള്‍ എന്നീ കഥാപാത്രങ്ങള്‍. കുടുംബകാര്യങ്ങളും കാര്‍ഷികകാര്യങ്ങളും പാടെ മറന്ന അധികാരി കൃഷികാര്യങ്ങള്‍ നോക്കുവാനായി നിയമിച്ച കാര്യസ്ഥനില്‍ നിന്നും കേള്‍ക്കുന്ന വെളിപ്പെടുത്തലുകള്‍ നാടകത്തെ അത്യന്തം സംഘര്‍ഷഭരിതമാക്കുന്നു. പട്ടാളത്തില്‍ നിന്നും വിരമിച്ച ആ കാര്യസ്ഥന്‍ അധികാരിയുടെ മൂത്തമകന്റെ മരണരഹസ്യം വെളിപ്പെടുത്തുന്നു. മനുഷ്യനെ കൊന്നു മടുത്ത് തോക്ക് വലിച്ചെറിഞ്ഞ ആയാളെ സൈനികഅധികാരികള്‍ കൊല്ലുകയായിരുന്നു. മാത്രവുമല്ല തന്റെ മകള്‍ കാര്യസ്ഥനില്‍ നിന്ന് ഗര്‍ഭിണിയാണെന്നതുകൂടി അറിയുന്നതോടെ പരാജിതനും പാരമ്പര്യാഭിമാനിയുമായ അധികാരിയുടെ ദുരന്തംപൂര്‍ണ്ണമാക്കിക്കൊണ്ട് യുദ്ധത്തില്‍ നഷ്ടപ്പെട്ട കാലുമായി ഇളയമകനുമെത്തുന്നു. ഈ ആഘാതത്തില്‍നിന്ന് വിടുതല്‍ നേടിയ അധികാരി ഒടുവില്‍ മൂത്തമകനെപ്പോലെ തോക്ക് വലിച്ചെറിയുന്നിടത്താണ് ഈ നാടകം അവസാനിക്കുന്നത്.


യുദ്ധമെന്ന സാർവ്വലൗകികാശയത്തെ എം.ഗോവിന്ദൻ പരിചരിച്ച രീതിയാണ് ഈ നാടകത്തെ പ്രസക്തമാക്കുന്നത്. എക്കാലത്തും മാനവരാശിക്ക് ദുരന്തമുഖങ്ങൾ നല്കുവാൻ മാത്രം പ്രാപ്തിയുള്ള ആക്രമണങ്ങൾ പലപ്പോഴും പാരമ്പര്യബാധ്യതകളുടെ (മതത്തിന്റെയാവാം അധികാരത്തിന്റെയാവാം) മാനവരാശിയെ പിടിച്ചുലക്കുമ്പോൾ സമഗ്രമായ മാനവികതയിലൂടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു പുതിയലോകത്തിലേക്ക് പ്രവേശിക്കുന്ന അധികാരിയിലൂടെ ഗോവിന്ദൻ തന്റെ കാവ്യലോകത്തിലുടനീളം മുന്നോട്ടുവച്ച മാനവികദർശനം ഇവിടെയും മുറകെപിടിക്കുന്നതായികാണാം.

മലയാളത്തിലെ ആദ്യത്തെ ദുരന്തകഥാപാത്രമെന്ന് സി.ജെ തോമസ്സ് വിശേഷിപ്പിച്ച അധികാരിയുടെ ദുരന്തപൂര്‍ണ്ണവും സംഘട്ടനാത്മകവുമായ ജീവിതാവിഷ്ക്കാരത്തിലൂടെ കൊരുത്തെടുത്ത നീ മനുഷ്യനെ കൊല്ലരുത് എന്ന നാടകം രൂപതലത്തിലും ആശയതലത്തിലും മലയാളനാടകവേദിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു ; അതിന് തുടര്‍ച്ചകളുണ്ടായില്ല എന്നര്‍ത്ഥം. അതിനാലാണ് എം.കെ സാനു ചിന്തകനായ ഒരു എഴുത്തുകാരന്‍ തന്റെ വീക്ഷണത്തിന് സ്ഥിരീകരണം നല്‍കുവാന്‍ സര്‍ഗ്ഗാത്മകമായി പരിശ്രമിച്ചതിന്റെ ഫലമത്രെ നീ മനുഷ്യനെ കൊല്ലരുത്‘. ആ വഴിക്ക് തുടര്‍ന്നിരുന്നുവെങ്കില്‍ എം.ഗോവിന്ദന് ഏറെ പ്രൗഢിയുള്ള നാടകങ്ങള്‍ കൈരളിയ്ക്ക് സംഭാവന ചെയ്യുവാന്‍ കഴിഞ്ഞേനെ. ചിന്തയും നാടകീയതയും സമ്മേളിക്കുന്നിടത്ത് പ്രൗഢിയുളവാകാതെ തരമില്ല (എം.കെ സാനു ,2002: 149) എന്ന് നിരീക്ഷിക്കുന്നത്.


ആയിരത്തിതൊള്ളായിരത്തി അമ്പത്തേഴില്‍ പുറത്തുവന്ന ഒസ്യത്ത് ആണ് എം. ഗോവിന്ദന്റെ രണ്ടാമത്തെ നാടകം. പാശ്ചാത്യനാടകത്തെ മുന്‍നിര്‍ത്തി എഴുതിയ ഈ നാടകത്തിലെ പ്രമേയം കുടുംബബന്ധത്തില്‍ വിള്ളല്‍വീഴ്ത്തുന്ന സ്വാര്‍ത്ഥതയും സ്വത്ത് മോഹവുമൊക്കെയാണ്. കഥാനായകന്റെ സ്വത്ത് വീതം വയ്ക്കുന്നതിലെ തര്‍ക്കങ്ങളും ദുഖം കാണിക്കുന്നതിലെ വ്യഗ്രതയും ഒടുക്കം ആയാള്‍ ജീവിച്ചിരിക്കുന്നുവെന്നറിയുമ്പോള്‍ ഒരുക്കുന്ന ഫലിതസാഹചര്യവും സംഘര്‍ഷവും ഈ കൃതിയ്ക്ക് നാടകീയാംശങ്ങള്‍ നല്‍കുന്നുണ്ടെന്നതൊഴിച്ചാല്‍ അത്രകണ്ട് വിശകലനസാധ്യതകള്‍ നല്‍കുന്ന ഒരു നാടകമാണിത് എന്ന് പറയാനാവില്ല. നാടകത്തിലെ കേന്ദ്രകഥാപാത്രമായ പങ്ങശ്ശമേനോന്റെ മരണത്തെത്തുടര്‍ന്ന് വിലാപകാവ്യത്തിന് വട്ടംകൂട്ടുന്ന മക്കളും മരുമക്കളും ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചകള്‍ അക്കാലത്തെ സാഹിത്യസമീപനങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനം കൂടിയാവുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.


മനുഷ്യനും അവനുള്ളില്‍ തന്നെ കുടിയിരിക്കുന്ന ചെകുത്താനും ബൈബിള്‍ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഗോവിന്ദന്റെ ചൈത്താനും മനുഷ്യനും എന്ന മൂന്നാമത്തെ നാടകം പ്രസിദ്ധീകരിക്കുന്നത് 1959 ല്‍ ആണ്. കവിതകളിലൂടെ സ്വതന്ത്രമായ മിത്ത് വാര്‍ത്തെടുക്കുവാന്‍ ഗോവിന്ദന്‍ നടത്തിയ ശ്രമങ്ങളുടെ തുടക്കമോ തുടര്‍ച്ചയോ ഈ നാടകത്തിലും കാണാം. ഗായകസംഘങ്ങളുടെ ഗീതങ്ങളും ഇതിവൃത്തത്തിലെ ഗദ്യാഖ്യാനങ്ങളും ഇടകലര്‍ത്തി നിര്‍മ്മിക്കപ്പെട്ട ഈ നാടകത്തിന്റെ ഘടന മലയാളനാടകവേദിയിലതുവരെ പരീക്ഷിക്കപ്പെടാത്ത ഒന്നായിരുന്നു. ആശയതലത്തിൽ ഗോവിന്ദന്റെ കൃതികളിൽ മുന്നിട്ടുനില്ക്കുന്ന സമഗ്രമായ മാനവികതാവാദത്തിന്റെ അടിയടരുകൾ കുറച്ചുകൂടി പ്രകടമായി കാണാം.


നാടകത്തിലെ ക്രിയാംശത്തിലധികവും ഗായകസംഘമാണ് നിര്‍വഹിക്കുന്നത്. ബൈബിള്‍ പഴയനിയമത്തിലെ കഥ ശീലുകളാക്കി ഗായകസംഘം നിര്‍വചിച്ചെടുക്കുന്ന മനുഷ്യന്‍എന്ന സങ്കല്‍പ്പത്തിലാണ് ആദ്യരംഗം അവസാനിക്കുന്നത്. രണ്ടാം രംഗത്തില്‍ ജീവിതത്തിലെ പൊരുത്തക്കേടുകളുടെ വിരസതകളില്‍ ഉഴലുന്ന സാറാമ്മ – എബ്രഹാം ദമ്പതിമാര്‍ക്കിടയില്‍ സംഗീതം പൊഴിച്ചുകൊണ്ടെത്തുന്ന സുലൈമാന്‍ എന്ന മനുഷ്യനിലൂടെ അവരുടെ ജീവിതം പ്രതീക്ഷയിലേക്ക് ഉയര്‍ത്തപ്പെടുന്നു. മനുഷ്യന്‍ എന്ന മഹത്തായ സങ്കല്പത്തെ സംബന്ധിച്ച് ഗോവിന്ദനുണ്ടായിരുന്ന ധാരണകളുടെ നാടകരൂപമാണിത് എന്നുപറയാം. രൂപപരമായ പരീക്ഷണമായിരുന്നുവെന്നതിനാല്‍ തന്നെ മലയാളനാടകചരിത്രത്തിലെ ഒറ്റപ്പെട്ട ഒന്നായി ഈ നാടകവും അവശേഷിക്കുന്നു.


ഉപസംഹാരം

ഒറ്റപ്പെട്ടതും വ്യതിരിക്തവുമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന എം. ഗോവിന്ദന്റെ നാടകങ്ങൾ അവ അര്‍ഹിക്കുന്ന വിധത്തില്‍ നിരൂപണശ്രദ്ധനേടിയില്ല. എങ്കിലും മലയാളനാടകവേദിയുടെ ഭാവുകത്വപരിണാമത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുവാന്‍ ഗോവിന്ദന്‍ എന്ന നാടകകൃത്തിന് സാധിച്ചിട്ടുണ്ട്. കുത്താട്ടുകുളത്തെ നാടകകളരിയിൽ നിന്നാരംഭിക്കുന്ന ആധുനികനാടകവേദിയുടെ പരിഷ്ക്കരണങ്ങളിൽ കരുത്തായി നില്ക്കുമ്പോഴും അദ്ദേഹത്തിന്റെ സർഗ്ഗാത്മകരചനകൾ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെപോയി എന്നത് അത്ഭുതമാണ്. എം. ഗോവിന്ദന്റെ, എക്കാലത്തും ചർച്ചചെയ്യപ്പെടുന്ന ധൈഷണികമായ ആശയങ്ങളുടെ സാന്നിധ്യവും ഈ നാടകങ്ങളിൽ കാണാം. രൂപതലത്തിലും ആശയതലത്തിലും പരീക്ഷണങ്ങളായിരുന്ന ആ നാടകങ്ങളിൽ ഗോവിന്ദൻ എക്കാലത്തും മുന്നോട്ടുവച്ച സമഗ്രമായ മാനവികതയുടെ പ്രതിഫലനങ്ങൾ കണ്ടെത്താവുന്നതാണ്. ആ മാനവികതയുടെ സൗന്ദര്യമാണ് ഈ കൃതികളെ പ്രസക്തമാക്കുന്നത്.


കുറിപ്പുകള്‍

1. ഗോവിന്ദന്റെ നാടകങ്ങളെപ്പറ്റി പറയുന്ന വി.കെ പ്രഭാകരന്‍ “ആയിരത്തിതൊള്ളായിരത്തി അമ്പതാകുമ്പോഴേക്കും …………..വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്‘, എന്‍. കൃഷ്ണപ്പിള്ളയുടെ ഭഗ്നഭവനംതുടങ്ങിയ പ്രഖ്യാതനാടകങ്ങള്‍ എഴുതപ്പെടുകയും അതത് രംഗങ്ങളില്‍ ശക്തമായ ചലനങ്ങള്‍ ഉരുവാകുകയും ചെയ്തിരുന്നു” എന്ന് നിരീക്ഷിക്കുന്നുണ്ട്.

2. എം കെ സാനുവിന്റെ എം. ഗോവിന്ദന്‍ എന്ന പുസ്തകത്തില്‍ ഗോവിന്ദന്റെ തന്നെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട് : “ഈ നാടകത്തിന്റെ ഉടലിലും ഉയിരിലിലുമെന്നുതന്നെ പറയട്ടെ, വ്യത്യാസങ്ങള്‍ വരുത്തുന്നതിനുതകിയ നിരൂപണം കൊണ്ട് എന്നെ സഹായിച്ച രണ്ടുപേരെ എനിക്ക് എടുത്തുപറയാതിരിക്കുവാന്‍ ഗത്യന്തരമില്ല. മിസ്റ്റര്‍ സി.ജെ തോമസ്സ്, ആനന്ദകുട്ടന്‍ എന്നിവര്‍.”


ഗ്രന്ഥസൂചി

  1. ഗോവിന്ദന്‍, എം, ഒസ്യത്ത്. കോട്ടയം : നാഷണല്‍ ബുക് സ്റ്റാള്‍,1957.

  2. ഗോവിന്ദന്‍, എം, ചൈത്താനും മനുഷ്യനും. കോട്ടയം : നാഷണല്‍ ബുക് സ്റ്റാള്‍,1957.

  3. ഗോവിന്ദന്‍, എം, നീ മനുഷ്യനെ കൊല്ലരുത്. കോട്ടയം : നാഷണല്‍ ബുക് സ്റ്റാള്‍, 1957.

  4. തോമസ് സി.ജെ, ധിക്കാരിയുടെ കാതല്‍. കോട്ടയം : നാഷണല്‍ ബുക് സ്റ്റാള്‍, 2015.

  5. സാനു എം.കെ , എം.ഗോവിന്ദന്‍. കോട്ടയം : ഡി.സി ബുക്സ്, 2002.


ആനുകാലികങ്ങള്‍

  1. എം. ഗോവിന്ദന്‍ സ്മരണിക, മലയാള കലാഗ്രാമംന്യൂ മാഹി, 1993 ആഗസ്റ്റ്.

About the researcher:

ഡോ. അനൂപ് വി.

അസിസ്റ്റന്റ് പ്രൊഫസർ

മലയാളവിഭാഗം

ശ്രീ ശങ്കരവിദ്യാപീഠം കോളേജ്

വളയൻചിറങ്ങര


Email: anoopvellani@gmail.com

Mob: 8547009793

5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments

Subscription Form

Fill out the form below and pay subscription fee to subscribe our journal's printed edition for one year. (You need to pay Rs. 1200 for One Year Subscription. You will get 4 Issues in one year with Paperback Printing and Perfect Binding features)