മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 JULY-SEPTEMBER | VOLUME 02 | ISSUE 03

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

വിവര്‍ത്തനത്തിലെ നിശ്ശബ്ദത :

'മായാമന്ദിര'ത്തിലെ സ്ത്രീപക്ഷ പാഠഭേദങ്ങള്‍

»  ജയശ്രീ എസ്.

ID: MRK0038

Published on July 01, 2026

Time: 10:00 AM IST

2 maayaamandiram
2 maayaamandiram

പ്രബന്ധസംഗ്രഹം

ഭാരതീയ പൈതൃകത്തിന്റെ മഹത്തായ ആധാരങ്ങളായി കണക്കാക്കപ്പെടുന്ന പുരാണേതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിൻ്റെ സ്ത്രീപക്ഷപാഠങ്ങളിലൊന്നാണ് ചിത്ര ബാനർജി ദിവാകരുണിയുടെ ദ പാലസ് ഓഫ് ഇല്യൂഷന്‍സ് (The Palace of Illusions, 2008) എന്ന നോവൽ. പുരുഷകേന്ദ്രീകൃതമായ ധര്‍മ്മസങ്കല്‍പ്പങ്ങളില്‍നിന്ന് സ്ത്രീശബ്ദങ്ങളെ വീണ്ടെടുക്കാന്‍ നടന്നിട്ടുള്ള ശ്രമങ്ങളില്‍ ഒന്നാണിത്. ഈ നോവലിന് കെ. ടി. രാധാകൃഷ്ണൻ തയാറാക്കിയ മലയാള പരിഭാഷയായ മായാമന്ദിര(2021)ത്തെ മുന്‍നിര്‍ത്തി വിശ്വസ്തയായ സ്ത്രീ, അധികാരവും സ്വീകാര്യതയും ആദരണീയതയുമുള്ള പുരുഷന്‍ എന്നീ ദ്വന്ദ്വത്തെ വെളിച്ചത്തുകൊണ്ടുവരുന്നു. അത്തരമൊരു ഭദ്രലോകത്തിനുനേരെ മൂലപാഠവും വിവര്‍ത്തനവും സ്വീകരിക്കുന്ന നിലപാടുകളുടെ വിശകലനമാണ് പ്രബന്ധം നിര്‍വ്വഹിക്കുന്നത്. വിവര്‍ത്തനപഠനത്തിന്റെയും സ്ത്രീവാദത്തിന്റെയും രീതിശാസ്ത്രമാണ് അതിനായി സ്വീകരിച്ചിട്ടുള്ളത്.


താക്കോല്‍വാക്കുകൾ
വിവര്‍ത്തനം, ലിംഗരാഷ്ട്രീയം, വിവര്‍ത്തകകര്‍ത്തൃത്വം, സ്ത്രീവാശി, പാതിവ്രത്യം, വിശ്വസ്തത.


ആമുഖം
ഇതിഹാസങ്ങളുടെ പുനര്‍വായന(retelling of epics) എന്നാല്‍ പരമ്പരാഗതമായി കേട്ടുപോന്ന ഇതിഹാസകഥകളെ പുതിയ കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ലിംഗസമത്വ കാഴ്ചപ്പാടുകളിലൂടെ പുനര്‍വ്യാഖ്യാനം ചെയ്യലാണ്. വികലമായ ചിത്രീകരണങ്ങളിലൂടെ അറിയപ്പെടുന്ന സ്ത്രീകൾ, തീർത്തും അജ്ഞാതരായവർ, മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ സത്യങ്ങൾ തങ്ങളുടെ ശബ്ദത്തിലൂടെ നമ്മെ പഠിപ്പിക്കുന്നവർ, പ്രാദേശിക സാഹിത്യത്തിലും ജനമനസ്സുകളിലും രണ്ടോ മൂന്നോ സ്ഥിരം ബിംബങ്ങളിൽ മാത്രം ഒതുങ്ങിപ്പോയവർ – മഹാഭാരതത്തിലെ സ്ത്രീകളെല്ലാവരും തന്നെ ഇതിൽ ഏതെങ്കിലും വിഭാഗത്തിൽ പെട്ടവരാണെന്ന് ചതുർവേദി ബദ്രിനാഥ് ദ വിമണ്‍ ഓഫ് ദ മഹാഭാരത (The Women of The Mahabharata, 2008) എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. ചതുര്‍വേദി ബദ്രിനാഥിന്റെ ഗ്രന്ഥത്തിൽ ദ്രൗപദിയെക്കുറിച്ച് വിവരിക്കുന്ന അധ്യായത്തിന്റെ ശീർഷകം തന്നെ ‘വേദനയുടെയും അപമാനത്തിൻ്റെയും നിഷേധിക്കാനാവാത്ത സത്യം, അവയെ അതിജീവിക്കേണ്ടതിൻ്റെ നിഷേധിക്കാനാവാത്ത അനിവാര്യത’1 എന്നാണ്. വേദനയെയും അപമാനത്തെയും അതിജീവിക്കാനായി ജനനം മുതൽ മഹാപ്രസ്ഥാനവേള വരെ പോരാടേണ്ടി വന്നെങ്കിലും ഏറെ പഴി കേൾക്കേണ്ടിവന്ന ജീവിതമായിരുന്നു ദ്രൗപദിയുടേത്.

ദ്രൗപദിയെ കേന്ദ്ര കഥാപാത്രമാക്കി ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയായ ചിത്ര ബാനർജി ദിവാകരുണി എഴുതി 2008-ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ‘ദ പാലസ് ഓഫ് ഇല്യൂഷന്‍സ്’ (The Palace of Illusions). ഈ നോവലിന് മലയാളത്തിലും വിവർത്തനമുണ്ടായിട്ടുണ്ട്. 2021-ൽ പ്രസിദ്ധീകരിച്ച മായാമന്ദിരം എന്ന മലയാള വിവർത്തനം കെ. ടി. രാധാകൃഷ്ണൻ്റെ പരിഭാഷയാണ്. ദ്രൗപദിയുടെ സ്ത്രീസ്വത്വത്തിന് പ്രാധാന്യമുള്ള മൂലപാഠഭാഗം അതേ ഗൗരവത്തോടെ പരിഭാഷയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞോ എന്ന ചോദ്യവും പരിഭാഷ ലക്ഷ്യഭാഷയിൽ ഉന്നയിച്ചിട്ടുള്ള ലിംഗരാഷ്‌ട്രീയത്തിൻ്റെ വിശകലനവുമാണ് ഈ പ്രബന്‌ധം മുന്നോട്ടുവയ്ക്കുന്നത്.


1.വിവർത്തനപാഠവും വിവർത്തക കർത്തൃത്വവും
സാഹിത്യവിവര്‍ത്തന സിദ്ധാന്തത്തിന്റെ കേന്ദ്ര ആശയങ്ങളിലൊന്നാണ് വിവര്‍ത്തനപാഠം. മൂലപാഠത്തെ മറ്റൊരു ഭാഷയിലേക്ക് പുനഃസൃഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പാഠമെന്ന നിലയില്‍ മാത്രമൊതുങ്ങുന്നതല്ല ഈ സങ്കല്‍പനത്തിന്റെ സാധ്യത. ലക്ഷ്യഭാഷയുടെയും വായനാസമൂഹത്തിന്റെയും സാംസ്കാരിക ചട്ടക്കൂടിനുള്ളില്‍ മൂലകൃതി ജീവിക്കുന്ന രീതി കൂടിയാണ് വിവര്‍ത്തനപാഠം. വിശ്വസ്തത എന്ന മാനദണ്ഡമനുസരിക്കുന്ന മൂലപാഠത്തിന്റെ പകര്‍പ്പ് എന്നതിനതീതമായ സാധ്യതകളാണ് വിവര്‍ത്തനപാഠത്തിന് സ്വതന്ത്രമായ അസ്തിത്വം നല്‍കുന്നത്. മുന്‍കാലങ്ങളില്‍ വിവര്‍ത്തനം വിവര്‍ത്തകന്റെ/യുടെ അദൃശ്യതയാണ് കാംക്ഷിച്ചിരുന്നതെങ്കില്‍ വിവര്‍ത്തനപാഠമെന്ന സങ്കല്പനത്തിന്റെ സാധ്യതകള്‍ വിവര്‍ത്തകകര്‍ത്തൃത്ത്വത്തെ ഉറപ്പിച്ചെടുത്തു. വിവര്‍ത്തനം ഈ സാധ്യതകളെ ആരായുന്നതെങ്ങനെ എന്നത് വിവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നു.

‘ദ പാലസ് ഓഫ് ഇല്യൂഷന്‍സ്’ എന്ന നോവലിന്റെ ആമുഖമായി നൽകിയിരിക്കുന്ന ഗ്രന്ഥകാരിയുടെ കുറിപ്പ് മലയാള വിവർത്തനത്തിലും ഉൾച്ചേർത്തിട്ടുണ്ട്. ആ കുറിപ്പിലെ പ്രധാനപ്പെട്ട ഭാഗം ഇപ്രകാരമാണ്:
“But as I pored over the thick, leather-bound Mahabharat in my parent’s home in Kolkata, I grew increasingly dissatisfied with the portrayals of the women in the epic – the numerous powerful and complex women that affect the action in major ways. For instance, there’s the widowed Kunti, mother of Pandavas, who dedicates her life to making sure her sons become kings. There’s Gandhari, mother of Duryodhan and his brothers, who blindfolds herself at marriage because her husband is sightless, and thus relinquishes her power as queen and mother. And most of all, there’s Panchali (Draupadi), who has the unique distinction of being married to five men- the five Pandava brothers, the greatest warriors of their time. And who, some have argued, by her headstrong actions helps to bring about the destruction of the Third Age of Man. (I disagree, and I hope by the time readers finish the book, they will join me in nothing that there are many causes for the Mahabharat war- male egos and stubbornness for being foremost among them!) But somehow all these women remain shadowy figures, their thoughts and motives mysterious, their emotions described only when they affected the lives of the male heroes, their roles ultimately subservient to those of their fathers or husbands, brothers or sons”(Divakaruni, Chithra Banarjee, 2008:xiv-xv).


ഇതിഹാസങ്ങളുടെ പാഠാന്തരങ്ങളെ അവതരിപ്പിക്കുമ്പോൾ രചയിതാക്കൾ തങ്ങൾ ഏർപ്പെടുന്ന കർമ്മത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങളെ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നവയാണ് ഗ്രന്ഥകർത്താക്കളുടെ കുറിപ്പുകൾ. ദ്രൗപദിയെ മുൻനിർത്തി മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സ്ത്രീവീക്ഷണത്തെ അവതരിപ്പിക്കുന്ന സന്ദർഭത്തിൽ ലിംഗഭേദപരമായ അധികാരബന്ധങ്ങളാലും ഘടനകളാലും നിർണ്ണയിക്കപ്പെട്ട സമൂഹത്തിൽ ലിംഗാധികാരത്തിൻ്റേതായ ശ്രേണീവ്യവസ്ഥയെ എഴുത്തുകാരി എങ്ങനെ സമീപിക്കുന്നു എന്നത് ഈ കുറിപ്പുകളിലൂടെ വ്യക്തമാകുന്നു. എന്നാൽ ഈ ഭാഗത്തിൻ്റെ മലയാള വിവർത്തനം എഴുത്തിലെ സ്‌ത്രൈണകർത്തൃത്വത്തെയും രാഷ്ട്രീയത്തെയും ‘വിവർത്തകൻ’ കൈവിടുന്നതിൻ്റെ സൂക്ഷ്മമായ തെളിവായി മാറുന്നുണ്ട്.

“കൽക്കത്തയിലെ എന്റെ മാതാപിതാക്കളുടെ വീട്ടിൽ വെച്ച് മഹാഭാരതം എന്ന തടിച്ച പുസ്തകത്തിന്റെ താളുകളിലൂടെ കടന്നു പോകുംതോറും അതിൽ സ്ത്രീകളെ – കഥാഗതിയിൽ ശക്തമായ സ്വാധീനം ചെലുത്തിയ എത്രയെത്ര ശക്തവും സങ്കീർണവും ആയ സ്ത്രീകൾ? – ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ എനിക്ക് അതൃപ്തി തോന്നി. ഉദാഹരണത്തിന്, തന്റെ മക്കൾ രാജാക്കളായി വാഴുന്നതു നിനച്ച് കഴിയുന്ന പാണ്ഡവരുടെ അമ്മ, വിധവയായ കുന്തി. പിന്നെ, ഭർത്താവിന് ഇല്ലാത്ത കാഴ്ചശക്തി തനിക്കും വേണ്ടെന്നുവെച്ച് വിവാഹദിവസം തന്നെ കണ്ണ് മൂടിക്കെട്ടി, രാജ്ഞിപദവും രാജമാതാപദവും ത്യജിച്ച, ദുര്യോധനമാതാവ് ഗാന്ധാരി. എല്ലാറ്റിലും ഉപരി, അഞ്ച് പുരുഷന്മാരുടെ – വീരയോദ്ധാക്കളായ അഞ്ച് പാണ്ഡവസഹോദരങ്ങൾ – ഭാര്യ എന്ന് ഖ്യാതി ഉണ്ടായിരുന്ന പാഞ്ചാലി. പാഞ്ചാലിയുടെ ധിക്കാരമാണ് മൂന്നാം മനുഷ്യയുഗത്തിൻ്റെ നാശം ഉണ്ടാക്കിയത് എന്ന് ചിലർ വാദിക്കുന്നുണ്ട്. പക്ഷെ ഈ സ്ത്രീകളെല്ലാം നിഴലുകൾ മാത്രമായിരുന്നു, അവരുടെ ചിന്തകളും, ഉദ്ദേശ്യങ്ങളും അജ്ഞാതമായിരുന്നു, അവരുടെ വികാരങ്ങൾ പ്രസക്തമായത് അവ ഭർത്താക്കന്മാരുടെ ജീവിതങ്ങളെ ബാധിക്കുമ്പോൾ മാത്രമായിരുന്നു. അവരുടെ പങ്കുകൾക്ക് പോലും അവരുടെ പിതാക്കന്മാരുടെയും ഭർത്താക്കന്മാരുടെയും പുത്രന്മാരുടെയും പങ്കിനേക്കാൾ അധമമായ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. എന്നെങ്കിലും ഞാൻ ഒരു എഴുത്തുകാരി ആയാൽ മഹാഭാരതകഥ പുനരാഖ്യാനം ചെയ്യുമെന്ന് അക്കാലത്ത് തന്നെ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു. എന്റെ മഹാഭാരതത്തിൽ ഞാൻ ഒരു സ്ത്രീയെ കേന്ദ്രസ്ഥാനത്ത് നിർത്തും. പുരുഷന്മാരുടെ സാഹസികകഥകളിലെ വരികൾക്കിടയിൽ അദൃശ്യമായ കഥകൾ ഞാൻ പുറത്ത് കൊണ്ടുവരും. അവളുടെ സന്തോഷങ്ങളും സന്ദേഹങ്ങളും, യത്‌നങ്ങളും വിജയങ്ങളും, തോൽവികളും നേട്ടങ്ങളും ശക്തികളും ദൗർബല്യങ്ങളും അവൾ ലോകത്തെ മനസ്സിലാക്കുന്ന പ്രത്യേക രീതികളും ആ ലോകത്തിൽ അവൾക്കുള്ള സ്ഥാനവും എല്ലാമെല്ലാം നിറം പിടിപ്പിക്കുന്ന കഥയായിരിക്കും അത്”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:xii-xiii).

മൂലപാഠവും വിവർത്തനവും താരതമ്യം ചെയ്യുമ്പോൾ മൂലപാഠത്തിൽ കോഷ്ഠക ചിഹ്നത്തിൽ(ബ്രാക്കറ്റ്) നൽകിയിരിക്കുന്ന വരികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് വിവർത്തനപാഠം തയ്യാറാക്കിയിരിക്കുന്നത്. ത്രേതായുഗത്തിൻ്റെ അന്ത്യത്തിന് കാരണക്കാരി ദ്രൗപദിയാണെന്ന് കരുതിപ്പോരുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും ആ വിയോജിപ്പ് നോവലിൽ ശക്തമായി ആവിഷ്കരിച്ചിട്ടുള്ളതിനാൽ വായന പൂർത്തിയാക്കുമ്പോഴേക്കും മഹാഭാരതയുദ്ധത്തിന് നിരവധി കാരണങ്ങൾ ഉണ്ടായിരുന്നുവെന്നും പുരുഷ ഈഗോയും ശാഠ്യവും അവയിൽ മുൻപന്തിയിൽ ആണെന്നും വായനക്കാര്‍ തിരിച്ചറിയുമെന്നും ഗ്രന്ഥകർത്രി പറയുന്ന ഭാഗമാണിത്. സവിശേഷപരാമർശം ആവശ്യമില്ലാത്ത ഒരു ഘടകം എന്ന നിലയിൽ ഈ വാചകങ്ങൾ ഒഴിവാക്കിയിരിക്കുന്നത് പുരുഷന്റേതായ ഒരു വിവർത്തക കർത്തൃത്വമാണ് ഇവിടെ ഇടപെട്ടിരിക്കുന്നത് എന്നതുമായി ചേർത്തുവായിക്കേണ്ടതുണ്ട്.


2.വിവർത്തനപാഠവും ലിംഗരാഷ്ട്രീയവും
വിവർത്തനത്തിൽ ഇത്തരം വിടവുകൾ നിലനിൽക്കുമ്പോഴും ലക്ഷ്യഭാഷയിൽ നോവൽ ഒരു സ്ത്രീപക്ഷപാഠമായി പ്രവർത്തിച്ചിട്ടുണ്ട് എന്നത് തള്ളിക്കളയാനാവില്ല. മൂലഭാഷയിലെ ലിംഗരാഷ്ട്രീയത്തിന്റെ തലം കുറച്ചൊക്കെ ചോർന്നുപോയിട്ടുണ്ടെങ്കിലും അത് മലയാളത്തിൽ ലിംഗപദവിയെ സംബന്ധിച്ച ധാരാളം ആലോചനകൾക്ക് വഴിവച്ചിട്ടുണ്ട്. ദ്രൗപദിയെന്നും യാജ്ഞസേനിയെന്നും കൃഷ്ണയെന്നും പാഞ്ചാലിയെന്നുമെല്ലാം അറിയപ്പെട്ട ദ്രുപദപുത്രിയും ധൃഷ്ടദ്യുമ്‌നന്റെ സഹോദരിയും പഞ്ചപാണ്ഡവരുടെ പത്നിയുമായ ഒരു സ്ത്രീയിലൂടെ മഹാഭാരതകഥ പുനരവതരിപ്പിക്കപ്പെടുകയാണ് മൂലപാഠത്തിലെന്നപോലെ വിവർത്തനപാഠത്തിലും.


i. ക്ഷണിക്കപ്പെടാതെ പിറന്ന പുത്രി
തൻ്റെ പ്രതികാരം പൂർത്തിയാക്കാൻ കെൽപ്പുള്ള ഒരു പുത്രനു വേണ്ടിയാണ് ദ്രുപദ രാജാവ് യജ്ഞം നടത്തുന്നത്. ആ യാഗത്തിൽ പുത്രനു പിന്നാലെ രാജാവിനു മുന്നിൽ ഒരു പുത്രി കൂടി പ്രത്യക്ഷപ്പെടുന്നു. ആ പുത്രി ചരിത്രം തിരുത്തിയെഴുതുമെന്ന് വൈദികർ പറയുന്നുണ്ടെങ്കിലും അവൾ യഥാർത്ഥത്തിൽ ക്ഷണിക്കപ്പെടാതെ വന്നവളായിരുന്നു. പുത്രന് രാജാവ് ശത്രുക്കളുടെ അന്തകൻ എന്നർത്ഥം വരുന്ന ധൃഷ്ടദ്യുമ്നൻ എന്ന പേരിടുന്നു. എന്നാൽ പുത്രിയെ കേവലം ദ്രുപദന്റെ മകൾ എന്ന അർത്ഥത്തിൽ ദ്രൗപദി എന്നും വിളിക്കുന്നു. അച്ഛൻ എന്ന നിലയിലുള്ള കർത്തവ്യങ്ങൾ എല്ലാം ദ്രുപദൻ നിറവേറ്റുന്നുണ്ടെങ്കിലും താൻ ആവശ്യപ്പെടാതെ പിറന്ന പുത്രിയെ കണ്ടപ്പോൾ പ്രകടമാക്കിയ അങ്കലാപ്പ് തന്നോടുള്ള നിരാസ മനോഭാവമായി ദ്രൗപദിയുടെ മനസ്സിൽ പതിയുന്നുണ്ട്. അതിനെതിരെ പിതാവിനോട് പ്രതികരിക്കുന്നില്ലെങ്കിലും കൊട്ടാരത്തിൽ ആ കൗമാരക്കാരി പ്രകടിപ്പിക്കുന്ന രോഷത്തിന്റെ പ്രധാന കാരണം ഇതാണ്.


ദ്രൗപദി ക്ഷണിക്കപ്പെടാതെ വന്നവളാണെന്ന് അവളുടെ പിറവി മുതൽ ഒളിഞ്ഞും തെളിഞ്ഞും പറയുന്നവർക്കിടയിൽ അവളെ പൂർണ്ണമായും ചേർത്തുപിടിച്ചത് കൂടപ്പിറപ്പായ, ക്ഷണിക്കപ്പെട്ടവനായ ധൃഷ്ടദ്യുമ്നൻ തന്നെയായിരുന്നു. എന്നാൽ ആ സ്നേഹം ഭീകരമായി പരീക്ഷിക്കപ്പെടുകയും ആ സ്നേഹത്തിന് വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യുന്നതായാണ് കാണുന്നത്.

ധൃഷ്ടദ്യുമ്നന്റെയും ഒപ്പം ദ്രൗപദിയുടെയും ജനനത്തിനു കാരണമായത് ദ്രുപദന്റെ പ്രതികാരബുദ്ധിയാണ്. സഹപാഠിയായിരുന്ന ദ്രോണരോടുള്ള പക വീട്ടാനായാണ് ദ്രുപദൻ ധൃഷ്ടദ്യുമ്നനെപ്പോലെ ഒരു പുത്രനു വേണ്ടി യജ്ഞം നടത്തിയതുതന്നെ. ആ പകയെയും അതിലേക്ക് നയിച്ച സന്ദർഭങ്ങളെയും പക്ഷപാതമില്ലാതെ ദ്രൗപദി നോക്കിക്കാണുന്നുണ്ട്. തൻ്റെ അച്ഛനാണ് ശരി, തൻ്റെ അച്ഛൻ മാത്രമാണ് ശരി എന്ന സമീപനമല്ല ദ്രൗപദി സ്വീകരിക്കുന്നത്.


ii. കൃഷ്ണനുമായുള്ള സൗഹൃദം
ദ്രൗപദിയും കൃഷ്ണനും തമ്മിലുള്ള സൗഹൃദം മഹാഭാരതത്തിൽ സവിശേഷമായി ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധാർഹമാണ്. കൃഷ്ണനുമായുള്ള ആത്മബന്ധത്തെ മുൻനിർത്തിക്കൂടിയാണ് ദ്രൗപദിക്ക് കൃഷ്ണ എന്ന പേര് ലഭിച്ചത് എന്ന് കരുതിപ്പോരാറുണ്ട്. ദ്രൗപദിയുടെ കൃഷ്ണവർണ്ണം മാത്രമല്ല ആ പേരിനു പിന്നിൽ എന്ന് തോന്നിപ്പിക്കുന്നത്ര ശക്തമാണ് അവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം. വസ്ത്രാക്ഷേപ സമയത്തും വനത്തിൽ കഴിയവേ ദുർവാസാവ് സന്ദർശിക്കാനെത്തുന്ന വേളയിലും മറ്റും ദ്രൗപദിയുടെ രക്ഷകനാകുന്നതും കൃഷ്ണൻ തന്നെ. അതിലുപരിയായി ഇരുവരും തമ്മിലുള്ള ബൗദ്ധികവും വൈകാരികവുമായ അടുപ്പം നോവൽ സൂക്ഷ്മമായി ചിത്രീകരിക്കുന്നുണ്ട്.

കൃഷ്ണന് തുല്യമായ ധിഷണ കൃഷ്ണയ്ക്കും ഉണ്ടെന്ന് പറഞ്ഞുവെക്കുന്ന നോവലിൽ കൃഷ്ണൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന അസ്വീകാര്യമായ പെരുമാറ്റങ്ങളിൽ അസ്വാഭാവികത ചൂണ്ടിക്കാണിക്കാൻ പ്രാപ്തിയുള്ള സ്ത്രീയാണ് ദ്രൗപദിയെന്നും വ്യക്തമാക്കുന്നുണ്ട്. ദ്രൗപദി കർണ്ണനെ ശ്രദ്ധിക്കുന്നതിൽനിന്ന് തടയാനായി കൃഷ്ണൻ ക്ലേശിക്കുന്നുണ്ട്. സ്വയംവര വേളയിൽ മാത്രമല്ല സ്വയംവരത്തിനു മുന്നോടിയായി ആ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന രാജാക്കന്മാരെ ചിത്രം സഹിതം കാണിച്ച് ദ്രൗപദിയ്ക്ക് പരിചയപ്പെടുത്തുമ്പോൾ അതിൽ കൃഷ്ണൻ്റെ ചിത്രവും ഉള്ളത് ദ്രൗപദിയെ ഞെട്ടിക്കുന്നു. എന്നാൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കൃഷ്ണൻ ദ്രൗപദിയെ കർണ്ണന്റെ ചിത്രം കാണിക്കുന്നത് തടയാനാണ് അധ്വാനം ചെയ്യുന്നത്.

ഭർത്താക്കന്മാർക്ക് കാട്ടിൽ കഴിയേണ്ടിവന്നാൽ അവിടേക്കും ഭാര്യ സംതൃപ്തിയോടെ, സഹനശീലത്തോടെ അനുഗമിക്കുന്നതിലാണ് പാതിവ്രത്യം എന്ന് ഉപദേശിക്കുന്ന ഇതിഹാസപുരാണങ്ങളാണ് നമ്മുടെ ‘പൈതൃകം’. എന്നാൽ അപ്രതീക്ഷിതമായ സംഘർഷങ്ങളോ പ്രതിസന്ധികളോ ഉണ്ടായാൽ ഭാര്യ അനുഗമിച്ചതാണ് കുറ്റം എന്ന് ഇതേ ഇതിഹാസങ്ങൾ വിധിക്കുകയും ചെയ്യും. ദ്രൗപദിയുടെ ഉറ്റതോഴനും ആപത്ബാന്ധവനും ആണെന്നിരിക്കിലും കൃഷ്ണനും അങ്ങനെത്തന്നെ പറയുന്നു – “നിനക്ക് ധൃവിൻ്റെ കൂടെ നിൻ്റെ അച്ഛൻ്റെ കൊട്ടാരത്തിൽ കഴിയാമായിരുന്നല്ലോ. അദ്ദേഹം തന്നെ അങ്ങിനെ ആവശ്യപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്, പല പ്രാവശ്യം. അല്ലെങ്കിൽ വികൃതികളായ നിൻ്റെ കുട്ടികളെയും നോക്കി സുഭദ്രയുടെ കൂടെ കഴിയാമായിരുന്നു. പക്ഷേ, നീ അത് ചെയ്തില്ല. എൻ്റെ ചങ്ങാതിമാരായ പാണ്‌ഡവർക്ക് ദിവസേന തലവേദന കൊടുക്കാൻ അടുത്ത് തന്നെ വേണമെന്ന് നിനക്കായിരുന്നു, നിർബന്ധം”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:202). പാണ്ഡവരുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നെങ്കിൽ ദ്രൗപദി സുഖസൗകര്യങ്ങളും ആർഭാടജീവിതവും തേടിപ്പോയി എന്ന പഴി കേൾക്കേണ്ടി വന്നേനെ. കൂടെപ്പോന്നതുകൊണ്ട് അവർ പാണ്ഡവർക്ക് തലവേദന സൃഷ്ടിക്കുന്നവളായി. ‘എൻ്റെ ചങ്ങാതിമാർ’ എന്ന് ഊന്നിപ്പറയുന്ന കൃഷ്ണൻ ദ്രൗപദിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്നതിൻ്റെ തെളിവുകളൊന്നും ഈ ഭാഗത്ത് കാണാനില്ല. മാത്രമല്ല, അമ്മയുടെ ശിക്ഷണത്തിൻ്റെ അഭാവമാണ് ദ്രൗപദിയുടെ മക്കളെ വികൃതികളാക്കിയത് എന്ന പരോക്ഷമായ ആരോപണം കൂടി കൃഷ്ണൻ ഉന്നയിക്കുന്നു.


iii. യുദ്ധത്തിന്റെ ഉത്തരവാദിയും യുദ്ധവിരുദ്ധയും
ത്രേതായുഗത്തിന്റെ അന്ത്യത്തിനുതന്നെ കാരണക്കാരി മഹാഭാരതയുദ്ധത്തിലേക്ക് കൗരവരെയും പാണ്ഡവരെയും എത്തിച്ച ദ്രൗപദിയാണ് എന്ന ആക്ഷേപം മഹാഭാരത പാഠങ്ങൾ ഉന്നയിച്ചുപോരുന്നു. എന്നാൽ ദ്രൗപദിയുടെ മഹാഭാരതമായ മായാമന്ദിരം എന്ന നോവലിൻ്റെ തുടക്കത്തിൽത്തന്നെ ചോരപ്പുഴയിൽ അവസാനിക്കുന്ന കഥകളെ, അവയെ വീരേതിഹാസമായി വാഴ്ത്തുന്നതിനെ ദ്രൗപദി എതിർക്കുന്നുണ്ട്. ഒരു യുദ്ധേതിഹാസത്തിൽ “ആരുടെ ചോര? എപ്പോൾ? എത്ര തവണ?” എന്ന് യുദ്ധത്തിനു മുൻപുതന്നെ മുന്നറിയിപ്പ് നൽകുന്ന ഒരേയൊരു കഥാപാത്രം ദ്രൗപദിയാണ്. യുദ്ധത്തിന്റെ ആവശ്യം എന്താണെന്നും രാജാക്കന്മാരുടെ കീർത്തിക്ക് വേറെ വഴി നോക്കിക്കൂടെ എന്നും ചിന്തിക്കുന്ന, അവരെ ആ മാർഗ്ഗങ്ങൾ പഠിപ്പിക്കാനാഗ്രഹിക്കുന്ന ദ്രൗപദിയെ നോവൽ ചിത്രീകരിക്കുന്നു. 


ലക്ഷോപലക്ഷം സ്ത്രീകൾ വിധവകളാക്കപ്പെട്ട യുദ്ധത്തിന്റെ ഉത്തരവാദി ദ്രൗപദിയാണ് എന്ന ആരോപണത്തെ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട പോരാളികളുടെ വിധവകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന ദ്രൗപദിയുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ഒരു രാജ്ഞി പ്രജകളെ അഭിസംബോധന ചെയ്യുന്നതുപോലെ തുടങ്ങി ഒരു അമ്മ വേറെ കുറെ അമ്മമാരോട് സംസാരിക്കുന്ന രീതിയിലേക്ക് മാറിയ അതിന്റെ അവസാനം ദ്രൗപദി ഉൾപ്പെടെ എല്ലാ അമ്മമാരും വിതുമ്പിക്കരഞ്ഞു(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:315) എന്ന് നോവൽ രേഖപ്പെടുത്തുന്നു. മാത്രമല്ല, “മറ്റുള്ള സ്ത്രീകളുമായി വേദനകൾ പങ്ക് വെക്കുവാൻ വേണ്ടി സ്ത്രീകൾക്ക് മാത്രമായി ഒരു സഭ ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:324). പൂർണ്ണ ഗർഭിണിയായിരുന്ന ഉത്തര ഉൾപ്പെടെ ആ സഭകളിൽ പങ്കുകൊണ്ടതായി നോവൽ രേഖപ്പെടുത്തുന്നുണ്ട്. “ഒരു പക്ഷേ,  ആ യോഗങ്ങളിൽ വെച്ചായിരിക്കണം, ഗർഭാശയത്തിൽ ഉണർന്നിരുന്ന പരീക്ഷത്തിന് ന്യായധർമ്മങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകൾ കിട്ടിയത്”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:324-325) എന്നും ദ്രൗപദി വ്യക്തമാക്കുന്നുണ്ട്. സ്ത്രീകൾ കേവലം സഭ കൂടുക എന്നതിനപ്പുറത്തേക്ക് വഴിയാധാരമായ സ്ത്രീകളെ അവരവരുടെ വീട്ടിലേക്ക് തിരിച്ചയച്ച് സ്വന്തമായി എന്തെങ്കിലും കച്ചവടം ചെയ്ത് ജീവിക്കാനുള്ള മാർഗം കണ്ടെത്തിക്കൊടുക്കാൻ ദ്രൗപദിയുടെ നേതൃത്വത്തിൽ സാധിച്ചതും നോവലിൽ കാണാം(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:326).


ദൂരെനിന്ന് യുദ്ധത്തിന്റെ എല്ലാ പ്രധാനപ്പെട്ട ദൃശ്യങ്ങളും കാണാനുള്ള വിശേഷദൃഷ്ടി അന്ധനായ ധൃതരാഷ്ട്ര മഹാരാജാവിന് വരമായി ലഭിച്ചതിനെപ്പറ്റി മഹാഭാരതപാഠങ്ങൾ വാചാലമാകാറുണ്ട്. അദ്ദേഹം ആ വരം നിരസിക്കുകയും തന്റെ വിശ്വസ്തനും സാരഥിയുമായ സഞ്ജയന് നൽകാൻ ആവശ്യപ്പെടുകയും സഞ്ജയന്റെ വിവരണങ്ങളിൽനിന്ന് യുദ്ധവൃത്താന്തങ്ങൾ അറിയുകയും ചെയ്തു. എന്നാൽ അതേ വരം ലഭിച്ച ഒരാൾ കൂടിയുണ്ട് – അത് ദ്രൗപദിയായിരുന്നു. യുദ്ധം ഉടനീളം കാണേണ്ടിവരുന്നത് അനുഗ്രഹമാണോ ശാപമാണോ എന്നു സംശയിക്കത്തക്കവിധം സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ട് അവർക്ക് എല്ലാത്തിനും സാക്ഷിയാകേണ്ടിവരുന്നു. ഇതേ ദ്രൗപദിയെയാണ് സ്ത്രീയാണെന്ന ഒറ്റക്കാരണത്താൽ യുദ്ധത്തിന്റെ കാരണക്കാരിയായി മുദ്ര കുത്തുന്നത്.


iv. കുലീനയായ രാജകുമാരി
പാഞ്ചാലദേശത്തെ രാജകുടുംബത്തിലെ സ്ത്രീകളെ സൂര്യൻ പോലും നോക്കാൻ പാടില്ലെന്ന നിയമത്തിനു കീഴിലാണ് ദ്രൗപദി വളർന്നുവന്നത്. ഒരു ക്ഷത്രിയസ്ത്രീയുടെ ജീവിതത്തിലെ പരമപ്രധാനമായ ഉദ്ദേശ്യം അവളുടെ ജീവിതത്തിലെ യോദ്ധാക്കൾക്ക് പിന്തുണ കൊടുക്കുക എന്നതാണ് എന്ന് വിശ്വസിച്ചിരുന്നവരുടെ ഇടയിലാണ് ദ്രൗപദി ജീവിച്ചത്. അവളുടെ സഹോദരന് നൽകുന്നതിന് സമാനമായ വിദ്യാഭ്യാസമാണ് അവൾക്കും നൽകേണ്ടത് എന്നത് അസംബന്ധമായി കരുതിയിരുന്ന മഹാരാജാവിനോട് എതിർപ്പും അതൃപ്തിയും വാശിയും പ്രകടിപ്പിച്ചാണ് അവൾ ധൃഷ്ടദ്യുമ്നന്റെ ഗുരുനാഥനിൽനിന്നുതന്നെ വിദ്യ അഭ്യസിക്കാൻ ആരംഭിച്ചത്. എന്നാൽ ഒരു പെൺകുട്ടിയുടെ സാന്നിധ്യം ഗുരുവിനെ അങ്കലാപ്പിലാക്കിയേക്കാം എന്ന കാരണത്താൽ തിരശ്ശീലയുടെ മറവിലിരുന്നാണ് ദ്രൗപദി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്ന് മായാമന്ദിരം ഊന്നിപ്പറയുന്നു.


ധൃഷ്ടദ്യുമ്നനാണ് ദ്രൗപദിയെ ഏറ്റവും കൂടുതൽ ചേർത്തുപിടിച്ചതെങ്കിലും ഒരു ഘട്ടത്തിൽ അദ്ദേഹവും “… നീ ചരിത്രം മാറ്റാൻ നിയോഗമുള്ളവളുമാണ്. സാധാരണ പെൺകുട്ടികളെപ്പോലെ പെരുമാറാൻ നിനക്ക് അവകാശമില്ല”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:89) എന്ന് പറയുന്നുണ്ട്. ദ്രൗപദിയുടെ സഹോദരൻ തന്നെയായ ശിഖണ്ഡിയുമായുള്ള സംഭാഷണങ്ങളും ഇത്തരുണത്തിൽ പ്രസക്തമാണ്. നിന്നെ മാനം കെടുത്തിയതിന് ഒരു പുരുഷൻ പകരം ചോദിക്കും എന്ന് കരുതി കാത്തിരുന്നാൽ നീ അനന്തമായി കാത്തിരിക്കുകയേ ഉള്ളൂ എന്ന് ദ്രൗപദിയോട് പറയുന്നത് ശിഖണ്ഡിയാണ്. ദ്രൗപദിക്ക് വരാനിരിക്കുന്ന മാനഭംഗങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് ശിഖണ്ഡി നൽകുന്ന ഈ മുന്നറിയിപ്പുകൂടിയാകുന്നതോടെ അച്ചടക്കമല്ല, പ്രതിരോധമാകണം മുഖമുദ്ര എന്ന തീരുമാനത്തിലേക്ക് അവള്‍ എത്തുന്നു. അത്തരം പ്രതിരോധങ്ങൾ ദ്രൗപദിയുടെ ശാഠ്യമായാണ് വായിക്കപ്പെട്ടതെങ്കിലും സ്ത്രീവാശി(female obduracy)2 യാണത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് നോവൽ നായികയെ അവതരിപ്പിച്ചിരിക്കുന്നത്.


ദ്രൗപദിയുടെ വിവാഹം സ്വയംവരമായിരിക്കുമെന്ന് ദ്രുപദ മഹാരാജാവ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ദ്രൗപദിക്ക് തനിക്കിഷ്ടപ്പെട്ട ഒരാളെ തെരഞ്ഞെടുക്കാനുള്ള അവസരം യഥാർത്ഥത്തിൽ കിട്ടുന്നില്ല. രാജാവ് പ്രഖ്യാപിച്ച വളരെ ദുഷ്കരമായ ആയുധപരീക്ഷയിൽ വിജയിക്കുന്ന ആളെ മാത്രമേ ദ്രൗപദി വിവാഹം ചെയ്യൂ എന്ന നിബന്ധന അർജുനന് മാത്രം അനുകൂലമായിരുന്നു. വിവാഹവേദിയുടെ മുകളിൽ വട്ടംവയ്ക്കുന്ന ഒരു ലോഹമത്സ്യത്തിൻ്റെ കണ്ണിൽ അമ്പെയ്തു കൊള്ളിക്കണം. അതും ലക്ഷ്യത്തെ നേരിട്ട് നോക്കാതെ താഴെയുള്ള കുളത്തിലെ ഇളകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലെ പ്രതിബിംബത്തെ മാത്രം നോക്കി വേണം ലക്ഷ്യം ഭേദിക്കാൻ. സ്വന്തം ആയുധങ്ങൾക്കു പകരം ലോകത്തിലെ ഏറ്റവും ഭാരമുള്ള, ദ്രുപദൻ ദേവന്മാരിൽനിന്ന് കടം വാങ്ങിയ, ഒരുവിധപ്പെട്ട ആർക്കും ഒന്നുയർത്താനോ വില്ലുകെട്ടാനോ കഴിയാത്ത ‘കിന്‌ധര’ എന്ന വില്ലാണ് ഉപയോഗിക്കേണ്ടത്. അർജുനൻ ദ്രൗപദിയെ വിവാഹം കഴിച്ചാൽ, പിന്നെ അർജുനന് പാഞ്ചാലദേശത്തിനെതിരെ യുദ്ധം ചെയ്യാനാവില്ല എന്നതിനാലാണ് ഈ ആസൂത്രണം മുഴുവൻ നടക്കുന്നത് എന്ന് ദ്രൗപദി തിരിച്ചറിയുന്നുണ്ട്. ദ്രൗപദിയുടെ ഈ കൂർമ്മബുദ്ധിയാണ് അവൾ കുലീനത്വമില്ലാത്ത അഹങ്കാരിയാണ് എന്ന ചാപ്പയ്ക്ക് കാരണമാകുന്നത്.


v. പാതിവ്രത്യത്തിന്റെ അഞ്ചുപർവ്വങ്ങൾ
സ്വയംവരത്തിലൂടെ അർജുനൻ്റെ കഴുത്തിലാണ് വരണമാല്യം ചാർത്തിയതെങ്കിലും ദ്രൗപദിക്ക് പാണ്ഡവര്‍ അഞ്ചു പേരുടെയും ഭാര്യയാകേണ്ടി വരുന്നു. കുന്തിയുടെ നിർദ്ദേശത്തെ അക്ഷരംപ്രതി സ്വീകരിക്കുന്നതിലുള്ള അസംബന്ധം ദ്രുപദനും ധൃഷ്ടദ്യുമ്നനും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അഞ്ചു പേരേയും വിവാഹം കഴിക്കട്ടെ എന്ന് വ്യാസൻ പണ്ഡിതമതം വെളിപ്പെടുത്തിയതോടെ ദ്രൗപദിക്ക് കോപവും നിസ്സഹായതയും അനുഭവപ്പെടുന്നു. തൻ്റെ വിവാഹം കേവലം ഒരു രാജ്യതന്ത്രമാണെന്നിരിക്കെ പാണ്ഡവരെ പിണക്കുന്ന ഒരു നിലപാട് പാഞ്ചാലം കൈക്കൊള്ളില്ല എന്ന് ദ്രൗപദിക്ക് ഉറപ്പുമുണ്ട്.


“പുരുഷന്മാർ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന സ്വാത്രന്ത്യം അവസാനം ഇന്ന് എനിക്ക് കിട്ടിയെന്ന് പറഞ്ഞ് ധായമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ പല ഭാര്യമാരുള്ള പുരുഷനിൽനിന്ന് വ്യത്യസ്തമാണ് എൻ്റെ സ്ഥിതി. പുരുഷന്മാരെപ്പോലെ ആരുടെ കൂടെ, എപ്പോൾ കഴിയണം എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. എൻ്റെ ഇഷ്ടമോ അനിഷ്ടമോ നോക്കാതെ ഒരു സമൂഹ ആസ്തി പോലെ ഞാൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റപ്പെടും”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:120). 


തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയിലും സമൂഹ ആസ്തി എന്ന പ്രയോഗത്തിലും ഊന്നൽ കൊടുത്തുകൊണ്ടാണ് ദ്രൗപദി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. സമാനമാണ് കന്യകാത്വവരത്തെ സംബന്ധിച്ച പ്രതികരണവും. ആ വരം കൊണ്ട് തനിക്കല്ല തൻ്റെ ഭർത്താക്കന്മാർക്കാണ് പ്രയോജനമെന്ന് ദ്രൗപദി ഉറക്കെപ്പറയുന്നു – “കന്യകാത്വവരവും എനിക്ക് പ്രത്യേകിച്ച് ഒരു സന്തോഷമോ ആവേശമോ തന്നില്ല. എൻ്റെ ഭർത്താക്കന്മാർക്കല്ലേ അതിൻ്റെ പ്രയോജനം? സ്ത്രീകൾക്ക് കിട്ടുന്ന വരങ്ങളുടെ പ്രത്യേകത ആണത് – ആവശ്യമില്ലാത്ത സമ്മാനങ്ങൾ പോലെ”(അതേ പുറം).


വിവാഹം കഴിച്ചാൽ ഭർത്താവിൻ്റെ യാതനകൾ പങ്കിടുക എന്നത് ഭാര്യയുടെ ധർമ്മമാണ് എന്ന നാട്ടുനടപ്പ് മൂലം വധുവിൻ്റെ വീട്ടുകാർ വിവാഹിതയുടെ സൗകര്യങ്ങളിൽ വലിയ താല്പര്യമെടുക്കാറില്ല എന്നതിനും നോവൽ ഒരുദാഹരണം മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വയംവരം കഴിഞ്ഞ് ഒരു ദരിദ്ര ബ്രാഹ്മണൻ്റെ കൂടെ (ദരിദ്ര ബ്രാഹ്മണൻ്റെ വേഷത്തിലെത്തുന്ന അർജുനൻ) എല്ലാ ആഢംബരങ്ങളും വെടിഞ്ഞ് കാട്ടിലേക്ക് പോകുന്ന ദ്രൗപദിയെ ധൃഷ്ടദ്യുമ്നൻ പിന്തുടരുന്നുണ്ട്. ഭൗതിക സാഹചര്യങ്ങൾ തീർത്തും ശോചനീയമായ ഒരന്തരീക്ഷത്തിലേക്കാണ് തങ്ങളുടെ രാജകുമാരിയെ കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്നത് എന്നതിൽ പ്രതിഷേധിക്കുകയായിരുന്നില്ല ധൃഷ്ടദ്യുമ്നൻ്റെ വരവിൻ്റെ പ്രാഥമികോദ്ദേശ്യം. വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും കൊണ്ടുവന്നിരുന്നു എന്ന പരാമർശമുണ്ടെങ്കിലും പാഞ്ചാലദേശത്തിൻ്റെ നയതന്ത്രത്തിന് അനുഗുണമാംവണ്ണം അർജുനനെത്തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുകയായിരുന്നു പ്രധാനം.


പാണ്ഡവരോട് പുലർത്തിയ കൂറിനും വിശ്വസ്തതയ്ക്കും പാതിവ്രത്യത്തിനും അവരെ സമീപിക്കുന്നതിനുള്ള നിയമങ്ങളോടുള്ള സമ്പൂർണ്ണ വിധേയത്വത്തിനും പ്രതിഫലമായി എന്തു കിട്ടി എന്ന ചോദ്യത്തിന് ദ്രൗപദിയെ വിറ്റും ചൂതു കളിച്ചു എന്നതാണ് ഉത്തരം എന്നോർമ്മിപ്പിക്കുന്ന ഭാഗങ്ങൾ നോവലിലുണ്ട്. വനവാസക്കാലത്ത് പാണ്ഡവരെ സന്ദർശിച്ച ഒരു മുനി നല്ലവർക്കു പോലും അജ്ഞാതമായ കാരണങ്ങളാൽ യാതനകൾ അനുഭവിക്കേണ്ടിവരുമെന്ന ഗുണപാഠം അവതരിപ്പിക്കാനായി നള – ദമയന്തി കഥ പറയുന്നു. നളന് കലി ആവേശിച്ച തൻ്റെ സഹോദരൻ പുഷ്കരനുമായുള്ള ചൂതുകളിയിൽ രാജ്യമുൾപ്പടെ സർവ്വസ്വവും നഷ്ടപ്പെട്ടു എന്നു പറയുമ്പോൾ ദ്രൗപദി ചിന്തിക്കുന്നത് – “പക്ഷേ നളൻ തൻ്റെ ഭാര്യയെ വാതു വെച്ചില്ല”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:208) എന്നാണ്. ദമയന്തി തന്നെക്കാൾ നല്ല ഒരു സ്‌ത്രീ ആയിരുന്നല്ലോ എന്ന് ചിന്തിക്കുന്ന ദ്രൗപദി തുടർന്നാലോചിക്കുന്നത് ‘നല്ല’ എന്ന വാക്കാണോ ശരി എന്നാണ്. സഹനശക്തി എപ്പോഴാണ് ഒരു സദ്ഗുണം ആകുന്നത്, എപ്പോഴാണ് ഒരു ദൗർബ്ബല്യം ആകുന്നതെന്നും ദ്രൗപദി വിശകലനവിധേയമാക്കുന്നു (ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:210).


അജ്ഞാതവാസക്കാലത്ത് വിരാടരാജധാനിയിൽ രാജ്ഞിയുടെ സൈരന്ധ്രിയായാണ് ദ്രൗപദി കഴിഞ്ഞുകൂടിയത്. കീചകനെതിരെ പരാതി പറയാനായി ദ്രൗപദി വിരാടസഭയിൽ എത്തുമ്പോഴും ആരുടെയും സഹായം ലഭിക്കുന്നില്ല എന്നു മാത്രമല്ല “ഈ നാടകം അവസാനിപ്പിച്ച് അന്ത:പുരത്തിലേക്ക് ഉടൻ മടങ്ങ്”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:231) എന്ന് യുധിഷ്ഠിരൻ ആക്രോശിക്കുന്നു. എന്നാൽ “ഞാൻ ഇന്ന് നാടകം കളിക്കുകയാണെങ്കിൽ അതിന് കാരണക്കാരൻ ആരാണ്?”(അതേ പുറം) എന്ന ദ്രൗപദിയുടെ മറുചോദ്യത്തിന് ഉത്തരം ലഭിക്കുന്നുമില്ല.


അഞ്ച് ഭാര്യമാരുടെയും ഒരു രാജ്ഞിയുടേയും ചുമതലകൾ ഊർജ്ജം മുഴുവൻ അപഹരിച്ചതിനാലായിരിക്കാമെങ്കിലും ഒരു നല്ല അമ്മയാകാൻ കഴിഞ്ഞില്ല എന്നതിൽ കുറ്റബോധവും പേറിയാണ് ദ്രൗപദി ജീവിച്ചത്. അതിനാലാണ് തൻ്റെ മക്കളോട് വളരെയധികം സ്നേഹമുണ്ടായിരുന്നെങ്കിലും മാതൃഭാവം കുറവായിരുന്നത് എന്ന് അവർ ഖേദപൂർവ്വം സൂചിപ്പിക്കുന്നുണ്ട്(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:148). കുറ്റബോധത്താല്‍ ഉഴറുന്നതോടെ അവകാശബോധം നഷ്ടപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ പ്രതിനിധിയായിക്കൂടിയാണ് ദ്രൗപദി നോവലില്‍ പ്രത്യക്ഷപ്പെടുന്നത്.


vi. സ്ത്രീയുടെ വിശ്വസ്തതയും സ്വാതന്ത്ര്യവും
ഒരു സ്ത്രീയുടെ വിശ്വസ്തതയ്ക്ക് അവളുടെ സ്വാതന്ത്ര്യത്തിൻ്റെ വില കൊടുക്കേണ്ടിവരുമെന്ന് ദ്രൗപദിയുടെ ജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ നോവൽ സമർത്ഥിക്കുന്നു. ഇച്ഛാനുസരണം പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കുന്ന വിധേയത്വമാണ് സ്ത്രീകളുടെ വിശ്വസ്തത എന്ന് ദ്രൗപദി തിരിച്ചറിയുന്നു. സ്വയംവരവേദിയിൽ കർണ്ണൻ ഇരിക്കുമ്പോൾ ദ്രൗപദിയുടെ മനസ്സിൽ നടന്നത് വിശ്വസ്തതയും ആഗ്രഹവും തമ്മിലുള്ള പോരാട്ടമായിരുന്നു. ആ സംഘർഷം മനസ്സിലാക്കാനുള്ള പക്വത പ്രകടമാക്കുമ്പോഴും വിശ്വസ്തയായിരിക്കാനാണ് ദ്രൗപദി താല്പര്യപ്പെട്ടത്. അഥവാ മറ്റു വഴികളില്ലായിരിന്നു, അവൾക്കു മുന്നിൽ. കർണ്ണനെ വരിച്ചില്ലെന്നു മാത്രമല്ല, കർണ്ണനെ അപമാനിച്ച് ഇറക്കിവിട്ടതും ദ്രൗപദി തന്നെ. തൻ്റെ സഹോദരൻ്റെ മരണത്തിന് കാരണക്കാരി താനായിരിക്കും എന്ന പ്രവചനത്തെ ഭയന്ന് ഈ അവസരത്തിൽ അത് സംഭവിക്കാതിരിക്കാനായി ഹോമകുണ്ഡത്തിൽനിന്ന് താൻ ഉയർന്നുവന്നപ്പോൾ ആദ്യമായി തൻ്റെ കൈപിടിച്ച, സ്നേഹിച്ച സഹോദരനെ അത്രയെളുപ്പം വിധിക്കു വിട്ടുകൊടുക്കില്ല എന്ന നിശ്ചയമാണ് ദ്രൗപദിയെക്കൊണ്ട് അത് ചെയ്യിച്ചത്. അതിൻ്റെ പേരിൽ ദ്രൗപദി അഹങ്കാരിയായും ജാതിക്കോമരമായും മുദ്രകുത്തപ്പെടുന്നു.


ഒരിടത്ത് ദ്രൗപദി തന്നെയും കുന്തിയെയും ചേർത്ത് പാണ്ഡവരുടെ നന്മയ്ക്കു വേണ്ടിയുള്ള പ്രയാണത്തിലെ സഹയാത്രികമാർ എന്ന് പ്രയോഗിക്കുന്നുണ്ട്(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:115). പുരുഷന്മാരുടെ നന്മ സ്ത്രീകളുടെ ത്യാഗത്തിലധിഷ്ഠിതമാണ് എന്ന രൂഢമൂലമായ വിശ്വാസത്തെയാണ് നോവലിസ്റ്റ് അതിലൂടെ ആവിഷ്കരിക്കുന്നത്.


തൻ്റെ അഭിപ്രായം പറയുക എന്നാൽ അലങ്കോലം സൃഷ്ടിക്കുക എന്നാണെന്ന് വനവാസക്കാലത്ത് ദ്രൗപദി തിരിച്ചറിയുന്നത് നോവൽ ആവിഷ്കരിക്കുന്നുണ്ട്. ധൃഷ്ടദ്യുമ്നൻ കാട്ടിലൊരുക്കിയ വിരുന്നിനിടയിൽ യുധിഷ്ഠിരൻ “ഇത് ഒരു കൊട്ടാരത്തിൽ താമസിക്കുന്നതുപോലെ തന്നെയുണ്ട്”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:205) എന്നു പറയുമ്പോൾ “ഇല്ല. അതുപോലെ ഇല്ല”(അതേ പുറം) എന്ന് ദ്രൗപദി പറയുന്നത് അവർ ശരിക്കും രാജ്ഞിയായ മായാമന്ദിരം എന്ന കൊട്ടാരത്തോടുള്ള അടുപ്പം കൊണ്ടാണെന്ന് ഒരാൾ പോലും മനസിലാക്കുന്നില്ല എന്നുമാത്രമല്ല നാവിനെ ശ്രദ്ധിക്കണമെന്ന താക്കീതിനു പാത്രമാവുകയും വിരുന്ന് അലങ്കോലപ്പെടുത്തിയെന്ന കുറ്റം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു. തൻ്റെ പഴയ സഹോദരിയെയാണ് തനിക്കിഷ്ടമെന്ന് ധൃഷ്ടദ്യുമ്നനും വെളിപ്പെടുത്തുന്നതോടെ ദ്രൗപദി ചിന്തിക്കുന്നത് ഇപ്രകാരമാണ് – “അവൾ മരിച്ചുകഴിഞ്ഞു. അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചവർ എല്ലാം എന്നെ അവഹേളിക്കുന്നത് കണ്ട് മിണ്ടാതിരുന്നപ്പോൾ തന്നെ അവളുടെ പകുതി ഭാഗം മരിച്ചു. മറ്റേ പകുതി, അവളുടെ പ്രിയപ്പെട്ട കൊട്ടാരത്തിൻ്റെ കൂടെ നശിച്ചു. പക്ഷെ ഒരിക്കലും പേടിക്കരുത്. പകരം ഉണ്ടായ സ്ത്രീ അവൾ വിചാരിച്ചതിനേക്കാൾ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:206). 


ദ്രൗപദിയുടെ അറിവുകൾ ഭരണത്തിനായി പ്രയോജനപ്പെടുത്തുമ്പോഴും ദ്രൗപദി തൻ്റെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കാതിരിക്കുന്നതിലാണ് വിശ്വസ്തതയും വിധേയത്വവും എന്ന് പാണ്ഡവർ വിശ്വസിച്ചിരുന്നു. സ്ത്രീയുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് ഭരണനിര്‍വ്വഹണം എന്ന് പുറംലോകം അറിയുന്നതില്‍ പാണ്ഡവരും ലജ്ജിച്ചിരുന്നു എന്നുവേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. “എൻ്റെ കഴിവുകൾ അറിയാനും അംഗീകരിക്കാനും എൻ്റെ ഭർത്താക്കന്മാരും പഠിച്ചു. ഭരണകാര്യങ്ങളിൽ എനിക്ക് പാടവമുണ്ടെന്ന് കണ്ടെത്തിയത് ഞങ്ങളെ ഒരേപോലെ അത്ഭുതപ്പെടുത്തി. ഏതെങ്കിലും തർക്കവിഷയത്തിൽ വിധി പറയുന്നതിന് മുമ്പ് യുധിഷ്ഠിരൻ എന്നോട് അഭിപ്രായം ചോദിക്കുവാൻ തുടങ്ങി. സ്ത്രീശക്തി എങ്ങിനെ പ്രവർത്തിക്കണമെന്ന് മനസ്സിലാക്കിയ ഞാൻ അത്തരം ഉപദേശങ്ങൾ രഹസ്യമായേ പറഞ്ഞുകൊടുത്തുള്ളൂ. പരസ്യമായി ഞാൻ അനുസരണയുള്ള ഭാര്യയായി നിന്നു”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:148).

“നന്മ നിറഞ്ഞ സ്ത്രീകൾ നേരിട്ട് അടുത്ത ജന്മത്തിലേക്ക് പോകുമെന്നും, ഭാഗ്യമുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ പുരുഷനായിരിക്കും എന്നുമാണ് ധൃവിൻ്റെ അദ്ധ്യാപകൻ പറഞ്ഞത്. അത്തരം ലോകങ്ങൾ ഉണ്ടെങ്കിൽ നല്ല സ്ത്രീകൾ പോകേണ്ടത് പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ലോകത്തേക്കാണ് എന്ന് എനിക്ക് തോന്നി; പുരുഷന്മാരുടെ ആവശ്യങ്ങൾ കേൾക്കണ്ടല്ലോ”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:155). തങ്ങളുടെ പുരുഷന്മാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ എന്തു ത്യാഗവും കഠിനപരീക്ഷകളും സഹിക്കേണ്ടിവരുന്ന സ്ത്രീകളുടെ മനോവ്യാപാരമാണ് മേൽ ഉദ്ധരിച്ച വരികളിൽ വ്യക്തമാകുന്നത്. വിധേയത്വത്തിൻ്റെ പേരിൽ തങ്ങൾക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന ഭാരങ്ങളിൽനിന്നുള്ള മോചനമാണ് അവളുടെ സ്വർഗ്ഗമെന്നും പുരുഷനാവുകയല്ല പുരുഷനില്ലാത്ത ലോകത്തെ സ്വാസ്ഥ്യമാണ് അഭികാമ്യമെന്നും ദ്രൗപദി ചിന്തിക്കുന്നു. തൻ്റെ മാത്രമല്ല മറ്റു സ്ത്രീകളുടെയും ജീവിതം സമാനമാണ് എന്നും അവർ വിവാഹത്തിനു മുൻപുതന്നെ നിരീക്ഷിക്കുന്നുണ്ട്. കുന്തിയുടെയും ഗാന്ധാരിയുടെയും വൈവാഹിക ജീവിതത്തെ സംബന്ധിച്ച കഥകൾ അമ്പരപ്പോടെയാണ് ദ്രൗപദി കേൾക്കുന്നത്. ഭർത്താവ് അന്ധനായതിനാൽ കണ്ണു മൂടിക്കെട്ടിയേ നടക്കൂ എന്ന തീരുമാനത്തോട് ദ്രൗപദി മാത്രമല്ല അവളുടെ ആയയായ ധായമ്മയും വിയോജിക്കുന്നു. എൻ്റെ ഭർത്താവ് അന്ധനാണെങ്കിൽ ഞാൻ രണ്ട് കണ്ണും മലർക്കെ തുറന്നുപിടിച്ച് നടക്കാൻ ശ്രദ്ധിക്കുമെന്നും നടക്കുന്ന എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാമല്ലോ എന്നുമാണ് ദ്രൗപദി പറയുന്നത്. ധായമ്മയാകട്ടെ, “ഒരുപക്ഷെ ഒരു അന്ധനെ വിവാഹം കഴിക്കുന്നത് അവരെ അതൃപ്തയാക്കിക്കാണും. രാജകുമാരി ആയതിനാൽ അതിൽനിന്ന് രക്ഷപ്പെടാനും കഴിഞ്ഞിട്ടുണ്ടാവില്ല. ജീവിതം മുഴുവൻ ഓരോ നിമിഷവും അയാളെ കണ്ടുകൊണ്ടിരിക്കണമല്ലോ എന്ന് ഓർത്തായിരിക്കാം ആ തീരുമാനം”(ദിവാകരുണി, ചിത്രാ ബാനര്‍ജി, 2021:77) എന്ന് അഭിപ്രായപ്പെടുന്നു. “ഒരുപക്ഷേ ശക്തയായ സ്ത്രീകൾക്ക് സന്തോഷരഹിതമായ വിവാഹജീവിതമേ വിധിച്ചിട്ടുണ്ടാവുകയുള്ളൂ”(അതേ പുറം) എന്നും ദ്രൗപദി ചിന്തിക്കുന്നു.


ഉപദര്‍ശനങ്ങള്‍
ഇതിഹാസത്തെ പിന്തുടരുമ്പോഴും അതിലേക്ക് വിമര്‍ശനാത്മകമായ ശ്രദ്ധ ക്ഷണിക്കാനും സ്ത്രീ കഥാപാത്രങ്ങളുടെ കര്‍ത്തൃത്വവും നിര്‍വ്വാഹകത്വവും ആവിഷ്കരിക്കാനും ശ്രമിക്കുന്ന നോവലാണ് ‘ദ പാലസ് ഓഫ് ഇല്യൂഷന്‍സ്’ (The Palace of Illusions). നോവലിന്റെ മലയാള വിവര്‍ത്തനം മൂലപാഠവുമായി പലതരം അകലങ്ങളും അടുപ്പങ്ങളും പുലര്‍ത്തുന്നുണ്ട്. ലിംഗാധികാരത്തിന്റേതായ ശ്രേണീവ്യവസ്ഥയെ എഴുത്തുകാരി സമീപിച്ച അത്രയും തീക്ഷ്ണമായി അവതരിപ്പിക്കാന്‍ വിവര്‍ത്തകന് കഴിയാതെ പോയതിന്റെ തെളിവുകള്‍ കണ്ടെത്താനാകും. അര്‍ത്ഥത്തെ കേവലം നിഷ്പക്ഷമായും സുതാര്യമായും കൈമാറുന്ന ഒരു പ്രക്രിയയല്ല വിവര്‍ത്തനമെന്നും വിവര്‍ത്തകരുടെ ലിംഗഭേദം, രാഷ്ട്രീയം, സ്ഥാനം എന്നിവയാല്‍ രൂപപ്പെടുന്ന ഒന്നാണതെന്നുമുള്ള ഫെമിനിസ്റ്റ് വിവര്‍ത്തന സിദ്ധാന്തത്തിന്റെ ഉപദര്‍ശനങ്ങളെ ഇത് ശരിവയ്ക്കുന്നു. ഇതിഹാസത്തില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നതില്‍ തോന്നിയ അതൃപ്തിയാണ് നോവലിന്റെ രചനയിലേക്ക് ചിത്ര ബാനര്‍ജി ദിവാകരുണിയെ നയിച്ചതെങ്കില്‍ അതേ അതൃപ്തി തോന്നാനിടയുള്ള വിടവുകള്‍ വിവര്‍ത്തനത്തില്‍ സംഭവിച്ചിട്ടുണ്ട്. നോവലിസ്റ്റിന്റെ സ്ത്രൈണകര്‍ത്തൃത്വത്തെ ലക്ഷ്യഭാഷയില്‍ എത്തിക്കുന്നതില്‍ വിവര്‍ത്തകന്റെ പുരുഷകര്‍ത്തൃത്വം പൂര്‍ണ്ണമായും സജ്ജമല്ലെങ്കിലും പ്രധാനപ്പെട്ട ആശയങ്ങളെല്ലാം ലക്ഷ്യഭാഷയില്‍ എത്തിക്കാനുള്ള ശ്രമം വ്യക്തമാണ്. ദ്രൗപദിയുടെ മഹാഭാരതം എന്ന ഉപശീര്‍ഷകത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ജനനം മുതല്‍ മഹാപ്രസ്ഥാനം വരെയുള്ള മുഴുവന്‍ ജീവിതകാലയളവിലും ഒരു പോരാളിയായി നിലകൊണ്ട ദ്രൗപദി മലയാളത്തില്‍ ചിത്രീകരിക്കപ്പെടുന്നു. ചിന്തിക്കുകയും ചോദ്യം ചെയ്യുകയും സ്വാഭിപ്രായം പറയുകയും ചെയ്യുന്ന ദ്രൗപദിയുടെ അവതരണം നായകത്വവും പുരുഷ ഗുണങ്ങളും മാത്രം ഉയര്‍ത്തിക്കാട്ടുന്ന മിക്കവാറും മഹാഭാരതകഥകളില്‍നിന്ന് വിഭിന്നമാണ്. അതിനാല്‍ത്തന്നെ ഈ വിവര്‍ത്തനം ലക്ഷ്യഭാഷയിലും മഹാഭാരതത്തിന്റെ ഒരു സമാന്തരപാഠത്തെ സാധ്യമാക്കുന്നു.


കുറിപ്പുകൾ
1. The Undeniable Truth of Hurt and Humiliation, The Undeniable Necessity of Transcending Them.
2. സ്ത്രീവാശി (female obduracy) – ഉപരിപ്ലവമായ മാറ്റങ്ങളിൽ തൃപ്തരാകാത്ത, അടിസ്ഥാനപരമായ സാമൂഹ്യജനാധിപത്യവത്കരണം വേണമെന്ന് ശഠിക്കുന്ന ഒരു മൂല്യബോധമായി ജെ. ദേവിക സ്ത്രീവാശിയെ നിർവ്വചിക്കുന്നു.


ഗ്രന്ഥ/ലേഖനസൂചി
1. ദിവാകരുണി, ചിത്ര ബാനർജി, 2021, മായാമന്ദിരം (വിവ: കെ ടി രാധാകൃഷ്ണൻ), മഞ്ജുൾ പബ്ലിഷിംഗ് ഹൗസ്, ഭോപ്പാൽ.
2. Badrinath, Chaturvedi, 2008, The Women of The Mahabharata, Orient Longman Private Limited, New Delhi.
3. Divakaruni, Chitra Banarjee, 2008, The Palace of Illusions, Random House, New York.
4. Simon, Sherry, 1996, Gender in Translation: Cultural Identity and the Politics of Transmission, Routledge, London.


ഇ – സൂചിക
1. https://scroll.in/article/926184/the-obduracy-of-women-why-j-devika-translated-the-works-of-k-saraswathi-amma-from-malayalam 

About the researcher:

ജയശ്രീ എസ്.

ഗവേഷക, മലയാളവിഭാഗം,

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി 

 

Email: jayasreesreenivasan96@gmail.com

Mob: 9947749017

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted