മലയാളം റിസേര്ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 JULY-SEPTEMBER | VOLUME 02 | ISSUE 03
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» രശ്മി വി.
ID: MRK0044
Published on July 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
പുരുഷാധിപത്യം നിർമ്മിച്ചുവച്ച ജ്ഞാനവ്യവസ്ഥകളെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്തുകൊണ്ട് സ്ത്രീപക്ഷത്തുനിന്ന് വീക്ഷിക്കുക എന്ന രാഷ്ട്രീയപ്രതിരോധമാണ് സ്ത്രൈണഭാവന. സാഹിത്യരചനയുടെ പല മേഖലകളിലും സജീവമായിക്കൊണ്ടിരിക്കുന്ന ഈ സമീപനരീതി പുനർവായനാസാഹിത്യത്തിലും വേരുറപ്പിച്ചിരിക്കുന്നു. ഇതിഹാസങ്ങൾ ചരിത്രസൂചനകൾ വഹിക്കുന്ന സാഹിത്യം കൂടിയാണ്. ദമിത ഭൂതകാലത്തെ ഭാവനയിലൂടെ വീണ്ടെടുക്കുകയാണ് ഇതിഹാസ പുനരാഖ്യാതാക്കൾ ചെയ്യുന്നത്. സാറാജോസഫിന്റെ ഊര്കാവൽ അത്തരമൊരു കൃതിയാണ്. കീഴാള-സ്ത്രീപക്ഷത്തുനിന്നുള്ള രാമായണ പുനർകഥനമാണ് നോവൽ നിർവഹിക്കുന്നത്. രാമായണപാഠത്തിൽ ദമിതമായിപ്പോയ കഥാപാത്രങ്ങളെ കേന്ദ്രത്തിൽ നിർത്താനുള്ള ശ്രമമാണ് എഴുത്തുകാരി നടത്തുന്നത്. അത്തരമൊരു ചിന്തയുടെ ആധാരം തന്നെ ഒരു തരത്തിൽ സ്ത്രൈണഭാവനയാണ്. അപ്രകാരം പ്രത്യക്ഷവും പരോക്ഷവുമായി നോവലിൽ തെളിയുന്ന സ്ത്രീ ലോകത്തെയും സ്ത്രൈണഭാവനകളെയും കണ്ടെത്താനാണ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്.
താക്കോൽവാക്കുകൾ
പുനർവായന, അധികാരം, പുരാണാപനിർമാണം, സ്ത്രീലോകം, സ്ത്രൈണഭാവന
ആമുഖം
കാലാതീതമായി വായിക്കുകയും വ്യതിരിക്തമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യാവുന്ന ഒരു തുറസ്സ് ഇതിഹാസങ്ങൾക്കുണ്ട്. തുടർച്ചയായ പുനർവായനകളും പഠനങ്ങളും കാലാതീതമായി അവയ്ക്ക് ഉണ്ടായിവരുന്നതിന്റെ കാരണം ഇത്തരത്തിലുള്ള തുറന്ന സമീപനമാണ്. സ്ത്രീവിമോചനാശായങ്ങൾ പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സ്ത്രീ-പുരുഷ സങ്കൽപങ്ങളെയും സമൂഹത്തിലെ അധികാരവ്യവസ്ഥകളെയും സ്ത്രൈണഭാവനകളെയും ആവിഷ്കരിക്കുന്നതിനായി പുതിയകാലത്തെ എഴുത്തുകാർ പുരാണകഥാശകലങ്ങളിലേക്ക് മടങ്ങിപ്പോകുകയും പുരാണസംബന്ധിയായ ഏതെങ്കിലും ഒരു സംഭവത്തെ പശ്ചാത്തലമാക്കി സ്ത്രീപക്ഷത്തുനിന്നുള്ള രചന നിർവഹിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ രാമായണകഥാപശ്ചാത്തലത്തിൽ പുനരെഴുത്ത് നടത്തിയ എഴുത്തുകാരിയാണ് സാറാ ജോസഫ്.
അപ്രസക്തമെന്ന് ഇതിഹാസങ്ങൾ വിധിയെഴുതിയ കഥാപാത്രങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരിക, അവരെ മുന്നിൽ നിർത്തി നിലവിലിരിക്കുന്ന അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുക, അക്രമാസക്തതയെ എതിർക്കുക, ഒന്നിനെയും പുറന്തള്ളാതെ എല്ലാത്തിനെയും ഉൾക്കൊള്ളുക, പുരുഷാധികാരവ്യവസ്ഥിതിയാൽ നിയന്ത്രിക്കപ്പെടുന്ന ഭാഷാവ്യവസ്ഥയെ ചോദ്യം ചെയ്യുക, സ്വന്തം ശരീരത്തെയും വൈകാരികതയെയും കുറിച്ച് തുറന്നെഴുതുക എന്നിങ്ങനെയുള്ള സ്ത്രൈണമനോഭാവങ്ങളെ ഊര്കാവൽ എങ്ങനെ ആവിഷ്കരിക്കുന്നു എന്നും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് പുരാണത്തെ എപ്രകാരം അപനിർമിച്ചു എന്നും മുൻപേയുള്ള നിരവധി രാമായണപാഠങ്ങളിൽ നിന്നും ഊര്കാവൽ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നുമുള്ള അന്വേഷണമാണ് ഈ പ്രബന്ധം. നിരന്തരമായ ചോദ്യം ചെയ്യപ്പെടലുകളിലൂടെയും പുനർവ്യാഖ്യാനങ്ങളിലൂടെയുമാണ് പുരാണേതിഹാസങ്ങൾക്ക് കാലാതീതമായ നിലനിൽപ്പുണ്ടാകുന്നത്. രാമായണത്തെ അപനിർമിക്കുന്നതിലൂടെ സാറാ ജോസഫ് അതെങ്ങനെ സാധ്യമാക്കുന്നു എന്നും സ്ത്രീയനുഭവങ്ങളെ എപ്രകാരം അവതരിപ്പിക്കുന്നു എന്നും അന്വേഷിക്കുവാനും ഊര്കാവലിലെ വിശാലമായ സ്ത്രീലോകത്തിനപ്പുറം നോവലിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രൈണ ഭാവനകളെ കണ്ടെത്താനും ഈ പ്രബന്ധം ശ്രമിക്കുന്നു.
ഇതിഹാസങ്ങൾ പുനർവായിക്കുമ്പോൾ
കൂട്ടിച്ചേർക്കലുകളിലൂടെ സംഭവിച്ച പരിണാമത്തിന്റെ ചരിത്രമാണ് ഇതിഹാസങ്ങൾക്കുള്ളത്. ഓരോ ചരിത്രസന്ദർഭത്തിലും അവ വ്യത്യസ്ത രൂപം പ്രാപിക്കും. ഇതിഹാസകൃതികളുടെ പരിണാമദശയിൽ അതത് കാലത്തിന്റെ ബോധ്യങ്ങളും സംസ്കാരവും അവയിൽ സ്വാധീനം ചെലുത്തും. അങ്ങനെയാണ് നിരന്തരമായ പുനരാവിഷ്കരണങ്ങൾ അവയ്ക്കുണ്ടായിത്തീരുന്നത്. ‘യതി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന തത് ക്വചിത്’ എന്നാണ് മഹാഭാരതത്തിന്റെ ഫലശ്രുതി. ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല എന്നാണ് മഹാഭാരതം പറഞ്ഞു വയ്ക്കുന്നത്. ലോകത്തുള്ള ഏതൊരു വിഷയവും മഹാഭാരതത്തെ മുൻനിർത്തി പഠനവിധേയമാക്കാൻ കഴിയുമെന്ന അർത്ഥത്തിൽ ഈ വാക്യത്തെ മനസിലാക്കാം. രാമായണത്തിന്റെ സ്വഭാവവും വ്യത്യസ്തമല്ല. മുന്നൂറ് രാമായണങ്ങൾ : അഞ്ച് ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും എന്ന പുസ്തകമെഴുതിയ ഏ.കെ.രാമാനുജൻ രാമായണത്തിന്റെ നിരവധി പ്രാദേശിക ഭേദങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഫാദർ കാമിൽ ബുൽക്കെ അദ്ദേഹത്തിന്റെ രാമകഥ: ഉദ്ഭവവും വളർച്ചയും എന്ന പുസ്തകത്തിൽ രാമായണത്തിന് വ്യത്യസ്ത ദേശങ്ങളിൽ വിവിധ പാഠരൂപങ്ങൾ ഉള്ളതായി പറയുന്നുണ്ട്. വാമൊഴിയായി പ്രചരിക്കുകയും പിന്നീട് വരമൊഴിയായിത്തീരുകയും ചെയ്തതാണ് ഈ പാഠാന്തരങ്ങൾക്കു കാരണമെന്നാണ് അദ്ദേഹം പറയുന്നത് (കാമിൽ ബുൽക്കെ, 1999:47). ഓരോ പ്രദേശത്തിന്റെയും സംസ്കാരത്തിനും വിശ്വാസങ്ങൾക്കുമനുസൃതമായി ഓരോ നാട്ടിലും പൗരാണിക കൃതികൾക്ക് വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കും. ഒപ്പം അതത് കാലത്തിന്റെ പ്രത്യയശാസ്ത്രസങ്കല്പങ്ങളും പലപ്പോഴും ഇത്തരം കൃതികളുടെ പുനരാഖ്യാനങ്ങളിൽ സ്വാധീനം ചെലുത്താറുണ്ട്. നിരന്തരപരിണാമിയായിരിക്കാനുള്ള അവയുടെ സ്വഭാവം തന്നെയാണ് ഇതിഹാസപാഠങ്ങളെ കാലാതീതമാക്കി നിലനിർത്തുന്നത്.
ആദ്യകാല പുനരാഖ്യാനങ്ങൾ ഭക്തിക്കാണ് പ്രാധാന്യം നൽകിയതെങ്കിൽ പിന്നീട് നവീനാശയങ്ങളെ ആവിഷ്കരിക്കുക എന്നതിലേക്ക് ഇതിഹാസപുനരാഖ്യാനങ്ങൾ മാറി. സ്ത്രീവിമോചനാശായങ്ങൾ പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സ്ത്രീ-പുരുഷ സങ്കല്പങ്ങളെയും സമൂഹത്തിലെ അധികാരവ്യവസ്ഥകളെയും സ്ത്രൈണഭാവനകളെയും ആവിഷ്കരിക്കുന്നതിനായി ആധുനിക എഴുത്തുകാർ പുരാണകഥാശകലങ്ങളിലേക്ക് മടങ്ങിപ്പോകുകയും പുരാണസംബന്ധിയായ ഏതെങ്കിലും ഒരു സംഭവത്തെ പശ്ചാത്തലമാക്കി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള രചനകൾ നിർമിക്കുകയും ചെയ്തു. രാമനെ ദൈവമായും ഉത്തമപുരുഷനായും കണ്ടിരുന്ന പൂർവ്വപാഠസങ്കൽപങ്ങളെ തിരുത്തുകയും പൗരാണിക കൃതികളെ അപനിർമിച്ചുകൊണ്ട് പെൺ-കീഴാള പരിപ്രേക്ഷ്യത്തിലൂടെ അവയെ വിശകലനം ചെയ്യുകയും ചെയ്യുന്നു. സീത, ഊർമിള, താര, ദ്രൗപദി, ഹിഡുംബി, ശകുന്തള, ദമയന്തി, കുന്തി തുടങ്ങിയ ഇതിഹാസ നായികമാരെ കേന്ദ്രമാക്കിയും കേവലപരാമർശങ്ങളിലൂടെ ആവിഷ്കരിച്ചും നിരവധി കൃതികൾ – കാവ്യങ്ങൾ, നാടകങ്ങൾ, ആട്ടക്കഥകൾ, നോവലുകൾ, കവിതകൾ, കഥകൾ എന്നിവയായൊക്കെ – എഴുതപ്പെട്ടിട്ടുണ്ട്. ഇതിഹാസങ്ങൾ അപ്രധാനരെന്ന് മാറ്റി നിർത്തിയവരും വേണ്ടത്ര പ്രാധാന്യം നൽകാത്തവരുമായ കഥാപാത്രങ്ങൾ, പ്രാധാന്യത്തോടെ പറഞ്ഞുവച്ചവരെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ പരിഗണിക്കപ്പെടാതെ പോകുകയോ അവരുടെ മാനസിക സംഘർഷങ്ങൾക്ക് വേണ്ടത്ര വില കൽപിക്കപ്പെടാതിരിക്കുകയോ ചെയ്ത കഥാപാത്രങ്ങളുടെയൊക്കെ മൗനങ്ങളുടെ വിച്ഛേദനമാണ് കുമാരനാശാനെയും (ചിന്താവിഷ്ടയായ സീത) സി.എൻ. ശ്രീകണ്ഠൻ നായരെയും(രാമായണത്രയം) സാറാ ജോസഫിനെയും പോലുള്ള എഴുത്തുകാർ നടത്തിയത്. വീരനായകനെ മുൻനിർത്തിയുള്ള പുരുഷപക്ഷ രാമായണകഥനങ്ങൾക്ക് മലയാള സാഹിത്യത്തിൽനിന്ന് ഏൽക്കേണ്ടിവന്ന വെല്ലുവിളിയായിരുന്നു കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത. “നീതിയെക്കുറിച്ചും അവർണ-സ്ത്രീപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ആധുനിക ബോധത്തിന്, മുന്നിലേക്ക് മാത്രമല്ല കണ്ണുകൾ ഉണ്ടായിരുന്നത് എന്നും ഇന്നലകളെ പരിശോധിക്കാൻതക്കവണ്ണം പിന്നിലും അവയ്ക്ക് കണ്ണുകളുണ്ടായിരുന്നു” എന്നും പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഐതിഹാസിക കൃതികളുടെ അബ്രാഹ്മണീകൃതമായ പുനർവായനകൾ ആവർത്തിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു (രാമാനുജൻ,2022:23).
ചരിത്രം എല്ലായ്പ്പോഴും കീഴടക്കിയവർക്കും വിജയിച്ചവർക്കുമൊപ്പമായിരുന്നു നിലകൊണ്ടത്. അവരിലേറെയും പുരുഷന്മാരുമായിരുന്നു. സ്ത്രീകളുടെയോ കീഴാളരെന്ന് മുദ്രകുത്തപ്പെട്ടവരുടേയോ അടയാളപ്പെടുത്തിവയ്ക്കപ്പെട്ട ചരിത്രങ്ങൾ വിരളമാണ്. പുനർവായനകളാണ് സ്ത്രീ-കീഴാള ചരിത്രത്തിന്റെ ഭാവനാത്മകമായ വീണ്ടെടുപ്പ് സാധ്യമാക്കുന്നത്. ആധുനികമായ ബോധ്യങ്ങളുടേയും ചിന്തകളുടെയും അടിസ്ഥാനത്തിൽ, ദമിതമാക്കപ്പെട്ട ചരിത്രത്തെ ഭാവനയിലൂടെ പുന:സൃഷ്ടിക്കുകയാണ് പുനർരചയിതാക്കൾ ചെയ്തത്. “എല്ലാ രാമായണ പുനരാഖ്യാനങ്ങളും രാമായണത്തിന്റെ പ്രതിവായനകളാണെന്നും പുരുഷമേധാവിത്വ ലോകത്തിന്റെ സ്ഥിതമൂല്യങ്ങളെ അവ ചോദ്യം ചെയ്യുന്നു” എന്നും ആർ. രാജശ്രീ അഭിപ്രായപ്പെടുന്നുണ്ട് (രാജശ്രീ,ആർ.,2018:194). ചരിത്രാതീത കാലം മുതലുള്ള ജീവിത ചുറ്റുപാടുകൾ ഭാരതീയമായ സ്ത്രീജീവിതസങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതിൽ വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പൗരാണിക കൃതികളിലേക്കുള്ള മടങ്ങിപ്പോക്ക് അനിവാര്യമാണ്.
ഊര്കാവൽ
ഇതിഹാസകൃതികളിലേക്കുള്ള തിരിഞ്ഞുനോട്ടം ആധുനികയുഗത്തിൽ പ്രസക്തമാകുന്നത്, ആ കൃതികളുടെ പഠനങ്ങൾ ആധുനിക മനുഷ്യന്റെ ചിന്തകളോടും സമീപനങ്ങളോടും പൊരുത്തപ്പെടുന്നതുകൊണ്ടാണ്. സ്ത്രീവിമോചനാശയങ്ങൾ പ്രബലമാകുന്ന ഈ കാലത്ത് ആരാധ്യരായ ഇതിഹാസ കഥാപാത്രങ്ങളെ വ്യത്യസ്ത തലത്തിലുള്ള പഠനങ്ങൾക്ക് വിധേയരാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതാണ് സാറാ ജോസഫിന്റെ ഊര്കാവൽ എന്ന നോവൽ ചെയ്യുന്നത്. പെൺ, കീഴാള പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് രാമായണത്തെ വായിക്കാൻ ശ്രമിക്കുകയും പുരാണത്തിൽ ദമിതമാക്കപ്പെട്ട കഥാപാത്രങ്ങളെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവന്ന് പുനർരചന നടത്തുകയും ചെയ്യുന്നു.
രാമായണത്തിലെ അപ്രധാനമെന്നോ അപ്രസക്തമെന്നോ കരുതപ്പെട്ടിരുന്ന പല അനുഭവങ്ങളെയും നോവൽ കേന്ദ്രസ്ഥാനത്തു കൊണ്ടുവരുന്നു. വാത്മീകീരാമായണത്തിൽ കേവലപരാമർശങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ബാലീപുത്രനായ ‘അംഗദൻ’ നോവലിൽ കേന്ദ്രകഥാപാത്രമാകുന്നു. താര, രുമ, ഇയ തുടങ്ങി നിരവധി സ്ത്രീകഥാപാത്രങ്ങളും കേന്ദ്ര കഥാപാത്രമായ അംഗദനും അവർ വിഭാവനം ചെയ്യുന്ന സ്ത്രൈണഭാവനകളുടെ വിശാലമായ ലോകവും ചേർന്ന് രാമായണ വായനയ്ക്ക് നോവലിലൂടെ പുതിയൊരു മാനം കൈവരുന്നു. “നീതി നിഷേധിക്കപ്പെട്ട സ്ത്രീകളും കുട്ടികളും ചരിത്രമെഴുതാൻ തുടങ്ങുമ്പോൾ ഊമകളാക്കപ്പെട്ടവർ തങ്ങളുടെ മഹാകാവ്യം രചിക്കുമ്പോൾ, സ്ഥിതവ്യവസ്ഥയുടെ നീതിന്യായ സങ്കൽപങ്ങളും ധർമ്മാധർമ്മ കല്പനകളും എങ്ങനെ തകിടം മറിയുന്നുമെന്ന് ഈ വ്യാഖ്യാനങ്ങൾ കാട്ടിത്തരുന്നു” എന്ന് സാറാ ജോസഫിന്റെ രാമായണ പുനർവായനകളെ മുൻനിർത്തി സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നുണ്ട് (ശ്രീധരൻ / ദീപ, 2014:128).
സ്ത്രീകളെ കഥാപാത്രങ്ങളാക്കി കഥ പറയുമ്പോൾ അവരുടെ മാനസിക നിലകളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുകയും ആൺബോധ്യങ്ങളെ മാറ്റിനിർത്തി പെൺപക്ഷത്തുനിന്ന് ആലോചിക്കുകയും ചെയ്യുമ്പോഴാണ് ഒരു രചന സ്ത്രീപക്ഷമാകുന്നത്.
സ്ത്രീകൾ അവരുടെ ശരീരാനുഭവങ്ങളിൽ നിന്ന് എഴുതുക, സ്ത്രീശരീരം, ലൈംഗികത, പ്രസവം, മാതൃത്വം, സ്പർശനം, ആനന്ദം തുടങ്ങിയവയെ പുരുഷൻമാർ നിർവ്വചിച്ച അതിർവരമ്പുകൾക്ക് പുറത്തുനിന്നുകൊണ്ട്, സ്വന്തം കാഴ്ചപ്പാടിൽ ആവിഷ്കരിക്കുക തുടങ്ങിയ ഹെലൻ സിക്സസിന്റെ ആശയങ്ങൾ പെണ്ണെഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. നിലവിലിരിക്കുന്ന അധികാരഘടനയോടുള്ള എതിർപ്പ്, പുരുഷാധിപത്യപരമായ ഭാഷാസംവിധാനങ്ങളെ ചോദ്യം ചെയ്യുക, സ്വന്തം ശരീരത്തെയും അനുഭവങ്ങളെയും എഴുത്തിലൂടെ പ്രകടിപ്പിക്കുക, മാറ്റിനിർത്തപ്പെട്ടതിനെയെല്ലാം ഉൾക്കൊള്ളുക, അക്രമാസക്തതയെ എതിർക്കുക, തുടങ്ങിയ സ്ത്രൈണഭാവനകളെ ഉൾക്കൊള്ളുന്ന കൃതിയെ സ്ത്രീപക്ഷരചനയെന്ന് വിളിക്കാം. സ്ത്രീകഥാപാത്രങ്ങളുടെ അവതരണമെന്നതിനപ്പുറം സ്ത്രീയോ പുരുഷനോ ഇതര ലൈംഗിക വിഭാഗമോ ആയ കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും അവരുടെ വ്യക്തിത്വവും നിലനിർത്തിക്കൊണ്ട് അവതരിപ്പിക്കുക വഴി സാഹിത്യത്തിൽ സ്ത്രൈണഭാവനകളുടെ ആവിഷ്കാരം സാധ്യമാകും. ഇത്തരം ആശയങ്ങളെ മുൻനിർത്തി ഇതിഹാസ പുനർകഥനം നിർവഹിച്ച എഴുത്തുകാരിയാണ് സാറാ ജോസഫ്. രാമായണത്തിലെ അപ്രധാനമോ അപ്രസക്തമോ ആയ പല അനുഭങ്ങളെയും നോവൽ പ്രധാനമാക്കി അവതരിപ്പിക്കുന്നു. ഇതൊരുതരത്തിൽ സ്ത്രൈണഭാവനയാണ്. രാമായണപാഠത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെപോയ കഥാപാത്രങ്ങളായ അംഗദൻ, താര, രുമ തുടങ്ങിയവരെ നോവൽ കേന്ദ്രസ്ഥാനത്തു നിർത്തുമ്പോൾ രാമനും ലക്ഷ്മണനും മാരുതിയും പ്രതിസ്ഥാനത്തുവരുന്നു. ബ്രാഹ്മണീകൃത സംസ്കാരം മഹത്വവൽക്കരിച്ച പൗരാണികബോധ്യങ്ങളെ തകർക്കുകയും അരികുവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്നുള്ള രാമായണപുനർവായന നടത്തുകയുമാണ് ഇവിടെ എഴുത്തുകാരി ചെയ്യുന്നത്.
അധികാരത്തിന്റെ ഇരകൾ
സമൂഹത്തിൽ അധികാരവും ശബ്ദവും നഷ്ടപ്പെട്ട എവിടെയും അടയാളപ്പെടുത്തപ്പെടാതെ പോയവരുടെ സ്വത്വത്തെയും മാനസിക സംഘർഷങ്ങളെയും നോവൽ അടയാളപ്പെടുത്തുന്നു.
ബാലിയുടെ വീരനായ പുത്രനെന്നും രാമ-രാവണ യുദ്ധത്തിൽ ലക്ഷ്മണനെ തോളേറ്റിയ വാനരനെന്നും താരാ സുതനെന്നും പുരാണം അടയാളപ്പെടുത്തിവെച്ച ‘അംഗദന്റെ’ ബാല്യം മുതൽക്കുള്ള ജീവിതകഥ എന്തായിരിക്കുമെന്നും തന്റെ പിതാവിനെ വധിച്ച രാമലക്ഷ്മണന്മാരെ സഹായിക്കാനും രാവണനിഗ്രഹത്തിനായുള്ള യജ്ഞത്തിൽ അവർക്ക് കൂട്ടുനിൽക്കാനും അംഗദന് സാധിച്ചതെങ്ങനെയായിരിക്കാമെന്നുമുള്ള ചോദ്യത്തിനുത്തരമാണ് ഊര്കാവൽ നൽകുന്നത്. അധികാരവ്യവസ്ഥയ്ക്ക് കീഴടങ്ങി സ്വന്തം താൽപര്യങ്ങളെ സംരക്ഷിക്കാൻ കഴിയാതെ, തന്റെ മാതാപിതാക്കളോട് കാണിച്ച ക്രൂരതയ്ക്ക് പകരം വീട്ടാനാകാതെ മനസ്സുരുകി ജീവിക്കേണ്ടിവന്ന സാധാരണ മനുഷ്യനാണ് നോവലിലെ നായകൻ. സീതാന്വേഷണ ഘട്ടത്തിൽ ലക്ഷ്മണനെ തോളേറ്റി നടന്ന ബാലിയുടെ മകൻ എന്ന് അംഗദനെ കേവലമായി പരാമർശിച്ചു പോകുകയാണ് രാമായണകർത്താവ് ചെയ്തത്. പിതൃഘാതകനെ സേവിക്കേണ്ടിവരുമ്പോൾ മകനുണ്ടാകുന്ന മനോവേദന വാല്മീകി രാമായണം എവിടെയും അടയാളപ്പെടുത്തിക്കാണുന്നില്ല. എന്നാൽ അത്തരമൊരു സന്ദർഭത്തിൽ അംഗദൻ അനുഭവിച്ചിരിക്കാവുന്ന ആത്മനിന്ദയുടെ ഭാരം എത്രത്തോളമായിരിക്കാമെന്ന് നോവൽ അന്വേഷിക്കുന്നു. അധികാരപ്രയോഗത്താൽ നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയുടെ ശബ്ദമാണ് അംഗദനിലൂടെ കേൾക്കാനാകുന്നത്.
മുഖ്യധാരയ്ക്ക് പുറത്തുനിർത്തുക എന്നത് ആൺപക്ഷമായിരിക്കേ അവയെ ഉൾക്കൊള്ളുന്നത് പെൺപക്ഷമാണ്. അതിനാൽ കീഴാളപക്ഷമെന്നത് സ്ത്രീപക്ഷത്തോട് ചേർത്തു വായിക്കേണ്ടതാണ്. ബാലിയുടെ മകനെന്ന നിലയിൽ രാജാവാകാൻ എല്ലാത്തരത്തിലും അവകാശങ്ങളുണ്ടെങ്കിലും അതുപയോഗിക്കാൻ അംഗദന് കഴിയുന്നില്ല. സുഗ്രീവന്റെ അധികാരത്തിനുകീഴിൽ സ്വന്തം അവകാശാധികാരങ്ങൾ നിഷേധിക്കപ്പെടുന്ന അംഗദൻ പുരുഷാധികാരം മുഖ്യധാരയ്ക്കു പുറത്തുനിർത്തുന്നവരുടെ പ്രതിനിധിയാണ്.
രാമായണപാഠങ്ങളിൽ ചുരുക്കം പരാമർശങ്ങളെക്കൊണ്ടുമാത്രം അടയാളപ്പെടുത്തിയ സ്ത്രീ ജീവിതങ്ങളുടെ കഥ കൂടിയാണ് നോവൽ. താര, രുമ, അംഗദന്റെ കാമുകി ഇയ, അംഗദന്റെ കൂട്ടമ്മമാർ, തുടങ്ങി ഇതിഹാസത്തിൽ കേവലപരാമർശമുള്ളതോ ഇല്ലാത്തതോ ആയ നിരവധി സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രത്തിൽ നിർത്തിയാണ് നോവൽ രചിച്ചിട്ടുള്ളത്. ഇതിഹാസത്തിലെ നായിക സീത നോവലിൽ അവസാന ഭാഗത്തേക്ക് ചുരുക്കപ്പെടുകയും ചെയ്യുന്നു. നോവലിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം അധികാരത്തിന്റെ ഇരകളാണ്. ബാലിയുടെ പെണ്ണായിരുന്നിട്ടും സുഗ്രീവനെയും ബാലിയെയും മാറി മാറി സ്വീകരിക്കേണ്ടി വന്ന സ്ത്രീയാണ് താര. ഇഷ്ടമില്ലാത്ത പുരുഷനെ സാമുദായിക നിയമങ്ങളിൽപ്പെട്ട് സീകരിക്കേണ്ടിവരുന്ന താരയുടെ മാനവികാവസ്ഥയെ പരിഗണിക്കുകയോ ഒരു സ്ത്രീക്ക് പലതവണ ഭർത്താക്കന്മാരെ മാറിമാറി സ്വീകരിക്കേണ്ടി വരുമ്പോഴുണ്ടായേക്കാവുന്ന പ്രയാസങ്ങളെ കണക്കിലെടുക്കുകയോ ഒന്നും ഇതിഹാസങ്ങൾ ചെയ്യുന്നില്ല. സ്നേഹിക്കുന്ന പുരുഷനെ കൊന്നവന്റെ കൂടെ കഴിയേണ്ടിവരുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ നോവൽ വരച്ചിടുന്നു.
ഉൾക്കൊള്ളലിന്റെ രാഷ്ടീയം
ധാർമികമായി ഏറെ നിഷ്ഠപുലർത്തുന്ന, പാതിവ്രത്യത്തെ മഹത്തായി കരുതുന്ന, വരേണ്യ സങ്കല്പത്തിൽ നിന്നും ഏറെ മുന്നോട്ടു വന്നിട്ടുണ്ട് നോവൽ. ബ്രാഹ്മണീകൃതമായ ഉത്തരം നിഷ്ഠകളെ പിന്തുടരാത്ത വിഭാഗങ്ങളെ ആയുധം ഉപയോഗിച്ച് കീഴ്പ്പെടുത്തുകയും അവരുടെമേൽ അധികാരപ്രയോഗം നടത്തുകയും ചെയ്യുന്ന അധീശശക്തിയായി രാമനും ലക്ഷ്മണനും സുഗ്രീവനും നിലകൊള്ളുന്നു. എന്നാൽ ചുറ്റുമുള്ളവരെ ഉൾക്കൊള്ളുകയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ബാലിയെയും അംഗദനെയും പോലെയുള്ള മനുഷ്യർ നോവലിൽ മറുപുറത്ത് നിൽക്കുന്നു. എല്ലാത്തിനെയും ഉൾക്കൊള്ളാനും സംരക്ഷിക്കാനും ചേർത്തു നിർത്താനുമുള്ള സ്ത്രൈണ മനോഭാവങ്ങളെ ഉൾക്കൊള്ളുന്ന പാത്രസൃഷ്ടിയാണ് ബാലി, അംഗദൻ, താര, രുമ, സീത തുടങ്ങിയവരിലൂടെ എഴുത്തുകാരി നടത്തിയിട്ടുള്ളത്.
ബാലി എന്ന കഥാപാത്രത്തിന് കഥാകാരി നൽകുന്ന ‘വാലി’ എന്ന പേര് ആ കഥാപാത്രത്തിന്റെ യഥാർത്ഥ സ്വത്വത്തിന്റെ വീണ്ടെടുപ്പായി കണക്കാക്കാം. പക്ഷഭേദമില്ലാതെ കിഷ്കിന്ധയിലെ എല്ലാ മനുഷ്യരെയും പരിഗണിച്ചയാളായിരുന്നു ‘വാലി’. എന്നാൽ, തങ്ങളോടെതിർക്കുന്നവരെ ഉന്മൂലനം ചെയ്യാനും ചതിയിലൂടെയോ മറ്റ് അനീതിയിലൂടെയോ തങ്ങളുടെ ലക്ഷ്യം നേടാനും തയ്യാറാകുന്നവരായാണ് സുഗ്രീവനെയും രാമ-ലക്ഷ്മണന്മാരെയും നോവൽ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ അധികാരവും കയ്യടക്കി വയ്ക്കുകയും പല തന്ത്രങ്ങളിലൂടെ ബാലിയെയും രാവണനെയും സീതയെയും ശിക്ഷിക്കുകയും അതിലൂടെ അധികാരത്തെ ബലപ്പെടുത്തുകയും ചെയ്യുന്ന ഏകാധിപതിയായ രാജാവാണ് നോവലിൽ രാമൻ.
കേന്ദ്രകഥാപാത്രമായ അംഗദനെ പുരുഷാധികാര വ്യവസ്ഥിതിയുടെ പ്രതിനിധിയായല്ല നോവലിൽ അവതരിപ്പിക്കുന്നത്, മറിച്ച് അതിന്റെ ഇരയായാണ്. അധികാര വർഗ്ഗത്തിനു കീഴിൽ പ്രതികരിക്കാനാവാതെ എല്ലാ കൊള്ളരുതായ്മകളും സഹിക്കേണ്ടി വരുന്നയാളാണ് അയാൾ. വ്യവസ്ഥിതി അതിന്റെ സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി ഇരയാക്കപ്പെട്ട അംഗദനെയും ബാലിയെയും പോലുള്ള മനുഷ്യരെ ചേർത്തു പിടിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. പാർശ്വവൽക്കരിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഒരു കൂട്ടം ജനതയെ മുന്നിൽ നിർത്തി പൂർവ്വ ഇതിഹാസപാഠത്തെ അപനിർമിക്കുകയാണ് എഴുത്തുകാരി ചെയ്തത്. അതുകൊണ്ടുതന്നെ അവരുടെ കലഹം പുരുഷനോടല്ല മറിച്ച് പുരുഷാധിപത്യ പ്രവണതകളോടും അധികാരിവർഗത്തോടുമാണ് എന്നത് വ്യക്തമാണ്.
പ്രതിഷേധത്തിന്റെ സ്വരങ്ങൾ
മൂകരാക്കപ്പെട്ട ഒരു ജനതയുടെ അനീതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങൾ നോവലിൽ ഉയർന്നു വരുന്നതായി കാണാം. ലങ്കയിൽ നിന്നും തിരിച്ചു വരുന്ന സീതയെ കാണുന്ന അംഗദനോട് വിഭീഷണന്റെ മന്ത്രിമാരിലൊരാൾ പറയുന്ന വാചകമുണ്ട് “കുറ്റവിചാരണ ഉണ്ടാകു”മെന്ന് (സാറാ,2022:231). അതുപറയുമ്പോൾ “കുറ്റവിചാരണയോ എന്തിന്” എന്ന ചോദ്യമാണ് അംഗദന്റെ ഉള്ളിൽ നിന്നും വരുന്നത്. എല്ലാ തെറ്റുകളും ഒരു വിഭാഗത്തിനുമേൽ കെട്ടിവച്ചുകൊണ്ട് സ്വയം മാന്യരെന്ന് നടിക്കുന്ന, ജനതയുടെ അത്തരം മനോഭാവത്തോടുള്ള ചോദ്യം ചെയ്യലിന്റെ സ്വരവും അടിച്ചമർത്തപ്പെട്ട ഒരു സഹജീവിയോടുള്ള സഹാനുഭൂതിയും ആ വരികളിൽ തെളിയുന്നു. “പടുരാക്ഷസചക്രവർത്തിയെന്നുടൽ മോഹിച്ചത് ഞാൻ പിഴച്ചതോ” (കുമാരനാശാൻ, 2013:16) എന്ന് ചിന്താവിഷ്ടയായ സീതയിൽ സീത ചോദിക്കുന്ന അതേ ചോദ്യത്തിന്റെ ധ്വനിമാനം അംഗദന്റെ ‘എന്തിന്’ എന്നുള്ള ചോദ്യത്തിലും ഉയർന്നു കേൾക്കുന്നു. സീത ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്തതായി അംഗദൻ വിശ്വസിക്കുന്നില്ല. രാമനടക്കമുള്ള ജനങ്ങൾ സീതയെ കുറ്റക്കാരിയായി കരുതുമ്പോഴും അംഗദന് അതിന് സാധിക്കുന്നില്ല.
മകനായ അംഗദനെ ഏതു വിധേനയും സംരക്ഷിക്കുന്ന അമ്മയും രാജ്യതന്ത്രം നന്നായി അറിയുന്ന സ്ത്രീയും സുഗ്രീവന്റെ നാട്യത്തെ നന്നായി മനസിലാക്കുന്നവളുമായാണ് താര എന്ന കഥാപാത്രത്തെ എഴുത്തുകാരി രൂപപ്പെടുത്തിയിട്ടുള്ളത്.
“അംഗദന്റെ അച്ഛനെ ചതിച്ചു കൊന്നവനാണ് രാമൻ. അയാളുടെ പെണ്ണിനെത്തേടി അവൻ തന്നെ പോകണമെന്ന് സുഗ്രീവൻ കൽപിച്ചോ? എന്നിട്ട് നിങ്ങളൊക്കെ അത് കേട്ടു നിന്നോ?….” (സാറാ,2022:40). തെക്കുദിക്കിലേക്കുള്ള സീതാന്വേഷണസംഘത്തിന്റെ ദളപതിയായി അംഗദനെ നിയോഗിച്ചതറിഞ്ഞ താരയുടെ വാക്കുകളാണിവ. തന്നോടും മകനോടും കാട്ടുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ താര ധൈര്യപ്പെടുന്നു.
“താരയുടെ കണ്ണുകൾ അയാളെ പറന്നു കൊത്തി” (സാറാ, 2022:51). ബാലിയുടെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സുഗ്രീവന്റെ നാട്യത്തെ നിഷ്പ്രഭമാക്കുന്ന താരയെ അവതരിപ്പിക്കുന്ന രംഗമാണിത്. ഈ വരികൾ താരയുടെ മാതൃത്വ ബോധത്തെയും ധൈര്യത്തേയും രാഷ്ട്രീയമായ ചതിക്കുഴികളെക്കുറിച്ചും മനുഷ്യരുടെ കാപട്യങ്ങളെക്കുറിച്ചുള്ള ബോധ്യത്തെയും വെളിവാക്കുന്നു. സുഗ്രീവന്റെ അഭിലാഷങ്ങളൊക്കെ ഭംഗിയായി നിറവേറ്റിക്കൊടുത്ത മാരുതിക്കെതിരെയും അവർ വാക്ശരങ്ങളുതിർക്കുന്നുണ്ട് (സാറാ, 2022:55). പ്രതികരണ ശേഷിയുള്ള സ്ത്രീയായി താരയെ നോവൽ സൃഷ്ടിച്ചിരിക്കുന്നു.
“എന്നോട് രമിച്ചതിനാലാണ് വാലിയെ കൊന്നത് എന്ന് പറയുന്നു, താരയോട് രമിച്ചതിനാൽ സുഗ്രീവനെ ആര് കൊല്ലും” എന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കുന്നത് സുഗ്രീവ പത്നി രുമയാണ്. തുല്യ നീതി നടപ്പാക്കാത്ത അധികാരി വർഗ്ഗത്തോടുള്ള എതിർപ്പ് ഈ വരികൾ പ്രകടമാക്കുന്നു.
“സുഗ്രീവനേക്കാൾ ഞാൻ സ്നേഹിച്ചത് വാലിയെയാണ്. കാമിച്ചതും അയാളെത്തന്നെ. എനിക്ക് സുഖം തന്നത് വാലിയാണ്. ശരീരം പോലെ മനസ്സും കൊതിച്ചത് വാലിയെത്തന്നെ. കാമത്തിന് തടയിടാൻ ഏത് അമ്പുകണ്ട് കഴിയും?”(സാറാ,2022:30) എന്ന അവരുടെ വാക്കുകൾ സ്ത്രീയുടെ ലൈംഗിക സ്വയം നിർണയാവകാശത്തിന്റെ തുറന്നുപറച്ചിൽ ആണ്.
അക്രമാസക്തതയോടുള്ള എതിർപ്പ്
രാമരാവണയുദ്ധം അനിവാര്യമായിരുന്ന ഒന്നല്ല. എന്നാൽ അത് നടത്തണമെന്നത് രാമന്റെ ആവശ്യമായിരുന്നു. യുദ്ധത്തിലൂടെ അധികാരമോ മറ്റെന്തെങ്കിലുമോ നേടിയെടുക്കുക എന്ന അധികാരിവർഗ്ഗത്തിന്റെ മനോഭാവത്തെ നോവൽ ചോദ്യം ചെയ്യുന്നുണ്ട്. ഒരു വിഭാഗം ആളുകളെ അടിച്ചമർത്തിക്കൊണ്ട് അവരെ ചൂഷണം ചെയ്യുക എന്ന ആണധികാര വ്യവസ്ഥിതിയുടെ ബോധ്യത്തെയും വിമർശനവിധേയമാക്കുന്നു.
പലരും പലതവണ പറഞ്ഞുപോയ പുരാണ നായികയെക്കുറിച്ച് പറയാനല്ല നോവലിസ്റ്റ് ശ്രമിക്കുന്നത്. എങ്കിലും കഥയുടെ അവസാനഭാഗത്ത് സീതയുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നുണ്ട് നോവൽ. “അംഗദാ, രാമൻ ഉറങ്ങുകയാണ് ഉറങ്ങുന്നവനെ കൊല്ലുന്നത് പാതകമാണ്” എന്നുപറഞ്ഞുകൊണ്ട് സീത, രാമനെ കൊല്ലുന്നതിൽ നിന്നും അംഗദനെ പിന്തിരിപ്പിക്കുന്നു. ഒന്നിനെയും ഉപദ്രവിക്കാതിരിക്കുക എന്ന സ്ത്രൈണ മനോഭാവം – അത് തികച്ചും മാനുഷികമായ ഒന്നാണ് – ഇവിടെ വെളിവാകുന്നു. അംഗദന്റെ കയ്യിലെ തിളങ്ങുന്ന വാൾ പുരുഷാധികാരത്തിന്റെ സൂചനയാണ്. നോവലിന്റെ അവസാനം അയാളത് വലിച്ചെറിഞ്ഞുകളയുന്നു. അക്രമത്തിലൂടെയല്ലാതെ നയപരവും ഉറപ്പുള്ളതുമായ വാക്കുകളിലൂടെയാണ് സീത അംഗദനെ അധീനപ്പെടുത്തുന്നത്. പുരുഷാധികാരത്തിന്റെ ക്രൂരമനോഭാവത്തെ സ്ത്രീ അവളുടെ നൈതിക ശക്തികൊണ്ട് നേരിടുകയും പരാജയപ്പെടുത്തുകയും ചെയുന്നു. സീത കരുണയുടെ പ്രതീകം മാത്രമല്ല. സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകം കൂടിയായി നോവലിൽ തെളിയുന്നു. അംഗദന്റെ വാളിനേക്കാൾ ശക്തമാണ് സീതയുടെ വാക്കുകൾ.
നോവലിന്റെ ഭാഷ
സ്ത്രീകൾ സ്വന്തം സ്വത്വത്തെക്കുറിച്ചെഴുതണം. ശരീരത്തിലൂടെയും അനുഭവങ്ങളിലൂടെയും തനതായ ഒരു ഭാഷ കണ്ടെത്തി എഴുതണം എന്ന ഹെലൻസിക്സസിന്റെ ആശയത്തെ നോവൽ ഉൾക്കൊള്ളുന്നു.
“താരയ്ക്ക് പേറ്റുനോവ് തുടങ്ങിയപ്പോൾ കൂട്ടമ്മമാരും നോവെടുത്ത് കരഞ്ഞു. ഈറ്റുപുഴയിൽ അരയോളം വെള്ളത്തിൽ അവരും കാൽ വച്ചിരുന്നു. വേദനകൊണ്ട് അവരും കിടന്ന് പുളഞ്ഞു…..” (സാറാ ജോസഫ്, 2022:21).
“താര ആശയറ്റവളായി തന്റെ മകൻ അംഗദനെ ഗർഭത്തിലേക്ക് തിരിച്ചു വിളിക്കാൻ തീരുമാനിച്ചു”(സാറാ ജോസഫ്, 2022:54) തുടങ്ങിയ വരികൾ സ്ത്രീ അവളുടെ ശരീരത്തെയും ജൈവികമായ ചോദനകളെയും മറയില്ലാതെ തുറന്നെഴുതുക എന്ന പെണ്ണെഴുത്തിന്റെ സ്വാഭാവം വെളിവാക്കുന്നു. പ്രസവം, ലൈംഗികത, ശരീരം തുടങ്ങി സ്ത്രീയുമായി ബന്ധപ്പെട്ടവയെയെല്ലാം തുറന്നെഴുതുന്നുണ്ട് നോവലിസ്റ്റ്.
ഉപദർശനങ്ങൾ
രാമായണം ഒരു സുനിശ്ചിത പാഠമല്ല. നിരവധി ദേദങ്ങളോടു കൂടിയ രാമായണപാഠ ചരിത്രത്തിലെ വേറിട്ട പാഠമാണ് ഊര്കാവൽ. പൂർവ്വ പാഠങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചില അനുഭവങ്ങളെയോ മനുഷ്യരുടെ ജീവിതത്തേയോ കേന്ദ്രത്തിലേക്ക് നിർത്താനുള്ള ശ്രമമാണ് സാറാ ജോസഫ് നോവലിലൂടെ നടത്തുന്നത്. ബാലിയുടെ മകനായ അംഗദൻ, കിഷ്കിന്ധയിലെ രാജ്ഞിമാരായ താര, രുമ, അംഗദന്റെ കാമുകി ഇയ, സീത, അംഗദന്റെ കൂട്ടമ്മമാരായ നിരവധി സ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവന്ന് രാമായണപാഠത്തെ പുനരാവിഷ്കരിക്കുന്നതിലൂടെ നിശബ്ദമാക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ ശബ്ദമാണ് എഴുത്തുകാരി കേൾപ്പിക്കുന്നത്. ഒപ്പം അധികാരിവർഗ്ഗത്തോടും അക്രമാസക്തതയോടുമുള്ള വിമർശനവും നോവൽ ഉന്നയിക്കുന്നു. അതിനെ മറികടന്നുപോകുന്ന ഒരു ലോകത്തെ വിഭാവനം ചെയ്യുകയും ചെയ്യുന്നു. അതിനനുസൃതമായ, സ്ത്രൈണമായ ഭാഷാരീതിയാണ് അവർ നോവലെഴുത്തിനായി സ്വീകരിച്ചിട്ടുള്ളതും. പുറത്താക്കപ്പെട്ട ആളുകളെ, പീഠിതരാക്കപ്പെടുന്നവരെ, ചേർത്തു നിർത്തുക എന്നതാണ് സ്ത്രൈണമനോഭാവം. ഉൾക്കൊള്ളലിലാണ് സ്ത്രൈണ ഭാവനയുള്ളത്. ഒരു കാലത്ത് അനീതികളെല്ലാം നിശ്ശബ്ദമായി സഹിക്കേണ്ടിവന്ന ഒരു ജനതയുടെ ശബ്ദമാണ് പുനർവായനകളിലൂടെ നാം കേൾക്കുന്നത്. “കണ്വാശ്രമത്തിലെ മാൻപേടയക്കാളും അബലയായി” സ്ത്രീയെ ചിത്രീകരിച്ച പാരമ്പര്യത്തിൽ നിന്നും സ്വത്വബോധവും സ്വയം നിർണ്ണയാവകാശവുമുള്ള സ്ത്രീ നിർമ്മിതിയിലേക്ക് സാഹിത്യം എത്തി എന്നത് അഭിമാനകരമാണ്. ഇപ്രകാരം, ഓരത്തേക്ക് മാറ്റി നിർത്തപ്പെട്ടവരുടെ കഥനങ്ങൾ കൂടുതൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും നോവൽ തുറന്നിടുന്നു.
ഗ്രന്ഥസൂചി
1.കാമിൽ ബുൽക്കെ, രാമകഥ: ഉദ്ഭവവും വളർച്ചയും, വിവ. അഭയദേവ്, കേരളസാഹിത്യ അക്കാദമി, തൃശൂർ, 1999.
2.കുമാരനാശാൻ, ചിന്താവിഷ്ടയായ സീത, സായാഹ്ന ഫൗണ്ടേഷൻ, തിരുവനന്തപുരം, 2013. https://books.sayahna.org/ml/pdf/sita.pdf
3.ജോസഫ് മുണ്ടശ്ശേരി, കാലത്തിന്റെ കണ്ണാടി, മംഗളോദയം, തൃശൂർ, 1954.
4.ദിലീപൻ ജി., രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങൾ, ഡി സി ബുക്സ്, കോട്ടയം, 2023.
5.രാജശ്രീ ആർ., നായികാ നിർമ്മിതി വഴിയും പൊരുളും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2018.
6.രാമാനുജൻ ഏ. കെ., മുന്നൂറ് രാമായണങ്ങൾ: അഞ്ച് ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും, വിവ. പി. എൻ. ഗോപീകൃഷ്ണൻ , ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്, 2022.
7.ലതികാ നായർ ബി. പരവൂർ, ഭാരതസ്ത്രീകൾ നൂറ്റാണ്ടുകളിലൂടെ, മാതൃഭൂമി ബുക്സ്, 2010.
8.ശ്രീധരൻ എ. എം., ദീപ ചിറ്റാക്കൂൽ (എഡി.), ഊര്കാക്കുന്ന പെണ്ണൊലികൾ. സമയം പബ്ലിക്കേഷൻസ്, കണ്ണൂർ, 2014.
9.സാറാ ജോസഫ്, ഊര്കാവൽ, കറന്റ് ബുക്സ്, തൃശ്ശൂർ, 2022.
10.സുനിൽ പി. ഇളയിടം, മഹാഭാരതം സാംസ്കാരിക ചരിത്രം, ഡി സി ബുക്സ്, കോട്ടയം, 2022.
11.Cixous Hélène, “The Laugh of the Medusa”, Translated by Keith Cohen and Paula Cohen, The University of Chicago Press, Signs, Vol. 1, No. 4. , 1976. pp. 875-893. https://share.google/7un2cXMT8nwonhKrI
രശ്മി വി.
ഗവേഷക, മലയാളവിഭാഗം
ഡോ.ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി
കണ്ണൂർ സർവ്വകലാശാല
Email: reshmivalappanveettil@gmail.com
Mob: 9645727177
Copyright © 2026 | WordPress Theme by MH Themes
