മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2026 APRIL-JUNE | VOLUME 02 | ISSUE 02

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

പ്രതിരോധത്തിന്റെ ആഖ്യാനമാതൃകകൾ

സി. അയ്യപ്പന്റെ കഥകളുടെ പഠനം

»  ദേവിക  വി. എസ്.

ID: MRK0032

Published on April 01, 2026

Time: 10:00 AM IST

V1I3A8
V1I3A8

പ്രബന്ധസംഗ്രഹം

മേലാളനിൽ നിന്നും ചൂഷണം നേരിടുന്ന അടിയാളനെ പ്രതിരോധത്തിന്റെ മികച്ച മാതൃകയാക്കിയാണ് സി. അയ്യപ്പൻ കഥകളിൽ അവതരിപ്പിക്കുന്നത്. മേലാളൻ എപ്പോഴും സമ്പത്ത്, ജാതി, വംശം എന്നിവയുടെ അധികാരത്താൽ മേൽക്കോയ്മയിൽ നിൽക്കുന്ന ആളാകും. ദളിത്‌ ശരീരത്തിനുമേൽ സ്ഥാപിക്കുന്ന അധികാരമാണ് പ്രാഥമികം. സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള ജനതയ്ക്കാണ് ഇത്തരത്തിൽ നിരവധി ചൂഷണങ്ങളും പീഡനങ്ങളും നേരിടേണ്ടി വരുന്നത്. സ്ത്രീവർഗ്ഗം ഉൾപ്പടെയുള്ള വിഭാഗം പ്രതികരിക്കുന്നതിന് അല്ലെങ്കിൽ അവയെ പ്രതിരോധിക്കുന്നതിന് പല മാർഗങ്ങൾ സ്വീകരിക്കുന്നു. അതിൽ സ്വപ്നത്തിൽ പ്രതിരോധിക്കുന്നതിലൂടെ ആശ്വാസം കണ്ടെത്തുന്നവർ ഉണ്ട്, മറ്റു ചിലപ്പോൾ ഈ പ്രതിരോധം രക്തസാക്ഷിത്വത്തിലേക്ക് നയിക്കപ്പെടുന്നു. എങ്കിലും പ്രതിരോധത്തിന്റെ വിവിധ മാതൃകകൾ എന്ന നിലയിൽ അത് അവസാനിക്കുന്നില്ല. ഒരു സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനതയുടെ നിലനിൽപ്പിന്റെയും സംസ്കാരത്തിന്റെയും ഭാഗം എന്ന നിലയിൽ അവർ ചെറുത്തുനിൽപ്പ് നടത്തുന്നു. ശരീര ഭാഷയിലും പ്രേതഭാഷയിലും സ്വപ്നഭാഷയിലും എല്ലാം ഇതിന്റെ സൂചനകൾ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ഒരു പ്രത്യേകവിഭാഗത്തിന്റെ ആത്മാവിഷ്കാരങ്ങളിലൂടെയുള്ള പ്രതിരോധത്തിന്റെ വിവിധ മാതൃകകൾ എപ്രകാരം ആവിഷ്കരിച്ചിരിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

 

താക്കോൽവാക്കുകൾ

പ്രതിരോധം, ആത്മാവിഷ്കാരം, ഭ്രമാത്മകത, മിത്ത്

 

ആമുഖം

മലയാള ചെറുകഥയിൽ ടി.കെ.സി. വടുതലയ്ക്ക് ശേഷം ദളിത്പക്ഷത്തുനിന്നും സവർണാധികാരത്തെ ചോദ്യംചെയ്ത എഴുത്തുകാരനാണ് സി. അയ്യപ്പൻ. ദളിതരുടെ പ്രതികരണശേഷിയും പ്രതികാരത്തിന്റെ തീവ്രതയും തെളിയിക്കുന്ന ചില സംഭവങ്ങൾ ചരിത്രത്തിൽ തന്നെ പരാമർശിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒടിയൻ‘. കേരളത്തിൽ നിലനിന്നിരുന്ന ഒരു ഇതിഹാസ കഥാപാത്രമാണ് ഒടിയൻ. രാത്രികാലങ്ങളിൽ കേരളത്തിലെ ഗ്രാമങ്ങളിലെ ഇടവഴികളിൽ പതിയിരുന്ന് ശത്രുക്കളെ വകവരുത്തുന്ന ഒടിയന്മാർ പകുതി മനുഷ്യനായും പകുതി മൃഗമായും കാണപ്പെടുന്നു. പാണർ, പറയർ തുടങ്ങിയ സമുദായത്തിലുള്ളവർ നടത്തിയിരുന്ന ഒരു പ്രതികാര നിർവഹണമായിരുന്നു ഒടിവിദ്യ‘. ഇതിലൂടെ തങ്ങളുടെ സമുദായത്തിൻ്റെ ശക്തി വർധിപ്പിക്കുകയാണ് അവർ ചെയ്തിരുന്നത്. “ഒടിവിദ്യ കീഴാള ഭാവനയുടെയും ശാരീരികാവിഷ്കരണത്തിന്റെയും അടിസ്ഥാനത്തിൽ മേലാളചൂഷകരോടുള്ള എതിർപ്പിന്റെയും കടന്നാക്രമണത്തിന്റെയും ക്രിയ തന്നെയാണ് . പരമ്പരാഗതമായ കീഴ്‌മയിൽനിന്ന് കുതറിമാറാൻ നടത്തുന്ന സാഹസികമായ ശ്രമമായി ഓടിയനെ കാണാവുന്നതാണ്“(രാജഗോപലൻ ഇ.പി., 2021:47) കേരളത്തിലെ ദളിതരുടെ ജീവചരിത്രത്തിലും ഇക്കാര്യം വ്യക്തമാണ്. റിയലിസത്തിന്റെ പ്രാഥമികയുക്തിയെ തള്ളിക്കളയുന്നതോടൊപ്പം അത് മുന്നോട്ടു വയ്ക്കുന്ന ഭാഷാക്രമത്തെ സി. അയ്യപ്പൻ സ്വീകരിക്കുകയും ചെയ്യുന്നു. കീഴാളജനതയുടെ ജീവിതം ആവിഷ്കരിക്കാൻ റിയലിസത്തിന് സാധിക്കുന്നില്ല. അതിനാൽ ആത്മഭാഷണങ്ങളുടെ ആവിഷ്കരണത്തിലൂടെ തന്റെ കഥാപാത്രങ്ങൾക്ക് സ്വാതന്ത്ര്യം നൽകുകയാണ് കഥകളിലൂടെ എഴുത്തുകാരൻ ചെയ്യുന്നത്. മുന്നാക്കസമുദായക്കാരിൽ നിന്നും നേരിട്ട ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ആത്മാവിഷ്കാരം എന്ന നിലയിൽ അവ വ്യത്യസ്ത ആഖ്യാന മാതൃകകളിലൂടെ കടന്നുവരുന്നു. പ്രേതബാധ കൂടിയ ആളിന്റെ ഭാഷണം, ഭൂതബാധിതനായവർ, ഭ്രാന്തും ഭ്രമകല്പനകളും, നാടകശൈലിയിൽ നടുക്കമുണ്ടാക്കുന്ന അനുഭവം തരുന്ന കഥകൾ, മാനസികസഞ്ചാരം, പ്രേതഭാഷണ സങ്കല്പം, കരിനാക്ക് തുടങ്ങിയവ ശ്രദ്ധേയമായ ആഖ്യാനോപാദികളാണ്. ഇവയൊക്കെയും കീഴാള ജനതയുടെ ഭൂമിശാസ്ത്രസാംസ്കാരിക പരാമർശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഉച്ചമയക്കത്തിലെ സ്വപ്നങ്ങൾ (1986), ഞണ്ടുകൾ (2003) എന്നീ കഥാസമാഹരങ്ങളാണ് സി. അയ്യപ്പന്റെതായിട്ടുള്ളത്. ലിംഗം, വംശം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങളാൽ നിർണയിക്കപ്പെടുന്നതാണ് മനുഷ്യന്റെ സാമൂഹികജീവിതം. ഈ ജീവിതത്തിന്റെ വൈരുദ്ധ്യാത്മകത അവതരിപ്പിക്കുവാനാണ് സി. അയ്യപ്പൻ തന്റെ കഥകളിലൂടെ ശ്രമിച്ചത്. അതിലൂടെ ആവർത്തിക്കപ്പെടുന്ന പ്രണയനഷ്ടങ്ങളും പ്രതികാരങ്ങളുമെല്ലാം താനുൾപ്പെടുന്ന സമുദായം അഭിമുഖീകരിക്കുന്ന ഭീതിയുടെയും വഞ്ചനയുടെയും സംഘർഷങ്ങളുടെയും ഭാഗമാണ്. മേലാളർ, കീഴാള ജനതയുടെമേൽ സ്ഥാപിക്കുന്ന ആധിപത്യം അവരുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള വികാസത്തെ തടയുന്നു. സ്ത്രീകളിൽ പ്രണയത്തിന്റെ മധുരത്തിൽ വിഷം ചേർത്ത് വഞ്ചിച്ച് ഭോഗവസ്തുവായി മാറ്റിയ ശേഷം വലിച്ചെറിയുന്നു. ഇത്തരം അവസ്ഥകൾ അയ്യപ്പന്റെ കഥകളിൽ സർവ്വസാധാരണമാണ്. കാവൽഭൂതം, പ്രേതഭാഷണം, അരുന്ധതിദർശനന്യായം, നിരവത്തുകയ്യാണി, ഭൂതബലി, പുലിയങ്കം തുടങ്ങിയ കഥകളിലെല്ലാം കീഴാളന് നീതി ലഭിക്കുന്നത് മരണത്തിലൂടെയാണ്. ജീവിതത്തിന്റെ ഭൂതകാലങ്ങളിൽ നിശബ്ദരും പ്രതികരണശേഷി നഷ്ടപ്പെട്ടതുമായ സമൂഹത്തിന്റെ മരണാനന്തരമുള്ള പ്രതിരോധ ഭാഷണങ്ങളാണ് ഇത്തരം രചനകൾ. ഈ പ്രതിഷേധം കൂടുതൽ ദൃഢമാക്കിത്തീർക്കുവാനാണ് ഭ്രമാത്മകതയും മിത്തും കഥകളിൽ ആഖ്യാനതന്ത്രമായി സ്വീകരിച്ചിട്ടുള്ളത്. അയ്യപ്പന്റെ കഥകളിൽ പ്രേതവും മനുഷ്യരും മിത്തും ഇടകലർന്ന ഒരു ലോകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജീവിതപ്രശ്നങ്ങൾ പറയുന്നത് പ്രേതങ്ങളും ഭൂതപിശാചുക്കളുമാണ്. ഓർമ്മയുടെ അജ്ഞാത താഴ്‌വരകളിൽ ഇരുന്ന് അവർ നേരിട്ട വ്യഥകൾ പങ്കുവയ്ക്കുന്നു. ആത്മാക്കളിലൂടെയും അദൃശ്യരൂപികളിലൂടെയും ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ സാന്നിധ്യമാണ് ഇത്തരം കഥകൾ.

 

പ്രതിരോധത്തിന്റെ ആത്മഭാഷണങ്ങൾ

സി. അയ്യപ്പന്റെ കഥകളിൽ അധികവും പ്രേതഭാഷണങ്ങളാണ്. “ആത്മാഭിമാനത്തിനുവേണ്ടിയുള്ള കരച്ചിലും കല്ലുകടിയുമാണ് അദ്ദേഹത്തിന്റെ രചനകൾ. പ്രേതങ്ങളെ പ്രതിരോധത്തിനും പ്രതികാരത്തിനുമായിട്ടുള്ള ഉപാധികളായാണ് കാണുന്നത്. ചത്തവനെ കൊല്ലാനാവിെല്ലെന്ന തിരിച്ചറിവിൽ നിന്നും ഉയിർ നേടുകയാണ് പല കഥാപത്രങ്ങളും“(ബഷീർ എം.എം, ഡോ, 2008:613) പരാജയപ്പെട്ടവരുടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സൂചകമായിട്ടാണ് കഥകളിൽ ചൂഷിതർക്ക് ദംഷ്ട്രകൾ എഴുത്തുകാരൻ വിഭാവന ചെയ്യുന്നത്. കീഴാളജീവിതത്തിന്റെ ദുരന്തപൂരിതമായ അനുഭവങ്ങൾ സി. അയ്യപ്പന്റെ കഥകളിൽ കാണാൻ സാധിക്കും. പ്രേതങ്ങളുടെ ലോകത്തിലൂടെ അവതരിപ്പിക്കുന്ന കഥകൾക്ക് വ്യത്യസ്ത ആഖ്യാനമാതൃകകൾ വന്നുചേരുന്നു. സംഘർഷഭരിതമായ ജീവിതത്തിൽ മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ജീവിതാവസ്ഥകളുടെ വ്യത്യസ്ത ആഖ്യാനങ്ങൾ കാണാൻ സാധിക്കും. പ്രേതങ്ങളുടെ അധോലോകങ്ങൾ ചിത്രീകരിക്കുന്ന കഥകളാണ് പ്രേതഭാഷണം‘, ‘കാവൽഭൂതം‘, ‘ഭൂതബലിഎന്നീ കഥകൾ. ജീവിച്ചു മതിവരാതെ ആഗ്രഹപൂർത്തീകരണത്തിനു വേണ്ടി മോക്ഷം ലഭിക്കാതെ അലയുന്നവരാണ് പ്രേതാത്മാക്കൾ. ഈ കഥകളിൽ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ മാറ്റി നിർത്തപ്പെട്ടവർ മുൻനിരയിലേക്കെത്തുന്നത് ആത്മാവായിട്ടാണ്. അവരുടെ ശബ്ദം ഉറച്ചു കേൾക്കുന്നതും പ്രതികാരദാഹം തീർക്കുന്നതും അദൃശ്യരൂപികളായിട്ടാണ്.

 

പ്രേതഭാഷണം

സവർണ്ണാധികാരത്തെ ചോദ്യംചെയ്യുന്ന കഥയാണ് പ്രേതഭാഷണം. ജാതിയിലും നിറത്തിലും സമ്പത്തിലും താഴ്ന്നവളും എന്നാൽ ലൈംഗികോപകരണമെന്ന നിലയിൽ ഉയർന്നവളുമായ കീഴാളയുവതിയെ മേലാളർ സമീപിക്കുന്ന രീതിയെ കഥാകൃത്ത് ഈ കഥയിൽ വിമർശനവിധേയമാക്കുന്നു. ചങ്ങലയിൽ കിടക്കുന്ന ഒരു യുവതിയോടുള്ള ഒരാത്മാവിന്റെ സംഭാഷണമായാണ് പ്രേതഭാഷണം എന്ന കഥ വികസിക്കുന്നത്. പുലക്കള്ളിയുടെ മകൾ ഒരു മേലാളയുവാവിന്റെ കപട പ്രണയത്തിൽ വിശ്വസിച്ച് അവനു കീഴ്പ്പെടുകയും അവന്റെ പ്രണയം ശരീരത്തോട് മാത്രമാണെന്നും താൻ ഇത്രയുംനാൾ ഒരു ഉപഭോഗ വസ്തുവായിരുന്നു എന്നും തിരിച്ചറിയുന്ന നിമിഷം അവൾ സ്വയം ജീവത്യാഗം ചെയ്യുന്നു. പിന്നീട് പ്രതികാരദാഹിയായി ഒരു പ്രേതാത്മാവായി മാറി കാമുകന്റെ സഹോദരിയുടെ ദേഹത്തിൽ പ്രവേശിക്കുന്നതോടെ കാമുകനുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നു. സ്വന്തം സഹോദരനാൽ നഗ്നത അനാവൃതമാക്കപ്പെട്ട പാപി എന്ന് ദൈവം പ്രേതത്തെ അധിക്ഷേപിച്ചു. അതിനൊരു മറുചോദ്യം സവർണ്ണ ദൈവത്തോട് പ്രേതം ചോദിച്ചു. “ക്രിസ്ത്യാനിക്കെങ്ങനയാ മൂപ്പീന്നേ പെലക്കള്ളി പെങ്ങളാകണത്“(അയ്യപ്പൻ സി., 2018:22) ഈ ചോദ്യോത്തരത്തിലൂടെ മേലാള സമുദായത്തിന്റെ ധാർമ്മിക മൂല്യത്തെയാണ് കഥാകൃത്ത് ചോദ്യം ചെയ്യുന്നത്. കാമുകന്റെ അച്ഛനും തന്റെ അച്ഛനും ഒന്നാണെന്ന സത്യത്തെ ആത്മാവ് മന:പൂർവ്വം നിഷേധിക്കുകയാണിവിടെ. കീഴാളയുവതികളോട് മേലാളർ നടത്തുന്ന അതിക്രമങ്ങളെയും പ്രണയ നാടകങ്ങളെയും പ്രേതഭാഷണത്തിലൂടെ ക്രൂരമായിതന്നെ വിമർശിക്കുകയാണ് സി. അയ്യപ്പൻ.

 

കാവൽഭൂതം

ജീവിച്ചിരുന്നപ്പോൾ ശങ്കുണ്ണിയെ ഗൗനിക്കാത്ത ദേവിയുടെ ഉടലിൽ പ്രേതമായി ആവേശിച്ച് ദേവിയോട് നടത്തുന്ന ഭാഷണമാണ് കാവൽ ഭൂതംഎന്ന കഥ. കഥാപാത്രമായ ശങ്കുണ്ണിയുടെ സുഹൃത്താണ് ദേവിയെ വിവാഹം ചെയ്തത്. അതോടെ സുഹൃത്തായ വാസു ആത്മഹത്യ ചെയ്യുന്നു. വാസുവിന്റെ ആത്മാവിനോട് കാര്യങ്ങൾ തിരക്കാനാണ് ശങ്കുണ്ണിയും സ്വയംഹത്യ ചെയ്യുന്നത്. ദേവിയുടെ ഗർഭത്തിൽ വാസു പുത്രനായി എത്തിയെന്ന വാർത്തയറിഞ്ഞ് ദേവിയെ നിത്യഗർഭിണിയാക്കി പ്രതികാരം ചെയ്യാനൊരുങ്ങുന്നു ശങ്കുണ്ണി. ഇഹലോകത്തിൽ വച്ച് പറയുവാനോ പ്രകടിപ്പിക്കുവാനോ സാധിക്കാത്ത പ്രണയം ശങ്കുണ്ണി പരലോകത്തിൽ വച്ച് യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. പ്രതികാരദാഹിയായി പ്രേതരൂപം പൂണ്ട ശങ്കുണ്ണിയുടെ ആത്മാവിനെ ശാന്തരൂപിയാക്കിത്തീർക്കുന്നത് ദേവിയോടുള്ള പ്രണയമാണ്. ശങ്കുണ്ണിയുടെ സ്നേഹത്തെ ദേവി തിരസ്കരിച്ചതുകൊണ്ടാണ് ദേവിയോടുള്ള പ്രതികാരമെന്ന നിലയിൽ ശങ്കുണ്ണി ആത്മഹത്യ ചെയ്യുന്നതും തുടർന്ന് പ്രേതാവസ്ഥയിലെത്തുന്നതും. ജീവിച്ചിരിക്കുമ്പോൾ പാവപ്പെട്ട പുലക്കള്ളി പെൺകുട്ടികളെ ഉപദ്രവിക്കുന്നവരോട് വഴക്കിട്ടു. അതിനു മറുപടിയായി സവർണ്ണൻ പറയുന്നത് ആളുകൾ ആട്ടിറച്ചി ഉണ്ടായാലും പശുവിറച്ചി വാങ്ങിക്കുന്നത് അതിനു വില കുറവായതുകൊണ്ട്” (അയ്യപ്പൻ സി.,2018:28,29) എന്നാണ്. ഈ മറുപടിയിലൂടെ സവർണ്ണർക്ക് അവർണ്ണനോടുള്ള വെറുപ്പും അവജ്ഞയും വ്യക്തമാണ്. സവർണ്ണന്റെ ധാർമികതയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ് ഇവിടെ. താഴ്ന്ന സ്ത്രീകളുടെ മൂല്യച്യുതിയെയും അവർ എന്നും മേലാളന്റെ അടിമകളാണെന്നും അത് സ്വന്തമാക്കാൻ എളുപ്പമാണെന്നും ഉള്ള കാലാകാലങ്ങളായുള്ള മേലാളന്റെ പ്രാകൃതമനോഭാവത്തെ കൂടിയാണ് കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രാകൃതവിശ്വാസങ്ങളെയും യാഥാസ്ഥിതിക മനോഭാവത്തെയും ചോദ്യം ചെയ്യുകയാണ് കഥാകൃത്ത്. ജീവിച്ചിരിക്കുന്നത് മരണത്തെക്കാൾ ഭയാനകമാണ്. മരിച്ചു കഴിഞ്ഞാൽ ആരെയും ഭയക്കാതെ സ്വതന്ത്രമായി ജീവിക്കാം അഭിപ്രായപ്രകടനങ്ങൾ നടത്താം. അടിമത്വത്തിൽ നിന്നുള്ള മോചനമാണ് മരണം എന്നിങ്ങനെയുള്ള നിരീക്ഷണങ്ങൾ ഈ കഥ അടയാള പ്പെടുത്തുന്നു.

 

ഭൂതബലി

പുരുഷന് അടിപ്പെട്ട് നിൽക്കുന്ന ദളിത് സ്ത്രീയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഭൂതബലി എന്ന കഥ. അച്ചടിഭാഷയിൽ സംസാരിക്കുകയും അശ്ലീലം കേട്ടാൽ ചെവി പൊത്തുകയും സെപ്റ്റിക് ടാങ്കുള്ള കക്കൂസിന്റെ ഏക ഉടമ എന്നറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കണ്ടൻമാസ്റ്റർ ദളിത് സമുദായത്തിലെ ആദ്യത്തെ സ്കൂൾ അധ്യാപകനാണ്. അച്ചടിഭാഷ സവർണ്ണതയുടെയും ആഢ്യത്വത്തിന്റെയും പ്രതീകമാണ് എന്നാണ് അയാൾ ധരിച്ചിരിക്കുന്നത്. കണ്ടൻമാസ്റ്ററുടെ മകളും കോളേജ് അധ്യാപികയുമായ യുവതിയുടെ പ്രേതഭാഷണമാണ് ഈ കഥയുടെ പ്രമേയം. സവർണ്ണനും വിവാഹിതനുമായ യുവാവിന്റെ പ്രണയത്തിൽനിന്നും വിദഗ്ധമായി രക്ഷപ്പെടുന്ന യുവതി അച്ഛനായ കണ്ടൻമാസ്റ്റർ കൊണ്ടുവരുന്ന വിവാഹാലോചന വരുന്നതോടെ പ്രേതാത്മാവായി മാറുന്നു. പിന്നീട്‌ വിവാഹം കഴിക്കാനെത്തിയ യുവാവിനെ ഉപദ്രവിക്കുകയും വിവാഹത്തിനു പിന്നിലെ ചതിയെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കുകയും ചെയ്യുന്നു. പുരുഷമേധാവിത്ത ലോകത്തിൽ സ്ത്രീ അനുഭവിക്കുന്ന അടിമത്തമാണ് ഇവിടെ വിമർശനവിധേയമാകുന്നത്. സ്വന്തം വ്യക്തിത്വത്തെ പ്രദർശിപ്പിച്ചുകൊണ്ട് ഇത്തരം സാഹസികപ്രവർത്തികൾ ചെയ്യുന്നത് സ്ത്രീക്ക് അസാധ്യമാണ്. പുരുഷന് വിധേയപ്പെട്ട് നിൽക്കാൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളൂ. എന്നാൽ ഒരു പ്രേതാത്മാവിനെ സംബന്ധിച്ച് ജാതിയും മതവും പ്രശ്നമായി വരുന്നില്ല. അതിന് ഏതുവിധത്തിലുള്ള പൊള്ളത്തരങ്ങളും മറനീക്കി പുറത്തുകൊണ്ടുവരാൻ സാധിക്കും. പല സത്യങ്ങളും തെളിവുസഹിതം തെളിയിക്കാൻ സാധിക്കും. ഈ തിരിച്ചറിവ് തന്നെയാണ് കണ്ടങ്കോരൻമാസ്റ്ററുടെ മകൾക്കും ഉണ്ടായത്. ‘തൂമ്പഈ കഥയിൽ ദളിത് സംസ്കാരത്തിന്റെ പ്രതീകമായാണ് അവതരിപ്പിക്കുന്നത്. ക്ലാസ്മുറിയിൽ തൂമ്പ കൊണ്ട്‌വച്ച് മാസ്റ്ററെ അധിക്ഷേപിക്കാൻ ശ്രമിക്കുമ്പോൾ മാസ്റ്റർക്ക് അത് അധിക്ഷേപമായി തോന്നുന്നില്ല. അതിനെതിരെ ചോദ്യം ചെയ്യലുകളോ ആക്രോശങ്ങളോ നടത്തുന്നതുമില്ല. തൂമ്പയും കൊണ്ട് പണിക്കുപോകുന്നതാണ് ദളിതന്റെ കുലത്തൊഴിൽ അല്ലാതെ അധ്യാപനം അല്ല എന്നുള്ളതാണ് ഈ അധിക്ഷേപത്തിന് പിന്നിലെ പൊരുൾ. തൂമ്പയുടെ സംസ്കാരത്തെ പ്രതിസംസ്കാരമായി രൂപപ്പെടുത്തുന്ന എഴുത്തുകാരന്റെ രചനവൈഭവം അർത്ഥവത്തായി മാറുന്നത് ഇവിടെ കാണാവുന്നതാണ്. സ്ത്രീയുടെ സ്വാതന്ത്ര്യമില്ലായ്മക്കെതിരെയുള്ള പ്രതിരോധമായും സംസ്കാരത്തിന്റെ ആവിഷ്കരണം എന്നനിലയിലും ശ്രദ്ധേയമാണ് ഭൂതബലി എന്ന കഥ.

 

മിത്തും ഭ്രമാത്മകതയും

സി. അയ്യപ്പന്റെ ആഖ്യാന തന്ത്രങ്ങളിൽ ശ്രദ്ധേയമാണ് ഭ്രമാത്മകതയും മിത്തും . ഇവ രണ്ടിന്റെയും കൂടിച്ചേരലുകളിലൂടെ പുതിയ ഒരു ആഖ്യാനമാതൃക സി. അയ്യപ്പൻ സൃഷ്ടിക്കുന്നു. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ആചാരങ്ങളും പുരാവൃത്തങ്ങളും ചേർന്ന് ഒരു അന്തരീക്ഷം അയ്യപ്പന്റെ കഥകൾക്ക് ഭ്രമാത്മകതയുടെ പരിവേഷം നൽകുന്നു.

 

നിരവത്തുകയ്യാണി

നിരവത്തുകയ്യാണി എന്ന കഥയിൽ ജീവിതയാഥാർത്ഥ്യങ്ങളെ മിത്ത്, ഫാന്റസി എന്നിവയുടെ സങ്കേതങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നു. പീഡിതയായ യുവതിയുടെ മാനസികസഞ്ചാരമാണ് ഭ്രമകല്പനകളിലൂടെ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണൂലി, ശാരദ എന്നിവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ കഥയ്ക്ക് പുതിയൊരു ആഖ്യാനസവിശേഷത കൈവരുന്നു. ഉണ്ണൂലിയിൽ ദൃശ്യമായ ദംഷ്ട്രകൾ പ്രതിരോധത്തിന്റെ ബിംബങ്ങളാണ്. ആത്മാവിഷ്കാ രത്തിനായി ഗ്രന്ഥകാരൻ തിരഞ്ഞെടുക്കുന്ന ഭാഷ സ്വാതന്ത്ര്യത്തിന്റേതാണ്. അതുകൊണ്ടുതന്നെ ക്രൂശിതഭാഷ കൊണ്ടാണ് ഉണ്ണൂലി ആത്മഭാഷണം നടത്തുന്നത്. അതിനു തെളിവാണ് എന്റെ ദേഹത്ത് നമസ്തേ എന്ന് മൂത്രം തെറിപ്പിച്ചത് എന്ന പ്രയോഗം. മേലാളന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്യാൻ ഉതകുന്ന ഭാഷ തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ മേലാള വർഗ്ഗത്തിനു പൊതുവായുണ്ടായിരുന്ന മാന്യതയുടെ മൂടുപടമാണ് അഴിഞ്ഞുവീണത്. ഇവിടെ സവർണ്ണനെ സൂചിപ്പിക്കാൻ ആണ് നമസ്തേ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപിന്നിൽ കറുത്തഫലിതം കലർത്തി വിമർശിക്കുകയാണ് കഥാകാരൻ. “എന്നെ കഴുത്തു ഞെരിച്ചു കൊന്നതും കൊന്നു കുഴിച്ചുമൂടി നാലഞ്ചുനാൾക്കകം കുറുക്കൻ തലമാന്തി പുറത്തിട്ടപ്പോൾ കാലുകൾ കൊണ്ട് തട്ടിയുരുട്ടി തലയിലെഴുത്തു വായിച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് പാടത്തെ നടുതലയ്ക്ക് നോക്കു കുത്തിയാക്കാം എന്ന് വിധിച്ചതും താൻ ഒറ്റയൊരുത്തനാണ്“(അയ്യപ്പൻ സി. , 2018:33,34). ഈ സന്ദർഭം തികച്ചും ഭ്രമാത്മക സൃഷ്ടിയാണ്. അസംഭവ്യമായതിനെ സംഭവ്യമാക്കി മാറ്റുന്നതാണ് ഭ്രമാത്മകത. ഇവിടെ കൊല്ലപ്പെട്ടയാൾ തന്നെ സാക്ഷിയാകുന്നതും മൊഴി നൽകുന്നതുമായ അസംഭവ്യതയെ സംഭവ്യമാക്കി തീർക്കുന്നു കഥാകാരൻ.” കലയിലെ യഥാർത്ഥ രാഷ്ട്രീയം ആയ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം അസംഭവ്യതയെയും ആയുധമാക്കും. കലയ്ക്ക് പ്രധാനം യാഥാർത്ഥ്യത്തെകുറിച്ചുള്ള പൊതുബോധത്തിലെ പ്രതീതിയല്ല അത് ആവിഷ്കാരവും വിനിമയവുമാണ്“(രാജഗോപാലൻ ഇ.പി., 2018: 50). അതുകൊണ്ട് കല പലതരത്തിലുള്ള ആഖ്യാനമാതൃകകൾ സ്വീകരിക്കുന്നു. അതിലൊന്നാണ് ഭ്രമാത്മകത. നിലവിലുള്ള സാമൂഹികവ്യവസ്ഥയെ അനുകൂലിച്ച് ജീവിക്കുന്നവർ ഫാന്റസിയെ സ്വീകരിക്കുന്നില്ല. അതിനോട് എതിർത്തു നിന്നു പോരാടുന്നവർക്കാണ് ഒരായുധം എന്നനിലയിൽ ഫാന്റസിയുടെ ആവശ്യം. അതുകൊണ്ടാണ് ഈ കഥയിൽ ഭ്രമാത്മ കതയുടെ സങ്കേതം സ്വീകരിച്ചിരിക്കുന്നത്.ആധിപത്യത്തിന്റെയും അധികാരത്തിന്റെയും ക്രൂരതകളെ ജനങ്ങളിലേക്കെത്തിക്കാൻ ഭ്രമാത്മകത എന്ന ആഖ്യാനതന്ത്രം എഴുത്തുകാർ വളരെയധികം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബന്ധുവായ ശാരദ എന്ന യുവതിയുടെ മാനസികസഞ്ചാരം കടന്നുവരുന്ന സന്ദർഭവും ഭ്രമാത്മകമാണ്. ശാരദ അനുഭവിക്കുന്ന പീഡനത്തിന്റെ കാഠിന്യത്തിൽ അവൾ പൂർവിക സ്മരണകളിലേക്ക് കടക്കുന്നു. ഈ സ്മരണകളിലൂടെ ഉണ്ണൂലിയും ശാരദയും അനുഭവിക്കുന്ന പീഡനങ്ങളുടെ ഒരു പരമ്പരയുടെ ചരിത്രം തന്നെ കഥയിൽ സ്ഥാപിക്കപ്പെടുകയാണ്.

 

അരുന്ധതിന്യായദർശനം

നിലവിലുള്ള ജാതിവ്യവസ്ഥയ്ക്കും അനീതിക്കും എതിരായുള്ള വിദ്വേഷം തികച്ചും ഭ്രമാത്മകതയുടെ സങ്കേതത്താൽ അവതരിപ്പിക്കുന്ന കഥയാണ് അരുന്ധതിന്യായദർശനം. പുലയകുടിലിൽ മീൻ ചുടുന്ന മണം ആസ്വദിച്ചതിന്റെ പേരിൽ ഭ്രഷ്ടരാകേണ്ടിവന്ന രണ്ടു ദേവിമാരുടെ കഥയാണ് ഭ്രമാത്മകതയുടെ സങ്കേതത്താൽ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഭ്രഷ്ടരാക്കപ്പെടുന്നവർക്ക് ഒരു പ്രതിഭാഷണം ആവശ്യമാണ്. ജീവിതയാഥാർത്ഥ്യങ്ങളെ മിത്തുമായി കൂട്ടിയിണക്കുന്ന ഈ കഥയിൽ ആഖ്യാതാവിന്റെ ആത്മകഥന രൂപേണയാണ് കഥ മുന്നോട്ട് പോകുന്നത്. ഗീതു എസ് നായർ എന്ന അയൽക്കാരിയുമായുള്ള ആഖ്യാതാവിന്റെ സംഭാഷണവും ദളിത് യുവാവിന്റെ പ്രേതം ഗീതുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ആഖ്യാതാവും പ്രേതവുമായുള്ള ഏറ്റുമുട്ടലും എല്ലാം ഭ്രമാത്മകതയുടെ സ്വഭാവം കഥയ്ക്കു നൽകുന്നു. ഗീതു ആത്മഹത്യ ചെയ്യുന്നതിനു പിന്നാലെ ആഖ്യാതാവും ദേവി വിഗ്രഹത്തിൽ ചവിട്ടി നിന്ന് ആത്മഹത്യ ചെയ്യുന്നു. ഭഗവതിമാരുടെ മിത്തും അവരിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗ്രാമീണതയും ചേർന്ന് പരലോകസൃഷ്ടിയായി കഥ മാറുന്നു. മരിക്കാൻ പോകുന്നു എന്ന് പറയുന്നതിന് പകരം അയാൾ ജനിക്കാൻ പോകുന്നു എന്നാണ് പറയുന്നത്. അയാൾ സ്വയം ജനിപ്പിക്കാൻ പോകുന്നു എന്ന് അർത്ഥമാക്കുന്നു. ജീവിച്ചിരിക്കുമ്പോൾ നടക്കാത്ത പലകാര്യങ്ങളും മരണാനന്തരം ജീവിതത്തിലൂടെ നേടിയെടുക്കാമെന്ന ധാരണയാണ് ഈ ആത്മവിശ്വാസത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഗീതുവിനെ ആക്രമിക്കുന്നത് ഗീതുവിന്റെ ബന്ധുവായ സ്ത്രീയുമായുള്ള വിശുദ്ധ ബന്ധം മൂലമാണ്. ഒരു വ്യക്തിമൂലം ഉണ്ടാകുന്ന ദുരന്തം ആ കുടുംബത്തോട് മുഴുവനായി തീർക്കാനാണ് യുവാവ് പ്രേതാത്മാവായി മാറിയത്. സവർണകുടുംബങ്ങളുമായുള്ള ദളിതരുടെ ബന്ധം അവരെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. ഇത്തരത്തിൽ സവർണരോടുള്ള പ്രതികാരം ചെയ്യാൻ പ്രേതമായി അവതരിക്കുന്നതിലൂടെ ഒരു പുനർജന്മത്തിനാണ് ആഖ്യാതാവ് മുതിരുന്നത്. മേൽക്കോയ്മയുടെ ജീർണ്ണത അവതരിപ്പിക്കുന്നതിലൂടെ സവർണ്ണസമൂഹത്തെ മുഴുവൻ പരിഹസിക്കുകയാണ് ഭ്രമാത്മകത എന്ന ആഖ്യാനതന്ത്രത്തിലൂടെ കഥാകൃത്ത് ചെയ്യുന്നത്.

 

പുലിയങ്കം

ഭ്രമാത്മകതയുടെ സാങ്കേതികത ഉപയോഗിച്ച് രചിച്ചിട്ടുള്ള മറ്റൊരു കഥയാണ് പുലിയങ്കം. നാടകീയമായ അന്തരീക്ഷ സൃഷ്ടിയിൽ രൂപപ്പെട്ട ഈ കഥ അയിത്തത്തിനെതിരായുള്ള പ്രതിരോധമാണ്. ഈ കഥയിലെ അവർണ്ണനായ നായകൻ നളചരിതം ആട്ടക്കഥയിലെ കാട്ടാളന്റെ വേഷം കെട്ടാൻ വിസമ്മതിക്കുന്നതിലൂടെ സവർണസമൂഹത്തിന്റെ മുഴുവൻ വിശ്വാസപ്രമാണങ്ങളാണ് തകരുന്നത്. മേലാളന്മാരുടെ അധികാരത്തെ പ്രതിരോധിക്കാൻ ഒരു പ്രതിരോധ മാർഗം എന്ന നിലയിൽ ഒരു പുലിയായി ജന്മമെടുക്കുകയാണ് ഇതിലെ കഥാപാത്രം. ദളിതന്റെ ഉള്ളിൽ രൂപപ്പെടുന്ന ആന്തരിക രോഷമാണ് പുലിജന്മം പ്രാപിക്കുന്നതിന് കഥാപാത്രത്തെ പ്രാപ്തനാക്കുന്നത്.

 

പ്രസ്താവന

യജമാനന്റെ ചൂഷണത്തിനിരയായ ദളിത് യുവാവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് പ്രസ്താവന‘. തന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന യജമാനനെ കോപത്തോടെ നോക്കുമ്പോൾ അവന്റെ കോപം ഒരു പട്ടിയുടെ പുഞ്ചിരി പോലെയാണെന്ന് യജമാനൻ പറയുന്നു. അതുകേട്ട ചാർത്താവ് നാണിച്ചു ചത്തുപോകുകയും ഒരു പട്ടിയായി ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നതാണ് കഥ. മേലാളന്റെ അധിക്ഷേപത്തിന്റെ ക്രൂരതയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ദളിതന്റെ വികാരങ്ങൾക്കും വിചാരങ്ങൾക്കും പട്ടിയുടെ വില പോലും കൊടുക്കാത്ത ജാതി വ്യവസ്ഥിതിയെ രൂക്ഷമായി വിമർശിക്കുകയാണ് കഥാകൃത്ത്. പട്ടിയായി ഉയർത്തെഴുന്നേൽക്കുന്നതിനു പിന്നിൽ ചാർത്താവ് ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. എന്നാൽ അടിമത്തത്തെ ചോദ്യം ചെയ്തതിന് വീണ്ടും മരണശിക്ഷയാണ് ലഭിച്ചത്. ജാതിമരത്തിന് വളമായി കുഴിച്ചിടുമ്പോൾ അവിടെനിന്നും വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ് ചാർത്താവ്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമിതമായ ആഗ്രഹമാണ് ഉയർത്തെഴുന്നേൽപ്പിനു കാരണമാകുന്നത്. കീഴാളന്റെ രക്തവും വിഡ്ഢിത്തവും കാടത്തവും ആണ് മേലാളനെ ഉന്നതനാക്കിയത്. കീഴാളൻ ഇല്ലങ്കിൽ മേലാളൻ ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് അവസാന കൊലപാതകത്തിൽ നിന്നും ചാർത്താവ് എഴുന്നേൽക്കുന്നത്. ഇത് ചാർത്താവ് എന്ന വ്യക്തിയുടെ കഥയല്ല. ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ചാർത്താവ് ഇവിടെ പ്രാധാന്യം അർഹിക്കുന്നത്. ഉപരിവർഗ്ഗജനതയുടെ അടിമകൾ മാത്രമായി ദളിത് സമൂഹം മാറുന്ന കാഴ്ചയാണ് ഈ കഥ അവതരിപ്പിക്കുന്നത്. ഇതിനെതിരെ തന്റെ സ്വത്വത്തെ അംഗീകരിച്ചുകൊണ്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ജനതയെയാണ് ചാർത്താവിലൂടെ സി. അയ്യപ്പൻ അവതരിപ്പിക്കുന്നത്.

 

ഉപസംഹാരം

സി. അയ്യപ്പന്റെ ചെറുകഥകൾ മേലാളവർഗ്ഗത്തോടുള്ള കീഴാളവർഗ്ഗത്തിന്റെ പ്രതികാരമാണ്. സ്വന്തം രചനകളിലൂടെ ആധുനികതയെ മറയാക്കി ദളിത് അസ്തിത്വത്തെ സാധൂകരിക്കുകയാണ് സി. അയ്യപ്പൻ ചെയ്തത്. ആധുനികതയുടെ പൊതു പ്രവണതകൾക്കെതിരെ നിരന്തരം കലഹിച്ചു. പ്രേതഭാഷണം, കാവൽഭൂതം, ഭൂതബലി, നിരവത്തുകയ്യാണി, അരുന്ധതീന്യായദർശനം, പുലിയങ്കം,പ്രസ്താവന തുടങ്ങിയ കഥകളി ലെല്ലാം തന്നെ ഈ സ്വഭാവം കാണാൻ സാധിക്കും. സ്വയം പ്രഖ്യാപിത നിയമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും താനുൾപ്പെട്ട അധ:കൃത സമൂഹത്തിനു നേരിടേണ്ടിവന്ന ആത്മാഭിമാനനഷ്ടത്തെയും സ്വത്വനഷ്ടത്തെയും വളരെ വ്യക്തമായി ആവിഷ്കരിക്കാൻ അയ്യപ്പനു സാധിച്ചു. അദൃശ്യമായി നിന്നുകൊണ്ട് യഥാർത്ഥമായി അവതരിപ്പിക്കുന്നവയാണ് ഈ കഥകൾ. കീഴാളരുടെ സാമൂഹികജിവിത യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാമർശങ്ങൾ മേല്പറഞ്ഞ കഥകളിൽ കാണാൻ സാധിക്കും. വരേണ്യവർഗ്ഗത്തെ വിമർശനവിധേയമാക്കി അവതരിപ്പിക്കുന്നതിലൂടെ ദളിത് സമുദായത്തിന്റെ സ്വയംസ്ഥാപനം കൂടിയാണ് അയ്യപ്പന്റെ കഥകൾ. ദളിതന്റെ പ്രതിരോധങ്ങളെ അവതരിപ്പിക്കാനും സവർണന്റെ നിയമസംഹിതകളെ ആക്ഷേപഹാസ്യവൽക്കരിക്കാനും ഭ്രമാത്മകത, മിത്ത് തുടങ്ങിയ ആഖ്യാനതന്ത്രങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ഭാഷയിലും പ്രമേയത്തിലും പുലർത്തുന്ന പ്രതിനിധാനം സമുദായത്തിന്റെ സ്വത്തപ്രതിഷ്ഠാപനം കൂടിയാണ്.

 

ഗ്രന്ഥസൂചി

1.അപ്പൻ, കെ.പി., തിരസ്കാരം,നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം, 1984

2. അപ്പൻ, കെ.പി., കെ.പി അപ്പന്റെ തെരഞ്ഞെടുത്ത കൃതികൾ, ഹരിതം ബുക്ക്സ്, കോഴിക്കോട്, 2003

3. അയ്യപ്പൻ, സി., സി അയ്യപ്പന്റെ കഥകൾ സമ്പൂർണ്ണം, ആമി ബുക്സ്, കോഴിക്കോട്, 2018

4. അയ്യപ്പൻ, സി., ഞണ്ടുകൾ, ഡിസി ബുക്സ്, കോട്ടയം, 2003

5. രാജഗോപാലൻ, .പി., ഉൾക്കഥ, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2021

6. ബഷീർ, എം.എം., ഡോ, മലയാള ചെറുകഥ സാഹിത്യ ചരിത്രം 1950-2007, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2008

7. രാജശേഖരൻ, പി. കെ., ആസാദ് (എഡി) നോവൽ ബോധവും പ്രതിബോധവും, ഡിസി ബുക്സ്,കോട്ടയം, 1922

About the researcher:

ദേവിക വി. എസ്.
ഗവേഷക
കേരളപഠന വിഭാഗം
കേരള സർവ്വകലാശാല
കാര്യവട്ടം

 

Email: devikavs222@gmail.com
Ph:9037777855

5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted