മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 JULY-SEPTEMBER | VOLUME 02 | ISSUE 03

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

മിത്തിന്റെ ദൃശ്യാവിഷ്കാരം:

'ചെമ്മീൻ', 'T.D. ദാസൻ Std. VI B' എന്നീ സിനിമകളിലെ പാതിവ്രത്യസങ്കൽപത്തെക്കുറിച്ചുള്ള പഠനം

»  ദേവിക ഗംഗൻ പി. വി.

ID: MRK0045

Published on July 01, 2026

Time: 10:00 AM IST

9 myth
9 myth

പ്രബന്ധസംഗ്രഹം

ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക അടിത്തറ രൂപപ്പെടുത്തുന്നതിൽ മിത്തുകൾ നിർണായക പങ്ക് വഹിക്കുന്നു. സമൂഹത്തിന്റെ മൂല്യങ്ങളും വിശ്വാസങ്ങളുമാണ് അവയിൽ പ്രതിഫലിക്കുന്നത്. ആദ്യ കാലഘട്ടം തൊട്ടുതന്നെ മലയാള സിനിമ മിത്തുകളെ സ്വാംശീകരിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹം സിനിമയേയും സിനിമ സമൂഹത്തേയും സ്വാധീനിക്കുന്നു. സമൂഹം സിനിമയുടെ കഥാഘടനയെയും മറ്റും രൂപപ്പെടുത്തുമ്പോൾ സിനിമ സമൂഹത്തിന്റെ ബോധ്യങ്ങളേയും വിശ്വാസങ്ങളേയും പുനർനിർമിക്കുന്നു. ചെമ്മീൻ, T.D. ദാസൻ Std.VI B എന്നീ സിനിമകളിൽ പ്രതിപാദിക്കുന്ന പാതിവ്രത്യം സംബന്ധിച്ച മിത്തുകളാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ഇത്തരം മിത്തുകളെ എപ്രകാരമാണ് സമൂഹം ഓരോ കാലത്തും നോക്കിക്കാണുന്നത് എന്നും അവ എപ്രകാരമാണ് സിനിമകളിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നും ഈ പ്രബന്ധം അന്വേഷിക്കുന്നു.

താക്കോൽവാക്കുകൾ
മിത്ത്, പാതിവ്രത്യം, സിനിമ, മിത്തോളജി

ആമുഖം
പരസ്പരബന്ധിതമായ നിയമങ്ങളുടെ ശൃംഖലയാണ് സമൂഹം. ഒരു സമൂഹത്തിലെ നിയമങ്ങളും വിശ്വാസങ്ങളും ഇതര സമൂഹത്തിന്റേതിൽനിന്നും വ്യത്യസ്തമായിരിക്കും. സമൂഹത്തിന്റെ സുഗമമായ നിലനിൽപ്പിനായി സമൂഹം തന്നെ നിർമ്മിച്ചെടുത്തവയാണ് മിത്തുകൾ. മനുഷ്യരെ നിയന്ത്രിക്കാനും നവീകരിക്കാനും അവയ്ക്ക് സാധിക്കും. മനുഷ്യ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണത്. ജനനം മുതൽ മരണം വരെ മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ, സാമൂഹ്യജീവിയാക്കിത്തീർക്കുന്നതിൽ മിത്തുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. ഓരോ മിത്തിലും പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ മനസ്സും ചിന്താധാരയുമാണ്. പുരുഷാധിപത്യ സമൂഹത്തിൽ രൂപപ്പെടുന്ന മിത്തുകൾക്ക് ആണധികാരത്തിന്റെ ഛായയുണ്ടാകും. പാതിവ്രത്യം സംബന്ധിച്ച് നമുക്കിടയിൽ പ്രചാരത്തിലുള്ള മിത്തുകളിലും ഈ സവിശേഷത ദർശിക്കാം.

സമൂഹത്തിൽ നിലനിൽക്കുന്ന മിത്തിന്റെ അംശങ്ങൾ സിനിമയിലേക്കും കടന്നുവരാറുണ്ട്. ആദ്യകാലം മുതൽ ഉണ്ടായ മലയാള സിനിമകളിൽ നിന്നും ഇതിന്റെ മികച്ച ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിക്കും. 1965 ൽ പുറത്തിറങ്ങിയ ചെമ്മീനിലും 2010 ൽ പുറത്തിറങ്ങിയ T.D. ദാസൻ Std. VI B എന്ന സിനിമയിലും പാതിവ്രത്യം സംബന്ധിച്ച മിത്തുകൾ എപ്രകാരം പ്രവർത്തിക്കുന്നു എന്നാണ് ഈ പ്രബന്ധം പഠനവിധേയമാക്കുന്നത്.
 
മിത്ത് 
സംഭാഷണം, ചിന്ത, കഥ എന്നീ അർഥങ്ങളുള്ള ‘മിഥോസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ‘മിത്ത്’ എന്ന പദം രൂപംകൊണ്ടത്. വ്യത്യസ്ത പണ്ഡിതർ വ്യത്യസ്ത തരത്തിലാണ് മിത്തിനെ നിർവചിക്കാൻ ശ്രമിച്ചത്. മിത്തുകളുടെ വ്യാപ്തിയും സങ്കീർണതയുമാണ് ഇതിന് കാരണം. പ്രാകൃതശാസ്ത്രമായും ചരിത്രജ്ഞാനമായും സമഷ്ട്യബോധത്തിന്റെ ഭ്രമകൽപനയായും മിത്തുകൾ വിലയിരുത്തപ്പെട്ടിട്ടുണ്ട് (പുന്നൂസ്, എം.ഐ., 2021:19). ഒരർഥത്തിൽ മിത്തുകളിലൂടെയുള്ള പ്രയാണമാണ് മനുഷ്യരുടെ ജീവിതം. മിത്തുകളാണ് നമ്മുടെ ആശയങ്ങളെയും ചിന്തകളെയും ഇഷ്ടാനിഷ്ടങ്ങളെയും രൂപപ്പെടുത്തുന്നത്. 

“സാമുദായികമായി പ്രാധാന്യമുള്ള ഏതെങ്കിലും കാര്യത്തെ ഭാഗികമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന പരമ്പരാഗത കഥ” എന്നതാണ് വാർട്ടർ ബർകട്ട് മിത്തിന് നൽകുന്ന നിർവചനം. ജോസഫ് ക്യാംപ്ബെൽ ദി മാസ്ക്സ് ഓഫ് ഗോഡ്: ഓക്സിഡന്റൽ മിത്തോളജി എന്ന പുസ്തകത്തിൽ മിത്തിന്റെ പ്രധാന ധർമങ്ങൾ വിശദമാക്കുന്നുണ്ട്. മിത്തുകൾ നമ്മളെ അത്‌ഭുതപ്പെടുത്തുന്നു. നക്ഷത്രങ്ങളുടെയും പർവതങ്ങളുടെയും ആഴമേറിയ സമുദ്രത്തിന്റെയും മുന്നിൽ നമ്മൾ അന്ധാളിച്ചു നിൽക്കാറുണ്ട്. അവയുടെ ആരംഭത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതകളെക്കുറിച്ചും ചിന്തിക്കാറുമുണ്ട്. പരപ്രേരണയാൽ ചെയ്യുന്ന ഒന്നല്ലയിത്. കഥയുടെയോ ഇതര കലയുടെയോ രൂപത്തിൽ നമ്മൾ അറിഞ്ഞ മിത്തുകൾമൂലമാണ് നമുക്ക് ഈ നിഗൂഢതകളെ ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കുന്നത്.

മിത്തുകൾ ഉപയോഗിച്ചാണ് മനുഷ്യർ ഒരുകാലത്ത് പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിച്ചത്. ശാസ്ത്രം വികസിച്ചതോടെ പ്രപഞ്ച പ്രതിഭാസങ്ങളെ ശരിയായി മനസ്സിലാക്കാൻ നമുക്ക് സാധിച്ചുവെങ്കിലും ജീവിതത്തെയും ലോകത്തെയും ആഴത്തിൽ വ്യാഖ്യാനം ചെയ്യുമ്പോൾ നമ്മൾ ഇന്നും മിത്തുകളുടെ സഹായം തേടുന്നു.

സാമൂഹികക്രമം നിലനിർത്താൻ മിത്തുകൾക്ക് സാധിക്കുന്നു. ആളുകൾ എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് ഓരോ സമൂഹത്തിനും അതിന്റേതായ നിയമാവലികളുണ്ട്. സമൂഹത്തിന്റെ സുഗമമായ നിലനിൽപ്പിന് അത്തരം നിയമങ്ങൾ പാലിച്ചേ തീരൂ. ഈ നിയമങ്ങളെ സാധൂകരിക്കാൻ മിത്തുകൾക്ക് സാധിക്കുന്നു.

മിത്തുകളിൽ വിശ്വസിക്കുന്ന മനുഷ്യർ നിയമങ്ങൾ ലംഘിക്കാൻ ഭയപ്പെടുന്നു. മിത്തുകൾ മനുഷ്യരെ സ്നേഹം, ധൈര്യം, സത്യസന്ധത തുടങ്ങിയ ഗുണങ്ങളും പഠിപ്പിക്കുന്നു. മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെയും ഭയങ്ങളെയും സ്വപ്നങ്ങളെയും തിരിച്ചറിയാൻ മിത്തുകൾ സഹായിക്കുന്നു. പലപ്പോഴും വിവേകപൂർണമായ തീരുമാനങ്ങൾ എടുക്കാൻ മനുഷ്യരെ സഹായിക്കുന്നത് മിത്തുകളും വിശ്വാസങ്ങളുമാണ്.
കാലം മാറുന്നതനുസരിച്ച് മിത്തിന്റെ സ്വഭാവത്തിനും മാറ്റങ്ങൾ സംഭവിക്കുന്നു. മിത്തോളജീസ് എന്ന വിഖ്യാത ഗ്രന്ഥത്തിൽ റോളാങ്ങ് ബാർത്ത് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ആധുനിക കാലത്തെ മിത്തുകൾ ദൈവത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതോ പരമ്പരാഗത ഐതിഹ്യങ്ങളോ അല്ല. മറിച്ച് അവ കുടികൊള്ളുന്നത് പരസ്യങ്ങൾ, മാധ്യമങ്ങൾ, ഉപഭോഗവസ്തുക്കൾ എന്നിവയിലാണ്. ഇവ മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നമ്മൾ പോലുമറിയാതെ ചില പ്രത്യയശാസ്ത്രപരമായ അർഥങ്ങളെ/ ആശയങ്ങളെ അവ നമ്മളിലേക്ക് എത്തിക്കുന്നു. ഇവയാണ് ആധുനിക കാലത്തെ മിത്തുകൾ എന്ന് ബാർത്ത് പറയുന്നു. മിത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രവും അതിപ്രധാനമാണ്. മനുഷ്യനിർമിതങ്ങളായ മൂല്യങ്ങളെ സ്വാഭാവിക യാഥാർത്ഥ്യങ്ങളായി ചിത്രീകരിച്ചുകൊണ്ട് സാമൂഹിക അജണ്ടകൾക്ക് സാധുത നൽകുകയാണ് ഓരോ മിത്തും ചെയ്യുന്നത്. 

ഒരു പുരുഷാധിപത്യ സമൂഹത്തിൽ രൂപംകൊള്ളുന്ന മിത്തുകൾ മിക്കതും സ്ത്രീയെ പുരുഷന് കീഴിൽ പ്രതിഷ്ഠിക്കുന്നവയായിരിക്കും. പുരുഷൻ ആയിരിക്കും സർവസ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഇതിന് ഉദാഹരണമാണ് പാതിവ്രത്യം സംബന്ധിച്ച മിത്തുകൾ. ഭാരതത്തിലെ ഏറ്റവും വലിയ പാതിവ്രത്യ മിത്താണ് രാമായണം. പതിവ്രതയായ സീതയ്ക്ക് ഭർത്താവായ രാമനോട് ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവും അചഞ്ചലമായിരുന്നു. രാവണൻ തട്ടിക്കൊണ്ടുപോയപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽപ്പെട്ടപ്പോഴും സീത തളർന്നില്ല. പാതിവ്രത്യം തെളിയിക്കാനായി അഗ്നിപരീക്ഷ സ്വീകരിക്കാൻപോലും സീത തയ്യാറായി. ഇന്നും പല ഭാരതീയസ്ത്രീകളും സീതയെ ആരാധിക്കുന്നു.
 
പാതിവ്രത്യസങ്കൽപം
‘ഭർത്താവിനെ ഒഴിഞ്ഞു മറ്റൊരുവനെ കാംക്ഷിക്കുകയില്ലെന്ന ദൃഢനിഷ്ഠ’ എന്നാണ് പാതിവ്രത്യത്തിന് ശബ്ദതാരാവലി നൽകുന്ന അർഥം. എന്നാൽ സ്ത്രീയുടെ ദാമ്പത്യ ജീവിതവുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നല്ല പാതിവ്രത്യ സങ്കൽപം. സമൂഹം സ്ത്രീകൾക്കായി കരുതിവച്ച പെരുമാറ്റച്ചട്ടങ്ങളുടെ സമാഹാരമാണിത്. ശരീരംകൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും ഭർത്താവിനോട് മാത്രം ബന്ധപ്പെട്ടു നിൽക്കുന്നതിലൂടെ സ്ത്രീയുടെ ജീവിതത്തേയും അവളുടെ ആഗ്രഹങ്ങളേയും സ്വാതന്ത്ര്യത്തേയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒന്നായി പാതിവ്രത്യം മാറുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യന് സ്ഥിരമായ വാസസ്ഥലമില്ലായിരുന്നു. കാർഷിക സംസ്കൃതി രൂപപ്പെട്ടതോടുകൂടി ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കണം എന്ന അവസ്ഥ വന്നു. സ്വത്തുക്കളുടെ പിന്തുടർച്ച എപ്രകാരമായിരിക്കണം എന്ന ചോദ്യം ഉടലെടുത്തു. സ്വത്തുക്കൾ തന്റെ മക്കളിലേക്ക് എത്തണമെങ്കിൽ തന്റെ ഇണയ്ക്ക് ഒന്നിലധികം ലൈംഗികപങ്കാളി ഉണ്ടാകരുത് എന്ന് പുരുഷന് ബോധ്യപ്പെട്ടു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഒരു സ്ത്രീയ്ക്ക് ഒരു പുരുഷൻ എന്ന സങ്കൽപം ദൃഢമായത് എന്ന് സാമുവൽ ജോൺസൺ അഭിപ്രായപ്പെടുന്നു. കാലാന്തരത്തിൽ ഇതിന് വ്യത്യസ്ത മാനങ്ങൾ കൈവന്നു. അത് സ്ത്രീയുടെ മാത്രം ‘ഉത്തരവാദിത്തമായി’. പാത്രിവ്രത്യമാണ് സ്ത്രീയെ ‘വിശുദ്ധ’യാക്കുന്നത് എന്ന സ്ഥിതി സംജാതമായി. അത് അനുഷ്ഠിക്കാത്തവളെ സമൂഹം കല്ലെറിഞ്ഞു തുടങ്ങി. സ്ത്രീ പാതിവ്രത്യമുള്ളവളായിരിക്കണം എന്ന നിർബന്ധം രൂഢമൂലമായി.

പാതിവ്രത്യ സങ്കൽപം എപ്രകാരമാണ് ആദ്യകാല സാഹിത്യകൃതികളിൽ അവതരിപ്പിക്കപ്പെട്ടത് എന്ന് ലിൻഡ മക്രോബി വ്യക്തമാക്കുന്നുണ്ട്. മധ്യകാലഘട്ടത്തിലെയും നവോത്ഥാനകാലഘട്ടത്തിലെയും കൃതികൾ അനുസരിച്ച് ഒരു പെണ്ണിന്റെ പാതിവ്രത്യം അവളുടെ ഭർത്താവിന്റെ അന്തസ്സിന്റെ പ്രതിഫലനമാണ്. സാഹിത്യകാരന്മാർ പാതിവ്രത്യത്തെ വാഴ്ത്തി. “പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരട്” ഉത്തമ സ്ത്രീ ലക്ഷണമായി. അതില്ലാത്തവളെ പിഴച്ചവളായി മുദ്ര കുത്തി. സമൂഹം സുഗമമായി നിലനിൽക്കണമെങ്കിൽ അവിടത്തെ സ്ത്രീകൾ പതിവ്രതകളായിരിക്കണം എന്ന സ്ഥിതി രൂപപ്പെട്ടു. ഈ ചിന്ത ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
        
മലയാളസിനിമയും മിത്തും
ഇന്ത്യൻ സിനിമയുടെ ആരംഭദശ തൊട്ടുതന്നെ മിത്തുകൾ അതിന്റെ അവിഭാജ്യഘടകമാണ്. ദാദാ സാഹേബ് ഫാൽക്കേ സംവിധാനം നിർവഹിച്ച് 1913 ൽ പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്ര തന്നെയാണ് മികച്ച ഉദാഹരണം. ഇന്ത്യയിലെ ആദ്യ മുഴുനീള നിശബ്ദ ചിത്രമാണിത്. പുരാണ കഥാപാത്രമായ ഹരിശ്ചന്ദ്രനായിരുന്നു പ്രധാന കഥാപാത്രം.

മലയാള സിനിമയും മിത്തുകളാൽ സമ്പന്നമാണ്. ക്ലാസിക് ചലച്ചിത്രങ്ങളിലും നിശ്ശബ്ദ ചലച്ചിത്രങ്ങളിലും മിത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ സംവിധായകർ ശ്രമിച്ചിട്ടുണ്ട്. ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി എ. വിൻസന്റ് സംവിധാനം ചെയ്ത ഭാർഗ്ഗവീനിലയം, പി വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല്, സന്തോഷ് ശിവന്റെ അനന്തഭദ്രം, ജിത്തു മാധവന്റെ രോമാഞ്ചം, ഡൊമിനിക് അരുണിന്റെ ലോക – ഇവയൊക്കെ വ്യത്യസ്ത മിത്തുകളെ കേന്ദീകരിച്ച് രൂപപ്പെട്ടിട്ടുള്ള സിനിമകളാണ്. ഈ സിനിമകളൊക്കെയും അത് പുറത്തിറങ്ങിയ കാലത്തെ ഹിറ്റുകളായിരുന്നു. തലമുറകളായി കൈമാറിവരുന്ന മിത്തുകൾ ഒളിമങ്ങാതെ ഇന്നും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ജനപ്രിയ സിനിമകൾ.

സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ സാധൂകരിക്കുന്ന തരത്തിലുള്ള മിത്തുകളും സിനിമയിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം സിനിമകളിൽ പ്രസ്തുത സിനിമയുടെ വാദത്തെ ശക്തിപ്പെടുത്തുക എന്ന ധർമ്മമാണ് മിത്തുകൾ നിർവഹിക്കുന്നത്.

കടലമ്മയും മിത്തും
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമയാണ് ചെമ്മീൻ. 1965 ൽ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയെ തേടിയെത്തി.  കേരളത്തിന്റെ കടലോര ജീവിതത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വിശ്വാസവും ജീവിതവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പൻകുഞ്ഞ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. 

കറുത്തമ്മയും പരീക്കുട്ടിയും പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായത്തിൽപ്പെട്ട വ്യക്തികളായതിനാൽ ഇവരുടെ പ്രണയത്തെ കുടുംബമോ സമൂഹമോ അംഗീകരിച്ചിരുന്നില്ല. കറുത്തമ്മയുടെ അച്ഛനായ ചെമ്പൻകുഞ്ഞ് സ്വന്തമായി ഒരു വള്ളവും വലയും വാങ്ങാൻ ആഗ്രഹിക്കുകയും അതിനായി പരീക്കുട്ടിയുടെ സഹായം തേടുകയും ചെയ്യുന്നു. തുടർന്ന് ചെമ്പൻകുഞ്ഞ് പരീക്കുട്ടിയെ ചതിക്കുകയും കറുത്തമ്മയും പളനി എന്ന മത്സ്യത്തൊഴിലാളിയും തമ്മിലുള്ള വിവാഹം നടത്തുകയും ചെയ്യുന്നു. പളനിയുടെ കൂടെ സമാധാനപൂർണമായി ജീവിക്കാൻ കറുത്തമ്മ ആഗ്രഹിക്കുന്നു. എന്നാൽ അവളെക്കുറിച്ചുള്ള അപവാദങ്ങൾ നാട്ടിൽ പ്രചരിക്കുന്നു. ഇത് കറുത്തമ്മയും പളനിയും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നു. പിന്നീടൊരിക്കൽ, പരീക്കുട്ടി കടലമ്മയെ കാണാൻ എത്തുകയും അവർ ബന്ധം പുന:സ്ഥാപിക്കുകയും ചെയ്യുന്നു. അതേസമയം പളനി കടലിൽവച്ച് ഒരു സ്രാവിനോട് ഏറ്റുമുട്ടുന്നു. തുടർന്ന് പളനി മരിക്കുന്നു. അധികം വൈകാതെ പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും മൃതദേഹങ്ങൾ കരയിൽ കാണപ്പെടുന്നു.

“മരക്കാത്തിമാർ നെറിയും മുറയുമായിട്ട് നിന്നാൽ കടലമ്മ എല്ലാം തരും. ഇല്ലെങ്കിൽ തുറ മുടിച്ച് കളയും” എന്ന മിത്താണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. അരയന്മാർക്കിടയിൽ പ്രചരിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഈ വിശ്വാസം സിനിമയിൽ ആദിമധ്യാന്തം നിറഞ്ഞുനിൽക്കുന്നു. സിനിമയിലെ എല്ലാ പ്രധാന രംഗങ്ങളിലും മിത്തിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. മരക്കാത്തിമാരുടെ നെറിയും മുറയും നഷ്ടമായാൽ സംഭവിക്കാനിടയുള്ള വിപത്തുക്കൾ, അത് സംബന്ധിച്ചുള്ള ഭയവിഹ്വലതകൾ എന്നിവയാണ് ഈ സിനിമയുടെ മുഖ്യപ്രമേയം.

തന്റെ മകൾ കറുത്തമ്മ പരീക്കുട്ടിയുമായി പ്രണയത്തിലാണ് എന്നറിഞ്ഞ ചക്കി ഇക്കാരണം പറഞ്ഞുകൊണ്ട് അവളെ താക്കീത് ചെയ്യുന്നു. അയൽക്കാരിയായ നല്ലപെണ്ണും ഭയക്കുന്നത് കറുത്തമ്മ കാരണം കടപ്പുറം മുടിയുമോ എന്നാണ്. കറുത്തമ്മയ്ക്ക് അത്ര പരിചിതമല്ലാത്ത മനുഷ്യർ (പളനിയുടെ ചങ്ങാതിമാരടക്കം) കറുത്തമ്മയുടെ പാതിവ്രത്യത്തെക്കുറിച്ച് ആശങ്കാപൂർവം സംസാരിക്കുന്നുണ്ട്.“കടപ്പുറം മുടിയാതിരിക്കാനാണ് പെണ്ണിനെ കെട്ടിച്ചു വിടുന്നത്” എന്ന തിരിച്ചറിവ് പളനിയുടെ സുഹൃത്തിനെ കല്യാണ സമയത്ത് തന്നെ അസ്വസ്ഥനാക്കുന്നുണ്ട്. വിവാഹശേഷവും പരീക്കുട്ടിയുമായുള്ള ബന്ധം കറുത്തമ്മ തുടരുന്നുണ്ടോ എന്ന സംശയം പളനിയുടെ കൂടെ കടലിൽ പോകുന്നയാളെ ഭയപ്പെടുത്തുന്നു. “എന്റെ ഉയിരു പോകുമോ എന്നാണ് ഞങ്ങടെ പേടി” എന്ന വാക്കിൽ നിന്നുതന്നെ അത് വ്യക്തമാകുന്നുണ്ട്. ഇവിടെ സ്ത്രീയുടെ പാതിവ്രത്യം നിലനിർത്തുക എന്നത് അവളുടെ മാത്രമല്ല, അവളുടെ ചുറ്റുമുള്ള മനുഷ്യരുടെയും അവൾ ജീവിക്കുന്ന സമുദായത്തിന്റെയും കൂടി ആവശ്യമാണെന്ന് വരുന്നു.

കറുത്തമ്മയുടെ പാതിവ്രത്യത്തിൽ സംശയം തോന്നുന്ന മത്സ്യത്തൊഴിലാളികൾ പളനിയെ ശകാരിക്കുന്നു. സുഹൃത്തുക്കൾക്കിടയിൽ അംഗീകാരം നഷ്ടപ്പെട്ട പളനി, അതിന് കാരണക്കാരിയായ കറുത്തമ്മയെ വിശേഷിപ്പിക്കുന്നത് “പിഴച്ചവൾ” എന്നാണ്.

തന്റെ ഭർത്താവിനെയും തങ്ങൾ ജീവിക്കുന്ന സമുദായത്തെയും തങ്ങൾക്ക് ഉപജീവനമാർഗം നൽകുന്ന കടലിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ട് എന്ന തിരിച്ചറിവോട് കൂടിയാണ് ഓരോ പെൺകുട്ടിയും വളരുന്നത്. “ഞാനിവിടെ നിന്നാൽ ഈ കടപ്പുറം മുടിഞ്ഞു പോകും” എന്നും, “ഒരു മരക്കാത്തിയുടെ നെറിയും മുറയും എനിക്കറിയാം” എന്നും പറയുന്ന കറുത്തമ്മ തന്നെയാണ് ഇതിന് മികച്ച ഉദാഹരണം. ചെറുപ്പം തൊട്ടേ ഓരോ പെൺകുട്ടിയും ഇത് കേട്ടാണ് വളരുന്നത് എന്ന് സിനിമയിൽ പലയിടത്തും സൂചിപ്പിക്കുന്നുമുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ മേലെയാണ് ഇത്തരം ഉത്തരവാദിത്തങ്ങൾ വന്നുചേരുന്നത്. 

പുരുഷൻ സർവസ്വതന്ത്രനാണ്. ജീവിത പങ്കാളിയല്ലാത്ത വ്യക്തിയുമായി ബന്ധം സ്ഥാപിക്കുമ്പോൾ ആരും അവനെ വിലക്കുന്നില്ല. ആരും അതോർത്ത് ആകുലപ്പെടുന്നുമില്ല. സങ്കീർണവും ഗുരുതരവുമായ ഇത്തരം നിയമങ്ങളുടെ ഇരയായി മാറുന്നത് സ്ത്രീകളാണ്.സിനിമയുടെ അവസാന ഭാഗത്ത് പരീക്കുട്ടിയുമായുള്ള ബന്ധം കറുത്തമ്മ പുനഃസ്ഥാപിക്കുന്നു. ഇതിന്റെ ഫലമെന്നോണം പളനി ചുഴിയിൽ പെടുന്നു. പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും മൃതദേഹമാണ് ഇതിന് ശേഷം സ്‌ക്രീനിൽ തെളിയുന്നത്. കറുത്തമ്മയുടെ പ്രവൃത്തി കടലമ്മയെ രോഷാകുലയാക്കി എന്ന് ഇതിൽ നിന്നും വ്യക്തം. അധികം വൈകാതെ തുറ മുടിയുന്നു. ചുരുക്കത്തിൽ മിത്തിന്റെ സാധൂകരണമാണ് ഇവിടെ നടക്കുന്നത്.

സിനിമയെ പോലെ തന്നെ, അല്ലെങ്കിൽ അതിലുമാഴത്തിൽ പ്രേക്ഷകരെ സ്വാധീനിക്കുന്നവയാണ് സിനിമാഗാനങ്ങൾ. ആദ്യകാല മലയാള സിനിമകളിലെ പാട്ടുകളടക്കം നമ്മൾ ഇന്നും മൂളാറുണ്ട്. അതിൽ പ്രധാനമാണ് ചെമ്മീനിലെ പാട്ടുകൾ. 
ഇതിലെ “പണ്ടൊരു മുക്കുവൻ മുത്തിന് പോയി…” എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികൾ പ്രശസ്തമാണ്. ഈ സിനിമയിലൂടെ സംവേദനം ചെയ്യേണ്ട കാര്യങ്ങളെ മുഴുവൻ ഈ വരികളിൽ ഒതുക്കുകയാണ് ഗാനരചയിതാവ്. ഈ ഗാനത്തെ സിനിമയുടെ രത്നചുരുക്കമായി കരുതാവുന്നതാണ്.
“പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി 
പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി 
അരയത്തിപ്പെണ്ണ് തപസ്സിരുന്ന് 
അവനെ കടലമ്മ കൊണ്ടുവന്ന് 
അരയൻ തോണിയിൽ പോയാലെ 
അവന് കാവല് നീയാണേ….”
“പണ്ടൊരു മുക്കുവൻ മുത്തിന് പോയി
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയി
അരയത്തിപ്പെണ്ണ് പെഴച്ചു പോയി
അവനെ കടലമ്മ കൊണ്ടുപോയി
കണവൻ തോണിയിൽ പോയാല്
കരയിൽ കാവല് നീ വേണം”

സ്ത്രീ പതിവ്രതയായാലുള്ള ഗുണങ്ങളും അല്ലെങ്കിലുള്ള ദോഷവുമാണ് ഇവിടെ പ്രതിപാദ്യം. സിനിമാസംഭാഷണങ്ങളും ഗാനങ്ങളും ദൃശ്യങ്ങളും ഒരുമിച്ചുചേർന്ന് മിത്തിനെ സാധൂകരിക്കുന്നു.

കരിമ്പനകളും മിത്തും
മോഹൻ രാഘവൻ സംവിധാനം ചെയ്ത T.D. ദാസൻ Std. VI B എന്ന സിനിമ പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും പ്രാധാന്യമർഹിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന രണ്ട് കുട്ടികൾ കത്തുകളിലൂടെ ആശയവിനിമയം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ഗ്രാമാന്തരീക്ഷത്തിൽ വളർന്ന ദാസനും ബാംഗ്ലൂർ നഗരത്തിൽ വളർന്ന അമ്മുവുമാണ് പ്രധാന കഥാപാത്രങ്ങൾ. ദാസന്റെ അച്ഛൻ അവനെയും അമ്മ ചന്ദ്രികയെയും ഉപേക്ഷിച്ചു പോകുകയായിരുന്നു. അമ്മയുടെ പെട്ടിയിൽനിന്നും അച്ഛന്റെ പഴയ മേൽവിലാസം കണ്ടെത്തിയ ദാസൻ അതിലേക്ക് കത്തുകളയക്കുന്നു. എന്നാൽ ദാസന്റെ അച്ഛൻ അവിടെനിന്നും താമസം മാറ്റിയിരുന്നു. ആ കത്തുകൾ എത്തുന്നത് അമ്മുവിന്റെ വീട്ടിലേക്കായിരുന്നു. കത്തുകൾ വായിച്ച അമ്മു അവന് കത്തുകളെഴുതാൻ തുടങ്ങി. തന്റെ അച്ഛനാണ് തനിക്ക് കത്തുകളെഴുതുന്നത് എന്ന് കരുതിയ ദാസൻ അവയ്ക്ക് മറുപടികളയച്ചു. പതിയെ ദാസൻ അച്ഛന്റെയടുക്കലേക്ക് പോകാനൊരുങ്ങി. അമ്മുവിന്റെ അച്ഛൻ അമ്മുവിനെയും കൂട്ടി ദാസന്റെ ഗ്രാമത്തിലെത്തുന്നു. അപ്പോഴേക്കും ദാസന് അവന്റെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. അമ്മുവിന്റെ അച്ഛനായ നന്ദകുമാർ തന്റെ അച്ഛനാണ് എന്ന് ദാസൻ ഉറച്ചു വിശ്വസിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

ദാസന്റെ ഗ്രാമത്തിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെക്കുറിച്ച് സിനിമയിൽ പരാമർശമുണ്ട്. അവയെയും സിനിമയിലെ സന്ദർഭങ്ങളെയും സംവിധായകൻ കൂട്ടിയോജിപ്പിക്കുന്നുമുണ്ട്. “പണ്ട് പറന്നു നടന്നിരുന്ന നാഗങ്ങൾ ചിറക് തളരുമ്പോൾ പനങ്കുരലിൽ മാണിക്യമിറക്കിവച്ച് ക്ഷീണം തീർക്കാറുണ്ടായിരുന്നു. ചെത്തുകാരൻ പനഞ്ചുവട്ടിൽ നാഗങ്ങൾക്കായി കള്ള് നേർന്നു വയ്ക്കും. അതിരുകളില്ലാത്ത ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന പനകൾക്ക് കാണാൻ കഴിയാത്തത് ഒന്നുമില്ല. അന്നൊക്കെ ചെത്തുകാരന് പനയിൽ കയറേണ്ടതില്ലായിരുന്നു. അവനു വേണ്ടി കരിമ്പനകൾ തലകുനിച്ചു കൊടുത്തിരുന്നു. ചെത്തുകാരന്റെ പെണ്ണ് പിഴച്ചതിൽ പിന്നെയാണ് അവ കുനിയാതായത്”

ഈ മിത്ത് അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഭാഗത്ത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സൂചനകൾ കാണാം. ചെത്തുകാരന്റെ പെണ്ണ് ‘പിഴച്ചതിൽ’ പിന്നെയാണ് സ്ഥിതിഗതികൾ വഷളായത്. അവളുടെ പ്രവൃത്തിമൂലം പ്രകൃതി മനുഷ്യർക്ക് നൽകിയ എല്ലാ ആനുകൂല്യങ്ങളും പിൻവലിക്കുകയുണ്ടായി. അവളുടെ ഭർത്താവും അനന്തര തലമുറയുമെല്ലാം ആ പ്രവൃത്തിമൂലം ദുരിതമനുഭവിച്ചു.

ഒരു പെണ്ണിന്റെ പാതിവ്രത്യം നഷ്ടപ്പട്ടതതുമൂലം അവൾ മാത്രമല്ല, മനുഷ്യർ മുഴുവനും ദുരിതത്തിലായി. മറ്റൊരർഥത്തിൽ, മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾക്ക് സ്ത്രീകളെ പഴിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സിനിമയിലെ കേന്ദ്രകഥാപാത്രമായ ദാസന് മുത്തി പറഞ്ഞുകൊടുക്കുന്ന കഥയിലും ഇതേ സന്ദർഭം തന്നെയാണ് സൂചിതം.

സിനിമയുടെ മധ്യഭാഗത്തെത്തുമ്പോൾ മറ്റൊരു മിതത്തുകൂടി പ്രത്യക്ഷപ്പെടുന്നു. “നമ്മൾ എന്തെങ്കിലും തെറ്റു ചെയ്താൽ ആരും കാണാതെ ഒരു തുളസിയില പറിച്ച് ഈ കല്ലിൽ വച്ച് പ്രാർത്ഥിച്ചാൽ അമ്പഴക്കാവിലെ ഭഗവതി നമ്മളെ രക്ഷിക്കും” എന്ന് ദാസന്റെ കൂട്ടുകാരി ദാസനോട് പറയുന്നുണ്ട്.ഈ രണ്ട് മിത്തുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ആദ്യത്തേതിന് ശേഷമാണ് രണ്ടാമത്തേത് രൂപംകൊണ്ടത് എന്ന് മനസ്സിലാക്കാം. ആദ്യത്തേതിനുള്ള പരിഹാരമായാണ് രണ്ടാമത്തേത് ഉടലെടുത്തത്.സിനിമയുടെ അവസാനഭാഗത്ത് ഇതേ മിത്തിന്റെ അംശങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ചന്ദ്രികയെ കാവിനരികിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. അവളുടെ മരണകാരണം ആദ്യ കാഴ്ചയിൽ പ്രേക്ഷകന് അവ്യക്തമായിരിക്കാം. അവളുടെ പാതിവ്രത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്, അവൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുന്നുണ്ട്. അവളുടെ മരണംകൊണ്ട് മിത്തിനെ ഒരു പരിധിവരെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദാസൻ പ്രതിസന്ധികളെ അതിജീവിക്കുന്നത് രാമൻകുട്ടിയുടെ സഹായത്താലാണ് എന്ന് വരുന്നിടത്ത് മിത്തിനെ പ്രതിരോധിക്കാൻ സംവിധായകൻ ശ്രമിച്ചതായി കാണാം. രാമൻകുട്ടി യഥാർഥത്തിൽ ചന്ദ്രികയെയും ദാസനെയും സഹായിക്കാൻ ശ്രമിച്ചത് ആത്മാർഥമായിട്ടായിരുന്നു എന്ന സൂചന ഇവിടെയുണ്ട്.

സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന മിത്തും സിനിമയുടെ പ്രമേയവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിൽക്കൂടി സിനിമയിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടുന്ന മെറ്റഫറുകൾക്ക് മിത്തുമായി ബന്ധമുണ്ട്. ദിവാകരന്റെ തിരോധാനവും ചന്ദ്രികയും രാമൻകുട്ടിയും തമ്മിലുള്ള ബന്ധവും ചന്ദ്രികയുടെ പെട്ടെന്നുള്ള മരണവും ചേർത്ത് വായിച്ചാൽ പ്രേക്ഷകന് ഇത് വ്യക്തമാകും.     
 
മിത്തും പ്രകൃതിപ്രതിഭാസങ്ങളും
മിത്ത് സമൂഹത്തിന്റെ അബോധമനസ്സിൽ വീണ പ്രകൃതി പ്രതിഭാസങ്ങളുടെ സമസ്യാപൂരണമാകുന്നു (രാജൻ ഗുരുക്കൾ, രാഘവ വാര്യർ, 2012:11). നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യർ പ്രകൃതി പ്രതിഭാസങ്ങളെ ഭയാശങ്കകളോടെ നോക്കിക്കണ്ടു. ആകാശത്തിന്റെ വിശാലതയും കടലിലെ തിരമാലകളും കാടിന്റെ നിഗൂഢതയുമൊക്കെ അവരെ ഭയപ്പെടുത്തി. പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളോരോന്നും തങ്ങളെ സാരമായി ബാധിക്കുമെന്നും പ്രകൃതിയില്ലാതെ തങ്ങൾക്ക് നിലനിൽക്കാനാകില്ല എന്നും അവർ തിരിച്ചറിഞ്ഞു. തുടർന്ന് അവർ പ്രകൃതിയെ ആരാധിക്കാനും ആദരവോടെ നോക്കിക്കാണാനും ആരംഭിച്ചു. അന്നത്തെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ, അവർ പലതിനും വ്യാഖ്യാനങ്ങൾ തീർത്തു. അതിന്റെ ഫലമായാണ് അനേകം മിത്തുകൾ രൂപപ്പെട്ടത്.

കസ്റ്റം ആൻഡ് മിത്ത് എന്ന പുസ്തകത്തിൽ ആൻഡ്രൂ ലാങ്ങ് ഈ വാദം അവതരിപ്പിക്കുന്നുണ്ട്. മിത്തുകളെ ശാസ്ത്രത്തിനു മുൻപുള്ള കാലഘട്ടത്തിലെ ശാസ്ത്രമായാണ് അദ്ദേഹം കണക്കാക്കുന്നത്. ഇന്ന് അവ പരിശോധിക്കുമ്പോൾ യുക്തിരഹിതമായും അന്ധവിശ്വാസമായും നമുക്ക് തോന്നുമെങ്കിൽക്കൂടി അത് രൂപപ്പെട്ട കാലംകൂടി പരിഗണിക്കേണ്ടതുണ്ട്. തന്റെ മുന്നിലെ പ്രപഞ്ചത്തെ അവർ സർവശക്തയായി കണ്ടു. എല്ലാം അറിയുന്ന, എലല്ലാം കാണുന്ന പ്രപഞ്ചത്തെ മനുഷ്യർ ഭയപ്പെട്ടു. ആ ശക്തിയിൽനിന്നും തങ്ങൾക്ക് ഒന്നും ഒളിച്ചുവയ്ക്കാൻ സാധിച്ചില്ല എന്നവർ തിരിച്ചറിഞ്ഞു. കടലിനെ സംബന്ധിച്ച മിത്തിലും പനയെ സംബന്ധിച്ച മിത്തിലും ഇത് തെളിഞ്ഞു കാണാം.

ചെമ്മീനിലെ മിത്ത് അനുസരിച്ച്, കടലമ്മ എല്ലാം കാണുന്നുണ്ട്. കടലമ്മയിൽ നിന്നും ഒളിച്ച് ജീവിക്കാൻ തീരത്തെ മനുഷ്യർക്ക് സാധിക്കില്ല. അവരുടെ ചിന്തകളേയും പ്രവൃത്തികളേയും ജീവിതത്തേയും കടലമ്മ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതിന് അനുസൃതമായാണ് കടലമ്മ തീരദേശവാസികളോട് പെരുമാറുന്നത്. കടൽത്തീരത്തെ സ്ത്രീകൾ പതിവ്രതകളാണെങ്കിൽ തീരത്ത് സമൃദ്ധിയും സമാധാനവും സന്തോഷവുമുണ്ടാകും. ഇല്ലെങ്കിൽ 
“കടലിമ്മിണ്ണി ചീത്തയാ” എന്ന് അവർക്ക് വ്യക്തമായി അറിയാം. കടലോരത്ത് താമസിക്കുന്ന സ്ത്രീകൾ പതിവ്രതകളല്ലെങ്കിൽ കടൽ അവർക്ക് ദുരിതം സമ്മാനിക്കും. പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവുകൾ വികസിച്ചിട്ടില്ലാത്ത കാലട്ടത്തിൽ, കടലിന്റെ നിഗൂഢ ചലനങ്ങൾക്ക് മനുഷ്യർ വ്യാഖ്യാനങ്ങൾ ചമച്ചു. അതിന്റെ ഭാഗമായിട്ടാണ് പല മിത്തുകളും രൂപംകൊണ്ടത്. പാതിവ്രത്യം സംബന്ധിച്ച് ഇത്തരമൊരു മിത്ത് യഥാർഥത്തിൽ കേരളത്തിലെ തീരദേശവാസികൾക്കിടയിൽ പ്രചരിച്ചിരുന്നില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു. എങ്കിലും കേരളത്തിലുടനീളം നിലനിൽക്കുന്ന കടലമ്മ എന്ന മിത്തിനോട് സാങ്കൽപികമായ കാര്യങ്ങൾ കൂട്ടിച്ചേർത്ത് പുത്തനൊരു മിത്ത് രൂപപ്പെടുത്തുന്നതിൽ തകഴി വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും പതിവ്രതയായിരിക്കുക എന്നതാണ് ഒരു സ്ത്രീയുടെ മഹത്വം എന്ന് തകഴിയും വിശ്വസിച്ചിരുന്നതായി ഈ മിത്ത് പരിശോധിച്ചാൽ മനസ്റ്റിലാക്കാം.
T.D. ദാസൻ Std.VI B യിലെ മിത്തിലെ പനയും ‘എല്ലാം കാണുന്നുണ്ട്’. തന്റെ കീഴിലെ മനുഷ്യരുടെ ജീവിതം എപ്രകാരമാണ് മുന്നോട്ട് പോകുന്നത് എന്ന് പന വീക്ഷിക്കുന്നുണ്ട്. ചെത്തുകാരന്റെ ഭാര്യ പതിവ്രതയല്ലാതായപ്പോഴാണ് മനുഷ്യർക്ക് നൽകിയ ആനുകൂല്യങ്ങളെല്ലാം പ്രകൃതി പിൻവലിക്കുന്നത്.
 
മിത്തിന്റെ ചിത്രീകരണം
മിത്ത് സിനിമകളിലേക്കെത്തുമ്പോൾ അവയുടെ ശരിയായ ചിത്രീകരണം അനിവാര്യമാണ്. വ്യത്യസ്ത കാലഘട്ടത്തിൽ പുറത്തിറങ്ങിയ സിനിമകളെയാണ് ഇവിടെ പഠന വിധേയമാക്കുന്നത്. എങ്കിലും മിത്ത് പ്രേക്ഷകരിലേക്കെത്തിക്കാൻ സമാന തന്ത്രങ്ങളാണ് ഇരു സിനിമകളിലും ഉപയോഗിച്ചു കാണുന്നത്.

ചെമ്മീനിന്റെ അവസാന ഭാഗത്ത്, പളനി കടൽച്ചുഴിയിൽപ്പെട്ട് മരിക്കുന്ന രംഗം ഭയാനകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആർത്തലച്ചുവരുന്ന കടലും ശക്തമായ തിരമാലകളെയും പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്നു. T.D. ദാസൻ Std. VI B യിലും സമാന ചിത്രീകരണം കാണാം. ശക്തമായ കാറ്റിൽ ആടിയുലയുന്ന പനങ്കുലകളെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഇരു ദൃശ്യങ്ങളും താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകുന്ന ചില വസ്തുതകളുണ്ട്. പ്രകൃതി സർവശക്തയാണെന്ന് വരുത്തിത്തീർക്കുകയാണ് ഇരു രംഗങ്ങളും ചെയ്യുന്നത്. പ്രകൃതിയിൽ അതിമാനുഷിക കഴിവുകൾകൂടി ആരോപിക്കപ്പെടുന്നതായി പ്രേക്ഷകന് തോന്നിയേക്കാം. മനുഷ്യനും എത്രയോ മുകളിലാണ് പ്രകൃതി നിലകൊള്ളുന്നത് എന്നും കടലും പനയും പ്രപഞ്ചവുമെല്ലാം മനുഷ്യരുടെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട് എന്നുള്ള സൂചനയും ഇവിടെനിന്നും ലഭിക്കുന്നുണ്ട്.
 
ഉപദർശനങ്ങൾ
പുരുഷാധിപത്യ സമൂഹത്തിന് അനുഗുണമായ രീതിയിൽ സ്ത്രീകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഒരു സങ്കൽപമാണ് പാതിവ്രത്യം. പല സമൂഹങ്ങളിലും ഇത് സംബന്ധിച്ച മിത്തുകൾ ദർശിക്കാം. നിലവിലുള്ള വ്യവസ്ഥയെയും കുടുംബഘടനയെയും സംരക്ഷിക്കുക എന്നതാണ് ഇത്തരം മിത്തുകളുടെ ധർമ്മം. പണ്ടുകാലത്ത്, പതിവ്രതകളല്ലാത്ത സ്ത്രീകൾ ലോകത്തെ നാശത്തിലേക്ക് നയിക്കും എന്ന് മനുഷ്യർ വിശ്വസിക്കണമെങ്കിൽ അത് തെളിയിക്കുന്ന മിത്തുകൾ രൂപംകൊണ്ടേ മതിയാകൂ. അതുകൊണണ്ടുതന്നെ അക്കാലത്ത് മനുഷ്യരെ അത്ഭുതപ്പെടുത്തിയ പ്രപഞ്ച പ്രതിഭാസങ്ങളുമായി അവയെ കോർത്തിണക്കി. ഇത് മനുഷ്യരിൽ പതുക്കെ ഭയം ജനിപ്പിച്ചു. വർഷങ്ങൾ കഴിയുന്തോറും ഇത്തരം മിത്തുകൾ ജനമനസ്സുകളിൽ ആഴത്തിൽ വേരൂന്നി. കാലത്തിനനുസരിച്ച് അവയിൽ പരിഷ്കാരങ്ങളുണ്ടായി. അങ്ങനെയാണ് ഇത്തരം മിത്തുകൾ ഒരു വലിയ സമൂഹത്തിന്റെ ഭാഗമായി പരിണമിച്ചത്.

വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു എന്ന് പറയപ്പെടുന്ന മിത്തുകളാണ് ഇവിടെ പഠന വിധേയമാക്കിയത്. ചെമ്മീനിലെ മിത്ത് തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രചാരത്തിലുള്ളതായിരുന്നു. മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയ ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളിലധിഷ്ഠിതമായിരുന്നു അത്. ഇടനാട്ടിലും മലനാട്ടിലും വസിച്ചിരുന്ന ചെത്തുകാരുടെ ഇടയിലെ മിത്താണ് T.D. ദാസൻ Std. VI B യിലേത്. അവരുടെ ജീവിതരീതിയോടും സംസ്കാരത്തോടും അവ ചേർന്നുനിൽക്കുന്നു. ഇരു മിത്തുകളും മുന്നോട്ടുവയ്ക്കുന്ന ആശയം ഒന്നുതന്നെയാണ്; സ്ത്രീ പതിവ്രതയായിരിക്കണം. അല്ലാത്തപക്ഷം പ്രകൃതി കോപിക്കും. അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് അവളുടെ ഭർത്താവും അവർക്ക് ചുറ്റുമുളള സമൂഹവും ആയിരിക്കും.
ഇരുസിനിമകളുടെയും പ്രമേയങ്ങളെ നിയന്ത്രിക്കുന്നത് മിത്തുകളാണ്. ചെമ്മീനിൽ ആദ്യഭാഗം മുതൽ അവസാനഭാഗംവരെ പലയിടങ്ങളിൽ മിത്തിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും ആത്മഗതങ്ങളിലൂടെയും മിത്ത് പ്രേക്ഷകരിലെത്തുന്നു; ആവർത്തനത്തിലൂടെ അവ പ്രേക്ഷകമനസ്സിൽ പതിയുന്നു. എന്നാൽ T.D. ദാസൻ Std. VI B യിലെ സ്ഥിതി വ്യത്യസ്തമാണ്. ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ് മിത്ത് പ്രേക്ഷകരിലെത്തുന്നത്. മിത്തിനെക്കുറിച്ച് പറയുമ്പോൾ പ്രകൃതി ദൃശ്യങ്ങളാണ് സ്ക്രീനിൽ തെളിയുന്നത്.    മിത്തിനെയും ചന്ദ്രികയുടെ ജീവിതത്തെയും ചേർത്തുവായിക്കുന്നവർക്ക് ചന്ദ്രികയുടെ മരണകാരണം വ്യക്തമാകും. ഇരുസിനിമകളും അതാത് മിത്തിനെ സാധൂകരിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. വ്യത്യസ്ത കാലഘട്ടത്തിൽ പുറത്തുവന്ന സിനിമകളാണെങ്കിൽക്കൂടി ഇവ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ സമാനമാണ്. പ്രകൃതിയെ അതിജീവിക്കുന്ന മനുഷ്യരെ സൃഷ്ടിക്കാൻ ഇരു സിനിമകളും ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. യാഥാസ്ഥിതിക മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് സമൂഹത്തിലെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാനാണ് ഇരുസിനിമകളും ശ്രമിക്കുന്നത്.
 
ഗ്രന്ഥസൂചി
1. ഗോപിക ഗോപൻ, ആർ., സിനിമയും മിത്തും: ആഖ്യാനത്തിനുള്ളിലെ സ്ത്രീ, ചലച്ചിത്ര സമീക്ഷ, വാല്യം 6, ഇഷ്യൂ 58, 2023, പു. 74-82.
2. മനോജ് വീട്ടിക്കാട്, ചെമ്മീൻ മിത്ത്, സ്ത്രീ, മൂലധനം, സാഹിത്യ ചക്രവാളം, വാല്യം 51, ഇഷ്യൂ 3, 2026, പു 6-14.
3. പത്മനാഭപിള്ള, എസ്. ജി., ശബ്ദതാരാവലി. ഡി. സി. ബുക്സ്, 2014.
4. പുന്നൂസ്, എം. ഐ., മിത്തും ചരിത്രവും സാഹിത്യവിവക്ഷകൾ, ഡി. സി. ബുക്സ്, 2021.
5. രാജൻ ഗുരുക്കൾ, രാഘവ വാര്യർ, മിത്തും സമൂഹവും, എസ്. പി. സി. എസ്., 2012.
6. Barthes, Roland. Mythologies., Translated by Annette Lavers, Hill and Wang, 1972.
7. Burkert, Walter, Structure and History in Greek Mythology and Ritual, University of California Press, 1979.
8. Campbell, Joseph, The Masks of God: Occidental Mythology, Penguin Books, 1991.
9. Classen, Albrecht. The Medieval Chastity Belt: A Myth-Making Process, Palgrave Macmillan, 2007.
 
ദൃശ്യസൂചിക
    1. രാമു കാര്യാട്ട്, ചെമ്മീൻ (ഇന്ത്യ/മലയാളം/1965/141″), കണ്മണി ഫിലിംസ്.
    2. മോഹൻ രാഘവൻ, T.D. ദാസൻ Std. VI B (ഇന്ത്യ/മലയാളം/2010/102″), ചിത്രാഞ്ജലി.
About the researcher:

ദേവിക ഗംഗൻ പി. വി.

ഗവേഷക, മലയാളം വിഭാഗം  

ഡോ. ഹെർമ്മൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി

കണ്ണൂർ സർവകലാശാല

 

Email: devikagangan2017@gmail.com

Mob: 9497835081

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted