മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION

MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)

2025 OCTOBER-DECEMBER | VOLUME 01 | ISSUE 01

Journal Home Page: www.researchkey.in | Email: mail@researchkey.in

 

Notice: The link to download the full text PDF is available at the bottom of this article.

സിനിമകളിലെ പുതുപ്രവണതകളും

നവസാങ്കേതികവിദ്യകളും

» ഗൗതമൻ തായാട്ട്

ID: MRK0007

Published on October 07, 2025

Time: 10:00 AM IST

Camera crew making film. Camera, scenario, actors. Filmmaking concept. Vector illustration for presentation slide, poster, new project SSUCv3H4sIAAAAAAAEAJ1Sy27DIBC8V+o/RJwTCYzBcf+jp6oHDCRGJSbi0aqK/O9d2yGhaaNKvbGzs+zM7p4eH1Yr1IlgJHpanaYIYmNtCtGLaNwAMFmfca8HpT0gOCNamei8EbYEOxFlP4iDBnBI1k7wOCdRiCKmoEPRTCjX6RCdfAOQ5j9IRf2u7B36FKP2P4id2c/YsXfRTYmimxRR70Het37Z7MsSr3JiTkIFpBBaF1hI3YxlaFz/u3J5vGbtYq8H+TlpGwvVXlstlhm9LFT09gHWD7OLM0kkZVzh6t1JYcON/6M30gz7oszFfl5gLpMuDdF/lsqRde4oOjttbwd/6oz3IgSgq4yXg4ZzcYeiz+DibOD8K1KwiSkktMJ1y7ccU0oxaxhH+TBgh0bdPQxUNZRgxkiF7lwEeia8ahhhDHN07zoQxZw2LcME/bjK3gB1nkVWkI7WCaXVFbqVRRgHP1XF+WXv19NdcpS219yN5kyp6yvlVvLCoaQlC2W8+E/dwcBvf8urS3m/S+AN/ktC3Wz5WUIxOzO1R1wquZMt3Sgtt5uaM7ZpOdYbhTuidpLVuMIw8fELVa25KnAEAAA=
Thumbnail 9

പ്രബന്ധസംഗ്രഹം

സാങ്കേതികവിദ്യയുടെ പുതുപ്രവണതകളിലൂടെയാണ് സിനിമകള്‍ ഇന്ന് സഞ്ചരിച്ചുകൊണ്ടിരി ക്കുന്നത്. നവസാങ്കേതികവിദ്യയുടെ ഒരു പുതുലോകംതന്നെ സിനിമാലോകത്ത് ഇന്ന് തുറന്നിടപ്പെട്ടി ട്ടുണ്ട്. ഡിജിറ്റൽ ഇഫക്റ്റുകൾ, പാരമ്പര്യേതര എഡിറ്റിംഗ്, വി.ആര്‍, .ആര്‍, സംവേദനാത്മക മാധ്യമങ്ങൾ തുടങ്ങിയ പുതിയ സിനിമാ സാങ്കേതികവിദ്യകൾ സിനിമകളില്‍ എങ്ങനെ ഉപയോഗി ക്കുന്നു എന്ന് ചലച്ചിത്രപഠനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ഈ പ്രബന്ധം പരിശോധിക്കുന്നു.

 

താക്കോല്‍വാക്കുകള്‍

ഡിജിറ്റൽ, പുതുപ്രവണത, മാധ്യമം, സാങ്കേതികവിദ്യ, സിനിമ

 

ആമുഖം

ദൃശ്യാവിഷ്കാരങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള സാമൂഹികരൂപങ്ങളിലൊന്നാണ് “ഏഴാമത്തെ കല” എന്ന് വിളിക്കപ്പെടുന്ന സിനിമ. മറ്റ് കലാരൂപങ്ങളിൽനിന്ന് വ്യത്യസ്തമായി, ദൃശ്യ, ശ്രാവ്യ ഇന്ദ്രിയങ്ങളെ ലയിപ്പിക്കാനുള്ള അതുല്യമായ കഴിവ് സിനിമയ്ക്കുണ്ട്. വിനോദമുണ്ടാക്കുക മാത്രമല്ല, ചിന്തകളെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഒരു മാധ്യമമായി ഇന്ന് സിനിമ വളര്‍ന്നു. സിനിമയുടെ കാതൽ സമൂഹത്തിന്റെ പ്രതിഫലനമാണ്. പുതിയ കാഴ്ചപ്പാടുകളിൽനിന്ന് ജീവിതത്തെ കാണുകയും, മറ്റൊരു ലോകത്തേക്ക് കാഴ്ചക്കാരെ കൊണ്ടുപോകാനുള്ള കഴിവും സിനിമയ്ക്കുണ്ട്.

 

നിശബ്ദ സിനിമകളില്‍നിന്നും ശബ്ദസിനിമകളിലേക്കുള്ള മാറ്റമാണ് സിനിമാപരിണാമചരിത്രത്തിലെ ആദ്യത്തെ ഘട്ടം. ഓർക്കസ്ട്രകളോ പിയാനിസ്റ്റുകളോ തത്സമയം പ്ലേ ചെയ്യുന്ന സംഗീതമായിരുന്നു നിശബ്ദസിനിമകളുടെ ജീവന്‍. ഇത് ദൃശ്യങ്ങളിൽ വൈകാരിക ആഴം കൊണ്ടുവരുന്നു. എന്നിരുന്നാലും, ആക്കാലത്തെ സാങ്കേതികവിദ്യ പരിമിതമായിരുന്നു. ചില സ്പെഷ്യൽ ഇഫക്റ്റുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും വളരെയധികം പരിമിതികള്‍ അതിനൊക്കെ തന്നെ ഉണ്ടായിരുന്നു. അതിനുപുറമേ പ്രേക്ഷകരുടെ ഭാവനയെ വളരെയധികം ആശ്രയിച്ച് പ്രാക്ടിക്കൽ ഇഫക്റ്റുകൾ, മിനിയേച്ചർ മോഡലുകൾ, സ്റ്റോപ്പ്മോഷൻ ആനിമേഷൻ എന്നിവയും മിതമായി ഉപയോഗിച്ചു.

 

തുടര്‍ന്നാണ്‌ സിനിമകളിലെ നിറവ്യത്യാസം ആവിര്‍ഭവിച്ചത്. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍നിന്നും കളര്‍ സിനിമകളിലേക്കുള്ള പരിണാമം സിനിമാസമൂഹത്തെ ദൃശ്യഭംഗിയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി. പിന്നീടാണ് വന്‍മാറ്റങ്ങള്‍ സിനിമയില്‍ ആവിര്‍ഭവിക്കു ന്നതും സിനിമയില്‍ മറ്റൊരു വിസ്മയലോകം തുറക്കുന്നതും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ സിനിമ വലിയ പരിവർത്തനത്തിന് വിധേയമാവുകയും ആഴമേറിയതും യാഥാർഥ്യബോധമുള്ളതുമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിന് നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തു കയും ചെയ്തു.

 

സിനിമകളിലെ പുതുപ്രവണതകളും ഉള്‍ച്ചേര്‍ക്കലും

സിനിമ അതിന്റെ എളിയ തുടക്കം മുതൽ, സമകാലിക സമൂഹത്തെ സ്വാധീനിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു മൾട്ടിബില്യൺ ഡോളർ വ്യവസായമായി ഇന്ന് പരിണമിച്ചു. ആദ്യകാലങ്ങളില്‍ കഥകളുടെ വൈവിധ്യത്തിന്റെ അഭാവം ദോഷകരമായ സ്റ്റീരിയോടൈപ്പുകളിലേക്ക് നയിക്കുകയും പ്രാതിനിധ്യത്തിന്റെ അഭാവം ചില പ്രത്യേക കൂട്ടങ്ങളെ പാർശ്വവൽക്കരിക്കുകയോ ഒഴിവാക്കുകയോ പ്രാതിനിധ്യം കുറയ്ക്കുകയോ ചെയ്തിരുന്നു. സിനിമയിൽ പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു പ്രധാന പ്രശ്നമാണ്, കാരണം ഈ കൂട്ടങ്ങളെ സമൂഹത്തിൽ എങ്ങനെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നു എന്നതിനെ സിനിമ പലപ്പോഴും സ്വാധീനിച്ചിരുന്നു.

 

ആദ്യകാല സിനിമകളില്‍ വർണ്ണം, വംശം, ദേശം, ഭിന്നശേഷി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പാര്‍ശ്വവൽകരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ സിനിമകളിൽ അവഹേളിക്കുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് പലപ്പോഴും മോശമായ സ്റ്റീരിയോടൈപ്പുകൾക്കും വിവേചനത്തിനും കാരണമായി. എന്നാല്‍ പുതുകാല സിനിമാഖ്യാനങ്ങള്‍ വിപ്ലവകരമായ പല മാറ്റങ്ങളെയും ഉള്‍കൊള്ളിച്ചിരിക്കുന്നു. എല്ലാവരെയും ഉള്‍ചേര്‍ത്തുകൊണ്ടുള്ള വിവേചനരഹിതമായ ഒരു ചലച്ചിത്രഭാഷ ഇന്ന് നിലവിലുണ്ട്. എല്‍ജിബിടിക്യുഎ+ പോലെ ഒരുകാലത്ത് അരികുവല്‍ക്ക രിക്കപ്പെട്ട എല്ലാവിഭാഗങ്ങളേയും പുതുകാലസിനിമകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലിംഗഭേദം, ജാതി, വർഗം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ സാമൂഹിക വിഷയങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു ആധുനിക വേദിയായി ഇതിലൂടെ സിനിമ മാറുന്നു. ഇവ പൊതുജനങ്ങൾക്കിടയിൽ വിമർശനാത്മക ചർച്ചകൾക്ക് വഴിയൊരുക്കുകയും ഹേബർമാസ് വിഭാവനം ചെയ്തത പൊതുമണ്ഡലത്തിന് 1 സമാനമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

 

സിനിമകളില്‍ സംഭവിച്ച പുതുപ്രവണതകളില്‍ എടുത്തുപറയേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഒ.ടി.ടി (ഓവര്‍ ദി ടോപ്‌) പ്ലാറ്റ്ഫോമുകള്‍. ഇന്ന് മലയാളത്തില്‍ മാത്രമായിതന്നെ പത്തിനുമുകളില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ലഭ്യമാണ്. തീയേറ്ററില്‍ മാത്രം പോയി കണ്ടുകൊണ്ടിരുന്ന സിനിമകളെ വളരെ എളുപ്പത്തില്‍ ഏത് സമയത്തും, എവിടെനിന്നുകൊണ്ടും കാണാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തിയേറ്ററിനെ അപേക്ഷിച്ച് സ്വഭാഷകളിലും മറ്റു ഭാഷകളിലുമുള്ള ധാരാളം സിനിമകളും മറ്റു പരിപാടികളും ഒരേ ഇടത്തില്‍ ലഭിക്കുന്നു എന്നതാണ് പ്രധാനമായും ജനങ്ങള്‍ ഒ.ടി.ടി.യെ ആശ്രയിക്കാനുള്ള കാരണം. കേബിൾ അല്ലെങ്കിൽ സാറ്റലൈറ്റ് ടെലിവിഷൻപോലുള്ള പരമ്പരാഗത വിതരണ ചാനലുകളെ മറികടന്ന് വീഡിയോ, ഓഡിയോ, മറ്റ് കാര്യങ്ങള്‍ എന്നിവ ഇന്റർനെറ്റിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന സേവനങ്ങളെയാണ് ഒ.ടി.ടി. എന്ന പദം സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളും സീ 5, മനോരമ മാക്സ്, സൺനെക്സ്ട് തുടങ്ങിയ പ്രാദേശിക സേവനങ്ങളും പ്രേക്ഷകർക്ക് സിനിമ തിരഞ്ഞു കണ്ടുപിടിക്കാനും അനുഭവിക്കാനുമുള്ള രീതിയിൽ വിപ്ലവം സൃഷ്ടിച്ചു.

 

വാണിജ്യ വിജയം നേടിയ മുഖ്യധാരാസിനിമകള്‍ മുതൽ സ്വതന്ത്ര സിനിമകൾ, ഡോക്യുമെ ന്ററികൾ, ഹ്രസ്വചിത്രങ്ങൾ വരെ എല്ലാം ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ തിയേറ്റർ റിലീസുകളുമായി ബന്ധപ്പെട്ട വാണിജ്യപരമായ സമ്മർദ്ദങ്ങളില്ലാതെ പാരമ്പര്യേതര ആഖ്യാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പരീക്ഷണാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ഒ.ടി.ടി.യിലൂടെ ചെയ്യുന്നു. ഇതിന്റെ നൂതന അൽഗോരിതം ഉപയോഗിച്ചുകൊണ്ട് പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ക്ക നുസരിച്ച് വ്യക്തിഗത ശുപാര്‍ശകള്‍ നല്‍കുന്നു. ഈ സവിശേഷത കാഴ്ചാനുഭവം വർദ്ധിപ്പിക്കുക മാത്രമല്ല, അവരുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയതും വ്യത്യസ്തവുമായ സിനിമകളും മറ്റു പരിപാടികളും കണ്ടെത്താൻ പ്രേക്ഷകരെ സഹായിക്കുകയും ചെയ്യുന്നു.

 

ഒടിടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് അവയുടെ സൗകര്യമാണ്. തീയേറ്ററിനെ അപേക്ഷിച്ച് കാഴ്ചക്കാർക്ക് അവരുടെ വേഗതയിൽ സിനിമകൾ കാണാനും നിര്‍ത്തിവെക്കാനും ആവശ്യാനുസരണം പുനരാരംഭിക്കാനും കഴിയും. തിയേറ്ററുകളുടെയോ ടെലിവിഷൻ പ്രക്ഷേപണങ്ങളുടെയോ നിശ്ചിത സമയങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഒടിടി പ്ലാറ്റ്ഫോമുകൾ പ്രേക്ഷകരെ അവരുടെ സ്വന്തം കാഴ്ച സമയങ്ങള്‍ സൃഷ്ടിക്കാൻ പ്രാപ്തരാക്കുന്നു. കൂടാതെ ഇവ പ്രേക്ഷകരുടെ സിനിമാസ്വാധനത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുകയും ചെയ്തു. സബ്ടൈറ്റിലുകളും ഡബ്ബിംഗും ഉപയോഗിച്ച് ഭാഷാതടസ്സങ്ങൾ മറികടന്ന് പ്രേക്ഷകർക്ക് ഇപ്പോൾ വിവിധ ഭാഷാസംസ്കാരങ്ങളിൽനിന്നും വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള സിനിമകളും പരമ്പരകളും പര്യവേക്ഷണം ചെയ്യാൻ കഴിയുന്നു.

 

ലോക്ഡൗണ്‍ സമയങ്ങളില്‍ തീയേറ്ററില്‍ പോയി സിനിമ കാണാനുള്ള പരിമിതി നിലനില്‍ക്കെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് വിവിധ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെയാണ്. ഈ ഒ.ടി.ടി സിനിമാഭിനിവേശം സിനിമകളുടെ രൂപവും ഭാവവുംതന്നെ മാറ്റുവാനിടയായി. പല സിനിമകളും തിയേറ്ററുകളില്‍ ഇറക്കാതെ നേരിട്ട് ഒ.ടി.ടി യെ ആശ്രയിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിലൂടെ ഭൂരിഭാഗവും മുടക്കുമുതല്‍ തിരിച്ചുകിട്ടുകയും സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

 

പലതരത്തിലുള്ള ഴാനഴുകള്‍ മലയാള സിനിമയില്‍ ഇതോടെ അവതരിപ്പിക്കപ്പെട്ടു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘സി യു സൂണ്‍’ എന്ന സിനിമ. ഇന്ത്യന്‍ സിനിമാലോകത്ത് ‘സ്ക്രീൻ ലൈഫ് സിനിമ’ എന്ന പുതുവിഭാഗം ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ടു. കഥ വിവരിക്കുന്നതിന് ഡിജിറ്റൽ ഉപകരണങ്ങളെ ആശ്രയിക്കുന്നതാണ് സ്ക്രീൻ ലൈഫ് സിനിമയുടെ സവിശേഷത. പരമ്പരാഗത ഛായാഗ്രഹണത്തിന് പകരം വീഡിയോ കോളുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, ഇമെയിലുകൾ, സോഷ്യൽമീഡിയ ഇടപെടലുകൾ, സ്ക്രീൻ റെക്കോർഡിംഗുകൾ എന്നിവയിലൂടെയാണ് സിനിമയുടെ കഥ നടക്കുന്നത്. ഇതുപോലെത്തന്നെ എടുത്തുപറയേണ്ട മറ്റൊരു സിനിമയാണ് ‘ചതുര്‍മുഖം’ ടെക്നോഹൊറര്‍ എന്നൊരു പുതിയ ഴാനാര്‍ മലയാള സിനിമയിലേക്ക് ഈ സിനിമയോടുകൂടി കടന്നുവന്നു. കൂടാതെ മലയാളസിനിമകള്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഫാന്റസി, സയന്‍സ് ഫിക്ഷന്‍ ആശയങ്ങള്‍ ചുരുളി, ഭ്രമയുഗം, 9, ഗഗനചാരി പോലുള്ള സിനിമകളിലൂടെ മലയാളത്തിലും വിപുലപ്പെടുന്നതായി കാണാവുന്നതാണ്.

 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള അമേരിക്കന്‍ ക്രൈം സിനിമകളുടെ ശൈലിയായ നിയോനോയര്‍2 പോലുള്ള ചലച്ചിത്ര വിഭാഗങ്ങളും ഈയിടെയായി വളരെയധികം മലയാള സിനിമകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങ ളേയും സങ്കീർണ്ണമായ കഥാസന്ദർഭങ്ങളേയും വളരെ കാലമായിതന്നെ മലയാളസിനിമ അവതരിപ്പിക്കു ന്നുണ്ട്. സമീപകാല സിനിമകളിൽ നിയോനോയിർ ഘടകങ്ങൾ ഉൾപ്പെടുത്തുന്നത് സിനിമയുടെ മറ്റൊരു പരിണാമത്തെ അടയാളപ്പെടുത്തുന്നു എന്നുപറയാം. പ്രമേയങ്ങൾ, ദൃശ്യശൈലികൾ, സങ്കീർണ്ണമായ കഥാപാത്രങ്ങൾ എന്നിവയുമായി പരമ്പരാഗത മലയാള കഥാഖ്യാനത്തെ സമന്വയിപ്പി ക്കുന്ന ‘കുറുപ്പ്’പോലുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിന്റെ ഉയർച്ചയുടെ വ്യക്തമായ ഉദാഹരണങ്ങളാണ്. ഭൂതകാലം, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളൊക്കെ ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് മുന്നോട്ടുവന്നവയാണ്. കഥകളുടെ ഉദ്വേഗജനകത്വം സൂക്ഷിക്കാന്‍ വേണ്ടി സിനിമകള്‍ പ്രധാനമായും ചെയ്യുന്ന ഒരു വ്യത്യസ്തമായ പ്രവണതയാണ് നോണ്‍ലീനിയര്‍ കഥാഖ്യാനം3. ഇതില്‍ സിനിമയുടെ കഥകള്‍ കാലക്രമത്തിലാല്ലാതെ അവതരിപ്പിക്കപ്പെടുന്നു. ഈ സാങ്കേതികവിദ്യ കഥയ്ക്ക് സങ്കീർണ്ണതയും ആഴവും നിഗൂഢതയും കൊണ്ടുവരുന്നു. വ്യത്യസ്ത കാലയളവുകൾക്കിടയിൽ കഥ ചിതറികിടക്കുകയും ഫ്ലാഷ്ബാക്ക് സംവിധാനം ഉപയോഗിച്ച് ഒന്നിലധികം സന്ദര്‍ഭങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഒരു പുതിയ സിനിമാനുഭവം പ്രേക്ഷകര്‍ക്ക്‌ ലഭിക്കുകയും ചെയ്യുന്നു. ഇയോബിന്റെ പുസ്തകം, അഞ്ചാംപാതിരാ തുടങ്ങിയ സിനിമകളൊക്കെതന്നെ നോണ്‍ലീനിയര്‍ കഥാഖ്യാനം പരീക്ഷി ച്ചിട്ടുള്ള സിനിമകളാണ്.

ഇപ്പോഴിറങ്ങുന്ന മലയാളസിനിമകളെ അവലോകനം ചെയ്‌താല്‍ പ്രധാനമായും യഥാതഥമായി മനുഷ്യജീവിതങ്ങളെ പകര്‍ത്തുന്നതായി കാണാം. കൂടാതെ സാമൂഹിക പ്രശ്നങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്യുന്നതിലൂടെ മലയാള സിനിമകള്‍ കൂടുതല്‍ ജനകീയമായി മാറുന്നു. ഒരു മാസ് നായക കഥാപാത്രങ്ങളില്‍നിന്നും സാധാരണ വ്യക്തിയായ നായകനിലേക്കുള്ള പ്രയാണത്തിലാണ് ഇന്ന് മലയാളംസിനിമകള്‍ എത്തിയിരിക്കുന്നത്. ഓസ്കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ‘ജല്ലികെട്ടു’പോലുള്ള സിനിമകളില്‍ ഇത് വ്യക്തമാണ്. ഇതിലൂടെ വ്യത്യസ്തമായ ഒരാഖ്യാന ശൈലിതന്നെ സംവിധായകര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തുറന്നിടുന്നു. കൂടാതെ സ്ത്രീ കേന്ദ്രിതമായി വളരെയധികം സിനിമകള്‍ ഇന്ന് ഇറങ്ങുന്നു എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും സിനിമകളില്‍ കേവലം രണ്ടാം സ്ഥാനത്തുമാത്രം നില്‍ക്കുന്ന കഥാപാത്രങ്ങളായാണ് സ്ത്രീകളെ അവതരിപ്പിക്കാറ്‌. പുഷാധിപത്യ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ ജീവിതം, അവരുടെ പോരാട്ടങ്ങൾ, വിജയങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന പശ്ചാത്തലകഥകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സമീപവർഷങ്ങളിൽ മലയാള സിനിമയിലെ സ്ത്രീകേന്ദ്രീകൃത സിനിമകൾ പ്രധാനവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വിഭാഗമായി മാറിയിരിക്കുന്നു. പുരുഷനോളം പ്രാധാന്യം ഓരോ സ്ത്രീക്കും ഉണ്ടെന്ന ഉള്ളടക്കത്തില്‍ ഇറങ്ങുന്ന ഇത്തരം സിനിമകള്‍ പരമ്പരാഗത വേഷങ്ങളെ മറികടക്കുന്ന വിധത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഉയരെ, ഹൗ ഓള്‍ഡ്‌ ആര്‍ യു, ഉള്ളൊഴുക്ക്, പ്രഭയായ് നിനച്ചതെല്ലാം തുടങ്ങിയ സിനിമകളൊക്കെ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട താണ്.

 

നവസാങ്കേതികവിദ്യകളും ഭാവമാറ്റവും

വളരെ നൂതനമായ നവസാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ് ഇന്ന് നമ്മുടെ സിനിമാലോകം. ഇതില്‍ ആളുകള്‍ക്ക് വളരെയധികം സുപരിചിതമായതും സിനിമകളില്‍ അധികമായി ഉപയോഗിക്കുന്ന തുമായ സാങ്കേതികവിദ്യയാണ് വിഷ്വൽ ഇഫക്റ്റ് (VFX) ചലച്ചിത്രനിർമ്മാണത്തിലും വീഡിയോ നിർമ്മാണത്തിലും ഒരു തത്സമയ സന്ദർഭത്തിന് പുറത്ത് ഒരു സാങ്കല്‍പ്പിക പ്രതിബിംബം സൃഷ്ടിക്കു കയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയാണ് വിഷ്വൽ ഇഫക്റ്റുകൾ അഥവാ വി.എഫ്.എക്സ്. യഥാതഥമായ ഒരു പശ്ചാത്തല ചിത്രം ലഭിക്കുന്നതിനുവേണ്ടി കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമാജിനറി (CGI) ഘടകങ്ങളും ഉപയോഗിക്കുന്നു. ഇവ പ്രധാനമായും ഒരു പച്ചയോ നീലയോ പശ്ചാത്തലത്തില്‍ വച്ച് ഒരു വസ്തുവിനെ ചിത്രീകരിക്കുകയും പിന്നീട് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മിഥ്യയായ പശ്ചാതല ങ്ങളെ നിര്‍മിക്കുകയുമാണ് ചെയ്യുന്നത്. മോഷൻ ക്യാപ്ചർ, ഡിജിറ്റൽ സിമുലേഷനുകൾ എന്നിവയുടെ ഉപയോഗവും ഇതില്‍ പ്രധാനമാണ്. അവതാർ, അവഞ്ചേഴ്സ് പോലുള്ള അമേരിക്കന്‍ ചിത്രങ്ങള്‍ ഇതിനു ഉത്തമ ഉദാഹരണമാണ്.

 

അഭിനേതാക്കളുടെ ചലനങ്ങളും മുഖഭാവങ്ങളും സെന്‍സറുകള്‍ വച്ചുകൊണ്ട് പകര്‍ത്തിയെടുക്കു കയും ശേഷം അവയെ ഡിജിറ്റല്‍ രൂപത്തിലോ ത്രിമാന രൂപത്തിലോ മാറ്റി കഥാപാത്രങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് മോഷൻ ക്യാപ്ചർ (mo-cap). ഇത് പ്രധാനമായും മൂന്നുതരം ഉണ്ട്. അഭിനേതാക്കളുടെ ചലനങ്ങളും, മുഖഭാവങ്ങളും പിടിച്ചെടുക്കാന്‍ കഴിവുള്ള സെന്‍സറു കള്‍ അടങ്ങിയ പ്രത്യേക വസ്ത്രങ്ങള്‍ അവരെ ധരിപ്പിക്കുന്നു. ഇതാണ് ഫുള്‍ബോഡി മോഷന്‍ ക്യാപ്ച്ചര്‍. അടയാളപ്പെടുത്തിയ ഒരു നിശ്ചിത സ്ഥലത്തുനിന്നുകൊണ്ടാണ് എല്ലാ രംഗങ്ങളും അഭിനേതാക്കള്‍ ഇതില്‍ അഭിനയിക്കുന്നത്. സിനിമകളില്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണ രൂപമാണിത്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാനും അഭിനേതാവിന്റെതന്നെ ആനിമേഷന്‍ രൂപം സൃഷ്ടിക്കാനും ഇത് ഉപയോഗിക്കുന്നു. മറ്റൊന്നാണ് ഫേഷ്യല്‍ മോഷന്‍ ക്യാപ്ച്ചര്‍. ഹൈഡെഫനിഷൻ ക്യാമറകൾ പോലുള്ള പ്രത്യേക സംവിധാനങ്ങൾ അഭിനേതാക്കളുടെ മുഖഭാവങ്ങളെ പിടിച്ചെടുക്കുന്നു. ഇത് ഫുള്‍ ബോഡിമോഷന്‍ ക്യാപ്ച്ചറില്‍നിന്നും കുറച്ചുകൂടി ഉയര്‍ന്ന യാഥാർത്ഥ്യബോധമുള്ള ഫേഷ്യൽ ആനിമേ ഷനുകൾ രൂപപ്പെടുത്തുന്നു. സെന്‍സറുകള്‍ അടങ്ങിയ വസ്ത്രങ്ങളോ പ്രത്യേകം അടയാളപ്പെടുത്തിയ ഇടങ്ങളോ ആവശ്യമില്ലാതെ ചിത്രീകരിക്കുന്ന മൂന്നാമത്തെ തരമാണ് മാര്‍ക്കര്‍ലെസ്സ് മോഷന്‍ ക്യാപ്ച്ചര്‍. ഇതിനുപകരം ശരീരത്തിന്റെ ചലനം പിടിച്ചെടുക്കാനായി ക്യാമറകളും നൂതന സോഫ്റ്റ്‌വെയ റുകളും ഉപയോഗിക്കുന്നു. അഭിനേതാക്കള്‍ക്ക് താരതമ്യേനെ ആയാസരഹിതമായ ജോലിയാണെങ്കിലും ഇതിനു വളരെ ശക്തിയേറിയ സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്‌. മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യയില്‍ വളരെയധികം സിനിമകള്‍ ഇന്ന് നിര്‍മിക്കപ്പെടുന്നുണ്ട്. 2014ല്‍ തമിഴ് ഭാഷയില്‍ ഇറങ്ങിയ ‘കൊച്ചടൈയാന്‍’ ആണ് മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ആദ്യത്തെ ഇന്ത്യന്‍സിനിമ.

യഥാര്‍ഥലോകത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി ഒരു ഡിജിറ്റല്‍ ഇടത്തില്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമാജിനറി ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതിയെയോ മറ്റു പ്രകൃതി പ്രതിഭാസങ്ങളെയോ നിര്‍മിക്കുന്ന പ്രക്രീയയാണ് ഡിജിറ്റൽ സിമുലേഷനുകൾ. ഇത് യഥാര്‍ഥ ലോകത്തിന്റെ തനിപക ര്‍പ്പാണ്. സിനിമകളില്‍ യാഥാര്‍ഥ്യ ബോധമുള്ള ഇടപെടലുകള്‍ നടത്തുന്നതിനോ അല്ലെങ്കില്‍ യഥാര്‍ഥ ലോകത്ത് ചിത്രീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളെ നിര്‍മിച്ചെടുക്കുവാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഡിജിറ്റൽ സിമുലേഷനുകൾ പുതുകാല സിനിമകളുടെ അവിഭാജ്യ ഘടകമാണ്, സ്വാഭാവിക ഘടകങ്ങൾ മുതൽ സങ്കീർണ്ണമായ ഇടപെടലുകൾ വരെ എല്ലാം അനുകരിച്ചുകൊണ്ട് സിനിമകളുടെ യാഥാർഥ്യം, വ്യാപ്തി, സർഗ്ഗാത്മകത എന്നിവ വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ബുദ്ധിമുട്ടു ള്ളതോ അസാധ്യമോ ആയ ചില ദൃശ്യങ്ങൾ അതിശയകരമായ രീതിയിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഡിഏജിംഗ് ടെക്നോളജിയാണ് മറ്റൊന്ന്. സിനിമകളില്‍ ഒരു നടനെയോ നടിയെയോ ചെറുപ്പമായി കാണാൻ ഉപയോഗിക്കുന്ന ഒരു എ.. വിഷ്വൽ ഇഫക്റ്റ് സാങ്കേതികതയാണ് ഡിഏജിംഗ് ടെക്നോളജി. ഇത് പ്രധാനമായും ഫ്ലാഷ്ബാക്ക് രംഗങ്ങളുടെ ചിത്രീകരണത്തിനായി ഉപയോഗിക്കുന്നു. ചിത്രം ഡിജിറ്റലായി എഡിറ്റുചെയ്യുന്നതിലൂടെയോ, കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറിയി ലൂടെയോ ആണ് ഇത് പലപ്പോഴും സാധ്യമാകുന്നത്. ഇതിലൂടെ കഥാപാത്രജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അവതരിപ്പിക്കാൻ ഒരേ നടനുതന്നെ സാധിക്കുന്നു. കൂടാതെ ചെലവ് ലാഭിക്കുകയും കഥപറച്ചിലിന്റെ തുടർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദി സിനിമ ഫാന്‍, എം.എസ്. ധോണി തമിഴ് സിനിമ ആദവന്‍, ഗോട്ട്, തെലുങ്ക്‌ സിനിമയായ കല്‍ക്കി, ആചാര്യ, കന്നഡ സിനിമയായ ഗോസ്റ്റ് എന്നിവയൊക്കെ ഡി ഏജിംഗ് ടെക്നോളജി ഉപയോഗിച്ച പ്രധാന ഇന്ത്യന്‍ സിനിമകളാണ്.

 

ഒരാളെ മറ്റൊരാളായി ചിത്രീകരിക്കാനും അവരുടെ ശബ്ദം പുനര്‍നിര്‍മിക്കാനുമാണ് പ്രധാനമായും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നിര്‍മിതബുദ്ധിയുടെ സഹായ ത്തോടെ നിര്‍മിക്കുന്ന വീഡിയോകളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നത്. മരിച്ചുപോയതോ അല്ലെങ്കില്‍ സിനിമ മുഴുവിപ്പിക്കാതെ നിര്‍ത്തിപോയതോ ആയ അഭിനേതാക്കളെ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സാങ്കേതികമായി നിര്‍മിച്ചെടുത്ത് ചിത്രീകരിക്കുന്നു. ഒരാളുടെ രൂപത്തെ ചിത്രീകരിക്കു ന്നതുപോലെതന്നെ അവരുടെ ശബ്ദങ്ങളും നിര്‍മിക്കാന്‍ കഴിയുന്നു. മരിച്ചുപോയ പല ആളുകളുടെയും ശബ്ദങ്ങള്‍ ഡീപ്ഫേക്ക് ഉപയോഗിച്ച് പുനര്‍നിര്‍മിച്ച് സിനിമകളില്‍ ഡബ്ബ്ചെയ്തിരിക്കുന്നു. തമിഴ് സിനിമയായ ഇന്ത്യന്‍ 2ല്‍ അന്തരിച്ച നെടുമുടിവേണു, വിവേക്, മനോബാല എന്നിവരുടെ കഥാപാത്ര ങ്ങള്‍ ഡീപ്ഫേക്ക് വഴി ചിത്രീകരിച്ചിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ ‘രേഖാചിത്രം’ എന്ന മലയാള സിനിമയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ‘കാതോടു കാതോരം’ സിനിമയിലുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തെ പുനഃസൃഷ്ടിച്ചിരുന്നു. ഈ സാങ്കേതികവിദ്യയുടെ പരീക്ഷണത്തിൽ അന്തരിച്ച പല ഗായകരുടെയും ശബ്ദത്തില്‍ ഇന്ന് പാട്ടുകള്‍ നിര്‍മിക്കുകയും അവ സിനിമകളില്‍ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നതായും കാണാം.

 

മറ്റൊരു പ്രധാനപ്പെട്ട സാങ്കേതികവിദ്യയാണ് ബോഡിഡബിൾസ് ടെക്നോളജി. സിനിമകളിലെ ചില രംഗങ്ങള്‍ അഭിനയിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്ന അഭിനേതാക്കളുടെ അഭാവത്തില്‍ മറ്റൊരു നടനെ/നടിയെകൊണ്ട് ആ ഭാഗം അഭിനയിപ്പിക്കുന്നു. അഭിനേതാവിന്റെ രൂപസാദൃശ്യമുള്ള മറ്റൊരാ ളാവും അത്. ഇത്തരത്തില്‍ അഭിനേതാക്കളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ മറ്റൊരാളെ അഭിനയിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ബോഡിഡബിൾസ്. സംഘട്ടനം, നഗ്നതാപ്രദര്‍ശനം, അപകടകരമായ രംഗങ്ങള്‍ എന്നിവയില്‍ ബോഡി ഡബിൾസ് ഉപയോഗിക്കുന്നു. പകരം വരുന്ന ആളിന്റെ മുഖം സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷനിൽ എഡിറ്റുചെയ്ത് മാറ്റുകയും പകരം അഭിനേതാവിന്റെ മുഖം വെക്കുകയും ചെയ്യുന്നു.

 

ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന 4കെ, 8കെ റെസല്യൂഷനുകളുള്ള ഹൈഡെഫനിഷൻ ക്യാമറകൾ അവതരിപ്പിച്ചത് സിനിമകളുടെ രൂപത്തെ മാറ്റിമറിച്ചു. ഇത് കാഴ്ചക്കാരില്‍ ദൃശ്യാനുഭവം വർദ്ധിപ്പിക്കുന്നു. സിനിമയിൽ 4K, 8K ക്യാമറകളുടെ പ്രാധാന്യം അൾട്രാഹൈഡെഫനിഷൻ (UHD) ഇമേജുകൾ ചിത്രീകരിക്കുക എന്നതു മാത്രമല്ല, അവ സിനിമയുടെ ചിത്രീകരണത്തിനുശേഷമുള്ള കാര്യങ്ങളെയും സ്വാധീനിക്കുന്നു. എഡിറ്റിങ് പോലുള്ള ഭാരമേറിയ ജോലികൾ മറ്റുള്ള ചിത്രീകരണത്തെ അപേക്ഷിച്ച് ഇവിടെ കൂടുതൽ എളുപ്പമാവുന്നു. ഷോട്ടുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിനും വിഷ്വൽ ഇഫക്റ്റുകൾ മെച്ചപ്പെടുത്തുന്നതിനും കളർഗ്രേഡിംഗ് മെച്ചപ്പെടുത്തുന്നതിനും വേണ്ടി ചലച്ചിത്ര നിർമാതാക്കൾ ഇവയെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നു. 3D പോലുള്ള സാങ്കേതികതയുടെ ദൃശ്യമികവും ആഴവും കാഴ്ചക്കാരില്‍ പൂര്‍ണതയോടെ എത്തിക്കാന്‍ ഇത്തരം ഉയര്‍ന്ന ദൃശ്യനിലവാരത്തി ലുള്ള ക്യാമറകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

 

സിനിമകളില്‍ ദൃശ്യങ്ങള്‍ പോലെതന്നെ വളരെയധികം പ്രാധാന്യമുള്ളതാണ് ശബ്ദങ്ങള്‍. ഡോൾബി അറ്റ്മോസ്, ഡിടിഎസ് തുടങ്ങിയ ശബ്ദസാങ്കേതികവിദ്യകൾ സിനിമയ്ക്ക് ഒരു പുതിയ മാനം നൽകുകയും ഈ നൂതന ശബ്ദസാങ്കേതികവിദ്യകളുടെ വരവ് സിനിമകളിലെ ശബ്ദത്തിന്റെ പങ്ക് വിപ്ലവകരമാക്കുകയും ചെയ്തു. ഇത് ദൃശ്യങ്ങളെ പൂർത്തീകരിക്കുന്ന ആഴത്തിലുള്ള ശ്രവണാനുഭവവും സൃഷ്ടിക്കുന്നു. നമ്മളെ സിനിമകളിലേക്ക് മുഴികിപ്പിക്കാന്‍ ഈ ശബ്ദസാങ്കേതികവിദ്യകള്‍ക്കു സാധിക്കുന്നു. ഈ സാങ്കേതികവിദ്യകൾ ഒരു മാനത്തിൽ (Dimension)നിന്ന് മാത്രം പുറപ്പെടുവിപ്പി ക്കുന്ന സ്പേഷ്യൽ ഓഡിയോയുടെ അതിരുകൾ മറികടക്കുകയും ഒരു ബഹുമാന (Multi-Dimensional) ശബ്‌ദാനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായുള്ള സറൗണ്ട് ശബ്ദസാങ്കേതി കതയിൽനിന്നു വ്യത്യസ്തമായി, പ്രേക്ഷകർക്ക് ചുറ്റുമുള്ള സ്പീക്കറുകൾ (മുന്നിൽ, വശങ്ങളിൽ, പുറകിൽ) ഡോൾബി അറ്റ്മോസ് ഓഡിയോ അനുഭവത്തിന് കൂടുതൽ മെച്ചപ്പെട്ട നിലവാരം നൽകുന്നു. ഇതില്‍ മുകളിൽനിന്നും ചുറ്റുപാടുകളിൽനിന്നും ശബ്ദങ്ങൾ വരുന്നു. അതിനാല്‍തന്നെ മുകളിൽനിന്നു പറക്കുന്ന ഹെലികോപ്റ്ററുകളുടെയോ മുകളിൽനിന്നു വീഴുന്ന മഴയുടെയോ ശബ്ദം കൂടുതൽ യാഥാർഥ്യബോധമു ള്ളതായി മാറുന്നു, കാരണം പ്രേക്ഷകര്‍ക്ക്‌ ചുറ്റുമുള്ള 360 ഡിഗ്രി സ്ഥലത്തുനിന്നും ശബ്ദം വരുന്നതായി തോന്നുന്നു. ഡോൾബി അറ്റ്മോസ്, ഔറോ 3D തുടങ്ങിയ സംവിധാനങ്ങളിലൂടെ ത്രിമാനശബ്ദം നിര്‍മിക്കുന്നു. ഈ ശബ്ദം ശ്രോതാവിന് ചുറ്റും ത്രിമാന സ്ഥലത്ത് ചലിക്കുന്നു. ഇത് സ്ഥലാവബോധം മെച്ചപ്പെടുത്തുകയും സിനിമയുടെ അന്തരീക്ഷത്തിൽ മുഴുകാൻ പ്രേക്ഷകരെ സഹായിക്കുകയും ചെയ്യുന്നു. ഇത് സിനിമാസ്വാധാനത്തെ വളരെയധികം സ്വാധീനിക്കുന്നു.

 

3D പോലുള്ള സാങ്കേതികവിദ്യയില്‍നിന്നും ഒരുപടിയുംകൂടി മുന്നോട്ട് നീങ്ങി 4Dയിലേക്ക് എത്തിനില്‍ക്കുകയാണ് ഇന്ന് സിനിമാലോകം. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമായി തിയറ്ററില്‍ സംഭവിക്കുന്ന പ്രത്യേക ഇഫക്റ്റുകളെ സംയോജിപ്പിക്കുന്ന ഒന്നാണ് 4ഡി സാങ്കേതികവിദ്യ. മോഷന്‍സീറ്റ് ഇഫക്റ്റിലൂടെ ചലനം, സെന്റ്‌ ഇഫക്റ്റിലൂടെ സുഗന്ധം, വാട്ടര്‍സ്പ്രേ ഇഫക്റ്റിലൂടെ മഴ, മൂടൽമഞ്ഞ് എന്നിവ, വിന്റ് ആന്റ് എയര്‍ ഇഫക്റ്റിലൂടെ കാറ്റ്, ടെമ്പറേച്ചര്‍ ഇഫക്റ്റിലൂടെ താപനില മാറ്റങ്ങൾ, വൈബ്രേഷന്‍ ഇഫക്റ്റിലൂടെ ഭൂമികുലുക്കം എന്നിവ 4ഡി സിനിമകളിൽനിന്ന് പ്രേക്ഷകര്‍ക്ക്‌ നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു.

 

ഉപസംഹാരം

ആധുനിക സിനിമയുടെ പരിണാമത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിലൂടെ സിനിമകൾ വിനോദിപ്പിക്കുക മാത്രമല്ല, സാമൂഹിക യാഥാർഥ്യങ്ങളുടെ നിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുവെന്ന നിഗമനത്തിലേക്കെത്താം. ആദ്യകാല സിനിമകളിലെ ഒഴിവാക്കൽ രീതികളിൽനിന്ന് മാറി എല്ലാത്തിനെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള ആഖ്യാനപരിവർത്തനം, കൂട്ടായ അവബോധത്തെ രൂപപ്പെടുത്തുന്നതിലുള്ള സിനിമയുടെ ശക്തമായ പങ്കിനെ വെളിപ്പെടുത്തുന്നു. സിനിമകളില്‍ പുതിയ സാങ്കേതികവിദ്യകളുടെ സംയോജനം ചലച്ചിത്ര പ്രവർത്തകർക്ക് പരിധിയി ല്ലാത്ത സൃഷ്ടിപരമായ സാധ്യതകൾ തുറന്നു. കൂടാതെ യാഥാർഥ്യബോധം വർദ്ധിപ്പിക്കുകയും ആഴത്തിലുള്ള അനുഭവങ്ങൾ പകരാനും ഇതിലൂടെ കഴിയുന്നു. ഈ മുന്നേറ്റങ്ങൾ കഥകൾ പറയുന്ന രീതിയെ പരിവർത്തനം ചെയ്യുക മാത്രമല്ല കാഴ്ചക്കാരന്റെ അനുഭവത്തെ ഉയർത്തുകയും ചെയ്തു. വെർച്വൽ റിയാലിറ്റി ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ സിനിമയുടെ ഭാവി കൂടുതൽ ആവേശകരവും വിപ്ലവകരവുമാക്കുകയും ചെയ്യുന്നു. വിഷ്വൽ ഇഫക്റ്റുകൾ, സൗണ്ട് ഡിസൈൻ എന്നി സാങ്കേതികവിദ്യയുടെ പുരോഗതികളിലൂടെ ചലച്ചിത്ര പ്രവർത്തകർ അവരുടെ പ്രേക്ഷകരെ സൃഷ്ടിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സംവദിക്കുന്നതിലും വിപ്ലവം സൃഷ്ടിക്കുന്നു. സിനിമയെ ഒരു രേഖീയ കലാരൂപമായി കാണുന്നതിൽനിന്ന് അതിനെ ഒരു ബഹുതല സാംസ്കാരിക, സാങ്കേതിക ആവാസവ്യവസ്ഥയായി കാണുന്നതിലേക്ക് ഇന്നത്തെ സമൂഹം മാറിയിട്ടുണ്ട്.

 

ഇത്തരം പുതുസങ്കേതികവിദ്യകള്‍ സിനിമകളെ കീഴടക്കുമ്പോഴും അതിന്റെ പിന്നിലെ പാര്‍ശ്വഫലങ്ങളും പ്രധാനമാണ്. ഡീപ്ഫേക്ക് പോലുള്ള സാങ്കേതികവിദ്യയിലൂടെ അശ്ലീല രൂപത്തില്‍ പല ആളുകളെയും ചിത്രീകരിക്കുന്നു. പലപ്പോഴും ഇത് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാമ്യം പുലര്‍ത്തുകയും അവര്‍ സ്വത്വപ്രതിസന്ധി നേരിടുകയും ചെയ്യുന്നു. കൂടാതെ ഇത്തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യയിലൂടെ ഒരു മനുഷ്യന്‍ ചെയ്യേണ്ടുന്ന എല്ലാ കാര്യങ്ങളും കംപ്യൂട്ടറുകളും നിര്‍മിതബുദ്ധിയും ചെയ്യുന്നതിലൂടെ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ക്കും അഭിനേതാക്കള്‍ക്കും തൊഴില്‍സാധ്യത കുറയുന്നു. ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കി ല്‍തന്നെയും വളരെയധികം മുന്നോട്ടു പോയിട്ടുള്ള ഈ പുതുസാങ്കേതികവിദ്യ ഒരു പുതുലോകംതന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നു.

 

കുറിപ്പുകൾ

  1. ചർച്ച ചെയ്യാനും സാമൂഹികപ്രശ്നങ്ങളെ തിരിച്ചറിയാനും വ്യക്തികൾ ഒത്തുചേരുന്ന ഒരിടത്തെയാണ് പൊതുമണ്ഡലം (Public Sphere) എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ജർമൻ തത്വചിന്തകനും സാമൂഹികശാസ്ത്രജ്ഞനുമായ ജൂർഗൻ ഹേബർമാസാണ് ഈ ആശയം മുന്നോട്ടുകൊണ്ടുവന്നത്.

  2. ആധുനിക സിനിമകളിൽ ഉപയോഗിക്കുന്ന ഒരു ചലച്ചിത്ര ശൈലിയാണ് നിയോ നോയർ. ഇരുണ്ടതും അശുഭാപ്തിവിശ്വാസം നിറഞ്ഞതുമായ പ്രമേയങ്ങൾ, സങ്കീർണ്ണമായ ആഖ്യാനങ്ങൾ, ധാർമ്മികമായി അവ്യക്തമായ കഥാപാത്രങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകത.

  3. ഫ്ലാഷ്ബാക്കുകൾ, ഫ്ലാഷ്ഫോർവേഡുകൾ, സമാന്തര ടൈംലൈനുകൾ അല്ലെങ്കിൽ റിവേഴ്സ് ക്രോണോളജി തുടങ്ങിയവ ഉൾപ്പെടുന്ന, സംഭവങ്ങളെ കാലക്രമത്തിൽ അവതരിപ്പിക്കാതെ ക്രമരഹിതമായി ചിത്രീകരിക്കുന്ന ആഖ്യാനങ്ങളെയാണ് നോൺലീനിയർ കഥാഖ്യാനമെന്ന് സൂചിപ്പിക്കുന്നത്

  4.  

ഗ്രന്ഥസൂചി

  1. ഗോപിനാഥന്‍, കെ. സിനിമയും സംസ്‌കാരവും. കറന്റ് ബുക്‌സ്, 2005.

  2. മാനുവല്‍, കെ.ജോസ്. ന്യൂ ജനറേഷന്‍ സിനിമ. ഡി. സി ബുക്ക്‌സ്, 2019.

  3. മുരളികൃഷ്ണ. സിനിമ വീഡിയോ ടെക്നിക്ക്. ഡി സി ബുക്ക്‌സ്, 2013.

  4. Mackenzie, A. Et al. Cinema and Technology: Cultures, Theories, Practices. Palgrave Macmillan, 2008.

  5. Nicholas, Rombes. Cinema in the Digital Age. Wallflower Press, 2009.

  6.  

ദൃശ്യസൂചിക

  1. അമല്‍ നീരദ്, ഇയോബിന്റെ പുസ്തകം (ഇന്ത്യ/മലയാളം/2014/160”), അമല്‍ നീരദ് പ്രൊഡക്ഷ ന്‍സ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്.

  2. ആന്റണി റുസ്സോ, അവഞ്ചേഴ്സ് യുഎസ് /ഇംഗ്ലീഷ്/2019/181”), വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോ.

  3. അരുണ്‍ ചന്തു, ഗഗനചാരി (ഇന്ത്യ/മലയാളം/2024/115”), അജിത്‌ വിനായക ഫിലിംസ്, ക്രിഷന്ദ് ഫിലിംസ്.

  4. അശ്വിന്‍ നാഗ്, കല്‍ക്കി 2898 എ ഡി (ഇന്ത്യ/തെലുങ്കു/2024/181”), വിജയശാന്തി മൂവിസ്.

  5. ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് (ഇന്ത്യ/മലയാളം/2024/123”), ആര്‍.എസ്.വി.പി മൂവിസ്, മാക്ഗഫിന്‍ പിക്ചേര്‍സ്.

  6. ജയിംസ് കാമറൂണ്‍, അവതാര്‍ (യുകെ, യുഎസ്/ഇംഗ്ലീഷ്/2009/162”), 20th സെഞ്ച്വറി ഫോക്സ്.

  7. ജിയോ ബേബി, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (ഇന്ത്യ/മലയാളം/2021/100”), മാന്‍കൈന്റ് സിനിമാസ്, സിംമെട്രി സിനിമാസ്, സിനിമാ കുക്ക്സ്.

  8. ജീനസ് മുഹമ്മദ്‌, 9 (ഇന്ത്യ/മലയാളം/2019/148”), പ്രിത്വിരാജ് പ്രൊഡക്ഷന്‍സ്, എസ്പിവി ഫിലിംസ് ഇന്ത്യ.

  9. ജോഫിന്‍ ടി ചാക്കോ, രേഖാചിത്രം (ഇന്ത്യ/മലയാളം/2025/140”), കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ.

  10. ഭരതന്‍, കാതോടു കാതോരം (ഇന്ത്യ/മലയാളം/1985/121”), സെവെന്‍ ആര്‍ട്സ് ഫിലിംസ്

  11. മനു അശോകന്‍, ഉയരെ (ഇന്ത്യ/മലയാളം/2019/125”), എസ്ക്യൂബ് ഫിലിംസ്, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്.

  12. മനീഷ് ശര്‍മ, ഫാന്‍, (ഇന്ത്യ/ഹിന്ദി/2016/138”), യഷ് രാജ് ഫിലിംസ്.

  13. മഹേഷ്‌ നാരായണന്‍, സി യു സൂണ്‍ (ഇന്ത്യ/മലയാളം/2020/98”), ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്.

  14. മിഥുന്‍ മാനുവല്‍ തോമസ്‌, അഞ്ചാം പാതിരാ (ഇന്ത്യ/മലയാളം/2020/144”), ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്, മാനുവല്‍ മൂവി മേക്കര്‍സ്.

  15. നീരജ് പാണ്ടേ, എം എസ് ധോണി: ദി അണ്‍ ടോള്‍ഡ്‌ സ്റ്റോറി (ഇന്ത്യ/ഹിന്ദി/2016/190”), ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ഫ്രൈഡേ ഫിലിം വര്‍ക്സ്.

  16. രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി, ചതുര്‍മുഖം (ഇന്ത്യ/മലയാളം/2021/138”), ജിസ് ടോംസ് മൂവീസ്, മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ്.

  17. രവികുമാര്‍ കെ എസ്, ആദവന്‍ (ഇന്ത്യ/തമിഴ്/2009/168”), റെഡ് ജയന്റ് മൂവിസ്.

  18. രാഹുല്‍ സദാശിവന്‍, ഭ്രമയുഗം (ഇന്ത്യ/മലയാളം/2024/139”), വൈഎന്‍ഒടി സ്റ്റുഡിയോസ്, നൈറ്റ്‌ ഷിഫ്റ്റ്‌ സ്റ്റുഡിയോസ്.

  19. രാഹുല്‍ സദാശിവന്‍, ഭൂതകാലം (ഇന്ത്യ/മലയാളം/2022/105”), പ്ലാന്‍ ടി ഫിലിംസ്, ഷെയിന്‍ നിഗം ഫിലിംസ്.

  20. ലിജോ ജോസ് പെല്ലിശ്ശേരി, ചുരുളി (ഇന്ത്യ/മലയാളം/2021/114”), മൂവി മൊണാസ്ട്രി, ചെമ്പോസ്കി മോഷന്‍ പിക്ച്ചര്‍.

  21. ലിജോ ജോസ് പെല്ലിശ്ശേരി, ജല്ലിക്കെട്ട് (ഇന്ത്യ/മലയാളം/2019/95”), ഒപസ് പെന്റ.

  22. ലിജോ ജോസ് പെല്ലിശ്ശേരി, നന്‍പകല്‍ നേരത്ത് മയക്കം (ഇന്ത്യ/മലയാളം/2023/104”), മമ്മൂട്ടി കമ്പനി, ആമേന്‍ മൂവീ മൊണാസ്ട്രി.

  23. വെങ്കട്ട് പ്രഭു, ഗോട്ട് (ഇന്ത്യ/തമിഴ്/2024/183”), എ ജി എസ് എന്റര്‍ടൈന്‍മെന്റ്.

  24. ശങ്കര്‍ എസ്, ഇന്ത്യന്‍ 2 (ഇന്ത്യ/തമിഴ്/2040/180”), ലൈക പ്രൊഡക്ഷന്‍സ്, റെഡ് ജയന്റ് മൂവിസ്.

  25. ശിവ കൊരടല, ആചാര്യ (ഇന്ത്യ/തെലുങ്കു/2022/154”), കൊനിഡെല പ്രൊഡക്ഷന്‍ കമ്പനി.

  26. ശ്രീനാഥ് രാജേന്ദ്രന്‍, കുറുപ്പ് (ഇന്ത്യ/മലയാളം/2021/155”), വെയ്ഫെറർ ഫിലിംസ്, എം സ്റ്റാർ എന്റർടെയിന്‍മെന്റ്സ്.

  27. ശ്രീനിവാസ് എം ജി, ഗോസ്റ്റ് (ഇന്ത്യ/കന്നഡ/2023/132”), സന്ദേശ് പ്രൊഡക്ഷന്‍സ്

  28. സൗന്ദര്യ രജനികാന്ത്, കൊച്ചടൈയാന്‍ (ഇന്ത്യ/തമിഴ്/2014/124”), ഇറോസ് ഇന്റര്‍നാഷനല്‍.

  29. റോഷന്‍ ആണ്ട്രൂസ്, ഹൗ ഓള്‍ഡ്‌ ആര്‍ യു (ഇന്ത്യ/മലയാളം/2024/141”), മാജിക്ക് ഫ്രെയിംസ്.

  30.  

വെബ് സൂചിക

  1. https://www.quantzig.com/blog/4-media-trends-film-industry/

  2. https://www.researchgate.net/publication/369884169_Recent_Trends_in_Cinema

  3. https://www.researchgate.net/publication/228448250_Production_Technology_and_Trends_in_Movie_Content_An_Empirical_Study

  4. https://glidegear.net/blogs/news/7-emerging-filmmaking-technologies-and-trends-to-watch?srsltid=AfmBOorJJGIukiIZD9c4F8beHdbnpVjPuTf8QYCETUISdb0uqSwyd6Av

  5. https://www.filmibeat.com/top-listing/from-shah-rukh-khans-fan-to-vijay-s-g-o-a-t-how-de-aging-technology-is-transforming-indian-cinema-7-3150.html

About the researcher:

ഗൗതമൻ തായാട്ട്

ഗവേഷകൻ, മലയാളവിഭാഗം

മദ്രാസ് സർവകലാശാല

ചെന്നൈ

 

email: gauthamanthayat@gmail.com

Mob: 9497612143 

4.7 3 votes
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted