മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2026 APRIL-JUNE | VOLUME 02 | ISSUE 02
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» അശ്വിനി പി. വി.
ID: MRK0034
Published on April 01, 2026
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
അധികാരവ്യവസ്ഥകൾ നിർണയിക്കുന്ന അതിരുകൾക്കും നിയമങ്ങൾക്കും ഇടയിൽ മനുഷ്യത്വം അദൃശ്യമാകുന്നതിന്റെ അടയാളപ്പെടുത്തലുകളാണ് കെ.ആർ. മീരയുടെ കലാച്ചി എന്ന നോവൽ. പൗരത്വം മനുഷ്യന്റെ നിലനിൽപ്പിന്റെയും സ്വത്വത്തിന്റെയും രേഖയാകുന്നു. ജന്മനാട്ടിൽ നിന്ന് നിഷ്കാസിതരാക്കപ്പെടുന്നവരുടെയും അഭയാർത്ഥികളായി മാറാൻ നിർബന്ധിതരാകുന്നവരുടെയും പ്രതിസന്ധിയാണ് ഇവിടെ പഠനവിധേയമാക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം ജനജീവിതത്തെ ബാധിക്കാൻ തുടങ്ങിയിരിക്കുന്ന വർത്തമാനകാലത്തിൽ കലാച്ചി മുന്നോട്ടുവെക്കുന്ന മാനവികമായ കാഴ്ചപ്പാടുകളെ ഈ പ്രബന്ധം വിശകലനം ചെയ്യുന്നു.
താക്കോൽ വാക്കുകൾ : പൗരത്വം, ഭരണകൂടം, ജനാധിപത്യം, പലായനം, കുടിയേറ്റം
ആമുഖം
ഇതരസാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ബഹുസ്വരതയാർന്ന ആഖ്യാനവും ആവിഷ്കാരവും നോവലിന്റെ പ്രത്യേകതയാണ്. സ്ഥലകാലങ്ങളിൽ ഊന്നിയാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്. ഭൂപ്രകൃതിയുമായി മാത്രം ബന്ധപ്പെടുന്ന ഒന്നല്ല സ്ഥലം. അധികാരത്തോടും രാഷ്ട്രീയസമ്പദ്ഘടനകളോടും അവ ബന്ധപ്പെടുകയും വ്യക്തിജീവിതത്തോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. അത്തരം സ്ഥലങ്ങളിൽ നിന്നുള്ള നിർബന്ധിത പലായനങ്ങൾ വൈകാരികമാകുന്നു. വർത്തമാനകാലത്ത് പ്രസക്തമായ പലായനം, കുടിയേറ്റം, അഭയാർത്ഥിത്വം, മനുഷ്യാവകാശങ്ങൾ എന്നീ വിഷയങ്ങൾ കെ.ആർ. മീര നോവലിലൂടെ അവതരിപ്പിക്കുന്നു. പ്രത്യക്ഷമായിത്തന്നെ രാഷ്ട്രീയ വിവക്ഷകൾ ഉൾക്കൊള്ളുന്ന നോവലാണ് കലാച്ചി. സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങളെ ആവിഷ്കരിക്കുന്ന എഴുത്തുകാരി ശബ്ദമില്ലാത്തവരുടെയും അരികു ജീവിതങ്ങളുടെയും വാക്കാകുന്നു. ജയിലിലായ ഗവേഷകൻ ഇജാസ് അലിയെ തേടിയുള്ള ഡോ.ഫിദാ മുഹമ്മദിന്റെ യാത്ര രാഷ്ട്രങ്ങളുടെ അതിർത്തികളും ഭരണകൂടനയങ്ങളും മനുഷ്യരുടെ ജീവിതത്തെയും സ്വത്വത്തെയും എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് നോവലിലൂടെ വ്യക്തമാക്കുന്നു.
ജനാധിപത്യത്തെ തകർക്കുന്ന സാമ്രാജ്യ ശക്തികൾക്കെതിരാകുന്ന കലാച്ചി എന്ന നോവല്‍ മതങ്ങൾ അനുശാസിക്കുന്ന യഥാർത്ഥമൂല്യങ്ങൾ കൈമോശം വരുന്നതിനെ കുറിച്ചുള്ള ആകുലത പങ്കുവെക്കുന്നു. ഒപ്പം സഹിഷ്ണുതയും ആർദ്രതയും സ്നേഹവും ബഹുമാനവുമാണ് ഓരോ മതവും മുന്നോട്ടുവയ്ക്കുന്നത് എന്നതിനാൽ മതം പൗരത്വത്തിന് നിദാനമാകരുതെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ. സമകാലിക ലോകത്തിൽ മതേതര വീക്ഷണത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരിടേണ്ടിവരുന്ന വെല്ലുവിളി വിശകലനം ചെയ്യുന്നതോടൊപ്പം മനുഷ്യകേന്ദ്രിതമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും ഈ പഠനം സഹായകമാകുന്നു.
പൗരത്വം, ഭരണകൂടം, ജനാധിപത്യം
ഒരു പരമാധികാരരാഷ്ട്രത്തിലെ നിയമപരമായ അംഗത്വമാണ് പൗരത്വം. ഇന്ത്യയുടെ പൊതുസാഹചര്യത്തില്‍ ജനതയെ പൗരന്മാര്‍, പ്രവാസികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഉൾപ്പെടുത്താം. ഭരണഘടനാദത്തമായ വ്യക്തിഗത രാഷ്ട്രീയ അവകാശങ്ങൾ ലഭ്യമാകുന്നവരാണ് ഇന്ത്യൻ പൗരർ. വിവേചനത്തിനെതിരായ അവകാശം, തുല്യതയ്ക്കായുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, തുടങ്ങിയവ പൗരന്മാര്‍ക്ക് മാത്രമായി ലഭ്യമാകുന്ന അവകാശങ്ങളാണ്. പ്രവാസികൾ അത്തരം അവകാശങ്ങളോ, ഗുണഫലങ്ങളോ അനുഭവിക്കാനാകാത്തവരുമാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം മതമോ ജാതിയോ ഭാഷയോ ലിംഗമോ പൗരത്വത്തിനും ദേശീയതയ്ക്കും അടിസ്ഥാനമാകുന്നില്ല മറിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്ത് ജനിക്കുന്നതോ ഇന്ത്യൻ ഭൂപ്രദേശത്ത് ജനിക്കുന്ന അച്ഛനമ്മമാർക്ക് ജനിക്കുന്നതോ ആയ കുട്ടിക്ക് പൗരത്വവും ദേശീയതയും ലഭ്യമാകുന്നു. ഇന്ത്യയോട് ഏതെങ്കിലും ഒരു ഭൂപ്രദേശം കൂട്ടിച്ചേർക്കപ്പെടുകയാണെങ്കിൽ അത്തരം സ്ഥലത്ത് ജനിച്ചവരോ അധിവസിക്കുന്നവരോ ജനിക്കുന്നവരോ ആയവർക്ക് ഇന്ത്യൻ പൗരത്വത്തിനും ദേശീയ അവകാശം ഭരണഘടന വ്യവസ്ഥ ചെയ്യപ്പെടുന്നു. ജന്മനായുള്ള പൗരത്വ അവകാശം ഇല്ലാത്തയാൾക്ക് സ്വേച്ഛാനുസരണവും നിയമ നടപടിക്രമം പാലിച്ചും ഇന്ത്യയിൽ ആർജിത പൗരത്വം നേടാൻ സാധിക്കും. ഒരു പ്രവാസി നിയമവിരുദ്ധമായിട്ടോ ആക്രമിച്ചോ അല്ല ഇന്ത്യയിൽ എത്തിച്ചേർന്നതെങ്കിൽ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 1955ലെ പൗരത്വനിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി പൗരത്വവും ദേശീയതയും അനുവദിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാം. പൗരത്വം വേണ്ടെന്ന് വെക്കുന്നതിലൂടെയോ രജിസ്ട്രേഷൻ നിഷേധിക്കപ്പെടുന്നതിലൂടെയോ ഒരാൾക്ക് ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെടാം എന്ന് നിയമം അനുശാസിക്കുന്നു. പിന്നീട് പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുകയുണ്ടായി. രാജ്യവ്യാപക ചർച്ചയ്ക്കും പ്രതിഷേധത്തിനും 2019 ലെ പൗരത്വ ഭേദഗതി ബിൽ ഇടയാക്കി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം പൗരത്വം നൽകാൻ പൗരത്വഭേദഗതി ബില്ലിൽ പറയുന്നു. ഹിന്ദുവിഭാഗം, ജൈനർ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് പൗരത്വം നൽകാൻ ശുപാർശ ചെയ്യുന്നത്. അനധികൃത കുടിയേറ്റം തടയാനും ബില്ല് ലക്ഷ്യമിടുന്നുണ്ട്. എന്നിരുന്നാലും ഷിയാ അഹമ്മദിയ തുടങ്ങിയ മുസ്ലിം വിഭാഗങ്ങളെ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന പൗരത്വഭേദഗതി ഭരണഘടനയുടെ മതേതര മൂല്യത്തിനെതിരാണ് എന്നത് വ്യക്തം.
പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ മതേതര ജനാധിപത്യഘടനയെ തകർക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നടന്ന സർവകലാശാലകളിലെ പ്രതിഷേധപ്രകടനങ്ങളിൽ നിന്നും തല്‍ഫലമായി ഉണ്ടായ കലാപരൂക്ഷിതമായ അന്തരീക്ഷത്തിൽ നിന്നുമാണ് കലാച്ചി നോവൽ ആരംഭിക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം ഉപയോഗിക്കുന്ന മാർഗങ്ങളും തന്ത്രങ്ങളും ന്യായീകരണത്തിന് പോലും അർഹമല്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ വച്ച് സ്ത്രീകളെയും വിദ്യാർത്ഥികളെയും ശാരീരികമായി ഉപദ്രവിക്കുന്നു. ബലാൽക്കാര ശ്രമങ്ങളിൽ നിന്ന് രക്ഷപെടുന്ന ഫിദ, ഒന്ന് അനങ്ങിയാൽ പോലും തന്റെ കാൽച്ചുവട്ടിലെ മണ്ണ് ആരെങ്കിലും വാരിമാറ്റുമോയെന്ന് ഭയക്കുന്നു. അത് ജനാധിപത്യരാഷ്ട്രത്തോടുള്ള വെല്ലുവിളിയാകുന്നു. തന്റെ താല്പര്യത്തിനും തീരുമാനത്തിനും അപ്പുറം സുഹൃത്തായ ബൃന്ദ പൊട്ടുകുത്തി നൽകുന്നത് ഫിദയ്ക്ക് ഗതികേടായി അനുഭവപ്പെടുന്നു. ജനാധിപത്യരാജ്യത്തിൽ ജീവിതസ്വാതന്ത്ര്യവും സമത്വവും സാമൂഹിക സാമ്പത്തിക അവകാശങ്ങളും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരായ അവകാശവും ഉണ്ടെന്നിരിക്കെ അതെല്ലാം തടസ്സപ്പെടുന്നു. ഭൂരിപക്ഷ തീരുമാനമോ ഇച്ഛയോ അഭിപ്രായമോ അടിച്ചേൽപ്പിക്കുന്നതല്ല, മറിച്ച് ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും മാനിച്ചു കൊണ്ടുള്ള പ്രക്രിയയാണ് ജനാധിപത്യം. മനുഷ്യർക്ക് അഭിപ്രായങ്ങൾ തുറന്നു പറയാനും വിയോജിക്കാനും വിശ്വസിക്കാനും അവിശ്വസിക്കാനും പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങൾ ജനാധിപത്യം നൽകുന്നു. എന്നാലിവിടെ ജനാധിപത്യം കോർപ്പറേറ്റ് കുത്തകകൾക്കുള്ളിലാണെന്ന് അഭിപ്രായപ്പെട്ട ഫിദയുടെ സുഹൃത്ത് അപൂർവ്വയ്ക്ക് ജയിലാണ് ലഭിക്കുന്നത്. മറ്റൊരു സുഹൃത്തിന് തന്റെ പങ്കാളിയെ തന്നെ നഷ്ടമാകുന്നു. ജനാധിപത്യം, ദേശീയത, മനുഷ്യാവകാശങ്ങൾ മുതലായവയ്ക്ക് സാമ്പത്തിക ബന്ധങ്ങൾക്കതീതമായ മൂല്യ സംഹിതകളുടെ അടിത്തറയുണ്ടെന്നത് വിസ്മരിക്കപ്പെടുന്നു. മുതലാളിത്തം സർവ്വശക്തമായിരിക്കുമ്പോൾ തന്നെ അത് നിലനിൽക്കുന്നില്ലെന്ന വിധത്തിലുള്ള പ്രചരണവും ജനാധിപത്യസങ്കല്പത്തിനെതിരെയാണ്. പൗരന്മാരുടെ സമത്വമില്ലാത്ത അവസ്ഥയും ജനാധിപത്യമല്ല. രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ മതേതരത്വം നിഷ്കാസനം ചെയ്യപ്പെടുകയാണെങ്കിൽ ഇവിടെ ജനാധിപത്യം സാധ്യമല്ല (പണിക്കർ കെ.എൻ. ഡോ., 2000:97).
നോവലിലെ നായകനായ ഇജാസ് അലിക്ക് ചെയ്യാത്ത കുറ്റത്തിന് 15 വർഷം തടവ് അനുഭവിക്കേണ്ടിവന്നു. സ്വന്തം രാജ്യത്ത് അയാൾക്ക് മതം പ്രശ്നമായി. വിദ്യാഭ്യാസ പൂർത്തീകരണത്തിന് ശേഷം തന്റെ രാജ്യത്തെ ഉദ്യോഗസ്ഥഭരണത്തിൽ പങ്കാളിയായി കൊണ്ട് സേവനമനുഷ്ഠിക്കണമെന്ന് ആഗ്രഹിച്ച അയാളുടെ മേൽ തീവ്രവാദപ്രവർത്തനം എന്ന കുറ്റമാണ് ചുമത്തുന്നത്. രാഷ്ട്ര വ്യവഹാരങ്ങളിൽ ഇടപെടാനും പങ്കാളിയാകാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നു. പതിനഞ്ചാമത്തെ കേസിലും മതിയായ തെളിവുകളില്ലാതെ കോടതി വിട്ടയച്ച അയാൾക്ക് അതിനകം തന്നെ സഹോദരനെയും പിതാവിനെയും നഷ്ടമാകുന്നു. പിന്നീട് ഗവേഷണ പൂർത്തീകരണത്തിനായി കസഖ്സ്ഥാനിലെത്തിയപ്പോഴേക്കും സ്വാതന്ത്ര്യം ഇല്ലാതാക്കിയ അതേ മതം തന്നെ പൗരത്വവും ഇല്ലാതാക്കുന്നു. ജനിച്ചുവളർന്ന അസമിലെ പൗരത്വപ്പട്ടികയിൽ ഇജാസിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇജാസിനടുത്തേക്കുള്ള ഫിദയുടെ യാത്രയിൽ കണ്ടുമുട്ടുന്നവരെല്ലാം പൗരത്വപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ആസാദ് എൽ ഹിസി എന്ന പലസ്തീൻ പൗരൻ തന്റെ പൗരത്വം തിരിച്ചറിയപ്പെടാതിരിക്കാൻ കരിം ഉമറോവ് എന്ന് പേരുമാറ്റുന്നു. ഇസ്രയേൽ പൗരന്മാരായ സ്ത്രീകൾ പലസ്തീൻ പൗരന്മാരെ വിവാഹം കഴിക്കുന്നതിൽ ഗവൺമെന്റിന് താല്പര്യമില്ലാത്തതിനാൽ തന്നെ തന്റെ ഇടത്തിൽ ജീവിക്കാൻ അയാൾക്ക് സാധിക്കുന്നില്ല. കൈവശമുള്ള തിരിച്ചറിയൽ രേഖകൾ നഷ്ടമാകുമോ എന്ന ഭയം കൊണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളിൽ പേരും വിലാസവും പച്ചകുത്തിവെക്കുന്നു. പൗരത്വം സംരക്ഷണത്തേക്കാൾ അയാൾക്ക് നൽകുന്നത് ഭയമാണ്. സാറയ്ക്കും ഇഷ്ടവിവാഹം തന്നെയാണ് പൗരത്വം നിഷേധിക്കാൻ കാരണമാകുന്നത്.
പൗരത്വപ്പട്ടികയിൽ നിന്നു പുറത്താക്കുന്നവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്ന യാഥാർത്ഥ്യം ഫിദയ്ക്ക് മനസ്സിലാകുന്നുണ്ട്. നിയമങ്ങളും ചട്ടങ്ങളും പുരുഷകേന്ദ്രമായി നിർമ്മിക്കപ്പെടുകയാണ്. വിവാഹശേഷം അവർക്ക് യഥാർത്ഥ പേര് തന്നെ ചിലപ്പോൾ മാറ്റേണ്ടി വരുന്നു. പലയിടങ്ങളിലും സ്ത്രീകളെ സ്കൂളിൽ അയക്കുകയോ സ്വത്തവകാശം നൽകുകയോ ചെയ്യുന്നില്ല. അത്തരത്തിൽ തലമുറകളായി നിരക്ഷരരും സ്ഥാവരജംഗമവസ്തുക്കൾ ഇല്ലാത്തവരും ആയതിനാൽ സ്ത്രീകൾക്ക് പലപ്പോഴും തിരിച്ചറിയൽ കാർഡുകളും ഉണ്ടാകുന്നില്ല. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ഫിദയ്ക്കും നാട്ടിലേക്കുള്ള തിരിച്ചുപോക്കിൽ അനിശ്ചിതത്വം ഉണ്ടാകുന്നു. ജനാധിപത്യരാജ്യത്തിലേക്കുള്ള തിരിച്ചുപോക്ക് പോലും ഭീതിജനകമാകുമ്പോൾ പൗരാവകാശരേഖകൾ മനുഷ്യാവകാശങ്ങളെ പരിമിതപ്പെടുത്തുകയാണ് എന്ന് മനസ്സിലാക്കാം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വർഗീയ അസഹിഷ്ണുത, ജനാധിപത്യധ്വംസനങ്ങൾ എന്നിവ മനുഷ്യാവകാശലംഘനങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യത്ത് സ്ത്രീ സുരക്ഷ ലംഘിക്കപ്പെടുകയാണ്.
പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും രണ്ടായി നിലകൊള്ളുന്നു. ആര് തനിക്കുവേണ്ടി തീരുമാനിക്കണമെന്ന് നിർണയിക്കാനുള്ള അവകാശമുള്ളതിനാൽ പൗരത്വമാണ് മുന്നിട്ട് നിൽക്കുന്നത്. അത്തരമിടങ്ങളിൽ മനുഷ്യാവകാശലംഘനങ്ങൾ സ്വാഭാവികമാകുന്നു. അസമിൽ റെയിൽവേ തുടങ്ങിയപ്പോൾ സഹകരിക്കാത്ത നാട്ടുകാർക്ക് ബദലായി ബംഗാളി മുസ്ലിം തൊഴിലാളികളെ ബ്രിട്ടീഷുകാർ ഇറക്കുമതി ചെയ്യുന്നതിന് സമാനസംഭവം തന്നെയാണ് സോവിയറ്റ് യൂണിയൻ റഷ്യക്കാരെ കസാഖ്സ്ഥാനിലേക്ക് ഇറക്കുമതി ചെയ്യുന്നതും. രണ്ടും മനുഷ്യത്വരഹിതമായ അടിമത്തം തന്നെ. ഇരുവിഭാഗങ്ങൾക്കും നഷ്ടമാകുന്നത് തങ്ങളുടെ തിരിച്ചറിയൽ രേഖകളും അനുബന്ധമായി പൗരാവകാശങ്ങളും ആണ്. പൗരാവകാശമുള്ള മനുഷ്യജീവന് മാത്രം ഭരണകൂടം പ്രാധാന്യം നൽകുമ്പോൾ മനുഷ്യൻ എന്നതിന് നിർവചനം പുരുഷനും അവന്റെ സ്ത്രീയും കുട്ടികളുമാകുന്നു. പുരുഷനില്ലാത്ത സ്ത്രീയും മതമില്ലാത്ത പുരുഷനും അപ്രധാനവുമാകുന്നു (മീര കെ.ആര്‍., 2026:228).
കസാഖ്സ്ഥാനിൽ വെച്ച് പാസ്പോർട്ടും രേഖകളും കാണാതാകുന്ന ഇജാസിന് പൗരത്വം ലഭ്യമാകുന്നതിനായാണ് തത്യാനയെ വിവാഹം കഴിക്കുന്നത്. കലാച്ചിയിലെ പൗരനുമായുള്ള വിവാഹം ഇജാസിന് കലാച്ചിയിൽ ജീവിക്കാനുള്ള അവകാശം നൽകുന്നു. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി പാസ്പോർട്ടിന് അപേക്ഷിച്ചു കൂടെ? എന്ന് ചോദിക്കുന്ന ഫിദയോട് ഇജാസിന്റെ മറുപടി പാസ്പോർട്ട് പൗരാവകാശരേഖയല്ലെന്നും അത് യാത്രാരേഖ മാത്രമാകുന്നു എന്നുമാണ്(മീര കെ.ആര്‍.,2026:382). മാതൃരാജ്യത്തിൽ നിന്നും അയാൾ അത്രയേറെ അന്യനാകുന്നു. കസഖ്സ്ഥാനിൽ നിന്ന് തിരിച്ച് ഇന്ത്യൻ എയർപോർട്ടിൽ എത്തുന്ന ഫിദയ്ക്ക് ഉരശിമ തരോയെ പോലെ തന്റെ നാടിനും നാട്ടുകാർക്കും വന്ന മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇത് ഒരു ജനാധിപത്യരാഷ്ട്രം തന്നെയല്ലേ എന്ന് ചോദിക്കുന്ന ഫിദയോട് ജനാധിപത്യമോ എന്നുവച്ചാൽ എന്താണ്? എന്നാണ് ഉദ്യോഗസ്ഥൻ തിരിച്ചു ചോദിക്കുന്നത്. അത് ഒരു യക്ഷിക്കഥയായി തീരാൻ ഫിദ ആഗ്രഹിക്കുന്നു. പൗരത്വവും മതവും കുടുംബവും പ്രത്യക്ഷത്തിൽ വേറിട്ടാണ് നിൽക്കുന്നതെങ്കിലും ഫിദ ഇജാസിന് സമ്മാനിക്കുന്ന ബബൂഷ്ക പാവകളെ പോലെ അവ ഒന്നിനുള്ളിൽ ഒന്നിനെ പോലെ ചേർന്നിരിക്കുന്നു.
ജനാധിപത്യവും മതനിരപേക്ഷതയും തമ്മിൽ അവിഭാജ്യബന്ധമുണ്ട്. അതിനാൽ അധികാരപ്രയോഗത്തിനുള്ള മാർഗമായി ജനാധിപത്യത്തെ ഉപയോഗിച്ചാൽ മതേതരത്വം എന്ന ആശയം ഇല്ലാതാകും. ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകുകയും വ്യത്യസ്ത മതങ്ങളെ അനുകൂലിക്കുന്നവർ ജീവിക്കുകയും സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിൽ പങ്കുകൊള്ളുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തിൽ മതേതരത്വം സാമൂഹ്യബോധത്തിൽ നിലകൊള്ളേണ്ടിയിരിക്കുന്നു അല്ലാത്തപക്ഷം ഭരണകൂടം മതേതരമാവുകയില്ല. ഭരണകൂടം മതത്തിൽ നിന്ന് മുക്തമായിരിക്കണം. ഔദ്യോഗിക, പൊതുമണ്ഡലങ്ങളിൽ വിവേചനമരുത്. പൗരത്വത്തിന് മതം ഒരു ഘടകമേയല്ല എന്ന വിശാലമായ അർത്ഥത്തെയാണ് മതനിരപേക്ഷ രാഷ്ട്രം ഉൾക്കൊള്ളുന്നത്.
പൗരത്വത്തിൽ നിന്ന് പുറത്താകുന്നവർ
തന്റേതായ ഇടത്തിൽ നിലയുറപ്പിക്കാൻ കഴിയാത്ത നിസ്സഹായ അവസ്ഥയാണ് ഒരുവനെ പലായനത്തിന് വിധേയനാക്കുന്നത്. വംശം, മതം, സംസ്കാരം, യുദ്ധം, ആഭ്യന്തരസംഘർഷം എന്നിവ ഏതും പലായനത്തിനും അനുബന്ധമായ അഭയാർത്ഥിത്തത്തിനും കാരണമാകുന്നു. പലപ്പോഴായി നിർബന്ധിത പലായനങ്ങൾക്ക് വിധേയരാകേണ്ടിവന്ന അനേകരെ കലാച്ചിയിൽ കാണാം. ഫിദ എന്ന നായികയുടെ സഞ്ചാരവും ഒടുവിൽ എത്തിച്ചേരുന്നത് പലായനങ്ങളുടെയും പുനരധിവാസങ്ങളുടെയും ഇടമായ കസഖ്സ്ഥാനിലാണ്.
ഒന്നിലധികം പലായനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പലപ്പോഴും സ്ത്രീകൾക്കാണ്. സ്ത്രീകൾക്ക് തങ്ങളുടെ ജീവിതത്തിൽ നിരവധി ഇടങ്ങൾ ലഭ്യമാവുകയും എന്നാൽ ഒരിടത്തെയും സ്വന്തം എന്ന് അവകാശപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ജനാധിപത്യപരമായ തുല്യത യാതൊരു സങ്കോചവുമില്ലാതെ നിഷേധിക്കപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ (സാറാ ജോസഫ്,2001:91). സംരക്ഷണനിയമങ്ങളും ലിംഗപരമായ സമത്വവും അതിനുള്ള അവസരങ്ങളും ഭരണഘടന ഉറപ്പാക്കുമ്പോഴും അതൊന്നും പൂർണമായി അനുഭവിക്കാൻ കഴിയാത്ത സാമൂഹിക സാമ്പത്തിക അന്തരീക്ഷമാണ് ഇന്നും നിലനിൽക്കുന്നത്. മതങ്ങൾ സ്ത്രീകളോട് വിവേചനപരമായ നിലപാടെടുക്കുന്നതിനോടൊപ്പം തന്നെ അച്ചടക്കത്തിന്റെ പേരിൽ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നു.
ഭരണഘടനാസങ്കൽപ്പത്തിന്റെ നാഥനായി പുരുഷനെ പൊതുസമൂഹം അംഗീകരിക്കുമ്പോൾ ശാസിക്കുക, ശിക്ഷിക്കുക, മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമാക്കുക, സാമ്പത്തിക സ്വാതന്ത്ര്യമില്ലാതാക്കുക, ഉപേക്ഷിക്കുക തുടങ്ങിയവയൊക്കെ പുരുഷന്റെ അധികാരങ്ങളും അവകാശങ്ങളുമാകുന്നു. ജനാധിപത്യവിരുദ്ധമനോഭാവം പ്രത്യക്ഷത്തിൽ തന്നെ പ്രകടം. മതത്തിലും കുടുംബത്തിലും സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. കുടുംബം എന്ന സ്വകാര്യമണ്ഡലത്തിലേക്ക് മാത്രം ഒതുക്കപ്പെടുന്നു. 14 വയസ്സ് മുതൽ പ്രേമിക്കുകയും പത്തൊമ്പതാം വയസ്സിൽ കല്യാണം കഴിക്കുകയും ചെയ്ത ഫിദയുടെ ജീവിതത്തിൽ മതവും കുടുംബവും സംഘർഷം ചെലുത്തുന്നു. നിസാമിന് മതം സ്വാതന്ത്ര്യവും സംരക്ഷണവും നൽകുമ്പോൾ അതേ മതം സ്ത്രീക്ക് അസ്വാതന്ത്ര്യം നൽകുന്നു. ഭരണകൂടം പൗരന്റെ ശരീരത്തിനുമേൽ അവകാശം സ്ഥാപിക്കുന്നതുപോലെ, പുരുഷാധിപത്യം സ്ത്രീക്കുമേൽ അവകാശം സ്ഥാപിക്കുന്നു. ഒരു രാജ്യത്ത് പൗരൻ അനുഭവിക്കുന്ന അവകാശങ്ങൾ സ്ത്രീക്ക് സ്വന്തം വീടിനുള്ളിൽ നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസം, വസ്ത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ശരീരസ്വാതന്ത്ര്യം, എന്നിവയിലെല്ലാം കൈകടത്തലുകൾ ഉണ്ടാകുമ്പോഴാണ് നിയന്ത്രണവും അധികാരവും ഒരിക്കലെങ്കിലും പ്രയോഗിക്കാനുള്ള ആഗ്രഹത്തിന്റെ പേരിൽ ഇജാസ് അലിയുമായുള്ള ജീവിതത്തിന് മുതിരുന്നത്. ജനാധിപത്യപരമായ തുല്യതയും പൗരാവകാശങ്ങളുമാണ് സ്ത്രീക്ക് വേണ്ടതെന്ന് ഫിദ തിരിച്ചറിയുന്നു. പൗരത്വം തെളിയിക്കാൻ രേഖകൾ തേടുന്നവരെ പോലെ സ്വന്തം വ്യക്തിത്വവും അന്തസ്സും വീണ്ടെടുക്കാൻ ശ്രമിക്കേണ്ടി വരുന്നു. അത് അസ്തിത്വത്തിനായുള്ള പോരാട്ടമാകുന്നു .നിയന്ത്രണരേഖയ്ക്ക് അപ്പുറം കടക്കുന്ന സ്ത്രീക്ക് പൗരത്വത്തെ നഷ്ടപ്പെടുകയും പലായനത്തിനുള്ള വഴിയൊരുങ്ങുകയും ചെയ്യുന്നു. ഇജാസിലേക്കുള്ള യാത്രയാണ് പലായനങ്ങളെക്കുറിച്ച് ഫിദയെ ബോധവതിയാക്കുന്നതും. ഇജാസിനൊപ്പം ബ്രഹ്മപുത്ര നദി കാണാൻ പോകുന്ന ഫിദ പ്രളയകാലത്ത് നദിയും പിന്നീട് അധികാരവും കുടിയൊഴിപ്പിക്കുന്ന ജനതയുടെ ദൈന്യം തിരിച്ചറിയുന്നുണ്ട്. അസമിൽ റെയിൽവേക്കും തേയില കൃഷിയുമായി ബംഗാളിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടുവന്ന മിയ എന്ന ജനതയ്ക്കും നിർബന്ധിത പറിച്ചു മാറ്റലാണ് സംഭവിക്കുന്നത്. പലായനം അവർക്ക് നൽകിയത് സ്വത്വനഷ്ടമാണ്. തദ്ദേശീയ ജനങ്ങളുടെ അധികാരത്തിന് മുന്നിൽ അവർ അടിമകളാകുന്നു. അതേ നിസ്സഹായവസ്ഥ തന്നെയാണ് മ്യാൻമറിലെ വംശീയ വിഭാഗമായ റോഹിംഗ്യൻ ജനതയും അനുഭവിക്കുന്നത്. ഭൂരിപക്ഷ ബുദ്ധമതരാഷ്ട്രമായ മ്യാൻമറിൽ കുടിയേറ്റത്തൊഴിലാളികളായാണ് ഇവർ എത്തുന്നത്. 1982 മ്യാൻമർ പൗരത്വനിയമത്തിലൂടെ, 1823 മുമ്പ് ബർമ്മയിൽ താമസിച്ചിരുന്ന വംശങ്ങളെ മാത്രം ഔദ്യോഗികമായി അംഗീകരിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്നവരാണെങ്കിലും രേഖകളുടെ അഭാവം കാരണം റോഹിംഗ്യകൾക്ക് പൗരത്വം നിഷേധിക്കപ്പെടുകയും അവർക്ക് വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, ആരോഗ്യം തുടങ്ങിയ അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. റോഹിംഗ്യകൾക്ക് വൻതോതിൽ അടുത്തുള്ള ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങൾ ഹനിക്കപ്പെടുകയും വലിയ ആശങ്കയോടെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ജീവിക്കേണ്ടിയും വരുന്നു.
കസഖ്സ്ഥാനിൽ വച്ച് ഫിദ ആദ്യം പരിചയപ്പെടുന്ന മെഹറ് എന്ന പർവ്വതാരോഹക തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുള്ള എതിർപ്പ് മൂലമാണ് പലായനം തിരഞ്ഞെടുക്കുന്നത്. മെഹറിലൂടെ പരിചയപ്പെടുന്ന ആസാദ് എൽ ഹിസി ആകട്ടെ പൗരത്വം നിഷേധിക്കപ്പെട്ട് പലായനം ചെയ്യേണ്ടി വന്ന വ്യക്തിയാണ്. ഇത്രയും ദൂരെയായ അദ്ദേഹത്തിന്റെ ജീവിതപങ്കാളി സാറയ്ക്കും സ്നേഹിച്ചയാളെ വിവാഹം കഴിച്ചതിനാൽ സ്വദേശം അന്യമാകുന്നു തന്റെ മകന് സംരക്ഷണവും സ്നേഹവും നൽകുന്ന കസഖ് എന്ന പേര് നൽകിക്കൊണ്ടാണ് അവർ അതിജീവിക്കുന്നത്.
ധാതുക്കൾ, ലോഹഅയിരുകൾ, പ്രകൃതിവാതകം, എണ്ണശേഖരം, തുടങ്ങിയ സമ്പന്നമായ പ്രകൃതിവിഭവങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് സോവിയറ്റ് യൂണിയൻ ഒരു വിഭാഗം റഷ്യൻ ജനതയെ കസഖ്സ്ഥാനിലേക്ക് കൊണ്ടുവരുന്നു. ഉറക്കരോഗം എന്ന നിഗൂഢമായ രോഗത്തിന്റെ ആക്രമണത്തോടുകൂടി ശൂന്യമാകുമായിരുന്ന ആ പ്രദേശത്തെ നിലനിർത്തുന്നത് പലായനത്തിനോ പുനരധിവാസത്തിനോ താല്പര്യമില്ലാത്ത തങ്ങളുടെ ഇടത്തെ ഉപേക്ഷിച്ച് പോകുവാൻ വിമുഖതയുള്ള കുറച്ച് മനുഷ്യരാണ്. അധികാരികളുടെ നിർബന്ധിത സ്ഥലം മാറ്റത്തെ അവർ സ്വമേധയാ എതിർക്കുന്നു.അവർക്ക് നഷ്ടമാകുന്നത് അവരുടെ ഉണർവ് തന്നെയാണ്. ഭൂമി പിടിച്ചെടുക്കാൻ വേണ്ടിയുള്ള എന്തോ പദ്ധതിയാണ് ഉറക്കരോഗം എന്ന് പോലും അവിടെയുള്ള ജനങ്ങൾ വിശ്വസിക്കുന്നു. ലിലിയ അമതോവ് എന്ന ക്രിമിയൻ ടടാറും ഭരണകൂടസ്വാർത്ഥത വ്യക്തമാക്കുന്നു.
ആദിയിൽ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു എന്ന് നാം പലപ്പോഴും മറന്നു പോകുകയാണ്. നിരവധി ‘ഫോബിയ’കളെ പറഞ്ഞുവെക്കുന്ന കലാച്ചി എക്സൈലോഫോബിയ (Exilophobia)യാണ് നൽകുന്നത്. നാടുകടത്തപ്പെടുമോ അല്ലെങ്കിൽ സ്വന്തം നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയമാണിത്. ആ ഭയത്തിൽ നിന്ന് പുറത്തുവരാൻ ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും കഴിയേണ്ടിയിരിക്കുന്നു.
ഒരു ന്യൂനപക്ഷ സമൂഹമായി എന്നതിന്റെ പേരിൽ ഒരു വിഭാഗം ജനതയ്ക്ക് പൗരത്വം നഷ്ടപ്പെടുകയും നിർബന്ധിത പലായനങ്ങൾക്ക് വിധേയരാകേണ്ടി വരികയും ചെയ്യുന്നത് അപലപനീയമാണ്. ഭരണകൂടത്തിന്റെ സ്വാർത്ഥതാല്പര്യങ്ങൾക്ക് അനുസൃതമായി ജനജീവിതം നിർണയിക്കപ്പെടുമ്പോൾ അഭയാർത്ഥിപ്രവാഹങ്ങൾക്ക് അവസാനമുണ്ടാവുകയില്ല.
ഉപസംഹാരം
കെ. ആർ. മീരയുടെ കലാച്ചി എന്ന നോവലിനെ ആസ്പദമാക്കി നടത്തിയ ഈ പഠനം പൗരത്വം, ജനാധിപത്യം, മനുഷ്യാവകാശം, പലായനം എന്നീ വിഷയങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ വെളിപ്പെടുത്തുന്നു. ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളും അധികാരപ്രയോഗങ്ങളും പലപ്പോഴും മനുഷ്യാവകാശ ലംഘനങ്ങൾക്കും നിർബന്ധിത പലായനങ്ങൾക്കും കാരണമാകുന്നതായി കാണാം. പൗരത്വനിഷേധത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ കെ. ആർ. മീര സൂക്ഷ്മമായി ചിത്രീകരിക്കുന്നു. പൗരത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരാൾ അനുഭവിക്കുന്ന അനിശ്ചിതത്വവും ഭയവും ഒറ്റപ്പെടലും കൃതിയിലെ കഥാപാത്രങ്ങളിലൂടെ ശക്തമായി ആവിഷ്കരിക്കപ്പെടുന്നു.
മതം, വംശം, ലിംഗം, രാഷ്ട്രീയം തുടങ്ങിയ ഘടകങ്ങളുടെ പേരിൽ വ്യക്തികൾ അവഗണിക്കപ്പെടുകയും തങ്ങളുടെ ഇടങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥകൾ ജനാധിപത്യമൂല്യങ്ങൾക്ക് തന്നെ വെല്ലുവിളിയാകുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അനുഭവങ്ങൾ ഈ പ്രശ്നത്തിന്റെ മാനുഷിക തലങ്ങൾ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നു. പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താകുന്നവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്ന യാഥാർത്ഥ്യവും നോവൽ ചർച്ച ചെയ്യുന്നു. വിവാഹം, കുടുംബം, ദാമ്പത്യം എന്നീ സംവിധാനങ്ങൾ സ്ത്രീ ജീവിതത്തിന് അതിരുകൾ നിശ്ചയിക്കുന്നുണ്ടെന്നും അരാജകത്വങ്ങളും അരക്ഷിതത്വങ്ങളും സ്ത്രീ ജീവിതങ്ങളെ കൂടുതൽ പ്രശ്നവൽക്കരിക്കുന്നുണ്ടെന്നും മനസ്സിലാക്കാം. വിദ്യാഭ്യാസത്തിന്റെയും സ്വത്തിന്റെയും തിരിച്ചറിയൽ രേഖകളുടെയും അഭാവം സ്ത്രീകളെ ബാധിക്കുന്നു. കുടുംബത്തിനകത്തെ ആണധികാരവ്യവസ്ഥ പൗരത്വത്തിന് ലിംഗപരമായ മാനം കൂടി നൽകുന്നു. ഭരണഘടന നൽകുന്ന സ്ത്രീ സംരക്ഷണത്തിനും തുല്യതയ്ക്കുമുള്ള അവകാശങ്ങൾ സ്ത്രീകൾക്ക് അനുഭവിക്കാൻ കഴിയണം. അതിനായി പുരുഷാധിപത്യ സംസ്കാരത്തിനും മൂല്യങ്ങൾക്കും എതിരായ ശക്തമായ ബോധവൽക്കരണ പ്രവർത്തനം കുടുംബത്തിലും സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നടപ്പിലാക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തെ ജനക്ഷേമത്തിനുള്ള സംവിധാനമെന്നതിലുപരി അധികാര പ്രയോഗത്തിനുള്ള മാർഗ്ഗമായി മാറ്റുകയും ഔദ്യോഗിക പൊതുമണ്ഡലങ്ങളിൽ മതത്തെ ആസ്പദമാക്കിയുള്ള വിവേചനങ്ങൾ നിലനിർത്തുകയും ചെയ്യുന്ന ഭരണകൂട സമീപനങ്ങളെ നോവൽ വിമർശനാത്മകമായി വിലയിരുത്തുന്നു. ഈ സാഹചര്യങ്ങൾ മനുഷ്യനെ സ്വന്തം നാട്ടിൽ തന്നെ അന്യനാക്കുകയും പലായനത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും ദുരനുഭവങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അതിനാൽ കലാച്ചി പൗരത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സമകാലിക പ്രതിസന്ധികളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു ശക്തമായ രാഷ്ട്രീയ–മാനവിക നോവലായി വിലയിരുത്തപ്പെടുന്നു. മനുഷ്യനെ മതത്തിന്റെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം കാണാനും സമത്വം, നീതി, മതേതരത്വം എന്നീ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാനും ഈ കൃതി വായനക്കാരെ പ്രേരിപ്പിക്കുന്നു.
ഗ്രന്ഥസൂചി
കുഞ്ഞിക്കണ്ണൻ കെ.ടി., മതം വർഗീയത മൂലധനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2024.
പ്രതീഷ് എ.എസ്., പ്രവാസ സാഹിത്യം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2019.
മീര കെ.ആർ., കലാച്ചി, ഡി സി ബുക്സ്, 2026.
മേനോൻ.ആർ.വി.ജി(എഡി)., ജനാധിപത്യത്തിന്റെ ഭാവി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2001.
ശിവദാസ് കെ.കെ., പ്രവാസം പ്രതിനിധാനവും സർഗാത്മകതയും, ഇൻസൈറ്റ് പബ്ലിക്ക, 2019.
സുഹൃത്കുമാർ.എ., ഭരണഘടനയെ അറിയാൻ, ചിന്ത പബ്ലിക്കേഷൻസ്, 2019.
ഹമീദ് ചേന്നമംഗലൂർ, ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്രചിന്തകൾ, ഗ്രീൻ ബുക്സ്, 2007.
ഇ– സൂചിക
അശ്വിനി പി. വി.
അതിഥി അധ്യാപിക
മലയാളവിഭാഗം
കോ-ഓപ്പറേറ്റീവ് ആർട്സ്
ആൻഡ് സയൻസ് കോളേജ് മാടായി, കണ്ണൂർ
Email:ashwinichandranpv@gmail.com
Mob:7902569795,8547211035
Copyright © 2026 | WordPress Theme by MH Themes
