» ഡോ. ജിത ടി. എച്ച്.
ID: MRK0010
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
മലയാളത്തിൽ ആത്മകഥകൾക്കുശേഷം പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയ ഓർമ്മക്കുറിപ്പുകൾ ഇന്ന് ഒരു ഉപശാഖയായിത്തന്നെ വളർന്നുവന്നിട്ടുണ്ട്. എന്നാൽ ഓർമ്മക്കുറിപ്പുകൾ – വിശേഷിച്ചും പ്രവാസസാഹിത്യവിഭാഗത്തിൽക്കൂടി ഉൾപ്പെടുന്നവ – ഏറെയൊന്നും പഠന വിധേയമാക്കപ്പെട്ടിട്ടില്ല. ഈ പഠന സാധ്യത കണക്കിലെടുത്ത് ഏറ്റവും അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട പ്രവാസ ഓർമ്മക്കുറിപ്പു ഗ്രന്ഥം, ഷനീബ് അബൂബക്കർ രചിച്ച ‘ഒരു സൗദി സുലൈമാനി’ എന്ന കൃതിയെ ആസ്പദമാക്കി പുതിയ രചനാതന്ത്രങ്ങളെ കണ്ടെത്തി പഠിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്തി രിക്കുന്നത്. ആത്മകഥകളുടെ പല പൊതുസ്വഭാവങ്ങളും ഓർമ്മക്കുറിപ്പുകൾക്കുണ്ടെങ്കിലും അവതരണത്തിൽ കാലക്രമമില്ലായ്മ, ചിന്തകളും കാഴ്ചപ്പാടുകളും ഉൾച്ചേർക്കാനുള്ള സ്വാതന്ത്ര്യം, ബാഹ്യാംശ ചിത്രീകരണം എന്നീ ഘടകങ്ങളിൽ ഓർമ്മക്കുറിപ്പുകൾ വേറിട്ടു നിൽക്കുന്നു. ആയതിനാൽത്തന്നെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം ഇവയ്ക്ക് കൂടുതലായുണ്ട്.
‘ഒരു സൗദി സുലൈമാനി’യിൽ എഴുത്തുകാരൻ കൂടുതലായി സ്വാതന്ത്ര്യം ഉപയോഗിക്കുന്നുണ്ട്. ഗ്രന്ഥനാമത്തിലും പല അധ്യായങ്ങളിലും ഭക്ഷ്യ–പാനിയങ്ങൾ വിവരിക്കപ്പെടുകയും പലപ്പോഴും പ്രതീകവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹ്യ–ജനപ്രിയ മാധ്യമങ്ങളിലൂടെ പരിചിതമായ പ്രയോഗങ്ങൾ, ന്യൂജെൻ വാക്കുകളുടേയും അഭ്യസ്തവിദ്യരുടെ വ്യവഹാരഭാഷയിൽ കടന്നുവരാറുള്ള അന്യഭാഷാ പദങ്ങളുടെയും പ്രയോഗങ്ങൾ, ആശയ പ്രകാശനത്തിന് ചലച്ചിത്രഗാനങ്ങളുടെ ഉപയോഗം തുടങ്ങിയ ആഖ്യാന സവിശേഷതകൾ സാംസ്കാരികപരമായ ചൂണ്ടുപലകകൾ കൂടിയാകുന്നു. പുസ്തകത്തിന്റെ രൂപഘടനയിൽപ്പോലും പുതിയ പരീക്ഷണത്തിന് എഴുത്തുകാരൻ മുതിരുന്നുണ്ട്. ഇത് ‘നിർമ്മിതി’ ലക്ഷണമായി കണക്കാക്കാവുന്നതാണ്. വായനക്കാരനോടു സംവദിക്കുന്ന രീതി, വായനക്കാരനെയും ആഖ്യാതാവാക്കി മാറ്റുന്ന ടെക്നിക്ക് വിവരണങ്ങൾക്കിടയിൽ പെൻഡുലം പോലെ ആടിക്കൊണ്ടിരിക്കുന്ന കാലഘടന, എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന ചേരുവകൾ, സഹൃദയഹൃദയങ്ങളിൽ മുദ്രിതമാക്കപ്പെടുന്ന അനുഭവതീവ്രതകളുടെ അവതരണം, സംഭവങ്ങളിൽനിന്നും രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും ചിന്തകളെ ആനയിക്കൽ തുടങ്ങിയ ആഖ്യാനത്തിലെ പുതുമകളാണ് രചനയെ വ്യത്യസ്തവും ആകർഷണീയവുമാക്കുന്നത്.
താക്കോൽ വാക്കുകൾ
ആത്മകഥ, ഓർമ്മക്കുറിപ്പ്, ആഖ്യാനതന്ത്രം, പ്രവാസസാഹിത്യം, സുലൈമാനി, വ്യവഹാര ഭാഷ, രുചിബിംബങ്ങൾ, നിരങ്കുശത്വം, ആശയപ്രകാശനം, ജനപ്രിയം, നിർമ്മിതി.
ആമുഖം
മലയാളത്തിൽ, ലക്ഷണമൊത്ത ആദ്യ ആത്മകഥയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘എന്റെ നാടുകടത്തൽ’ എന്ന കൃതിയാണ്. എണ്ണത്തിൽ നോവലിന്റെയോ ചെറുകഥയുടേയോ ഒപ്പമെത്തില്ലെങ്കിലും വൈക്കം പാച്ചുമൂത്തതിന്റെ ആത്മകഥയെത്തുടർന്ന് മോശമി ല്ലാത്ത എണ്ണം ആത്മകഥകൾ മലയാളത്തിൽ ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ യുണ്ടായ ആത്മകഥകൾ പ്രസ്തുത രചനാപ്രസ്ഥാനത്തിന് അതിന്റേതായ ഒരു സ്വഭാവസ്വരൂപങ്ങൾ നിർവ്വചിക്കാൻ സഹായകമായിത്തീർന്നിട്ടുണ്ട്.
എഴുത്തുകാരനും കഥാനായകനും ഒരാൾതന്നെയായിരിക്കുക, രചനയിൽ സത്യസന്ധത ഉണ്ടാ യിരിക്കുക, അനുഭവങ്ങളിൽനിന്നും രചനയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക, വൈകാരികതയെ നിയന്ത്രിക്കുക എന്നിങ്ങനെ ആത്മകഥകൾക്ക് പൊതുവായ അനേകം സ്വഭാവങ്ങളുണ്ട്. ഇതേ ഗണത്തിൽപ്പെടുന്നവയും ഇതേ സ്വഭാവം പുലർത്തുന്നവയുമാണ് സ്മരണകൾ, ഓർമ്മക്കുറിപ്പുകൾ, വൃത്താന്തകഥനങ്ങൾ തുടങ്ങിയവ. ആത്മകഥകളിൽ കാലഗണനയുടെ ക്രമം പാലിക്കപ്പെടുന്നുവെങ്കിൽ ഓർമ്മക്കുറിപ്പുകളിൽ അവ അങ്ങനെ പാലിക്കപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ പൊതുവെ ആത്മ കഥകളുടെ വലുപ്പം ഓർമ്മക്കുറിപ്പുകൾക്ക് കണ്ടുവരാറുമില്ല. ഓർമ്മക്കുറിപ്പുകളിലും ചില തിരഞ്ഞെടുപ്പിന് സ്ഥാനമുണ്ട്. ഏതെങ്കിലും പ്രത്യേകം വിഷയവുമായോ സംഭവവുമായോ ബന്ധപ്പെട്ട് ഓർമ്മക്കുറിപ്പുകൾ സമാഹരിക്കപ്പെടാവുന്നതാണ്. ആത്മകഥ സ്വന്തം ജീവിതത്തിലേക്ക് വെളിച്ചം വീശുമ്പോൾ, ഓർമ്മക്കുറിപ്പുകൾ അന്യരിലേയ്ക്കായിരിക്കും ഏറെ പ്രകാശം വീഴ്ത്തുന്നത് എന്നൊരു വലിയ വ്യത്യാസമുണ്ട്. അതായത്, ബാഹ്യാംശങ്ങളുടെ ചിത്രീകരണം ഇതിൽ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ആത്മകഥകൾക്ക് പൊതുവെയുള്ള അഹംബോധത്തിന്റെ മുദ്രകളായ സ്വന്തം അപദാനകീർത്തനം പൊതുവെ ഓർമ്മക്കുറിപ്പുകളിൽ ഉണ്ടാകാറില്ല. ഇതും ഓർമ്മക്കുറിപ്പുകളെ വേറിട്ടുനിർത്തുന്ന ഒരു ഘടകമാണ്. ആത്മകഥകൾ വന്നുതുടങ്ങിയതിനു ശേഷമാണ് ഓർമ്മക്കുറിപ്പുകളും സ്മരണകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. സാഹിത്യ–സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങൾ പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള സ്മരണകളാണ് ആദ്യകാലത്ത് അധികവും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വ്യക്തിബന്ധത്തോടൊപ്പം ചരിത്രപരമായ പ്രാധാന്യവും ഇവയ്ക്കുണ്ടായിരുന്നു.
പുതിയകാലത്തെ സ്മരണകൾ/ഓർമ്മക്കുറിപ്പുകൾ പലപ്പോഴും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുണ്ടാകുന്ന സമാഹരങ്ങൾ മാത്രമല്ല. അതുകൊണ്ടുതന്നെ ഇവയിൽ ചരിത്രപരമായ പ്രാധാന്യമല്ല, മറിച്ച് സാമൂഹിക പ്രാധാന്യമാണ് ഉള്ളതെന്നു കാണാനാകും. വ്യത്യസ്തങ്ങളായ വിഷയങ്ങളും ചിന്തകളും ഉള്ളടക്കത്തിൽ സ്ഥാനം പിടിക്കുന്നു. പഴയകാലത്ത് പ്രമുഖരായ വ്യക്തികൾ മാത്രമാണ് ആത്മകഥാ പരമായ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരും സമൂഹത്തിന്റെ വലിയ അംഗീകാരം നേടാത്തവരും ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ പ്രക്രിയകൾക്ക് നവസാമൂഹികമാധ്യമങ്ങളുടെ സഹായം ലഭ്യമായിത്തുടങ്ങിയ തോടെയാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളതെന്നു കാണാം. സോഷ്യൽ മീഡിയകൾ പ്രമുഖരല്ലാത്തവരേയും പ്രോത്സാഹിപ്പിക്കുന്നതും അനുകൂലസാഹചര്യത്തെ സൃഷ്ടിക്കുന്നുണ്ട്. അഥവാ, വിവിധ നവ സാമൂഹ്യമാധ്യമങ്ങളിലൂടെ ആത്മപ്രകാശന സാധ്യതകൾ തുറന്നുകിട്ടിയതോടെ, സാധാരണക്കാരും ഈ മേഖലയിലേക്ക് കൂടതലായി പ്രവേശിച്ചു തുടങ്ങിയെന്നു പറയാം.
ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങളിൽത്തന്നെ, ഒരു പശ്ചാത്തലത്തെയോ ഒരു വിഷയത്തെയോ അധികരിച്ച് ഒരു വ്യക്തി എഴുതിയ കുറിപ്പുകൾ ഒരുമിച്ച് സമാഹാരമാക്കുന്ന രീതികളുണ്ട്. തൊഴിലടിസ്ഥാനത്തിലുള്ള വൈദേശികവാസത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെടുന്ന ഓർമ്മക്കുറിപ്പുകൾ പ്രവാസ സാഹിത്യവിഭാഗത്തിൽക്കൂടി ഉൾപ്പെടുന്നവയാണ്. ആത്മകഥകളുടെ തന്നെ ഉപവിഭാഗമാക്കി കണക്കാക്കാവുന്ന ഇത്തരം ഓർമ്മക്കുറിപ്പുകളിൽ പ്രവാസിയുടെ ഗൃഹാതുരത്വം, നാട്ടിലെ സാമൂഹിക സാഹചര്യങ്ങളിൽനിന്നും മാറിനിൽക്കുന്ന ഒരുവനുണ്ടാകുന്ന വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്തകളും, ഇങ്ങനെ പല കാര്യങ്ങളും ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ സാമൂഹികവും രാഷ്ട്രീയവുമായ വലിയൊരു മാനവും സ്ഥാനവും ഇവയ്ക്ക് ലഭിക്കേണ്ടതുണ്ട്. പ്രവാസസാഹിത്യവിഭാഗത്തിലുൾപ്പെടുന്ന ഓർമ്മക്കുറിപ്പുകളുടെ പഠനങ്ങൾ മലയാളത്തിൽ കാര്യമായി നടന്നിട്ടില്ല. അതിനാൽത്തന്നെ അത്തരം അപഗ്രഥനപഠനങ്ങൾക്കും നിരൂപണങ്ങൾക്കുമുള്ള സാധ്യതകൾ തുറന്നുകിടക്കുകയാണ്.
ഗദ്യസാഹിത്യരചന അവ ഏതു വിഭാഗത്തിൽപ്പെട്ടവയായാലും സവിശേഷമായ ആഖ്യാന തന്ത്രങ്ങൾകൊണ്ട് സമൃദ്ധമാണ്. കാലാനുസൃതമായി ആഖ്യാനരീതികളിലും ആഖ്യാനത്തിനുപയുക്ത മാക്കുന്ന ഘടകങ്ങളിലും മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ, പഴയ ഗദ്യസാഹിത്യരൂപങ്ങളും പുതിയവയും ഏറെ വ്യത്യസ്തത പുലർത്തുന്നുമുണ്ട്. പുതിയകാലഘട്ടത്തിലെ ഏറ്റവും പുതിയ ഒരു കൃതിയായ ഷനീബ് അബൂബക്കറിന്റെ ‘ഒരു സൗദി സുലൈമാനി’യെ വിശദമായി അപഗ്രഥിച്ച് അതിലൂടെ കണ്ടെത്താവുന്ന പുതു ആഖ്യാനതന്ത്രങ്ങളെയും രചനാ സാധ്യതകളെയും കണ്ടെത്താനുമുള്ള ശ്രമമാണ് ഈ പ്രബന്ധത്തിലൂടെ നടത്തുന്നത്.
ആഖ്യാനസവിശേഷതകൾ
110 പേജുകളും 14 അധ്യായങ്ങളുമുള്ള ‘ഒരു സൗദി സുലൈമാനി’ ഒന്നാം പതിപ്പിൽ പല അധ്യായങ്ങളിലും വിവരണങ്ങളിൽ ഭക്ഷ്യ/പാനീയങ്ങൾ പ്രതീകങ്ങളും ചിഹ്നങ്ങളുമായി മാറുന്നുണ്ട്. ചായ എന്ന പദം ഇതിൽ സാംസ്‌കാരികമായ സവിശേഷാർത്ഥത്തെ ഉൾക്കൊള്ളുന്നതു കാണാം. ഓരോ അധ്യായത്തേയും സുലൈമാനിയുടെ ഓരോ ഇറക്കായിട്ടാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. ഈ അധ്യായങ്ങളിലോരോന്നും വ്യത്യസ്ത വായനക്കാരിൽ വ്യത്യസ്ത വികാരങ്ങളും ചിന്തകളും അനുഭൂതികളു മാകാം സൃഷ്ടിക്കുന്നത്. ഒരുവ്യക്തിയുടെ വൈകാരികവും സാംസ്‌കാരികവുമായ പശ്ചാത്തലം ആസ്വാദനകാര്യത്തിൽ അയാളെ സ്വാധീനിക്കുമെന്ന് ഗ്രന്ഥനാമത്തോടൊപ്പമുള്ള, “രുചിക്കുന്നോരുടെ ഉള്ളിലാണ് മധുരവും കടുപ്പവും”മെന്ന വാക്യം ഓർമ്മിപ്പിക്കുന്നു. ഇപ്രകാരം, സ്വന്തം ആസ്വാദനത്തെ വിശകലനം ചെയ്യാൻ കൂടി ഗ്രന്ഥം വഴിയൊരുക്കുന്നു. കൃതിയെ വ്യത്യസ്തമാക്കുന്ന ആദ്യഘടകം ഇതാണ്. ആസ്വാദനമെന്നത് വ്യക്തിഗതമായിരിക്കുമ്പോൾത്തന്നെ അതിനകത്ത് വ്യക്തിയെ സ്വാധീനിക്കാനിടയുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ പൊതുഘടകങ്ങൾ ഉണ്ട്. ആയതിലേക്ക് ഇക്കാര്യം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സ്വകാര്യതയെ മാനിച്ച് ചില പേരുകളിൽ മാറ്റം വരുത്താനും, കാവ്യാത്മക രുചിക്കായി ചിലയിടങ്ങളിൽ ഫിക്ഷൻ മസാല വിതറുവാനുള്ള സ്വാതന്ത്ര്യം എടുത്തിട്ടുണ്ട് എന്ന് എഴുത്തുകാരൻ ഏറ്റുപറയുന്നുണ്ട്. ഏറ്റുപറച്ചിൽ സത്യസന്ധമാണെങ്കിൽപ്പോലും ആത്മകഥാസ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ് പ്രസ്തുത സ്വാതന്ത്ര്യമെടുക്കൽ എന്ന തിരിച്ചറിവിനോടൊപ്പം, ആത്മകഥാപരമായ രചനകളിൽ ഇങ്ങനെയൊരു രീതിയും തെരഞ്ഞെടുക്കാനാകുമെന്നതിന് ഉദാഹരണം കൂടിയാകുന്നു ഈ കൃതി.
സുലൈമാനി എന്ന വാക്കുതന്നെ ചില സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്. കട്ടൻചായ എന്നു പ്രസിദ്ധമായ പാലൊഴിക്കാത്ത ചായയ്ക്ക് കേരളത്തിന്റെ വടക്കൻ/മലബാർ പ്രദേശങ്ങളിൽ പ്രസിദ്ധമായ പേരാണ് സുലൈമാനി എന്നത്. മലബാർ പ്രദേശങ്ങളിലെ പ്രസിദ്ധ ഭക്ഷ്യവിഭവമായ ബിരിയാണിക്കു ശേഷം പൊതുവിൽ കുടിക്കുന്ന പാനീയം കൂടിയാണ് സുലൈമാനി. പ്രാദേശികമായി നോക്കിയാൽ ഒരു സമൃദ്ധഭക്ഷണമായ ബിരിയാണിക്കുശേഷം വരുന്ന പാനീയമായിരിക്കെത്തന്നെ, രാഷ്ട്രീയ പാശ്ചാത്തലത്തിൽ നോക്കുമ്പോൾ പാർട്ടി പ്രവർത്തകർ, തൊഴിലാളികൾ എന്നീ വിഭാഗങ്ങൾ ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന പാനീയം കൂടിയാണ് സുലൈമാനി എന്നതും ശ്രദ്ധേയമാണ്. പാൽച്ചായക്കു കഴിവില്ലാത്ത വീടുകളിൽ അതിനുപകരം കട്ടൻചായയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരുപോലെ സമൃദ്ധിയുടെയും ദാരിദ്ര്യത്തിന്റെയും കൂടെ നിൽക്കുന്ന ഭക്ഷ്യപ്രതീകമായി സുലൈമാനിയെ കണ്ടെത്താനാകും. ഏതു തട്ടിൽപ്പെട്ടയാൾക്കും ഒരുപോലെ ഉൾക്കൊള്ളാനാകുന്ന ഒരു പ്രതീകചിഹ്ന മായി അങ്ങനെ ‘സുലൈമാനി’ മാറുന്നു. കൂടാതെ, മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു നിത്യോപയോഗ പാനീയം കൂടിയാണ് ചായ. കടുപ്പത്തിലും മധുരത്തിലും പാലിന്റെ കലർപ്പിലും ഉള്ള വ്യത്യാസങ്ങളൊഴികെ, സമാനതകളുള്ള ജനകീയ പാനീയം എന്നു പറയാം. ഗ്രന്ഥനാമത്തിൽത്തന്നെ ഇത്തരത്തിലൊരു ഭക്ഷണ പ്രതീകത്തെ ചിഹ്നവൽക്കരിച്ച് ഉപയോഗിക്കുമ്പോൾ “ഒരു സൗദി സുലൈമാനി” എന്നത്, സൗദിയുമായി ബന്ധപ്പെട്ട മലയാളി അനുഭവങ്ങളെന്ന അർത്ഥത്തെ ഏറ്റവും നല്ലരീതിയിൽ പ്രതിബിംബിക്കാൻ പര്യാപ്തമായിത്തീരുന്നു. രുചിഭേദങ്ങളുടെ അടിസ്ഥാനം രുചിക്കുന്നവരുടെ ഉള്ളിലെ താൽപ്പര്യഭേദങ്ങളാണ് എന്ന യാഥാർത്ഥ്യത്തെ ഗ്രന്ഥനാമത്തോടു ചേർത്തുവച്ചിരിക്കുന്നത് യഥാർത്ഥത്തിൽ ഒരു മുൻകൂർ ജാമ്യം കൂടിയാണ്. ആസ്വാദകന് പ്രതീക്ഷിക്കുന്നത്ര രസം കിട്ടിയില്ലെങ്കിൽ, അത് എഴുത്തിന്റെ പ്രശ്‌നമല്ല, മുൻകൂർ നിശ്ചിതമായ ചില അളവുകോലുകളും ധാരണകളും ആസ്വാദകന്റെയുള്ളിൽ ഉള്ളതുകൊണ്ടാണ് എന്ന്, “രുചിക്കുന്നോരുടെ ഉള്ളിലാണ് മധുരവും കടുപ്പവും”മെന്ന പ്രയോഗം വ്യക്തമാക്കുന്നു. രുചിയുടെ പ്രത്യയശാസ്ത്രത്തെ പുതുക്കിയെടുക്കുന്നതിനുപരിയായി, മുൻവിധികളില്ലാതെ ഗ്രന്ഥത്തെ സമീപിക്കുന്നതിന് ഈ വാക്യം ആസ്വാദകനെ നിർബന്ധിതനാക്കുന്നുണ്ട്. സ്വാഭാവികമായും നല്ലരീതിയിൽ ഗ്രന്ഥാസ്വാദനം നടത്താനും അങ്ങനെ ഈ ടെക്‌നിക് സഹായകമാകുന്നു.
വായനക്കാരുടെ മനസ്സിനെ പരുവപ്പെടുത്തുന്ന മേൽപ്പറഞ്ഞ ഉദ്ധരണിപോലെ തന്നെ, വിവര ണങ്ങൾക്കിടയിൽ എഴുത്തുകാരൻ കൊണ്ടുവരുന്ന ചില സവിശേഷ പ്രയോഗങ്ങളുണ്ട്. ഇന്റർനെറ്റി ന്റെയും മൊബൈലിന്റെയും ലോകത്ത് തളയ്ക്കപ്പെട്ട പുതുതലമുറയിൽ നിന്നു വ്യത്യസ്തമായി, എഴുത്തുകാരനായ ഷനീബിന്റെ തലമുറ കൂടുതലായി ആസ്വദിച്ചിരുന്ന ടെലിവിഷൻ, സിനിമ തുടങ്ങിയ വയിലൂടെ ഒരുപക്ഷേ ആ തലമുറയ്ക്ക് കൂടുതൽ പരിചിതങ്ങളായ ചില പ്രയോഗങ്ങളാണവ. ഉദാഹരണ ത്തിന് ആമുഖത്തിൽത്തന്നെ, “മഹത്തായ ഒരു സാഹിത്യസൃഷ്ടി പ്രതീക്ഷിക്കുന്നവർക്ക് ഇടതുവശത്തെ കവർപേജിലേക്കു മടങ്ങി, ‘ഹാവൂ രക്ഷപ്പെട്ടു’ എന്നാത്മഗതം ചെയ്ത് ഇപ്പൊതന്നെ എക്‌സിറ്റ് ആവുന്നതേയുള്ളൂ” എന്നുപറയുന്നതോടൊപ്പം നൽകിയിരിക്കുന്ന, “ഈ ഓഫർ പരിമിതനേരത്തേക്ക് മാത്രം” എന്ന പ്രയോഗം, പരസ്യങ്ങളിലൂടെ നമുക്ക് പരിചിതമായ ഒന്നാണ്. തുടർന്ന്, “ഇമ്മിണി ബല്യ ഹോപ്പൊന്നുമില്ലാത്തവരോട് ഒന്നേ പറയാനുള്ളൂ. കേറിവാടാമക്കളെ, ഒരു ലൈറ്റ് സുലൈമാനി യെങ്കിലും കിട്ടാതിരിക്കില്ല”. എന്നെഴുതിയിരിക്കുന്നു. ഇവിടെയും “കേറി വാടാ മക്കളേ” എന്ന ഗോഡ്ഫാദർ സിനിമയിലൂടെ പ്രസിദ്ധമായ ഡയലോഗ് ശ്രദ്ധിക്കുക. വായനക്കാരന്റെ മനോമണ്ഡല ത്തെ ലഘൂകരിക്കാനും തുടർന്നുള്ള എഴുത്തിന്റെ ശൈലികളിലേക്ക് പടിപ്പുരയാകാനും ഇത്തരം പ്രയോഗങ്ങളെക്കൊണ്ടു സാധിക്കുന്നുണ്ട്. ആമുഖം അവസാനിക്കുന്നത് “അപ്പൊ എങ്ങനാ… അക്ഷര ങ്ങളുടെ ഈ സുലൈമാനി ഒരു സിപ്പെടുക്കുവല്ലേ?” എന്നിങ്ങനെയാണ്. ഈ രീതിയിലുള്ള വാക്യ പ്രയോഗങ്ങൾ, എഴുത്തുകാരൻ വായനക്കാരോട് നേരിട്ടു സംസാരിക്കുന്നതിന്റെ പ്രതീതി ഉളവാക്കും. ആസ്വാദകന് എഴുത്തിനോടും എഴുത്തുകാരനോടും കൂടുതൽ അടുപ്പം സൃഷ്ടിക്കാനും രചനയിലേക്ക് ആകർഷിച്ചു നിർത്താനും ഈ ഡയലോഗ് രീതി സഹായകമാകുന്നു.
ശുദ്ധമലയാളത്തിനുവേണ്ടി നിർബന്ധം പിടിക്കാതെ വർത്തമാനകാല വ്യവഹാരങ്ങളിൽ ഒരു സാധാരണ മലയാളി/പ്രവാസി ഉപയോഗിക്കാൻ സാധ്യതയുള്ള ആംഗലേയ ഭാഷാപദങ്ങളെ എടുത്തുപയോഗിക്കാൻ ഷനീബ് മടിക്കുന്നില്ല. ഏകദേശം ഒന്നേകാൽ പേജോളം വരുന്ന ചെറിയ ആമുഖക്കുറിപ്പിനുള്ളിൽത്തന്നെ, “നെഗറ്റീവ് അടിച്ചു ഡാർക്കായി”, “എക്‌സിറ്റ് ആവുക”, “ഹോപ്പൊന്നു മില്ലാത്തവർ”, “ഫിക്ഷൻ മസാല”, “സിപ്പെടുക്കുക” എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ വന്നിട്ടുണ്ട്. ഇവയോരോന്നും സന്ദർഭത്തിന് ചേർച്ചയുള്ളതും വായനക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമില്ലാത്ത വിധം സാമാന്യ വിദ്യാഭ്യാസമുള്ള ഏതൊരു മലയാളിയുടേയും വ്യവഹാരഭാഷയിൽ കടന്നു വരാറുള്ള വയും ആണ്. ഗദ്യ സാഹിത്യമെന്ന നിലയിൽ ഭാഷാശുദ്ധിക്കു നിർബന്ധം പിടിയ്ക്കാതെ, വ്യവഹാര ഭാഷയെ ആവശ്യത്തിനു സ്വീകരിക്കുന്ന ഈ രചനാരീതി, വായനാന്തരീക്ഷത്തെ ലഘൂകരിക്കാനും, സാധാരണക്കാരായ വായനക്കാരെ കൂടുതൽ ആകർഷിക്കാനും സഹായിക്കുന്നുണ്ട്.
ആമുഖത്തിൽത്തന്നെ വന്നിട്ടുള്ള സുലൈമാനി, “കാവ്യാത്മകരുചിക്കായി ചിലയിടങ്ങളിൽ ഫിക്ഷൻ മസാല വിതറിയിട്ടുണ്ട്”. എന്ന വാക്യം ഇതെല്ലാം ഭക്ഷണത്തിന്റെതായ പരിചിതാന്തരീ ക്ഷത്തെ സൃഷ്ടിക്കുന്നു. ഭക്ഷണം എന്നത് മനുഷ്യന് ഒഴിവാക്കാനാകാത്തതും പ്രിയങ്കരവുമായ ഒന്നാക യാൽ അത്തരം പ്രതീകങ്ങളുടെ തുടർച്ചയായ സാന്നിദ്ധ്യം, വായനക്കാരനെ എഴുത്തിനോട് കൂടുതൽ അടുപ്പിക്കാൻ സഹായകരമാകുന്നു. കോഗ്നിറ്റീവ് നറേറ്റോളജി പ്രകാരം, നമ്മുടെ മനസ്സിന്റെ പ്രവർത്തനങ്ങൾ എഴുത്തിനെ മനസ്സിലാക്കുന്ന വിഷയത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൻ പ്രകാരം നമുക്കു പരിചിതവും പ്രിയങ്കരവുമായ പ്രതീകങ്ങളെ ഉപയോഗിക്കുക എന്നത് എഴുത്തിനെ കൂടുതൽ വ്യക്തമായും അടുപ്പത്തോടെയും വായനക്കാരന് ഉൾക്കൊള്ളാൻ സഹായിക്കുന്ന ടൂൾസായി എഴുത്തുകാരൻ ഉപയോഗിക്കുന്നു എന്ന് വ്യക്തമാണ്.
കാവ്യപ്രതിബിംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞ എസ്രാ പൗണ്ട്, സംക്ഷിപ്തത, ഇന്ദ്രിയവേദ്യത, ഭാവാത്മകത, നൂതനത്വം, ഔചിത്യം, വികാരോത്തേജനക്ഷമത എന്നിവ കാവ്യ ബിംബങ്ങളുടെ ധർമ്മമാണ് എന്നുപറയുന്നു. പഞ്ചേന്ദ്രിയങ്ങളിലേതു പ്രിയത്തെ ലക്ഷ്യമാക്കി പ്രവർത്തി ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള ദൃശ്യബിംബങ്ങൾ (Visual), ഗന്ധബിംബങ്ങൾ (Olfactory), രുചിബിംബങ്ങൾ (Gustatory), സ്പർശബിംബങ്ങൾ (Tactile), ശ്രവ്യ/നാദ ബിംബങ്ങൾ (Auditory) എന്നിങ്ങനെ 5 തരം ഇമേജറികള്‍ ഉള്ളതില്‍ മനുഷ്യരെ ഏറ്റവും പെട്ടെന്ന് ആകർഷിക്കുന്ന ഒന്നാണ് രുചിബിംബങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, അനുഭവങ്ങളെ പ്രതീകവൽക്ക രിക്കാൻ എഴുത്തുകാരൻ തെരഞ്ഞെടുത്ത സുലൈമാനി/ചായ അതിന് ഏറ്റവും യുക്തമാണ് എന്നു കാണാം.
സുലൈമാനി/ചായ കൂടാതെ ഒട്ടേറെ ഭക്ഷണ വിഭവങ്ങളുടേയും ഭക്ഷിക്കുന്നതിന്റെയും വിവരണങ്ങൾ ഈ ഓർമ്മക്കുറിപ്പുകളിലെ വിവിധ അധ്യായങ്ങളിലുണ്ട്.
ഭക്ഷണ വിവരണങ്ങളുടെ കൂട്ടത്തിൽ, ഈ കൃതിയിൽ ചിഹ്നവൽക്കരിക്കപ്പെട്ട സവിശേഷ വിഭവമായ ചായ, കവർപേജിലും ചിത്രരൂപത്തിൽ സ്ഥാനം പിടിക്കുന്നു. ആകാശ നീലിമ കൊണ്ട് ആകർഷകമായ കവർച്ചിത്രത്തിൽ, അറബിനാട്ടിലെ കെട്ടിടങ്ങളേക്കാൾ, മരുഭൂമിയിലെ ഒട്ടകങ്ങളേ ക്കാൾ വലുപ്പത്തിൽ ആവിപറക്കുന്ന സുലൈമാനിയുടെ ചിത്രം നൽകിയിട്ടുണ്ട്. അതും, മലയാളിക്ക് സുപരിചിതമായ ചില്ലുഗ്ലാസ്സിൽ. കവർച്ചിത്ര രൂപീകരണത്തിൽ നൽകിയിരിക്കുന്ന ഈ ശ്രദ്ധപോലും വായനക്കാരനെ, പ്രത്യേകിച്ചും ചായപ്രിയന്മാരായ മലയാളികളെ പൊതുവെ പുസ്തകത്തിലേക്ക് ആകർഷിക്കാൻ പര്യാപ്തമാണ്. ആസ്വാദകന്റെ പുസ്തകവായന ആരംഭിക്കുന്നത് കവർപേജിൽ നിന്നായതി നാൽത്തന്നെ, ഇതിനെയും ആഖ്യാന തന്ത്രത്തിന്റെ ഭാഗമായി കണക്കാക്കാം.
അധ്യായങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നതിൽ “തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ” “ചിരിയുടെ കുടചൂടി” എന്നിങ്ങനെയുള്ളവ സിനിമാഗാനങ്ങളുടെ ഓർമ്മകളിലേക്ക് നയിക്കുന്നു. പ്രവാസ ജീവിതത്തിന്റെ കഥപറയുന്ന ‘അറബിക്കഥ’ എന്ന സിനിമയിലെ ഏറെ ഹൃദയസ്പർശിയായ ഗാനത്തിലെ വരികളുടെ ഭാഗമാണ് “തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ”. ഈ അദ്ധ്യായനാമത്തോടു ചേർത്തു നൽകിയിരിക്കുന്ന “കടുപ്പം കൂട്ടി മധുരം കുറച്ച്” എന്ന വിശേഷണം, പ്രസ്തുത അധ്യായത്തിലെ വൈകാരിക തലങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കാൻ കൂടി പര്യാപ്തമാണ്. പേരുപോലെതന്നെ ജീവിതത്തിൽ കരപറ്റാൻ ശ്രമിക്കുന്ന ദയനീയമായ മുഖങ്ങളെ ഈ അധ്യായത്തിലൂടെ വായനക്കാരൻ പരിചയപ്പെടുന്നു. സ്വന്തം ഓർമ്മകളോടു ചേർത്ത് മാതാപിതാക്കളുമായി ബന്ധപ്പെട്ട കഥകൾ കൂടി ഇതിൽ ഉൾച്ചേർക്കുന്നുണ്ട്. ‘ജോക്കർ’ സിനിമയിലേതാണ് “കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി” എന്ന പ്രസിദ്ധ ഗാനം. “ചിരിയുടെ കുടചൂടി” എന്നു മാത്രം പേരു നൽകിയാലും അതിനു മുൻപുള്ള കണ്ണീർമഴ എന്ന പ്രയോഗം വായനക്കാരന്റെ മനസ്സിൽ അതിനോട് ചേർന്നു വന്നുകൊള്ളും. അധ്യായവസാനം ഷനീബു തന്നെ ആ വരികൾ ചേർത്തുപറയുന്നുമുണ്ട്. ഇതിൽ എഴുത്തുകാരന്റെ പങ്കുവയ്ക്കപ്പെടുന്ന വ്യക്തിപരമായ ദു:ഖം വായനക്കാരനിലേയ്ക്കും പടരുന്നു. അദ്ധ്യായം വായിച്ചുകഴിയു മ്പോൾ, എഴുത്തുകാരൻ നനഞ്ഞ കണ്ണീർമഴ, വായനക്കാരന് അനുഭവവേദ്യമാകുന്നുണ്ട്. ഇത് ഇന്റർ ടെക്റ്റ്വാലിറ്റിയുടെ തന്നെ മറ്റൊരു പതിപ്പാണെന്നു പറയാം. കാരണം, എഴുത്ത് ദൃശ്യമാധ്യമമായ സിനിമയിലേക്ക് ബന്ധപ്പെടുന്നു. സിനിമാ സന്ദർഭങ്ങൾ, പരസ്യ സന്ദർഭങ്ങൾ, ഗാനശകലങ്ങൾ ഇവ സാംസ്‌കാരികമായ ആശയവിനിമയത്തിന്റെ ഉപകരണങ്ങളാകുന്നു.
ആദ്യ അധ്യായത്തിന്റെ പേരായ ഒരു ഹൈദ്രാബാദി ചായ എന്നതിനെ ഒരു “ഹൈ” ദ്രാബാദി ചായ എന്നു രേഖപ്പെടുത്തുന്നതിലൂടെ അധ്യായത്തിൽ അവതരിപ്പിക്കുന്ന വിഷയത്തിന് എഴുത്തുകാരൻ നൽകുന്ന ഉയർന്ന പ്രാധാന്യം വ്യക്തമാകുന്നുണ്ട്. ഈ അധ്യായത്തിലും പേരിനോടു ചേർന്ന് വിശേഷണമുണ്ട്. “മധുരം കൂട്ടി കടുപ്പം കുറച്ച്” എന്ന പ്രയോഗവും ഉള്ളടക്കത്തിന്റെ രസസ്വഭാവത്തിന്റെ സൂചന നൽകുന്നു. ഇത്തരം അവതരണ രീതികൾ പുതുമയുള്ളതാകയാൽ വായനക്കാരന്റെ കൗതുകത്തെ ഉണർത്താൻ പര്യാപ്തമാണ്. ആദ്യ അധ്യായത്തിലെ വിഷയം അവതരിപ്പിക്കുന്നതു തന്നെ അക്ഷരാർത്ഥത്തിൽ ചായയുമായി ബന്ധപ്പെട്ടാണ്.
വ്യവഹാരഭാഷയെ ശങ്കയില്ലാതെ ഉപയോഗിക്കുന്ന കൂട്ടത്തിൽ എഴുത്തുകാരൻ വിവിധങ്ങളായ ഭാഷാപദങ്ങളും ഉപയോഗിക്കുന്നുണ്ട്. ശുക്രിയ (ഹിന്ദി), പേശി മുടിച്ച് (തമിഴ്), ചിന്ന ചിന്ന ആസൈകൾ മട്ടും (തമിഴ്), അത് വന്ത് ചിന്ന സസ്‌പെൻസ് (തമിഴ്), മന്ദൂബ് അഹ്രാത്ത് തുബ്ബിയ (അറബി) തുടങ്ങിയ ചില അന്യഭാഷാപദങ്ങൾ കാണാം. വർത്തമാനകാല വ്യവഹാര മലയാളത്തിൽ ഏറ്റവുമധികം കലരുന്ന ആംഗലേയ പദങ്ങളുടെ ധാരാളിത്തം ഈ കൃതിയിലുണ്ട്. സംഭാഷണഭാഷ യുടേതായ സ്വഭാവവും ശൈലിയുമുള്ള ഈ കൃതിയിൽ, വിദ്യാസമ്പന്നനും തൊഴിലാളിയുമായ ഒരു പ്രവാസിയുടെ സംഭാഷണങ്ങളിൽ കടന്നുവരാൻ സാധ്യതയുള്ള എല്ലാ ഇംഗ്ലീഷ് വാക്കുകളേയും മലയാളം കലർത്തി നിരങ്കുശത്വത്തോടെ പ്രയോഗിച്ചിട്ടുണ്ട്. അർജന്റാണ്, വൊമിറ്റിംഗ് ടെന്റൻസി, ഫുൾടൈം, ഡ്യൂട്ടീസ് ആന്റ് റെസ്‌പോൺസിബിലിറ്റീസ്, ജസ്റ്റ് മിസ്സായി, ബുക്കിങ്ങില്ല, ഔട്ടർ ഏരിയ യിൽ, റിസ്‌ക്കാണ്, ഇമ്മോഷണൽ സീൻ, പോസിറ്റീവ് എനർജിയും മോട്ടിവേഷനും, ട്വിസ്റ്റ്, സെറ്റാ ക്കി, ട്രഡീഷണൽ, റൗണ്ടടിക്കുക, വെല്ലുവിളി നമ്പർ ടൂ, ദിക്‌റുകൾ, ഫയർ എക്സ്റ്റിംഗ്വിഷറുകളായി, ഒരു ബോഡി ഓപ്പണിംഗ് സീൻ, ഒന്നു റിലാക്‌സായപ്പോൾ, ഫോൺ റിംഗു ചെയ്തു, ഹാങ്ഓഫ്, കൂട്ടുകാരന്റെ ലൈഫിലുണ്ടായ ഇൻസിഡന്റ്, സീനിൽ നിന്ന് നൈസായി എസ്‌കേപ്പാവാൻ, ഇൻവെസ്റ്റിഗേഷൻ ക്വസ്റ്റ്യൻസ്, ഗട്ട് ഫീലിംഗ്, കുറച്ചു ഡീപ് ബ്രീത്തെടുത്തു, ഷോർട്ടേജ് ഐറ്റംസ്, ഓർഡർ റിക്വസ്റ്റുകൾ, വിസിറ്റിംഗ് പ്ലാനിലില്ലാത്തത്, റീച്ചാർജ്ജായ ഉന്മേഷം, എജ്ജാതി ബ്യൂട്ടിഫുൾ വ്യൂ എന്നിങ്ങനെയുള്ള അത്തരം പ്രയോഗങ്ങളിൽ സാമാന്യ വിദ്യാഭ്യാസമുള്ള മലയാളിക്ക് അർത്ഥ ക്ലിഷ്ടത ഉണ്ടാക്കുന്ന പദങ്ങളില്ല എന്നതുകൂടി ശ്രദ്ധേയമാണ്.
ജനപ്രിയ കലാരൂപമായ സിനിമയിലെ പ്രസിദ്ധമായ സംഭാഷണ ശകലങ്ങളെ സന്ദർഭോചിതമായി നർമ്മാന്തരീക്ഷം ഒരുക്കുന്നതിനും ആശയ പ്രകാശനത്തിനുമുള്ള റഫറൻഷ്യൽ സങ്കേതമായും ഉപയോഗിക്കുന്നുണ്ട്. “ഒരു ചിരി കണ്ടാൽ കണികണ്ടാൽ അതുമതി”, “ഈസ്വരാ….”, “ആഹാ അന്തസ്സ്!”, “സെൻസും സെൻസിബിലിറ്റീയും സെൻസിറ്റിവിറ്റിയും”, “എന്റെ സാറേ പിന്നെ ചുറ്റുമുള്ള തൊന്നും കാണൂല”, “നോക്കണ്ടടാ ഉണ്ണീ ഇതു ഞാൻ തന്നെ”, “ഹരിതാഭയും പച്ചപ്പും”, “ഐഡിയാ ഷാജി” തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ആഖ്യാന രീതിയ്ക്ക് ലഘുത ഉളവാക്കാനും ചെറിയ നർമ്മത്തിന്റെ മേമ്പൊടി വിതറാനുമായി പദപ്രഹലാദ രീതി (Malapropism) ഉപയോഗിക്കുന്നുണ്ട്. “കാൽക്കുലേഷൻ ചെറുതായി കൊളോക്കിയലായി”, “സൈക്കളോടിക്കൽ മൂവ്”, “ടാസ്‌കിയും പിടിച്ച്”, “ഫിലോപ്പസി” തുടങ്ങിയവ ഉദാഹരണം. വ്യവഹാരിക ഭാഷയുടെ കടന്നുകയറ്റം ഏതറ്റംവരെയുണ്ട് എന്നതിനു തെളിവാണ് “കണകുണ സാധനങ്ങൾ” എന്ന പ്രയോഗം.
ജനപ്രിയ ഭാഷയെ ഉപയോഗിക്കുന്നതിന്റെ ഭാഗമായിത്തന്നെ ന്യൂജെൻ വാക്കുകളെ വിവരണ ങ്ങളിൽ പലയിടത്തും കാണാനാകും. പൊളി, ഡാർക്ക്, നെഗറ്റീവടിക്കുക, കൊല ആമ്പിയൻസ്, സീൻ, തുടങ്ങിയവ ഉദാഹരണം. ഈ കാലഘട്ടത്തിൽ പ്രസിദ്ധമായ പ്രസീദ ചാലക്കുടിയുടെ ജനപ്രിയ നാടൻ പാട്ടിലെ “കേൾക്കണോ പ്രിയകൂട്ടരേ” എന്ന വരികൾ പോലും ആശയാവതരണങ്ങളിൽ എടുത്തു പയോഗിക്കുന്നുണ്ട്. സ്ലിപ്പായി–ലാന്റായി, റൺവേ– മൺവേ തുടങ്ങിയ പദജോഡികൾ മറ്റൊരാകർഷണമാണ്.
ആഖ്യാനമെന്നത് സംഭവങ്ങളുടെ ശൃംഖലയാണ്. ഈ സംഭവശൃംഖലയാകട്ടെ, നിർമ്മിത മാണ്. നിർമ്മാണ തന്ത്രങ്ങൾ അഥവാ ആഖ്യാന തന്ത്രങ്ങൾ ഉപയോഗിച്ച് ആഖ്യാനനിർമ്മിതിയി ലേർപ്പെടുക എന്ന കൃത്യമാണ് എഴുത്തുകാരൻ ചെയ്യുന്നത്. തന്ത്രങ്ങളുടെ പ്രയോഗം പൂർത്തിയാകുന്നതോടെ ആഖ്യാനവും പൂർത്തിയാകുന്നു. ആഖ്യാനത്തെ ആഖ്യാനമാക്കുന്ന രൂപപരവും സാന്ദർഭികവു മായ സവിശേഷതകളാണ്/ലക്ഷണങ്ങളാണ് ആഖ്യാനത (Narrativity) എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഈ സവിശേഷതകൾ പൊതുവിൽ കാണപ്പെടുന്ന രീതികളിൽ നിന്നു ഭിന്നമോ ജനപ്രിയമോ ആകുമ്പോൾ ആഖ്യാനവും വായനാക്ഷമതയുള്ള, ആകർഷത്വമുള്ള ഒന്നായി മാറുന്നു.
പുസ്തകത്തിന്റെ കെട്ടിലും മട്ടിലും തന്നെ ചില വ്യത്യസ്തതകൾ ഒരു സൗദി സുലൈമാനിക്കുണ്ട്. ഡസ്റ്റിനി ബുക്‌സ് ഉടമ മാലിക് മഖ്ബൂലിന്റെ പ്രസാധകക്കുറിപ്പിനും എഴുത്തുകാരനും സംവിധായകനുമായ ജി.കെ. ഗോപകുമാറിന്റെ അവതാരികയ്ക്കും ഷനീബ് അബൂബക്കറിന്റെ ആമുഖത്തിനും ശേഷം, “ഖേദപൂർവ്വം…….” എന്നൊരദ്ധ്യായമുണ്ട്. 14 അദ്ധ്യായങ്ങളുള്ള പുസ്തകത്തിന്റെ ഉള്ളടക്കം കുറിച്ച പേജിനു മുമ്പായി പ്രസ്തുത അദ്ധ്യായം വരുന്നു. ഈ ഘടന വായനക്കാരന് അപരിചിതമാണ്. പുസ്തകത്തിന്റെ പരിശോധനയും തിരുത്തലും കഴിഞ്ഞ് ചിട്ടപ്പെടുത്തലിന്റെ അവസാന ഘട്ടത്തിലാണ് രണ്ടുപേജുകൾ ബാക്കിയാകുന്നതെന്നും, പുസ്തകത്തിൽ വിട്ടുപോകാൻ പാടില്ലാത്ത ഒരു വ്യക്തിയുടെ ഓർമ്മ വൈകി വന്നത് കുറിയ്ക്കാനായി അവ ഉപയോഗിച്ചതാണെന്നും, പുസ്തകത്തിന്റെ ഏറ്റവുമാദ്യം കുറിയ്‌ക്കേണ്ട പേരു തന്നെയാണതെന്നും ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഉള്ളടക്കപ്പേജിനു മുൻപേ ചേർത്ത പ്രസ്തുത അധ്യായം, പുസ്തകത്തിന്റെ ഉള്ളടക്ക ക്രമത്തെക്കുറിച്ചുള്ള വായനക്കാരന്റെ മുൻവിധികളെ മാറ്റിമറിക്കുന്നു. ചിട്ടപ്പെടുത്തലിന്റെ അവസാനഘട്ടത്തിലായാലും പേജു നമ്പറടക്കം ചേർത്ത്, ആദ്യം ഉൾപ്പെടുത്താനാകുന്ന അധ്യായത്തെ, “ഉള്ളടക്ക”ത്തിനുള്ളിൽത്തന്നെ ഉൾപ്പെടുത്താനും സാധിക്കും. മാത്രമല്ല. പ്രൂഫ് റീഡിംഗും ചിട്ടപ്പെടുത്തലും കഴിഞ്ഞ് എഴുതിച്ചേർത്തതാണെന്ന് എഴുത്തുകാരൻ പറഞ്ഞില്ലായിരുന്നെങ്കിൽ വായനക്കാരൻ അറിയുകയില്ല എന്നിരിക്കെ, ഇത്തരത്തിലുള്ള തുടക്കം പുസ്തകത്തിന്റെ ഘടനയിലുള്ള പുതുമയ്ക്കും ഗതാനുഗതികത്വത്തെ അവഗണിക്കാനുള്ള എഴുത്തുകാരന്റെ ധൈര്യത്തിനും നിദർശനമാകുന്നു. അത്രയേറെ പ്രധാനപ്പെട്ട വ്യക്തി എന്ന് പറയുമ്പോഴും മറന്നു എന്ന വസ്തുത, തന്റെ മറവിയിൽ എഴുത്തുകാരൻതന്നെ അതിശയിക്കുകയും ക്ഷമചോദിക്കുകയും ചെയ്യുന്ന അവസ്ഥ, പുസ്തകത്തിന്റെ രണ്ടാം പതിപ്പിലും ഇതു തിരുത്തിയിട്ടില്ല എന്ന വസ്തുത – ഇതെല്ലാം ഒരു അപഗ്രഥന പഠിതാവിനെ സംബന്ധിച്ചിടത്തോളം ‘നിർമ്മിതി’യുടെ ലക്ഷണങ്ങളായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എഴുത്ത് പലപ്പോഴും അബോധതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ മാത്രം ഫലമല്ലയെന്നും, അതിനകത്തുതന്നെ ബോധപൂർവ്വമായ കരുനീക്കങ്ങളുണ്ട് എന്നും ഇത്തരം ചില സന്ദർഭങ്ങൾ ഓർമ്മിപ്പിക്കുന്നു.
എഴുത്തുകാരൻ ഒരേസമയം വായനക്കാരനോടും ഒപ്പം തന്നോടുതന്നെയും സംഭാഷണം നടത്തുന്ന ശൈലി ധാരാളമായി ഈ പുസ്തകത്തിൽ പ്രയോഗിച്ചു കാണുന്നുണ്ട്. അതുമാത്രമല്ല വായന ക്കാരനിൽനിന്നു തിരിച്ചുണ്ടാകാവുന്ന പ്രതികരണങ്ങളും പലപ്പോഴും എഴുത്തിൽ സാന്ദർഭികമായി സ്ഥാനം പിടിക്കുന്നു. ഉദാഹരണത്തിന്, ഒരു ഹൈദ്രാബാദിചായ എന്ന അധ്യായത്തിലെ,
“ഹൃദ്യമായ സ്വീകരണമായിരുന്നു കമ്പനിയുടെ ആളുകളിൽ നിന്നു ഞങ്ങൾക്കു കിട്ടിയത്.
ഞങ്ങളോ?
അതെ ഈ യാത്രയിൽ ഞാനൊറ്റക്കല്ലായിരുന്നല്ലോ.
ഇത് നൗഫൽ ദിലാവീദ്. ഹൈഡ്രോഫിറ്റ് സൗദിയുടെ ഓപ്പറേഷൻ മാനേജർ. ആളുടെ കൂടെയാണ് എന്റെയീ യാത്ര”
എന്ന ഭാഗം ഒരുദാഹരണം. “ഇത് നൗഫൽ ദിലാവീദ്” എന്ന് വായനക്കാരനോടു പറയുമ്പോൾ നൗഫലും വായനക്കാരനും മുഖാമുഖം നിൽക്കുകയാണ് എന്ന പ്രതീതി ഉണ്ടാകുന്നുണ്ട്. സാധാരണ എഴുത്തിൽ, നൗഫൽ എന്ന വ്യക്തിയെക്കുറിച്ച് പ്രസ്താവിച്ച ശേഷമാണ് ആദ്യം പറഞ്ഞ വാചകം വരേണ്ടിയിരുന്നത്. വിവരണങ്ങൾക്കിടയിൽത്തന്നെ, ഒരു ഘടികാരത്തിന്റെ പെൻഡുലം പോലെ, മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്ന കാലഘടനയാണ് അധ്യായങ്ങളുടെ ഉള്ളടക്കത്തിനുള്ളത്. അധ്യായങ്ങൾപോലും അത്തരത്തിൽ ക്രമാനുഗതമല്ലാത്ത രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2022ൽ നടന്ന സംഭവത്തെയാണ് ഉള്ളടക്കത്തിനു മുൻപേ ഒരു അധ്യായമായി നൽകിയിരിക്കുന്നത്. പതിനൊന്നാമത്തെ അധ്യായമായ ‘മമ്മാക്കാടെ കശുമാവ്’ എഴുത്തുകാരന്റെ ഉമ്മയുടെ ബാല്യകാല സ്മരണകളാണ്. ഒരു സൗദി ചിക്കൻപോക്‌സ് കാലത്ത് ഉമ്മ പറഞ്ഞ പഴയകഥ ഓർമ്മയിലേയ്ക്കു വന്നതിനെ പകർത്തിയിരിക്കുന്നതാണ് പ്രസ്തുത അധ്യായം.
കഥാഖ്യാനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വിവിധ ആഖ്യാനരീതികൾ വിവരിക്കുന്നതിൽ ഒന്ന് ‘ആവൃതകഥ’യാണ്. അതായത് ഒന്നിനുള്ളിൽ മറ്റൊന്ന് എന്ന രീതിയിലുള്ള അവതരണം. ഓർമ്മക്കുറിപ്പുകളിലും ഈ രീതി അവലംബിക്കാനാകുമെന്ന് പ്രസ്തുത അധ്യായം തെളിയിക്കുന്നു. ഗൗരവമുള്ള എഴുത്ത് വേദനയുടെയും ദു:ഖത്തിന്റെയും തലങ്ങളിലേക്കു നീങ്ങുമ്പോൾ ഷനീബ് ബോധപൂർവ്വം ഒന്നു ചുവടുമാറ്റുകയും ചില പൊടിക്കൈകളാൽ നർമ്മം കലർത്തി, അന്തരീക്ഷത്തെ ലഘൂകരിക്കുകയും ചെയ്യുന്നുണ്ട്.
ഓരോ വായനക്കാരനും എഴുത്തിൽ നിന്നും ചിലത് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓർമ്മക്കുറിപ്പുകൾ വായിക്കുന്നവരിൽ ചിലർ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കേവലം ഒരെത്തിനോട്ടം മാത്രം ആഗ്രഹിക്കുന്നവരാകാം. ചിലർക്ക് അവതരണരീതിയുടേതായ രസവും നർമ്മങ്ങളും കൂടി വേണം. അതിവൈകാരികത ഇഷ്ടപ്പെടുന്നവരുമുണ്ട്. ചിലരാകട്ടെ, മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്ന് ചില ജീവിത പാഠങ്ങളെ, തത്വങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നവരാകാം. അത്തരക്കാർക്ക് ഉപയുക്തമായ ചില ചിന്തകളും ഈ പുസ്തകത്തിൽ ചിലയിടങ്ങളിൽ പ്രത്യേകമായി അവതരിപ്പിക്കുന്നുണ്ട്. “മരണത്തെപ്പോലെ രംഗബോധമില്ലാത്ത കോമാളിയാണ് ചിന്തകളും” (ഒരു ഹൈദ്രാബാദി ചായ), “ഒരേസമയം ഏറ്റവും ശക്തനും ഏറ്റവും ദുർബ്ബലനുമായ ഒരേയൊരു ജീവിയേ ഭൂമിയിലുള്ളൂ. അതു മനുഷ്യനാണ്” (പതിനാലു സിപ്പുകൾ പതിനാലു കഥകൾ), “ഓരോ യാത്രയിലും നമ്മൾ ഒരുപാടു പേരെ ക്രോസ് ചെയ്തു പോകാറുണ്ട്” (ഉള്ളാൾ ക്രോസിംഗ്), “നടക്കുന്ന വഴികളിലെല്ലാം പൊള്ളലേറ്റു തുടങ്ങുമ്പോഴാണ് കനലെരിയുന്നത് പാതകളിലല്ല, കാൽപാദത്തിൽ തന്നെയാണെന്ന റിയുക” (പതിനാലു സിപ്പുകൾ പതിനാലു കഥകൾ) തുടങ്ങിയ ഉദാഹരണം. “ജീവിതത്തിലെ സുഭിക്ഷതകളെല്ലാം പടച്ചവൻ ഇന്നെനിക്ക് നൽകി, പക്ഷേ അതാസ്വദിക്കാൻ അന്നത്തെ കഠിനമായ ആ വിശപ്പു മാത്രം ഇല്ലാതെ പോയല്ലോ” (മമ്മാക്കാടെ കശുമാവ്) എന്ന വരികൾ രുചിയുടെ, ഭക്ഷണാസ്വാദനത്തിന്റെ അടിസ്ഥാനം വിശപ്പാണെന്ന വലിയൊരു സത്യത്തിന് അടിവരയിടുന്നു.
ഭൂതകാലത്തിലേയ്ക്കും തിരിച്ചും മാറി മാറി യാത്ര ചെയ്യുന്ന രീതിയിലുള്ള അവതരണങ്ങൾക്ക് ഉദാഹരണമാണ് കുനാഫ എന്ന അധ്യായം. നോൺ ലീനിയർ സ്റ്റോറി ടെല്ലിംഗ് രീതിയാണ് ട്രെന്റിംഗ് എന്നും അതുകൊണ്ടാണ് താൻ ഈ രീതി തെരഞ്ഞെടുത്തതെന്നും ഈ അധ്യായത്തിനുള്ളിൽ സംഭവവിവരണം നടത്തുന്ന ഒരു കഥാപാത്രത്തിലൂടെ എഴുത്തുകാരൻ വിശദീകരിക്കുന്നുണ്ട്. പലപ്പോഴും നടന്ന ഒരു സംഭവം വായനക്കാരനോട് വിവരിക്കുന്ന രീതിയിൽ ആരംഭിക്കുകയും തുടർന്ന് സിനിമാ ഷോട്ടുപോലെ ആ സംഭവത്തിലേക്ക് വായനക്കാരനെ നേരിട്ടു പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ആ ദൃശ്യപരത ഇടയ്ക്കുവച്ച് നിൽക്കുകയും വിവരണത്തിലേക്ക് തിരികെ പോരുകയും ചെയ്യുന്ന രീതി ഇടയ്ക്കിടെയുണ്ട്. അങ്ങനെയുള്ള വിവരണങ്ങളിൽ വായനക്കാരൻ പ്രകടിപ്പിക്കുന്ന ഉദ്വേഗത്തിനും തുടർകഥയറിയാനുള്ള ഔത്സുക്യത്തിനും, പെട്ടെന്ന് ശമനമുണ്ടാക്കാതെ അഥവാ ഒന്നു കളിപ്പിച്ച് രസിക്കുന്ന സ്വഭാവം എഴുത്തുകാരൻ ചിലയിടങ്ങളിൽ പ്രകടമാക്കുന്നുണ്ട്. ഇത് നേരിട്ടു സംവദിക്കു ന്നതിന്റെ രസമാണ് വായനക്കാരന് നൽകുന്നത്.
പല അധ്യായങ്ങളുടെയും അവസാനത്തിലായി അനുലേഖം നൽകിയിരിക്കുന്നതും ആഖ്യാന രീതിയിൽ പുതുമയാകുന്നുണ്ട്. അധ്യായത്തിൽ നൽകിയ വിവരണങ്ങളുമായി ബന്ധപ്പെട്ട്, പ്രസ്തുത സംഭവങ്ങളുടെയോ വ്യക്തികളുടേയോ വർത്തമാനകാല അവസ്ഥകളെ സൂചിപ്പിക്കാനും ചിലപ്പോ ഴൊക്കെ അധ്യായം വായിക്കുന്ന വായനക്കാരന് സ്വാഭാവികമായുണ്ടാകാനിടയുള്ള സംശയങ്ങൾക്ക് മറുപടിയേകാനും, അതുമല്ലെങ്കിൽ പ്രസ്തുത സംഭവങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില അനുഭവങ്ങളെ കണ്ണി ചേർക്കാനുമായാണ് ഈ അനുലേഖത്തെ ഉപയോഗിക്കുന്നത്. അനുലേഖത്തിലെ അക്ഷരങ്ങളെ, അധ്യായത്തിലെ മുഖ്യഭാഗത്തിൽ നിന്നു വേറിട്ടുനിറുത്തുന്നതിനായി വ്യത്യസ്തമായ ലിപിവിന്യാസം നൽകാനും എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ഓർമ്മക്കുറിപ്പുകൾക്ക് ആത്മകഥാ സ്വഭാവമുണ്ടെന്നു പറയുമ്പോൾ, സത്യസന്ധവും യഥാർത്ഥവുമായ വിവരണങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ കൃതിയിൽ എഴുത്തുകാരൻ സ്വാതന്ത്ര്യമുപയോഗിച്ചിട്ടുണ്ട് എന്നു മുൻപ് സൂചിപ്പിച്ചല്ലോ. പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി, ഭാവനയുടെ മേമ്പോടിയും, അവതരണരീതിയിലെ പുതുമകളും, നർമ്മം ചേർക്കുന്നതും വായനാക്കാരനെ കളിപ്പിക്കുന്നതുമായ എഴുത്തുകാരന്റെ കുസൃതികളുമടക്കം സർഗ്ഗാത്മക തയുടെ സ്പർശമുള്ള എഴുത്താണ് അധ്യായങ്ങളിൽ പ്രമുഖമായി വരുന്നതെങ്കിൽ, ആ എഴുത്തിലൂടെ ഭാവനാ ലോകത്തിന്റെ ആകാശത്ത് വിഹരിക്കുന്ന ആസ്വാദകനെ ഭൂമിയിലേക്ക്, വർത്തമാന സ്ഥിതികളുടെ യാഥാർത്ഥ്യത്തിന്റെ തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരുന്നയിടമാണ് ഇതിലെ അനുലേഖങ്ങൾ എന്നു പറയാം. ഇങ്ങനെ, ഒരു കഥാന്തരീക്ഷം കൂടി ഉൾച്ചേർത്തി സർഗ്ഗാത്മക രചന യുടെ സൗന്ദര്യത്തെ കൃതിയുടെ ആഖ്യാനത്തിൽ കൊണ്ടുവരുന്നതിനും ഒപ്പം, അനുലേഖ സമ്പ്രദായത്തിലൂടെ, അതിന്റെ ഗൗരവത്തെ നിലനിർത്തുന്നതിനും എഴുത്തുകാരനു സാധിച്ചിട്ടുണ്ട്.
എഴുത്തിനേക്കാൾ അനുഭവങ്ങളുടെ തീവ്രതയാണ് ആളുകളുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നത് എന്നു തിരിച്ചറിഞ്ഞ എഴുത്തുകാരൻ, ഈ ഓർമ്മക്കുറിപ്പുകളിലുടനീളം ഹൃദയസ്പർശിയും തീവ്രവുമായ അനുഭവങ്ങളെയാണ് പങ്കുവെയ്ക്കുന്നത്. സഹൃദയൻ ആ വിവരണങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്രസ്തുത സന്ദർഭങ്ങളുടെ വൈകാരിക മുദ്രകൾ അയാളിലും പതിയുന്നു.
വൈയക്തികതയും സാമൂഹികതലങ്ങളും
ഒരു വ്യക്തിയുടെ ഓർമ്മക്കുറിപ്പുകൾ പ്രത്യക്ഷത്തിൽ തികച്ചും വൈയക്തികമാണ് എന്ന് പൊതുവെ ഒരു തോന്നൽ ഉണ്ടായേക്കാം. എന്നാൽ, വ്യക്ത്യനുഭവങ്ങളെ സ്വാധീനിക്കുന്ന സാമൂഹികതലങ്ങൾ എഴുത്തിലൂടെ നമുക്കു കണ്ടെത്താനാകും. വ്യക്തിയുടെ താല്പര്യങ്ങളെ, ചിന്തകളെ, ശീലങ്ങളെ എല്ലാം രൂപപ്പെടുത്തുന്നതിൽ സാമൂഹ്യ സാഹചര്യങ്ങൾക്കു വലിയ പങ്കുണ്ട്. ഓർമ്മക്കുറിപ്പുകളിൽ വ്യക്തി, തന്റെ അനുഭവങ്ങളെ പങ്കുവയ്ക്കുന്നതിനോടൊപ്പം വിവരിതമാകുന്ന പരിസരങ്ങൾ ഈ സാമൂ ഹിക ബന്ധത്തിന്റെ കണ്ണികളാണെന്നു കണ്ടെത്താനാകും. വ്യക്ത്യനുഭവങ്ങളിൽനിന്ന് അഥവാ വിശേഷാനുഭവങ്ങളിൽനിന്ന് സാമാന്യവൽക്കരണത്തിലേക്ക് ചിന്തകളെ നയിക്കുന്ന വിവരണങ്ങൾ ഈ കൃതിയിൽ പലയിടങ്ങളിലുമുണ്ട്. തികച്ചും അന്യമായ ഒരു ഗൾഫ് രാജ്യത്തു ചെന്നെത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ/പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കുന്നതിൽ മറ്റു പ്രവാസി മയാളികൾ കാണിക്കുന്ന സന്നദ്ധത, ഗൾഫ് മലയാളി സമൂഹത്തിന്റെ പൊതുസവിശേഷതയാണ്. രാജ്യത്തുനിന്നും അകന്നു നിൽക്കുമ്പോൾ നാടിനോടും നാട്ടുകാരായി എത്തുന്നവരോടും അവർക്കുണ്ടാ കുന്ന സവിശേഷ സ്‌നേഹം ഈ കൃതിയിൽ പലയിടത്തും അവതരിപ്പിച്ചിട്ടുണ്ട്. ഖേദപൂർവ്വം എന്ന അധ്യായത്തിൽ ഡോ. പ്രമിത നൽകുന്ന സഹായം, തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ എന്ന അധ്യായത്തിൽ ഉസ്താദിനെ സഹായിക്കുന്ന അബൂബക്കറിന്റെയും അസ്മത്തയുടെയും സഹായകഥകൾ, ആറാമത്തെ അധ്യായത്തിൽ നൽകിയിരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ സാജിദ് ആറാട്ടുപുഴയുടെ സന്നദ്ധപ്രവർത്തനങ്ങളുടെ സൂചന, ‘കുനാഫ’യിൽ ബാബു വാനാടപ്പിള്ളിയുമായി ബന്ധപ്പെടുത്തി, മരിക്കുന്നവരുടെ ശരീരങ്ങൾ നാട്ടിലെത്തിയ്ക്കാനും സംസ്‌കരിക്കാനുമായി നൽകപ്പെടുന്ന സഹായങ്ങളുടെ വിവരണം, ഇതെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു. പ്രവാസിയുടെ പൊതുമനോഭാവവും വികാരങ്ങളും വളരെ വ്യക്തമായി ‘പതിനാലു സിപ്പുകൾ പതിനാലു കഥകൾ’ എന്ന അധ്യായത്തിലെ 9-mw ഭാഗത്തായി നൽകിയിട്ടുണ്ട്. എല്ലാ മനുഷ്യരേയും സ്‌നേഹിക്കുന്ന, ഹിന്ദി (ഇന്ത്യൻ) ബഹുമാനമുള്ള, കേരളത്തെ സ്‌നേഹിക്കുന്ന ഗൾഫ് നാടുകളിൽ നിന്നും തിരിച്ചു നാട്ടിലേക്കു പോരാനുള്ള ത്വരയുള്ള, അതേസമയം നാട് അതേ ഗൃഹാതുരതയിൽ നിലനിൽക്കണമെന്ന് ആഗ്രഹി ക്കുന്ന അറേബ്യൻ മണ്ണിലെ ലക്ഷക്കണക്കിനു പ്രവാസികളിൽ ഒരുവനായി എഴുത്തുകാരൻ ഇതിൽ സ്വയം അടയാളപ്പെടുത്തുന്നു.
പ്രവാസിയുടെ കഷ്ടതകൾ വിവരിക്കുന്ന പല ഭാഗങ്ങളുമുണ്ട്. അവയിലൂടെ സൂചിതമാകുന്ന പ്രവാസജീവിത ദു:ഖങ്ങൾ, പ്രവാസജീവിതം അപരിചിതമായ വായനക്കാർക്ക് പുതിയ, ഹൃദയസ്പർശി യായ അനുഭവങ്ങളായും അല്ലാത്തവർക്ക് നൊമ്പരമുളവാക്കുന്ന ഓർമ്മ പുതുക്കലായും മാറുന്നു.
‘എ ഗട്ട് ഫീലിംഗ്’ എന്ന അദ്ധ്യായത്തിൽ, ഒരുപാടു തിരച്ചിലുകൾക്കുശേഷം, കാണാതെ പോയ താക്കോൽക്കട്ടം കണ്ടെത്തിയ ഒരു സംഭവത്തിന്റെ വിവരണമുണ്ട്. താക്കോൽ തിരിച്ചു നൽകിയതിനുള്ള പ്രതിഫലം നിരസിച്ച മനുഷ്യൻ പാലസ്തീൻകാരനാണെന്നറിയുമ്പോൾ എഴുത്തുകാരൻ ഇപ്രകാരം ചിന്തിക്കുന്നു. “എന്നോ നഷ്ടപ്പെട്ടുപോയ വീടുകളുടെയും അലമാരകളുടെയും താക്കോലുകൾ തലമുറകളായി സൂക്ഷിക്കുന്നവരാണവർ. തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ വീടും പൂട്ടി താക്കോലുമായി തീമഴ പെയ്യുന്ന ആകാശത്തെ സാക്ഷിയാക്കി പലായനം ചെയ്തവർ. കണ്മുന്നിൽ നിന്നു നഷ്ടപ്പെട്ടു പോയ ഭൂമിയും വീടും സൗകര്യങ്ങളിലേക്കും ഇനിയൊരിക്കലും ഒരു മടക്കമില്ലെന്ന തിരിച്ചറിവിലും, ഓർമ്മകളുടെ സ്മാരകമായി തുരുമ്പിച്ച താക്കോൽക്കൂട്ടങ്ങൾ ഇപ്പോഴും കയ്യിൽ സൂക്ഷിക്കുന്നവരാണവർ. അവർക്കല്ലാതെ പിന്നെയാർക്കാണ് താക്കോലിന്റെ മഹത്വമറിയാവുന്നത്!”. തികച്ചും സാധാരണമായ ഒരു സംഭവത്തിൽനിന്നും, ചരിത്രത്തിലേക്കും ലോകരാഷ്ട്രീയത്തിലേക്കുമുള്ള താക്കോൽപ്പഴുത് എഴുത്തുകാരൻ സമർത്ഥമായി ഉപയോഗിക്കുന്നു. ഓർമ്മകൾ എന്നത് വ്യക്തിയിൽ നിന്നും ആഗോളതലത്തിലേക്ക് ഇപ്രകാരം വികസിപ്പിച്ചെടുക്കുന്നു. ചിഹ്നങ്ങളുടെ സഞ്ചയത്തെയല്ല, പാഠങ്ങളുടെ അനന്തമായ വ്യാപ്തിയെയാണ് വ്യവഹാരം എന്നു വിവക്ഷിക്കുന്നത്. തരംഗമാതൃകയിൽ വികസിക്കുന്ന വ്യവഹാര ങ്ങൾ ഓരോന്നും ഒന്നിൽനിന്നും മറ്റൊന്നിലേക്ക് വളരുക മാത്രമല്ല, മറ്റുള്ളവയുമായി കലർന്ന് അർത്ഥ ത്തിന്റെ അതിരുകളെ മറി കടന്നു സഞ്ചരിക്കുക കൂടിയാണ്. സാധ്യമാകുന്നിടത്തോളം അർത്ഥവിവക്ഷ കളെ തെളിച്ചെടുക്കാനുള്ള വ്യാഖ്യാനമായി വ്യവഹാരപഠനം മാറുന്നുവെന്നും ഭാഷയ്ക്കുള്ളിൽ ഒളിഞ്ഞിരി ക്കുന്ന ഭാഷേതരമായ വസ്തുക്കളെപ്പോലും വെളിച്ചത്തു കൊണ്ടുവരാൻ വ്യവഹാരാപഗ്രഥനത്തിന് കഴിയുന്നുവെന്നും സാറ മിൽസ് പറഞ്ഞത് ഈ സന്ദർഭത്തിൽ പ്രസക്തമാകുന്നു.
ഉപസംഹാരം
ചുരുക്കത്തിൽ, ഓർമ്മക്കുറിപ്പുകൾ, പ്രവാസസാഹിത്യം ഈ രണ്ടുവിഭാഗത്തിലും ഒരുപോലെ ഉൾപ്പെടുന്ന ഷനീബ് അബൂബക്കറിന്റെ ‘സൗദി സുലൈമാനി’, ഘടനയിലും അവതരണരീതികളിലും മാത്രമല്ല, ഭാഷോപയോഗത്തിലും പുതുരീതികളെ അവലംബിക്കുന്നതായും, ഈ സമീപനരീതികളെല്ലാം തന്നെ കൃതിയെ ആകർഷകമാക്കാൻ സഹായകമാകുന്നതായും കണ്ടെത്താനാകും.
വ്യത്യസ്തമായ വിഷയങ്ങൾ, ചിന്തകൾ, എന്നിവയോടൊപ്പം ലോക സാമൂഹ്യ–രാഷ്ട്രീയ ഘടനകളെ എഴുത്തിൽ പ്രതിബിംബമാക്കുന്നു എന്ന സവിശേഷതയും പുതിയ ഓർമ്മക്കുറിപ്പുകളുടെ സവിശേഷതയായി കണക്കാക്കാവുന്നതാണ്. ആത്മകഥകളിൽ നിന്നു ഭിന്നമായി, രചനയിൽ കൂടുതൽ സ്വാതന്ത്ര്യം ഇത്തരം രചയിതാക്കൾ സ്വീകരിക്കുന്നുണ്ട്. ആസ്വാദനത്തിലെ രസരൂപീകരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിൽക്കാൻ എഴുത്തുകാരൻ മടിക്കുന്നില്ല. പരിചിതമായ മറ്റു കലാ–സാഹിത്യരൂപങ്ങളെ എഴുത്തിലേക്ക് കൊണ്ടുവരാൻ – ഇന്റർടെക്റ്റ്വാലിറ്റി – താല്പര്യപ്പെടുന്നു. വികാരപരതകളിൽ ഗൗരവവും ആഖ്യാനരീതിയിൽ ലാളിത്യവും, അന്തരീക്ഷ ലഘൂകരണത്തിന് നർമ്മവും ചേർത്ത് പ്രത്യേക അനുപാതത്തിലുള്ള രചനാരീതി, വായനക്കാരെ ആകർഷിക്കുന്നു.
ഉള്ളടക്ക ഘടനയുടെ കെട്ടിലും മട്ടിലും സാമ്പ്രദായിക രീതികളെ ലംഘിക്കാൻ മടിയില്ലായ്മ, ശുദ്ധമലയാളത്തിനുവേണ്ടി നിർബന്ധമില്ലായ്മ, മനുഷ്യന് ഏറ്റവും പ്രിയങ്കരമായ ഭക്ഷണവുമായി ബന്ധപ്പെട്ട രുചിബിംബങ്ങളുടെ / പ്രതീകങ്ങളുടെ അവതരണവും ചിഹ്നവൽക്കരണവും, അന്യഭാഷാപദങ്ങളെ കടമെടുക്കൽ, ഒരേസമയം എഴുത്തുകാരനും വായനക്കാരനും എഴുത്തിൽ പങ്കാളിയാകുന്ന സംവേദനാത്മകമായ രചനാരീതി, ആവൃതകഥനം, പെൻഡുല രീതിയിലുള്ള രചന തുടങ്ങി ഓർമ്മക്കുറിപ്പുകളിൽ പതിവില്ലാത്ത പല ആഖ്യാനരീതികളും ഇതിൽ കണ്ടെത്താം. വ്യത്യസ്ത അഭിരുചിക്കാരായ വായനക്കാർക്ക് താല്പര്യമുള്ള വിവിധ രസങ്ങളെ ഇടകലർത്തി, അവരെ തൃപ്തിപ്പെടു ത്തിക്കൊണ്ടുള്ള രചനാരീതിയും എടുത്തു പറയേണ്ടതാണ്. റിയലിസ്റ്റിക് രീതിയിൽ നിന്നു മാറി റൊമാന്റിസിസത്തിന്റേതായ രീതിയിൽ അദ്ധ്യായത്തെ അവതരിപ്പിച്ച്, അന്ത്യത്തിൽ അനുലേഖത്തിലൂടെ റിയലിസത്തിലേക്കു തിരിച്ചു വരുന്ന കലർപ്പിന്റെ രീതിയും കാണാം.
എഴുത്തിനേക്കാൾ അനുഭവതീവ്രതയാണ് വായനക്കാരുടെ ഉള്ളിലേക്ക് കടന്നുചെല്ലുന്നത് എന്നുള്ളതിനാൽ, തീവ്രാനുഭവങ്ങളും പ്രസ്തുത കൃതിയില്‍ പങ്കുവയ്ക്കപ്പെടുന്നു. പ്രവാസി സമൂഹത്തിന്റെ പൊതുവായ വിഷയങ്ങൾ, കഷ്ടതകൾ, മനോഭാവങ്ങൾ എന്നിവയും ഇതുമായി ബന്ധമുള്ളവരെയും ഇല്ലാത്തവരേയും ആകർഷിക്കുന്ന ഒന്നാണ്. ആത്മകഥകളുടെ തന്നെ ഒരു ശാഖയായി കണക്കാക്കാവുന്ന ഓർമ്മക്കുറിപ്പുകളെന്ന വിഭാഗത്തിലാണെങ്കിലും ഗതാനുഗതികത്വത്തിൽ നിന്നുമാറി കൂടുതൽ സ്വാതന്ത്ര്യത്തോടെ പുസ്തകത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ആഖ്യാന രീതികളിലും പുതുമകൾ അവലംബിക്കാവുന്നതാണെന്ന് ഈ രചന സ്വയം ഉദാഹരിക്കുന്നു.
ഗ്രന്ഥസൂചി
കമൽ, എം. കെ., ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരികചരിത്രം, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ, 2018.
ജിതേഷ്, ടി. ഡോ., ആഖ്യാനശാസ്ത്രം, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2017.
പ്രതീഷ്, എ. എസ്., ഡോ., പ്രവാസ സാഹിത്യം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
മുഹമ്മദ് നജാത്തി, സൗദി പ്രവാസം ഒരു മുഖവുര, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2019.
ഷനീബ് അബൂബക്കർ, ഒരു സൗദി സുലൈമാനി, ഡസ്റ്റിനി ബുക്‌സ്, കോഴിക്കോട്, 2024.
ഷാജി സുന്ദര്‍, സാംസ്‌കാരിക പഠനങ്ങൾ ആശയങ്ങളും സമീപനങ്ങളും, മഹാത്മാഗാന്ധി യൂണി. പ്രസ്സ്, കോട്ടയം, 2016.
സുകുമാരൻ പ്രേമചന്ദ്രൻ, ഇന്റർ ടെക്സ്റ്റ്വാലിറ്റി. സാഹിത്യം, സംസ്‌കാരം, കമ്മ്യൂണിക്കേഷൻ, കേരള യൂണി. പ്രസ്, തിരുവനന്തപുരം, 2014.
രാജേഷ്, ആർ., ഡോ., പ്രവാസം അനുഭവവും ആഖ്യാനവും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
രാധാകൃഷ്ണൻ നായർ, സി., ആഖ്യാനവിജ്ഞാനം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000.
രാമചന്ദ്രൻനായർ, പന്മന, പ്രൊഫ., സമ്പൂർണ്ണ മലയാളസാഹിത്യചരിത്രം, കറന്റ് ബുക്‌സ്, കോട്ടയം, 2010.
Bal, Mieke, A theory of Narrative, University of Chicago press, Chicago, U.S., 1985.
Bhabha, Hormi, K., The Location of culture, Routledge, England, U.K., 1994.
ഡോ. ജിത ടി. എച്ച്.
മലയാള വിഭാഗം,
എസ്.എൻ.എം. കോളേജ്
മാല്യങ്കര
email: drthjitha@gmail.com
Mob: 9847294143
Copyright © 2026 | WordPress Theme by MH Themes
