മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 JANUARY-MARCH | VOLUME 02 | ISSUE 01

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

ഉടൽരൂപങ്ങൾ

ബൃന്ദയുടെ കവിതകളിൽ

»  പാർവതികൃഷ്ണ പി. എൽ.

ID: MRK0015

Published on January 01, 2026

Time: 10:00 AM IST

ഉടൽ രൂപങ്ങൾ

പ്രബന്ധസംഗ്രഹം

ഉത്തരാധുനികതയുടെ സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രാവിഷ്കാരങ്ങൾ. കണ്ടതും കേട്ടതും അനുഭവങ്ങളും എല്ലാം തുറന്നെഴുതാനുള്ള ഒരു ഇടം ഉത്തരാധുനിക സാഹിത്യലോകം ഒരുക്കുന്നു. അവിടെ സൂക്ഷ്മവും സ്ഥൂലവും പ്രധാനവും അപ്രധാനവും എല്ലാം സർഗ്ഗസൃഷ്ടിയുടെ ഭാഗമാകുന്നു. എഴുത്തിലെ ഈ സ്വാതന്ത്ര്യം സ്ത്രീകളെ പുതിയ ഭാവുകത്വപരിണാമത്തിലേക്ക് നയിച്ചു. അവർ തങ്ങളുടെ ശരീരങ്ങളെ, സ്വത്വത്തെ തുറന്നാവിഷ്കരിക്കാന്‍ തുടങ്ങുകയും എഴുത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, പ്രണയം, കുടുംബം, ദാമ്പത്യം, ഗാർഹികം, തൊഴിലിടം എന്നീ മേഖലകളിൽ അവരുടേതായ സ്വത്വപ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. അവർ തങ്ങളുടെ ആണിഷ്ടങ്ങളെ, ഉടൽ താത്പര്യങ്ങളെ വെളിപ്പെടുത്തുകയും ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ ഒളിപ്പിച്ചുവച്ച ഒരു കാലത്തുനിന്ന് ആകാശങ്ങളിലേക്ക് പറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പ്രണയത്തെ അവതരിപ്പിക്കാനും തന്റെ ഇഷ്ടങ്ങളെ അറിയിക്കാനും ഒപ്പം സ്ത്രീ സ്വത്വനിർമ്മിതിയിൽ നിലയുറപ്പിച്ചുകൊണ്ട് സ്വത്വപ്രതിസന്ധികളെ പ്രതിരോധിക്കാനും പുതുകവിതകൾ മുന്നോട്ടു വരുന്നു. സ്ത്രീ, ശരീരം മാത്രമാണെന്ന നിലപാടുകളെ എതിർക്കുകയും പുരുഷനെഴുതിയ സാഹിത്യത്തിലെ സ്ത്രീ ശരീരത്തിൽ നിന്നും വ്യത്യസ്തമായി സ്ത്രീ തന്നെ ശരീരമെഴുത്തിന്റെ പുതിയ ശൈലി രൂപപ്പെടുത്തി എന്നത് പുതുകവിതയുടെ ഒരു സവിശേഷതയാണ്. പ്രണയത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നമായും ഉടൽ പുതുകവിതയിൽ പ്രത്യക്ഷപ്പെടുന്നു. ബൃന്ദയുടെ ലിപ് ലോക്ക്, മുന്തിരിക്കടൽ, കടലുമ്മ, പ്രണയജാലകം എന്നീ തെരഞ്ഞെടുത്ത സമാഹാരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രബന്ധരചന നടത്തുന്നത്.

 

താക്കോൽ വാക്കുകൾ: ഉത്തരാധുനികത, ഉടൽ, ഇടം, സ്വത്വം, ആവിഷ്കാരമാതൃകകൾ.

 

ആമുഖം

മാറുന്ന സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും അടയാളപ്പെടുത്തിക്കൊണ്ട് പുതുകവിത സമകാലീനമാകുന്നു. പ്രകൃതി, ലിംഗം, വർണ്ണം, വംശം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആൺകോയ്മകളെ പ്രതിരോധിക്കാൻ ഉത്തരാധുനിക മലയാളകവിതകളിലെ സ്ത്രീസ്വത്വം തയ്യാറാവുന്നു. പുരുഷാധിപത്യസങ്കൽപങ്ങൾക്ക് അഭിമുഖമായാണ് ശരീരത്തെക്കുറിച്ചുള്ള സ്ത്രീയെഴുത്ത് രൂപപ്പെടുന്നത്. ശരീരം സ്വാഭാവികമായ ആവിഷ്കാരത്തെക്കാൾ പ്രതിരോധമായി കവിതകളിൽ കടന്നുവരുന്നു. സ്ത്രീയനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ സ്ത്രീസ്വത്വപ്രതിസന്ധികളെയും ചൂഷണ മനോഭാവങ്ങളെയും അവ അടയാളപ്പെടുത്തുന്നു. പൊതുവെ പെൺരചനകളിലെ ശരീരം ആലങ്കാരികമായി പറഞ്ഞാൽ ഒരു പടയോട്ടഭൂമിയാണ്. പരസ്പരം എതിരിടുകയും പോർവിളിക്കുകയും പാഞ്ഞടുക്കുകയും മാന്തിക്കീറുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഒരു യുദ്ധക്കളം തന്നെയായി ശരീരമെഴുത്ത്‌ മാറിയിട്ടുണ്ട് (ഉഷാകുമാരി, ജി. 2016:33).

 

പുരുഷാധിപത്യ സാമൂഹികക്രമത്തിൽ, സ്ത്രീയുടെ ഉടമസ്ഥാവകാശം പുരുഷനാവുകയും ആഗോള മുതലാളിത്ത വിപണനയിടങ്ങളില്‍ സ്ത്രീകളെ വില്പനച്ചരക്കുകൾ ആക്കി മാറ്റുകയും ചെയ്യുന്ന സംസ്കാരങ്ങളെ കവിത ചോദ്യംചെയ്യുന്നു. വീട്, കുടുംബം, പാതിവൃത്യം, കന്യകാത്വം, അമ്മ തുടങ്ങിയ മൂല്യങ്ങൾ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ അളക്കുകയും ചെയ്യുന്നു. സ്ത്രീ, ശരീരം മാത്രമാണെന്നും ശരീരമാണ് അളവുകോൽ എന്നുമുള്ള ചിന്തകളിൽനിന്നും പുതുകവിത ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. അവളുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും അഭിരുചികളെയും പൂർത്തീകരിക്കുന്ന ഇടമായി ശരീരമെഴുത്ത് കടന്നുവരുന്നു. ഇത്തരത്തിൽ വ്യത്യസ്തഭാവങ്ങളിൽ കവിതകളിൽ ഉടൽവിചാരങ്ങൾ പ്രത്യക്ഷപ്പെടുന്നു. പെണ്ണെഴുത്ത് മെയ്യെഴുത്തുകൂടിയാണെന്നും സ്ത്രീ തന്റെ ശാരീരികാനുഭവംകൊണ്ട് പിതൃപ്രധാനമായ പ്രതീകവ്യവഹാരങ്ങളെ വെല്ലുവിളിക്കുന്നുവെന്നും പാശ്ചാത്യ ഫെമിനിസ്റ്റ് നിരൂപകർ അഭിപ്രായപ്പെടുന്നു (രാമകൃഷ്ണൻ, . വി, 1994:22).

 

ശരീരവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിലക്കുകളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് സ്ത്രീകൾ എഴുത്തിലേക്ക് പ്രവേശിക്കുന്നത്. നിലവിലുള്ള പ്രണയസങ്കൽപ്പങ്ങളെ തിരുത്തികൊണ്ടുള്ള പ്രണയാവതരണരീതി പുതുകാലസ്ത്രീകവിതകളെ കർതൃത്വസ്ഥാനത്തേക്ക് എത്തിക്കുന്നു. ഞാൻ പുരുഷനും, നീ സ്ത്രീയുമെന്ന വ്യവസ്ഥാപിത കാഴ്ചപ്പാടിൽ നിന്നും ഞാൻ സ്ത്രീയായി പരിണമിക്കുന്ന ഭാവുകത്വ സവിശേഷത പുതുസ്ത്രീകവിതകളിൽ ഉണ്ടായി. പരമ്പരാഗതമായി ഉപയോഗിക്കുന്ന പ്രണയഭാഷകൾ, ഉടലവതരണങ്ങൾ, പ്രമേയം, ആഖ്യാനം എല്ലാം വളരെയധികം വ്യത്യാസപ്പെട്ടു. ഏറ്റവും ഉന്മത്തമായ ഒരു പ്രണയത്തെ ബൃന്ദ അവതരിപ്പിക്കുന്നുണ്ട്. ‘ഇല കാണാതെ പൂത്തുലഞ്ഞ്, ലിപ് ലോക്ക്, പ്രണയജാലകം, മുന്തിരിക്കടൽ, കടലുമ്മ’ തുടങ്ങിയ കവിതാസമാഹാരങ്ങളെ പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു.

 

ശരീരം മോഹനമായ കവിതയാകുന്നത് പ്രണയത്തിൽ മാത്രമാണ് (ബൃന്ദ, 2002:34). പ്രണയം തിരിച്ചറിഞ്ഞ, പ്രണയത്തെ ആവാഹിച്ച ഒരു ശരീരത്തെ ബൃന്ദയുടെ കവിതകളിൽ കാണാം.

 

അവന്റെ മേനിയിൽ

പ്രണയചൂട്‌

അവനെ ഓർക്കുമ്പോഴൊക്കെ

എന്റെ തണുപ്പു തുടുത്തമേനി

വിശന്ന ചെന്നായയെപ്പോലെ

ചുട്ടുപൊള്ളി(ബൃന്ദ, 2022:32)

മാംസനിബദ്ധമായ, ശരീരാധിഷ്ഠിതമായ പ്രണയസങ്കല്പമാണ് ഈ കവിത. സർവ്വം സമർപ്പിതമെന്നതിൽനിന്നും വന്യമായ ഉടലാവിഷ്കാരത്തിലേക്ക് ആഖ്യാനം മാറുന്നത് കാണാം.

ദാഹിക്കുന്നു

പെൺ സിംഹം പോലെ

ഞാൻ നിന്നെ

ആർത്തിയോടെ

കുടിക്കുന്നു” (ബൃന്ദ, 2022:35)

 

പ്രണയത്തിന്റെ മൃദുലവികാരങ്ങളെ മായ്ച്ചു കളയുന്ന ബൃന്ദയുടെ കവിതയാണ് ‘തുണി’.

നിന്നെ ഞാനെടുത്തങ്ങ്

ഉടുക്കട്ടെ?

കാമാക്രന്ദ്രനത്തോടെ

അവൻ മുരണ്ടു

അപ്പോൾ അവൾ

വെറുമൊരു തുണിയായി” (ബൃന്ദ, 2009:39)

വന്യമായ പ്രണയാവതരണങ്ങൾക്കിടയിൽ ഉടൽ പ്രധാനപ്പെട്ട ബിംബമായി കടന്നുവരുന്നു. വിധേയത്വത്തിന്റെയും അധികാരത്തിന്റെയും അടിമത്തത്തിന്റെയും പ്രതീകമായി ഉടൽ അവതരിപ്പിക്കപ്പെടുന്നു. എല്ലാ തണുപ്പുകളെയും വിഴുങ്ങുന്ന ചൂടുള്ള ചിറകായും വിരിഞ്ഞ മാറിടവും ബലിഷ്ഠമായ ദന്തനിരകളും വിരിഞ്ഞ കൈകളുംകൊണ്ട് സ്ത്രീ തന്റെ പ്രണയം പ്രകടിപ്പിക്കുന്നു. ‘ഉടുക്കട്ടെ?’ എന്ന പ്രയോഗത്തിലൂടെ വെറുമൊരു തുണിയായി പെണ്ണു മാറുന്നു. ഉപയോഗശൂന്യമായി, വലിച്ചെറിയപ്പെടുന്ന തുണിയായി പെൺശരീരം മാറുന്ന ചൂഷണത്തിന്റെ പ്രതീകമായി കവിത മാറുന്നു. മാംസനിബദ്ധമല്ല രാഗം എന്ന് ബൃന്ദ വീമ്പിളക്കുന്നില്ല. മനോശരീരത്യാഗാവസ്ഥയാണ് ബൃന്ദയ്ക്ക് പ്രണയം. മുങ്ങിയും നിവർന്നും തുഴഞ്ഞും ഉറഞ്ഞും ഉറങ്ങിയും ഒടുക്കം എത്തിച്ചേരുന്ന ഒരു അജ്ഞാത ഭൂമിയാകുന്നു പ്രണയം. കവിതയിൽ ഇനി തുറന്നിടാത്ത മേനിയിടങ്ങളില്ല. പാപരഹിതമായ നിയമസ്പർശ്യങ്ങളില്ലാത്ത സ്വതന്ത്ര രതിമയം (ബൃന്ദ, 2020:16).

 

പ്രണയം പറയുന്നതിലൂടെ താങ്കൾ വെറും ശരീരമല്ലെന്നും ആനന്ദ മധുരങ്ങൾ എന്നും കവി പറയുന്നു (ബൃന്ദ, 2020:40). ശരീരത്തിന്റെ രതിയും ആത്മരതിയും ചേർന്നുള്ള പ്രണയാവിഷ്കാരം കവിതകളിൽ കടന്നുവരുന്നുണ്ട് (Kamaladas, 1973:54)1 സ്വത്വപ്രഖ്യാപനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കേന്ദ്രമായി ഉടൽരൂപങ്ങൾ മാറുന്നു. വെറും ശരീരം മാത്രമായി സ്ത്രീയെ കണ്ടിരുന്ന ഒരു സമൂഹത്തിനുമുന്നിൽ തലച്ചോറുള്ള, ചിന്തിക്കുന്ന, വികാരവിചാരങ്ങൾ ഉള്ള ഒരു സ്ത്രീ വ്യക്തിത്വത്തെ അവഗണിക്കാനാവാത്തവിധം അവർ പിടിച്ചുനിർത്തി. നിങ്ങൾ സങ്കൽപ്പിക്കുന്ന സ്ത്രീയല്ല ശരിയായ സ്ത്രീ എന്നാണ് ഷിന്ദേ പ്രഖ്യാപിച്ചത് (മാനസി, 2019:13).

പ്രണയം ഹൃദയത്തിന്റെ സദാചാരമാണ്

ചുംബനങ്ങളുടെ സ്വാതന്ത്ര്യമാണ്

ശരീരങ്ങളുടെ പുഴയാണ് ” (ബൃന്ദ, 2014:43).

ശരീരം ഇവിടെ അസ്ഥിരമാകുന്നു. പ്രണയം നിറഞ്ഞ ഉടൽ ആനന്ദത്തിലേക്കുള്ള വാതിലാണ്. രതിയുടെ ധ്യാനോദ്യാനങ്ങൾ തീർത്ത് ശരീരത്തെ അലങ്കരിക്കാം. ആത്മാവിന്റെ തീര്‍ത്ഥഘട്ടങ്ങളില്‍ മുങ്ങിനിവരാം. ഉള്ളിനെ സ്വതന്ത്രമാക്കിക്കൊണ്ടുള്ള ഉടലിന്റെ ധ്യാനമാണ് രതി (ബൃന്ദ, 2014:9). പുരുഷ വചനങ്ങളിൽ, എഴുത്തിൽ രൂപപ്പെട്ട സ്ത്രീ ശരീരത്തെ മോചിപ്പിക്കാൻ പുതുകാല പെണ്ണെഴുത്തുകൾക്ക് സാധിക്കുന്നുണ്ട്.

 

നീ എന്റെ വസ്ത്രമായീടുക

ഒരു സ്ത്രീക്ക്

ഏറ്റവും പ്രിയപ്പെട്ട വസ്ത്രം

പുരുഷന്റെ നഗ്നതയാണ്” (ബൃന്ദ, 2014:47)

സ്ത്രീ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ഒരു കുരുക്കായിട്ടാണ് ശരീരം എല്ലായിപ്പോഴും നിലകൊണ്ടിരുന്നത്. കുടുംബത്തിനുള്ളിൽ കാത്തുസംരക്ഷിക്കേണ്ട ഒന്നായി സ്ത്രീശരീരത്തെ മൂല്യവല്‍ക്കരിക്കുമ്പോള്‍ വിപണന വസ്തുവായും ശരീരം അധഃപതിക്കുന്നു. പുകഴ്ത്തലുകൾക്കും ഇകഴ്ത്തലുകൾക്കും ഒരുപോലെ കവിതകളിൽ ശരീരത്തിന് പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ, പുറത്തു കടക്കലിന്റെ, സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റെ മൂർത്തമായ അടയാളമായി ഉടലെഴുത്തുകൾ മാറുന്നു (ഉഷാകുമാരി, ജി. 2016:75). ശരീരം കാടായും മരമായും കാടിന്റെ വന്യതയെ ഉൾക്കൊള്ളാൻ പാകത്തിനുള്ള ഒരു ശക്തിയായും മാറുന്നു.

 

സമൂഹമാധ്യമങ്ങളിൽ നിറയുന്ന പെൺശരീരങ്ങൾ, പെണ്ണുടലിനെ ഉപയോഗിക്കുന്ന വിപണനതന്ത്രത്തെ അടയാളപ്പെടുത്തുന്നു.

ഉടൽ

ഒരു മഹാനഗരിയാണ്

ചുംബനം ഒരു രഥമാണ്.

യാത്ര ചെയ്യുക

രാത്രിയിൽ,

ആരും കാണാതെ

മഞ്ഞുതുള്ളികൾ

പതിക്കുന്നതു പോലെ

ഉടൽരഹസ്യങ്ങളെ അന്വേഷിക്കുക” (ബൃന്ദ, 2014:50).

ആത്മാവിനെ മറയ്ക്കുന്ന വസ്ത്രമാണ് ഇവിടെ ഉടൽ. ബിംബങ്ങളിലൂടെ അമൂർത്തമായി ശരീരത്തെ ധ്വനിപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നത് (രാജലക്ഷ്മി (എഡി.), 2017:197)2. വളരെ പ്രത്യക്ഷമായി ഉടലിനെ ആവിഷ്കരിക്കുകയാണ്,

ഞാൻ നിന്നെ

കോരിയെടുക്കട്ടെ

ഉടലുകളിൽ

കിണറുകൾ പൂത്തു” (ബൃന്ദ, 2014:54).

 

ചുരുക്കത്തില്‍ വിപണിയിലെ ചെത്തിമിനുക്കിയ ഉടൽവടിവുകളുടെ നേരും നുണയും ചതിയും വെളിപ്പെടുത്തിക്കാട്ടാനെന്നപോലെ പെണ്ണുടലുകള്‍ പുതുകവിതകളില്‍ അധികമധികം നിറയുകയാണ് (ഉഷാകുമാരി, ജി. 2016:41) എന്ന് ഉറപ്പിച്ചു പറയാനാവും.

 

ഉപസംഹാരം

പുതിയ ഭാവുകത്വത്തെ ഉൾക്കൊള്ളുന്ന ഉത്തരാധുനികത കവിതയിലും വലിയ വിപ്ലവം സൃഷ്ടിച്ചു. എഴുത്തുകാരി എന്ന നിലയിൽ സ്ത്രീ നേരിടുന്ന സാമൂഹികവും കുടുംബാധിഷ്ഠിതവുമായ പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. തുറന്നാവിഷ്കാരങ്ങളുടെ പുതിയതലം സ്ത്രീയെ സ്വാതന്ത്ര്യത്തിലേക്കും സ്വത്വപ്രഖ്യാപനത്തിലേക്കും നയിച്ചു. അതിലൂടെ ശരീരത്തിനും മനസ്സിനും സ്ത്രീകൾ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. സ്ത്രീജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങൾ കവിതയിൽ ഇടംപിടിച്ചു. ആൺബോധം നിർമ്മിച്ച പൊതുബോധത്തിൽ നിന്നും പുറത്തുകടക്കാൻ പുതുകവിതകൾക്കായി എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ശരീരം ഒരേസമയം വീഞ്ഞായും അഗ്നിയായും കടലായും പുഴയായും വ്യത്യസ്ത അനുഭവങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു.

 

കുറിപ്പുകൾ

1. You called me wife,

I was taught to break saccharine into your tea and

To offer at the right moment the vitamins,

Cowering beneath your monsters ego, I ate

The magic Loaf and became a dwarf. I lost my will and reason…

2. The women is not the space you can pollute by spitting of the poisonous smoke of your lust. Neither is her body to be treated as a depository for the toxin of last that you defecate. Worship the women meditate upon her, love her and only upon her silent approval, dissolve in her.

 

ഗ്രന്ഥസൂചി

  1. ഉഷാകുമാരി ജി., വയലറ്റുനാവിലെ പാട്ടുകൾ, സൈകതം ബുക്സ്, കോതമംഗലം, 2016.

  2. ബൃന്ദ, പ്രണയജാലകം, സൈന്ദവ ബുക്സ്, കൊല്ലം, 2009.

  3. ബൃന്ദ, ലിപ് ലോക്ക്, നാഷണൽ ബുക്ക് സ്റ്റാൾ, തിരുവനന്തപുരം, 2014.

  4. ബൃന്ദ, മുന്തിരിക്കടൽ, സുജിലി പബ്ലിക്കേഷൻസ്, കൊല്ലം, 2020.

  5. ബൃന്ദ, ഇല കാണാതെ പൂത്തുലഞ്ഞ്, എസ്. ടി. വി പബ്ലിക്കേഷൻസ്, കാസർഗോഡ്, 2022.

  6. രാജലക്ഷ്മി (എഡി.), പ്രണയം, രതി, ധ്യാനം മൂന്നാം കണ്ണിലെ കാഴ്ചകൾ, നാഷണൽ ബുക്സ്, കോട്ടയം, 2017.

  7.  

ആനുകാലികങ്ങള്‍

  1. മാനസി, താരാബായ് തെളിച്ച പെൺപഥങ്ങൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 96 ലക്കം 52, 2019.

About the researcher:

പാർവതികൃഷ്ണ പി. എൽ.

അതിഥി അധ്യാപിക

എസ്. എൻ. കോളേജ്, വർക്കല


Email: parvathikrishnapl@gmail.com

Mob: 9746898043

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted