മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
എഡിറ്റോറിയൽ
Published on July 01, 2026
Time: 10:00 AM IST
‘ശക്തമായ അഭിപ്രായം’ അല്ലെങ്കിൽ ‘മൗലികമായ ആശയം’ എന്ന അർത്ഥം വരുന്ന ‘മതം’ എന്ന വാക്ക് ദൈവവിശ്വാസവുമായി കൂട്ടികലർത്തി തെറ്റിദ്ധരിക്കപ്പെട്ടതുപോലെ പല മൗലിക ആശയങ്ങളും ഇന്നു വക്രീകരിക്കപ്പെടുന്നുണ്ട്. ഇത്തരം വീഴ്ചകളെ പ്രതിരോധിക്കാൻ നിരന്തരമായ വായനയും പുനർവായനയും അപനിർമാണവും അനിവാര്യമാണ്. വരുംകാലത്ത് വാളുകളേക്കാൾ കൂർമ്മത അക്ഷരങ്ങൾക്കില്ലെന്ന മൂഢധാരണകളെ തിരുത്തുകയെന്നത് സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.
അനുനിമിഷം കുമിഞ്ഞുകൂടുന്ന ആശയസങ്കൽപ്പങ്ങളിൽ നിന്നും കാമ്പുള്ളത് തിരഞ്ഞെടുക്കുക എന്നതും ഒരു രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനമാണ്. ആഴത്തിലും പരപ്പിലും വായിക്കാൻ കഴിഞ്ഞാലേ ഈ സത്യാനന്തരകാലത്ത് വ്യക്തിഗത ആശയരൂപീകരണം സാധ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം രൂപമില്ലാത്തൊരു കൂട്ടം തുടങ്ങിവച്ച ഒഴുക്കിന്റെ ഭാഗമാകാനെ നമുക്ക് കഴിയു. ഒരുപക്ഷേ ഇവിടെ അനിയന്ത്രിതമായ കുത്തൊഴുക്കിനെ തടകെട്ടി നിർത്താനായില്ലെങ്കിലും ഒഴുക്കിനു കുറുകേ നീന്തുന്നവർക്ക് പിടിച്ചു കയറാൻ ഒരു തുരുത്തായി മാറാം.
തിരഞ്ഞെടുത്ത് വായിക്കുന്ന ഒരു കൂട്ടത്തിനെ കാണാനില്ല എന്ന് കരുതുന്നവരല്ല ഞങ്ങൾ. ഗൗരവവായന നഷ്ടപ്പെട്ടിട്ടില്ല എന്ന് വിശ്വസിക്കുവാൻ പ്രേരിപ്പിക്കുന്ന വലിയൊരു വിഭാഗം ചുറ്റുമുണ്ട് എന്ന ബോധ്യമാണ് ഈ ലക്കത്തിൽ എത്തി നിൽക്കുമ്പോൾ ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. നാലു ചുവരിനുള്ളിൽ ഒതുങ്ങിപ്പോയാലും വായനയെ വിരൽത്തുമ്പ് കൊണ്ട് തൊട്ടറിയുന്ന ഒരു കൂട്ടം നമുക്ക് ചുറ്റുമുണ്ട്. വായനയെയും ആശയോത്പാദനത്തെയും ഗവേഷണ ബുദ്ധിയോടെ, അതീവ കരുതലോടെ കൈകാര്യം ചെയ്യുന്ന ഒരുപിടി ലേഖകർ ഇത്തവണയും ഞങ്ങൾളോടൊപ്പം ചേരുന്നുണ്ട്. ഈ ലക്കത്തിന്റെ വിഷയവൈവിധ്യം ഏറെ ആശാവഹമാണ്. കേട്ടു പരിചയിച്ച വിഷയങ്ങളിൽ നിന്ന് ഭിന്നമായി ഒരു കൂട്ടം രചനകളെ വായനക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.
ആശയോല്പാദനം എന്നത് അക്കാദമിക ബിരുദങ്ങൾക്കോ ഗവേഷണ പൂർത്തീകരണത്തിനോ വേണ്ടിയുള്ള അടവായി കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ചിന്തയുടെയും അറിവിൻ്റെയും മറുപുറം അടയാളപ്പെടുത്തുക എന്ന ലക്ഷ്യം തുടർന്നുകൊണ്ടിരിക്കുകയാണ് മലയാളം റിസേർച്ച് കീ.
» മലയാളം റിസേർച്ച് കീ ടീം
Copyright © 2026 | WordPress Theme by MH Themes
