മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2025 OCTOBER-DECEMBER | VOLUME 01 | ISSUE 01
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» ഡോ. ശരത് ചന്ദ്രൻ
ID: MRK0001
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
മാനുഷികാനന്തരസമൂഹത്തിലെ (Post-human Society) ഭാഷാപരിണാമത്തിന്റെ സ്വഭാവസവിശേഷതകളെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ (Cognitive Linguistics) പരികല്പനകളെ മുൻനിർത്തി പരിശോധിക്കുന്നതാണ് പ്രബന്ധം. മനുഷ്യരും യന്ത്രങ്ങളും കൂടിക്കലരുന്ന സ്വാഭാവികമായ ഒരു മാനുഷികാനന്തരസമൂഹം ഉണ്ടാകുന്നതോടുകൂടി മനുഷ്യരുടെ സങ്കല്പനങ്ങളിലും മാറ്റം ഉണ്ടാകുന്നു. ഭാഷ ധൈഷണികമാണ് എന്നു പറയുമ്പോൾ, ധൈഷണികതയിലുണ്ടാകുന്ന പരിണാമത്തിന്റെ തോത് ഭാഷയിലും പ്രതിഫലിക്കുന്നുണ്ട്. ഇത്തരമൊരു പരികല്പനയുടെ അടിസ്ഥാനത്തിൽ മാനുഷികാനന്തര ഭാഷയുടെ പരിണാമത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചു വിശകലനം നടത്തി ഉപദർശനങ്ങളിലേക്ക് എത്താനാണ് പ്രബന്ധം ശ്രമിച്ചിട്ടുള്ളത്.
താക്കോൽവാക്കുകൾ
സങ്കല്പനം, സദൃശസൃഷ്ടി, ഉപാദാനലക്ഷണ, സങ്കല്പനലക്ഷകം
ആമുഖം
ശാസ്ത്രത്തിലും വിവരസാങ്കേതികവിദ്യയിലും അനുനിമിഷമുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടങ്ങൾ മനുഷ്യരാശിയുടെ വളർച്ചയെ പ്രവചനങ്ങൾക്കതീതമായാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇതരജീവജാലങ്ങളിൽനിന്നും മനുഷ്യർ വ്യതിരിക്തരായിരിക്കുന്നതിലൊന്ന് ഫലപ്രദമായ ആശയവിനി മയസാധ്യതകളുടെ സഹായത്താലാണ്. സ്വാഭാവികമായി ആശയവിനിമയാധിപ്രക്രിയകൾ നടത്തിക്കൊണ്ടിരുന്ന ‘ഹ്യൂമൻ’ അല്ലെങ്കിൽ ‘മനുഷ്യൻ‘ എന്ന അവസ്ഥയിൽനിന്നും പ്രതിപ്രവർത്തനക്ഷമമായ യന്ത്രങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ‘പോസ്റ്റ്ഹ്യൂമൻ’ അഥവാ ‘മാനുഷികാനന്തരത’ എന്ന അവസ്ഥയിലേക്ക് സമൂഹം വളർന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വളർച്ചയുടെ ഭാഗമായി, ഓരോ സാങ്കേതികവിദ്യയും ഭാഷയ്ക്ക് പുതിയ പദങ്ങളെയും അവയുടെ പല തരത്തിലുള്ള പ്രയോഗസാധ്യതകളെയും അവ തുറന്നുതരുന്ന വൈവിധ്യമാർന്ന അർഥതലങ്ങളെയും കൂടിയാണ് പ്രദാനം ചെയ്യുന്നത്. ഇങ്ങനെയുള്ള ഭാഷയുടെയും സാങ്കേതികവിദ്യയുടെയും കൂടിച്ചേരലിനെ ഭാഷാസാങ്കേതികവിദ്യ എന്നുവിളിക്കാം. ഇതിന് പല അടരുകളും ഘടകങ്ങളുമുണ്ട്. ഭാഷയിലൂടെയുള്ള വിനിമയസാധ്യതകൾക്കായി സാങ്കേതികവിദ്യയെയും തിരിച്ച് സാങ്കേതികവിദ്യയുടെ അറിവധിഷ്ഠിതമായ സ്വയം പ്രവർത്തനങ്ങൾക്കായി ഭാഷയുടെ സാധ്യതകളെയും പരസ്പരം സമന്വയിച്ച് ഉപയോഗിക്കുന്നത് ഭാഷാസാങ്കേതികവിദ്യയിൽ കാണാം. ഭാഷകസമൂഹങ്ങൾക്കനുസരിച്ച് ഭാഷാവിനിമയത്തിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഓരോ ഭാഷാസമൂഹത്തിലും ഭാഷാസാങ്കേതികവിദ്യ വളരുന്നത് എന്നും വ്യക്തമാണ്. വിവരസാങ്കേതികവിദ്യയോടൊപ്പംതന്നെ നടക്കേണ്ട ഒന്നാണ് ഭാഷാസാങ്കേതികവിദ്യയുടെ മുന്നേറ്റവും. ഭാഷയുടെ സജീവതയെ നിലനിർത്തിക്കൊണ്ടുവേണം ഭാഷാസാങ്കേതികവിദ്യയിലും ഉപയോഗിക്കേണ്ടത് എന്നതു പ്രധാനമാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം ഭാഷയും കാലാനുസൃതമായ പരിവർത്തനങ്ങളിലൂടെ വളരുന്നു എന്നു ചുരുക്കം. സാങ്കേതികതയുടെ സങ്കീർണതകളെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള ഭാഷയായി മലയാളം ഇന്നു മാറിയിട്ടുണ്ട്.
ഭാഷയിലേക്ക് നൂതനസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതുപദങ്ങളും, സാങ്കേതികതയുടെ ഉപയോഗവും പ്രയോജനവും എന്നുതുടങ്ങി വെല്ലുവിളികളും അനന്തരഫലങ്ങളും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളും ഉണ്ടാകുന്നു. ഇവിടെയെല്ലാം മനുഷ്യർ മുമ്പ് നേടിയിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിലും, ഭാഷയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ധൈഷണികവൃത്തികളെ ആധാരമാക്കിയുമാണ് ഭാഷാപരിണാമം നടക്കുന്നത് എന്ന പരികല്പനയാണ് പ്രബന്ധം മുന്നോട്ടു വയ്ക്കുന്നത്. അതിനായി, മാനുഷികാനന്തരസമൂഹത്തിലെ ഭാഷയെ ധൈഷണികഭാഷാശാസ്ത്ര പരികല്പനകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്തുകൊണ്ട് സ്വഭാവസവിശേഷതകളെ വ്യക്തമാക്കാനാണ് തുടർന്നു ശ്രമിക്കുന്നത്.
ധൈഷണികഭാഷാശാസ്ത്രം: മനുഷ്യധൈഷണികപഠനം
മനുഷ്യരുടെ ധൈഷണികതയുടെ ഭാഗമായി കണ്ടുകൊണ്ട് ഭാഷയെക്കുറിച്ചു പഠിക്കുന്ന നൂതന ഭാഷാസമീപനമാണ് ധൈഷണികഭാഷാശാസ്ത്രം. ഇവിടെ ധൈഷണികം എന്നതുകൊണ്ട് അർഥമാക്കുന്നത് ജ്ഞാനവും ധാരണയും രൂപപ്പെട്ടുവരുന്ന മാനസികപ്രക്രിയ എന്നാണ്. ഇന്ദ്രിയാനുഭവങ്ങളെ അറിവായി രൂപപ്പെടുത്തിയെടുക്കുകയാണ് ഈ പ്രക്രിയയിലൂടെ നടക്കുന്നത്. ധൈഷണികഭാഷാശാസ്ത്രം ഭാഷാജ്ഞാനത്തെയും പൊതുധൈഷണികവൃത്തികളുടെ ഭാഗമായി കാണുകയും വിശകലനം നടത്തുകയും ചെയ്യുന്നു. ഇന്ദ്രിയസംവേദനം, സ്മരണ, ചിന്ത, ശ്രദ്ധ, പൂർവധാരണ എന്നിങ്ങനെ നിരവധി മാനസികവൃത്തികൾ ഇതിൽ അന്തർലീനമായിരിക്കുന്നു. ഇത്തരത്തിൽ ഒരു വ്യക്തി ചുറ്റുപാടുമുള്ള കാര്യങ്ങളെ മനസ്സിലാക്കിയെടുക്കുന്ന പ്രക്രിയയെ സങ്കല്പനം എന്നു പറയുന്നു. ഈ പ്രക്രിയയാണ് മനുഷ്യരെ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കുന്നത്.
അർഥത്തെക്കുറിച്ചുള്ള ആലോചനയിൽ സങ്കല്പനം (Conceptualisation) എന്നതു പ്രധാനമാണ്. ഭാഷയിലൂടെ ആവിഷ്കരിക്കപ്പെടുന്ന സങ്കല്പനങ്ങളാണ് ധൈഷണികഭാഷാശാസ്ത്രത്തിൽ അർഥമായി കണക്കാക്കുന്നത്. ചുരുക്കത്തിൽ, ഇന്ദ്രിയങ്ങളിലൂടെ ആർജിച്ചെടുക്കുന്ന അറിവിനെ പ്രകടിപ്പിക്കാനുള്ള ഉപാധികളിൽ ഫലപ്രദമായ ഒന്നുമാത്രമാണ് ഭാഷ. ഭാഷയെ വിശകലനം ചെയ്യുന്നതിലൂടെ മനുഷ്യധൈഷണികതയെക്കുറിച്ചു തന്നെയാണ് ധൈഷണികഭാഷാശാസ്ത്രം വിശകലനം ചെയ്യുന്നത്. മനുഷ്യധൈഷണികതയുമായി ബന്ധപ്പെട്ടു നില്ക്കുന്നതിനാൽ ഭാഷയോടൊപ്പം മാനുഷികാനന്തര സാങ്കേതികതയും സാർവലൗകികം കൂടിയാണ് എന്നുപറയാം. ഭാഷയുമായി ബന്ധപ്പെടുന്ന സദൃശസൃഷ്ടി, ഉപാദാനലക്ഷണ (Metonymy), സങ്കല്പനലക്ഷകം (Conceptual Metaphor) എന്നിങ്ങനെയുള്ള ധൈഷണികവൃത്തികളുടെ അടിസ്ഥാനത്തിൽ മാനുഷികാനന്തരഭാഷയുടെ സ്വഭാവസവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് ഭാഷാസങ്കല്പനത്തെ വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്.
സദൃശസൃഷ്ടിയും സങ്കല്പനവും
ഭാഷയിൽ നിലവിലുള്ളതും പ്രസിദ്ധമായതുമായ സാധാരണപ്രയോഗങ്ങൾക്കു സമാനമായി ചില പുതിയ പ്രയോഗങ്ങളും വാക്കുകളും സൃഷ്ടിക്കുന്ന പ്രക്രിയയെയാണ് സദൃശസൃഷ്ടി എന്നുവിളിക്കുന്നത്. ഇതിലൂടെ ഭാഷയിലുള്ള ഒരു മാതൃകയുടെ പകർപ്പുസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിന് ഘടനാപരമായി രണ്ടു തലങ്ങളുണ്ട് എന്ന് ഗിരീഷ് (2020: 54) വ്യക്തമാക്കുന്നു. മാതൃക, പകർപ്പ് എന്നിങ്ങനെയാണവ. ഭാഷയിലുള്ള വ്യവസ്ഥാപിതമായ വാച്യാർഥരൂപങ്ങളാണ് മാതൃക എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇതിനെ അനുകരിച്ച് സൃഷ്ടിക്കുന്ന പുതിയ രൂപമാണ് പകർപ്പ്. ഭാഷയുടെ പരിണാമത്തിന്റെ പ്രധാനഘടകങ്ങളിലൊന്നായിട്ടാണ് സദൃശസൃഷ്ടികളെ ഭാഷാശാസ്ത്രം വിലയിരുത്തുന്നത്. മലയാളഭാഷയെസംബന്ധിച്ചിടത്തോളം ഏറെ പ്രസിദ്ധമായ ഉദാഹരണമാണ് ‘ഒരുത്തി’ എന്ന മാതൃകാപദത്തിന്റെ പകർപ്പായിട്ട് ‘ഒരുത്തൻ’ വരുന്നത്. സ്ത്രീലിംഗപ്രത്യയമായ ‘–ത്തി’ എന്നതിനോട് ഒരു എന്ന സംഖ്യാവിശേഷണം ചേർന്നാണ് ‘ഒരുത്തി’ ഉണ്ടാകുന്നത്. എന്നാൽ ഇതിനുസമാനമായ വ്യാകരണാധിഷ്ഠിത നിയമത്താലല്ല ‘ഒരുത്തൻ’ ഉണ്ടാക്കുന്നതെന്നു വ്യക്തമാണ്. കാരണം, ‘-ത്തൻ’ എന്ന പുല്ലിംഗപ്രത്യയം മലയാളത്തിലില്ല. മാതൃകയായ ഒന്നിന്റെ പകർപ്പായിട്ടാണ് ഇവിടെ മറ്റൊരു പദം സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരം സൃഷ്ടികൾ ഏതൊരു ഭാഷയിലും വ്യാപകമായി നടക്കുന്നുണ്ട്. പല ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവ രൂപപ്പെടുക എന്നു മാത്രം. ഇന്റർനെറ്റിന്റെ വരവോടെയും അതിലധിഷ്ഠിതമായ നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടും ഭാഷയുടെ വളർച്ചയിൽ ഇത്തരത്തിലുള്ള സദൃശസൃഷ്ടികളുടെ നിർമ്മാണം കാണാവുന്നതാണ്.
ഭാഷയുമായി ബന്ധപ്പെടുന്ന ഒരു ഉദാഹരണം പരിശോധിച്ചാൽ; വാമൊഴി, വരമൊഴി എന്നിങ്ങനെ ഭാഷയ്ക്കു രണ്ട് ആവിഷ്കരണരീതികളുണ്ട്. സംസാരഭാഷയെയാണ് വാമൊഴിയെന്നതുകൊണ്ട് അർഥമാക്കുന്നത്. രേഖപ്പെടുത്തിവെയ്ക്കുന്ന ഭാഷ അല്ലെങ്കിൽ എഴുത്തുരീതിയെ വരമൊഴി എന്നും പറയുന്നു. പൊതുവെ എല്ലാ ഭാഷകൾക്കും വാമൊഴി, വരമൊഴി രൂപങ്ങളുണ്ട് എന്നു പറയാമെങ്കിലും ലിപിയില്ലാത്ത നിരവധി ഭാഷകളുണ്ട്. അവയെ സംബന്ധിച്ച് വാമൊഴി മാത്രമാണുള്ളത്. സാങ്കേതികവിദ്യയുടെയും സൈബർസ്പേയ്സിന്റെയും വളർച്ചയോടുകൂടി ഇന്റർനെറ്റ് അധിഷ്ഠിതമായ മറ്റൊരു ഭാഷാരൂപം കൂടി ഉണ്ടായി. മുകളിൽ സൂചിപ്പിച്ച മാതൃകകളെ സ്വീകരിച്ചുകൊണ്ട് തിരമൊഴി എന്ന പുതിയൊരു പേരിട്ട് സൈബർഭാഷയെ അടയാളപ്പെടുത്തുകയാണ് ചെയ്തത്. ‘മൊഴി’ എന്ന പദത്തോടൊപ്പം ഭാഷയുടെ ആവിഷ്കരണരീതി അല്ലെങ്കിൽ അതിന്റെ പ്രത്യേകതയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന പദങ്ങളാണിവ എന്നുകാണാം. സാധാരണ എഴുത്തിനെ അപേക്ഷിച്ച് സാങ്കേതികവിദ്യയുടെ വിവിധ സാധ്യതകളെക്കൂടി ഉൾക്കൊള്ളുന്നതാണ് തിരമൊഴി എന്ന ഭാഷാരീതി. മലയാളം ടൈപ്പ് ചെയ്തെടുക്കുന്നതിലുണ്ടായ വികാസങ്ങൾ സൈബർ എഴുത്തിന്റെ സാധ്യതകളെ വിശാലമാക്കിയിട്ടുണ്ട് എന്നുകാണാം. ഭാഷയുടെ വളർച്ചാഘട്ടത്തിലുണ്ടായ, നിലവിലെ പ്രയോഗരീതിയെ ആശ്രയിച്ചു രൂപപ്പെട്ട ഒരു സദൃശസൃഷ്ടിയാണ് തിരമൊഴി എന്നു വ്യക്തമാണ്.
ഇന്റർനെറ്റ് തീർക്കുന്ന അദൃശ്യമായ ലോകത്തെ വെർച്വൽവേൾഡ് അല്ലെങ്കിൽ പ്രതീതിയാഥാർഥ്യത്തിന്റെ ലോകം എന്നാണു വിളിക്കുന്നത്. ഇത് റിയൽവേൾഡ് അല്ലെങ്കിൽ യഥാർഥലോകത്തിൽനിന്നും തീർത്തും വ്യതിരിക്തമായ ഒന്നാണ് എന്ന് പൂർണമായും അവകാശപ്പെടാനാവില്ല. കാരണം, യഥാർഥലോകത്തിന്റെ പകർപ്പായിട്ടാണ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇന്റർനെറ്റിന്റെ ഇടത്തെ സൃഷ്ടിച്ചിട്ടുള്ളത് എന്നുകാണാം. അതായത് ഭൗതികലോകത്തിന്റെ സദൃശസൃഷ്ടിയായിട്ടാണ് വെർച്വൽവേൾഡിനെ സങ്കല്പനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭൗതിക ലോകത്തിലുള്ളതിനു സമാനമായി നിരവധി മാതൃകകളെ അടിസ്ഥാനമാക്കിയുള്ള പകർപ്പുകളെ വെർച്വൽവേൾഡിൽ സൃഷ്ടിച്ചിരിക്കുകയും ഭാഷയിലൂടെ ആവിഷ്കരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ യഥാർഥലോകത്തിനു സമാനമായി വെർച്വൽലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ചില ആശയങ്ങളുടെ പേരുകളെ മാതൃക– പകർപ്പ് എന്നിങ്ങനെ പരിശോധിച്ചാൽ; സിറ്റിസൺ– നെറ്റിസൺ, മനുഷ്യഭാഷ– യന്ത്രഭാഷ, മനുഷ്യബുദ്ധി– കൃതൃമബുദ്ധി, വീട്ടുവിലാസം– ഇ–മെയിൽ വിലാസം, ജൈവമനുഷ്യർ– യന്ത്രമനുഷ്യർ, സിറ്റിസൺഷിപ്പ്– നെറ്റിസൺഷിപ്പ്, ഫോക്ലോർ– നെറ്റ്ലോർ, ലിറ്ററേച്ചർ– ട്വിറ്ററേച്ചർ, കൾച്ചർ– സൈബർകൾച്ചർ, പച്ചമലയാളം– റോബോട്ടിക് മലയാളം/ യാഹുമലയാളം/ തുടങ്ങി, ലിറ്ററേച്ചർ– സൈബർലിറ്ററേച്ചർ, ഫിസിക്കൽ ഐഡന്റിറ്റി– വെർച്വൽ ഐഡന്റിറ്റി, യൂണിവേഴ്സിറ്റി– വാട്സപ്പ് യൂണിവേഴ്സിറ്റി, ടെക്സ്റ്റ്– സൈബർ/ ഹൈപ്പർ ടെക്സ്റ്റ് എന്നിങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ലഭിക്കും. ഈ പദങ്ങളുടെ സൃഷ്ടിയെക്കുറിച്ചു നിരീക്ഷിക്കുമ്പോൾ, സങ്കല്പനപരമായിത്തന്നെ ഒരു മാതൃകയുടെ പകർപ്പായിട്ടാണ് പുതിയ ഭാഷാപദങ്ങളെ രൂപപ്പെടുത്തിയിട്ടുള്ളത് എന്നു വ്യക്തമാണ്. നിലവിലെ ഭാഷാപ്രയോഗങ്ങൾക്കു സമാനമായി പുതിയ ഭാഷയെ സൃഷ്ടിക്കുകയും അതിലൂടെ പുതിയ അർഥം വിനിമയം നടത്തുകയും ചെയ്യുന്നു. ഇതിലൂടെ യഥാർഥലോകത്തിന്റെ സദൃശസൃഷ്ടിയായിട്ടാണ് സൈബർലോകവും അതിന്റെ ഭാഷയും നിലനില്ക്കുന്നത് എന്നുകാണാം.
യഥാർഥലോകത്തിൽ പല സ്വഭാവവും പെരുമാറ്റവുമുള്ളതുപോലെ തന്നെയാണ് സൈബർലോകത്തിലും വ്യക്തികൾ ഇടപെടുന്നത്. അതുകൊണ്ടുതന്നെയാണ് ഭൗതികലോകത്തിലേതു പോലെ വ്യക്തിയും സമൂഹവും തിരിച്ചറിയൽ ഐഡിയും നിയമങ്ങളും നിയമലംഘനങ്ങളും ശിക്ഷയുമെല്ലാം പോസ്റ്റുഹ്യൂമൻ സമൂഹത്തിന്റെയും ഭാഗമായുള്ളത്. ഇവയിലധികവും ആശയപരമായ അർഥത്തെ അടിസ്ഥാനമാക്കിയാണ് സങ്കല്പനം ചെയ്യുന്നത്. സങ്കല്പനപരമായി ബന്ധമുള്ള ആശയങ്ങളെയാണ് ഇവിടെ രൂപപരമായി സാദൃശപ്പെടുത്തിയിട്ടുള്ളത് എന്നും വ്യക്തമാണ്. നൂതനപദങ്ങളും നൂതനഭാവനയും ഇതിലൂടെയാണ് സാധിക്കുന്നത്. ഇത്തരം പദങ്ങളെ ഉപയോഗിച്ചുള്ള ഭാഷാപ്രയോഗങ്ങളിലെല്ലാം കടന്നുവരുന്ന അർഥത്തിൽ മാതൃകയാക്കുന്ന പദത്തിന്റെ അല്ലെങ്കിൽ അനുഭവത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ധൈഷണികത പ്രധാനമാണ്.
ഭാഷയുടെ പരിണാമത്തിന്റെ എല്ലാ ഘട്ടത്തിലും ഇത്തരത്തിലുള്ള സദൃശസൃഷ്ടികൾ നടക്കുന്നുണ്ട്. സാങ്കേതികഭാഷയിലുള്ള ഇവയുടെ പ്രസക്തി പുതിയ ആശയങ്ങളെ അനായാസം മനസ്സിലാക്കിക്കൊടുക്കുന്നതിന് ഉപകരിക്കുന്നു എന്നതാണ്. ഒരു ജ്ഞാനപശ്ചാത്തലത്തിൽ നിന്നുകൊണ്ടു ചിന്തിക്കാനും ആശയം നല്കുന്ന അർഥത്തിലേക്ക് അനായാസം എത്തിച്ചേരാനും വ്യക്തികളെ സദൃശസൃഷ്ടികൾ സഹായിക്കുന്നു. തലച്ചോറിന്റെ വേരുകൾ എന്നാണിവ ധൈഷണിക ഭാഷാശാസ്ത്രത്തിൽ അറിയപ്പെടുന്നത്. സാങ്കേതികഭാഷയിലേക്ക് ഒരു പ്രത്യേകഘട്ടത്തി ലാണ് ഇവ കടന്നുവരുന്നത് എന്നുമാത്രം. സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഇമോജികളെയും സദൃശസൃഷ്ടികളായി പരിഗണിക്കാം. സങ്കല്പനപരമായിട്ട് ചില മാതൃകകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിട്ടുള്ള ഭാഷാപകർപ്പുകൾ തന്നെയാണ് അവ. എന്നാൽ, ഭാഷയുമായി ബന്ധപ്പെടുന്ന ധൈഷണികവൃത്തികളിൽ ഉപാദാനലക്ഷണയുമായിട്ടാണ് ഇമോജികൾക്ക് കൂടുതൽ അടുപ്പമുള്ളത്. തുടർന്ന് മാനുഷികാനന്തരഭാഷയിലെ ഉപാദാനലക്ഷണയെക്കുറിച്ചും സങ്കല്പനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു.
ഉപാദാനലക്ഷണയും സങ്കല്പനവും
വാച്യാർഥത്തെക്കൂടാതെ മറ്റൊരു ആശയത്തെക്കൂടി അവതരിപ്പിക്കുന്ന ഭാഷാവിഷ്കാരം എന്നാണ് ഉപാദാനലക്ഷണയെ നിർവചിച്ചിട്ടുള്ളത് (Croft, 2004:48). മെറ്റോണമി എന്നതിനു തുല്യമായിട്ടാണ് ഉപാദാനലക്ഷണ എന്ന പദം ഉപയോഗിക്കുന്നത്. അംശ–സാകല്യവ്യവസ്ഥയിലൂടെയാണ് ഉപാദാന ലക്ഷണ പ്രധാനമായും ആശയത്തെ വിനിമയം ചെയ്യുന്നത്. അതായത്, മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവരുന്ന സങ്കല്പനവ്യവസ്ഥയിൽ പൂർണത്തിനുപകരം അംശം, അംശത്തിനുപകരം പൂർണം എന്നിങ്ങനെയാണ് ഉപാദാനലക്ഷണയുടെ പ്രധാനപ്പെട്ട ആവിഷ്കാരം. ഭാഷയിൽ മറ്റു പല തരത്തിലും ഇതിന്റെ ആവിഷ്കാരം കാണാം. “ഒന്നിന് മറ്റൊന്നിനോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആശയങ്ങൾ ഗ്രഹിക്കാൻ വ്യക്തിയെയും സമൂഹത്തെയും പ്രാപ്തരാക്കുകയാണ് ഉപാദാനലക്ഷണാരൂപത്തിന്റെ സവിശേഷത” (ഗിരീഷ്, 2012:84). ‘പാർട്ടീസമ്മേളനത്തിൽ തലയെണ്ണം കുറവായിരുന്നു’ എന്നു പറയുന്ന വാക്യത്തിൽ ‘തല’ എന്ന അംശംകൊണ്ട് വ്യക്തി എന്ന പൂർണത്തെക്കുറിക്കുന്നത് ഉപാദാനലക്ഷണയ്ക്ക് ഉദാഹരണമാണ്.
മുകളിൽ സൂചിപ്പിച്ച ഇമോജികൾ പരിശോധിച്ചാൽ, ഓരോന്നും ഒരു യഥാർഥവസ്തുവിനെ അടയാളപ്പെടുത്തുന്ന അംശമോ പൂർണത്തെ കുറിക്കുന്നതിനു വേണ്ടിയുള്ള പകർപ്പുകളോ ആണ്. വിവിധങ്ങളായ മാനുഷികഭാവങ്ങളെയും വിവിധ ശരീരഭാഗങ്ങളെയുംമറ്റും മനുഷ്യശരീരം എന്ന പൂർണത്തിലേക്കുള്ള അംശങ്ങളായിട്ടാണ് ഇമോജികളിൽ ഉപയോഗിച്ചിട്ടുള്ളത് എന്നുകാണാം. പുഞ്ചിരിക്കുന്ന ഒരു ഇമോജിയിലൂടെ– അംശത്തിലൂടെ– പുഞ്ചിരിക്കുന്ന ഒരു വ്യക്തി എന്ന പൂർണത്തെയാണ് സങ്കല്പനം ചെയ്യുന്നത്. മനുഷ്യശരീരവുമായി ബന്ധപ്പെട്ടുള്ള ഏതൊരു ഇമോജി പരിശോധിച്ചാലും മനുഷ്യൻ എന്ന സാകല്യത്തിലേക്കാണ് എത്തിച്ചേരുക. മനുഷ്യധൈഷണികതയുടെ സാർവലൗകികത വ്യക്തമാക്കാൻ ഏറ്റവും മികച്ച ഉദാഹരണങ്ങൾക്കൂടിയാണ് ഇമോജികൾ. കാരണം, അവ ഏതോ ഒരു നാട്ടിലിരുന്ന് ആരൊക്കെയോ രൂപപ്പെടുത്തിയവ ആണ് എന്നിരുന്നാലും ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും അവ തങ്ങളുടെ സ്വന്തമാണ് എന്നു കരുതുവാൻ സാധിക്കുന്നു. അതായത് മറ്റൊരു രാജ്യത്തോ വൻകരയിലോ ജീവിക്കുന്ന മനുഷ്യർ രൂപകല്പന ചെയ്ത ഇമോജികളെയാണ് ലോകത്തെവിടെയുമുള്ള വ്യക്തികൾക്ക് അത് താനാണ് അല്ലെങ്കിൽ താനുമായി ബന്ധപ്പെടുന്ന വ്യക്തിയാണ് എന്നോ, അവ തന്റെതന്നെ വിവിധങ്ങളായ ഭാവങ്ങളാണ് എന്നോ വിശ്വസിക്കാൻ സാധിക്കുന്നത്. ഇത് മനുഷ്യധൈഷണികത സാർവലൗകികമായതിനാലാണ്. മനുഷ്യധൈഷണികതയാണ് ഇവയിലൂടെ അർഥത്തെ സൃഷ്ടിക്കുന്നത്. അങ്ങനെ ഇവ ഒരേ സമയം ഉപാദാനലക്ഷണയും സദൃശസൃഷ്ടിയുമാകുന്നു. ഭാഷയുടെ പരിണാമവും വളർച്ചയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഓരോ ഭാഷയുടെയും അടിസ്ഥാനമായി കരുതുന്നത് വ്യാകരണമാണ്. വ്യാകരണത്തിൽ അടിസ്ഥാനസങ്കല്പനമായി ഉപാദാനലക്ഷണകൾ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് വിഭക്തി എന്ന സങ്കല്പം പരിശോധിക്കാം. “ഇന്റർനെറ്റിലെ ഐഡന്റിറ്റി” എന്ന വാക്യത്തിലെ വിഭക്തി ഇന്റർനെറ്റിൽ ഐഡന്റിറ്റി ഉണ്ട് എന്ന ആശയത്തിന്റെ സൂചനയാണ്. ഇന്റർനെറ്റിൽ ഉണ്ട്, അവിടെ ഐഡന്റിറ്റി ആവശ്യമാണ്, യഥാർഥലോകത്തിൽ ഐഡി ചെയ്യുന്നതെന്തോ അതുമായി എങ്ങനെയെല്ലാം ബന്ധപ്പെട്ടും വ്യതിരിക്തതപുലർത്തിയും നില്ക്കുന്നു എന്നോ, ഐഡിയുടെ പ്രാധാന്യം എന്താണ്, അതില്ലെങ്കിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ വിശാലമായ അർഥതലങ്ങളിലേക്കുള്ള ആശയത്തിന്റെ അംശം മാത്രമാണ് മുകളിൽ സൂചിപ്പിച്ച ഉദാഹരണവാക്യം. ഇവിടെ അംശം കൊണ്ടു സാകല്യത്തെ കുറിക്കുന്ന ഉപാദാനലക്ഷണയുടെ സ്വഭാവമാണ് കാണാനാവുക.
നിർദ്ദേശിക പരിശോധിച്ചാൽ, നാമപദങ്ങളെല്ലാം നിർദ്ദേശികയിൽ വരും. നിർദ്ദേശിക ഒരു കർത്തൃത്വത്തിന്റെ നിലനില്പിനെയാണ് അതിന്റെ ഒരംശം മാത്രമായ നാമത്തിലൂടെ കുറിക്കുന്നത്. “ലീല ചാറ്റിങ്ങിലാണ്” എന്നു പറയുമ്പോൾ, ലീല ഒരു വ്യക്തിയാണ് (റോബോട്ടാണ്) എന്നും ലിംഗപരമായി സ്ത്രീയാണ് എന്നും, മറ്റൊരാളുമായി ചാറ്റ് ചെയ്യുകയാണ്; മറ്റൊരു വ്യക്തി അല്ലെങ്കിൽ സാങ്കേതികവിദ്യ എതിർഭാഗത്തുണ്ട് എന്നുമുള്ള നിരവധി സാകല്യത്തിലേക്ക് അർഥം സഞ്ചരിക്കുന്നു. ലീലയുടെ റോബോട്ട്, ലീലയുടെ സോഷ്യൽ മീഡിയ, ലീലയുടെ സേർച്ച് ഹിസ്റ്ററി എന്നിങ്ങനെയുള്ളിടത്തെല്ലാം ലീലയ്ക്ക് സ്വന്തമായുണ്ട് എന്ന അർഥമാണ് ലഭിക്കുന്നത്. ഇതിന്റെ അംശമാണ് –ഉടെ പേറുന്നത്. –ൽ, –അത്ത്, –ന്റെ എന്നിങ്ങനെയുള്ളവയുടെ പ്രയോഗങ്ങളും ഉപാദാനലക്ഷണയുടെ വിവിധങ്ങളായ ആവിഷ്കാരത്തിന് ഉപയോഗിക്കുന്നു. ‘സോഫ്റ്റ് വെയറിന്റെ ഉപയോഗം’ എന്ന വാക്യം പരിശോധിച്ചാൽ അത് നല്കുന്ന അർഥത്തിന്റെ വ്യാപ്തി വ്യക്തമാകുന്നു. ഭാഷയിൽ ഉപയോഗിക്കുന്ന ചുരുക്കെഴുത്തുകൾ എല്ലാംതന്നെ ഉപാദാനലക്ഷണയുടെ ആവിഷ്കാരമാണ്. അംശംകൊണ്ട് സാകല്യത്തെക്കുറിക്കുകയാണ് അവ ചെയ്യുന്നത്.
പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നിരവധി ചുരുക്കെഴുത്തുകൾ ഭാഷയിൽ ഇന്ന് പ്രചാരത്തിലുണ്ട്. ഉദാഹരണം: എച്ച്. ഐ. ഡി. ഡിവൈസ് എന്ന അംശത്തിലൂടെ ഹ്യൂമൻ ഇന്റർഫെയ്സ് ഡിവൈസ് എന്ന സാകല്യത്തിലേക്കാണ് അർഥം സഞ്ചരിക്കുന്നത്. ഐ. എസ്. എം= ഇസ്ഫോക്സ്ക്രിപ്റ്റ് മാനേജർ, യു. ആർ. എൽ.= യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ, എസ്. എം. സി.= സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ്, ജി. പി. എസ്.= ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ കണ്ടെടുക്കാൻ സാധിക്കും. ടെക്സ്റ്റുക, ചാറ്റുക, മെയിലുക എന്നിങ്ങനെയുള്ള പ്രയോഗങ്ങളും യഥാക്രമം ടെക്സ്റ്റ് ചെയ്യുക, ചാറ്റ് ചെയ്യുക, മെയിൽ ചെയ്യുക എന്നിവയുടെ ചുരുക്കെഴുത്തുകളാണ്. അംശംകൊണ്ട് സാകല്യത്തെക്കുറിക്കുന്ന ഉപദാനലക്ഷണയുടെ സ്വഭാവമാണ് ഇവയും പുലർത്തുന്നത്. ഇങ്ങനെ ഭാഷയിൽ പുതിയപദങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രയോഗങ്ങളും സൃഷ്ടിക്കുമ്പോൾ ഭാഷയുമായി ബന്ധപ്പെട്ടുവരുന്ന ധൈഷണികവൃത്തികൾ മാറ്റമില്ലാതെ തുടരുകതന്നെ ചെയ്യും എന്നു വ്യക്തമാണ്. കാരണം അവ ധൈഷണികവും സാർവലൗകികവുമാണ് എന്നതുതന്നെ.
റോബോട്ടിക്സിലേക്കു വരുമ്പോൾ മനുഷ്യരുടെ അധ്വാനവും സമയവും ചുരുക്കി കൂടുതൽ കാര്യക്ഷമമായി ജോലികൾ പൂർത്തീകരിക്കുന്നതിനായിട്ടാണ് യന്ത്രങ്ങളെ നിർമ്മിക്കുന്നത്. ഇവിടെ ഓരോ യന്ത്രത്തിനെയും വ്യക്തി എന്ന പൂർണത്തെ പ്രതിനിധാനം ചെയ്യുന്ന അംശമായിട്ടാണ് സങ്കല്പനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലും ഈ സങ്കല്പനത്തിനനുസരിച്ചുള്ള പ്രയോഗങ്ങളാണ് കടന്നുവരുന്നത്. റോബോട്ടിന്റെ ബുദ്ധി, റോബോട്ടിന്റെ കൈകൾ, റോബോട്ടിന്റെ കഴിവ് എന്നിങ്ങനെയുള്ള ഉപാദാനലക്ഷണയുടെ ആവിഷ്കാരങ്ങളിലെല്ലാം മനുഷ്യശരീരം/വ്യക്തി എന്ന ജ്ഞാനമാതൃക പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ സങ്കല്പനലക്ഷകങ്ങളും പ്രസക്തമായി ത്തീരുന്നു. തുടർന്ന് സങ്കല്പനലക്ഷകം എന്ന ആശയത്തെക്കുറിച്ചും അതിന്റെ പ്രയോഗസാധ്യതക ളെക്കുറിച്ചും വ്യക്തമാക്കുകയും, അവ എങ്ങനെയാണ് മാനുഷികാനന്തരഭാഷയിൽ പ്രവർത്തിക്കുന്നത് എന്നു പരിശോധിക്കുകയും ചെയ്യുന്നു.
സങ്കല്പനലക്ഷകവും മാനുഷികാനന്തരഭാഷയും
ഒരു വസ്തുവിനെയോ ആശയത്തെയോ അതിന്റേതായ രീതിയിൽ നേരിട്ടുമനസ്സിലാക്കുന്നത് സാധാരണമാണ്. ഇതിന്റെ പല തരത്തിലുള്ള സ്വാഭാവിക ആവിഷ്കാരങ്ങളും ഭാഷയിൽ സാധ്യമാണ്. എന്നാൽ പുതിയ കാര്യങ്ങളെ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ, മുമ്പു നേടിയിട്ടുള്ള പരിചിതമായ ജ്ഞാനപരിസരത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള അറിവുകളെ അടിസ്ഥാനമാക്കിയാവുമ്പോൾ അത് ലക്ഷകാത്മകമായിമാറുന്നു. മാനുഷികാനന്തരഭാഷയിലും പുതിയ ആശയങ്ങളെയും സങ്കല്പങ്ങളെയും സങ്കല്പനലക്ഷകങ്ങളുടെ സഹായത്താലാണ് ആവിഷ്കരിക്കുന്നത്. സാധാരണയായി നമ്മുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വ്യത്യസ്ത ജ്ഞാനപശ്ചാത്തലത്തിൽ നില്ക്കുന്ന രണ്ട് വസ്തുക്കളെയോ ആശയങ്ങളെയോ പരസ്പരം ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത്, സങ്കല്പനലക്ഷകങ്ങളിൽ ജ്ഞാനപരവും സത്താപരവുമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സ്രോതസ്തലവും ഒരു ലക്ഷ്യതലവും ഉണ്ടായിരിക്കും. ഇവ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഥം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനമായി ഒരു ജ്ഞാനമാതൃകയും ഉണ്ടായിരിക്കും. ഉദാഹരണത്തിന് മനുഷ്യർ എന്ന ജ്ഞാനമാതൃകയെ അടിസ്ഥാനമാക്കിയാണ് റോബോട്ട് അല്ലെങ്കിൽ യന്ത്രമനുഷ്യർ എന്ന സങ്കല്പത്തെ സൃഷ്ടിച്ചിട്ടുള്ളതെന്നു കാണാം. രൂപം മനുഷ്യന്റേതുതന്നെ വേണമെന്നു നിർബന്ധമില്ല; പക്ഷേ, സ്രോതസ്തലത്തിൽ നില്ക്കുന്ന അറിവുകൾ മനുഷ്യശരീരവുമായി ബന്ധപ്പെട്ടാണ്.
അതായത്, പല രൂപത്തിൽ നിർമ്മിക്കുന്ന റോബോട്ട് എന്ന ലക്ഷ്യതലത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജ്ഞാനമാതൃക മനുഷ്യശരീരമാണ്. അപ്പോഴും രൂപകല്പന ചെയ്യുന്ന ഓരോ ഭാഗത്തിനും ചെയ്യുന്ന പ്രവർത്തിക്ക് ആവശ്യമായ തരത്തിലുള്ള ആകൃതിയും പ്രത്യേകതകളും ആവശ്യമാണ്. മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ പലതും വേഗത്തിലും കൃത്യതയോടെയും ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തു തീർക്കുന്നതിനു കൂടിയാണ് യന്ത്രങ്ങളെ രൂപകല്പന ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും മനുഷ്യസദൃശമായ രൂപം ആവശ്യവുമായി വരുന്നു. മനുഷ്യരൂപത്തിൽ നിർമ്മിക്കപ്പെടുന്ന റോബോട്ടുകളെയാണ് ആൻഡ്രോയ്ഡ്സ് എന്നു വിളിക്കുന്നത്. ഇവിടെ സ്രോതസ്തലത്തിൽ മനുഷ്യനും ലക്ഷ്യതലത്തിൽ റോബോട്ടും നില്ക്കുന്നു. അവ തമ്മിലുള്ള സത്താപരവും ജ്ഞാനപരവുമായ ബന്ധത്തെ ചുവടെ വ്യക്തമാക്കുന്നു.
സത്താപരമായ വിനിമയം
|
സ്രോതസ്തലം – മനുഷ്യശരീരം |
ലക്ഷ്യതലം – റോബോട്ട് |
|
ശരീരം |
യന്ത്രം |
|
ഇന്ദ്രിയങ്ങൾ |
സെൻസ് ഓർഗൻസ് |
|
മസ്തിഷ്കം |
പ്രൊസസ് യൂണിറ്റ്/ അർഡിനോ |
|
അറിവ് ആർജ്ജനം |
ഇൻപുട്ട് |
|
പലതരം പ്രവർത്തികളിൽ ഏർപ്പെടുന്നു |
നിർമ്മാണത്തിനനുസരിച്ച് പ്രവർത്തിക്കുന്നു |
|
എനർജി ആവശ്യമാണ് |
ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നു |
|
ജനനം, വളർച്ച, മരണം |
നിർമ്മാണം, ഉപയോഗം, യന്ത്രത്തകരാറ് |
ജ്ഞാനപരമായ വിനിമയം
|
സ്രോതസ്തലം |
ലക്ഷ്യതലം |
|
മനുഷ്യർ വിവിധങ്ങളായ ഇന്ദിയങ്ങൾ ഉപയോഗിച്ച് പലതരത്തിലുള്ള അറിവ് ആർജ്ജിക്കുന്നു. |
റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ സെൻസ് ഓർഗനുകളുടെ (ഇൻഫ്രാറെഡ് സെൻസർ, ടെമ്പറേച്ചർ സെൻസർ, അൾട്രാസോണിക് സെൻസർ, etc) സഹായത്താൽ ചുറ്റുപാടുകളെ തിരിച്ചറിയുന്നു. |
|
ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ നേടിയെടുക്കുന്ന അറിവുകളെ ന്യൂറോണുകളുടെ സഹായത്താൽ മസ്തിഷ്കത്തിൽ എത്തിക്കുകയും മസ്തിഷ്കത്തിലെ പ്രവർത്തന ഫലമായി ചെയ്യേണ്ട പ്രവർത്തികളും മറ്റും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിഗ്നലുകളായി എത്തിക്കുന്നു. |
റോബോട്ടുകളുടെ ഫ്രയിമിൽ ഘടിപ്പിച്ചിരിക്കുന്ന പലതരം സെൻസറുകൾ ഇൻപുട്ടിനെ കേബിളുകളിലൂടെ പ്രോസസ് യൂണിറ്റ് അല്ലെങ്കിൽ അർഡിനോയിൽ എത്തിച്ചതിനുശേഷം അവിടെനിന്നും ലഭിക്കുന്ന നിർദ്ദേശാനുസരണം യന്ത്രഭാഗങ്ങളെ ചലിപ്പിക്കുന്നു. |
|
മനുഷ്യശരീരത്തിലുടനീളം രക്തപ്രവാഹം നടക്കുന്നു. വിവിധ സിഗ്നലുകളും മറ്റും ന്യൂറോണുകളിലൂടെ മസ്തിഷ്കത്തിലേക്കും തിരിച്ച് പേശികളിലേക്കും സഞ്ചരിക്കുന്നു. |
റോബോട്ടിന്റെ യന്ത്രഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇലക്ട്രിക്കൽ ഇംപൾസുവഴി വൈദ്യുതി പ്രവഹിക്കുന്നു. |
|
ഓരോ വ്യക്തിയും ആർജിച്ചെടുക്കുന്ന അറിവിനും ലോകബോധത്തിനും അനുസരിച്ചു പ്രവർത്തികളിൽ ഏർപ്പെടുകയും ജീവിക്കുകയും ചെയ്യുന്നു. |
ഇൻപുട്ട് നല്ക്കുന്നതിനനുസരിച്ചുള്ള ഔട്ട്പുട്ട് ലഭിക്കുന്നു. |
|
രോഗങ്ങളും മരണവും സംഭവിക്കും. |
പലതരം സാങ്കേതിക തകരാറുകളും ചിലപ്പോൾ നശിച്ചു പോകാനും കാരണമായേക്കാം. |
ഇത്തരത്തിൽ റോബോട്ട് എന്നതിനെ മനസ്സിലാക്കുന്നതിനുവേണ്ടി സ്രോതസ്തലത്തിൽ മനുഷ്യശരീരം എന്ന ജ്ഞാനമാതൃകയാണ് ഉപയോഗിക്കുന്നത് എന്നുകാണാം. എല്ലാ കാര്യത്തിലും റോബോട്ടുകളെ മനുഷ്യനോടു ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്. ഭാഷയിൽ പുതിയ ആശയങ്ങളെ അല്ലെങ്കിൽ അറിവുകളെ അവതരിപ്പിക്കുമ്പോൾ ഇത്തരത്തിൽ മുമ്പ് നേടിയിട്ടുള്ള അറിവിനെ പ്രയോജനപ്പെടുത്തുന്നത് സാധാരണമാണ്. ഇവിടെ ജനനം, പ്രായം, രോഗം, പൗരത്വം, ലിംഗം, തൊഴിൽ എന്നിങ്ങനെ റോബോട്ടുകളുമായി ബന്ധപ്പെടുന്ന ഏതിനെയും മനുഷ്യശരീരം എന്ന ജ്ഞാനപശ്ചാത്തലം ഉപയോഗിച്ചു മനസ്സിലാക്കുന്നു.
ഇന്ന് റോബോട്ടുകൾ വളർച്ചയുടെ പാതയിലാണ്. കൃത്രിമബുദ്ധിയും വയർലെസ്സ് സങ്കേതങ്ങളും നാനോടെക്നോളജിയും സമന്വയിപ്പിച്ച് മുൻകാലങ്ങളിൽ ചിന്തിക്കുവാൻപോലും കഴിയാതിരുന്ന സിദ്ധികളുള്ള റോബോട്ടുകളാണ് രൂപം കൊള്ളുന്നത്. മനുഷ്യഭാഷതന്നെയാണ് റോബോട്ടുകളിലും പ്രോഗ്രാം ചെയ്യുന്നത്. മനുഷ്യരോട് സംസാരിക്കുന്നതും മനുഷ്യർ സംസാരിച്ചാൽ മനസ്സിലാക്കി പ്രതികരിക്കുകയും ചെയ്യണമെങ്കിൽ മാനകഭാഷതന്നെ ഉപയോഗിക്കണം. അതുകൊണ്ടുതന്നെ മനുഷ്യധൈഷണികതയുടെ അടിസ്ഥാനഘടകങ്ങൾ യന്ത്രങ്ങളിലും ഉപയോഗിക്കുന്നു. എന്നാൽ അവയ്ക്കു സാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തമായി പുതിയ സദൃശസൃഷ്ടികളും സങ്കല്പനലക്ഷകങ്ങളും സൃഷ്ടിക്കാൻ ഇപ്പോൾ സാധിക്കില്ല എങ്കിലും വളർച്ചയുടെ പാതയിൽ സാധ്യമാകുവാനും കഴിഞ്ഞേക്കും. കാരണം ഭാഷ മസ്തിഷ്കപ്രവർത്തനമാണ്. ഇന്ന് റോബോട്ടിക്സിലെ പ്രധാന ശ്രമങ്ങളിലൊന്ന് മനുഷ്യമസ്തിഷ്കത്തിലെ എല്ലാ കഴിവുകളെയും യന്ത്രത്തിലേക്കു പകരുവാൻ കഴിയുമോ എന്നുള്ളതാണ്. അത് സാധിച്ചാൽ തലച്ചോറിൽ ഭാഷയെ നിയന്ത്രിക്കുന്ന ഭാഗം യന്ത്രങ്ങൾക്കും ലഭിക്കുകയും മനുഷ്യർ ധൈഷണികത ഉപയോഗിച്ച് ഭാഷ ഉപയോഗിക്കുന്നതുപോലെ യന്ത്രങ്ങളും ഭാഷ കൈകാര്യം ചെയ്യാൻ തുടങ്ങും. മസ്തിഷ്കവും പേശികളും ന്യൂറോണുകൾ വഴി ബന്ധപ്പെടുന്നതിനു സമാനമായി പ്രൊസസ് യൂണിറ്റും സെൻസ് ഓർഗനുകളും ഇലക്ട്രിക്കൽ ഇംപൾസുവഴി വോൾട്ടേജ് കടത്തിവിട്ടുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കും.
ജ്ഞാനമാതൃകയെ അടിസ്ഥാനമാക്കിയാണ് ലക്ഷകങ്ങൾ രൂപപ്പെടുന്നത്. പുതിയ ഭാഷയിലും ഇതു സംഭവിക്കുന്നു. യഥാർഥലോകത്തെ ജ്ഞാനമാതൃകകളെ അടിസ്ഥാനമാക്കി സൈബർ ലോകത്തുനടത്തുന്ന സങ്കല്പനങ്ങളെല്ലാം സങ്കല്പനലക്ഷകങ്ങളാണ്. ഇവയെ ജ്ഞാനപരമായും സത്താപരമായും രണ്ടു തലങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും. ഹൈപ്പർടെക്സ്റ്റ് നിഘണ്ടുവായിട്ട് സങ്കല്പനം ചെയ്യുന്നതും ഗൂഗിൾമീറ്റിനെ ഒരു ക്ലാസ്സ് റൂം ആയി സങ്കല്പനം ചെയ്യാൻ സാധിക്കുന്നതും മറ്റ് ഉദാഹരണങ്ങളാണ്. ബോധനമാധ്യമമെന്നനിലയിൽ ഭാഷയിലെ പരിണാമങ്ങൾ സജീവമാണ് എങ്കിലും ഈ മാറ്റങ്ങൾ മനുഷ്യധൈഷണികത എന്ന അച്ചുതണ്ടിലാണ് കറങ്ങുന്നത്. ഇത് സാർവലൗകികവുമാണ്. സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ ഭാഷയിൽ ഒട്ടനവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും ധൈഷണികഭാഷാശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന പരികല്പനകളിൽ അധിഷ്ഠിതമായാണ് അവ നിലകൊള്ളുന്നത് എന്നുകാണാൻ സാധിക്കുന്നു.
യഥാർഥലോകത്തെ ജ്ഞാനമാതൃകയെ അടിസ്ഥാനമാക്കി സൈബർലോകത്തു നടത്തുന്ന സങ്കല്പനങ്ങളെല്ലാം ലക്ഷകങ്ങളാണ്. ജ്ഞാനപരമായും സത്താപരമായും രണ്ടു തലങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും. സദൃശസൃഷ്ടികൾ അങ്ങനെ ലക്ഷകങ്ങൾ കൂടി ആകുന്നു. റോബോട്ടുകൾ പോലും പല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ജ്ഞാനമാതൃകയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന റോബോട്ട് ഡോക്ടർ അല്ലെങ്കിൽ നഴ്സ് എന്ന ജ്ഞാനമാതൃകയും വാഹനങ്ങളിൽ ഉപയോഗിക്കുന്ന റോബോട്ട് ട്രയ് വർ എന്ന ജ്ഞാനമാതൃകയും ക്ലാസ്സ് റൂമുകളിൽ ഉപയോഗിക്കുന്ന റോബോട്ടിന് ടീച്ചർ എന്ന ജ്ഞാനമാതൃകയുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ തൊഴിലിനനുസരിച്ചും മറ്റ് പ്രത്യേകതകളെ അടിസ്ഥാനമാക്കിയും പല തരം ജ്ഞാനമാതൃകകളുടെ സഹായത്താലാണ് അർഥത്തെ സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ വിവിധ മേഖലകളിലായി റോബോട്ടുകൾ വ്യാപിക്കുമ്പോൾ നിലവിലെ സമൂഹത്തിനു സമാന്തരമായി മറ്റൊരു സമൂഹമായി റോബോട്ടുകൾ മാറുന്നു. അവ ഒരുമിച്ചു പ്രവർത്തിക്കുകയും ഒന്നിനെ മറ്റൊന്നു സഹായിക്കുകയും ചെയ്യും. ഹ്യൂമനോയ്ഡ് റോബോട്ടുകൾ ഇന്ന് പല മേഖലകളിലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്നും കാണാം. സോഫിയ എന്ന റോബോട്ടിന് സൗദിയിൽ പൗരത്വം പോലും നല്കുകയുണ്ടായി എന്ന വസ്തുത ഇതുമായി ചേർത്തു വായിക്കേണ്ടതാണ്. ഇവിടെയെല്ലാം ശരീരം എന്ന ജ്ഞാനമാതൃകയാണ് അടിസ്ഥാനമായി നില്ക്കുന്നത്.
ഉപസംഹാരം
‘മാനുഷികാനന്തരഭാഷാപരിണാമവും സങ്കല്പനവും: ധൈഷണികഭാഷാശാസ്ത്രാപഗ്രഥനം’ എന്ന പ്രബന്ധത്തിലൂടെ ഭാഷാപരിണാമത്തിൽ പ്രധാനമായി പ്രവർത്തിക്കുന്ന മനുഷ്യധൈഷണികതകളെ ഭാഷയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. സാങ്കേതികവിദ്യ എത്രത്തോളം വികസിച്ചു എന്നിരുന്നാലും, അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ഭാഷ പരിണാമവിധേ യമായാലും, അടിസ്ഥാനപരമായുള്ള മനുഷ്യധൈഷണികതയും ഭാഷയുമായിബന്ധപ്പെടുന്ന ധൈഷണികവൃത്തികളും സാർവലൗകികമായി തുടരുക തന്നെ ചെയ്യും എന്ന പരികല്പനയുടെ അടിസ്ഥാനത്തിലാണ് വിശകലനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
ഇത്തരത്തിൽ ഭാഷയുമായി ചേർന്നുനില്ക്കുന്ന സങ്കല്പനപ്രക്രിയകളിൽ പ്രധാനപ്പെട്ട ചിലതാണ് സദൃശസൃഷ്ടി, ഉപാദാനലക്ഷണ, സങ്കല്പനലക്ഷകം എന്നിവ. വിശകലനത്തിൽനിന്നും ധൈഷണികതയുടെ ഇടമാണ് സാങ്കേതികതയുടെ ഇടത്തെയും സൃഷ്ടിക്കുന്നത് എന്നുകാണാം. യഥാർഥ ലോകത്തിലുള്ളതുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാ ഇടങ്ങളെയും പ്രവർത്തികളെയും വെർച്വൽലോകത്ത് പ്രതിനിധാനം ചെയ്യുന്ന രീതിയിലാണ് സൈബർ എന്ന പദം വികാസം പ്രാപിച്ചത്. സൈബർസ്ഥലത്തിലെ ജീവിതരീതിയെ സൈബർസംസ്കാരം എന്നുപറയാം. ഇത് യഥാർഥജീവിതത്തിൽനിന്നും അന്യമല്ല. ഭാഷയുമായി ബന്ധപ്പെട്ട പല തരം ധൈഷണികവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഭാഷയുടെ വളർച്ചയും പരിണാമവും സംഭവിക്കുന്നത്. ഇവ സാർവലൗകികമായി നില്ക്കുന്ന ധൈഷണികഘടകങ്ങൾക്കൂടിയാണ്. കാരണം, ഭാഷയല്ല ചിന്തയെ സൃഷ്ടിക്കുന്നത്; ചിന്തയാണ് ഭാഷയെ രൂപപ്പെടുത്തുന്നത്. ഭാഷയിലെ ഓരോ ചെറിയ പരിണാമങ്ങൾ പോലും ചിന്തയുടെ ഭാഗമായുണ്ടാകുന്നതാണ്. പുതിയ ആലങ്കാരികപ്രയോഗങ്ങളും അവയുടെ വിപുലമായ അർഥസാധ്യതകളും ഇത്തരം പുതിയ ഭാഷയിലൂടെ ഉണ്ടാകുന്നു. മാനവാനന്തരസാങ്കേതികവിദ്യയിലും ഇത്തരത്തിൽ ഭാഷയുടെ പരിണാമത്തിന് ധൈഷണികത ചാലകശക്തിയായിത്തീരുന്നു.
പുതുഭാഷയിലുടനീളം ഇത്തരത്തിൽ സദൃശസൃഷ്ടി, ഉപാദാനലക്ഷണ, സങ്കല്പനലക്ഷകങ്ങൾ എന്നിങ്ങനെയുള്ള ധൈഷണികവൃത്തികൾ കാണാം. അതായത്, മാനവാനന്തര ഭാഷയിലുടനീളം അല്ലെങ്കിൽ ഇന്റർനെറ്റിന്റെ വലയത്തിനുള്ളിലും സ്മാർട്ട് ഫോണിന്റെ പരിധിക്കുള്ളിലും നില്ക്കുന്ന ഭാഷയിൽ ഇത്തരത്തിലുള്ള നിരവധി ധൈഷണികപ്രക്രിയകൾ നടക്കുന്നുണ്ട്. വ്യക്തികൾ മുമ്പ് നേടിയിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ സങ്കല്പനങ്ങളെയും മറ്റും ഭാഷയിൽ അടയാളപ്പെടുത്തുന്നത്. ശരീരവുമായി ബന്ധപ്പെട്ട് നാം നേടിയിട്ടുള്ള അറിവുകൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട് എന്നും കാണാം.
ഗ്രന്ഥസൂചി
(1). ആദർശ്, വി. കെ., ഇനി വായന ഇ– വായന, കറന്റ് ബുക്സ്, കോട്ടയം, 2009.
(2). ഗിരീഷ്, പി. എം., അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം (ആമുഖം), കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012.
(3). ജോസ് കെ. മാനുവൽ, സൈബർ ആധുനികത @ മലയാളം, ടേൺ ബുക്സ്, കോട്ടയം, 2019.
(4). ജോസ് കെ. മാനുവൽ (എഡി.), സൈബർ ആധുനികത സംവാദം സംസ്കാരം സംലയനം, ടേൺ ബുക്സ്, കോട്ടയം, 2019.
(5). Braunal, Thomas, Embedded Robotics, Springer, New York, 2006.
(6). Croft, William and D. Alen Cruse, Cognitive Linguistics, Cambridge University Press, Cambridge, 2004.
(7). Lakoff, George and Mark Johnson, Metaphors We Live By, University of Chicago Press, Chicago, 2003.
(8). Selig, J. M., Introductory Robotics, Prentice Hall, New York and London, 1992.
ലേഖനസൂചി
(1). ഗിരീഷ്, പി. എം., ധൈഷണികകാവ്യശാസ്ത്രം: വായനയുടെ സൗന്ദര്യശാസ്ത്രം, സാഹിത്യലോകം, മെയ്– ജൂൺ ലക്കം, 2020.
ഡോ. ശരത് ചന്ദ്രൻ
മലയാളവിഭാഗം,
സെൻ്റ് ബർക്കുമൻസ് കോളേജ്,
ചങ്ങനാശ്ശേരി
email: sarathnjallothu@gmail.com
Mob: 9656560466
Copyright © 2026 | WordPress Theme by MH Themes
