മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2025 OCTOBER-DECEMBER | VOLUME 01 | ISSUE 01
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» മെൽവിയ ആൻ ബിജു
ID: MRK0004
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ദ്വീപ് എന്ന സ്ഥലരൂപകം സാഹിത്യത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. ഇതിഹാസങ്ങൾ മുതൽ ആധുനികസാഹിത്യം വരെ അനേകം കൃതികളിൽ ദ്വീപ് ഒരു സ്ഥലമായും (Place) ഇടമായും (Space) അന്തരീക്ഷമായും (Setting) പശ്ചാത്തലമായും (Background) രൂപകമായും (Metaphor) പ്രതീകമായും (Symbol) വരുന്നതുകാണാം. മനുഷ്യന് എത്തിച്ചേരുവാൻ കഴിയാത്തതോ എത്തിപ്പെട്ടാൽ രക്ഷപ്പെടാൻ കഴിയാത്തതോ ആയ ഇടമെന്ന് ദ്വീപിനെപ്പറ്റി കല്‌പിക്കാവുന്നതാണ്. പല പ്രകാരത്തിൽ ദ്വീപ് കടന്നുവരുന്ന സാഹിത്യത്തെ ദ്വീപുസാഹിത്യം (Island Literature) എന്നും കൃതികളിലെ ദ്വീപസാന്നിദ്ധ്യത്തെ അർത്ഥസൂചനകളായി എടുത്തുകൊണ്ടുനടത്തുന്ന പഠനത്തെ ദ്വീപുസാഹിത്യപഠനം (Island Literature Studies) എന്നും വിശേഷിപ്പിക്കുന്നു.
ദ്വീപുസാഹിത്യം മലയാളത്തിൽ പ്രബലമല്ലെങ്കിലും നിലവിലുണ്ട്. നിലവിലുള്ള ദ്വീപുസാഹിത്യ ത്തിൽ ദ്വീപ് പ്രകടമായി വരുന്ന കൃതികളെ ദ്വീപുസാഹിത്യത്തിന്റെ അളവുകോൽ ഉപയോഗിച്ച് വിശകലനം ചെയ്യുകയെന്നതാണ് പഠനത്തിന്റെ മുഖ്യലക്ഷ്യം. ആഖ്യാനങ്ങളിലെ ദ്വീപുനിർമ്മിതി എപ്രകാരമെന്ന് ടി. ഡി. രാമകൃഷ്ണന്റെ ‘ആൽഫ’, ബെന്യാമിന്റെ ‘ആടുജീവിതം’, ഇസ്മത്ത് ഹുസൈന്റെ ‘കൊലോടം’ എന്നീ നോവലുകളെ മുൻനിർത്തി പഠിക്കുന്നു. ലോകസാഹിത്യവേദിയിൽ സമാന്തരമാ യൊരു പഠനശാഖായായി നിലനിൽക്കുന്ന ദ്വീപുസാഹിത്യപഠനം മലയാളത്തിൽ അടയാളപ്പടുത്തുക എന്നത് പഠനത്തെ പ്രസക്തമാക്കുന്നു. പാഠാപഗ്രഥനമാണ് പഠനരീതി. സാഹിത്യപഠനത്തിന്റെ രീതിശാസ്ത്രമാണ് പഠനത്തിൽ ഉപയോഗിക്കുന്നത്.
താക്കോൽ വാക്കുകൾ
ആഖ്യാനം, ദ്വീപ്, മലയാളസാഹിത്യം, ദ്വീപുസാഹിത്യം, നോവൽ.
ദ്വീപ് എന്ന സ്ഥലരൂപകം സാഹിത്യത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. അത് കൃതികളെ ആകർഷകവും അർത്ഥഗർഭവുമാക്കുന്നു. ഇതിഹാസങ്ങൾ മുതൽ ആധുനികസാഹിത്യം വരെ അനേകം കൃതികളിൽ ദ്വീപ് ഒരു സ്ഥലമായും (Place) ഇടമായും (Space) അന്തരീക്ഷമായും (Setting) പശ്ചാത്തലമായും (Background) രൂപകമായും (Metaphor) പ്രതീകമായും (Symbol) വരുന്നതു കാണാം. രാമായണം, മഹാഭാരതം, ഇലിയഡ് തുടങ്ങിയ ഇതിഹാസങ്ങളിലും അഭിജ്ഞാനശാകുന്തളം, ദ ടെംപസ്റ്റ് തുടങ്ങിയ പ്രാചീനനാടകകാവ്യങ്ങളിലും ദ്വീപ് പ്രധാനപ്പെട്ട സ്ഥലവും ഇടവുമാണ്. ആധുനികസാഹിത്യരൂപങ്ങളുടെ ആരംഭത്തിൽ ഗള്ളിവേഴ്‌സ് ട്രാവൽസ്, മൊബിഡിക്, റോബിൻ സൺ ക്രൂസോ എന്നിവ പ്രത്യേകം പ്രസ്‌താവ്യമാണ്. വില്യം ഗോൾഡിംഗിന്റെ ലോഡ് ഓഫ് ദ ഫ്ലൈസ് നോബൽ സമ്മാനിതമാകുന്നത് ദ്വീപ് രൂപകമാകുന്ന കൃതികളുടെ ലോകസമ്മിതി എടുത്തുകാട്ടുന്നു.
ടി. ഡി. രാമകൃഷ്ണന്റെ ആൽഫ, ഇസ്മത്ത് ഹുസൈന്റെ കോലോടം എന്നീ നോവലുകളിൽ ദ്വീപിനെ സ്ഥലമായും ഇടമായും അവതരിപ്പിച്ചിട്ടുണ്ട്. ബെന്യാമിന്റെ ആടുജീവിതത്തിൽ ദ്വീപുതുല്യമായ ജീവിതാവസ്ഥയും മാനസികാവസ്ഥയുമാണ് ആവിഷ്കൃതമായിരിക്കുന്നത്.
ദ്വീപുസാഹിത്യം (Island Literature)
മനുഷ്യന് എത്തിച്ചേരുവാൻ കഴിയാത്തതോ എത്തിപ്പെട്ടാൽ രക്ഷപ്പെടാൻ കഴിയാത്തതോ ആയ ഇടമെന്ന് ദ്വീപിനെ വിശേഷിപ്പിക്കാവുന്നതാണ്.1 ദ്വീപിലകപ്പെടൽ എന്നത് ഒറ്റപ്പെടൽ (Isolation), അപരിചിതത്വം (Estrangement), മൃത്യുഭീതി (Death-fear), കെണിപ്പെടൽ (Entrapment) എന്നിങ്ങനെ സവിശേഷമായ പലതരം മനുഷ്യാവസ്ഥകളെ പ്രതിനിധീകരിക്കുന്നു. സ്ഥലം, കാലം എന്നിവയിൽനിന്നുള്ള വിച്ഛേദം; സമൂഹം, ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള വിച്ഛേദം തുടങ്ങിയവയും ദ്വീപിൽപ്പെടൽ എന്നതിനെ സൂചിപ്പിക്കുന്നു. ഇത് നിയമവ്യവസ്ഥ, രാഷ്ട്രകൂടം എന്നിവയിൽനിന്നുള്ള വിമുക്തിയായും മറ്റൊർത്ഥത്തിൽ കണക്കാക്കപ്പെടുന്നു. അവ അന്യവൽക്കരണവും (Alienation) ആദിമവൽക്കരണവും (Primitivization) അനാഗരികവൽക്കരണവും (Uncivilization) അർത്ഥമാക്കി യേക്കാം. വ്യക്തിത്വനഷ്‌ടം (Personality Loss), സ്വത്വപ്രതിസന്ധി (Identity Crisis), രാഷ്ട്രീയ പ്രവാസം (Political Exile), സാമൂഹികവിരക്തി (Social Detachment), പ്രതീക്ഷാനഷ്ടം (Loss of Hope) എന്നിങ്ങനെയുള്ള സാമാന്യപ്രമേയങ്ങളിലേക്കും അഗാധപ്രമേയങ്ങളിലേക്കും (Themes and Deep Themes) നീങ്ങാൻ ദ്വീപ് എന്ന രൂപകം കൃതിയെ സഹായിക്കുന്നു. സ്വപ്‌നാവസ്ഥ സൃഷ്ടിക്കാനും ദ്വീപ് എന്ന സ്ഥലത്തിനോ ഇടത്തിനോ സാദ്ധ്യമാകും. സർറിയലിസം, മാജിക്കൽ റിയലിസം തുടങ്ങി റിയലിസത്തിന്റെ അതീതാവസ്ഥകളെ ആവിഷ്കരിക്കുന്ന ആഖ്യാനസങ്കേതങ്ങളിൽ ദ്വീപ് സവിശേഷ പങ്ക് വഹിക്കുന്നു.
പല പ്രകാരത്തിൽ ദ്വീപ് കടന്നുവരുന്ന സാഹിത്യത്തെ ദ്വീപുസാഹിത്യം (Island Literature) എന്നും കൃതികളിലെ ദ്വീപസാന്നിദ്ധ്യത്തെ അർത്ഥസൂചനകളായെടുത്തുകൊണ്ടു നടത്തുന്ന പഠനത്തെ ദ്വീപുസാഹിത്യപഠനം (Island Literature Studies) എന്നും വിശേഷിപ്പിക്കപ്പെടുന്നു.
ദ്വീപുസാഹിത്യപഠനം (Island Literature Studies)
ഏതെങ്കിലും ദ്വീപിലുണ്ടാകുന്ന സാഹിത്യവിഭാഗങ്ങളെ എടുത്തു പരിശോധിക്കുന്നതോ സാഹിത്യകൃതികളെയോ വ്യവഹാരരൂപങ്ങളെയോ വിശകലനം ചെയ്യുന്നതോ മാത്രമല്ല ദ്വീപുസാഹിത്യ പഠനം. അനുഭൂതിക്കു നിദാനമാകുന്ന സാഹിത്യസങ്കേതമോ മൂലകമോ എന്ന നിലയിലാണ് ദ്വീപുസാഹി ത്യപഠനത്തിൽ ദ്വീപ് അവതരിപ്പിക്കപ്പെടുന്നത്. ഇതിഹാസം, നോവൽ, കവിത, കഥ, ഉത്തരാധുനിക കൃതികൾ തുടങ്ങി പല ജനസ്സുകളിൽപെട്ട കൃതികളിൽ അവതരിപ്പിക്കപ്പെടുന്ന ദ്വീപിന്റെ സാന്നിദ്ധ്യത്തെ ആനുഭൂതികമായി പഠിക്കുകയാണു ദ്വീപുസാഹിത്യപഠനത്തിലൂടെ ലക്ഷ്യമാകുന്നത്. ദ്വീപ് എന്നത് സാഹിത്യത്തിൽ പല അർത്ഥതലങ്ങളെ നിശ്ചയിക്കുകയോ പുനർനിശ്ചയിക്കുകയോ ചെയ്യുന്നു.
കേരളത്തിനോ മലയാളിക്കോ ദ്വീപുജീവിതമില്ല. കേരളവുമായി ബന്ധപ്പെട്ട ദ്വീപസമൂഹങ്ങൾ കൊച്ചിയുടെ പരിസരത്തുള്ള വൈപ്പിൻ, മുളവുകാട്, പനമ്പുക്കാട്, ബോൾഗാട്ടി എന്നീ ദ്വീപുകൾ; വേമ്പനാട്ടുകായലിലെ പാതിരാമണൽ, തൃശ്ശൂരിനടുത്തുള്ള എൽത്തുരുത്ത്; കൊല്ലത്തുള്ള മൺട്രോത്തു രുത്ത്, മയ്യഴിക്കടുത്തുള്ള വെള്ളിയാങ്കല്ല്, ചില പ്രാദേശികതുരുത്തുകൾ എന്നിവയാണ്. ഇവയിൽ പലതും സിനിമകളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാങ്കല്ല് എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവലിലൂടെ മലയാളിക്കു സുപരിചിതമാണ്. വൈപ്പിൻ ദ്വീപുകൾ പോഞ്ഞിക്കര റാഫിയുടെ സ്വർഗ്ഗദൂതൻ, എൻ. എസ്. മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ തുടങ്ങിയ നോവലുകളിൽ അടയാളപ്പെട്ടിട്ടുണ്ട്.
ലക്ഷദ്വീപും ആൻഡമാൻ–നിക്കോബാർ ദ്വീപുകളും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും മലയാളികളുമായി അടുത്തുനിൽക്കുന്നവയാണ്. ആൻഡമാൻ നിക്കോബാറിൽ കേരളത്തിന്റെ പ്രത്യക്ഷഛായകളൊന്നും കാണാനില്ലെങ്കിലും കേരളത്തിൽനിന്നു കുടിയേറിയിട്ടുള്ളവരും പലകാലങ്ങളായി ബ്രിട്ടീഷ് കാലയളവിൽ ശിക്ഷിക്കപ്പെട്ട് അവിടെ നിർബന്ധിതരായി താമസിക്കേണ്ടി വന്നിട്ടുള്ളവരുമായ മലയാളികളുടെ പിൻമുറക്കാരും അധിവാസകേന്ദ്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ കേരളത്തിലുള്ള തിരൂർ, വടകര, കോഴിക്കോട്, താനൂർ തുടങ്ങിയ പല സ്ഥലങ്ങളും അധിവാസകേന്ദ്ര ങ്ങളായി ആൻഡമാനിലുണ്ട്. കേരളജീവിതവുമായി ബന്ധമില്ലാത്തവയാണെങ്കിലും, സി. വി. ശ്രീരാമന്റെ വാസ്‌തുഹാര, ഒട്ടുചെടി, മങ്ക്റ തുടങ്ങിയ കഥകളിൽ ആൻഡമാൻ കഥാഭൂമികയാണ്. ആ കഥകളിലെ മലയാളിയായ നായകന്മാർ ആ സ്ഥലവുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങളുള്ളവരാണ്.
ലക്ഷദ്വീപുനിവാസികൾ മലയാളമാണ് പറയുന്നതെങ്കിലും വളരെക്കാലം കേരളവുമായും മലയാളികളുമായും അകന്നുനിന്നതുകൊണ്ട് അവരുടെ ഭാഷ മലയാളത്തിന്റെ മറ്റൊരു വകഭേദമായിത്തീ ർന്നു. ഔദ്യോഗികമായി ജെസരി എന്നറിയപ്പെടുന്ന ആ ഭാഷയ്ക്ക് സ്വന്തമായി ലിപിയില്ല. അവർ മലയാളലിപി ഉപയോഗിച്ചാണ് എഴുതുന്നത്. ലക്ഷദ്വീപിൽ ആ ഭാഷയിൽ സജീവമായി സാഹിത്യമുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ഇസ്‌മത്ത് ഹുസൈന്റെ കോലോടം എന്ന നോവൽ. അവിടെ എല്ലാ സാഹിത്യജനസ്സുകളിലുംപെട്ട കൃതികൾ/രചനകൾ വർഷങ്ങളായി ഉണ്ടാകുന്നുണ്ട്.
ആഖ്യാനങ്ങളിലെ ദ്വീപുനിർമ്മിതി
ദ്വീപ് ഭൂമിശാസ്ത്രപരമായ ഒരു സത്ത മാത്രമല്ല. ഒറ്റപ്പെട്ട ഏതൊരു സ്ഥലാവസ്ഥയിലൂടെയും സൂചിപ്പിക്കുന്ന ഒറ്റപ്പെടൽ (Isolation), അപരിചിതത്വം (Estrangement), കുരുക്കിലാകൽ (Entanglement), കെണിപ്പെടൽ (Entrapment) തുടങ്ങിയ ഏത് ആശയത്തെയും പ്രതിനിധാനം ചെയ്യാൻ ദ്വീപ് എന്ന രൂപകത്തിനു സാധിക്കുന്നുണ്ട്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലത്തെ ഭൂമിശാസ്ത്രപരമായി ദ്വീപ് എന്നു പറയാമെങ്കിൽ, കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതാകട്ടെ മറ്റെന്തെങ്കിലുമായി ചുറ്റപ്പെട്ടു കിടക്കുന്നതാകട്ടെ മറ്റു സംസ്കാരങ്ങളിൽനിന്നും വ്യത്യസ്‌തമായി ഒരിടത്ത് വേറിട്ട ഒരു സത്തയായി നിൽക്കുകയും ആ ഒറ്റപ്പെടൽ സാംസ്‌കാരികമായ ആധികളും ഉത്കണ്ഠകളും മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ദ്വീപവസ്ഥയായി കണക്കാക്കാം.2 മലയാളത്തിൽ ദ്വീപ് കഥാഭൂമികയായി വരുന്ന കൃതികൾ കുറവാണെങ്കിലും ദ്വീപവസ്ഥ അവതരിപ്പിക്കുന്ന കൃതികൾ നിരവധിയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്‌ദങ്ങൾ, തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ബെന്യാമിന്റെ ആടുജീവിതം, ഇ. സന്തോഷ്കുമാറിന്റെ അന്ധകാരനഴി, എസ്. ഹരീഷിന്റെ മീശ തുടങ്ങിയ നോവലുകൾ ദ്വീപുസാഹിത്യത്തിൽപ്പെടുന്നവയാണ്. ഇങ്ങനെ ദ്വീപനുഭവം, ദ്വീപപ്രകൃതി, ദ്വീപപ്രതീ തി, ദ്വീപവസ്ഥ എന്നിവയുടെ അന്വേഷണമാണ് ദ്വീപുസാഹിത്യപഠനം.
ദ്വീപ് എന്ന ഇടം ആൽഫയിൽ
ടി. ഡി. രാമകൃഷ്ണന്റെ ആൽഫ എന്ന നോവലിന്റെ പശ്ചാത്തലം ദ്വീപാണ്. പ്രസിദ്ധീകരിക്ക പ്പെട്ട ഭൂപടങ്ങളിലൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത അവ്യക്തവും ആരും അവകാശമുന്നയിക്കാത്ത തുമായ ദ്വീപാണ് ആൽഫ. ശ്രീലങ്കയിൽനിന്നും 759 കിലോമീറ്റർ തെക്കുമാറി ഇന്ത്യൻ മഹാസമുദ്ര ത്തിൽ പതിനേഴേമുക്കാൽ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപാണ് ആൽഫ. നോവലിലെ പ്രധാന കഥാപാത്രമായ പ്രഫസർ ഉപലേന്ദു ചാറ്റർജി എന്ന ശാസ്ത്രജ്ഞനാണ് ദ്വീപിന് ആൽഫ എന്നു പേരു നൽകുന്നത്. ഇരുപത്തിയഞ്ചു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിന് പ്രഫസർ തിരഞ്ഞെടുക്കുന്ന ഇടമാണ് (Space) ആൽഫ. സമൂഹത്തിന്റെ പലരംഗത്തുനിന്നും പന്ത്രണ്ടുപേരുമായി പ്രഫസർ ദ്വീപിലേക്ക് യാത്ര തിരിക്കുന്നു. വേഷം, ഭാഷ തുടങ്ങിയവ വെടിഞ്ഞുകൊണ്ട് ഇരുപത്തിയഞ്ചു വർഷം ആദിമമനുഷ്യരെപ്പോലെ ജീവിക്കുക എന്നതാണ് പരീക്ഷണം. പ്രഫസറൊഴിച്ച് പരീക്ഷണത്തിൽ പങ്കെടുത്തവരെല്ലാം മുപ്പതിനോടടുത്തുമാത്രം പ്രായമുള്ളവരാണ്.
“ഒരു ജീവിതംകൊണ്ട് നേടിയ അറിവും ഒരു യുഗം കൊണ്ട് നേടിയ സംസ്കാരവും ഉപേക്ഷിച്ചുകൊണ്ട് പരീക്ഷണത്തിനു സ്വയം വിധേയപ്പെടുകയാണ് നോവലിലെ കഥാപാത്രങ്ങൾ. മനുഷ്യൻ നേടിയെടുത്ത നേട്ടങ്ങൾ അത്രയും വീണ്ടും നേടിയെടുക്കാൻ കാൽ നൂറ്റാണ്ട് മതിയെന്ന് പ്രഫസറുടെ പരികല്പന സാധുവാണെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമംകൂടിയായിരുന്നു ഈ പരീക്ഷണം. പക്ഷേ, അദ്ദേഹത്തിന്റെ പരികല്പന അസാധുവാകുകയാണ് കഥാന്ത്യത്തിൽ സംഭവിക്കുന്നത്. എന്നാൽ പുതിയ തലമുറ നിർമ്മിച്ചെടുക്കുന്ന നിയമവ്യവസ്ഥയിലും സംസ്കാരത്തിലു മാണ് കഥാപാത്രങ്ങളുടെ തുടർന്നുള്ള ജീവിതങ്ങൾ പുരോഗമിക്കുന്നത്. സമൂഹത്തിന്റെ ചട്ടക്കൂടുകൾ, നിയമങ്ങൾ, സംസ്കാരം എന്നിവയോടുള്ള കഥാപാത്രങ്ങളുടെ നിഷേധമാണ് നോവലിലെ അവരുടെ ദ്വീപുജീവിതം. അവയിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ് കഥാപാത്രങ്ങൾ ഇച്ഛിക്കുന്നത്” (രാജൻ, ഗുരുക്കൾ, 2024:115)
ഇത്തരത്തിൽ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന അപസാംസ്കാരീകരണം (De-Civilization) അവർക്ക് ലഭ്യമാക്കിയെടുക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. സമൂഹം, ബന്ധങ്ങൾ, സംസ്കാരം, നിയമവ്യവസ്ഥ തുടങ്ങിയവയിൽ നിന്നുമുള്ള വിച്ഛേദമാണ് കഥാപാത്രങ്ങൾ കൽപ്പിക്കുന്നത്. അതിനനിവാര്യമായ ഇടം ഒരുക്കിക്കൊടുക്കുകയാണ് ആൽഫ എന്ന ദ്വീപിലൂടെ എഴുത്തുകാരൻ ചെയ്യുന്നത്.3 കൂടാതെ ദ്വീപ് എന്നതിനെ ഒരു ഇടമായിമാത്രമല്ല വായിച്ചെടുക്കാവുന്നത്. ദ്വീപ് മറ്റു കഥാപാത്രങ്ങൾക്ക് അവർ വസിക്കുന്ന സ്ഥലമാണെങ്കിൽ മെർലിൻ ഫെർണാണ്ടസിനും രാജേഷ് മേനോനും സമൂഹത്തിൽനിന്നുമുള്ള സമർത്ഥമായ ഒരു ഒളിച്ചോട്ടമായിരുന്നു. ആൽഫ എന്ന ദ്വീപ് ഒരു സ്ഥലം മാത്രമല്ല, ഒരു ആശയവുമായി മാറുന്നു. ഉപലേന്ദു ചാറ്റർജിക്ക് അയാളുടെ പരീക്ഷണത്തിനുള്ള ഇടമാണ് ആൽഫ. പരീക്ഷണത്തിന്റെ ആദ്യദിവസങ്ങളിൽ അയാൾ ദൂരെ മാറിനിന്ന് മറ്റു കഥാപാത്രങ്ങളെ വീക്ഷിക്കുകയായിരുന്നു എന്ന് നോവൽനിന്നും വ്യക്തമാണ്.
1973 മുതൽ 1998 വരെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രവും ആൽഫയ്ക്ക് പശ്ചാത്തലമാകു ന്നുണ്ട്. “ഇന്ത്യ–പാക്ക് യുദ്ധത്തിനുശേഷം തന്റെ ആധിപത്യസ്വഭാവം പുറത്തെടുത്ത് ഇന്ത്യയെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച പ്രധാനമന്ത്രിയുടെ ചരിത്രധ്വംസനങ്ങളിൽ നിന്നാണ് ഒരർത്ഥത്തി ൽ ഉപലേന്ദു ചാറ്റർജിയുടെ പരീക്ഷണം രൂപം കൊള്ളുന്നത്” (ഷാജി, ജേക്കബ്, 2024:117). അത്തരത്തിൽ, ആൽഫയിൽ ദ്വീപ് എന്നത് ഒരു സ്ഥലം മാത്രമല്ല ഒരു ഇടവും അന്തരീക്ഷവും രൂപകവും പ്രതീകവും ആശയവുമായി മാറുന്നു.
ദ്വീപ് എന്ന ജീവിതാവസ്ഥ ആടുജീവിതത്തിൽ
ബെന്യാമിന്റെ ആടുജീവിതം നജീബ് എന്ന കഥാപാത്രത്തിന്റെ പ്രവാസജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. മസറയിൽ അകപ്പെട്ടുപോയതും മൃത്യുഭീതിമൂലം രക്ഷപ്പെടാൻ ശ്രമിക്കാതെയിരിക്കു ന്നതുമായ വർഷങ്ങളെയാണ് നജീബിന്റെ ആടുജീവിതം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ആടുകളുടെ യിടയിൽ ഒരു അർബാബിന്റെ ആജ്ഞയ്ക്കനുസൃതമായി മാത്രം ജീവിക്കുകയാണ് നജീബ് ചെയ്യുന്നത്. ആകെ ലഭിച്ചിരുന്ന ഭക്ഷണമായ ഖുബൂസും ആട്ടിൻപാലും മാത്രം കഴിച്ചുകൊണ്ട് ജീവൻ നിലനിർത്തുകയാണ് അയാൾ. നാട്, കുടുംബം എന്നിവയിൽ നിന്നുമുള്ള വിച്ഛേദം നജീബ് എന്ന കഥാപാത്രത്തെ ദ്വീപുതുല്യമായ അവസ്ഥയിലേക്ക് നയിക്കുന്നു. ചുറ്റും ആടുകളും മണലും മാത്രം. മനുഷ്യജീവിയായി അർബാബുണ്ട്. പക്ഷേ, ഒറ്റപ്പെടലിന്റെ തീവ്രാനുഭവമാണ് നജീബ് അനുഭവിക്കുന്നത്. മസറിയിലേക്കുള്ള യാത്ര മുതൽ നജീബിന് ദ്വീപാവസ്ഥ അനുഭവപ്പെടുന്നുണ്ട്.
“തികച്ചും ഒരു വെളിമ്പ്രദേശത്താണ് ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്നത് എന്നാണ് എനിക്കു തോന്നിയത്. കാഴ്ചവട്ടത്തെങ്ങും ഒരു കെട്ടിടമോ വൃക്ഷമോ കാണാനില്ല. അങ്ങു ദൂരെ ഇരുണ്ട ആകാശത്തിൽ വരച്ച ഒരു ഭൂപടംപോലെ ഒരു കുന്നിൻചെരിവോ പാറക്കെട്ടോ എന്തോ ഒന്നു കാണാം” (ബെന്യാമിൻ: 2024:49)
“പക്ഷേ എങ്ങോട്ട്? ചുറ്റോടുചുറ്റും നീണ്ട വിശാലതയല്ലാതെ മറ്റൊന്നും ദൃശ്യമല്ല” (ibid, 2024:50).
ഒറ്റപ്പെടൽ, മൃത്യുഭീതി, അപരിചിതത്വം തുടങ്ങിയ ദ്വീപവസ്ഥയുടെ വ്യത്യസ്ത തലങ്ങൾ മസറയിൽ നജീബ് അഭിമുഖീകരിക്കുന്നുണ്ട്.
“ഞാൻ ഒറ്റയ്ക്കായി” (ibid, 2024:73).
“ഒറ്റയ്ക്ക് ഒരു ജീവിതത്തെ നേരിടാൻ, ഒറ്റയ്ക്ക് ഒരു തൊഴിലിൽ പരിശീലനം നേടിയെടുക്കാൻ, ഒറ്റയ്ക്ക് ഒരു ജീവിസമൂഹത്തെ പരിരക്ഷിക്കാൻ, ഒറ്റയ്ക്ക് ഒരു സാഹചര്യവുമായി പൊരുത്തപ്പെടാൻ ഞാൻ പഠിക്കുകയായിരുന്നു” (ibid, 2024:89).
“ഈ രാജ്യത്തെ സംബന്ധിച്ച് എനിക്കൊന്നും അറിഞ്ഞുകൂടാ. ഞാനെവിടെയാണ് ഇപ്പോൾ ഉള്ളതെന്നു പോലും. എങ്ങോട്ട് – കിഴക്കോട്ടോ തെക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ– ഓടിയാലാണ് എനിക്കു രക്ഷപ്പെടാനുള്ള വഴി കണ്ടെത്താനാവുക..? ഇവിടെനിക്ക് ആഹാരമില്ല. വെള്ളമില്ല. വസ്ത്രമില്ല. കിടക്കാനൊരിടമില്ല. കൂലിയില്ല. ജീവിതമില്ല. സ്വപ്‌നങ്ങളില്ല. മോഹങ്ങളില്ല. എന്നാൽ ഒന്നു ബാക്കിയുണ്ട് – ജീവൻ! തത്കാലം അതു നിലനിർത്താൻ എനിക്കെങ്ങനെയൊക്കെയോ കഴിയുന്നുണ്ട്. എന്നാൽ, ഇവിടെനിന്നോടി അപരിചിതമായ മരുസ്ഥലികളിൽ എത്തിപ്പെട്ട് എനിക്കതുകൂടി നഷ്ടപ്പെട്ടാലോ..? പിന്നെ ആ ഓട്ടത്തിന് എന്തർത്ഥം..?” (ibid, 2024:119).
മൂപ്പത്തിയൊന്നു മുതൽ മുപ്പത്തിയേഴുവരെയുള്ള അധ്യായങ്ങളിൽ നജീബിന്റെ മരുഭൂമിജീവിത ത്തിൽനിന്നുമുള്ള രക്ഷപ്പെടലിന്റെ ചിത്രീകരണമാണ്. ചുറ്റുമുള്ള മണലിനെ ഒരു കടലിനോട് ഉപമിക്കുവാൻ കഥാപാത്രം ശ്രമിക്കുന്നുണ്ട്.
“ചുറ്റും മണൽ മാത്രം. മണൽക്കൂനകൾ മാത്രം. മറ്റൊരവസരത്തിലായിരുന്നെങ്കിൽ ഒരു സങ്കല്പചി ത്രത്തിലെന്നവണ്ണമുള്ള ആ മണൽക്കാടിന്റെ വിശാലത എന്നെ കാല്പനികമായി കൊതിപ്പി ച്ചേനേ. പക്ഷേ, അന്നേരം ആ കടൽ എന്നെ ശരിക്കും പേടിപ്പിക്കുകയാണ് ചെയ്തത്. ഒരു ചെറുവള്ളമോ ബോട്ടോ പോരാ, ശരിക്കും ഒരു വലിയ കപ്പൽതന്നെ വേണം ഇതു മുറിച്ചു കടക്കാൻ. അങ്ങനെയെങ്കിൽ പടച്ചോനേ, ഞങ്ങളെങ്ങനെ വെറുംകൈയോടെ ഈ കടൽ നീന്തിക്കടക്കും..?” (ibid, 2024:165).
“കടൽ പോലെ മണൽ നിരന്നു കിടക്കുന്ന മരുഭൂമി കാണാനായെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്” (ibid, 2024:171).
“കടൽപോലെ മണൽ കട്ടപിടിച്ചു കിടക്കുന്നു” (ibid, 2024:183).
രക്ഷപ്പെടുന്നതിനിടയിൽ മറ്റൊരുതരത്തിലുള്ള ദ്വീപവസ്ഥ നജീബ് അനുഭവിക്കുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന ആടുകളും മസറയും അറബാവും ഇല്ലാതെയാകുന്നു രക്ഷപ്പെടലിന്റെ നിമിഷങ്ങളിൽ ഒറ്റയ്ക്കായി എന്നും നജീബിന് അനുഭവപ്പെടുന്നുണ്ട്.
“മരുഭൂമി വിജനമായും ശൂന്യമായും ചത്തുമലർന്നു കിടന്നു” (ibid, 2024:159).
“മലയും മണ്ണും കുന്നും കുഴിയും ചാടിക്കടന്ന് തട്ടിയും തടഞ്ഞും വീണും എഴുന്നേറ്റും വെടികൊണ്ട് പന്നിയെപ്പോലെ പ്രാണൻ തല്ലിയുള്ള ആ ഓട്ടം അവസാനിപ്പിച്ചത് ഏതാണ്ട് നേരം പുലരാറായപ്പോഴാണ്” (ibid, 2024:163).
“എന്റെ മുന്നിൽ മസറയില്ല, ആടുകൾ ഇല്ല, ഒട്ടകങ്ങളില്ല. അർബാബില്ല. കൂടാരമില്ല. ഹക്കീം അടുത്ത് ചുരുണ്ടു കൂടിക്കിടപ്പുണ്ട്” (ibid, 2024:164).
അത്തരത്തിൽ, നജീബ് എന്ന കഥാപാത്രത്തിന്റെ ദ്വീപുതുല്യമായ അവസ്ഥയെ അവതരിപ്പിക്കുവാൻ ബെന്യാമിന്റെ ആടുജീവിതത്തിലൂടെ കഴിയുന്നു.
ദ്വീപ് എന്ന സ്ഥലം കോലോടത്തിൽ
ഒരു ലക്ഷദ്വീപുനിവാസി എഴുതിയ നോവൽ എന്ന നിലയിലാണ് കോലോടം അറിയപ്പെടുന്നത്. ലക്ഷദ്വീപ് കേരളത്തിൽനിന്നും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും മലയാളികളുമായി അടുത്തുനിൽക്കുന്നു. ലക്ഷദ്വീപുനിവാസികൾ മലയാളമാണ് പറയുന്നതെങ്കിലും വളരെക്കാലം കേരളവുമായും മലയാളികളുമായും അകന്നുനിന്നതുകൊണ്ട് അവരുടെ ഭാഷ മലയാളത്തിന്റെ മറ്റൊരു വകഭേദമായിത്തീർന്നിട്ടുണ്ട്. ഔദ്യോഗികമായി ‘ജെസരി’ എന്നറിയപ്പെടുന്ന ആ ഭാഷയ്ക്ക് സ്വന്തമായി ലിപിയില്ല. അവർ മലയാളലിപി ഉപയോഗിച്ചാണ് എഴുതുന്നത്. ലക്ഷദ്വീപിൽ ആ ഭാഷയിൽ സജീവമായി സാഹിത്യമുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ഇസ്‌മത്ത് ഹുസൈന്റെ കോലോടം എന്ന നോവൽ. അവിടെ എല്ലാ സാഹിത്യജനസ്സുകളിലുംപെട്ട രചനകൾ വർഷങ്ങളായി ഉണ്ടാകുന്നുണ്ട്. സമകാലികമായി ജെസരിസാഹിത്യം സജീവമാണ് എന്ന് ഇസ്‌മത്ത് ഹുസൈൻ പറയുന്നു (അദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണത്തെ ആധാരമാക്കി).
നോവലിന്റെ ആരംഭത്തിൽ “കീളാവായിൽനിന്ന് ലക്ഷ്യം മാറി വന്ന കാറ്റ്” എന്ന പ്രയോഗത്തിൽ ‘കീളാവായ്’ എന്നത് ‘കിഴക്കേക്കടപ്പുറ’ത്തയാണ് ലക്ഷദ്വീപുഭാഷയിൽ അർത്ഥമാക്കു ന്നത്. കേരളത്തിന് തീരപ്രദേശങ്ങൾ പടിഞ്ഞാറുഭാഗത്തായതിനാൽ വായനയുടെ തുടക്കത്തിൽ നോവലിലെ പ്രദേശം കേരളമല്ലയെന്നു വ്യക്തമാണ്. തുടർന്ന്, നോവലിലെ കഥാപാത്രമായ കുഞ്ഞിസീതി കാറ്റിനെ പ്രാകിക്കൊണ്ട് കിഴക്കേക്കടപ്പുറത്തേക്ക് നടന്നു എന്നും നോവലിൽ കാണുന്നു. നോവലിന്റെ ആദ്യഭാഗങ്ങളിൽ അന്തരീക്ഷം കടലോരപ്രദേശമാണെന്നും കേരളമല്ലെന്നും വ്യക്തമാണ്. എന്നാൽ, ഒന്നാം അധ്യായത്തിൽ നോവലിന്റെ സ്ഥലകാലഭൂമിക ദ്വീപാണ് എന്ന് വ്യക്തമാകുന്നുണ്ട്. മംഗലാപുരത്തുനിന്നും ഒരു മാസം മുൻപ് വിട്ട കോലോളം നാട്ടിലെത്തിയിട്ടില്ല എന്ന കുഞ്ഞിസീതിയുടെ ആശങ്കകളും കാറ്റിനോടുള്ള പരിഭവംപറച്ചിലുമെല്ലാം അതിനെ സാധൂകരിക്കുന്നു.
“കാറ്റും കടലും അനുകൂലമായാൽ ഒരുനാൾ മതി ഓടത്തിന് ദ്വീപിലെത്താൻ” (ഇസ്മത്ത്, ഹുസൈൻ, 2019:26)
തുടർന്ന് ‘ദ്വീപ്’, ‘കടമത്തുദ്വീപ്’ തുടങ്ങിയ പദങ്ങളിലൂടെ സൂചിപ്പിക്കുന്നത് നോവലിൽ ഇടമായി ഒരു ദ്വീപിനെ തിരഞ്ഞെടുക്കുകമാത്രമല്ല യഥാർത്ഥസ്ഥലമായ ലക്ഷദ്വീപിനെയാണ് നോവലിൽ ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്. “ഇസ്മത്ത് ഹുസൈൻ കോലോടം എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത് ഗ്രാമീണവും ലക്ഷദ്വീപിനു മാത്രം സ്വന്തമായ സാംസ്കാരികചരിത്രപുരാവൃത്തങ്ങളും അതിനെ ഉപജീവിച്ചു കഴിയുന്ന ഒരുപറ്റം മനുഷ്യരുടെ കഥയുമാണ്” (ശിഹാബുദ്ദീൻ, പൊയ്ത്തുംകടവ്, 2019:xvi). ദ്വീപുനിവാസികൾ മുസ്ലീങ്ങളാണെങ്കിലും ഹൈന്ദവസംസ്കാരത്തിന്റെ അടയാളങ്ങളും നോവലിലെ കഥാപാത്രങ്ങളുടെയിടയിൽ കാണാം. അത്തരത്തിൽ, മിശ്രിതസംസ്കാരത്തിന്റെ പഴയ കേരളീയജീവിതം ദ്വീപിലെങ്ങുമുണ്ട്. മലയാളത്തിൽനിന്നും അല്പം മാത്രം വ്യത്യാസപ്പെട്ടു നിൽക്കുന്ന ജെസരി ഭാഷയിലാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ, എഴുത്തുകാരൻ നോവലിൽ ഉപയോഗിച്ചിരിക്കുന്ന പ്രാദേശികഭേദം പൂർണമായി ലക്ഷദ്വീപുനിവാസികളുടെ ഭാഷയെ പ്രതിനിധാനം ചെയ്യുന്നില്ല. നോവലിസ്റ്റു പിറന്ന ദ്വീപിലെ ഭാഷാഭേദമാണ് നോവലിൽനിന്നും വായിച്ചെടുക്കുവാൻ കഴിയുന്നത്. “ദ്വീപുഭാഷയിലെ പ്രാദേശികഭേദങ്ങൾ സൂക്ഷ്‌മമായി അടയാളപ്പെടുത്തിയ നോവലാണിത്. അതിനാൽ ഇതിനെ ലക്ഷദ്വീപിന്റെ ഭാഷാഭേദഭൂപടം എന്നു വിളിക്കാം. ഇസ്‌മത്ത് ഹുസൈൻ മലയാളനോവൽസാഹിത്യചരിത്രത്തിൽ ഇടംപിടിക്കുന്നത് ഭാഷയുടെ ഒരു ദ്വീപു തീർത്തു കൊണ്ടാണ്. ദ്വീപുജീവിതം എത്രത്തോളം അതിന്റെ ഭൂമിശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവോ, അത്രത്തോളംതന്നെ ഈ നോവൽ ദ്വീപുഭാഷയെയും ആശ്രയിക്കുന്നു” (ഗിരീഷ്: 2019:xiii). അത്തരത്തിൽ, കോലോടം എന്ന നോവലിൽ ഇസ്മത്ത് ഹുസൈൻ ഒരു യഥാർത്ഥ ദ്വീപിനെ നോവലിന്റെ ഭൂമികയാക്കി അവതരിപ്പിച്ചിരിക്കുകയാണ്.
ഉപസംഹാരം
♦ ഒരു ദ്വീപിൽ ഉണ്ടാകുന്ന സാഹിത്യമോ ദ്വീപിനെ സംബന്ധിച്ചെഴുതിയിരിക്കുന്ന കൃതികളോ മാത്രല്ല ദ്വീപ് രൂപകമോ ദൃഷ്ടാന്തമോ ആയി വരുന്ന കൃതികൾ മലയാളസാഹിത്യത്തിലുണ്ട്.
♦ ദ്വീപ് ഒരു സ്ഥലമായും (Place) ഇടമായും (Space) അന്തരീക്ഷമായും (Setting) പശ്ചാത്തലമായും (Background) രൂപകമായും (Metaphor) പ്രതീകമായും (Symbol) സാഹിത്യകൃതികളിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ടി. ഡി. രാമകൃഷ്ണന്റെ ആൽഫ, ബെന്യാമിന്റെ ആടുജീവിതം, ഇസ്മത്ത് ഹുസൈന്റെ കോലോടം എന്നീ നോവലുകളിൽ ഇത് വ്യക്തമാണ്.
കുറിപ്പുകൾ
(1). The island embodies a new and subversive geopolitical area. All modern juridical systems are the result of a catastrophe emerging from a state of exception: those who reach an island are in fact survivors of a wreckage, be it physical, spiritual, or cultural. (Carpi, Daniela. “The Island Metaphor in Literature and Law.” Islands in Geography, Law, and Literature. De Gruyter, 2022, 19).
(2). In literature the island becomes a privileged metaphor for a legal order that is questioned, subverted, re-enacted, and mystified. The law is always there in its presence/absence, helping to create a parallel world that is never satisfying: authors seek a perfect system of law that cannot possibly ever be reached. On one hand, through the metaphor of the island, the law underscores a metaphysical tension that fails; on the other hand, the law appears as the only possibility to re-create a livable world fit for human coexistence. (Carpi, Daniela. “The Island Metaphor in Literature and Law.” Islands in Geography, Law, and Literature. De Gruyter, 2022, 20).
(3). “…seek a retreat from civilization or [. . .] do all in their power to regain their familiar, social and cultural identities.” (Brigitte Le Juez, Olga Springer, eds., Shipwreck and Island Motifs in Literature and the Arts. Leiden and Boston: Brill Rodopi, 2015, pp.1).
ഗ്രന്ഥസൂചി
ഇസ്മത്ത്, ഹുസൈൻ, കോലോടം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
രാമകൃഷ്ണൻ, ടി. ഡി. ആൽഫ, ഡി. സി. ബുക്സ്, കോട്ടയം, 2024.
ഗിരീഷ്, പി. എം., “കോലോടം: ലക്ഷദ്വീപിന്റെ ഭാഷാഭേദഭൂപടം,” കോലോടം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
രാജൻ ഗുരുക്കൾ, “ഒരസാധാരണ നോവൽ,” ആൽഫ, ഡി. സി. ബുക്സ്, കോട്ടയം, 2024.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, “കാറ്റുവിളി ഉയരുന്ന കടലിൻനടുവ്,” കോലോടം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
ഷാജി ജേക്കബ്, “വേരുകൾ തേടുന്നവർ,” ആൽഫ, ഡി. സി. ബുക്സ്, കോട്ടയം, 2024.
Battisti, Chiara, et al., (Edi.,), Islands in Geography, Law, and Literature: A Cross-Disciplinary Journey, De Gruyter, 2022.
Brigitte Le Juez, Olga Springer, (Edi.,), Shipwreck and Island Motifs in Literature and the Arts, Brill Rodopi, Leiden and Boston, 2015.
Dalai, Panchanan, Understanding Island Diaspora Literature from the Margins, Avenel Press, 2020.
Kundu, Rama, Islands in Literature: A Study of the Spectrum of Evolving Discourses in Island Literature across Lands and Ages, Saroop Book Publishers (P) Ltd, New Delhi, 2015.
Rod Edmond, Vanessa Smoth, Vanessa Jane Smith, Islands in History and Representation, Routledge, New York, 2023.
Stephanides, Stephanos, and Susan Bassnett. “Islands, Literature, and Cultural Translatability.” Transtext(e)s Transcultures, Special Issue, University of Cyprus, 2008. (https://journals.openedition.org/transtexts/pdf/212).
മെൽവിയ ആൻ ബിജു
ഗവേഷക, സാഹിത്യരചനാസ്കൂൾ,
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല,
തിരൂർ
email: melviaannbiju26@gmail.com
Mob: 7306393199
Copyright © 2026 | WordPress Theme by MH Themes
