മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 APRIL-JUNE | VOLUME 02 | ISSUE 02

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

എഡിറ്റോറിയൽ

വായനയുടെ

എടുത്തുചാട്ടം

 

Published on April 01, 2026

Time: 10:00 AM IST

Editorial-03
Editorial-03

പലതാളത്തിൽ ഉയർന്നു കേൾക്കുന്ന ശബ്ദകോലാഹലങ്ങളുടെ കാലഘട്ടത്തിലാണ് ഇന്ന് നാം എത്തിനിൽക്കുന്നത്. നമ്മുടെ ശ്രദ്ധപിടിച്ചുപറ്റാനായി അനുനിമിഷം മത്സരിക്കുന്ന അനന്തമായ തലക്കെട്ടുകളുടെ പ്രവാഹത്തിൽ കൃത്യമായ ദിശാബോധമില്ലാതെ ഉറച്ചുനിൽക്കുന്നവർ ഒരുപക്ഷേ ഒലിച്ചുപോയേക്കാം. ബസവേശ്വരൻ പറഞ്ഞതുപോലെ നാം ചിലയിടങ്ങളിൽ ചലിച്ചു നിൽക്കേണ്ടതുണ്ട്. കൂടാതെ വേഗതയുടെ ഈ ലോകത്ത് അല്പം നിശബ്ദനായിരുന്ന് ചിന്തിക്കേണ്ടതുമുണ്ട്. ഈ ലേഖനങ്ങളുടെ വായനയിലും വാക്കുകളുടെ ബാഹ്യാർത്ഥത്തിൽ മാത്രം പറ്റിനിൽക്കാതെ ചലനാത്മകചിന്തയുടെ ആഴങ്ങളിലേക്ക് നിങ്ങൾ സ്വയം എടുത്തുചാടണം. അക്ഷരാർത്ഥത്തിൽ ഇത് ഒരു എടുത്തുചാട്ടം തന്നെയാണ്. ചിന്തകളെ അലോസരപ്പെടുത്തുന്ന, ചോദ്യങ്ങളെ ഉടച്ചുവാർക്കുന്ന പ്രകോപനപരമായ വായനയുടെ എടുത്തുചാട്ടം. ഇവിടെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ നമ്മൾ ഒരു എഴുത്തിന് അന്തിമവിധി പറയാൻ തയ്യാറെടുക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഒരു വായനാഭൂപടമാക്കി അതിനെ മാറ്റിത്തീർക്കാനാണ് ശ്രമിക്കുന്നത്.

 

ഈ ലക്കത്തിലെ എഴുത്തുകാർ പൊതുബോധം നിർമ്മിച്ച പല ആശയങ്ങളെയും അഴിച്ചുപരിശോധിക്കുകയാണ്. അഴിച്ചുപരിശോധിക്കുക എന്നത് കേവലം തകർക്കലല്ല, മറിച്ച് വളരെ ശ്രദ്ധയോടെയുള്ള വേർതിരിക്കലാണ്. ഒരു സങ്കല്പത്തെയോ പ്രത്യയശാസ്ത്രത്തെയോ അഴിച്ചുപരിശോധിക്കുന്നത്, അത് എങ്ങനെയാണ് നിർമ്മിക്കപ്പെട്ടതെന്നും അതിന് പിന്നിലെ ആശയസമവാക്യങ്ങൾ എന്തൊക്കെയാണെന്നും തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. ചുരുക്കത്തിൽ കാലം മാറുമ്പോൾ ചിന്താധാരകളും വിശകലനരീതികളും മാറുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങൾ. പ്രാദേശികചരിത്രം, സ്ത്രീപക്ഷചിന്തകൾ, ഡിജിറ്റൽയുഗത്തിലെ പുതിയ വെല്ലുവിളികൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രതിരോധങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ട് സമകാലികസമൂഹത്തെ വളരെ ആഴത്തിൽ അടയാളപ്പെടുത്താൻ ഈ പഠനങ്ങൾക്ക് സാധിക്കുന്നുണ്ട്.

 

വ്യതിരിക്തവും വിപ്ലവാത്മകവുമായ ആശയങ്ങൾ ചിലപ്പോൾ ഉച്ചത്തിലുള്ളതാവണമെന്നില്ല. അത് ലളിതവുമല്ല. മിക്കപ്പോഴും അത് വരികൾക്കിടയിൽ ശാന്തമായി വിശ്രമിച്ചുകൊണ്ട്, ക്ഷമയോടെ കാത്തിരിക്കുന്നുണ്ടാകും; പ്രകോപനപരമായ വായനയുടെ എടുത്തുചാട്ടത്തിനായി…

 

» മലയാളം റിസേർച്ച് കീ ടീം

4.7 3 votes
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted