മലയാളം റിസേര്‍ച്ച് കീ | MALAYALAM RESEARCH KEY | ONLINE EDITION
MULTIDISCIPLINARY PEER-REVIEWED RESEARCH JOURNAL (QUARTERLY)
2025 OCTOBER-DECEMBER | VOLUME 01 | ISSUE 01
Journal Home Page: www.researchkey.in | Email: mail@researchkey.in
Notice: The link to download the full text PDF is available at the bottom of this article.
» ഡോ. ആംനസ് ബേബി
ID: MRK0006
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
പി. വിനുവിന്റെ ജീവിതത്തെ മുന്‍നിര്‍ത്തി പത്രപ്രവര്ത്തകൻ നിയാസ് കരീം തയ്യാറാക്കിയ പുസ്തകം മരണക്കൂട്ട് എപ്രകാരമാണ് ആത്മചരിത്രം, ജീവിതകഥ എന്നീ സാഹിത്യമേഖലകളെ നവീകരിക്കുന്നതെന്ന് അന്വേഷിക്കുന്നു. ഒരു വ്യക്തിയുടെ ഭാഷയും ജീവിതത്തിന്റെ ഒഴുക്കും പരസ്പരബന്ധിതമാണെന്ന് ഈ പുസ്തകം തെളിയിക്കുന്നുണ്ട്. സമകാലിക അവസ്ഥയില്‍ അരികുവല്കൃത ജീവിതങ്ങൾ സാഹിത്യത്തിന്റെ പരിധിയിൽ ഇടപെടുന്നത് എപ്രകാരമെന്ന് ഈ കൃതിയെ മുന്‍നിര്‍ത്തി അന്വേഷിക്കുന്നു. ആലങ്കാരികതകള്ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ നവീന സൗന്ദര്യസങ്കല്പങ്ങൾ ജീവിതമെഴുത്ത് സാഹിത്യത്തെ പരിഷ്കരിക്കുന്നതെങ്ങനെയെന്നും ഇവിടെ പരിശോധിക്കുന്നുണ്ട്. സജീവമായ ജീവിതദര്‍ശനത്തിന്റെ രൂപീകരണവും സഹജീവിതബോധത്തിന്റെ തെളിമയും മരണക്കൂട്ട് പറഞ്ഞുവയ്ക്കുന്നതെന്നും ഇവിടെ വിശകലനം ചെയ്യുന്നു.
താക്കോല്‍ വാക്കുകൾ
ജീവിതമെഴുത്ത്, ഭാഷ, യഥാതഥത്വം, അരികുവത്ക്കരണം, ജീവിതദര്‍ശനം
ആമുഖം
മലയാളത്തില്‍ രണ്ടായിരത്തിനുശേഷം ആത്മകഥാസാഹിത്യത്തിന് വലിയ ഉണര്വ്വുണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നളിനി ജമീലയുടെ ആത്മകഥ (ഞാന്‍ ലൈംഗികത്തൊഴിലാളി), മണിയന്‍പിള്ളയുടെ ആത്മകഥ (തസ്കരന്), മദ്യപാനിയായ ജോണ്സൺ – ന്റെ ആത്മകഥ (കുടിയന്റെ കുമ്പസാരം), ജെറീനയുടെ ആത്മകഥ (ഒരു മലയാളി ഹിജഡയുടെ ആത്മകഥ), കല്ലേല്‍ പൊക്കുടന്റെ ആത്മകഥ (കണ്ടല്‍ക്കാടുകള്‍ക്കിടയിൽ എന്റെ ജീവിതം), സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ (ആമേന്‍), സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ (കര്‍ത്താവിന്റെ നാമത്തിൽ) എന്നിങ്ങനെ ഈ നിര നീണ്ടുപോകുന്നുണ്ട്. ഈ പട്ടികയില്‍ നിലവിലുള്ള അവസാനത്തെ കണ്ണിയാണ് പി.വിനുവിന്റെ മരണക്കൂട്ട് – ഒരു ‘ശവംവാരി”യുടെ ആത്മകഥ. ഈ പട്ടിക അപൂര്ണ്ണമാണെങ്കില്ക്കൂടി ഈ കാലത്തിലെ ആത്മകഥാസാഹിത്യത്തിന്റെ പൊതുസ്വഭാവം വ്യക്തമാകുവാൻ ഇത് ധാരാളമെന്ന് പറയാം. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞാല്‍ പാരമ്പര്യത്തിന്റെ ഘടനയും രീതിയും ഭാഷയും ഉദ്ദേശലക്ഷ്യങ്ങളും മറികടക്കുകയും നവീകരിക്കുകയും ചെയ്ത, പൂര്‍ണ്ണമായും അതിൽ വിജയിച്ച അപൂര്‍വ്വം സാഹിത്യശാഖകളിലൊന്ന് മേല്‍സൂചിപ്പിച്ച ആത്മകഥാസാഹിത്യമാണെന്ന് പറയാം. മരണക്കൂട്ട് എന്ന പുസ്തകവും ഈ രീതിയില്‍ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട്. ജീവിതത്തിന്റെ വാര്ച്ചയെ മൂര്‍ച്ചയുള്ള ഭാഷയിൽ വിനു ഇവിടെ കോറിവരയ്ക്കുന്നു. വിനുവിന്റെ വിവരണങ്ങൾ ഏറെയും അജ്ഞാതനായ ഒരു തെരുവുചിത്രകാരന്റെ രചനകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവിടെ അപാരമായ വര്‍ണ്ണക്കൂട്ടുകളുടെ പൊലിമ കാണാനാകില്ല. പക്ഷേ, ആ ചിത്രകാരന് തന്റെയും അയാളുടെ രചനയുടെയും നിസാരതയെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന തെളിച്ചത്തെ മുന്‍നിര്‍ത്തി ചുറ്റുമുള്ള പ്രതിബന്ധങ്ങളെ അവഗണിച്ച് അയാളുടെ കര്‍മ്മം പൂര്‍ത്തീകരിക്കുന്നുണ്ട്. അവിടെ ഒരുവിധ മത്സരങ്ങളോ അവകാശവാദങ്ങളോ കാണാനാകില്ല. അതേ നിസംഗതയും ബോധ്യങ്ങളുടെ തെളിച്ചവുമാണ് വിനുവിന്റെ വാക്കുകളിലുമുള്ളത്. പക്ഷെ, അത്യന്തം അനാഢംബരപൂര്ണ്ണമായ ആ പറച്ചിലുകള്‍ക്ക് അസാധ്യമായ മൂര്‍ച്ചയും ആഘാതശേഷിയുമുണ്ട്. ഒരു പക്ഷേ, മരണക്കൂട്ട് എന്ന പ്രയോഗത്തേക്കാള്‍ ‘നെറി’യുടെ പുസ്തകം എന്ന് എപ്പോഴെങ്കിലും വായനക്കാരനെ ഓര്‍മ്മിപ്പിക്കുവാൻ വിനുവിന് സാധിക്കുന്നു.
ആത്മചരിത്രവും ജീവിതകഥയും – വാക്കിന്റെ കളികള്‍
ഒരാള്‍ മറ്റൊരാളോട് പറയുന്നതെന്തും കഥയായി മാറുമെന്നത് പറഞ്ഞുപഴകിയ തത്വമാണ്. ജീവചരിത്രം – ആത്മകഥ എന്നീ രണ്ട് സാഹിത്യശാഖകളിലും ഈ തത്വത്തിന് പക്ഷെ ഇപ്പോഴും പ്രസക്തിയുണ്ട്. ഒരു വ്യക്തി സ്വന്തം ജീവിതാവസ്ഥകളെ പറയുന്നതിനെ ആത്മകഥ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഏതാത്മകഥയും ഒരു വ്യക്തിയുടെ ചുറ്റുപാടുകളെക്കൂടി അടയാളപ്പെടുത്താറുണ്ട്; ബോധപൂര്‍വ്വമല്ലെങ്കിൽ കൂടി. അതായത് ആത്മകഥ എന്നത് സ്വന്തം ജീവിതം കൂടി ഉള്‍പ്പെടുന്ന ചരിത്രമായി പരിവര്‍ത്തനപ്പെടുന്നുണ്ട്. കഥയേക്കാള്‍ ചരിത്രത്തിന് ആധികാരികതയേറും. അങ്ങനെ നോക്കുമ്പോള്‍ ആത്മചരിത്രം എന്ന പ്രയോഗം കൂടുതൽ അനുയോജ്യമായി തീരുന്നുണ്ട്. “ആത്മകഥ സ്വകീയമായ അനുഭവജ്ഞാനത്തിന്റെ ആവിഷ്കരണ മാകുന്നു” (എരുമേലി പരമേശ്വരന്‍പിള്ള, 2019:658) എന്ന് എരുമേലി പരമേശ്വരന്‍പിള്ളയുടെ നിരീക്ഷണം ഈ വാദത്തെ കൂടുതല്‍ ശരിവയ്ക്കുന്നുണ്ട്. ഒരുവന്റെ ജീവിതത്തെ വസ്തുനിഷ്ഠതയോടെ നോക്കിക്കാണുന്ന ഒരു സ്രഷ്ടാവിന്റെ ഉല്പന്നമാണ് ജീവചരിത്രം. അത് മറ്റൊരാളോടുള്ള ആഖ്യാനമാണ്. അതില്‍ കാലവും സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും കൃത്യതയോടെ വിവരിക്കപ്പെടുന്നു. പാരായണക്ഷമത വര്‍ദ്ധിപ്പിക്കാൻ നാടകീയതയും കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അപ്പോള്‍ ജീവചരിത്രം ബഹുമുഖ സാധ്യതയുള്ള, അടരുകള്‍ നിറഞ്ഞ കഥപറച്ചിലായി പരിവര്‍ത്തനപ്പെടുന്നുണ്ട്. ഡോ. നടുവട്ടം ഗോപാലകൃഷ്ണന് ജീവചരിത്രകാരനെ വിവരിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്. “ജീവചരിത്രകാരന്‍ വലിയൊരളവില്‍ സ്രഷ്ടാവാണ്” (പന്മന രാമചന്ദ്രന്‍നായര്‍, 2010:920). “ജീവചരിത്രത്തിന് നോവലിനോട് സാധര്മ്യമുണ്ടെ”ന്ന് (കെ.എം. ജോര്‍ജ്, 2011:473) ജീവചരിത്രം എന്ന പ്രബന്ധത്തില്‍ പവനൻ നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വിശ്വാസ്യതയുടെ ആണിക്കല്ലില്‍ പടുത്തുയര്‍ത്തുന്ന ഈ രണ്ട് സാഹിത്യശാഖകള്‍ക്കും മേൽസൂചിപ്പിച്ച പ്രയോഗങ്ങളും യോജിക്കുന്നതാണെന്ന് സാരം.
ജീവചരിത്രമാണെങ്കിലും ആത്മകഥയാണെങ്കിലും അതിന്റെ ഭാഷയ്ക്ക് സവിശേഷ സ്ഥാനമാണുള്ളത്. ഭാഷയുടെ തെളിവ് ഈ സാഹിത്യശാഖകള്‍ക്ക് ആഢ്യത്വവും ആധികാരികതയും പകരുന്നുണ്ട്. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുരീതിയിൽ അനുകരണീയമാതൃകകളാണ് ഇരു സാഹിത്യശാഖകളും ആസ്വാദകനിലേക്ക് എത്തിക്കുന്നത്. മറ്റൊരുരീതിയിൽ കഥയായാലും ചരിത്രമായാലും ഭാഷയ്ക്ക് വലിയ സ്ഥാനമുണ്ട്. അതിലൂടെ സൃഷ്ടിച്ചെടുക്കുന്ന അപ്രമാധിത്യങ്ങള്ക്ക് ചില ഉദ്ദേശങ്ങളുണ്ട്. ആഖ്യാനത്തിലുടനീളം പരീക്ഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്യുന്ന ഈ ‘വാക്കിന്മേല് കളി’ ഉദ്ദേശം വയ്ക്കുന്നത് ജീവിതനവീകരണം തന്നെ.
“ഉത്കര്‍ഷം പ്രാപിക്കുന്നതിനുള്ള ഒരു ഉത്തമമാര്‍ഗ്ഗം ആദര്ശപുരുഷന്മാരുടെ മഹച്ചരിതങ്ങള്‍ പാരായണം ചെയ്യുകയാകുന്നു. ജീവിതചരിതങ്ങള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളിന് ഏതെങ്കിലും ഒരു മഹാനെപ്പോലെ തന്റെയും ജീവിതം നയിക്കണമെന്നു തോന്നാവുന്നതാണ്. ആ തോന്നലാകട്ടെ, മനോരാജ്യം, ആഗ്രഹം, ദൃഢവിചാരം, അചഞ്ചലത, നിശ്ചയം എന്നീ അവസ്ഥാന്തരങ്ങള്‍ തരണം ചെയ്ത് ജീവിതോദ്ദേശം എന്ന ഘട്ടത്തില്‍ എത്തുമ്പോഴേക്കും സ്വാശ്രയശക്തിയ്ക്ക് അയാൾ പരമ പ്രാധാന്യം നല്‍കും. ഉദ്ദേശശുദ്ധിയ്ക്കായി വിശ്രമം കൂടാതെ പരിശ്രമിക്കുന്നതിന് സന്നദ്ധനാകും. മാര്‍ഗമദ്ധ്യേ വന്നുചേരുന്ന പ്രതിബന്ധസഹസ്രങ്ങളോട് സധൈര്യം എതിരിട്ട് പോരാടും; അപജയങ്ങളും ആപത്തുകളും അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നാലും അവയിലൊന്നിലും മനം കലങ്ങാതെ ഭഗ്നാശനായി പിന്തിരിയാതെ മുന്നോട്ടു മുന്നോട്ടു പൊയ്ക്കോണ്ടി രിക്കും” (പന്മന രാമചന്ദ്രന്‍നായര്‍, 2010: 911).
ഡോ. ബി.വി. ശശികുമാര്‍ ഉദ്ധരിച്ച, എസ്. ജ്ഞാനസ്കന്ദയ്യരുടെ ഈ അഭിപ്രായത്തില്‍ നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമാണ്. വരുംതലമുറയുടെ/ പുതുതലമുറയുടെ ജീവിതത്തെ കൂടുതൽ കാര്യക്ഷമതയോടെ നേരിടുന്നതിന് പ്രേരകമായി വര്‍ത്തിക്കുക, അല്ലെങ്കിൽ അനുകരണീയ മാതൃകകളായി മാറുക. ഇങ്ങനെ മികച്ച മാതൃകകളുടെ വിളനിലമായി മാറുന്നതുകൊണ്ടുതന്നെ ആത്മകഥ – ജീവചരിത്രസാഹിത്യമേഖല വരേണ്യതയുടെ അലങ്കാരങ്ങളിലേക്ക് ചേക്കേറി. സമൂഹത്തിലെ മുഖ്യധാര എപ്പോഴും നന്മ ബിംബങ്ങളായി പ്രതിഷ്ഠിക്കുന്ന വ്യക്തിത്വങ്ങളുടെ ജീവിതങ്ങള്‍ മാത്രം ഇവിടെ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതനവീകരണത്തിന്റെ മെച്ചപ്പെട്ട സാമൂഹികലക്ഷ്യങ്ങളുടെ ഫലങ്ങൾ മൊത്തമായും ചില്ലറയായും വിതരണം ചെയ്യപ്പെടുന്ന ഒരു ഉട്ടോപ്യന്‍ സാഹിത്യലോകക്രമത്തിലേക്കാണ് നവയുഗത്തിന്റെ ആത്മകഥകൾ മറ്റൊരു ഭാവുകത്വം നിറച്ചത്. പരമ്പരാഗതമായി പറഞ്ഞുവന്ന നന്മയും സന്മനസ്സും കനിവും നിറഞ്ഞ ഒരു ലോകക്രമത്തെയല്ല അത് ചര്‍ച്ച ചെയ്തതെന്നും നിഷേധിക്കാനാവില്ല.
ജീവിതമെഴുത്ത് – ജീവിതനവീകരണത്തില് നിന്നും ജീവിതയാഥാര്‍ത്ഥ്യത്തിലേക്ക്
ജീവിതനവീകരണവും ഉത്തമ മാതൃകകളുമായി ഭൂരിപക്ഷവീക്ഷണത്തിന്റെ നന്മകളെ വിടാതെ ചര്‍ച്ചചെയ്തിരുന്ന ആത്മകഥ/ജീവചരിത്ര സാഹിത്യശാഖകള്‍ രണ്ടായിരമാണ്ടോടെ ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ജീവിതനവീകരണത്തേക്കാള് ഇനിയും പൊതുസമൂഹവും മുഖ്യധാരയും കണ്ടിട്ടും കാണാത്ത മട്ടിൽ ഒഴിവാക്കുന്ന വിഷയങ്ങളെ, അവയുടെ പ്രതിനിധികളെ ജീവിതമെഴുത്ത് എന്ന സാഹിത്യശാഖ ചര്‍ച്ചയാക്കി. അതിന്റെ ഫലമായിരുന്നു പ്രബന്ധാരംഭത്തില്‍ പറഞ്ഞുതുടങ്ങിയ ആത്മകഥകളുടെ പട്ടിക. അതുവരെ നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിരുന്ന പ്രമുഖ കവിയുടെ/സാഹിത്യകാരന്റെ സര്‍ഗ്ഗാത്മക സഞ്ചാരങ്ങൾ, മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ അറിയാക്കഥകൾ എന്നിങ്ങനെ അവതരിപ്പിച്ചിരുന്ന ആത്മകഥകള്‍ പിന്നീട് അരികുജീവിതങ്ങളുടെ ചരിത്രമായി മാറി.
ഒരു ലൈംഗികതൊഴിലാളി, ഒരു ഹിജഡ, സന്ന്യാസമഠത്തിനുള്ളിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നവർ, നീലച്ചിത്രങ്ങളിലെ നായിക, ദളിതര്‍ എന്നിങ്ങനെ ശവംവാരി വരെയുള്ളവരുടെ ആത്മകഥകൾ മലയാളത്തിൽ ചര്‍ച്ചയായി. അരികുവല്‍ക്കരിക്കപ്പെട്ട ഈ ജീവിതങ്ങളുടെ കഥപറച്ചിലുകളിലൂടെ ഈ സമൂഹത്തിന്റെ നെറികേടുകളും ഇരട്ടത്താപ്പുകളും കൂടുതല്‍ വെളിപ്പെട്ടു. വടിവൊത്ത ഭാഷയും വരേണ്യജീവിതസാഹചര്യങ്ങളും ബൗദ്ധിക/സര്‍ഗ്ഗാത്മക അരാചകത്വങ്ങളും ആഘോഷിച്ചിരുന്ന ഈ സാഹിത്യശാഖ സാധാരണക്കാരന്റെ ഭാഷ സംസാരിച്ചുതുടങ്ങി. അതുവരെ അവജ്ഞയോടെ തള്ളിക്കളഞ്ഞിരുന്ന ജീവിതാവസ്ഥകള്‍ സമൂഹത്തിന്റെ ക്രൂരതയുടെ സൃഷ്ടിയാണെന്ന തിരിച്ചറിവുണ്ടായി. അതായത്, ജീവിതനവീകരണം എന്ന ലക്ഷ്യത്തില്‍നിന്നും ജീവിതയാഥാര്‍ത്ഥ്യത്തിന്റെ പരുക്കൻ വശങ്ങളിലേക്ക് ജീവിതമെഴുത്ത് എന്ന സാഹിത്യശാഖ പുനഃപ്രതിഷ്ഠിക്കപ്പെട്ടു. അവിടെ നവീകരിക്കപ്പെട്ടത് കാഴ്ചപ്പാടുകള്‍ മാത്രമായിരുന്നില്ല. മറിച്ച് സാഹിത്യത്തിന്റെ ഭാഷയും അതിന്റെ ഉപയോഗത്തിൽ ഉണ്ടാകുന്ന ജനാധിപത്യവല്ക്കരണവുമായിരുന്നു. ഇത്തരത്തില്‍ ഭാഷ കൊണ്ടും ജീവിതാവസ്ഥകൊണ്ടും സമൂഹത്തിന്റെ ക്രൂരതകളുടെ അടയാളപ്പെടുത്തൽ കൊണ്ടും വായന വേറിട്ട അവസ്ഥയിലേക്ക് ഉയര്‍ത്തിയ പുസ്തകമാണ് മരണക്കൂട്ട് – ഒരു ‘ശവംവാരി ‘യുടെ ആത്മകഥ.
മരണക്കൂട്ട് – വിനുവിന്റെ ജീവിതം നിയാസിന്റെ എഴുത്ത്
ജൂണ്‍ 2024ന് ആദ്യപതിപ്പായി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് മരണക്കൂട്ട് – ഒരു ‘ശവംവാരി ‘യുടെ ആത്മകഥ. പത്രപ്രവര്‍ത്തകനായ നിയാസ് കരീം, പി. വിനുവിനോട് നടത്തിയ സംഭാഷണങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം. പതിനാല് അധ്യായങ്ങളിലായി 150 പേജുകളിലാണ് ഈ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. കണ്ടുശീലിച്ച രേഖീയമായ ആഖ്യാനരീതികള്‍ മറികടന്നുകൊണ്ടാണ് വിനുവിന്റെ ജീവിതത്തിന്റെ അവസ്ഥകളെ നിയാസ് കരീം അവതരിപ്പിക്കുന്നതെന്ന് പറയാം. വിനുവിന്റെ ഭാഷാരീതികളോടും പ്രയോഗങ്ങളോടും നീതിപുലര്‍ത്തിക്കൊണ്ട് ഏതാണ്ട് ഒരുവര്‍ഷത്തോളം സമയമെടുത്താണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് പത്രപ്രവര്‍ത്തകനായ നിയാസ് പറയുന്നു. വിനുവിന്റെ ജീവിതത്തിലെ, അയാള്‍ അഭിമുഖീകരിച്ച സന്ദര്‍ഭങ്ങളേയും വൈകാരിക സംഘര്‍ഷങ്ങളേയും അതേ തീവ്രതയിൽ തന്നെ ഈ കൃതി ചര്‍ച്ച ചെയ്യുന്നുണ്ട്. ആലുവാക്കാരനായ വിനുവിന്റെ ഭാഷണങ്ങളുടെ അച്ചടിച്ച രൂപമാണ് മരണക്കൂട്ടെന്ന് പറയാം. നിയാസ് കരീമുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ‘വിനുവിന്റേതല്ലാത്ത അഭിപ്രായങ്ങളെ ഞാൻ ഇതിൽ ചേര്‍ത്തിട്ടില്ല. വിനുവിന്റെ ജീവിതസന്ദര്ഭങ്ങളിലോ ജീവിതത്തിൽ മൊത്തത്തിലോ ഒരു ഭാവനയോ അതിശയോക്തിയോ ഞാന്‍ കൂട്ടിച്ചേര്‍ക്കാൻ ശ്രമിച്ചിട്ടില്ല. വിനുവിന്റെ അവസ്ഥകളെ, അദ്ദേഹത്തിന്റെ ഷൂസിൽ കയറിനിന്നുകൊണ്ടാണ് പറഞ്ഞിരിക്കുന്നത്. പരമ്പരാഗത എഴുത്തുകാരല്ലാത്ത ആളുകള്‍ക്കുവേണ്ടി എഴുതുമ്പോൾ സ്വീകരിക്കുന്ന ചില കരുതലുകൾ എടുക്കുമ്പോള്‍ തന്നെയും, അവരെ മറികടക്കുവാൻ ശ്രമിക്കാതിരിക്കുക എന്ന ജാഗ്രതയും ഇവിടുണ്ട്. വിനുവിന്റെ പേരിൽ വരുമ്പോഴാണ് ഇതിന് അതിന്റേതായ ഒരു മൂര്‍ച്ഛ ഉണ്ടാവുക എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്’ (അദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണത്തെ ആധാരമാക്കി). ഈ അഭിപ്രായത്തിൽ നിന്നും വിനുവിന്റെ ജീവിതം പറയുന്ന ഈ പുസ്തകത്തില്‍ ഒരു രീതിയിലും വെള്ളം ചേര്‍ക്കപ്പെട്ടിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിതീവ്രമായ ഒരു ജീവിതാവസ്ഥയെ പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കുക എന്നതായിരുന്നു എഴുത്തുകാരനായ നിയാസ് കരീമിന്റെ ദൗത്യം. ഈ ദൗത്യനിര്‍വ്വഹണത്തിൽ അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് പി. വിനു എന്ന വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പായി മരണക്കൂട്ട് – ഒരു ‘ശവംവാരി‘യുടെ ആത്മകഥ എന്ന ഗ്രന്ഥം പരിവര്‍ത്തനപ്പെടുന്നു. അതോടുകൂടി ഇവിടെ എഴുത്തുകാരന് അപ്രസക്തനായിത്തീരുന്നുമുണ്ട്.
വിനു അട്ടിമറിക്കുന്ന കാഴ്ചപ്പാടുകള്‍
നിലവിലുള്ള സാമ്പ്രദായിക വിദ്യാഭ്യാസക്രമവും തൊഴില്സങ്കല്പവും കുടുംബസങ്കല്പവും വിശ്വാസവും വിനുവിന്റെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ളത് ഒഴിവാക്കലുകളുടേയും മാറ്റിനിര്‍ത്തലുകളുടേയും അനുഭവങ്ങൾ മാത്രമാണെന്ന് മരണക്കൂട്ട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളേയും ഒരുപോലെ പരിഗണിക്കുന്ന വിദ്യാലയസംസ്കാരത്തിന്റെ നന്മനിറഞ്ഞ അധ്യാപകശ്രേഷ്ഠരെക്കുറിച്ച് മലയാളസാഹിത്യം ആവോളം പറഞ്ഞിട്ടുണ്ട്. പക്ഷെ, യാഥാര്‍ത്ഥ്യം പരുക്കന്‍ മുഖത്തോടെ വിനുവിന്റെ വാക്കുകളിൽ പ്രത്യക്ഷപ്പെടുന്നു. “പഠിക്കുന്നോരെ മാത്രമേ സാറന്മാര് മൈന്‍ഡ് ചെയ്യൂ, അല്ലാത്തോരൊക്കെ അവരുടെ കണ്ണില്‍ ശല്യക്കാരാ, അവര്‍ക്കെന്തുകൊണ്ടാണ് പാഠങ്ങള്‍ തലേല്ക്കേറാത്തതെന്നോ എന്താണവരുടെ പ്രശ്നമെന്നോ മനസ്സിലാക്കാന്‍ സാറന്മാര്ക്കും താല്പര്യമില്ല” (വിനു പി./ നിയാസ് കരീം, 2024:30). മാര്‍ക്സ് വിഭാവനം ചെയ്ത വര്‍ഗബോധത്തിലേക്ക് നയിക്കുന്നില്ലെങ്കില്കൂടി സമൂഹവും അതിന്റെ പരിച്ഛേദനമായ വിദ്യാലയങ്ങളും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുദ്ധ്യം ഭീകരമാംവിധം ശീലിപ്പിച്ചെടുക്കുന്നതിന്റെ നേര്‍ചിത്രം അധ്യാപകരെക്കുറിച്ചുള്ള വിനുവിന്റെ വാക്കുകൾ അടിവരയിട്ട് പറയുന്നുണ്ട്. “നമ്മുടെ നാട്ടിലൊക്കെ കാശുള്ളവനേം അതില്ലാത്തവനേം സമൂഹം കാണുന്നത് രണ്ട് കണ്ണിലാണല്ലോ. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും അതുള്ളതാ… അങ്ങനൊരു പരിപാടി സ്കൂളിലുണ്ടായിരുന്നു. പഠിക്കണോന്മാരും പഠിക്കാത്തോരും തമ്മില്‍. രണ്ട് കൂട്ടരും രണ്ട് തട്ടിലാ… എ ഡിവിഷനില്‍ ഏറ്റവും നന്നായിട്ട് പഠിക്കുന്ന കുട്ടികള്‍; സാറന്മാര്ക്ക് വേണ്ടപ്പെട്ടോര്. സി യില്‍ ഒന്നും പഠിക്കാത്ത ഞങ്ങള്‍; ആര്‍ക്കും വേണ്ടാത്തോര്‍” (വിനു പി./നിയാസ് കരീം, 2024:39 – 40).
മരണത്തില്‍ അഭയം പ്രാപിച്ചവരെ മണ്ണിലേക്ക് മടക്കി അയക്കുന്നത് തന്റെ തൊഴിലും കടമയും ഉത്തരവാദിത്തവും ചുമതലയും ദൗത്യവും ധര്‍മ്മവുമായി കാണുന്ന വിനുവിനെ മാതാപിതാക്കളും ആദ്യഭാര്യയും മൃതദേഹം എടുക്കുന്ന തൊഴിലിൽ നിന്നും ഒഴിവാകുവാൻ നിര്‍ബന്ധിക്കുന്നുണ്ട്. അതിനുവേണ്ടി അയാള്‍ക്ക് മറ്റു പല തൊഴിലുകളും വച്ചുനീട്ടുന്നുമുണ്ട്. എന്നാല്‍ വിനു എന്ന വ്യക്തിയ്ക്ക് അയാളുടെ ജീവിതാനുഭവങ്ങളിൽ നിന്നും എത്തിച്ചേര്‍ന്ന വ്യക്തതയാര്‍ന്ന ഒരു ഉത്തരമുണ്ട്. വിനുവിന്റെ ഭാഷയിൽ അത് ഇപ്രകാരമാണ്. “ആ ജോലീല് എനിക്കൊരിക്കലും സംതൃപ്തി കിട്ടൂല… ഒരിക്കലും പൂര്‍ണ്ണ മനസ്സോടെ എനിക്കത് ചെയ്യാമ്പറ്റൂല… എനിക്ക് എന്റെ ജോലി ചെയ്യാന്‍ തന്നെയാണ് താല്പര്യം” (വിനു പി./ നിയാസ് കരീം, 2024:80 – 81).
സാമ്പ്രദായിക വിദ്യാഭ്യാസവും അതില്‍ മുഖ്യകണ്ണികളായി മാറുന്ന അധ്യാപക തൊഴിലാളികളും ഭൂരിഭാഗം വിദ്യാര്‍ത്ഥികളെയും ഒരുവിധത്തിലും ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ളവണ്ണം സജ്ജരാക്കുന്നില്ലയെന്ന് വിനുവിന്റെ നേരനുഭവങ്ങൾ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാര ആഘോഷമാക്കുന്ന കഴിവുകളും പഠനമികവും എങ്ങനെയെല്ലാമോ അന്യമാകുന്നവര്ക്ക് തെരുവ് ജീവിതപാഠങ്ങൾ പകരുമെന്ന് ഇവിടെ വെളിപ്പെടുന്നു. ഔപചാരികവിദ്യഭ്യാസം സൃഷ്ടിച്ചെടുക്കുന്ന അറിവുകൾ എത്ര അപക്വമാണെന്നും വിനു അടയാളപ്പെടുത്തുന്നുണ്ട്. ജീവിതത്തിന്റെ പുറംപോക്കുകളിൽ എല്ലാവരാലും തഴയപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ വിനുവിന് നല്‍കിയത് ജീവിതത്തിന്റെ തെളിഞ്ഞ പാഠങ്ങളായിരുന്നു. “എന്റെ എല്ലാ തിരിച്ചറിവുകള്‍ക്കും പിന്നിൽ ആശാന്മാരായിരുന്നു. ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും ഞാന്‍ ആദ്യം അറിയുന്നത് അവരില്ക്കൂടിയാ” (വിനു പി./നിയാസ് കരീം, 2024:85). ഈ തിരിച്ചറിവുകളും മൂല്യബോധങ്ങളും വിനു പറഞ്ഞുപോകുമ്പോള്‍ ആത്മകഥാസാഹിത്യത്തിന്റെ വരേണ്യഭാഷയും രീതികളും തിരുത്തിയെഴുതുന്നുണ്ട്. വിദ്യാഭ്യാസം, സാമൂഹ്യമൂല്യങ്ങള്‍ മുതലായവയുടെ സാമ്പ്രദായിക അര്‍ത്ഥതലങ്ങളെ അദ്ദേഹം അട്ടിമറിക്കുന്നു. അതേ തീവ്രത വായനക്കാരന് നല്കുന്നതാകട്ടെ അയാളുടെ സ്വാഭാവിക സംസാരഭാഷയും. ഇത് ജീവിതനവീകരണങ്ങളില് നിന്ന് ജീവിതയാഥാര്ത്ഥ്യത്തിലേക്കുള്ള രൂപാന്തരീകരണമാണെന്ന് പറയാം. മറ്റൊരുവാക്കിൽ ആത്മകഥാസാഹിത്യം അതിന്റെ വരേണ്യസ്വഭാവത്തിൽ നിന്നും ജനാധിപത്യവല്‍ക്കരിക്കപ്പെടുകയാണ്. കാഴ്ചപ്പാടിലും ആശയവ്യക്തതയിലും വിനു നടത്തുന്ന ഈ അട്ടിമറികള്‍ ഭാഷയിലും സാഹിത്യത്തിലും നവഭാവുകത്വം സൃഷ്ടിക്കുന്നുണ്ട്.
വിനുവിന്റെ ജീവിതദര്‍ശനവും ഭാഷയുടെ സൗന്ദര്യശാസ്ത്രവും
ഒരു വ്യക്തിയുടെ സാമൂഹികവ്യക്തിത്വവും രാഷ്ട്രീയനിലപാടുകളും ആന്തരികവ്യക്തിത്വവും കൂടി ചേരുന്നതിന്റെ ആകെത്തുകയെയാണ് അയാളുടെ ജീവിതദര്‍ശനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് (ഡോ. ആംനസ് ബേബി, 2022:9). സമൂഹത്തെക്കുറിച്ച് വിനുവിനുള്ള തിരിച്ചറിവ് അയാളുടെ ജീവിതത്തില്‍ നിന്നും അനുഭവിച്ചറിഞ്ഞതാണ്. “…ഞാന്‍ സമൂഹത്തിന് വേണ്ടാത്തവനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു… പുറമേനിന്ന് നോക്കുന്നവര്ക്കുമുന്നില് മെരുങ്ങി നില്‍ക്കുമ്പോഴും ഇരയായി കിട്ടുന്ന എലിയെ ഒറ്റയടിക്കു കൊല്ലാതെ തട്ടിക്കളിച്ചു സുഖിക്കുന്ന പൂച്ചയാണ് സമൂഹമെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ ഞാൻ തിരിച്ചറിഞ്ഞു” (വിനു പി./ നിയാസ് കരീം, 2024:64). പരസ്പരം വിധിക്കുന്ന/പഴിചാരുന്ന ഈ ലോകക്രമത്തില്‍ നിന്നും ആരേയും വിധിക്കാത്ത ഒരു ജീവിതരീതി വിനു സ്വായത്തമാക്കുന്നത് ലോകത്തിന്റെ വക്രതയാകെ തിരിച്ചറിഞ്ഞ ആശാന്മാരിൽ നിന്നുമായിരുന്നു. “പലരുടെയും നല്ല വശങ്ങളെപ്പറ്റിയും പോലീസുകാരുടെ നല്ല മനസ്സിനെപ്പറ്റിയുമൊക്കെ അവര്‍ പറയും ആരുടേം കുറ്റം പറയൂല അവര്‍ ഒരിക്കല്‍പ്പോലും ആരെക്കുറിച്ചെങ്കിലും മോശം പറേണത് ഞാന്‍ കേട്ടിട്ടില്ല. അവര്‍ പരസ്പരോം കുറ്റം പറയാറില്ല… ആരെയും ചൂണ്ടിക്കാട്ടത്തവര് കുറവാണെന്ന്” (വിനു പി./ നിയാസ് കരീം, 2024:51-52). ശവം വാരലും, അത് മറവുചെയ്യലും സമൂഹത്തിന് വളരെ ആവശ്യമാണെങ്കില്‍ കൂടി അത് ചെയ്യുന്ന വിനുവിന് പകൽ നിഷേധിക്കുന്ന സാമൂഹ്യക്രമത്തെ അയാള്‍ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. അതിജീവിക്കാനുള്ള സ്വാഭാവിക ഇച്ഛ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് മറ്റൊരു സ്വാതന്ത്ര്യത്തിലേക്കാണ്. ഇരുട്ടാണ് സത്യം, അതാണ് യാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നതെന്ന് വിനു പറഞ്ഞുവയ്ക്കുന്നു. “പകല്‍വെട്ടത്തിലാണ് ആളുകൾ എന്നെ തിരിച്ചറിയുന്നതും മാറ്റിനിര്‍ത്തുന്നതും. അപ്പോള്‍ വെളിച്ചമാണ് പ്രശ്നം. രാത്രികളില്‍ ഞാൻ സ്വതന്ത്രനാണ്. ഇരുട്ടാണ് ആശ്വാസം” (വിനു പി./ നിയാസ് കരീം, 2024:75). രക്തബന്ധങ്ങളേയും കുടുംബബന്ധങ്ങളേയും കുറിച്ച് ഇടമുറിയാതെ പറയുന്ന മുഖ്യധാര മലയാളസാഹിത്യത്തിനെക്കുറിച്ച് അധികം പരിചയപ്പെടുത്തേണ്ടതില്ല. പക്ഷെ, തിരിച്ചറിവുകളില്‍ നിന്നും വിനു പറയുന്ന അഭിപ്രായങ്ങൾ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍സാക്ഷ്യമാണ്. അതിന്റെ ആഘാതശേഷി വളരെ വലുതാണെന്നും പറയാം. “ഈ ഫാമിലി, ബന്ധുമിത്രാദികള്‍ പറയുന്ന സംഭവമില്ലേ, നമ്മുടെ ഈ ശരീരമൊന്ന് ചീഞ്ഞാല്‍ തീരാവുന്നതേയുള്ളു അതൊക്കെ. കുറേക്കാലമൊക്കെ അവര്‍ സഹിച്ച് നില്ക്കും, പിടിച്ച് നില്ക്കും. പിന്നെ…!” (വിനു പി./ നിയാസ് കരീം, 2024:97-98). ജീവിതത്തെ കനപ്പെട്ട ആശയങ്ങളിലൂടെ അതിസങ്കീര്‍ണമായി അവതരിപ്പിക്കുന്ന ആധുനിക – ഉത്തരാധുനികരീതികളിൽ ജീവിതത്തെ മൂന്ന് വരികളിലൂടെ നിര്‍വ്വചിക്കാൻ വിനുവിനെ പ്രാപ്തനാക്കിയത് ഓവര്ബ്രിഡ്ജിന്റെയും, പാലങ്ങളുടെയും അടിയില്‍ അന്തിയുറങ്ങിയ, ശവംവാരിക ളായ ഊരും പേരുമില്ലാത്ത ആശാന്മാരായിരുന്നു എന്നതും വസ്തുതയാണ്.
“മണ്ണ് – ഇന്നല്ലെങ്കിൽ നാളെ മലന്നടിച്ച് വീഴാനുള്ളത് മണ്ണ് (മലക്കാനുള്ളത് മണ്ണ്), പെണ്ണ് – വെട്ടിപ്പൊളിച്ചാ നാല് പീസ്, പണം – തിന്നാനും തൂറാനും തൊടക്കാനുമുള്ളത് പണം” (വിനു പി./ നിയാസ് കരീം, 2024: 121). മതവിശ്വാസത്തെക്കുറിച്ചുള്ള പലവിധ ആശയങ്ങളുടെ യുക്തിയും യുക്തിരാഹിത്യവും നിരന്തരം വലിച്ചിഴച്ച് ചര്‍ച്ച ചെയ്യുന്ന സാംസ്കാരിക കേരളത്തിന് വിനുവിന്റെ അഭിപ്രായം അമ്പരപ്പുളവാക്കുന്നുണ്ട്. മരണത്തിന് മറ്റൊരു മതമില്ല എന്നതാണ് വിനു തിരിച്ചറിയുന്ന വലിയ സത്യം. “തീര്‍ച്ചയായും ഞാനുമൊരു വിശ്വാസിയാ, ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ സത്യത്തിലാ എന്റെ വിശ്വാസം. അത് മരണമല്ലാതെ മറ്റൊന്നില്ല” (വിനു പി./ നിയാസ് കരീം, 2024:114).
ഉപസംഹാരം
ഇതുവരെ പറഞ്ഞുവച്ചത് വിനുവിന്റെ ജീവിതദര്‍ശനത്തിന്റെ പല അടരുകളാണ്. മറ്റൊരുവാക്കില്‍ മേല്പറഞ്ഞവയുടെ ആകെത്തുകയാണ് വിനുവിന്റെ ജീവിതദര്‍ശനം. യാഥാര്‍ത്ഥ്യത്തിന്റെ ഉരകല്ലില്‍ രാകിമിനുക്കിയ ജീവിതകാഴ്ചപ്പാട് അതിന്റെ എല്ലാവിധ തീവ്രതയിലും വായനയെ ബാധിപ്പിക്കുന്നത് അതിന്റെ ഭാഷയിലെ സ്വാഭാവികത കൊണ്ടാണെന്ന് ഉറപ്പിക്കാം. ജീവിതത്തിന്റെ മൂര്‍ച്ചയെ ഒരുവിധ അലങ്കാരങ്ങളുമില്ലാതെ മുഖ്യധാരയിൽ ചര്‍ച്ചയാക്കുവാൻ വിനു എന്ന അത്യന്തം അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യന് മരണക്കൂട്ടിലൂടെ സാധ്യമാകുന്നതിന്റെ ഒരു പ്രധാന കാരണം അതിലെ ഭാഷയുടെ വാര്‍ച്ച തന്നെയാണ്. അതാവട്ടെ ഒരു സാഹിത്യശാഖയുടെ ആകെ ജനാധിപത്യവല്‍ക്കരണവും അപരിഷ്കൃതമെന്ന് മുദ്രകുത്തപ്പെടുന്ന ഒരു ലോകത്തിന്റെ തെളിമയുള്ള ജീവിതാവബോധവും അടയാളപ്പെടുത്തുന്നുണ്ട്. ആത്യന്തികമായി മരണക്കൂട്ട് കയ്യിലെടുക്കുന്ന ഏതൊരു വായനക്കാരനും സ്വാനുഭവങ്ങളല്ലാത്ത ജീവിതങ്ങള്‍ കണ്മുന്പില് തെളിയുമ്പോള്‍ അയാളില്‍ അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുണ്ടെങ്കില്‍ അസ്വസ്ഥതയും അപമാനഭാരവും നിറയുമെന്ന് തീര്‍ച്ച. സാംസ്കാരിക സമ്പന്നമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഏറ്റവും സത്യസന്ധമായ കെട്ടുകഥകളിലൊന്നാണ് വിനുവിന്റെ ജീവിതം.
ഗ്രന്ഥസൂചി
ജെസ്മി, സിസ്റ്റര്‍, ആമേന്‍, ഡി.സി.ബുക്സ്, കോട്ടയം, 2011.
ജെറീന, ഒരു മലയാളി ഹിജഡയുടെ ആത്മകഥ, ഡി.സി.ബുക്സ്, കോട്ടയം, 2013.
ജോര്‍ജ്, കെ. എം. ഡോ., (എഡി.,), ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളി ലൂടെ, ഡി.സി.ബുക്സ്, കോട്ടയം, 2011.
ജോണ്സണ്, കുടിയന്റെ കുമ്പസാരം, ഡി.സി.ബുക്സ്, കോട്ടയം, 2014.
നളിനി ജമീല, ഞാന്‍ ലൈംഗികത്തൊഴിലാളി, ഡി.സി.ബുക്സ്, കോട്ടയം, 2006.
പരമേശ്വരന് പിള്ള, എരുമേലി, മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ് ബുക്സ്, കോട്ടയം, 2019.
പൊക്കുടന്, കല്ലേല്‍, കണ്ടല്‍ക്കാടുകള്‍ക്കിടയിൽ എന്റെ ജീവിതം, ഡി.സി.ബുക്സ്, കോട്ടയം, 2015.
മണിയന്‍പിള്ള, തസ്കരന്, ഡി.സി.ബുക്സ്, കോട്ടയം, 2024.
രാമചന്ദ്രന്‍നായര്‍, പന്മന, പ്രൊഫ., (എഡി.,), സമ്പൂര്‍ണ്ണ മലയാളസാഹിത്യചരിത്രം, കറന്റ് ബുക്സ്, കോട്ടയം, 2010.
ലൂസി കളപ്പുര, സിസ്റ്റര്‍, കര്‍ത്താവിന്റെ നാമത്തിൽ, ഡി.സി.ബുക്സ്, കോട്ടയം, 2019.
വിനു പി./നിയാസ് കരീം, മരണക്കൂട്ട് – ഒരു ശവംവാരിയുടെ ആത്മകഥ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2024.
പ്രബന്ധങ്ങള്‍
ആംനസ് ബേബി, ഡോ., ജീവിതദര്‍ശനവും ഭാവുകത്വവും കെ. ജി. ജോര്‍ജിന്റെ ചലച്ചിത്രങ്ങളില്‍, അപ്രകാശിതപ്രബന്ധം, മലയാള വിഭാഗം, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി, മധുരൈ, 2021.
അസിസ്റ്റൻ്റ് പ്രൊഫസർ, മലയാളവിഭാഗം,
പാവനാത്മ കോളേജ്, മുരിക്കാശ്ശേരി
email: amnusbaby@gmail.com
Mob: 9400768068
Copyright © 2026 | WordPress Theme by MH Themes
