പ്രബന്ധസംഗ്രഹം
ആഗോളവൽക്കരണവും നവകൊളോണിയൽ അധിനിവേശങ്ങളും പ്രാദേശികസംസ്കാരങ്ങളിലും ജനജീവിതത്തിലുമുണ്ടാക്കുന്ന ആഘാതങ്ങൾ അംബികാസുതൻ മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവലിനെ മുൻനിർത്തി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം. ടൂറിസം വികസനത്തിന്റെ മറവിൽ കോർപ്പറേറ്റ് (corporate) ശക്തികൾ ഒരു പ്രദേശത്തെ ജനങ്ങളെ കുടിയിറക്കുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് ഭൂമി മാത്രമല്ല, ചരിത്രവും വാമൊഴിവഴക്കങ്ങളുമാണ്. അധികാരവ്യവസ്ഥിതിയോടും പുരുഷാധിപത്യത്തോടും കലഹിക്കുന്ന ‘ഉമ്പിച്ചി’ എന്ന സ്ത്രീ കഥാപാത്രത്തിന്റെ സവിശേഷതകളും, അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയപ്രതിരോധത്തിന്റെ പ്രതീകമായി തെയ്യങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും പ്രബന്ധം ചർച്ചചെയ്യുന്നു. നവലിബറൽ വികസനമാതൃകകളിൽനിന്ന് പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയസ്വത്വത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ നോവൽ. ഗായത്രി സ്പിവാക്കിന്റെ ‘ഫെമിനിസ്റ്റ് സബാൾട്ടേൺ’ സങ്കൽപ്പനത്തിലൂടെ ‘ഉമ്പിച്ചി‘ എന്ന കഥാപാത്രത്തെയും, രണജിത് ഗുഹയുടെ ‘കീഴാളബോധം’ എന്ന ആശയത്തിലൂടെ അവിടത്തെ ജനതയുടെ പ്രതിരോധത്തെയുമാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. അധിനിവേശശക്തികൾക്കെതിരെയുള്ള സമരായുധമായി ‘ഓർമ്മകൾ’ എങ്ങനെ നോവലിൽ വർത്തിക്കുന്നുവെന്ന് സമർത്ഥിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം. സബാൾട്ടേൺ (അധഃസ്ഥിത/പാർശ്വവൽക്കരിക്കപ്പെട്ട), നവകൊളോണിയലിസം എന്നീ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം ക്രമീകരിച്ചിരിക്കുന്നത്.
താക്കോൽവാക്കുകൾ
മരക്കാപ്പിലെതെയ്യങ്ങൾ, സബാൾട്ടേൺ, നവകൊളോണിയലിസം, ഫെമിനിസ്റ്റ് സബാൾട്ടേൺ, ബദൽചരിത്രം, വാമൊഴിവഴക്കങ്ങൾ.
ആമുഖം
ഉത്തരകേരളത്തിലെ തെയ്യാനുഷ്ഠാനങ്ങൾ കേവലമായ ആരാധന സമ്പ്രദായത്തിനപ്പുറം ചരിത്രവും രാഷ്ട്രീയവും സാമൂഹികഘടനകളും ഉൾച്ചേർന്ന സാംസ്കാരിക പാഠങ്ങളാണ്. മലബാറിലെ തീരദേശമേഖലയായ മരക്കാപ്പ് പശ്ചാത്തലമാക്കുന്ന മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവൽ സബാൾട്ടേൺ ജനവിഭാഗങ്ങളുടെ പ്രതിരോധസ്വത്വത്തെയും അവരുടെ വാമൊഴിചരിത്രത്തെയും അടയാളപ്പെടുത്തുന്നു. ഓർമ്മകളും ചരിത്രവും തെയ്യങ്ങളും മനുഷ്യരും ഒന്നിച്ചുചേരുന്ന ഒരിടമായിട്ടാണ് മരക്കാപ്പിനെ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. ചരിത്രരചനകളിൽ വരേണ്യഭരണകൂട ആഖ്യാനങ്ങൾ മേൽക്കോയ്മ നേടുമ്പോൾ, വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നത് പാർശ്വവൽക്കരിക്കപ്പെട്ട കീഴാളജനതയുടെ അനുഭവങ്ങളും അതിജീവനങ്ങളുമാണ്. ഇവിടെ ‘സ്മൃതിരേഖകൾ’ എന്നത് ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലല്ല; വരേണ്യചരിത്രങ്ങൾ പുറന്തള്ളിയ കീഴാളജീവിതങ്ങളെയും പോരാട്ടങ്ങളെയും വാമൊഴികളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നിലനിർത്തുന്ന സാംസ്കാരിക ഓർമ്മകളാണ്. നോവലിൽ പ്രത്യക്ഷപ്പെടുന്ന തെയ്യങ്ങളും തോറ്റംപാട്ടുകളും ഐതിഹ്യങ്ങളും കേവലം ആരാധനാമൂർത്തികൾ മാത്രമല്ല. മറിച്ച് അധിനിവേശശക്തികൾക്കും വരേണ്യഭരണകൂടങ്ങൾക്കും എതിരെയുള്ള കീഴാള സമൂഹത്തിന്റെ ജീവസ്സുള്ള സ്മൃതിരേഖകളാണ്’. തെയ്യങ്ങൾ വിശ്വാസങ്ങളെക്കാളുപരി മരക്കാപ്പിലെ ജനതയുടെ ആത്മബലമാണ്. ഇവിടെ ബ്രഹ്മരക്ഷസ്സും കുട്ടിച്ചാത്തനും പൊക്കിളിയനും എല്ലാം അധിനിവേശശക്തികൾക്കെതിരെയുള്ള ദേശത്തിന്റെ സംരക്ഷകരായി നോവലിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നു. കൃഷ്ണൻകുട്ടി എന്ന ആഖ്യാതാവ് ലോറൻസിന്റെ മരണകാരണം തേടി പുറപ്പെടുന്നതിലൂടെയാണ് നോവൽ വികസിക്കുന്നത്.
വികസനത്തിന്റെ ഇരകളും സാംസ്കാരിക പ്രതിരോധവും
ആഗോളവൽക്കരണവും അധിനിവേശങ്ങളും ഒരു ദേശത്തിന്റെ തനിമയെ തകർക്കാൻ ശ്രമിക്കുമ്പോൾ, അവിടത്തെ സാധാരണക്കാർ തെയ്യങ്ങളെയും പാരമ്പര്യത്തെയും മുറുകെപ്പിടിച്ച് നടത്തുന്ന പോരാട്ടമാണ് നോവലിന്റെ കാതൽ. മരക്കാപ്പ് എന്ന ഗ്രാമം ടൂറിസത്തിന്റെ ഭൂപടത്തിൽ ഇടംപിടിക്കുമ്പോൾ അവിടെനിന്ന് നിർബന്ധമായി കുടിയിറക്കപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണ്. ‘വികസനം’ എന്ന പേരിൽ നടത്തുന്ന നവഅധിനിവേശത്തെ, തദ്ദേശീയമായ അറിവുകളും തെയ്യം പോലുള്ള സാംസ്കാരികരൂപങ്ങളും ഉപയോഗിച്ചാണ് ജനത പ്രതിരോധിച്ചത്. “ആധുനിക വികസന സങ്കല്പങ്ങൾ പലപ്പോഴും പ്രാദേശികജനവിഭാഗങ്ങളുടെ സാംസ്കാരികസത്വങ്ങളെയും ജൈവികമായ നിലനിൽപ്പിനെയും ഹനിച്ചുകൊണ്ടാണ് കടന്നുവരുന്നത് ” (ബഷീർ എം. എം. ഡോ, 2020 : 2182) എന്ന എഴുത്തുകാരന്റെ നിരീക്ഷണം ഇവിടെ വ്യക്തമാണ്. വികസനമെന്നത് ഭൗതികമായ പുരോഗതിയല്ല, തദ്ദേശീയരെ അവരുടെ മണ്ണിൽനിന്ന് അന്യവൽക്കരിക്കുകയും കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഹിംസാത്മകപ്രക്രിയ കൂടിയാണ്. നോവലിൽ കമ്പല്ലൂർക്കോട്ടയെയും മരക്കാപ്പ് കടപ്പുറത്തെയും കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന ടൂറിസം പദ്ധതികൾ ഇത്തരമൊരു നവഅധിനിവേശത്തിന്റെ നേർച്ചിത്രമാണ്.
സ്വന്തം മണ്ണിൽനിന്ന് വേരറുക്കപ്പെടുന്ന മനുഷ്യർ അതിജീവനത്തിനായി തിരഞ്ഞെടുത്തത് ആയുധമേന്തിയുള്ള പോരാട്ടങ്ങൾ മാത്രമല്ല, തങ്ങളുടെ സംസ്കാരത്തെയും മിത്തുകളെയും മുൻനിർത്തിയുള്ള സാംസ്കാരിക പ്രതിരോധം കൂടിയാണ്. നോവലിൽ തെയ്യങ്ങൾ വെറുമൊരു അന്ധവിശ്വാസമോ ആചാരമോയായിട്ടല്ല കടന്നു വരുന്നത്. മുൻകാലങ്ങളിൽ പലായനം ചെയ്യേണ്ടിവരുകയും കടൽവഴി തടവുകാരായി എത്തിപ്പെടുകയും ചെയ്ത മനുഷ്യരുടെ പീഡിതസ്മൃതികളായാണ്. വികസനത്തിന്റെ വക്താക്കൾ സാംസ്കാരിക പ്രതിരോധത്തെ തകർക്കാൻ അതിനെത്തന്നെയാണ് വാണിജ്യവൽക്കരിക്കാൻ ശ്രമിച്ചത്. ‘കനകരാജൻ’ എന്ന കഥാപാത്രം വിദേശടൂറിസ്റ്റുകൾക്കായി ‘കാമധേനു ആയുർവേദിക് ബീച്ച് റിസോർട്ടിൽ’ കുട്ടിച്ചാത്തൻതെയ്യത്തിന്റെ വരവിളി കെട്ടിയാടിക്കുന്നത് ഇതിന് ഉദാഹരണമാണ്. പവിത്രവും ഭക്തിനിർഭരവുമായ ജനകീയ അനുഷ്ഠാനത്തെ കേവലം വിനോദസഞ്ചാരവിപണിയിലെ വിൽപ്പനച്ചരക്കാക്കി മാറ്റുമ്പോൾ അതിന്റെ പ്രതിരോധവീര്യമാണ് ചോർന്നുപോകുന്നത്. പെരുമലയന്റെ നിസ്സഹായതയിലൂടെ ഈ സാംസ്കാരിക അപചയം വ്യക്തമാകുന്നുണ്ട്. വികസനം വരുത്തിവെക്കുന്ന സാംസ്കാരികവും പാരിസ്ഥിതികവുമായ അന്യവൽക്കരണത്തിന്റെ വലിയൊരു പ്രതീകാത്മക ഓർമ്മപ്പെടുത്തലാണ് ബ്രഹ്മരക്ഷസ്സ് എന്ന സങ്കല്പം. കോൺക്രീറ്റ് കെട്ടിടങ്ങളും നക്ഷത്ര ഹോട്ടലുകളും നിയോൺവെളിച്ചങ്ങളും കടന്നുവരുമ്പോൾ തങ്ങൾക്ക് ഒളിച്ചിരിക്കാൻപോലും ഇടമില്ലാതാകുമെന്ന് പരിതപിക്കുകയാണിവർ. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻപിൽ തകർക്കപ്പെടുന്ന പ്രാദേശികജീവിതങ്ങളിൽ എടുത്തു കാണിക്കേണ്ട മുഖങ്ങളിലൊന്നാണ് ‘പൊക്കിളിയൻ’. കാലം ആവശ്യപ്പെട്ട അനിവാര്യമായ നിശബ്ദതയിലൂടെയാണ് അദ്ദേഹം കടന്നുപോയത്. പ്രാദേശികജ്ഞാനവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന അമ്പൂട്ടിവൈദ്യരും, സാമ്രാജ്യത്വ-മൂലധന ശക്തികളാൽ വധിക്കപ്പെട്ടിട്ടും ജനങ്ങളുടെ മനസ്സിൽ പ്രതീകാത്മകപ്രതിമയായി പുനർജ്ജനിക്കുന്ന ലോറൻസുമെല്ലാം പ്രതിരോധത്തിന്റെ വ്യത്യസ്തമുഖങ്ങളാണ്.
നാടിന്റെ പാരമ്പര്യ പ്രകൃതിദൃശ്യങ്ങളായ അമ്പുങ്ങൻകാർന്നോരുടെ വെറ്റിലക്കൊടിയും അയിനിയും അരയാലും ഇന്ന് ആഗോളീകരണത്തിന്റെ പ്രതീകങ്ങളായ ഓർക്കിഡുകൾക്കും ബോൺസായിമരങ്ങൾക്കുമായി വഴിമാറിക്കഴിഞ്ഞു. പഞ്ചനക്ഷത്രറെസ്റ്റോറന്റുകൾ, വിദേശ മദ്യശാലകൾ, മസാജ്പാർലറുകൾ, ധ്യാനകേന്ദ്രങ്ങൾ, യോഗപരിശീലനകേന്ദ്രങ്ങൾ, ഡാൻസിംഗ്ക്ലബുകൾ, ഹെൽത്ത്ക്ലബുകൾ തുടങ്ങിയവയിലൂടെ ആഗോളവത്കരണത്തിന്റെ സാമൂഹികപരിസരത്തോട് മരക്കാപ്പ് എന്നപ്രദേശം നിർബന്ധിതമായി ഇണങ്ങിച്ചേരേണ്ടി വരുന്നു. വരാൻപോകുന്ന കാലത്തെക്കുറിച്ച് കുട്ടിച്ചാത്തൻതെയ്യം ബ്രഹ്മരക്ഷസ്സിനോട് പറയുന്നത് “ഇനിയെത്രകാലം ഈ കോട്ടയിൽ നമുക്കിങ്ങനെ ഒന്നിച്ചിരിക്കാൻ കഴിയും? ഈ മരക്കാപ്പിൽ നക്ഷത്രഹോട്ടലുകളും നിയോൺവെളിച്ചങ്ങളും മസാജ്പാർലറുകളും നിറയുവാൻ പോവുകയാണ്. രാത്രികളെല്ലാം പകലുകളാക്കപ്പെടും. നമുക്ക് മറഞ്ഞുനില്ക്കാൻ എങ്ങും ഇടങ്ങളില്ലാതെവരും. ഭൂമി നമുക്കില്ലാതാകും. വരാനിരിക്കുന്ന കാലത്തെ വിചാരിക്കുമ്പോൾ എനിക്ക് ഭയം തോന്നുന്നു” (അംബികാസുതൻ മാങ്ങാട്, 2003:41). കാലത്തിന്റെ മാറ്റത്തെക്കുറിച്ച് കുട്ടിച്ചാത്തൻ പറയുന്ന സത്യങ്ങൾ സാമൂഹികയാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാണ്. കേവലം സാമ്പത്തികപ്രക്രിയ എന്നതിലുപരി, മനുഷ്യന്റെ ചിന്തകളെയും ജീവിതരീതികളെയും വിപണിക്കനുകൂലമാക്കുന്ന ഒരു സാംസ്കാരിക അധിനിവേശം കൂടിയാണിത്. കമ്പല്ലൂർക്കോട്ടയെയും മരക്കാപ്പ് കടപ്പുറത്തെയും മുൻനിറുത്തി നടപ്പിലാക്കാൻ പോകുന്ന ടൂറിസം കോർപ്പറേഷന്റെ പദ്ധതിക്കെതിരെ ലോറൻസിന്റെ നേത്യത്വത്തിലായിരുന്നു പ്രതിഷേധസമരം സംഘടിപ്പിച്ചത്.
ഉമ്പിച്ചി: അതിജീവനത്തിന്റെ പെൺകരുത്ത്
ബ്രഹ്മരക്ഷസ്സിന്റെയും കുട്ടിച്ചാത്തന്റെയും സംഭാഷണങ്ങളിലൂടെയാണ് നോവലിൽ ഉമ്പിച്ചിയെ ആദ്യമായി അവതരിപ്പിക്കുന്നത്. തെയ്യങ്ങളുടെ സാന്നിധ്യമുള്ള തന്റെ നാലുസെന്റ് മണ്ണിൽ സ്വത്വം ഉറപ്പിച്ചുകൊണ്ട് അവൾ നടത്തിയ പോരാട്ടം ഫെമിനിസ്റ്റ് സബാൾട്ടേൺ വായനകൾക്കാണ് വഴിതുറക്കുന്നത്. കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ഊറ്റാണ് അവൾക്കെന്ന് കരക്കാർ വിധിച്ചു. തെയ്യങ്ങൾ കുടിപ്പാർത്ത ഇരിക്കപ്പലക കുടിലിലുള്ളതുകൊണ്ട് മുക്കുവജീവിതം അവൾക്കുമുന്നിൽ നിഷേധിക്കപ്പെട്ടു.. അങ്കിച്ചിമുത്ത്യമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ അലന്തനെ വിവാഹം കഴിച്ചു. ആദ്യരാത്രിയിൽത്തന്നെ അവളെ ഉപേക്ഷിച്ച് അലന്തൻ തന്റെ ജീവിതം അവസാനിപ്പിച്ചു. പുരുഷകാമനകളുടെയും കടലോര അപവാദങ്ങളുടെയും നടുവിലും സ്വന്തം നിലനിൽപ്പ് ഉറപ്പാക്കുന്ന ഉമ്പിച്ചി,, ആൺ തുണയൊന്നുമില്ലാതെ ജീവിക്കാമെന്ന് തെളിയിക്കാനുള്ള ബാധ്യത വെല്ലുവിളിയായി ഏറ്റെടുത്ത ആധുനികസ്ത്രീത്വത്തിന്റെ പ്രതിനിധിയാണിവിടെ.
അധികാരസ്ഥാപനങ്ങളും ഭരണകൂടവും നടത്തുന്ന വേട്ടകളുടെ ഇരകൂടിയാണ് ‘ഉമ്പിച്ചി’ എന്ന കഥാപാത്രം. തെയ്യങ്ങൾ കുടിപാർക്കുന്ന തന്റെ സ്വന്തം മണ്ണിന് പട്ടയം ലഭിക്കുന്നതിനു വേണ്ടി അടച്ചുപൂട്ടപ്പെട്ട വാതിലുകളിലേക്ക് കയറിച്ചെല്ലേണ്ടിവന്നു. മീനാപ്പീസിലെ ലോഹിതാക്ഷൻ മുതൽ കളക്ടർവരെയുള്ളവർ ഉമ്പിച്ചിയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണംചെയ്തു. തന്റെ ശരീരത്തെ മലിനമാക്കിയ ലോഹിതാക്ഷന്റെ ലിംഗം ഛേദിച്ചുകൊണ്ട് നടത്തിയ പ്രതികാരം വ്യക്തിഗതമല്ല. ഇത് സ്ത്രീശരീരങ്ങളെയും പ്രകൃതിയെയും ഒരേപോലെ ഭോഗവസ്തുവാക്കി മാറ്റുന്ന പുരുഷാധികാര-ഭരണകൂടശക്തികൾക്കെതിരെയുള്ള അതിശക്തമായ പ്രതിരോധമായിരുന്നു. മരണാനന്തരം ഉമ്പിച്ചി മരക്കാപ്പിലെ പെരുംതെയ്യമായി മാറുന്നു. “ഒരുപക്ഷേ ലോകം മരക്കാപ്പിനെ ഭാവിയിൽ ഓർമ്മിക്കുന്നത് ഉമ്പിച്ചിയുടെ ദേഹവടിവിന്റെ പേരിലായിരിക്കാം” (അംബികാസുതൻ മാങ്ങാട്, 2003:173). പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സൂചകമായിട്ടാണ് ഉമ്പിച്ചിയെ എഴുത്തുകാരൻ വിഭാവനം ചെയ്യുന്നത്. ആചാരവിശ്വാസങ്ങളിലും പുരാവൃത്തങ്ങളിലും അടിയുറച്ചുപോയ തീരദേശജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ സ്വന്തം അനുഭവങ്ങളുമായി ചേർത്തുവെച്ചാണ് ഉമ്പിച്ചി തന്റെ പ്രതിരോധം തീർക്കുന്നത്. തകഴിയുടെ ചെമ്മീൻ എന്ന നോവലിലൂടെ മലയാളി ദർശിച്ച കടപ്പുറത്തിന്റെ പരമ്പരാഗത സ്ത്രീസങ്കൽപ്പങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് ഉമ്പിച്ചി വെട്ടിത്തുറക്കുന്നത്. കടലമ്മയുടെ കോപത്തെയും ആചാരലംഘനങ്ങളുടെ ശാപങ്ങളെയും ഭയന്ന്, പുരുഷാധിപത്യവ്യവസ്ഥിതി നിശ്ചയിച്ച അതിരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി ഒടുവിൽ ദുരന്തപര്യവസായിയായി മാറേണ്ടിവന്ന ‘കറുത്തമ്മ’യെപ്പോലുള്ള സ്ത്രീകളുടെ വിധിയിൽനിന്നും ഉമ്പിച്ചി പാഠമുൾക്കൊള്ളുന്നുണ്ട്. കടലിന്റെയും തെയ്യങ്ങളുടെയും പശ്ചാത്തലത്തിലൂടെയാണ് ഉമ്പിച്ചിയുടെ ജീവിതം കടന്നുപോകുന്നത്. പുരുഷാധിപത്യത്തോടും സാമൂഹിക വ്യവസ്ഥിതികളോടും കലഹിച്ച്, സ്വത്വം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉമ്പിച്ചി മരക്കാപ്പിലെ സ്ത്രീ പ്രതിരോധത്തിന്റെ മുഖമായിമാറുന്നു.
മരക്കാപ്പും ഓർമ്മകളും
ഓർമ്മകളും ചരിത്രവും തെയ്യങ്ങളും മനുഷ്യരും ഒന്നിച്ചുചേരുന്ന ഒരിടമാണ് മരക്കാപ്പ്. ഓരോ തെയ്യവും ഓരോ ചരിത്രരേഖയാണ്. “കതിവനൂർ വീരനെപ്പോലെയുള്ള തെയ്യങ്ങൾ വ്യക്തിപരമായ വീര്യത്തെക്കാളുപരിയായി, ഒരു ഗോത്രത്തിന്റെയോ വിഭാഗത്തിന്റെയോ അഭിമാനം സംരക്ഷിക്കാൻ രക്തസാക്ഷിത്വം വരിച്ചവരാണ് ” (വിഷ്ണു നമ്പൂതിരി, എം.വി, 1998:83) മരിച്ചവരുടെ ഓർമ്മകളിലൂടെയാണ് മരക്കാപ്പ് നോവലിൽ അവതരിപ്പിക്കുന്നത്. “മരിച്ചവരുടെ അണങ്ങ് ജീവിച്ചിരിക്കുന്നവരുടെ ദേഹത്തുവന്നുകൂടി ആവിഷ്കാരം നേടാൻ ശ്രമിച്ചു. മരിച്ചവർ തങ്ങൾക്കിടയിൽ എപ്പോഴുമുണ്ടെന്നു കണ്ട് ചത്തോർക്ക് വെച്ചുവിളമ്പി. മരിച്ചവരിൽ പലരും കാർന്നോൻതെയ്യങ്ങളായും അമ്മത്തെയ്യങ്ങളായും തിരിച്ചുവന്ന് അനുഗ്രഹങ്ങൾ വർഷിച്ചു”(അംബികാസുതൻ മാങ്ങാട്, 2003:12). പ്രാദേശികമായ അനുഷ്ഠാനകലകളും തെയ്യങ്ങളും അന്ധവിശ്വാസമോ വിനോദോപാധിയോ അല്ല; ജനതയുടെ സാംസ്കാരികസ്വത്വമാണ്. സ്വന്തം മണ്ണും ഭാഷയും ആചാരങ്ങളും സംരക്ഷിച്ചു നിർത്താൻ നടത്തുന്ന ചെറുത്തുനിൽപ്പുകൾ സാംസ്കാരികരാഷ്ട്രീയ നിലപാടുകളെത്തന്നെ പ്രശ്നവൽക്കരിക്കുന്നു. ലിഖിതരൂപത്തിലില്ലാത്ത ചരിത്രത്തെ വാമൊഴിയായും തോറ്റംപാട്ടുകളിലൂടെയും തലമുറകളിലേക്ക് കൈമാറുന്നു. പഴയകാലത്തെ കപ്പലോട്ടങ്ങൾ, വ്യാപാരബന്ധങ്ങൾ, കടൽനിയമങ്ങൾ എന്നിവ ഈ പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നു. നാട്ടുപ്രമാണിമാരോടോ ജന്മിത്തത്തോടോ എതിർത്തുനിന്നതിന്റെ പേരിൽ കൊല്ലപ്പെട്ടവർ ദൈവങ്ങളായി വാഴ്ത്തപ്പെടുന്നു. ഇത് അടിച്ചമർത്തപ്പെട്ടവന്റെ രാഷ്ട്രീയപ്രഖ്യാപനമാണ്.
ലോറൻസ് എന്ന കഥാപാത്രത്തിലൂടെയാണ് മരക്കാപ്പിലെ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്. ടൂറിസ്റ്റ്കേന്ദ്രമായി മരക്കാപ്പ് മാറുമ്പോൾ അവിടെ ലോറൻസ് കൊല്ലപ്പെടുകയും, പിന്നീട് അയാളുടെ ഓർമ്മകൾപോലും അവിടുത്തെ വികസനകുതിപ്പിൽ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഈ നോവലിൽ ‘ഓർമ്മ’ എന്നത് ശക്തമായ പ്രതിരോധോപാധിയാണ്. “ഭൂതകാലത്തെ ഓർത്തെടുക്കുക എന്നത് വർത്തമാനകാല അപകടങ്ങളിൽനിന്നുള്ള രക്ഷപ്പെടലാണ് ” (വാൾട്ടർ ബെഞ്ചമിൻ, 1940:7). മരക്കാപ്പിലെ മനുഷ്യരുടെ ഓർമ്മകൾ തന്നെയാണ് അധിനിവേശ ശക്തികൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ സ്മൃതിരേഖയാകുന്നത്. ആഗോളവത്കരണം നിർമ്മിക്കുന്ന ഉപഭോഗ സംസ്കാരത്തിനെതിരെ സബാൾട്ടേൺ ജനത തങ്ങളുടെ സ്മൃതികളെ ആയുധമായി ഉപയോഗിക്കുന്നു. വരേണ്യവർഗ്ഗത്തിന്റെ വികസന ഭൂപടങ്ങളെ തങ്ങളുടെ ചരിത്രപരമായ ഓർമ്മകൾക്കൊണ്ട് അവർ തിരുത്തിയെഴുതുന്നു.
സബാൾട്ടേൺ കുടിയിറക്കലും നവകൊളോണിയലിസവും
നവലിബറൽനയങ്ങളും ആഗോളവത്കരണവും വികസനത്തിന്റെ മറവിൽ നടത്തുന്ന നവകൊളോണിയൽ കടന്നുകയറ്റങ്ങൾക്കെതിരെ, ചരിത്രത്തിൽനിന്ന് പുറന്തള്ളപ്പെട്ട ജനത നടത്തുന്ന രാഷ്ട്രീയ ചെറുത്തുനിൽപ്പാണ് ഈ കൃതി. സബാൾട്ടേൺ, നവകൊളോണിയലിസം എന്നീ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ, ചരിത്രത്തിന്റെ മുഖ്യധാരയിൽനിന്ന് പുറന്തള്ളപ്പെട്ട മുക്കുവർ, താഴേക്കിടയിലുള്ള മനുഷ്യർ, സ്ത്രീകൾ എന്നിവരുടെ ശബ്ദമാണ് ഇവിടെ ഉയർന്നു കേൾക്കുന്നത്. ചരിത്രത്തെയും സംസ്കാരത്തെയും വരേണ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാടിൽ മാത്രം രേഖപ്പെടുത്തുന്ന സമ്പ്രദായത്തെ തിരുത്തിക്കൊണ്ടാണ് സബാൾട്ടേൺ പഠനങ്ങൾ വികസിച്ചുവന്നത്. “മുഖ്യധാരാചരിത്ര രചനകൾ കീഴാളജനതയുടെ രാഷ്ട്രീയചിന്തയെയും അവരുടെ സവിശേഷമായ ബോധത്തെയും നിരന്തരം വിസ്മരിക്കുകയോ വികലമാക്കുകയോ ചെയ്യുന്നു” (രണജിത് ഗുഹ, 1983:72). ഈ സൈദ്ധാന്തിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവലിലേക്ക് നോക്കുമ്പോൾ, അത് കേവലമൊരു പ്രാദേശിക ആഖ്യാനമല്ലെന്ന് വ്യക്തമാകും. മരക്കാപ്പിലെ ജനതയുടെ പ്രതിരോധം തങ്ങളുടെ അനുഷ്ഠാനങ്ങളിലും മിത്തുകളിലുമാണെന്നു കാണാം. ലോറൻസിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നതെങ്കിലും, യഥാർത്ഥത്തിൽ അത് വികസനത്തിന്റെ പേരിൽ മുക്കുവർ നേരിടുന്ന സാംസ്കാരികവും സാമ്പത്തികവുമായ കുടിയിറക്കലിനെയാണ് തുറന്നുകാട്ടുന്നത്. പ്രാദേശികമായ ഭൂമിശാസ്ത്രത്തെയും തൊഴിലിനെയും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി പുനഃക്രമീകരിക്കുമ്പോൾ, സബാൾട്ടേൺ ജനതയുടെ പരമ്പരാഗത ജീവിതോപാധികളാണ് ഇല്ലാതാകുന്നത്.
സബാൾട്ടേൺ പഠനങ്ങളിൽ നിർണ്ണായകമായ ഒന്നാണ് സ്ത്രീകളുടെ പദവി. “കീഴാളരിലെ തന്നെ ഏറ്റവും നിശ്ശബ്ദരാക്കപ്പെട്ട വിഭാഗം സ്ത്രീകളാണ് ” (ഗായത്രി സ്പിവാക് ചക്രവർത്തി, 1985:3). നോവലിലെ ഉമ്പിച്ചി എന്ന കഥാപാത്രം ഈ നിശ്ശബ്ദതയെ ഭേദിക്കുന്നവളാണ്. പുരുഷാധിപത്യപരമായ സാമൂഹികഘടനകളും ഭരണകൂടഉപകരണങ്ങളും അവളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ സ്വന്തം ശരീരത്തെയും നിലപാടുകളെയും അവൾ പ്രതിരോധചിഹ്നങ്ങളാക്കുന്നു. തെയ്യങ്ങൾ കുടിയിരിക്കുന്ന തന്റെ നാലരസെന്റ് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാത്തതിലൂടെ, ഭരണകൂടത്തിന്റെ വികസനയുക്തിയെ അവൾ വെല്ലുവിളിക്കുന്നു. അവൾ ‘ഇര’ അല്ല, മറിച്ച് വ്യവസ്ഥിതിയോട് നേരിട്ട് സംവദിക്കുന്ന രാഷ്ട്രീയമായ കാഴ്ച്ചപ്പാടുള്ള സബാൾട്ടേൺ പ്രതിരോധത്തിന്റെ പ്രതിനിധിയാണ്. കീഴാളജനത തങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നത് വരേണ്യവർഗ്ഗത്തിന്റെ ലിഖിതരൂപങ്ങളിലല്ല, മറിച്ച് മിത്തുകളിലും അനുഷ്ഠാനങ്ങളിലുമാണ്. ബ്രഹ്മരക്ഷസ്സും കുട്ടിച്ചാത്തനും പൊക്കിളിയനും പോലുള്ള രൂപങ്ങൾ ഈ ജനതയുടെ ചരിത്രപരമായ ദുരന്തങ്ങളുടെയും പ്രതിരോധങ്ങളുടെയും അടയാളങ്ങളാണ്.
മരക്കാപ്പിലെ കടപ്പുറവും കോട്ടയും ടൂറിസം പദ്ധതികൾക്കായി കൈയേറുമ്പോൾ തദ്ദേശീയർ സ്വന്തം മണ്ണിൽനിന്ന് കുടിയിറക്കപ്പെടുന്നത് നവകൊളോണിയൽ അധിനിവേശത്തിന്റെ വ്യക്തമായ തെളിവാണ്. വികസനത്തിന്റെയും ടൂറിസത്തിന്റെയും മറവിൽ കോർപ്പറേറ്റുകൾ നടത്തുന്ന കടന്നുകയറ്റം ഇതിന്റെ ഭാഗമായാണ്. മരക്കാപ്പ്’ എന്ന ഗ്രാമം ആഗോള ടൂറിസ്റ്റ്കേന്ദ്രമായി മാറുന്നത് വരേണ്യവർഗ്ഗത്തിന്റെ താൽപ്പര്യപ്രകാരമാണ്. മരക്കാപ്പ് എന്ന തീരദേശ ഗ്രാമത്തിലേക്ക് ടൂറിസം വികസനത്തിന്റെ പേരിൽ കടന്നുവരുന്ന പഞ്ചനക്ഷത്ര റിസോർട്ടുകളും കോർപ്പറേറ്റ് പദ്ധതികളും നവകൊളോണിയൽ അധിനിവേശത്തിന്റെ നേർരൂപങ്ങളാണ്. ഇവിടെ വികസനം എന്ന ആശയത്തിലൂടെ തദ്ദേശീയരായ മുക്കുവർ തങ്ങളുടെ സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെടുകയും സാംസ്കാരികമായി അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഭൗതികമായ ആധിപത്യത്തേക്കാൾ സാംസ്കാരികവും സാമ്പത്തികവുമായ അടിമത്തം സൃഷ്ടിക്കുന്ന നവകൊളോണിയൽ ശക്തികൾക്കെതിരെയുള്ള കീഴാളജനതയുടെ പ്രതിരോധമായി നോവൽ മാറുന്നു. “ആഗോളീകരണകാലത്ത് നവാധിനിവേശശക്തികൾ വികസനത്തിന്റെയും ഉപഭോഗസംസ്കാരത്തിന്റെയും മറവിൽ പ്രാദേശികജീവിതങ്ങളെ കീഴടക്കുന്നു” (സുനിൽ പി. ഇളയിടം, 2008:102). ആഗോളവൽക്കരണം ദേശത്തിന്റെ വർത്തമാനകാലത്തെ മായ്ച്ചുകളയുമ്പോൾ, തെയ്യങ്ങളുടെ വാമൊഴി ആഖ്യാനങ്ങളിലൂടെ അവർ തങ്ങളുടെ ബദൽ ചരിത്രത്തെ പുനർനിർമ്മിക്കുകയാണ്.‘’ആഗോളീകരണകാലത്ത് പ്രാദേശികസംസ്കാരങ്ങൾ നേരിടുന്ന അധിനിവേശങ്ങൾക്കെതിരെ തദ്ദേശിയമായ അറിവുകളും വിതാനങ്ങളും മുന്നോട്ട് വെച്ച് ജനത തീർക്കുന്ന പ്രതിരോധം ഒരു ബദൽ സാംസ്കാരിക ധാരയായി മാറുന്നുണ്ട്”(പണിക്കർ കെ.എൻ.,ഡോ.,1995:111). വരേണ്യചരിത്രരചനകളെ അട്ടിമറിക്കുന്ന ഒന്നായി ഇവിടെ കീഴാള അനുഷ്ഠാനരൂപങ്ങൾ മാറുന്നു. അധികാര വ്യവസ്ഥിതികളാൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ വിലാപങ്ങളെ മാത്രമല്ല, തനത് സാംസ്കാരിക രൂപങ്ങളിലൂടെയും ബോധത്തിലൂടെയും അവർ നടത്തുന്ന അതിജീവനത്തെയും ആധികാരികമായി അടയാളപ്പെടുത്താൻ നോവലിന് സാധിക്കുന്നുണ്ട്.
ഉപദർശനങ്ങൾ
മരക്കാപ്പ് എന്നത് കേരളത്തിലെ ഒരു ഭൂപ്രദേശം മാത്രമല്ല; അത് ആഗോളവത്കരണത്തിന്റെ വിപണിശക്തികളോട് പോരാടുന്ന എല്ലാ പ്രാദേശിക സംസ്കാരങ്ങളുടെയും പ്രതീകമാണ്. മരക്കാപ്പിലെ തെയ്യങ്ങളും അനുഷ്ഠാനങ്ങളും വെറും വിശ്വാസപരമായ കാര്യങ്ങളല്ല; ജനങ്ങളുടെ ഭൗതികമായ മണ്ണും തൊഴിലും നിലനിൽപ്പും കാത്തു സൂക്ഷിക്കാനുള്ള സാംസ്കാരിക ആയുധങ്ങളാണ്. തെയ്യങ്ങളെ വാണിജ്യവൽക്കരിക്കുമ്പോൾ തകരുന്നത് അവരുടെ ഭൗതികമായ അതിജീവനാന്തരീക്ഷം കൂടിയാണ്. വിപണിയും ടൂറിസവും ചേർന്ന് പ്രാദേശികതയെ ഇല്ലാതെയാക്കുമ്പോൾ, സ്വന്തം മിത്തുകളെയും തെയ്യങ്ങളെയും ഉമ്പിച്ചിയെപ്പോലെയുള്ള മനുഷ്യരുടെ പോരാട്ടവീര്യത്തെയും മുൻനിർത്തി മരക്കാപ്പ് അതിജീവിക്കുന്നു. അധിനിവേശത്തിന്റെ കാലത്ത് സ്വന്തം മണ്ണും സംസ്കാരവും കാത്തു സൂക്ഷിക്കുകയെന്നത് തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയപ്രതിരോധമെന്ന് ഈ നോവൽ അടിവരയിടുന്നു. നോവലിൽ ഓർമ്മ എന്നത് വെറുമൊരു ചിന്തയല്ല, മറിച്ച് കഥപറച്ചിലിന്റെ പ്രധാനകണ്ണിയാണ്. നഷ്ടപ്പെട്ടുപോകുന്ന ഒരു ദേശത്തിന്റെ സാംസ്കാരിക ഭൂപടത്തെ ഓർമ്മകൾ കൊണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് മരക്കാപ്പിലെ തെയ്യങ്ങൾ. മരക്കാപ്പ്പോലുള്ള തീരദേശമേഖലകളിലെ തെയ്യക്കോലങ്ങൾ പരിശോധിക്കുമ്പോൾ, അധികാരത്തോടും അടിച്ചമർത്തലുകളോടും പൊരുതിയ ഒരു ജനതയുടെ സബാൾട്ടേൻ രാഷ്ട്രീയവും അവരുടെ വീരേതിഹാസങ്ങളും നമുക്ക് കാണാൻ സാധിക്കും. വിനാശകരമായ വികസനപദ്ധതികളിലൂടെ ഒരു നാടിന്റെ ഭൂമിശാസ്ത്രവും ചരിത്രവും മായ്ച്ചുകളയാൻ ശ്രമിക്കുമ്പോൾ, തങ്ങളുടെ തനത് ഓർമ്മകളെയും നാട്ടറിവുകളെയും ആചാരങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട് തദ്ദേശീയർ നടത്തുന്ന അതിശക്തമായ സാംസ്കാരികപ്രതിരോധമാണ് അനുഭവവേദ്യമാകുന്നത്.
ഗ്രന്ഥസൂചി
അംബികാസുതൻ മാങ്ങാട്, മരക്കാപ്പിലെ തെയ്യങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം, 2003.
പണിക്കർ,കെ,എൻ.,ഡോ, സാംസ്കാരം ,പ്രത്യയശാസ്ത്രം, ആധിപത്യം,തൂലിക ബുക്സ്,1995.
ബഷീർ, എം. എം., ഡോ, മലയാള നോവൽ സാഹിത്യമാല വാല്യം 3, ഡി.സി. ബുക്സ്, കോട്ടയം, 2020.
വിഷ്ണു നമ്പൂതിരി, എം. വി., തെയ്യം : ഒരു സമഗ്രപഠനം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998.
ശിവശങ്കരപ്പിള്ള, തകഴി, ചെമ്മീൻ, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം, 1956.
സുനിൽ പി. ഇളയിടം, അധിനിവേശവും ആധുനികതയും, എസ് പി സി എസ്. 2008.
Ranajit Guha, Subaltern Studies : Writings on South Asian History and Society, Oxford University Press, Delhi, 1983.
ഗവേഷണപ്രബന്ധങ്ങൾ
Benjamin Walter, Theses on the Philosophy of History, 1940.
Gayathri Spivak chakravarty, Can the Subaltern Speak?, Columbia University Press, 1985.