മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» രാഹുൽ ആർ.
ID: MRK0039
Published on July 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ദ്രൗപദി എന്ന ഇതിഹാസ കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളെയും വിഘടിത സ്വത്വത്തെയും മനോവിശ്ലേഷണ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. പുരാണകഥാപാത്രങ്ങളുടെ ധീരതയും സദ്ഗുണങ്ങളും വാഴ്ത്തുന്ന പരമ്പരാഗത രീതികളിൽ നിന്ന് മാറി, പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ ദ്രൗപദിയെ സങ്കീർണ്ണമായ മാനസിക വ്യാപാരങ്ങളുള്ള ഒരു സാധാരണ സ്ത്രീയായി അടയാളപ്പെടുത്തുന്നു. ഫ്രോയിഡ്, യുങ്, ലക്കാൻ എന്നിവരുടെ സൈദ്ധാന്തിക ചട്ടക്കൂടുകളെ ഉപജീവിച്ച്, ദ്രൗപദിയുടെ സ്ത്രീത്വം രൂപപ്പെടുന്നത് എങ്ങനെയെന്ന് ഈ പഠനം പരിശോധിക്കുന്നു. പിതൃകേന്ദ്രീകൃത മൂല്യവ്യവസ്ഥിതിക്കുള്ളിൽ ദ്രൗപദിയുടെ ആത്മനിഷ്ഠത എങ്ങനെ ശിഥിലമാകുന്നുവെന്നും, നിഷേധിക്കപ്പെട്ട കാമനകൾ അവളുടെ സ്വത്വത്തെ എപ്രകാരം വിഘടിപ്പിക്കുന്നുവെന്നും പ്രബന്ധം അന്വേഷിക്കുന്നു. ഒപ്പം പ്രതിസന്ധികളിൽ നിന്നുള്ള നിദ്രയിലേക്കുള്ള അവളുടെ പിൻവാങ്ങൽ ഒരു നിശബ്ദ പ്രതിരോധമായി മാറുന്നത് എങ്ങനെയെന്നും ദാർശനികമായി സ്ഥാപിക്കാൻ ഈ പഠനം ശ്രമിക്കുന്നു.
താക്കോൽവാക്കുകൾ
മനോവിശ്ലേഷണം, ദ്രൗപദിയുടെ സ്ത്രീത്വം, വിഘടിത സ്വത്വം, അടിച്ചമർത്തലും വിസ്മൃതിയും, മരണപ്രേരണ, അഭൗമീകരണം, പുരുഷാധിപത്യ ഉടമസ്ഥത.
ആമുഖം
മനുഷ്യ ചേതനയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്ന പുരാണങ്ങളും അതിലെ കഥാപാത്രങ്ങളും മനുഷ്യന്റെ സാമൂഹിക-വൈകാരിക ചിന്തകളെ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. ഭാരതത്തിലെ രണ്ട് പ്രധാന ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതം, എല്ലാ പ്രായത്തിലുമുള്ള മനുഷ്യരാശിയുടെ ഉയർച്ചകളെ നേരായി പ്രതിനിധീകരിക്കുന്ന ഒരു പുരാണകഥയാണ്. കേവലമൊരു സാഹിത്യകൃതി എന്നതിലുപരി, ചരിത്രപരവും സാമൂഹികവും ആത്മീയവുമായ പരിണാമങ്ങളിലേക്ക് വെളിച്ചം വീശുന്ന സാംസ്കാരിക കലാസൃഷ്ടിയായി അത് നിലകൊള്ളുന്നു.
പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതി കേവലമൊരു ആഖ്യാന പുനർനിർമ്മിതിയല്ല; മറിച്ച് ഇതിഹാസങ്ങളിലെ വിമൂകമാക്കപ്പെട്ട സ്ത്രീശബ്ദങ്ങളെയും നിഗൂഢവത്കരിക്കപ്പെട്ട മാനസിക വ്യാപാരങ്ങളെയും വീണ്ടെടുക്കാനുള്ള ബോധപൂർവ്വമായ ധൈഷണിക ശ്രമമാണ്. വ്യാസഭാരതത്തിലെ കഥയെയും, കഥാപാത്രങ്ങളെയും, സന്ദര്ഭങ്ങളെയും അതേപടി അദ്ദേഹം പിൻപറ്റുന്നു. കൗന്തേയനായ കർണ്ണന്റെ മാനസിക സംഘർഷങ്ങളിൽ കഥാഖ്യാനത്തെ പുനർകേന്ദ്രീകരിക്കുന്നു. പി. കെ.-യുടെ സ്വതന്ത്ര ചിന്തയുടെ ഉത്തമ ഉദാഹരണമാണ് ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ കർണ്ണ കഥ പറയുന്ന ആഖ്യാന രീതി. തികച്ചും വ്യത്യസ്തരായ കഥാപാത്രങ്ങളെ അവരുടെ മാനസിക വ്യാപാരം കൊണ്ട് അദ്ദേഹം സമന്വയിപ്പിക്കുന്നു. ഓർമ്മിക്കാൻ തക്കവണ്ണം ബാക്കി നിൽക്കുന്ന ഒരു ശുഭ നിമിഷം ഈ കഥാപാത്രങ്ങൾക്കിടയിൽ വ്യാസൻ ബാക്കിവെച്ചിട്ടില്ല. എന്നിട്ടും ഇരുവർക്കുമിടയിൽ കൃത്യമായ ഒരു സമാന്തര രേഖ വരച്ചുകാട്ടാൻ നോവലിസ്റ്റിന് കഴിയുന്നു. ഇരു കഥാപാത്രങ്ങളുടെയും സ്വത്വ സങ്കീർണ്ണതകളെ പുനർവിചിന്തനം ചെയ്യുമ്പോൾ ഇരുവരും നേരിട്ട ധാർമ്മിക പ്രതിസന്ധികളുടെ സമാനത ദർശിക്കാം. ഈ സമാനതയാണ് അവരുടെ മോനോവ്യാപാരങ്ങളെ ഏകീകരിപ്പിക്കുന്ന സൂത്രവാക്യം. പാർശ്വവൽക്കരിക്കപ്പെട്ട ഈ സ്ത്രീ- പുരുഷ കഥാപാത്രങ്ങളെ ഒരുമിച്ചിണക്കാനുള്ള ധൈഷണിക ജാഗ്രത, കേരളചരിത്രത്തിന്റെ ഏടുകളിൽ രാഷ്ട്രീയബോധ്യത്തോടെ വിഹരിച്ച പി. കെ. ബാലകൃഷ്ണൻ എന്ന ചരിത്രകാരനേ കഴിയൂ. ഈ നോവലിലെ ദ്രൗപദിയുടെ സ്വത്വനിർമ്മിതിയെ കുറിച്ചും അവളുടെ ആന്തരിക സംഘർഷങ്ങളെ കുറിച്ചുമുള്ള പഠനത്തിന് സമകാലിക പ്രസക്തി ഏറെയാണ്. ദ്രൗപദിയുടെ ദൃഢനിശ്ചയങ്ങളെക്കാളുപരി അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നീർച്ചുഴികളെയാണ് മനഃശാസ്ത്ര സമീപനങ്ങളിലൂടെ ഈ പഠനത്തിൽ അപഗ്രഥിക്കുന്നത്.
പിത്രാധിപത്യവും സ്ത്രീസ്വത്വ നിർമ്മിതിയും: ഒരു മനോവിശ്ലേഷണ സമീപനം
പരമ്പരാഗത വ്യാഖ്യാനങ്ങൾ പലപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീത്വത്തെ സദ്ഗുണസമ്പന്നതയുടെയും സഹനത്തിന്റെയും ഭക്തിയുടെയും ആദർശവത്കൃത പ്രതീകങ്ങളായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. എന്നാൽ, സമീപകാല സ്ത്രീപക്ഷ-മനോവിശ്ലേഷണ പഠനങ്ങൾ ഈ ആദർശവത്കരണത്തിന്റെ നിർമ്മിതികളെ ദാർശനികമായി തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്നു. പുരാണങ്ങളിൽ സ്ത്രീ ലൈംഗികതയെ സ്വയംഭരണാധികാരമുള്ള ഒന്നായി ചിത്രീകരിക്കുന്നില്ല; മറിച്ച് വിവാഹം, വംശം, ധാർമ്മിക ബാധ്യത എന്നീ പുരുഷാധിപത്യ ഘടനകളുടെ അദൃശ്യ ചരടുകളാൽ കർശനമായി നിയന്ത്രിച്ചിരിക്കുന്നു. പുരുഷാധിപത്യ വ്യവസ്ഥിതിയിൽ രൂപപ്പെടുന്ന രചനകളിലെ അനുചിതമായ അധാർമ്മിക പ്രവണതകളെയും ലിംഗപരമായ അക്രമങ്ങളെയും വിമർശനവിധേയമാക്കുന്നതിലൂടെ, അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുടെയും ആന്തരിക സംഘർഷങ്ങളുടെയും പുതിയൊരു വായനാതലം രൂപപ്പെടുന്നു. പുരുഷാധിപത്യ ഘടനകളുടെ നിയന്ത്രണരേഖകൾക്കുള്ളിൽ സ്ത്രീ ലൈംഗികത എപ്രകാരം സ്വയംഭരണാധികാരമില്ലാത്ത ഒന്നായി മാറുന്നുവെന്ന വസ്തുതയെ അന്വേഷണവിധേയമാക്കുകയാണ് ഈ പഠനം.
സ്ത്രീപക്ഷ സിദ്ധാന്തങ്ങളെ മുൻനിർത്തി ദ്രൗപദിയെ അപഗ്രഥിക്കുമ്പോൾ, പുരുഷാധിപത്യം അവളിൽ ചെലുത്തുന്ന അധികാരപ്രയോഗങ്ങളുടെ സൂക്ഷ്മതലങ്ങൾ വെളിവാകുന്നു. സ്ത്രീ ലൈംഗികതയ്ക്ക് സ്വയംഭരണാധികാരം പൂർണ്ണമായും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇതിഹാസത്തിലുള്ളത്. എന്നാൽ നോവലിൽ നിഷേധിക്കപ്പെടുന്ന ആത്മബോധത്തെ ദ്രൗപദി തിരിച്ചറിയുന്നുണ്ട്. കൗരവസഭയിൽ നടന്ന വസ്ത്രാക്ഷേപ ശ്രമം സ്ത്രീശരീരത്തിന്മേലുള്ള പുരുഷാധിപത്യ ഉടമസ്ഥതയുടെ ഏറ്റവും അക്രമാസക്തമായ പ്രകടനമായി വിലയിരുത്തപ്പെടുന്നു. ദ്രൗപദിയുടെ ശരീരത്തെ ഒരു പണയ വസ്തുവായി കണക്കാക്കുകയും പന്തയം വെക്കുകയും ചെയ്യുന്ന പുരുഷസംഹിതകളെ ഇത് തുറന്നുകാട്ടുന്നു. ഇതിനുപുറമെ, ഭർത്താക്കന്മാരെ സേവിക്കുന്നതിനിടയിൽ തന്റെ മക്കളുമായി ഒരു വൈകാരിക ബന്ധം നിലനിർത്താൻ കഴിയാത്തതിൽ ദ്രൗപദി അനുഭവിക്കുന്ന കുറ്റബോധം (Structural Guilt), യഥാർത്ഥത്തിൽ പുരുഷാധിപത്യം നിർമ്മിച്ചെടുത്ത ഒരു ധാർമ്മിക അവസ്ഥ മാത്രമാണ്. അസാധ്യമായ സാഹചര്യങ്ങളിൽപ്പോലും വൈകാരിക പരിചരണത്തിന്റെ ഉത്തവാദിത്തം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അവസ്ഥ, മറ്റൊരു മാനസിക അടിച്ചമർത്തൽ സംവിധാനമായി മാറുന്നു. പരിഹരിക്കപ്പെടാത്ത നഷ്ടവും തകർന്ന ആത്മബോധവുമാണ് അവളുടെ ജീവിതത്തെ നയിക്കുന്നത്. ആയതിനാൽ അവളുടെ സ്വത്വം അസ്ഥിരവും വിഘടിച്ചതുമാണ്.
മനോവിശ്ലേഷണ സിദ്ധാന്തങ്ങളിലെ അതികായരായ സിഗ്മണ്ട് ഫ്രോയിഡ്, കാൾ യുങ്, ലക്കാൻ എന്നിവരുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ദ്രൗപദിയുടെ മാനസിക വ്യാപാരങ്ങൾ ഈ പ്രബന്ധത്തിൽ അപഗ്രഥിച്ചിരിക്കുന്നത്. ആ സിദ്ധാന്തങ്ങളുടെ സാമാന്യ വിവരണങ്ങൾ ചുവടെ ചേർക്കുന്നു.
ദമനം (Repression): മനഃശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആശയങ്ങളിലൊന്നാണിത്. സാമൂഹികമായി അംഗീകരിക്കപ്പെടാത്തതോ, വ്യക്തിക്ക് വേദനയുണ്ടാക്കുന്നതോ ആയ ആഗ്രഹങ്ങൾ, ഓർമ്മകൾ, വികാരങ്ങൾ എന്നിവയെ ബോധമനസ്സിൽ നിന്നും അബോധമനസ്സിലേക്ക് (Unconscious mind) തള്ളിമാറ്റുന്ന പ്രക്രിയയാണിത്. അതായത് തീവ്രമായ ആഗ്രഹത്തിന്റെ വിഫലീകരണം മൂലം ആഗ്രഹം ദമിതമാക്കപ്പെടുന്നു. (സദാനന്ദൻ, 2021:239)
മാനസികാഘാതം (Trauma): അങ്ങേയറ്റം വേദനാജനകവും ഭയാനകവുമായ അനുഭവങ്ങൾ ഒരു വ്യക്തിയുടെ വൈകാരികവും മാനസികവുമായ പ്രതിരോധശേഷിയെയും സന്തുലിതാവസ്ഥയെയും തകർക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണിത്. ഫ്രോയിഡിയൻ മനോവിശ്ലേഷണ സിദ്ധാന്തപ്രകാരം, മനസ്സിന് ഉൾക്കൊള്ളാനോ സ്വാഭാവികമായി പ്രകടിപ്പിക്കാനോ കഴിയാത്തത്ര തീവ്രമായ ആഘാതങ്ങൾ (Psychic trauma) സംഭവിക്കുമ്പോൾ, അവ പൂർണ്ണമായും പരിഹരിക്കപ്പെടാതെ അബോധമനസ്സിലേക്ക് അടിച്ചമർത്തപ്പെടുകയും പിന്നീട് ശാരീരിക അസ്വസ്ഥതകളായോ (Somatic symptoms), ഭയമായോ, ഉത്കണ്ഠയായോ പുറത്തുവരികയും ചെയ്യുന്നു.
മരണപ്രേരണ (Death Drive / Thanatos): മനുഷ്യനിൽ ജീവിതവാസനയ്ക്ക് (Eros) വിപരീതമായി നിലകൊള്ളുന്ന ഒന്നാണ് മരണപ്രേരണ. ഫ്രോയിഡ് അതിനെ ‘സിവിലൈസേഷൻ ആൻഡ് ഇറ്റ്സ് ഡിസ്കൺഡെന്റസ്’ (Civilization and Its Discontents) എന്ന ഗ്രന്ഥത്തിൽ വിലയിരുതുന്നത് ഇപ്രകാരമാണ്: “വിനാശകരമായ പ്രേരണ, അതിന്റെ ഏറ്റവും തീവ്രമായ രൂപത്തിൽ, പിരിമുറുക്കത്തിന് അറുതി വരുത്താൻ ശ്രമിക്കുന്നു, അങ്ങനെ ജീവിതം തന്നെ നശിപ്പിക്കുന്നു” (ഫ്രോയിഡ്, 1930:64). ചുരുക്കത്തിൽ ജീവിതത്തിലെ വേദനകളും സംഘർഷങ്ങളും അസഹനീയമാകുമ്പോൾ, പൂർണ്ണമായ നിശ്ചലതയിലേക്കും ശൂന്യതയിലേക്കും (Inorganic state) മടങ്ങാൻ അബോധമനസ്സ് ആഗ്രഹിക്കുന്ന അവസ്ഥയാണിത്.
അഭാവം (Lack): മനുഷ്യന്റെ ആഗ്രഹങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ലക്കാൻ വാദിക്കുന്നു. “ആഗ്രഹം ഉണ്ടാകുന്നതിന് കാരണമാകുന്നത് അഭാവമാണ്, അത് ഒരിക്കലും പൂർണ്ണമായി തൃപ്തിപ്പെടുന്നില്ല” (ലക്കാൻ, 1978:223). മനുഷ്യന്റെ ആഗ്രഹത്തിന് പ്രേരകമായ ഈ അഭാവത്തെ ഒരിക്കലും പൂർണ്ണമായി നികത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നിഴൽരൂപം (The Shadow): വ്യക്തിയുടെ അബോധമനസ്സിൽ മറക്കപ്പെട്ട ആഗ്രഹങ്ങളെ യുങ് ‘ഷാഡോ’ അഥവാ നിഴൽരൂപം എന്ന് വിളിക്കുന്നു. വ്യക്തിക്ക് അസ്വീകാര്യമോ അസ്വസ്ഥത തോന്നുന്നതോ ആയ ഗുണങ്ങളും പ്രേരണകളും ഇതിൽ ഉൾപ്പെടുന്നു. സാമൂഹികമായി അംഗീകരിക്കപ്പെടാത്തതോ താൻ സ്വയം വെറുക്കുന്നതോ ആയ സ്വഭാവസവിശേഷതകളും വ്യക്തിയുടെ ഷാഡോയാണ്. “ഷാഡോ എന്നത് മുഴുവൻ ഈഗോ-വ്യക്തിത്വത്തെയും വെല്ലുവിളിക്കുന്ന ഒരു ധാർമ്മിക പ്രശ്നമാണ്, കാരണം ഗണ്യമായ ധാർമ്മിക പരിശ്രമമില്ലാതെ ആർക്കും ഷാഡോയെക്കുറിച്ച് ബോധവാന്മാരാകാൻ കഴിയില്ല” (യുങ്, 1951:8) എന്ന് യുങ് ഊന്നിപ്പറയുന്നു.
അഭൗമീകരണം അഥവാ ഉദാത്തീകരണം (Sublimation): അടിച്ചമർത്തപ്പെട്ടതും സാമൂഹികമായി അസ്വീകാര്യവുമായ ഊർജ്ജത്തെ (പ്രത്യേകിച്ച് ലൈംഗിക ഊർജ്ജത്തെ അഥവാ ലിബിഡോയെ) സാമൂഹികമായി അംഗീകരിക്കപ്പെടുന്ന ഉദാത്തമായ മറ്റൊരു രൂപത്തിലേക്ക് വഴിതിരിച്ചുവിടുന്ന പ്രതിരോധ പ്രക്രിയയാണിത്.
ദ്രൗപദി: വിമൂകമാക്കപ്പെട്ട കാമനകളുടെ ഇതിഹാസരൂപം
മഹാഭാരതത്തിന്റെ പുനരാഖ്യാനങ്ങളിൽ ഏറിയ പങ്കും ദ്രൗപദിയുടെ ദൃഢനിശ്ചയവും ചെറുത്തുനിൽപ്പും എടുത്തുകാട്ടി ആഘോഷിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാൽ പി.കെ. ബാലകൃഷ്ണന്റെ ആഖ്യാനത്തിൽ, സ്ത്രൈണമായ വിചാരവികാരങ്ങളുടെ നീർച്ചുഴിയിൽ ഉഴറുന്ന നായികയായി ദ്രൗപദി മാറുന്നു. തന്റെ ജീവിതത്തിലെ ദുർഘടമായ സാഹചര്യങ്ങളെ ധീരോദാത്തമായി നേരിട്ട് മറികടക്കാനുള്ള ആർജ്ജവം ‘പാഞ്ചാലി’ പ്രകടമാക്കുന്നു. ഇത്തരം ശക്തമായൊരു സ്ത്രീ കഥാപാത്രമായിരുന്നിട്ടും തന്റെ ലൈംഗിക സ്വത്വം ആനന്ദം, അടുപ്പം അല്ലെങ്കിൽ സ്വയംഭരണം എന്നിവയിലൂടെ പ്രകടിപ്പിക്കാനുള്ള സാഹചര്യം ദ്രൗപദിക്ക് പൂർണ്ണമായും ലഭിക്കുന്നില്ല. യുദ്ധാനന്തരം രൂപപ്പെട്ട ദുഃഖഭരിതമായ സാഹചര്യത്തിൽ അവ പ്രകടമാക്കാൻ അവൾക്ക് പരിമിതികളുണ്ട്. എന്നാൽ തന്റെ ഭൂതകാല ഓർമ്മകളിലേക്ക് വഴുതിവീഴുമ്പോഴും സ്ത്രീസ്വത്വത്തിന്റെ അത്തരം സാധ്യതകളിലേക്ക് അവൾക്ക് പൂർണ്ണമായും എത്താൻ കഴിഞ്ഞിട്ടില്ല. ത്യാഗം, നിശബ്ദത, കുറ്റബോധം, എന്നിവയിലൂടെ തന്റെ സ്ത്രൈണസ്വത്വത്തെ കണ്ടെത്തുന്ന പൃഥയെയാണ് നോവലിൽ നാം അഭിമുഖീകരിക്കുന്നത്. മറ്റേതൊരു സ്ത്രീയെപ്പോലെയും അവൾ പ്രാഥമികമായി ഒരു ഭാര്യയായും അമ്മയായും ധാർമ്മിക പ്രതീകമായും ജീവിക്കുന്നു. എന്നാൽ അപൂർവ്വമായി അവളിലെ വ്യക്തിപരവും, വൈകാരികവും, ലൈംഗികവുമായ ആവശ്യങ്ങളിലേക്കുള്ള ചില സൂചനകൾ നോവലിൽ പ്രകടമാണ്.
ശരീരത്തിന്റെ നിശബ്ദഭാഷണവും അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ ഭൗതികവൽക്കരണവും ദ്രൗപദിക്ക് തീവ്രമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുവെന്ന സൂചന നോവൽ ആഖ്യാനത്തിലെ വിവിധ സന്ദർഭങ്ങളിൽ പ്രകടമാണ്. “വിഷലിപ്തമായ പുകച്ചുരുളുകളായി വിചാരങ്ങൾ നെഞ്ചിൽ നിറഞ്ഞുനില്ക്കുന്നതായും, ശ്വാസോച്ഛ്വാസത്തിനു തടസ്സമുണ്ടാക്കുന്നതായും അവൾക്കു തോന്നി. ഹിമത്തിന്റെ ശൈത്യവും ലോഹക്കട്ടിയുടെ ഗുരുത്വവും ആവഹിച്ചു കൊണ്ട് ശിരോഭാഗത്തേക്ക് ആ ധൂമപടലം സംക്രമിക്കുന്നു. തലയ്ക്കു ഭാരം വച്ചതായും, കനം തൂങ്ങുന്ന ശിരസ്സിൽനിന്നും സിരകളിലേക്ക് തണുപ്പിന്റെ വീചികൾ പ്രസരിക്കുന്നതായും തോന്നുന്നതെന്താണ്? ” (ബാലകൃഷ്ണൻ, 2024:211) ചിന്തകൾ നെഞ്ചിൽ നിറയുന്ന വിഷപ്പുക പോലെ വിവരിക്കുന്നതും, ഞരമ്പുകൾ മരവിച്ചതായ സൂചനയും പാഞ്ചാലിയുടെ ശരീരം ക്ഷീണിതമാണെന്ന് വ്യക്തമാക്കുന്നു. ഫ്രോയിഡിയൻ വീക്ഷണത്തിൽ ഈ ശാരീരിക ലക്ഷണങ്ങൾ അടിച്ചമർത്തലിന്റെ മാനസിക ശാരീരിക പ്രകടനങ്ങളെ പ്രതിനിധീകരിക്കുന്നു. അതായത് മാനസികമായ അസ്വസ്ഥതകളാണ് അവളുടെ ശാരീരികമായ ദുർബലതകൾക്ക് ആധാരം. ദ്രൗപതി ദുഃഖം, കോപം, ലൈംഗിക വാഞ്ഛ, നീരസം, നിരാശ എന്നിവയെ അടിച്ചമർത്തുന്നു. വിവിധ സന്ദർഭങ്ങളിലുണ്ടായ ഈ വികാരങ്ങളെല്ലാം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന അവൾ, അവ സ്വന്തം ശരീരത്തിലേക്ക് തിരിച്ചുവിടാൻ നിർബന്ധിതയാകുന്നു. മനസ്സിന്, വേദന വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്തപ്പോൾ, ശരീരം സംസാരിക്കുന്നു. അതിനാൽ അവളുടെ കഷ്ടതകൾ കേവലം ശാരീരികമല്ല. അത് ആന്തരിക സംഘർഷത്തിന്റെ ഒരു തരം ഭൗതികവൽക്കരണമാണ്.
അവളുടെ അസ്വസ്ഥമായ ശാരീരിക അനുഭവം സ്വന്തം ശാരീരികതയിൽ നിന്നുള്ള അകൽച്ചയെ പ്രതിഫലിപ്പിക്കുന്നു. അഥവാ ലൈംഗിക സ്വത്വത്തിനേറ്റ നിരന്തരമായ ക്ഷതം മൂലം ദ്രൗപദിക്ക് സ്വന്തം ശരീരത്തിൽ നിന്ന് തന്നെ അകൽച്ച (Alienation from the Body) അനുഭവപ്പെടുന്നു. അവളുടെ ശാരീരികമായ അധഃപതനം ലൈംഗിക വിരക്തിയെയും ആഗ്രഹനഷ്ടത്തെയും പ്രതിഫലിപ്പിക്കുന്നു. ഒപ്പം ജീവിതത്തിലുടനീളം അഭിമുഖീകരിച്ച അടിച്ചമർത്തലിന്റെയും ആത്മനിഷേധത്തിന്റെയും മാനസിക സമ്മർദ്ദത്തെ പ്രതീകപ്പെടുത്തുന്നു. അവളുടെ ശരീരം ആനന്ദത്തിന്റെയോ അടുപ്പത്തിന്റെയോ ഒരു ഉറവിടമായി നിലകൊള്ളുന്നില്ല. തന്റെ ശാരീരിക തകർച്ചയെ അധവാ ലൈംഗിക നിരാസക്തിയെ അവൾ സ്വയം തിരിച്ചറിഞ്ഞെന്ന സൂചനയാണ് ലക്കാനിയൻ വീക്ഷണത്തിൽ അപഗ്രഥിക്കുമ്പോൾ മനസ്സിലാകുന്നത്. “എനിക്കിനി വിപത്തുകളെ ഭയപ്പെടാനില്ല” (ബാലകൃഷ്ണൻ, 2024:31) എന്ന പ്രഖ്യാപനവും, “ദ്രൗപദീ, നീ ഏകാകിനിയാണ്!…” (ബാലകൃഷ്ണൻ, 2024:37) എന്ന ബോധ്യവും ദ്രൗപദിയുടെ ദമിതമായ ലിബിഡോയുടെ അവസ്ഥ വ്യക്തമാകുന്നു. അവളുടെ സുഖകാംക്ഷകളും ആഗ്രഹങ്ങളും ഭർതൃസ്നേഹത്തിന്റെ സങ്കുചിത വലയത്തിൽ ശ്വാസംമുട്ടി മൃതിയടയുകയാണുണ്ടായത്.
വൈകാരിക ശൂന്യതയും മരണവാസനയും
നിദ്ര ദ്രൗപദിയുടെ മനസ്സിന്റെ സ്വസ്ഥതയെയും അതേസമയം ബോധപൂർവ്വമായ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള പിൻവാങ്ങലിനെയും പ്രതീകപ്പെടുത്തുന്നു. “മനുഷ്യനുവേണ്ടി ഉറക്കം സൃഷ്ടിച്ച ഈശ്വരൻ എത്ര കരുണാമയനാണ്! താൻ മതിമറന്നുറങ്ങിയിട്ടു വർഷങ്ങൾ പലതായെന്നു വേദനയുടെ ഒരു പിടച്ചിലോടെ അവൾ ഓർത്തു. പരമമായ ആ ദയാദാക്ഷിണ്യത്തിനു വെളിയിലാണു താൻ.” (ബാലകൃഷ്ണൻ, 2024:31) എന്ന് വേദനയോടെ ഓർക്കുന്ന ദ്രൗപദി, കടമ – ആഗ്രഹം, സഹതാപം – നീരസം, ശക്തി – ദൗർബല്യം എന്നീ വിരുദ്ധ ദ്വന്ദ്വങ്ങൾക്കിടയിൽ തളയ്ക്കപ്പെട്ട അവസ്ഥയിലാണ്. ഭൂതകാലത്തിന്റെ ഓർമ്മകൾ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. സുഖമായൊരു നിദ്രയും ഭൂതകാലത്തിന്റെ മറവിയും ദ്രൗപദി പ്രത്യാശിക്കുന്നു. അവൾ സമാധാനമോ, സന്തോഷമോ, വൈകാരിക ദുഃഖത്തിൽ നിന്ന് പുറത്തുവരാനുള്ള ആശ്വാസ വാക്കുകളോ അന്വേഷിക്കുന്നില്ല.
“യുധിഷ്ഠിരാ, ഞാൻ ഉറങ്ങട്ടെ” (ബാലകൃഷ്ണൻ, 2024:214) എന്ന അവളുടെ അന്തിമമായ അഭ്യർത്ഥന അടിച്ചേൽപ്പിക്കപ്പെട്ട സ്വത്വത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയെന്ന ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. സ്ത്രീക്ക് ആത്മനിഷ്ഠത നിഷേധിക്കുന്ന ഒരു വ്യവസ്ഥയ്ക്കെതിരായ നിശബ്ദ പ്രതിരോധമായി അതിനെ വായിക്കാൻ കഴിയും. ഉറക്കം ബോധത്തിൽ നിന്നുള്ള രക്ഷപ്പെടലിന്റെ ഒരു രൂപമായി മാറുന്നു. ഫ്രോയിഡിയൻ സിദ്ധാന്തത്തിലെ ‘മരണ പ്രേരണ’ (death drive) ഇവിടെ നിദ്രയോടുള്ള ആഗ്രഹമായി രൂപാന്തരപ്പെടുന്നു. ജീവിതം അസഹനീയമാകുമ്പോൾ മനസ്സ് നിശബ്ദതയിലേക്കും അസ്തിത്വമില്ലായ്മയിലേക്കും നീങ്ങുന്നു. നിരന്തരമായ അപമാനം, നഷ്ടം, നിരാശ എന്നിവയ്ക്ക് ശേഷം, ദ്രൗപതിക്ക് ആനന്ദം അർത്ഥവത്തായി തോന്നുന്നില്ല. മറിച്ച് ഓർമ്മയേക്കാൾ മറവി അഭികാമ്യമാണെന്ന് തോന്നുന്നു. ഉറക്കത്തിനായുള്ള അവളുടെ ആഗ്രഹം വൈകാരിക നിക്ഷേപത്തിൽ നിന്നുള്ള പിന്മാറ്റത്തെ പ്രതിനിധീകരിക്കുന്നു. തന്റെ പുത്രന്മാരെ, തനിക്കേറ്റ അപമാനത്തെ, തന്റെ നിരാശകളെ, പൂർത്തീകരിക്കപ്പെടാത്ത തന്റെ ആഗ്രഹങ്ങളെ ഇവയെയൊന്നും ഓർക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. ലക്കാനിയൻ വീക്ഷണകോണിൽ, ഈ ആഗ്രഹം വൈകാരികവും ലൈംഗികവുമായ ‘അഭാവ’ത്തിൽ (lack) നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ്. നഷ്ടബോധങ്ങളാൽ ക്രമീകരിക്കപ്പെട്ട ഭൂതകാലത്തിനെതിരായ ഒരു നിശബ്ദ പ്രതിഷേധമായി ഉറക്കത്തിനായുള്ള അവളുടെ ആഗ്രഹത്തെ വിലയിരുത്താം.
സാമൂഹികഘടനകളും വികലഭാവനകളും
ദ്രൗപദി നേരിടുന്ന വൈകാരിക പ്രതിസന്ധികൾ അവളുടെ ബാഹ്യവീക്ഷണങ്ങളെ വികലമാക്കുന്നതായി കാണാം. “ചക്ഷുസ്സിനു സഹിക്കാവതല്ലാത്തവിധം തീക്ഷ്ണമായി തിളങ്ങുന്ന ഇരുട്ട്. നോക്കുന്ന ദൃക്കിനെ അന്ധീകരിക്കുമാറ് അതിഘോരമായി ജ്വലിക്കുന്ന വെളിച്ചം. വേരുകളാകുന്ന പെരുമ്പാമ്പുകളുടെ ചുറ്റിൽപ്പെട്ട് ഭയന്നുവിറച്ച് ആകാശോന്മുഖമായി വിലാപമുതിർക്കുന്ന വൃക്ഷത്തിന്മേൽ ഉടലും ശിരസ്സും അമർത്തിച്ചേർത്തുകൊണ്ട് ദ്രൗപദി വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു” (ബാലകൃഷ്ണൻ, 2024:214)
വെളിച്ചം ഇരുട്ടായി മാറുന്നു, വേരുകൾ പാമ്പുകളായി കാണപ്പെടുന്നു, ലോകം അയഥാർത്ഥമായി തോന്നുന്നുമുതലായ ആത്മാനുഭവങ്ങളാണ് പൃഥയ്ക്കുള്ളത്. അവളുടെ ഗർവ്വിന്റെ പൂർണ്ണമായ ശമനമാണ് ഫ്രോയിഡിയൻ വീക്ഷണത്തിൽ നിന്ന്, ഈ പ്രതീകങ്ങളെ വായിക്കുമ്പോൾ കിട്ടുക. പാമ്പുകളെപ്പോലെ വേരുകളുള്ള മരം സാമൂഹിക ഘടനകളെ പ്രതീകപ്പെടുത്തുന്നു. ഭാര്യത്വം, മാതൃത്വം, ധാർമ്മിക കടമ, രാജകീയ ഉത്തരവാദിത്തം, ചാരിത്ര്യശുദ്ധിയുടെ പാവനത്വം. എന്നിവയാണ് ആ മരത്തെ മണ്ണിലുറപ്പിക്കുന്ന വേരുകൾ.
ഈ വേഷങ്ങൾ അവളെ തടവിലാക്കി, അവളുടെ വൈകാരിക ഊർജ്ജം ചോർത്തിക്കളയുന്നു. അവളുടെ സ്ത്രീത്വം ത്യാഗത്തിൽ വേരൂന്നിയതാണ്. ഒരു ധാർമ്മിക ഉപകരണമായി മാത്രമേ മറ്റുള്ളവർ അവളെ വിലമതിക്കുന്നുള്ളൂ. അങ്ങനെ, സാമൂഹിക പ്രതീക്ഷകൾ മാനസിക ചങ്ങലകളായി മാറുന്ന ദൈന്യതയാണ് പാഞ്ചാലിയിൽ കാണുന്നത്.
ബഹുഭർത്തൃത്വവും പുരുഷാധിപത്യ ഉടമസ്ഥതയും
ബഹുഭർത്തൃത്വമാണ് ദ്രൗപദിയുടെ ലൈംഗിക സ്വത്വത്തിന്റെ പ്രധാന അപവാദം. മാതൃകല്പനയുടെ ധാർമ്മിക ന്യായീകരണത്തിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട അവളുടെ ബഹുഭർത്തൃത്വ വിവാഹം അവളെ സാധാരണ വൈവാഹിക ഘടനകൾക്കതീതയാക്കുന്നു. പിത്രാധിപത്യ നിയന്ത്രണങ്ങൾ വൈവാഹിക ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തിൽ നിന്ന് അവൾ മുക്തയല്ല. പാണ്ഡവരെ ഭർത്താക്കന്മാരായി വരിക്കേണ്ടിവന്നതിലൂടെ പിത്രാധിപത്യ വ്യവസ്ഥിതിയുമായി അവൾ കൂടുതൽ ബന്ധിപ്പിക്കപ്പെട്ടു. സ്വയംവര വേദിയിലും ദാമ്പത്യ ജീവിതത്തിന്റെ നിബന്ധനകളും കരാറുകളും പുരുഷസംഹിതകളാണ് നിർദ്ദേശിച്ചത്. അഞ്ച് പുരുഷന്മാരുടെ ഭാര്യയായ അവളുടെ ജീവിതം പ്രത്യേകമായ ഒരു അടുപ്പത്തിന് ഇടം നൽകുന്നില്ല. ഒരാളുടെ ഭാര്യയായി നിലകൊള്ളുമ്പോൾ മറ്റുള്ളവരോട് സഹോദര സ്നേഹത്തോടെ പെരുമാറേണ്ട ഗതികേട് അവൾക്ക് വരുന്നു. ബാഹ്യഘടനയുടെ നിരന്തരമായ ഇടപെടൽ അവളുടെ ലൈംഗികതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. വൈകാരികമോ ലൈംഗികമോ ആയ ഏതൊരു ആഗ്രഹവും തന്മൂലം അടിച്ചമർത്തപ്പെടുന്നു.
കൗരവസഭയിൽ വെച്ച് അവളുടെ ശരീരത്തിന്മേൽ നടന്ന പുരുഷാധിപത്യ ഉടമസ്ഥതയുടെ അക്രമാസക്തമായ പ്രകടനവും അവളുടെ നിസ്സഹായതയും ഇതിന്റെ പരകോടിയാണ്. ദ്രൗപദിയുടെ ശരീരത്തെ സ്വത്തായി കണക്കാക്കുകയും, പന്തയം വയ്ക്കുകയും, ധർമ്മത്തിന്റെ പേരിൽ അവളുടെ സ്വത്വാവിഷ്കാരത്തെ ലംഘിക്കുകയും ചെയ്യുന്ന പുരുഷാധിപത്യ ബോധത്തിനെതിരെ അവൾ പ്രതികരിക്കുന്നുണ്ട്. അപ്പോഴും നിസ്സഹായത അവളെ തളർത്തുന്നു. പൊതുമധ്യത്തിൽ വലിച്ചിഴയ്ക്കപ്പെടുകയും വിവസ്ത്രയാക്കാനുള്ള ശ്രമത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുമ്പോൾ അവൾക്ക് ഏൽക്കുന്ന അപമാനം അനിർവചനീയമാണ്. “താൻ ആക്ഷിപ്തവസ്ത്രയായ രംഗം അവളുടെ കണ്മുൻപിൽ ഉയർത്തി. വിചാരശക്തിപോലുമറ്റ നിലയിൽ അവൾ നിശ്ചലയായിരുന്നു.” (ബാലകൃഷ്ണൻ, 2024:33) ദ്രൗപദിയുടെ സ്ത്രീസ്വത്വത്തിനേറ്റ കളങ്കത്തിന് സമാനമായ അനുഭവം പുരാണത്തിലെ മറ്റൊരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ല.
ബാധ്യതകളുടെ സംഘർഷം: മാതൃത്വവും സ്വത്വപ്രതിസന്ധിയും
ദ്രൗപദിയുടെ മാതൃഭാവം പിതൃമൂല്യവ്യവസ്ഥ അടിച്ചേൽപ്പിച്ച കുറ്റബോധത്താൽ വികലമാക്കപ്പെട്ടതാണ്. യുദ്ധാവസാനം നടന്ന ബലിതർപ്പണത്തിൽ അവരോട് അവൾ മാപ്പ് അപേക്ഷിക്കുന്നുണ്ട്. മക്കളെ അവഗണിച്ചതായി അവൾ സ്വയം ആരോപിക്കുന്നു. ഭർത്താക്കന്മാരെ സേവിക്കുന്നതിനിടയിലും തന്റെ പ്രതികാരം നടപ്പാക്കുന്നതിനിടയിലും വൈകാരികമായ ശ്രദ്ധയും കരുതലും വേണ്ടുവോളം തന്റെ പുത്രന്മാർക്ക് നല്കാൻ ആ മാതൃഹൃദയത്തിന് കഴിഞ്ഞിട്ടില്ല. മക്കളെ ഉപേക്ഷിച്ച മാതൃമനസ്സ് അനുഭവിക്കുന്ന കുറ്റബോധത്തിന്റെ ഭാരം പാഞ്ചാലി പേറുന്നു.
തന്റെ മക്കളെക്കുറിച്ച് താൻ ദിവസവും ചിന്തിച്ചിരുന്നില്ലെന്ന് അവൾ ഓർക്കുന്നു. അവരുടെ ചിത്രങ്ങൾ മനസ്സിൽ പതിപ്പിക്കുന്നതിൽ അവൾ പരാജയപ്പെട്ടു. മുതിർന്ന യോദ്ധാക്കളായി അവരെ ഓർക്കാൻ പോലും അവൾക്ക് കഴിയുന്നില്ല. ഈ കുറ്റബോധം ആന്തരികമായ ധാർമ്മിക അധികാരത്തെ പ്രതിഫലിപ്പിക്കുന്നു. ദ്രൗപതി സ്വയം ത്യാഗിയായ അമ്മയുടെ സാമൂഹിക ആദർശം സ്വീകരിച്ചു. ഈ ആദർശം പാലിക്കുന്നതിൽ അവൾ പരാജയപ്പെടുമ്പോൾ, അവൾ മാനസികമായി ദുർബലയാകുന്നു. എന്നാൽ അവളുടെ ഈ കുറ്റബോധം അമിതവും യുക്തിരഹിതവുമാണ്. അത് അവളുടെ മേൽ ചുമത്തിയിരിക്കുന്ന ഘടനാപരമായ നിയന്ത്രണങ്ങളെ അവഗണിക്കുന്നു. ഭർത്താക്കന്മാരെ പിന്തുടരാനും രാജകീയ കടമകൾ നിറവേറ്റാനും അവൾ സാമൂഹികമായി നിർബന്ധിതയായി. എന്നിട്ടും അവൾ തന്റെ സാഹചര്യത്തെ വ്യക്തിപരമായ പരാജയമായാണ് വ്യാഖ്യാനിക്കുന്നത്. അസാധ്യമായ സാഹചര്യങ്ങളിൽപ്പോലും, വൈകാരിക പരിചരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സ്ത്രീകളെ പഠിപ്പിക്കുന്ന സാഹചര്യത്തിൽ അവർ നേരിടുന്ന വിഷമതകളാണ് പാഞ്ചാലിയുടെ വിഷമത്തിലും പ്രതിഫലിക്കുന്നത്.
അവളുടെ മാതൃപരമായ കുറ്റബോധവും ലൈംഗിക സ്വത്വത്തെ ബാധിക്കുന്നു. അവൾ സ്വയം ധാർമ്മികമായി അശുദ്ധയും ആഗ്രഹത്തിന് അർഹതയില്ലാത്തവളുമായി കാണുന്നു. കുറ്റബോധം ലൈംഗികമായ സ്വയം തിരിച്ചറിവിനെ അടിച്ചമർത്തുന്നു.
ദ്രൗപദിയുടെ ജീവിതത്തിൽ ഏറ്റവും വലിയ അഭാവമായി നിലകൊള്ളുന്നത് ആത്മസ്നേഹമാണ്. പാണ്ഡവരുടെ ഭാര്യ, പാണ്ഡവ പുത്രന്മാരുടെ മാതാവ്, ദ്രുപദ രാജാവിന്റെ പുത്രി എന്നിങ്ങനെയുള്ള ബന്ധപരമായ തലങ്ങളിലേക്ക് അവളുടെ സ്വത്വം ഛേദിക്കപ്പെടുമ്പോൾ, അവൾ ഒരിക്കലും ഒരു സ്വതന്ത്ര വിഷയമായി (independent subject) നിലനിൽക്കുന്നില്ല.
കർണ്ണൻ: നിഷേധിക്കപ്പെട്ട കാമനകളുടെ നിഴൽരൂപം
‘സൂതനെ ഞാൻ വരിക്കയില്ല’ (ബാലകൃഷ്ണൻ, 2024:32) എന്ന ദ്രൗപദിയുടെ പ്രസ്താവന സാമൂഹിക ഘടനകളും ജാതിവ്യവസ്ഥയും അവളുടെ ലൈംഗിക തിരഞ്ഞെടുപ്പുകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ജാതിയും സാമൂഹികബഹുമാനത്തിന് വിധേയപ്പെടുന്ന ആഗ്രഹവുമാണ് അവളുടെ ഈ വാചകങ്ങളിൽ പ്രകടം. ആയതിനാൽ കർണ്ണൻ വിലക്കപ്പെട്ട ഒരു ആഗ്രഹ സാധ്യതയെ പ്രതിനിധീകരിക്കുന്നു. ഓർമ്മയിലും ഭാവനയിലും മാത്രമാണ് ആ സാധ്യത നിലനിൽക്കുന്നത്. അവൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കല്പനകാമനകൾ അവളുടെ ലൈംഗികതയെ സ്വാധീനിക്കുന്നു.
“’കൃഷ്ണാ, ഞാൻ അതിൽ ആത്മനിന്ദയുള്ളവനാണ്.’ ആ വാക്യം സ്വന്തംക്ഷമാപണവാക്യമെന്നപോലെ അവളുടെ ഹൃദയം ഉരുക്കഴിച്ചു.” (ബാലകൃഷ്ണൻ, 2024:97) ആത്മനിന്ദാപരമായ ഭാവത്തോടെ കർണ്ണൻ നടത്തിയ ക്ഷമാപണം അവളിലുണ്ടായിരുന്ന വൈര്യത്തെ ഉരുക്കുന്നു. കർണ്ണനോടുള്ള തന്റെ വിരോധത്തെ ശമിപ്പിക്കാൻ അവൾക്ക് കഴിയുന്നു. എന്നാലും കൃഷ്ണൻ കർണ്ണനോട് പറഞ്ഞ വാക്യങ്ങൾ കൃഷ്ണയെ പിടിച്ചുലക്കുന്നു. “….പാർശ്വത്തിൽ പട്ടമഹിഷിയായ ദ്രൗപദിയുമൊത്തു സിംഹാസനാരൂഢനായിരിക്കുന്ന കർണ്ണന്റെ ശീർഷോപരി യുവരാജാവായ യുധിഷ്ഠിരൻ വെൺചാമരമുയർത്തി നില്ക്കും.” (ബാലകൃഷ്ണൻ, 2024:98) കൃഷ്ണൻ കർണ്ണന് നൽകിയ വാഗ്ദാനത്തിൽ നിന്നും, സിംഹാസനാരൂഢനായ കർണ്ണന്റെ അടുത്ത് പട്ടമഹിഷിയായി ഇരിക്കുന്ന ദ്രൗപദി എന്ന കാഴ്ച്ചപാട് അവളിൽ ഭയവും ആത്മനിന്ദയും ഉളവാക്കുന്നു. കർണൻ ആഗ്രഹത്തിന്റെ അപ്രാപ്യമായ വസ്തുവായി പ്രവർത്തിക്കുന്നു, ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത വൈകാരിക പൂർത്തീകരണത്തെ പ്രതിനിധീകരിക്കുന്നു. സാമൂഹിക മാനദണ്ഡങ്ങൾ ഈ ബന്ധത്തെ വിലക്കിയതിനാൽ, അത് അപ്രാപ്യമായിത്തന്നെ തുടരുന്നു. അതിനാൽ ആഗ്രഹം ഉത്കണ്ഠയായി പരിവർത്തനപ്പെടുന്നു. കർണ്ണൻ ദ്രൗപദിയുടെ നിഴൽരൂപത്തെ പ്രതിനിധീകരിക്കുന്നു. അവളുടെ ബോധപൂർവമായ സ്വത്വം നിർമ്മിച്ചിരിക്കുന്നത് അവളുടെ കടമകളാണ്. പക്ഷേ അവളുടെ അബോധമണ്ഡലം അടുപ്പത്തിന്റെ ഇതര പാതകളെ സംരക്ഷിക്കുന്നു. വിശ്വസ്തതയ്ക്കും ത്യാഗത്തിനും അനുകൂലമായി അവൾ നിരസിച്ച വൈകാരിക സാധ്യതകൾ അവയിൽ ഉൾപ്പെടും. ഈ നിഴൽ ഒരിക്കലും അവളുടെ ബോധപൂർവമായ സ്വത്വത്തിലേക്ക് സംയോജിപ്പിക്കപ്പെടാത്തതിനാൽ, അത് ഭയമെന്ന വികലമായ രൂപത്തിലേക്ക് പരിവർത്തനപ്പെടുന്നു.
കൃഷ്ണസങ്കല്പവും ലൈംഗികതയുടെ അഭൗമീകരണവും
അശരണയായി നിന്ന തന്നെ സംരക്ഷിച്ച കൃഷ്ണനോട് ദൗപദിക്കുള്ള വികാരം എന്തായിരുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഭക്തിയും സ്നേഹവും അവളെ കീഴടക്കുമ്പോൾ, അവളുടെ മനസ്സിൽ വരുന്ന രൂപം കൃഷ്ണന്റെതാണ്. അവളെ നിസ്സഹായതയിൽ നിന്ന് മോചിപ്പിക്കുകയും അവളുടെ ആഗ്രഹത്തിന് രൂപം നൽകുകയും ചെയ്യുന്ന വ്യക്തിയായി കൃഷ്ണൻ മാറുന്നു. കൃഷ്ണൻ അവളുടെ സംരക്ഷകനായും ആശ്വാസദായകനായും പ്രവർത്തിക്കുന്നു. സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും ദ്രൗപദിക്ക് ലഭിക്കുന്ന അഭയസ്ഥാനമാണ് കൃഷ്ണൻ. അവന്റെ സാന്നിധ്യത്തിൽ അവൾക്ക് വൈകാരിക ഊഷ്മളതയും സുരക്ഷിതത്വവും അനുഭവപ്പെടുന്നു. യുദ്ധം ഒഴിവാക്കാനായി പാണ്ഡവർ അവരുടെ ആവശ്യങ്ങൾ കേവലം അഞ്ച് ഗ്രാമങ്ങളിലേക്ക് ഒതുക്കിയപ്പോൾ, കൃഷ്ണനാണ് നീറുന്ന ദ്രൗപദിയുടെ ഹൃദയവേദന തിരിച്ചറിഞ്ഞതും അവളെ സമാശ്വസിപ്പിച്ചതും.
രാഷ്ട്രീയ വിട്ടുവീഴ്ചകളുടെ നിമിഷങ്ങളിൽ കൃഷ്ണൻ ദ്രൗപദിയുടെ ഹൃദയവേദനയുടെ ആഴം തിരിച്ചറിഞ്ഞ് അവൾക്കൊപ്പം നിൽക്കുന്നു. അതിനാൽ കൃഷ്ണൻ ആദർശവൽക്കരിക്കപ്പെട്ട ഒരു പുരുഷപ്രതീകമായി (idealized male figure) പ്രവർത്തിക്കുന്നു. സാധാരണ സാമൂഹിക ജീവിതത്തിൽ അവൾക്ക് നിഷേധിക്കപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ബന്ധം അനുഭവിക്കാൻ ഈ ആദർശവൽക്കരണം അവളെ അനുവദിക്കുന്നു.
പുരുഷാധിപത്യ സമൂഹം നിശബ്ദതയും സംയമനവും അവളിൽ നിന്ന് ആവശ്യപ്പെടുന്ന സമയത്ത് അവളുടെ ആന്തരിക ചോദനകളെ സ്ഥിരീകരിക്കുന്ന ഒരു പുരുഷ സാന്നിധ്യമായി കൃഷ്ണൻ മാറുന്നു. അയാൾ അവളുടെ തീരുമാനങ്ങൾക്ക് നൽകുന്ന അംഗീകാരവും ഇവിടെ പ്രധാനമാണ്. അതേസമയം, അവൾ ദുർബലയായിരിക്കുമ്പോൾ കൃഷ്ണന്റെ സൗമ്യമായ പുഞ്ചിരിക്ക് സങ്കീർണ്ണമായ ഒരു അർത്ഥമുണ്ട്. ഇത് ആർദ്രതയെ സൂചിപ്പിക്കുന്നു, പക്ഷേ അവളുടെ ദുർബലതയെയും വേദനയെയും എടുത്തുകാണിക്കുന്നു. കൃഷ്ണനോടുള്ള ദ്രൗപദിയുടെ ഭക്തിയിൽ ഉദാത്തമായ ലൈംഗിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അവളിലെ അടിച്ചമർത്തപ്പെട്ട ലൈംഗിക ഊർജ്ജം കൃഷ്ണനോടുള്ള ഭക്തിയിലൂടെ ആത്മീയമായ ഒരു ബന്ധമായി രൂപാന്തരപ്പെടുന്നു, അഥവാ ‘അഭൗമീകരണത്തിന്’ (sublimation) വിധേയമാകുന്നു. ആഗ്രഹം ആരാധനയായും കീഴടങ്ങലായും പ്രകടിപ്പിക്കപ്പെടുന്നു. ഈ രീതിയിൽ, ആത്മീയത സ്ഥാനഭ്രംശം സംഭവിച്ച ആഗ്രഹത്തിനുള്ള ഒരു മാർഗമായി മാറുന്നു. ലൈംഗിക ഊർജ്ജത്തെ അവളുടെ ആന്തരിക ജീവിതം നിലനിർത്തുന്ന പവിത്രമായ ഒരു അടുപ്പത്തിന്റെ രൂപമാക്കി അവളുടെ അബോധ മനസ്സ് വിഭാവനം ചെയ്യുന്നു.
ഉപദർശനങ്ങൾ
‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയിൽ ദ്രൗപദിയെ അതിസങ്കീർണ്ണമായ ഒരു സ്ത്രീസ്വത്വമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അവളുടെ ആന്തരിക മനോവ്യാപാരങ്ങളിൽ ദുഃഖം, അടിച്ചമർത്തൽ, ധാർമ്മികാവബോധം, അച്ചടക്കം, വൈകാരികമായ ഒറ്റപ്പെടൽ എന്നിവ ഉൾച്ചേർന്നിരിക്കുന്നു. മഹാഭാരതത്തിൽ നിന്ന് കഥാതന്തു സ്വീകരിക്കുമ്പോഴും നോവൽ അവളെ ഒരു വീരയോ, സദ്ഗുണമുള്ളവളോ, ആയി മാത്രം പരിമിതപ്പെടുത്തുന്നില്ല. പരിഹരിക്കപ്പെടാത്ത നഷ്ടം, അടിച്ചമർത്തപ്പെട്ട ആഗ്രഹം, തകർന്ന ആത്മബോധം എന്നിവയുമായി മല്ലിടുന്ന മുറിവേറ്റ സ്ത്രൈണരൂപമായി പാഞ്ചാലിയെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ അവതരിപ്പിക്കുന്നു.
ശാരീരികാസ്വസ്ഥത, സ്വപ്നങ്ങൾ, കുറ്റബോധം, വികലമായ ധാരണ, ആത്മീയ ഉത്പത്തി, വിലക്കപ്പെട്ട ആഗ്രഹം, വിഘടിച്ച സ്വത്വം, ഉറക്കത്തിലേക്കുള്ള പിൻവാങ്ങൽ എന്നിവയിലൂടെ ദ്രൗപദി തന്റെ ആത്മനിഷ്ഠത എങ്ങനെ ശിഥിലമാവുകയും അസ്ഥിരമാവുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്നു. വൈകാരികവും ലൈംഗികവുമായ അഭാവം, അമിതമായ ധാർമ്മിക ഉത്തരവാദിത്തം, പുരുഷാധിപത്യ അച്ചടക്കം എന്നിവയാൽ അവളുടെ ജീവിതം അടിച്ചമർത്തപ്പെട്ടിരുന്നു. വിസ്മൃതിയിലേക്കുള്ള അവളുടെ അന്തിമ ആഗ്രഹം മാനസിക കീഴടങ്ങലിനെയും നിശബ്ദ പ്രതിരോധത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ രീതിയിൽ, നോവൽ ദ്രൗപദിയെ ഒരു ഇതിഹാസ വ്യക്തിയായി മാത്രമല്ല, ചരിത്രം, സംസ്കാരം, ആന്തരിക സംഘർഷം എന്നിവയാൽ സ്ത്രീ ലൈംഗിക സ്വത്വം രൂപപ്പെടുകയും പരിമിതപ്പെടുകയും ചെയ്യുന്നു എന്ന ആഴത്തിലുള്ള മനുഷ്യ വിഷയമായിക്കൂടി അവതരിപ്പിക്കുന്നു. ദ്രൗപദിയുടെ ലൈംഗിക സ്വത്വത്തെ കേവലം ചേഷ്ടകളായോ അനുഭവ പ്രണയമായോ ആവിഷ്കരിക്കുകയല്ല, മറിച്ച് വേദന, സന്ദേഹം, ആത്മപരിശോധന എന്നിവയിലൂടെയാണ് അതിന്റെ സാദ്ധ്യതകൾ ആസ്വാദകനുമായി സംവദിക്കപ്പെടുന്നത്.
ഗ്രന്ഥസൂചി:
അച്യുതൻ, എം., പാശ്ചാത്യസാഹിത്യദർശനം, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം, 1972.
ബാലകൃഷ്ണൻ, പി. കെ., ഇനി ഞാൻ ഉറങ്ങട്ടെ, ഡി സി ബുക്ക്സ്, കോട്ടയം, 2024.
ശ്രീവത്സൻ, ടി., നവമനോവിശ്ലേഷണം, ഡി സി ബുക്ക്സ്, കോട്ടയം, 2001.
സദാനന്ദൻ, ഇ. വി., മനഃശാസ്ത്രസമീക്ഷ, ഒലിവ് പുബ്ലിക്കേഷൻ, കോഴിക്കോട്, 2021.
Freud, Sigmund, Civilization and Its Discontents, W.W. Norton & Company, New York, 1930.
Jung, C.G., Aion: Researches into the Phenomenology of the Self, Princeton University Press, New York, 1951.
Lacan, Jacques, The Four Fundamental Concepts of Psychoanalysis, W.W. Norton & Company, New York, 1978.
Matoon, Mary Ann, Jungian Psychology in Perspective, The Free Press, New York, 1981.
രാഹുൽ ആർ.
ഗവേഷകൻ, മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
Email: rahulrg1998@gmail.com
Mob: 9496677673
Copyright © 2026 | WordPress Theme by MH Themes
